നൂറ്റമ്പത് വര്‍ഷം പഴക്കമുള്ള പാട്ടിയാര്‍ ബംഗ്ലാവിലാണ് ഞങ്ങളുടെ താമസം. ബ്രിട്ടിഷുകാര്‍ പണിതതാണ് മനോഹരമായ ഈ ബംഗ്ലാവ്. ശിരുവാണിയുടെ പ്രകൃതിയുടെ സൗന്ദര്യം മുഴുവനും ഇതിന്‍റെ മുറ്റത്തിരുന്ന് ഒപ്പിയെടുക്കാം. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഓഫീസില്‍ നിന്നും വിളിച്ചു പറഞ്ഞതിനാല്‍ റെജി ഞങ്ങളെ കാത്ത് ഇരിക്കുന്നുണ്ടായിരുന്നു. റെജി പത്തു വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നു. അതിനിടക്ക് ഒരു മാസം ദുബായില്‍ പോയി . ഒടുവില്‍ ശിരുവാണിയിലേക്ക് തന്നെ തിരിച്ച് പോന്നു . അല്ലെങ്കില്‍ത്തന്നെ ഈ കുളിര്‍മ വിട്ട് മരുഭൂമിയിലെ ചൂടില്‍ എങ്ങിനെ നില്‍ക്കാന്‍ ആകും . രാവിലെ മുതല്‍ ഞങ്ങളെ കാത്തിരിക്കുകയാണ് റെജി. ഞങ്ങളെത്തിയപ്പോഴേക്കും ഉച്ച കഴിഞ്ഞിരുന്നു. ഭക്ഷണ സാധനങ്ങള്‍ എല്ലാം റെജിയെ ഏല്‍പ്പിച്ചു ഞങ്ങള്‍ കസേരയിട്ട് മുറ്റത്തിരുന്നു.
നേരം സന്ധ്യയോട് അടുത്തു തുടങ്ങിയിരിക്കുന്നു. ശുദ്ധമായ പടിഞ്ഞാറന്‍ കാറ്റും കൊണ്ട് മനോഹരമായ ഈ ശിരുവാണിയെയും നോക്കി മുറ്റത്തിരിക്കുമ്പോള്‍ അറിയാതെ ഒരു അതിമോഹം എന്നെ പിടികൂടി. "ഒരു നിമിഷത്തേക്കെങ്കിലും ദൈവം എന്നെയൊരു കവി ആക്കിയിരുന്നുവെങ്കില്‍ , എന്‍റെ അക്ഷരങ്ങള്‍ കവിതകള്‍ ആയിരുന്നുവെങ്കില്‍ , ദൈവം കയ്യൊപ്പിട്ട ഈ പ്രകൃതി നോക്കി ഒരായിരം കവിതകള്‍ ഞാന്‍ രചിച്ചേനെ".
അകത്ത് റെജി ഭക്ഷണം തയ്യാറാക്കുന്ന തിരക്കില്‍ ആണ്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കൂടി ചപ്പാത്തി ഉണ്ടാക്കാന്‍ പാവം കഷ്ടപ്പെടും. അതുകൊണ്ട് ഞാനും ചപ്പാത്തി പരത്താന്‍ കൂടി . അത് ബുദ്ധിമുട്ടാണ് എന്ന് തോന്നിയപ്പോള്‍ ഞാന്‍ പതുക്കെ ചപ്പാത്തി ചുടാന്‍ കൂടി. ഒന്ന് രണ്ടെണ്ണം കരിഞ്ഞ മണം വന്നപ്പോള്‍ റെജി ഇടപ്പെട്ടു. "ഇതിനേക്കാള്‍ എളുപ്പമുള്ള ഒരു ജോലികൂടി ഉണ്ട്. വെട്ടിവിഴുങ്ങള്‍. അതിന് സമയമാകുമ്പോള്‍ പറയാം". ചമ്മിയെങ്കിലും ആ തമാശ ആസ്വദിച്ച് ഞാന്‍ മുറ്റത്ത് കത്തിയടിക്കാന്‍ കൂടി. റെജി ഭക്ഷണം റെഡിയാക്കി വിളിച്ചു. ഇവിടെ നിന്നും എഴുന്നേല്‍ക്കാനേ തോന്നുന്നില്ല. മുറ്റത്ത് തന്നെ ഇരുന്നു ഞങ്ങള്‍ ഭക്ഷണം കഴിച്ചു. ചിക്കന്‍ കറിക്ക് പതിവിലും എരിവ് കൂടുതല്‍ എങ്കിലും റെജി പാചകത്തില്‍ ഒരു സ്പെഷലിസ്റ്റ് ത്തന്നെ ആണെന്ന് ആ കറിയുടെ സ്വാദില്‍ നിന്നും മനസ്സിലായി
വന്യ മൃഗങ്ങളെ കാണുവാന്‍ പോകാം എന്ന് റെജി തന്നെയാണ് പറഞ്ഞത്, ഒരു രാത്രി ട്രെക്കിംഗ് ആവാം എന്ന് ഞങ്ങളും തീരുമാനിച്ചു. ആനയും പുലിയും കാട്ടുപ്പോത്തും കരടിയും എല്ലാം ഉള്ള കാടാണ്. പേടി ഇല്ലാതില്ല. ഞങ്ങളുടെ കൂട്ടത്തില്‍ ആരെങ്കിലും ഒരാള്‍ "നമുക്ക് പോവണ്ട" എന്ന് പറയാന്‍ കാത്തിരിക്കുകയാണ് എല്ലാവരും . രാത്രി ട്രെക്കിംഗ് സമയത്ത് പേടിക്കേണ്ടത് ആനയെ ആണെന്നും വാഹനം ഉണ്ടായാല്‍ പ്രശ്നം ഇല്ലെന്നും റെജി സമാധാനിപ്പിച്ചു . അതോടെ ഇത്തിരി ധൈര്യം ചാര്‍ജ് ആയി. അങ്ങനെ ഞങ്ങള്‍ ഇറങ്ങി. മുന്നിലെ സീറ്റിന് ഇത്തവണ കാലിയാണ്. ആരും അവിടെ ഇരിക്കുവാന്‍ തയാറല്ല ,ഒടുവില്‍ അത് കിട്ടിയത് എനിക്കും. ഒരു നിവൃത്തിയുമില്ല എന്നായപ്പോള്‍ ഞാന്‍ മുന്‍ സീറ്റില്‍ തന്നെ കയറി. പക്ഷെ ഒരു കിലോമീറ്റര്‍ പോലും മുന്നോട്ട് പോയില്ല. അതിന് മുമ്പേ ദാ നില്‍ക്കുന്നു സകല പ്രൌഡിയോടും കൂടി ഒരു കൊമ്പന്‍ . ശിരുവാണിയുടെ വന സൗന്ദര്യം നിറഞ്ഞ് നില്‍ക്കുന്ന ഗജവീരനാണ് അത് എങ്കിലും ഒരു നിമിഷം കൊണ്ട് ഞങ്ങളുടെ എല്ലാം രക്തം ഐസ് പോലെ ഉറഞ്ഞു പോയി. ആരുടെ മുഖത്തും ചോരയോട്ടമില്ല. എനിക്കാണേല്‍ "ആന "എന്ന് പോലും പറയാന്‍ പറ്റുന്നില്ല. വണ്ടി ഡ്രൈവ് ചെയ്യുന്ന ആരിഫിനു എല്ലാ ശക്തിയും കൊടുക്കണേ എന്നായിരുന്നു അപ്പോള്‍ എന്‍റെ പ്രാര്‍ഥന . ഇനി ഇറങ്ങി ഓടേണ്ട അവസ്ഥ ആണേല്‍ എന്‍റെ ജീവിതം അവിടെ തീര്‍ന്നേനെ. കാരണം കാല് അനക്കാന്‍ പറ്റുന്നില്ല പേടിച്ചിട്ട്. ഓടിയ അത്രയും പതുക്കെ പുറകിലോട്ട് വന്നു ഞങ്ങള്‍ ബംഗ്ലാവിലേക്ക് തന്നെ തിരിച്ച് കയറി. അതുകൊണ്ട് ഇതെഴുതാന്‍ ജീവിതം ബാക്കി.
യാത്രയും പേടിയും കാരണം നല്ല ക്ഷീണമുണ്ട്. എന്നെയും അന്വോഷിച്ചു ആന ബംഗ്ലാവിലേക്ക് വന്നേക്കുമോ എന്നൊരു ഭയവും ഉള്ളില്‍ ഉണ്ട് ബംഗ്ലാവിന് ചുറ്റും കിടങ്ങുകള്‍ ഉള്ളതുകാരണം ആന അകത്തേക്ക് കയറില്ല
എന്ന ധൈര്യത്തില്‍ ഞങ്ങള്‍ കുറച്ച് സമയം കൂടെ ബംഗ്ലാവിന്‍റെ മുറ്റത്ത് ഇരുന്നു.
ഇവിടെ കറന്റ് ഇല്ല. സോളാര്‍ പാനല്‍ വച്ചിട്ടുണ്ട് . റെജിയെ സമ്മതിക്കണം. ഇത്രയും പേരുണ്ടായിട്ടും ഞങ്ങള്‍ക്കിവിടെ പേടി തോന്നുന്നു. വര്‍ഷങ്ങളായി ഇവിടെ ഒറ്റക്കാണ് റെജി താമസം. വന്യമൃഗങ്ങളെ കണ്ട കഥകള്‍ ഇഷ്ടംപോലെ ഉണ്ട് റെജിയുടെ ഓര്‍മയില്‍ . മുറ്റത്ത് ഇഷ്ടിക പതിപ്പിച്ച ചില സ്ഥലങ്ങള്‍ കുഴിഞ്ഞിരിക്കുന്നത് കാണിച്ച് റെജി പറഞ്ഞു ആന കയറിയപ്പോള്‍ താഴ്ന്നത് ആണ് എന്ന്. ഞാനൊന്ന് ചുറ്റും നോക്കി. പേടിച്ചിട്ടൊന്നും അല്ല. വെറുതെ. ചുറ്റും കിടങ്ങ് ഉള്ളതിനാല്‍ ഒരു ഭാഗത്ത് അതിന്‍റെ മേലെ ഷീറ്റ് ഇട്ടാണ് വണ്ടി അകത്തോട്ട് കയറ്റുക. അത് കഴിഞ്ഞാല്‍ ആ ഷീറ്റ് മാറ്റിവെക്കും. ഞങ്ങള്‍ വന്ന വണ്ടി അകത്തേക്ക് കയറിയ ശേഷം ആ ഷീറ്റ് മാറ്റിവെക്കാന്‍ റെജി ഇന്ന് മറന്നിട്ടുണ്ടാകുമോ ?
ഒരു പ്രത്യേക മൂഡ് ആണ് ഇപ്പോള്‍ ഇവിടെ. വല്ലാത്ത ഒരു ഹൊറര്‍ മൂഡ് ... അതിന്‍റെ സുഖം അനുഭവിച്ചു തന്നെ അറിയണം. കരിമല കുന്നിന് മീതെ ഒരു നക്ഷത്രം മാത്രം തിളങ്ങി നില്‍ക്കുന്നു. നിലാവ് പരത്തി അര്‍ദ്ധ ചന്ദ്രനും. കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞ പോലെ ആ കുന്നിലെ നിബിഡ വനത്തില്‍ നിഗൂഡമായി ഉറങ്ങുന്ന തകര്‍ന്നു വീണ ആ വിമാനത്തിന്‍റെ കഥ ഈ രാത്രിയും എന്നെ വേട്ടയാടും, തീര്‍ച്ച.
ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. നല്ല തണുപ്പുണ്ട്. റൂമില്‍ പണ്ട് ഉണ്ടാക്കിയ നെരിപ്പോട് ഉണ്ട്. അത് കത്തിക്കേണ്ട ആവിശ്യം തോന്നിയില്ല.
ചീവിടുകളുടെ പാട്ടിനോടൊപ്പം മുത്തിക്കുളം വെള്ള ചാട്ടത്തിന്‍റെ ശബ്ദവും ഉച്ചത്തില്‍ കേള്‍ക്കാം ഇപ്പോള്‍ . ഇതാണ് ഈ രാത്രിയിലെ ഉറക്ക പാട്ട്. ജനലഴികളിലൂടെ മൂളിവരുന്ന ആ പടിഞ്ഞാറന്‍ കാറ്റിന് നല്ല താളമുണ്ട്. പിന്നെ ബംഗ്ലാവിന്‍റെ മുറ്റത്ത് പൂത്തുനില്‍ക്കുന്ന കാട്ടുചെമ്പകത്തിന്‍റെ മാദക ഗന്ധം . ഞങ്ങള്‍ സുഖമായി ഉറങ്ങി.
അരിച്ചിറങ്ങുന്ന തണുപ്പില്‍ ഇങ്ങിനെ മൂടിപ്പുതച്ച് ഉറങ്ങിയാല്‍ നഷ്ടമാവുക ഒരു ശിരുവാണി പ്രഭാതമാണ്. പക്ഷെ റെജി ഇന്നലെ രാത്രി തന്നെ വാണിംഗ് തന്നിരുന്നു . കാലത്ത് പുറത്തെ വാതില്‍ തുറക്കുമ്പോള്‍ പതുക്കെ അല്‍പം തുറന്നു നോക്കിയിട്ടേ ഇറങ്ങാവൂ എന്ന് . ബംഗ്ലാവിന്‍റെ വരാന്തയില്‍ പുലിയോ മറ്റോ കയറി കിടക്കുമത്രേ. പേടിയുണ്ടെങ്കിലും വാതില്‍ തുറന്നു പുറത്തോട്ട് ആകാംക്ഷയോടെ നോക്കിയ ഞങ്ങള്‍ക്ക് നിരാശ നല്‍കി. അതോ ആശ്വാസമോ..? പക്ഷെ പുറത്തെ കാഴ്ചകള്‍ നല്ലൊരു വിരുന്നായി. കരിമല കുന്നില്‍ നിന്നും കോടമഞ്ഞ് മാഞ്ഞിട്ടില്ല. മഞ്ഞ് നീങ്ങുമ്പോള്‍ പതുക്കെ തെളിയുന്ന മുത്തിക്കുളം വെള്ളച്ചാട്ടം. താഴെ നിശബ്ദമായി പാട്ടിയാര്‍ പുഴ. എനിക്കറിയില്ല ഇനി ഞാനെന്താ എഴുതേണ്ടതെന്നു ഈ കാഴ്ചകളെ പറ്റി. എന്‍റെ മലയാളത്തിനും പരിമിതികള്‍ ഉണ്ടല്ലോ.
ഞങ്ങള്‍ പതുക്കെ പുഴയിലേക്ക് ഇറങ്ങി. പേടിക്കെണ്ടാതായി ഒന്നേ ഉള്ളൂ. അട്ട. അതാണേല്‍ ഇവിടെ ഇഷ്ടം പോലെ ഉണ്ട്. റെജി കുറെ ഉപ്പു കയ്യില്‍ തന്നിരുന്നു. അതിട്ടാല്‍ അട്ട പിടിവിടും. പക്ഷെ അതിനെ സമയമുണ്ടായിരുന്നുള്ളൂ. ഞാനാണേല്‍ അട്ട കടിച്ചാല്‍ ആദ്യം മേലോട്ട് ചാടും. അറപ്പും പേടിയും. ഉപ്പിന്‍റെ കാര്യമൊക്കെ അപ്പോള്‍ മറന്നു പോകും. ആദിവാസിയെ പോലെ തോന്നിക്കുന്ന ഒരാള്‍ വല എടുക്കുന്നുണ്ട്. ഞങ്ങള്‍ ഒപ്പം കൂടി. വല രാത്രി ഇട്ടുവെക്കും. കാലത്ത് എടുക്കും. വല പുറത്തെടുത്തപ്പോള്‍ ഞെട്ടിപ്പോയി. എത്ര വലിയ വരാലുകള്‍ ആണ്. പിന്നെ കരിമീനിനെ പോലെ തോന്നിക്കുന്ന മത്സ്യങ്ങളും. വിലക്ക് ചോദിച്ചപ്പോള്‍ അയാള് കുറെ വെറുതെ തന്നു. അയാള്‍ വേറെയും വല ഇട്ടിട്ടുണ്ടാത്രേ. ഉച്ചക്ക് പൊരിച്ചെടുക്കാന്‍ റെജിയുടെ കയ്യില്‍ കൊടുത്തപ്പോള്‍ റെജിയും പേടിച്ചു. കാരണം ഡാമില്‍ നിന്നും മീന്‍ പിടുത്തം ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് വിലക്കിയിട്ടുണ്ടത്രേ. ഏതായാലും സംഗതി തീന്മേശയില്‍ എത്തി. പുഴമീന്‍ പറ്റാത്ത ഞാന്‍ നോക്കി നിന്നതെ ഉള്ളൂ. രാത്രിയിലെ ചിക്കന്‍ കറിക്ക് അവര്‍ പകരം വീട്ടി. എന്‍റെ വിധി.
ഉച്ചക്ക് ഭക്ഷണത്തിന് ശേഷം ഒന്ന് മയങ്ങാനാണ് ആദ്യം പരിപാടി ഇട്ടത് എങ്കിലും വഴിയിലൊന്നും ആന ഇല്ലെന്ന് താഴെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും വന്ന ഒരു ജീപ്പിലുള്ളവര്‍ പറഞ്ഞത് കാരണം ഒന്ന് കറങ്ങിയിട്ട് വരാമെന്ന് എല്ലാവരും തീരുമാനിച്ചു . സത്യത്തില്‍ വീതി കുറഞ്ഞ ഈ കാടുപ്പാതയില്‍ ആനയെ കണ്ടാല്‍ അപകടമാണ്. ബന്ദിപൂര്‍ - മുതുമല വഴിയുള്ള യാതകളില്‍ കാട്ടാനകളെ ധാരാളം കാണുമെങ്കിലും ഭയം തോന്നാറില്ല . വീതിയുള്ള റോഡും മറ്റു വാഹനങ്ങളുമൊക്കെ കാണും അവിടെ. പക്ഷെ ഈ കാട്ടില്‍ ഞങ്ങള്‍ തനിച്ചാണ്. ഇത് ഒട്ടും പരിചയമില്ലാത്ത ചുറ്റുപാട്.
മഴക്കാലം, വീതികുറഞ്ഞ റോഡ് എല്ലാം പ്രതികൂലമാണ്. ഏതായാലും ഈ റോഡിലൂടെ കുറച്ച് മുന്നോട്ട് പോകാന്‍ ത്തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കേരള ബോര്‍ഡര്‍ കഴിഞ്ഞ് ഇപ്പോള്‍ തമിഴ്നാടിന്‍റെ ഭാഗങ്ങളിലൂടെയാണ് ഞങ്ങളുടെ യാത്ര. അവിടെ ചെക്ക് പോസ്റ്റില്‍ തടയുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞങ്ങളുടെ ഭാഗ്യത്തിന് അന്നവിടെ ഇന്‍സ്പെക്ഷന് എത്തിയ തമിഴ്നാട് ഇറിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് എന്‍ജിനീയര്‍ മിസ്റ്റര്‍.സദന്‍ ഞങ്ങളെ മുന്നോട്ട് പോകാന്‍ അനുവദിച്ചു . ആ നല്ല ഓഫീസര്‍ക്ക് ഞങ്ങള്‍ നന്ദി പറയുന്നു .കാട്ടിലൂടെയുള്ള ഈ യാത്രക്ക് നല്ല ഹരമാണ്.
വഴിയില്‍ മുളങ്കാടുകള്‍ പൂത്തുനില്‍ക്കുന്നു. നല്ലൊരു ഔഷദമാണത്രേ മുളയരി. പൂത്തുകഴിഞ്ഞാല്‍ മുളയുടെ ആയുസും അതോടെ തീരും. ഈ വഴിക്കാണ് മനോഹരമായ കോവൈ വെള്ളച്ചാട്ടം . പക്ഷെ ഒരു കിലോമീറ്റര്‍ നടന്നു പോകണം. ദുര്‍ഘടമായ വഴിയിലൂടെ. സമയകുറവുകാരണം അതും വേണ്ടെന്നു വെച്ചു.
ഇടയ്ക്കിടെ കാട്ടരുവികളും ഭംഗിയുള്ള സ്ഥലങ്ങളും ഒക്കെയായി ഞങ്ങള്‍ എത്തിച്ചേര്‍ന്നത് വാടിവയല്‍ എന്ന ചെറുതും സുന്ദരവുമായ ഒരു തമിഴ്നാട് ഗ്രാമത്തില്‍ ആണ്. ഒട്ടും ആഗ്രഹിക്കാതെ എത്തിപ്പെട്ട ഈ ഗ്രാമം ഞങ്ങള്‍ക്ക് വളരെ ഇഷ്ടപ്പെട്ടു.
നല്ലൊരു മസാല ചായയും കുടിച്ച് ഞങ്ങള്‍ ഗ്രാമം ഒന്ന് ചുറ്റികറങ്ങി. തൊട്ടു പിറകിലൂടെ ഒരു ചെറിയ അരുവി , അതില്‍ മീന്‍ അരിച്ചു പിടിക്കുന്ന കുട്ടികള്‍, . റോഡില്‍ നിറയെ പൂക്കള്‍. ഒരു ചെറിയ ഗ്രാമത്തിന്‍റെ എല്ലാ സന്തോഷവും ഇവിടെ കാണാനുണ്ട്. ഇതുവഴി കുറച്ച് ദൂരം പോയാല്‍ കോയമ്പത്തൂര്‍ ആയി. റോഡൊക്കെ നല്ല നിലവാരം ഉള്ളത് ആണ്.
കാട്ടുവിഭവങ്ങള്‍ ശേഖരിച്ച് പട്ടണത്തില്‍ കൊണ്ടുപോയി വില്‍ക്കുന്നതാണ് കാര്യമായ ഉപജീവന മാര്‍ഗം.
യാദൃക്ഷികമായി വന്നുചേരുന്ന ഇത്തരം അനുഭവങ്ങളും കാഴ്ചകളും വളരെ സന്തോഷം നല്‍കുന്നു. പൊന്നു അമ്മാളില്‍ നിന്ന് ഒരു മസാല ചായയും കൂടെ കുടിച്ച് ഞങ്ങള്‍ ചെറിയ ചുരം കയറി വീണ്ടും ശിരുവാണിയില്‍ എത്തി.
ഓരോ ഇടവേളയില്‍ കാണുമ്പോഴും ഓരോ മുഖമാണ് ശിരുവാണിക്ക്. ചിലപ്പോള്‍ പ്രണയം മണക്കുന്ന താഴ്വര എന്ന് തോന്നും. മറ്റുചിലപ്പോള്‍ സ്വയം മറന്നു മറ്റൊരു സ്വപ്നലോകത്തേക്ക് മനസ്സ് പായുന്ന പോലെ. ചിലപ്പോള്‍ കരിമല കാടും അവിടത്തെ കാറ്റും നമ്മോടു പറയാത്ത കഥകളുടെ പൊരുള്‍ തേടുന്ന ഒരു ദുഃഖ സാന്ത്രമായ മൂഡ്. ഇതിനെല്ലാം പുറമേ കാട്ടിലെ നല്ലൊരു മഴയും ഇവിടിരുന്നു ആസ്വദിക്കാന്‍ പറ്റി.
ഞങ്ങള്‍ക്ക് തിരിച്ചുപോരാന്‍ സമയമായി. റെജിയുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് അടുത്ത അവധിക്കാലം "വീണ്ടും ഈ താഴ്വരകള്‍ ഞങ്ങള്‍ക്ക് വിരുന്നൊരുക്കും എന്ന് മനസ്സില്‍ പറഞ്ഞ് ഞങ്ങളിറങ്ങി. ഇന്ന് ദിവസങ്ങള്‍ക്കു ശേഷം ഈ ബഹറിനില്‍ ഇരുന്നു ആ അനുഭവങ്ങളെ വരികളാക്കാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ ആ പ്രകൃതിയില്‍ ഇനി കാണാതെ പോയ കാഴ്ച്ചകളുണ്ടോ എന്ന് പരതുകയാണ്. കാതില്‍ ഒരു സംഗീതമായി മുത്തിക്കുളം വെള്ളച്ചാട്ടത്തിന്‍റെ
ശബ്ദമുണ്ട്. മനസ്സില്‍ കുളിര് നിറച്ച്‌കൊണ്ട് അവിടത്തെ കാറ്റുമുണ്ട്. ഒപ്പം കരിമല കാടുകളില്‍ ആ ദുരന്തത്തിന്‍റെ പിന്നാമ്പുറം തേടി എന്‍റെ അന്യോഷണ ത്വരയാര്‍ന്ന മനസ്സ് അലയുന്നുമുണ്ട്.
പ്രകൃതി , അതിന്‍റെ സൌന്ദര്യം കൊണ്ട് വിരുന്നൂട്ടിയ ഈ രണ്ട് നാളുകളെ ഞാനെന്‍റെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഈ ശിരുവാണിയെ ഞാന്‍ പറഞ്ഞത്. "ദൈവം കയ്യൊപ്പിട്ട പ്രകൃതി "എന്ന്. അവിടത്തെ കാറ്റ് കുറെ ദൂരം ഞങ്ങളോടൊപ്പം വന്നു. സ്നേഹത്തോടെ ഞങ്ങളെ യാത്രയയക്കാന്‍ .