Tuesday, June 8, 2010

വരുന്നോ.....എന്റെ ഗ്രാമത്തിലേക്ക്..?



ശരിയാണ്. ഞാനിതുവരെ എന്റെ നാടിനെ പറ്റി ഒന്നും പറഞ്ഞില്ല. എഴുതിയതും ഇല്ല. അതുകൊണ്ട് തന്നെ ഒരു പരിചയപ്പെടുത്തലാവാം. കോഴിക്കോട് ജില്ലയുടെ ഭാഗമായി, മലപ്പുറം ജില്ലയുടെ അതിര്‍ത്തിയോട് ചേര്‍ന്നുനില്‍ക്കുന്ന ഈ കൊച്ചു ഗ്രാമത്തെ ചെറുവാടി എന്ന് വിളിക്കാം. ചാലിയാര്‍ - ഇരുവഴിഞ്ഞി പുഴകളുടെ കുളിരേറ്റ്, മൈസൂര്‍ മലകളിറങ്ങി വരുന്ന ഇളം കാറ്റില്‍ ലയിച്ച് ഒരു ഗ്രാമത്തിന്റെ എല്ലാ ഐശ്വര്യങ്ങളുമായി ഞങ്ങളുടെ ചെറുവടി.
രണ്ടു പുഴകളെ പറ്റിയും മറ്റും പറഞ്ഞ് ഓടിപോകാനുള്ള ഒരു ചരിത്രമല്ല ചെറുവാടിക്കുള്ളത്. മലബാര്‍ കലാപ സമയത്ത് വെള്ളക്കാര്‍ക്കെതിരെ നടത്തിയ ഐതിഹാസികമായ ഒരു സമരത്തിന്റെ ചരിത്രവുമുണ്ട്‌ ഈ നാടിന്. കട്ടയാട്ട് ഉണ്ണിമോയിന്‍ കുട്ടി അധികാരിയുടെ നേതൃത്തത്തില്‍ ധീരമായി പൊരുതി അറുപത്തിനാല് രക്ത സാക്ഷികളെ നല്‍കിയ ഉജ്ജ്വലമായ ഒരു പോരാട്ടത്തിന്റെ കഥ. പട്ടാള ബൂട്ടുകളുടെ മുഴക്കം ഇന്നും കാതുകളില്‍ മുഴങ്ങുന്ന ഓര്‍മ്മകളുമായി ജീവിക്കുന്ന ഒരു കൂട്ടം നാട്ടു കാരണവന്മാരും പ്രാദേശിക ചരിത്രകാരന്മാരും ഞങ്ങള്‍ക്ക് പകര്‍ന്നുതന്ന ഈ കഥകള്‍. ബ്രിട്ടീഷ് പട്ടാളത്തെ അമ്പരപ്പെടുത്തിയ സമരമുറകള്‍, ഇടപെടലുകള്‍. ചെറുവാടിയെ കുറിച്ചെഴുതുമ്പോള്‍ ആദ്യം പറയേണ്ടതും ഇതുതന്നെയാണ്.
പഴയ ചെറുവാടിയെ കുറിച്ചാണ് കൂടുതല്‍ പറയാനുള്ളത്. കൃഷിയെ സ്നേഹിച്ച്, ഫുട്ബോളിനെ നെഞ്ചിലേറ്റി നടന്നൊരു ജനത, കാളപ്പൂട്ട്‌ മത്സരങ്ങള്‍ക്ക് പേര് കേട്ട നാട്. തടി വ്യവസായവും കൃഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന തൊഴില്‍മേഖല. പ്രസിദ്ധമായൊരു ഞായറാഴ്ച ചന്തയും ഉണ്ടായിരുന്നു പണ്ട്. പക്ഷെ ഞങ്ങളുടെയൊക്കെ തലമുറകള്‍ക്ക് ബാക്കിവെച്ചത് കുറെ ഓര്‍മ്മകള്‍ മാത്രം. പഴയ ആ പ്രതാപ കാലത്തിന്റെ ഒരു സിംബലും ബാക്കിയില്ല ഞങ്ങള്‍ക്ക് താലോലിക്കാന്‍ . കാലത്തിനൊത്ത്
കുറെയൊക്കെ ചെറുവാടിയും മാറി. പുതിയ റോഡുകള്‍ , സൗകര്യങ്ങള്‍. പക്ഷെ ഗ്രാമത്തനിമ വിട്ടുപോരാന്‍ കൂട്ടാക്കാത്ത ആ മനസ്സ് തന്നെയാണ് ഇന്നത്തെയും ചെറുവാടിയുടെ സൗന്ദര്യം.
പിന്നെ, അന്നും ഇന്നും നഷ്ടപ്പെടാതെ ഞങ്ങള്‍ കാത്ത് സൂക്ഷിക്കുന്നൊരു മതസൗഹാര്‍ദ്ധത്തിന്റെ മുഖം. നൂറ്റാണ്ടിന്റെ പ്രൌഡിയുമായി പുതിയോത്ത് ജുമാ മസ്ജിദും പിന്നെ പറയങ്ങാട്ട് ക്ഷേത്രവും. മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരിവ് കാണിക്കാത്ത ജനങ്ങള്‍. ആകെയുള്ള വിത്യസ്തത വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിലകൊള്ളുന്നു എന്ന് മാത്രം. അവര്‍ക്ക് വേണ്ടി പരസ്പരം പോര്‍ വിളിക്കാം. പക്ഷെ, പിറ്റേന്ന് ഒന്നിച്ച്‌ പന്ത് കളിയും കഴിഞ്ഞു ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോഴേക്കും അലിഞ്ഞിരിക്കും ആ വിഷമവും.
എനിക്കെന്റെ നാടിനെ വല്ലാതെ നഷ്ടപ്പെടുന്നു. ചാലിയാറിനേയും ഇരുവഴിഞ്ഞിയെയും മാറി പ്രണയിച്ചുള്ള സായാഹ്നങ്ങള്‍, പച്ച വിരിഞ്ഞു നില്‍ക്കുന്ന നെല്‍പാടങ്ങളിലൂടെ നടന്ന്, തോടിന്റെ കൈവരിയിലിരുന്നു ചൂണ്ടയിട്ട്‌, കട്ടപ്പുറം പറമ്പില്‍ നിന്നും കണ്ണി മാങ്ങയും താഴെ പറമ്പീന്ന് ഇളം വെള്ളരിയും കട്ട് പറിച്ച് ,
കൂട്ടുകാരോടൊപ്പം ചുറ്റിനടന്ന ആ പഴയ ചെറുവാടിക്കാലവും നഷ്ടമായോ. ഇല്ല. തിരിച്ച്‌ നാട്ടിലെത്തുമ്പോള്‍ നമുക്കാ പഴയ ബാല്യം തിരിച്ചുനല്‍കുന്ന ഒരു മാന്ത്രിക ശക്തിയുണ്ട് എന്റെ ചെറുവാടിക്ക്.
കണ്ടോ. നാടിനെയും നാട്ടാരെയും പറ്റി പറയാന്‍ വന്നിട്ട്. ഞാന്‍ പതിവ് പോലെ അവസാനം ഇതൊരു പ്രവാസി നൊമ്പരമാകി അവസാനിപ്പിച്ചു. അതങ്ങിനെയേ വരൂ.


ചെറുവാടി ഫോട്ടോ ടൂര്‍








Sunday, May 16, 2010

ദേശീയോദ്ഗ്രഥനവും ഞാനും (ഒരു ചമ്മല്‍ കഥ )

എനിക്കിപ്പോഴും അറിയില്ല ഏത് അസുഖത്തിന്റെ പുറത്താണ് ഞാനാ സാഹസത്തിന് മുതിര്‍ന്നതെന്ന്. നാട്ടില് കേരളോത്സവം നടക്കുന്ന സമയം. എന്റെ പ്രായക്കാരെല്ലാം പാട്ടായും ഡാന്‍സായുമൊക്കെ ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. പക്ഷെ ഇതൊന്നും എനിക്ക് പറഞ്ഞ പണിയല്ല. പിന്നെ അല്പം ജാടയൊക്കെ കാണിക്കാന്‍ സ്കോപ്പുള്ളത് പ്രസംഗ മത്സരത്തിനാണ്. കൂടുതലൊന്നും ആലോചിക്കാതെ ചാടി അതിന് തന്നെ പേര് കൊടുത്തു. മത്സരത്തിന്റെ മുഖ്യ സംഘാടകനായി UKDR എന്ന പേരില്‍ കൊടിയത്തൂരിലെ കലാ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഉസ്സന്‍ മാസ്റ്റര്‍ ഉണ്ട്. മാഷിനാണെങ്കില്‍ എന്നെ നല്ല പരിചയവും ഉണ്ട്.
പ്രസംഗ മത്സരം ആയതുകൊണ്ട് ലോക്കല്‍ ബുജികളെല്ലാം വേദിയില്‍ ഉണ്ടെന്നും ഞാന്‍ മനസ്സിലാക്കി. വരട്ടെ.. എല്ലാരേം ഒന്ന് ഞെട്ടിക്കണം. പരിപാടി നടക്കുന്നത് ചെറുവാടിയിലെ LP സ്കൂളില്. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാരേയും ഒരു ക്ലാസ്സ്‌ മുറിയിലേക്ക് വിളിച്ചു. നോക്കുമ്പോള്‍ കോളേജ് ലെവലില്‍ ഉള്ള നാട്ടിലെ ഒരു വിധം എല്ലാരും ഉണ്ട് മത്സരത്തിന്. കൂട്ടത്തില്‍ ഏറ്റവും ചെറിയ ഐറ്റം ഞാനാണ്. ഇവന് ഇവിടെന്ത്‌ കാര്യം എന്ന രീതിയില് അവരൊക്കെ എന്നെ നോക്കുന്നുമുണ്ട്. പക്ഷെ ഞാനാരെയും മൈന്‍ഡ് ചെയ്തില്ല. പക്ഷെ കളി മാറിയത് പ്രസംഗിക്കാനുള്ള വിഷയം കയ്യില്‍ കിട്ടിയപ്പോഴാണ്. 'ദേശീയോദ്ഗ്രഥനം".പടച്ചോനെ പെട്ടല്ലോ. ഇതെന്താവും സംഗതി, ഏതായാലും ഞാന്‍ കേട്ടിട്ടില്ല. മുന്നും പിന്നും നോക്കാതെ ചെന്ന് ചാടിയ അബദ്ധം. നല്ല ക്ഷീണവും വിറയലും തോന്നുന്നു. മത്സരം തുടങ്ങാന്‍ സമയമായി എന്ന അറിയിപ്പും വന്നതോടെ അത് കൂടുതലായി. എന്തെങ്കിലും ചെയ്തേ പെട്ടു. ഞാന്‍ ആലോചിച്ചു. എന്തും നേരിടാനുള്ള ധൈര്യം വേണം. ഉസ്സന്‍ മാഷൊന്ന് മാറിയ തക്കത്തിന് ഞാന്‍ പുറത്തിറങ്ങി. സ്കൂളിന്നു എന്റെ വീട്ടിലെത്താന്‍ കണ്ണടച്ച് തുറക്കേണ്ട സമയമേ വേണ്ടൂ. അല്ലെങ്കില്‍ ഞാനത്ര സമയമേ എടുത്തുള്ളൂ.
സ്റ്റേജില്‍ കയറി നിന്ന് വിയര്‍ക്കുന്നതിനേക്കാള്‍ ആരോഗ്യകരം ഓടി വിയര്‍ക്കുന്നതാണ്. നാലാളുടെ മുമ്പില്‍ നാണം കേടുന്നതിനേക്കാള്‍ ഭേദം ഇത് തന്നെയാണ്. ഏതായാലും എന്റെ പ്രസംഗം ഇല്ലാതെ അവിടെ പരിപാടി നടന്നു.
വൈകുന്നേരം ക്രിക്കറ്റ് ബാറ്റുമായി പുറത്തേക്കു പോവുമ്പോള്‍ മുമ്പില്‍ ഉസ്സന്‍ മാസ്റ്റര്‍. " നീ മുങ്ങി ല്ലേ " ? എന്ന മാഷിന്റെ ചോദ്യത്തിനു ഞാന്‍ പറഞ്ഞ മറുപടി എന്തായാലും മാഷ്‌ ഇത്രയും കൂട്ടി ചേര്‍ത്തു. " നീ പങ്കെടുക്കേണ്ടിയിരുന്നത് പ്രസംഗത്തിനല്ല.. ഓട്ടത്തിനായിരുന്നു ". ഒരു പുഞ്ചിരിയോടെ ഉസ്സന്‍ മാഷ് നടന്നു നീങ്ങി.
(കഴിഞ്ഞ വര്‍ഷം അര്‍ബുദം ബാധിച്ച് ഉസ്സന്‍ മാഷ് വിടപറഞ്ഞു. മാഷിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു).

Tuesday, May 11, 2010

ഇവര്‍ അനുഭവിക്കണം

ഇതൊരു പുതിയ വിഷയമല്ല. എന്നാല്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്തൊരു സമൂഹം നിലനില്‍ക്കുവോളം ഇതിന്റെ പ്രസക്തി നഷ്ടപ്പെടുകയുമില്ല.റിയാലിറ്റി ഷോകളില്‍ നിന്നും രക്ഷപ്പെടാന്‍ ചാനലുകള്‍ മാറ്റി മാറ്റി പിടിക്കുമ്പോഴാണ് ജീവന്‍ ടീവിയില്‍ ഒരു പ്രോഗ്രാം ശ്രദ്ധയില്‍ പെട്ടത്. സ്വന്തം ബന്ധുക്കളാല്‍ തന്നെ തെരുവിലെറിയപ്പെട്ട അച്ഛനമ്മമാരെ കുറിച്ചുള്ള ആ പരിപാടി കണ്ട വിഷമം അത്ര വേഗത്തില്‍ മാഞ്ഞുപോവില്ല മനസാക്ഷിയുള്ളവര്‍ക്ക്.
വിഷു കഴിഞ്ഞല്ലോ, ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ...
"ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്റെ പൂമുഖത്ത്‌ ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? ഹൃദയത്തിനു പകരം കരിങ്കല്ലുമായി ജീവിക്കുന്ന ഇവരൊന്നും അനുഭവിക്കാതെ ജീവിച്ചു തീര്‍ക്കില്ല ഈ ജന്മമൊന്നും. ഇങ്ങിനെ ശപിക്കാന്‍ ആ അമ്മമാര്‍ക്ക് കഴിയില്ലായിരിക്കാം. പക്ഷെ, ഈ വേദന കാണുന്ന ഏതൊരാളുടെയും ചെറിയൊരു ശാപം മതിയാവും അവര്‍ക്കനുഭവിക്കാന്‍ .
മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. "തോന്നൂട്ടിനാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. "
നീണ്ട പതിനെട്ടു വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത്‌ ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.
ഇനിയുമുണ്ടിവിടെ അശരണരുടെ രോദനങ്ങള്‍. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത്‌ സ്വയം ഒഴിഞ്ഞുകൊടുത്തവര്‍. ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്. സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട ‍, മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്.
മാതൃത്തത്തിന്റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി ,ഞാന്‍ നേരത്തെ പറഞ്ഞ പോലെ ഇവിടെ തന്നെ അനുഭവിച്ചു തീരണം.
ഇതിലൊരമ്മ പോലും പ്രത്യക്ഷത്തില്‍ മക്കളെ കുറ്റപ്പെടുത്തിയില്ല എന്നതില്‍ തന്നെയുണ്ട്‌ ഒരമ്മയുടെ സ്നേഹത്തിന്റെ ആഴം. മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കള്‍ക്ക്‌ ശിക്ഷ നല്‍കാന്‍ പുതിയ നിയമം തന്നെ നാട്ടില്‍ ഇതിപ്പോഴും നടക്കുന്നു.
പക്ഷെ ഈ പരിപാടി ഇങ്ങിനെയല്ല അവതരിപ്പിക്കേണ്ടിയിരുന്നത്. നിസ്സഹായരായ ഈ അമ്മമാരെ സമൂഹത്തിന്റെ സഹതാപത്തിന് മുമ്പില്‍ എറിഞ്ഞു കൊടുക്കേണ്ടിയിരുന്നതിന് പകരം ഇവരെ ഒറ്റപ്പെടുതിയവരെ തിരഞ്ഞു പിടിച്ചു സമൂഹത്തിനു മുന്നില്‍ കുറ്റവിചാരണ ചെയ്യുകയായിരുന്നു വേണ്ടത്. ആവിശ്യത്തിലധികം അനാവിശ്യം കാണിക്കുന്ന മാധ്യമങ്ങള്‍ക്ക് ഇങ്ങിനെയും ആവാം ചില സാമൂഹ്യ ധര്‍മ്മങ്ങള്

Saturday, May 1, 2010

കേള്‍ക്കാതെ പോയ ഒസ്യത്ത് (എന്റെ തെറ്റ്)

ഉപ്പ മരിക്കുന്നതിന്റെ ഒരു ആറ് മാസം മുമ്പ്. അമൃത ഹോസ്പിറ്റലില്‍ ഒരു ഓപ്പറേഷന് സമയവും കാത്ത് ഏറണാകുളത്തെ യാത്ര നിവാസില്‍ ഞങ്ങളെല്ലാം ഉണ്ട്. ഒരാഴ്ചത്തെ അവധിക്ക് ഉപ്പയെ കാണാന്‍ വന്നതാണ് ഞാന്‍. എന്റെ ഓരോ അവധിക്കാലവും സന്തോഷത്തോടെ കാത്തിരിക്കാറാണ് ഉപ്പ. നാട്ടിലെ ദിവസങ്ങള്‍ ഞാനെങ്ങിനെ ചിലവിടണം എന്നതിനെ കുറിച്ച് ഒരു രൂപരേഖ തന്നെ ഉണ്ടാക്കിയിരിക്കും ഉപ്പ. അതും എന്റെ മനസ്സിനും ആഗ്രഹങ്ങള്‍ക്കും അനുസരിച്ച്. മുതിര്‍ന്നിട്ടും ഉപ്പയെടുക്കുന്ന ആ സ്വാതന്ത്ര്യം ഞാനസ്വദിക്കുകയും ചെയ്തിരുന്നു. ഇന്നിപ്പോള്‍ ഈ വരവ്? എയര്‍പോര്‍ട്ടില്‍ നിന്നും നേരെ ആശുപത്രിയിലേക്ക്. പ്രസന്നമായി പുഞ്ചിരിയോടെ വീടിന്റെ പൂമുഖത് എന്നെ കാത്തിരിക്കുന്നതിന് പകരം ഒന്ന് ചിരിക്കാന്‍ തന്നെ പണിപ്പെട്ട് ഇവിടെ ഓപ്പറേഷന്റെ ഊഴവും കാത്ത്. അല്ലെങ്കില്‍ വന്നു കയറുമ്പോള്‍ തന്നെ ഒരുപാട് വിശേഷങ്ങള്‍ കാണും ഉപ്പാക്ക് പറയാന്‍. ചെന്തെങ്ങില്‍ കുല കൂടിയതും ചെമ്പകം പൂക്കാത്തതും എന്തിനു ഒരു പുതിയ റോസ് വിരിഞ്ഞത് പോലും വാര്‍ത്തയാണ് . ഉപ്പയില്‍ നിന്നും പകര്‍ന്നു കിട്ടിയ വായന ശീലം. അത് കുറയുന്നതില്‍ പരിഭവിക്കും. വായിച്ചതിനെ കുറിച്ച് പറഞ്ഞാല്‍ സന്തോഷവും വിശകലനവും.
ഉപ്പ എഴുതിയത് ആദ്യം എനിക്കയച്ചുതരും. അഭിപ്രായം നല്ലതെങ്കില്‍ സ്വീകരിക്കും.ഇതെല്ലം ആലോചിച്ചിരിക്കെ ഉമ്മ മുറിയിലേക്ക് കയറിവന്നു.
"മന്‍സൂ...ഉറങ്ങിയോ നീ, ഉപ്പ വിളിക്കുന്നുണ്ട്"
ഞാന്‍ ഇറങ്ങി നടന്നു. എന്റെ കണ്ണ് നിറഞ്ഞത്‌ ഉമ്മ കണ്ടിരിക്കുമോ. അല്ലെങ്കിലും ഉമ്മക്കിതൊക്കെ ശീലമായി. ഒരു വര്‍ഷത്തോളമായി ആശുപത്രിയും ഓപ്പറേഷനും ഒക്കെയായി ഉപ്പയോടൊപ്പം. വാക്കിലും നടപ്പിലുമൊക്കെ ഒരു ധൈര്യം വന്നിട്ടുണ്ട് ഉമ്മാക്ക് . അനുഭവങ്ങള്‍ നല്‍കിയ കരുത്ത്. അത് നല്ലതാണ്. ഞാനാലോചിച്ചു.
"ഉപ്പാ", ഞാന്‍ പതുക്കെ വിളിച്ചു, തലയിണയില്‍ ചാരി അല്പം മേല്‍പ്പോട്ടിരുന്നു. പിന്നെ എന്റെ കൈപിടിച്ച് തഴുകി ഒന്നും മിണ്ടാതെ കുറച്ചു സമയം.
പിന്നെ പതുക്കെ പറഞ്ഞു തുടങ്ങി. ഒട്ടും പതറാതെ, " മന്‍സൂ, ഞാന്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. മൂത്ത കുട്ടി എന്ന നിലയില്‍ നീ അറിയേണ്ട കാര്യങ്ങള്‍, ചുമതലകള്‍.
ഉപ്പക്കിനി അധികം നാളുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ട് എന്റെ ഒസ്യത്തായി നീ ഇതിനെ എടുക്കുക". ഞാന്‍ ഉപ്പയെ തടഞ്ഞു. വേണ്ട, എനിക്കിപ്പോള്‍ കേള്‍ക്കണ്ട. അതിനുള്ള ഒരു മനസ്ഥിതിയിലല്ല ഞാനിപ്പോള്‍. ഉപ്പ വീണ്ടും പറഞ്ഞു. "പിന്നെ, ഉപ്പ ഒന്നും പറഞ്ഞില്ലല്ലോ എന്ന വിഷമം നിനക്കുണ്ടാവരുത്. അതുകൊണ്ടാണ്". പഖെ ഞാന്‍ സമ്മതിച്ചില്ല. ഞാന്‍ തിരിച്ചു നടന്നു. വാതിലിനരുകില്‍ ഉമ്മ. നിനക്കത് കേള്‍ക്കാമായിരുന്നു എന്ന് ഉമ്മയുടെ കണ്ണുകള്‍ എന്നോട് പറയുന്നത് പോലെ തോന്നി.
പക്ഷെ സാധിക്കില്ലായിരുന്നു. കാരണം ഉപ്പ ഇല്ലാതാവുന്ന ഒരു ദിവസം സങ്കല്‍പ്പിക്കാന്‍ ദുര്‍ബലമായ എന്റെ മനസ്സ് തയ്യാറല്ലായിരുന്നു. തീര്‍ച്ചയായും ആയുസ്സിന്റെ ദൈര്‍ഘ്യം തീരുമാനിക്കുന്നത് സര്‍വ്വശക്തന്‍ തന്നെ. ഉപ്പയുടെ കാര്യത്തില്‍ ഒരത്ഭുതം തന്നെ സംഭവിക്കേണ്ടിയിരുന്നു തിരിച്ചുവരാന്‍.എന്നിട്ടും ഞാനാ അത്ഭുതം പ്രതീക്ഷിച്ചു. പരാജയപ്പെട്ടു.
ഇന്നും കേള്‍ക്കാതെപോയ ആ ഒസ്യതിന്റെ നഷ്ടബോധം എന്നെ വേട്ടയാടുന്നു. കുറച്ചുകൂടെ പക്വമായി ചിന്തിക്കമായിരുന്നു അന്നെനിക്ക്. ഒരു ഭീരുവിനെ പോലെ ഒളിച്ചോടിയ എന്നെ ഉപ്പ എങ്ങിനെ കണ്ടിട്ടുണ്ടാവും? എന്തായിരിക്കും ഉപ്പ പറയാന്‍ ആഗ്രഹിച്ചത്?
മനപ്പൂര്‍വമല്ലാത്ത തെറ്റ്. പക്ഷെ ഇതിനു പ്രായശ്ചിത്തമില്ല. പ്രതിസന്ധികളെ നേരിടുന്നതില്‍ പരാജയപ്പെട്ടു ഞാന്‍. കുറേകൂടെ ഗൗരവത്തോടെ സമീപിക്കേണ്ടിയിരുന്നു അന്ന്. എങ്കില്‍ ഈ നഷ്ടബോധം എന്നെ വേട്ടയാടുമായിരുന്നില്ല.

Monday, April 12, 2010

ഒരു യാത്രയും കുറെ പൊല്ലാപ്പുകളും

ഒരു വണ്‍ഡേ ടൂര്‍ എന്നൊരു ആശയമുദിച്ചാല്‍ ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കിടയില്‍ ഒരൊത്ത്തീര്‍പ്പ് ഫോര്‍മുലയായി സ്വീകരിക്കാറുള്ള സ്ഥലമാണ് ഗോപാല്‍ സ്വാമി പേട്ട. കര്‍ണാടകയില്‍ ഗുണ്ടല്‍പേട്ടക്ക്‌ അടുത്തായി ഒരു ചുരവും കയറിയെത്തുന്ന ഈ സുന്ദരന്‍ ഹില്‍ സ്റ്റേഷന് അതിശയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യമാണ് മുതല്‍കൂട്ട്. അവിടെക്കുള്ള ഒരു യാത്രയും അതിനിടയിലെ ചില സംഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.
വയനാടും കഴിഞ്ഞ് വനപാതയിലൂടെ യാത്ര തുടരുമ്പോള്‍ വളരെ ക്ഷീണിതനെന്ന് തോന്നിക്കുന്ന ഒരാള്‍ കൈകാണിച്ചു. ഇരുവശത്തും നിറഞ്ഞ കാടുള്ള ഹൈവേയില്‍ ഒരു അപരിചിതന്റെ വിളി കേള്‍ക്കുന്നതിലെ റിസ്ക്‌ മനസ്സിലാക്കി ഞങ്ങള്‍ വണ്ടി നിര്‍ത്തിയില്ല. പക്ഷെ ഒരു നിലവിളിയായി പിന്തുടര്‍ന്ന ആ ശബ്ദത്തെ അവഗണിക്കാന്‍ ഞങ്ങള്‍ക്കായില്ല. സങ്കഭലം കൂടുതലുള്ള ദൈര്യത്തില്‍ ഞങള്‍ വണ്ടി പിന്നോട്ടെടുത്തു. പുറത്തിറങ്ങിയപ്പോള്‍ "എന്റെ കൂടെ ഒരാളും കൂടെയുണ്ട്" എന്നും പറഞ്ഞു അയാള്‍ ബോധം മറഞ്ഞു വീണു. അപ്രതീക്ഷിതമായ ഈ സംഭവത്തില്‍ അമ്പരന്നെങ്കിലും ഞങ്ങള്‍ മൂന്നുപേര്‍
കാട്ടിലേക്കിറങ്ങി. റോഡിനു ഏകദേശം രണ്ടു മീറ്റര്‍ മാറി തകര്‍ന്ന നിലയില്‍ ഒരു ബൈക്ക് കണ്ടു. തൊട്ടപ്പുറത്ത് രക്തത്തില്‍ കുളിച്ചു ഒരു യുവാവും. പേടിയും അമ്പരപ്പും എല്ലാം കൂടി എന്ത് ചെയ്യണം എന്നറിയാത്ത ഒരവസ്ഥ. ഞങ്ങളുടെ വിളി കേട്ട് ഓടിയെത്തിയ മറ്റു കൂട്ടുകാരും കൂടി താങ്ങി അയാളെ റോഡിലെത്തിച്ചു. മുഖത്ത് വെള്ളം തെളിച്ചപ്പോള്‍ ആദ്യത്തെ ആള്‍ക്ക് ബോധം വീണെങ്കിലും മറ്റേയാളെ കണ്ടപ്പോള്‍ വീണ്ടും പ്രശ്നമായി. അടുത്തെങ്ങും ആശുപത്രി ഇല്ല. തിരിച്ചിവരേയും കൂട്ടി പോവാനുള്ള പരിചയകുറവ്. വണ്ടിക്കകത്തെ സ്ഥലപരിമിതി. കുറച്ചു പേരെ ഒറ്റയ്ക്ക് ഈ കാട്ടുപാതയില്‍ ഇട്ടിട്ടു പോകാനും വയ്യ. തിരിച്ചു വയനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നിര്‍ത്തിയവര്‍ കൊണ്ടുപോകാന്‍ വിസമ്മതിച്ചു. അപ്പോഴേക്കും മറ്റൊരു ജീപ്പിലെ യാത്രക്കാര്‍ ഞങ്ങളെ സഹായിക്കാന്‍ കൂടി. അവസാനം വളരെ വളരെ നിര്‍ബന്ധത്തിനു ശേഷം ഒരു അംബാസഡര്‍ യാത്രക്കാര്‍ അവരെ കൊണ്ടുപോയി. ഒരു വലിയ സമാധാനം തോന്നിയെങ്കിലും ഒരു ചെറിയ വിഷമം ഇപ്പോഴും ബാക്കിയുണ്ട്. അല്പം നിഘൂടതയും. കാരണം ബോധം തെളിഞ്ഞപ്പോള്‍ അതിലൊരാള്‍ തന്നൊരു മൊബൈല്‍ നമ്പര്‍ ഉണ്ട്. പല പ്രാവിശ്യം വിളിച്ചിട്ടും ആ നമ്പരില്‍ ബന്ധപെടാന്‍ സാധിച്ചിട്ടില്ല. പക്ഷെ ഞാനാശ്വൊസിക്കുന്നു. അവര്‍ രണ്ടുപേരും ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടുണ്ടാകും എന്ന്.
അവിടെയും തീര്‍ന്നില്ല ആ യാത്രയിലെ പൊല്ലാപ്പുകള്‍. ഗോപാല്‍ സ്വാമി പേട്ടയില്‍ പോയി മടങ്ങുന്ന വഴിക്കാണ് അടുത്ത പാര. ഒരു ഉള്‍ഗ്രാമത്തിലൂടെ എളുപ്പവഴിക്കു മടങ്ങുമ്പോള്‍ ഒരു കരിമ്പ്‌ ലോറി ഞങ്ങളുടെ വണ്ടിയുടെ ഒരു സൈഡ് മുഴുവനും കൊളുത്തി വലിച്ചു പൊളിച്ചു. സമയം ഇരുട്ടാനും ആകുന്നു. അന്ന് മനസ്സിലാക്കി കര്‍ണാടകക്കാരുടെ തനിരൂപം. എല്ലാ അര്‍ത്ഥത്തിലും ന്യായം ഞങ്ങളോടൊപ്പം ആണെങ്കിലും ഒരുത്തനും സഹായിക്കുന്നില്ല. മാത്രമല്ല ആ ഗ്രാമം മുഴുവന്‍ ഞങ്ങള്‍ക്കെതിര്. അവിടെ കട നടത്തുന്ന ഒരു മലയാളി അല്പം ശ്രമിച്ചുനോക്കി. പക്ഷെ ഇനി തുടര്‍ന്ന് അവിടെതന്നെ നില്‍ക്കണം എന്നതിനാലാവണം അയാള്‍ക്ക്‌ ഒരു പേടിയും. ഞങ്ങളും വിട്ടു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. പക്ഷെ അത് വഴി മാരുതി കാറില്‍ വന്ന രണ്ടു മലയാളികള്‍. ഗുണ്ടല്‍ പേട്ടയില്‍ കൃഷി നടത്തുന്ന മലപ്പുറത്തുകാരാണ്. അവര്‍ പറഞ്ഞു. "ഇവരോട് കളിക്കാന്‍ നില്‍ക്കേണ്ട. ഒന്നും കിട്ടിയില്ലെങ്കിലും ഇവിടന്നു വേഗം സ്ഥലം വിട്ടോളൂ. നേരം ഇരുട്ടിയാല്‍ നിങ്ങളുടെ പൊടി പോലും ഇവര്‍ വെച്ചേക്കില്ല. പോലീസ് കേസാണെങ്കില്‍ അതിലും വലിയ പൊല്ലാപ്പും ആണ്". ആ പ്രദേശം പരിചയമുള്ള അവരുടെ വാക്കുകളെ ധിക്കരിക്കാന്‍ മാത്രമുള്ള ധൈര്യം അന്നുമില്ല. ഇന്നുമില്ല.
അതുകൊണ്ട് ആ അനുഭവം ഒരു കുറിപ്പായി നിങ്ങളെ പീഡിപ്പിക്കാന്‍ ഞാന്‍ ബാക്കിയായി.
ഈ കുറിപ്പ് ഇഷ്ടപെട്ടെങ്കില്‍ അറിയിക്കുക. ഇനി ഇഷ്ടപെട്ടില്ലെങ്കിലോ, അതും അറിയിക്കണം. കാരണം കൂടുതല്‍ അപകടങ്ങള്‍ ‍ഒഴിവാക്കാം.

Tuesday, April 6, 2010

എന്റേതും മോഷ്ടിക്കാന്‍ ആളുണ്ടോ?

ഇത് ശരിയായ മോഷണമാണെന്ന് ഞാന്‍ പറഞ്ഞിട്ടും അനീഷ്‌ സമ്മതിക്കുന്നില്ല. സ്വന്തമായി അദ്ധേഹത്തിന്റെ വീട്ടില്‍ വെച്ച് രൂപ പ്പെടുത്തിയതാണെന്നും മേലില്‍ ഇതാവര്‍ത്തിക്കരുതെന്നും ഈ മെയിലിനു മറുപടിയായി എന്നെ ഓര്‍മ്മിപ്പിക്കുകയും ചെയ്തു അനീഷ്‌.
എനിക്ക് മനസ്സിലാവാത്തത് അതല്ല. ഞാന്‍ ഫെബ്രവരി 24 ന് പോസ്റ്റ്‌ ചെയ്ത സംഭവം അതിന്റെ തലക്കെട്ട്‌ പോലും മാറ്റാതെ മാര്‍ച്ച്‌ പതിനഞ്ചിന് അനീഷിന്റെ ബ്ലോഗില് കാണുന്നു. വള്ളി പുള്ളി വിത്യാസമില്ലാതെ. ഇത്രക്കും സാമ്യം വരുമോ ഒരേ കാര്യം രണ്ടു പേര്‍ എഴുതുമ്പോള്‍?
ഇത് എന്റെ ബ്ലോഗില്‍ വന്നത് സച്ചിന്‍... ഈ പൂച്ചെണ്ടുകള്‍ സ്വീകരിക്കുക

ഇനി അനീഷ്‌ സ്വന്തമായി രൂപപ്പെടുത്തിയ സംഭവം . അതിവിടെ വായിക്കാം.

എന്റെ മെയിലും അതിന് അനീഷിന്റെ മറുപടിയും താഴെ.



അനീഷിന്റെ ബ്ലോഗിന്റെ ഒരു സ്ക്രീന്‍ ഷോട്ട് കൂടി ആവാം. ഒരു വഴിക്ക് പോവല്ലേ.


പ്രിയപ്പെട്ട വായനക്കാര്‍ ഒരു തീര്‍പ്പ് ഉണ്ടാക്കുമല്ലോ?

Tuesday, March 30, 2010

കണ്ണ് നനയിക്കുന്നൊരു ഓര്‍മ്മകുറിപ്പ്.

വായിച്ചുതീര്‍ന്നാലും നമ്മെ വിട്ടുപിരിയാത്തൊരു നൊമ്പരം.ചില അനുഭവകുറിപ്പുകള്‍ അങ്ങിനെയാണ്.മനോരമയില്‍ നടന്‍ അനൂപ്‌ മേനോനുമായി,ബി.ശ്രീരേഖ നടത്തിയ അഭിമുഖം.ഗോപിക എന്ന പെണ്‍കുട്ടിയുടെ വേദന.അവളുടെ മോഹങ്ങള്‍,സ്വപ്‌നങ്ങള്‍. ഹൃദ്യമായാണ് അനൂപ്‌ ഈകഥപറയുന്നത്.

വായിക്കാത്തവര്‍ക്കായി അതിന്റെ ലിങ്ക് ഇതാ..

സ്കാര്‍ഫ് കെട്ടിയ പെണ്‍കുട്ടി.

ഇത് നിങ്ങളുടെ കണ്ണ് നനയിക്കാതിരിക്കില്ല.തീര്‍ച്ച.