Saturday, January 28, 2012

ശകുന്തളയില്ലാത്ത കണ്വാശ്രമത്തില്‍




തണുത്ത് വിറക്കുന്നൊരു പ്രഭാതത്തില്‍ തമിഴ്നാട് ഫോറസ്റ്റ് വകുപ്പിന്‍റെ ഊട്ടി ഓഫീസിലേക്ക് കയറി ചെന്നത് ഒട്ടും പ്രതീക്ഷയില്ലാതെയാണ്‌.
മുന്നില്‍ ഇരിക്കുന്ന സോളമന്‍ എന്ന ഡ്യൂട്ടി ഓഫീസറുടെ സുന്ദര മുഖത്തിന്‌ ചേരാത്തതായി ഒന്നേയുള്ളൂ. ഭംഗിയായി ഒതുക്കി വെച്ച കൊമ്പന്‍ മീശ, പക്ഷെ എന്‍റെ ആത്മവിശ്വാസം ചോര്‍ന്നു പോകാന്‍ അത് ധാരാളമായിരുന്നു.
വന്ന കാര്യം പറഞ്ഞു.
"മസിനഗുഡി ഫോറസ്റ്റ് ഗസ്റ്റ് ഹൗസില്‍ രണ്ട് ദിവസം താമസിക്കാന്‍ അനുമതി വേണം".
ഒറ്റവാക്കില്‍ ഉത്തം കിട്ടി. "എല്ലാം ബുക്കിംഗ് ആണ്".

ഇവിടെ താമസിക്കാന്‍ അനുമതി ഈ ഊട്ടി ഓഫീസില്‍ നിന്ന് വാങ്ങണം. എല്ലാ സര്‍ക്കാര്‍ ഓഫീസിന്‍റെയും പൊതുസ്വഭാവം ഒന്നാവും എന്നറിയാന്‍ വല്യ ബുദ്ധി വേണ്ടല്ലോ. പക്ഷെ ഇത് നാട് വേറെയാണ്. അതുകൊണ്ട് ഡീലിംഗ് അല്പം സെന്റിമെന്റല്‍ ആക്കിയപ്പോള്‍ കൊമ്പന്‍ മീശക്കുള്ളിലെ നല്ല മനസ്സ് കനിഞ്ഞു . കേരളത്തില്‍ നിന്നും മസിനഗുഡി കനവുകളും പേറി വന്ന ഞങ്ങളോട് വളരെ സ്നേഹത്തോടെ സംസാരിക്കുകയും രണ്ട് ദിവസത്തേക്ക് താമസം ശരിയാക്കി തരികയും ചെയ്തു.
നന്ദി ഓഫീസര്‍ .... ഈ സ്നേഹത്തിനും നല്ല മനസ്സിനും.

ഫ്ലവര്‍ ഷോയും ദേവദാരു മരങ്ങളും മഞ്ഞും വിരുന്നൂട്ടിയ നീലഗിരി താഴ്വാരങ്ങളിലെ ദിവസങ്ങളെ മാറ്റി വെച്ച് ഞാന്‍ ക്യാമറ മസിനഗുഡിയിലെ വിസ്മയിപ്പിക്കുന്ന കാനന ഭംഗിയിലേക്ക് തിരിച്ച്‌ വെക്കട്ടെ..



ശരിക്കുമൊരു കണ്വാശ്രമം തന്നെ ഇവിടം. ദുഷ്യന്തനേയും ശകുന്തളയേയും നമുക്ക് തല്‍ക്കാലം മാറ്റി നിര്‍ത്താം. പകരം മറ്റെല്ലാ ആശ്രമ കാഴ്ചകളും ഇവിടുണ്ടല്ലോ. പഴമയുടെ മോടിയുള്ള ഈ ഗസ്റ്റ് ഹൗസിന്‍റെ മുറ്റത്തിരുന്നാല്‍ മുന്നിലൂടെ ഒഴുകുന്ന കാട്ടരുവി കാണാം. ചെറിയ പാറകള്‍ക്കിടയിലൂടെ ഒഴുകുന്ന കണ്ണാടി ചില്ലുകള്‍ പോലെയുള്ള വെള്ളം. അത് കുടിക്കാന്‍ വരുന്ന മാനുകള്‍. കുറ്റിച്ചെടികളുടെ ഉള്ളില്‍ നിന്നും നാണം കുണുങ്ങി പതുക്കെ പുറത്ത്‌ വരുന്ന മയിലുകള്‍,മരങ്ങള്‍. ഇവയെല്ലാം ചേര്‍ന്ന് ഒരു കണ്വാശ്രമം തന്നെ സങ്കല്‍പ്പിച്ചെടുക്കാം നമുക്കിവിടെ. കാട്ടു വള്ളികള്‍ തൂങ്ങി കിടക്കുന്ന അരയാലിന്‍റെ ചുവട്ടിലെ ഈ മതിലില്‍ ഇരുന്ന് കാഴ്ച്ചകള്‍ കണ്ടിരിക്കാന്‍ എന്ത് സുഖമാണ്. പ്രകൃതിയുടെ ഭാവപകര്‍ച്ചക്ക് കാതോര്‍ത്ത്‌ അലസതയെ ആഘോഷമാക്കി ഇങ്ങിനെ ഇരിക്കാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. പുള്ളിമാനുകള്‍ക്കും മയിലുകള്‍ക്കും നമ്മളോട് ഒട്ടും അപരിചിത ഭാവം ഇല്ലാത്തതിന് കാരണം ശകുന്തളയുടെ സ്നേഹത്തോടെയുള്ള തലോടലിന്റെ ഓര്‍മ്മകള്‍ അവരുടെ മനസ്സില്‍ ഉള്ളത് കൊണ്ടായിരിക്കുമോ..? എന്നാലും ഒരു ഒളികണ്ണ് എപ്പോഴും അവര്‍ക്കുള്ളത് ഇത് മാറിയ കാലമാണ് എന്നൊരു തോന്നല്‍ ഉള്ളതുകൊണ്ടാവണം.


പുലര്‍മഞ്ഞ് ചിത്രം വരയ്ക്കുന്ന "മസിനഗുഡി" യന്‍ പ്രഭാതം ആസ്വദിക്കാന്‍ നേരത്തെ തന്നെ എഴുന്നേറ്റു . കാണ്വാശ്രമത്തിലെ ആതിഥേയരായ മാനുകളും മയിലുകളും കാലത്ത് തന്നെ ഇറങ്ങിയിട്ടുണ്ട് ദര്‍ശനം നല്‍കാന്‍ . പേരറിയാത്ത കുറെ വര്‍ണ്ണകിളികള്‍ കാടിന്‍റെ സുപ്രഭാതം പാടുന്നു. ഈ കാട്ടരുവിക്ക് ഇത്രയും ഭംഗിയും ശാന്തതയും ഉണ്ടാവാന്‍ കാരണം പണ്ട് ഇതിന്‍റെ തീരത്ത് തപസ്സിരിന്നിരുന്ന മുനിമാരെ കുറിച്ചോര്‍ത്തിട്ടാവുമോ ? ആരെയും ശ്രദ്ധിക്കാതെ ഒറ്റയ്ക്ക് നില്‍ക്കുന്ന ആ പേടമാനിന്‍റെ കണ്ണുകളില്‍ കാണുന്നത് ദുഷ്യന്തനെ കാണാതെ വിഷമിക്കുന്ന ശകുന്തളയുടെ വികാരമാണോ..? പക്ഷെ എല്ലാം കൂടി ചേര്‍ന്ന പ്രസന്നമായ ഈ പ്രകൃതിയില്‍ ഞാനനുഭവിക്കുന്നതും ഒരു താപസന്‍റെ സന്തോഷവും ഏകാഗ്രതയും തന്നെ.



ജോസഫ് എന്ന മാവേലിക്കരക്കാരനാണ് ഇവിടത്തെ കാവല്‍ക്കാരനും കുക്കും. അടുത്ത വര്‍ഷം റിട്ടയര്‍ ആകുന്നതിന്‍റെ സങ്കടത്തില്‍ ആണ് പുള്ളി. നാട്ടില്‍ പോകുന്നതില്‍ സന്തോഷം ഉണ്ടെങ്കിലും വര്‍ഷങ്ങളായി ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഈ കാടും ചുറ്റുപ്പാടും ഇനി തനിക്ക് അന്യമായി പോകുമല്ലോ എന്ന വിഷമവും അച്ചായന്‍ പങ്കുവെച്ചു.

അരുവിയോട് ചേര്‍ന്ന് കാഴ്ചകള്‍ കണ്ട്‌ സ്വയം മറന്നു നില്‍ക്കുകയാണ് ഹോളണ്ടുക്കാരന്‍ ആല്‍ബര്‍ട്ടും അവന്‍റെ പുതുമണവാട്ടി കാതറിനും. ഹണിമൂണിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ എന്‍റെ നാടിനെ തിരഞ്ഞെടുത്ത ഈ ഡച്ച് ജോടികളോട് എനിക്ക് ആദരവ് തോന്നി. കൂടെ ഈ കാടിന്റെ ഭംഗിയില്‍ പുതു ദാമ്പത്യത്തിന്റെ മധുരം ആസ്വദിക്കുന്ന മനസ്സും അത്ഭുതമായി . ഇന്ത്യയെ സ്നേഹിക്കുന്ന ഇവരെ പരിചയപ്പെടാനും സുഹൃത്തുക്കള്‍ ആവാനും എനിക്ക് രണ്ടാമത് ആലോചിക്കേണ്ടി വന്നില്ല. ഞങ്ങള്‍ സ്നേഹപ്പൂര്‍വ്വം നല്‍കിയ ചായ കുടിച്ചു കൊണ്ട് അവര്‍ നമ്മുടെ നാട് നല്‍കിയ അനുഭവത്തിന്‍റെ സന്തോഷ വര്‍ത്തമാനങ്ങള്‍ പങ്കു വെച്ചു. ഒരു മാസം നീളുന്ന ഭാരത യാത്രയില്‍ നോര്‍ത്തും കഴിഞ്ഞ് സൗത്തിലേക്ക് എത്തിയതേ ഉള്ളൂ. നുണക്കുഴി വിരിയുന്ന പുഞ്ചിരിയുമായി താജ്മഹല്‍ കണ്ട അനുഭവത്തിന്‍റെ ആവേശം കാതറിന്‍ പറയുമ്പോള്‍ കേട്ടിരിക്കുന്ന ഞങ്ങള്‍ക്ക് പോലും കാണാത്ത താജിനെ കുറിച്ചോര്‍ത്തു സങ്കടം തോന്നി. കാതറിനുമായി ഞാന്‍ കൂടുതല്‍ സംസാരിക്കുന്നു എന്ന ഹഫിയുടെ പരാതി ഞാന്‍ തല്‍ക്കാലം കേട്ടില്ലെന്ന് നടിച്ചു. പക്ഷെ കാതറിനൊരു വെസ്റ്റെണ്‍ ശകുന്തളയുടെ ച്ഛായയുണ്ടോ..? വേണ്ട. നമ്മുടെ കഥകളും സംസ്കാരവും നമ്മുടേത്‌ മാത്രമായി നില്‍ക്കട്ടെ അല്ലേ..?

ഇനി ഇവരുടെ യാത്ര കേരളത്തിലെക്കാണ്. ആലപുഴയില്‍ ഹൗസ് ബോട്ടില്‍ ഒരു ദിവസം എന്ന സ്വപ്നത്തില്‍ ആണവര്‍. കേരള യാത്രയെ കുറിച്ച് നല്ല തയ്യാറെടുപ്പ് ഉണ്ട് . അവരുള്ള ദിവസം കോഴിക്കോട് ഞാന്‍ ഉണ്ടാവില്ല എന്നോര്‍ത്തപ്പോള്‍ ഇത്തിരി സങ്കടം തോന്നാതിരുന്നില്ല. ഒരു കോഴിക്കോടന്‍ ഡിന്നര്‍ നഷ്ടപ്പെടുന്ന വിഷമം അവരും മറച്ചു വെച്ചില്ല. പെട്ടൊന്നടുത്ത് അതേപോലെ പിരിയേണ്ടി വന്നപ്പോള്‍ ഇത്തിരി വിഷമം തോന്നി ഞങ്ങള്‍ക്ക്. പക്ഷെ അടുത്ത അവധിക്കാലത്ത്‌ നാട്ടിലെത്തിയപ്പോള്‍ ഉമ്മ എടുത്തു തന്ന അല്പം വൈകിയ ഒരു കത്ത് എടുത്ത് വായിച്ചപ്പോള്‍ എനിക്ക് അത്ഭുതമല്ല തോന്നിയത്. ആ ചെറിയ ഇടവേളയിലെ സൗഹൃദത്തിന് നന്ദി പറഞ്ഞ് ആ സ്നേഹിതന്‍ അയച്ച കത്ത് എനിക്കെന്തുമാത്രം സന്തോഷം നല്‍കി. വഴിയമ്പലങ്ങളില്‍ പരിചയപ്പെട്ട് വിടപറഞ്ഞു പോകുന്നവരുടെ ഭാഷ അല്ലായിരുന്നു അതിന്. പക്ഷെ പ്രിയ സ്നേഹിതാ .. എഴുതാതെ പോയ മറുപടിയിലെ അക്ഷരങ്ങള്‍ നന്ദി കേടിന്‍റെ ഭാഷയില്‍ എന്നെ തിരിഞ്ഞു കുത്തുന്നുണ്ട്. മാപ്പ് .



ഭാഷ അറിയില്ലെങ്കിലും ഹൃദയം കൊണ്ട് ഒരു ആത്മബന്ധം സ്ഥാപിച്ച കാതറിന്‍ പോയപ്പോള്‍ ഹഫിക്കും സങ്കടം തോന്നി. വൈകുന്നേരം ട്രക്കിംഗ് ഉണ്ട്. കാടിന്‍റെ ഉള്ളിലൂടെ ഫോറസ്റ്റ് വകുപ്പിന്‍റെ കണ്ണാടി ചില്ലിട്ട വാഹനത്തില്‍ യാത്ര രസകരമാണ്. നമ്മളേക്കാള്‍ അനുസരണ ആണ് കാട്ടുമൃഗങ്ങള്‍ക്ക്. അവസാനം ഒരു വെള്ളച്ചാട്ടത്തിനരികെ വണ്ടി നിര്‍ത്തി. എത്ര താഴ്ചയിലേക്ക് ആണ് വെള്ളം പതിക്കുന്നത് . കാല് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അപ്പുറം കാട് തന്നെ. ആനക്കൂട്ടങ്ങള്‍ നിറയെ കാണാം. ഹൃദയം നിറഞ്ഞ കാനന കാഴ്ചകള്‍ കണ്ട്‌ ഞങ്ങള്‍ വീണ്ടും ഗസ്റ്റ് ഹൗസിലെത്തി. കാടിനകത്തെ താമസത്തിന് പൊതു സ്വഭാവം ആണ്. അതുകൊണ്ട് തന്നെ ഈ രാത്രി നല്‍കിയ അനുഭവം ഞാന്‍ പറയാന്‍ ശ്രമിച്ചാല്‍ എന്‍റെ തന്നെ മറ്റു പോസ്റ്റുകളിലെ വാക്കുകള്‍ കയറി വരുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. കാരണം കാട്ടിലെ രാത്രികള്‍ മറ്റു സ്ഥലങ്ങളിലേത് ഞാന്‍ പറഞ്ഞിട്ടുണ്ട് മുമ്പ്. എന്നാലും കാട്ടരുവിയുടെ ശബ്ദവും കാടിന്‍റെ നിശബ്ദതയെ ഭേദിച്ച് കടന്ന് വരുന്ന കാട്ടുമൃഗങ്ങളുടെയും പക്ഷികളുടെയും ശബ്ദവും നിറഞ്ഞ ഒരു രാത്രിയുറക്കം സങ്കല്‍പ്പിച്ചു നോക്കൂ. വാക്കുകള്‍ക്കപ്പുറമുള്ള അനുഭൂതിയാണത് .

ഓരോ യാത്രകളും നല്‍കുന്നത് ഓരോ അനുഭവങ്ങള്‍ ആണ്. പുതിയ സ്ഥലങ്ങള്‍ , മനുഷ്യര്‍, അവരുടെ ജീവിതം , ആഘോഷം അങ്ങിനെ ഒരുപാടൊരുപാട്. പിന്നെയുമുണ്ടല്ലോ. വഴിയമ്പലങ്ങളില്‍ പാഥേയവും പുഞ്ചിരിയുമായി സ്വീകരിച്ചവര്‍, ഒരു നോട്ടത്തില്‍ മനസ്സില്‍ കടന്ന് കൂടിയവര്‍ , ഒരു ചിരി സമ്മാനമായി നല്‍കി കടന്നുപോയവര്‍, അറിയാത്ത സ്ഥലങ്ങളില്‍ സഹോദരന്മാരെ പോലെ നിസ്വാര്‍ത്ഥമായി ഒപ്പം നിന്നവര്‍ , കൂടെ ദൈന്യത നിറഞ്ഞ മുഖങ്ങള്‍. ഓരോ യാത്രയും തുറക്കുന്നത് പുതിയൊരു ലോകത്തിലേക്കാണ്. ഓര്‍മ്മകളുടെ പുസ്തക താളുകളിലേക്ക് എഴുതി ചേര്‍ക്കാന്‍ എത്രയെത്ര അദ്ധ്യായങ്ങള്‍...!

കാട്ടുവഴികളും നാട്ടുവഴികളും താണ്ടി അനുഭവങ്ങളുടെ പുതിയ ലോകത്തിലേക്കും കാഴ്ച്ചകളിലേക്കും തുറക്കുന്ന മറ്റൊരു യാത്രയുടെ സ്വപ്നത്തില്‍ ആണ് ഞാന്‍ .

ചിത്രങ്ങള്‍ ( വിക്കി / ഗൂഗിള്‍ /സ്വന്തം)

Saturday, January 7, 2012

പ്രണയത്തിന്‍റെ സെഡാര്‍, സമാധാനത്തിന്‍റെ ഒലീവ് .



പ്രണയിക്കാത്തവരുണ്ടാകുമോ ..? ഈ ചോദ്യം തന്നെ ബാലിശമാണ്. ഞാനെപ്പോഴും കാല്‍പനിക പ്രണയത്തിന്റെ ലോകത്താണ്. ഇന്നലെ വീണ്ടും ഖലീല്‍ ജിബ്രാനെ വായനക്കെടുത്തു. "Broken Wings ". തീവ്ര പ്രണയത്തിന്റെ ഓരോ വരികള്‍ വായിക്കുമ്പോഴും എന്റെ മനസ്സില്‍ സെഡാര്‍ മരങ്ങള്‍ തെളിഞ്ഞു വന്നു. ലബനോണിന്റെ മണ്ണിന്റെ ഐശ്വര്യമായി വളരുന്ന ഈ ഭംഗിയുള്ള മരങ്ങള്‍ കാണണം എന്നത് എന്റെ ഭ്രാന്തമായൊരു അഭിനിവേശമാണ്. സല്‍മ കറാമി എന്ന തന്‍റെ പ്രണയിനിയോടൊന്നിച്ചുള്ള നിമിഷങ്ങള്‍ക്ക് തണലൊരുക്കി ഒരു സെഡാര്‍ മരം ഉണ്ടായിരിക്കണം ജിബ്രാന്റെ ജീവിതത്തിലും. ആ മരങ്ങളെ തൊട്ടും തലോടിയും ആയിരിക്കണം അദ്ദേഹം പ്രണയത്തിന്റെ മാന്ത്രിക ഭാവം വരച്ചിട്ട് വായനക്കാരെ വിസ്മയിപ്പിച്ചത്. "എല്ലാ യുവാക്കളുടെ ജീവിതത്തിലും ഒരു "സല്‍മ" യുണ്ട് ജീവിത വസന്തത്തില്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ട്‌ അവന്‍റെ ഏകാന്തതയെ ആഹ്ലാദ നിമിഷങ്ങളാക്കി മാറ്റുന്ന , നിശ്ശബ്ദ രാത്രികളെ സംഗീതത്താല്‍ നിറക്കുന്ന ഒരുവള്‍", എന്ന് ജിബ്രാന്‍ പറഞ്ഞത് പോലെ , അദ്ദേഹം സൃഷ്‌ടിച്ച പ്രണയ ലോകത്തെ കടമെടുത്ത് എന്റെ മനസ്സിലും തീര്‍ക്കണം മറ്റൊരു പ്രണയലോകം.



പക്ഷെ പൈന്‍മരക്കാടുകള്‍ക്കരികില്‍ സൈപ്രസ് മരങ്ങള്‍ ചുറ്റപ്പെട്ട സ്ഥലത്താണ് ജിബ്രാന്റെ സല്‍മ ഉറങ്ങുന്നത്. അതൊരു സെഡാര്‍ മരങ്ങള്‍ നിറഞ്ഞ ഭൂമിയിലാകാത്തത് എത്ര നന്നായി. അല്ലെങ്കില്‍ എന്‍റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന സെഡാര്‍ മരങ്ങള്‍ക്ക് മറ്റൊരു മുഖമായേനെ. ദുഃഖത്തിന്റെയോ വിരഹത്തിന്റെയോ അടയാളം പോലെ. പക്ഷെ നിരവധി നോവലുകളിലും മറ്റും വായിച്ചറിഞ്ഞ് ഞാന്‍ കാണാന്‍ കൊതിക്കുന്ന പൈന്‍ മരങ്ങളും സൈപ്രസ് മരങ്ങളും കാണുമ്പോള്‍ എന്‍റെ മനസ്സില്‍ കടന്ന് വരുന്നത് ജിബ്രാനും സല്‍മയും അവരുടെ നഷ്ടപ്രണയവും ആയിരിക്കും.
ലബനോണിന്റെ പതാകയിലെ ചിഹ്നത്തിനുമപ്പുറം മറ്റൊരു ചരിത്രത്തിലും സെഡാര്‍ എന്ന പേര് കയറിപ്പറ്റി. പ്രധാനമന്ത്രി രഫിഖ് ഹരീരിയുടെ കൊലപാതകവും അതോടൊപ്പം സിറിയന്‍ അധിനിവേശവും നിര്‍ത്താന്‍ നടത്തിയ പ്രക്ഷോഭങ്ങള്‍ "സെഡാര്‍ റവല്യൂഷന്‍ "എന്ന പേരില്‍ ചരിത്രത്തില്‍ കുടിയേറി. പക്ഷെ എന്റെ മനസ്സില്‍ ഖലീല്‍ ജിബ്രാനും പിന്നെ പ്രണയവും പൂക്കുന്ന ലബനോന്‍ താഴ്വരകളുടെ രൂപവുമാണ് സെഡാര്‍ മരങ്ങള്‍ക്ക്.



യൂക്കാലിപ്സ് മരങ്ങളുടെ മണത്തെ ഞാനേറെ ഇഷ്ടപ്പെട്ടുപ്പോയി. ഊട്ടിയാത്രകളിലെ കാട്ടുവഴികളില്‍ തൊലിയുരിഞ്ഞ് നില്‍ക്കുന്ന യൂക്കാലിപ്സ് മരങ്ങള്‍ക്കിടയിലൂടെ ഔഷദക്കാറ്റും കൊണ്ട് സഞ്ചരിക്കുമ്പോള്‍ കിട്ടുന്ന ഒരനുഭൂതിയുണ്ട്. ഇതുവഴിപോകുമ്പോള്‍ വാഹനം നിര്‍ത്തി കുറെ സമയം ചിലവഴിക്കാറുണ്ട് ഞങ്ങള്‍. യൂക്കാലിപ്സ് മരങ്ങളെ കടന്ന് കടന്ന് കുറെ മുന്നോട്ട് പോകും തോറും അന്തരീക്ഷം കൂടുതല്‍ ഇരുളും. കൂടേ അകത്തെ ഭയവും. പലപ്പോഴും തോന്നാറുണ്ട് വന്യമായ കാടിന്റെ ഉള്ളിലേക്ക് കൂടുതല്‍ ഇറങ്ങി ചെന്നാലോ എന്ന്. ഒരു തരം ഭ്രാന്തമായ അഭിനിവേശം. സത്യത്തില്‍ ഈ വഴി വരുന്നത് തന്നെ ഈ മരങ്ങളുടെ ഭംഗിയും ഈ സുഗന്ധവും എല്ലാം കൂടി ചേര്‍ന്ന അന്തരീക്ഷം ആസ്വദിക്കാനാണ് എന്ന് പറഞ്ഞാലും തെറ്റില്ല.



മിത്തുകള്‍ ഏറെ സ്വാധീനിച്ച ഒരു സംസ്കാരമാണ് നമ്മുടേത്‌. നിത്യ ജീവിതത്തില്‍ അതൊരു സ്വാധീനമായോ ദുസ്വാധീനമായോ നിറഞ്ഞു നില്‍ക്കുന്നു നമ്മളറിയാതെ തന്നെ. വയനാട് വഴി പോകുന്നവര്‍ ഈ ആല്‍മരവും ഇതിനു പിന്നിലെ ഐതിഹ്യവും ശ്രദ്ധിക്കാതെ പോകില്ല. ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിക്കുകയും അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത ആദിവാസിയുടെ ആത്മാവ് ഈ മരത്തിലാണ് തളച്ചിടപ്പെട്ടത് എന്നാണ് ഐതിഹ്യം. വഴികാണിച്ചു കൊടുത്തു എന്നതും കൊല്ലപ്പെട്ടു എന്നതും വിശ്വാസയോഗ്യമാണെങ്കില്‍ പോലും ഉപദ്രവകാരിയായി മാറിയ ആ ആത്മാവിനെ ഇവിടെ തളക്കപ്പെടുകയും, അതിനു ശേഷമാണ് ഇത് വഴിയുള്ള യാത്രകളിലെ അനിഷ്ടങ്ങള്‍ സാധ്യമായത് എന്ന് പറയുന്നതിലെ ശരിയേയും തെറ്റിനേയും ഞാനിപ്പോള്‍ ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഈ മരവും ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥയും നമ്മള്‍ ഇഷ്ടപ്പെടും. ആ ആദിവാസിയെ ഓര്‍ത്തു വേദനിച്ചെന്നും വരും. ഇതുവഴി പോകുമ്പോഴും തിരിച്ചു വരുമ്പോഴും എന്നും ഒരേ താല്പര്യത്തോടെ ശ്രദ്ധിക്കാറുണ്ട് ഈ ആല്‍മരം.



ഒറ്റപ്പെട്ട മരുഭൂമിയില്‍ നിറഞ്ഞ പച്ചപ്പോടെ ഒരു മരം. മറ്റൊരു ആകര്‍ഷണവും ഇതിനില്ല. എന്നിട്ടും എന്തുകൊണ്ടാവും ഇത്രധികം സന്ദര്‍ശകര്‍ ഇവിടെ എത്തിപ്പെടുന്നത്..? "ട്രീ ഓഫ് ലൈഫ് " എന്ന ഓമനപ്പേരില്‍ നാല് നൂറ്റാണ്ടിന്റെ നിറവുമായി ഇന്നും പച്ചപ്പോടെ ഇതുണ്ട്, ബഹ്‌റൈന്‍ എന്ന കൊച്ചു ദ്വീപിന്റെ വലിയൊരു ആകര്‍ഷണമായി. സാധാരണ മരുച്ചെടികളില്‍ നിന്നും വ്യത്യസ്തമായി എന്ത് പ്രതിഭാസമാണ് ഇതിന്റെ നിലനില്‍പ്പിന്റെ രഹസ്യം..? പല ദീപുകളായി ഭിന്നിച്ചു നിന്ന ഒരു സംസ്കാരത്തെ ഒന്നാക്കുകയും ഇന്ന് കാണുന്ന ബഹ്റൈന്റെ മാറിയ മുഖത്തിന്‌ പിന്നിലെ ചാലക ശക്തിയായി നിലകൊള്ളുകയും ചെയ്ത രാജാക്കന്മാരുടെ സമര്‍പ്പണത്തിന്റെ അടയാളമോ..അതോ അവരോടു ചേര്‍ന്ന് നിന്ന് രാജ്യ നിര്‍മ്മിതിയില്‍ പ്രവര്‍ത്തിച്ച പ്രജകളുടെ വിയര്‍പ്പോ..? എന്തായിരിക്കും ഇതിന്‌ ജീവജലമായി കാണുക...? ഏതായാലും ഇന്നും തുടരുന്ന, ഞാനടക്കമുള്ള പ്രവാസികളുടെ വിയര്‍പ്പും ഈ അത്ഭുത വൃക്ഷത്തിന്റെ അതിജീവനത്തിന് വളമായി എന്ന് പറയാന്‍ മടിക്കേണ്ടതില്ല. അങ്ങിനെ പറയാതെ പോയാല്‍ പ്രവാസി എന്ന വിളിപ്പേരില്‍ നിരവധി ദേശങ്ങളില്‍ നിന്നും വന്ന് ഇവിടെ വിയര്‍പ്പൊഴുക്കുന്നവരോട് ചെയ്യുന്ന അനീതിയാകും.



ബ്രിട്ടീഷ് ഭരണക്കാലത്ത് മലബാര്‍ കലക്ടര്‍ ആയിരുന്നു കനോലി സായിപ്പിനോട് ഏതെങ്കിലും രീതിയില്‍ ഒരിഷ്ടം തോന്നുന്നുവെങ്കില്‍ അത് നിലമ്പൂര്‍ കാടുകളില്‍ നിറഞ്ഞു നില്‍ക്കുന്ന തേക്കുകള്‍ കാണുമ്പോഴാവാണം. ലോകത്തെ തന്നെ ആദ്യത്തെ തേക്ക് കൃഷി എന്ന് പറയുന്നത് ഇവിടെ തുടങ്ങിയതാണ്‌. നിരയൊത്ത് വളര്‍ന്നു നില്‍ക്കുന്ന തേക്ക് മരങ്ങള്‍ കാണുന്നത് നല്ല ഭംഗിയാണ്. കൃത്രിമ വനങ്ങള്‍ എങ്കിലും കോടികള്‍ വിളയുന്ന ഇവിടം കാണേണ്ടത് തന്നെ. നെടുങ്കയം ഭാഗത്ത്‌ പലതവണ പോയിട്ടുണ്ട്. കാടിനോട് ചേര്‍ന്നു നില്‍ക്കുന്ന വിസ്മയിപ്പിക്കുന്ന പ്രകൃതിയും മരങ്ങളും ഒരു അനിയന്ത്രിതമായ ആവേശത്തോടെ നമ്മളെ ഉള്ളിലേക്ക് നയിക്കും. അപകടത്തെ കുറിച്ചുള്ള ഒരു ഉള്‍വിളി ഉണ്ടാകുന്നത് വരെ.



ഓര്‍മ്മകളുടെ മാമ്പഴക്കാലം എന്ന് ഒരു മരത്തെ വിളിക്കാന്‍ പറഞ്ഞാല്‍ ഞാനീ മാവിനെ എന്നിലേക്ക്‌ ചേര്‍ത്തു നിര്‍ത്തും. കാരണം ഇതിന്റെ ചില്ലകള്‍ ആഥിത്യമൊരുക്കാത്ത ഒരു കുട്ടിക്കാലം എന്റെ ഓര്‍മ്മയില്‍ ഇല്ല. സച്ചിന്റെ സെഞ്ച്വറികളും പുതിയ സിനിമകളും വായിച്ച പുസ്തകങ്ങളും തുടങ്ങി ഇവിടെ ഞങ്ങള്‍ പറഞ്ഞു തീര്‍ക്കാത്ത വിശേഷങ്ങള്‍ ഇല്ല. അതിന്‍റെ ചില്ലകളില്‍ എവിടെയെങ്കിലും കാണും മാങ്ങകള്‍ പൂണ്ട്‌ കഴിക്കാന്‍ പണ്ട് ഞങ്ങള്‍ ഒളിപ്പിച്ചു വെച്ച ആ ചെറിയ കത്തി. തുരുമ്പെടുക്കാത്ത ഓര്‍മ്മകളുടെ പ്രതീകമായി. ഇതിന്റെ ഇലകളുടെ മറവു പിടിച്ചാണ് ഞാന്‍ ആദ്യത്തെയും അവസാനത്തെയും പ്രണയ കത്ത് എഴുതിയത്. പ്രണയിനിക്കെത്താതെ എന്റെ ബാല്യ ചാപല്ല്യതിന്റെ തമാശയായ ആ കത്ത് താഴെ ഒഴുകുന്ന തോട്ടിലേക്ക് വലിച്ചെറിഞ്ഞു ഞാന്‍ . എന്റെ അക്ഷരങ്ങളുടെ ചിതാഭസ്മം ആ തോടോഴുക്കി ഇരുവഴിഞ്ഞി പുഴയില്‍ ചേര്‍ത്തു കാണും. അത് വായിച്ച്‌ ഇരുവഴിഞ്ഞി പുഴപ്പോലും നാണിക്കുകയോ ആര്‍ത്തു ചിരിക്കുകയോ ചെയ്തു കാണണം. പിന്നെ ഇതിന്‍റെ തീരത്തിരിക്കുമ്പോഴെല്ലാം പൊങ്ങി വരുന്ന കുഞ്ഞോളങ്ങള്‍ എന്നെ പരിഹസിക്കുകയാണോ എന്ന് തോന്നിയിട്ടുണ്ട് എനിക്ക്. കാലം ആ തമാശയെയും ഒഴുക്കിക്കളഞ്ഞു.



പലതവണ പറഞ്ഞതെങ്കിലും ഈ മരത്തെ പറ്റി ഒരിക്കല്‍ കൂടേ ഞാനൊന്ന് പറഞ്ഞോട്ടെ. മരങ്ങളെ കുറിച്ച് പറയുമ്പോള്‍ എനിക്കിഷ്ടപ്പെട്ട ആ ആല്‍മരത്തെ ഒഴിവാക്കാന്‍ പറ്റില്ല. ഒരു ഗ്രാമത്തിന്റെ വിശ്വാസത്തിന്റെ , പ്രതീക്ഷയുടെ, നന്മയുടെ അടയാളമായി ഈ ആല്‍മരവും അതിനു താഴെയുള്ള പ്രതിഷ്ടയും ഉണ്ട്. അനേകം യാത്രകളില്‍ ഞങ്ങള്‍ പലപ്പോഴും വിശ്രമിച്ചിട്ടുണ്ട് ഇതിന്റെ തണലില്‍. നോക്കിയിരിക്കുമ്പോള്‍ ഞങ്ങള്‍ക്കെതിരെ ഒരു വൃദ്ധ നടന്ന് വരുന്നു. ആല്‍മരത്തിന്‍റെ ചുവട്ടിലെത്തി അതിന് താഴയുള്ള പ്രതിഷ്ടയില്‍ ആ അമ്മ തിരി കൊളുത്തി. ജീവചക്രത്തിന്റെ ഭൂരിഭാഗവും ഓടി തീര്‍ത്ത ഈ അമ്മ ഏതു പ്രതീക്ഷകളിലേക്കാവും തിരി കൊളുത്തുന്നത്..? മറുപടി കിട്ടാന്‍ അധികം കാത്തിരിക്കേണ്ടി വന്നില്ല. മുഷിഞ്ഞൊരു പാവാടയും ധരിച്ച് എവിടെ നിന്നോ ഓടിവന്നൊരു പെണ്‍കുട്ടി അതില്‍ തൊഴുത് സ്കൂളിക്കോടി.



സമാധാനത്തെ കുറിച്ച് പറയുമ്പോഴും കേള്‍ക്കുമ്പോഴും മനസ്സില്‍ ഓടിയെത്തുക ഒരു ഒലീവ് മരമല്ലേ...? ഇന്ന് കിട്ടുന്ന ഒലീവ് എണ്ണകളും അതിന്റെ സ്വാദിഷ്ടമായ ഫലവും അല്ല എന്നെ ഒരു ഒലീവ് മരം കാണാന്‍ പ്രേരിപ്പിക്കുന്നത്. പകരം അതിന് അവകാശപ്പെടാനുള്ള മറ്റു പ്രത്യേകതകള്‍ കൊണ്ടാണ്. അതാണെങ്കില്‍ പറയാന്‍ ഒരുപാടുണ്ടുതാനും.
ഗ്രീസിന്റെ, പഴയ രാജഭരണത്തിന്റെ , ഒളിംപിക്സിന്റെ ചരിത്രങ്ങളിലെല്ലാം ഒലീവ് ഇലകള്‍ വിരിഞ്ഞു നില്‍ക്കുന്നുണ്ട്. ആ ചരിത്രവും പാരമ്പര്യവും തന്നെയാവണം ഒരു ഒലീവ് മരം കണ്ട് , അതിന്റെ ഇലകള്‍ ചേര്‍ത്തൊരു കിരീടം തലയില്‍ വെക്കാന്‍ എന്നെ കൊതിപ്പിക്കുന്നത്. ഓരോ ഒലീവ് മരങ്ങള്‍ കാണുമ്പോഴും ഒരായിരം പ്രാര്‍ത്ഥനകള്‍ നിറയും എന്നില്‍. ഫലസ്തീന് വേണ്ടി, മത സൗഹാര്‍ദ്ധത്തിന് വേണ്ടി, എന്‍റെ ഭാരതത്തിന് വേണ്ടി .

പ്രകൃതിയോട് ചേര്‍ന്ന് നിന്നാല്‍ പല വിസ്മയങ്ങളും കാണാം. മരങ്ങള്‍ സംസാരിക്കും, പൂക്കള്‍ ചിരിക്കും, കിളികള്‍ പാടും. ആ മരങ്ങളെ പോലെ എല്ലാര്‍ക്കും തണലാകാന്‍ , ആ പൂക്കളെ പോലെ ചിരിക്കാന്‍ , കിളികളെ പോലെ പാടാന്‍ എല്ലാര്‍ക്കും കഴിയണേ എന്നാവും പ്രകൃതി ഓര്‍മ്മിപ്പിക്കുന്നത്...!

The trees are God's great alphabet:
With them He writes in shining green
Across the world His thoughts serene.
~Leonora Speyer

(ചിത്രങ്ങള്‍ - ഗൂഗിള്‍)

Thursday, December 1, 2011

ഇന്ന് പെയ്ത മഴ തന്നത് ..!



കുറെ കാലത്തിന് ശേഷം വീണ്ടും മഴ നനഞ്ഞു. ഇവിടെ ബഹറിനില്‍ നല്ല മഴ. ഇപ്പോള്‍ തോന്നുന്ന വികാരങ്ങളെ വരികളാക്കാതെ പറ്റില്ല എനിക്ക്. കാരണം പറഞ്ഞാലും തീരാത്ത പ്രണയമാണ് എനിക്ക് മഴയോട്. ഒരിക്കല്‍ എഴുതിയിരുന്നു, "മഴ പെയ്യുന്നിടത്തോളം കാലം എനിക്ക് പ്രായമാവില്ല. മനസ്സിലെ പ്രണയം പെയ്ത് തീരുകയും ഇല്ല" എന്ന്. മഴത്തുള്ളികള്‍ വന്ന് വീഴുന്നത് വരണ്ടുണങ്ങിയ ഈ മണ്ണില്‍ മാത്രമല്ലല്ലോ , മനസ്സിലേക്ക് കൂടിയല്ലേ. നല്ല തണുപ്പും. എന്തുകൊണ്ട് ഈ മഴയേയും തണുപ്പിനെയും ഇങ്ങിനെ ഇഷ്ടപ്പെടുന്നു എന്ന് ചോദിച്ചാല്‍ വ്യക്തമായ ഒരുത്തരം നല്‍കാന്‍ ഞാന്‍ ബുദ്ധിമുട്ടും. എന്നാലും വ്യത്യസ്തമായ കുറെ മഴ ആസ്വാദനത്തെ കുറിച്ച് പറയാമല്ലോ.



ഴ മേഘങ്ങള്‍ കൂടി അന്തരീക്ഷം ആകെ ഇരുണ്ടിട്ടുണ്ട്. പക്ഷെ സമയം നാല് മണിപോലും ആയിട്ടില്ല. ഈ ഇരുട്ടിന് എന്തോ ഒരു ശോക ഭാവമാണ് എനിക്ക് തോന്നുന്നത്. ചുറ്റും തെങ്ങുകളും മാവും മറ്റു വൃക്ഷങ്ങളും നിറഞ്ഞ തറവാടിന്റെ കോലായില്‍ ഒറ്റക്കിരിക്കുമ്പോള്‍ മൂടിക്കെട്ടിയ ഈ അന്തരീക്ഷം ആസ്വദിക്കുന്നത് രസകരം തന്നെ. പിന്നെ മഴ പെയ്തു തുടങ്ങി. തകര്‍പ്പന്‍ മഴ. വാഴയിലയില്‍ ശബ്ദത്തോടെ വീണ്‌ വെള്ളം ഒലിച്ചിറങ്ങുന്നു . മരങ്ങളെ ആട്ടിയുലച്ച് കാറ്റും വീശുന്നുണ്ട്. കാറ്റും മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കൂടി ഭീകരമായ ഒരവസ്ഥ സൃഷ്ടിക്കുന്നുണ്ട്. പക്ഷെ ഇതെന്നെ പേടിപ്പെടുത്തുന്നില്ല. പകരം പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരത്തിലേക്ക് നയിക്കുന്നു. കൂട്ടിന് ആരും ഇല്ലാതെ പോയതാണോ അതോ ഒരു കൂട്ടിന്റെ കുറവാണോ ഈ സമയത്തിന്റെ ഭംഗി. രണ്ടുമാവാം. മനസ്സിപ്പോള്‍ സഞ്ചരിക്കുന്നത് യാഥാര്‍ത്യ ലോകം വിട്ട്‌ കാല്പനികമായ ഒരു പ്രപഞ്ചത്തിലൂടെയാണ്. അതില്‍ പ്രണയമുണ്ടാവാം , രതിയുണ്ടാവാം , സ്വപ്നത്തിനുമാത്രം അവകാശപ്പെടാവുന്ന നിറങ്ങളുമുണ്ടാവാം. പക്ഷെ വന്യമായ ഈ മഴ തോരുന്നതോടെ പറന്നുപോകും ഈ ഭാവനാലോകം.



രക്കൊപ്പം വളര്‍ന്നുനില്‍ക്കുന്ന നെല്‍കൃഷി. വിശാലമായ പാടത്തിന് നടുവില്‍ പണിക്കാര്‍ക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കെട്ടിപ്പൊക്കിയ കളപ്പുര. വൈകുന്നേരങ്ങളില്‍ ഇവിടെയിരിക്കാന്‍ നല്ല ഹരമാണ്. തത്തകളും പ്രാവുകളും പറന്നുല്ലസിക്കുന്ന പാടത്ത് , പതുക്കെ കാറ്റിലാടുന്ന പച്ചയണിഞ്ഞ നെല്‍ കൃഷികള്‍ നൃത്തം ചെയ്യുന്നതും നോക്കിയിരിക്കുന്നത് എന്തൊരു രസമായിരുന്നു. ഇതോടൊപ്പം ഒരു മഴ കൂടി വന്ന് ചേര്‍ന്നാലോ. മഴയുടെ വരവും അറിയിച്ചുകൊണ്ട്‌ ഒരു പടിഞ്ഞാറന്‍ കാറ്റ് വീശി. അതറിഞ്ഞിട്ടെന്നോണം കിളികള്‍ പറന്നകന്നു. കാറ്റിന് പിറകെ മഴയെത്തി. കളപ്പുരയിലേക്ക് ഓടിക്കയറി. കൂടേ ഒന്ന് രണ്ട് പണിക്കാരും. പാള തൊപ്പി ഊരിവെച്ച് , മടിക്കുത്തില്‍ നിന്നും വെറ്റിലയെടുത്ത് മുറുക്കാനുള്ള ഒരുക്കം കൂട്ടി നല്ലംപെരവന്‍ ആത്മഗതം പറഞ്ഞു. "ഇപ്പോഴൊന്നും ചോരുന്ന മട്ടില്ല ".
എനിക്ക് സന്തോഷമായി. നെല്‍കതിരുകള്‍ മഴനൃത്തമാടുകയാണ്. അതാസ്വദിച്ച് ഞാനും. ഓലകൊണ്ട് മറച്ച കളപ്പുരയുടെ അരികിലൂടെ തണുത്ത കാറ്റും ഒപ്പം കൂടേ വരുന്ന മഴത്തുള്ളികളും. തണുത്ത് വിറക്കുന്നല്ലോ.



രു മാറ്റവുമില്ല. ഓര്‍മ്മചിത്രങ്ങള്‍ക്ക് മറവിയുടെ ക്ലാവ് പിടിക്കാതിരിക്കാന്‍ അതുപോലെ തന്നെയുണ്ട്‌ ഈ സ്കൂള്‍. തലമുറകള്‍ മാറിമാറി അക്ഷരാഭ്യാസത്തിന്റെ സുകൃതം നുണഞ്ഞിട്ടും, കാലചക്രം ഒരുപാട് തിരിഞ്ഞിട്ടും ഈ വിദ്യാലയം അന്നും ഇന്നും ഒരുപോലെ. സ്കൂളിലേക്ക് കയറുന്ന കല്പടവുകള്‍ക്ക് പോലും തേയ്മാനം വന്നിട്ടില്ലെങ്കില്‍ പിന്നെ നമ്മുടെ ഓര്‍മ്മകള്‍ക്കാണോ അതുണ്ടാവുക. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ ഓടി ഞാനും ഈ കല്‍പടവുകള്‍ കയറുകയാണ്. കയറി കയറി പോകുന്നത് വര്‍ഷങ്ങള്‍ പിറകിലോട്ട് ആണെന്നുമാത്രം. സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു. ഈ വരാന്തയില്‍ ഞാന്‍ ഒറ്റക്കാണ് എന്നെനിക്ക്‌ തോന്നിയില്ല. സ്കൂളിന്റെ ഓടില്‍ നിന്നും ഒലിച്ചിറങ്ങുന്ന മഴവെള്ളം തട്ടിതെറിപ്പിക്കാന്‍ എന്റെ പഴയ ചങ്ങാതിമാരും കൂടെ ഉള്ളതുപോലെ.
കീശയില്‍ നിറച്ച മഷിത്തണ്ടില്‍ പറ്റിപിടിച്ച ചളി ആ മഴവെള്ളത്തില്‍ കഴുകി കളയാന്‍ അവരുമുണ്ടല്ലോ എന്നോടൊപ്പം. ചൂരലുമായി നടന്നു വരുന്ന ഓമന ടീച്ചറെ കാണുമ്പോള്‍ ഒന്നുമറിയാത്തവനെ പോലെ മാറിനില്‍ക്കുന്ന ആ കൊച്ചു കുട്ടി ആയതുപോലെ. ഈ ഓര്‍മ്മകളെ തിരിച്ചുവിളിക്കാനല്ലേ ഇപ്പോള്‍ മഴ പെയ്തതും ഈ വരാന്തയില്‍ എന്നെ എത്തിച്ചതും..?



കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . മലബാര്‍ എക്സ്പ്രസ് വരാന്‍ ഇനിയും സമയമെടുക്കും. കയ്യിലിരിക്കുന്ന പുസ്തകം വായിക്കണോ അതോ പരക്കം പായുന്ന ആള്‍ക്കാരുടെ മുഖഭാവം വായിക്കണോ എന്ന ചിന്തയില്‍ ഇരിക്കുമ്പോള്‍ , രണ്ടിനും അവസരം നല്‍കാതെ മഴയെത്തി. തണുത്തുറഞ്ഞ മരത്തിന്റെ ബെഞ്ചിലിരുന്ന് പാളത്തിലേക്ക് പെയ്തിറങ്ങുന്ന മഴയും ഏറെ ഭംഗിയുള്ള കാഴ്ച്ച തന്നെ. പ്രകൃതി ഒരുക്കിയ കുളിയും കഴിഞ്ഞ് നിറമുള്ള ബോഗികളുമായി മലബാര്‍ എക്പ്രസ് കിതച്ചെത്തി. ഓരോ പ്രദേശങ്ങളിലും പെയ്യുന്ന മഴയുടെ ഭംഗി ട്രെയിനിന്റെ വിന്‍ഡോയിലൂടെ നോക്കികാണ്ട് ഈ മഴയാത്ര അവിസ്മരണീയമാണ്. ഫറോക്ക് പാലത്തിന്റെ മുകളിലൂടെ നീങ്ങുമ്പോള്‍ താഴെ പുഴയില്‍ മഴ പെയ്യുന്നു. തൊപ്പിക്കുട തലയില്‍ ഇട്ട്‌ ഒരു ചെറുവഞ്ചിയില്‍ ഒരാള്‍ തുഴഞ്ഞു നീങ്ങുന്നു. മീന്‍ പിടിക്കുകയാവും. ഞാന്‍ മഴയോടൊപ്പം ആ കാഴ്ച്ച ആസ്വദിക്കുമ്പോള്‍ അയാള്‍ ശപിക്കുകയായിരിക്കും മഴയെ. ഇന്നത്തെ അന്നത്തെ ബുദ്ധിമുട്ടിച്ച നശിച്ച മഴയെന്ന്.



യാനകമായ കാടിന്റെ നിശബ്ധതയിലേക്ക് പെയ്യുന്ന മഴയെ അറിഞ്ഞുട്ടുണ്ടോ..? ശിരുവാണി കാടുകള്‍ ആദ്യമായി അത്തരം ഒരു അനുഭവം ഒരുക്കി. അപ്പോള്‍ പാട്ടിയാര്‍ ബംഗ്ലാവിന് ഒരു പ്രേത കോട്ടയുടെ മുഖമായിരുന്നു. പണ്ട് ഡിറ്റക്ടീവ് നോവലുകളിലോക്കെ വായിച്ച ഭീകര കഥാപാത്രങ്ങള്‍ ചുറ്റും അട്ടഹസിക്കുന്ന പോലെ. പൊതുവേ വെളിച്ചം കുറഞ്ഞ കാട്ടില്‍ ഒരു മഴയുടെ അകമ്പടി കൂടി ആയപ്പോള്‍ ഒന്നര നൂറ്റാണ്ടിന്റെ പഴക്കമുള്ള ഈ ബംഗ്ലാവ് ശരിക്കും ഒരു പ്രേതഭവനം പോലെ തന്നെ. പക്ഷെ ഇത്തിരി ഭയം തോന്നിയെങ്കിലും ഈ അനുഭവത്തെയും ഞാന്‍ ചേര്‍ത്ത് വെക്കുന്നത് പ്രിയപ്പെട്ടൊരു മഴക്കാഴ്ച്ചയുടെ ആല്‍ബത്തിലേക്ക് തന്നെയാണ്. നിഗൂഡതകള്‍ പൊതിഞ്ഞൊരു സുഖമുള്ള അനുഭവം.



തിരക്കിട്ട് തിരിച്ചുവരുന്ന ബോട്ടുകളും ചെറുവഞ്ചികളും. അവര്‍ക്കറിയാം കടലിന്റെയും ആകാശത്തിന്റെയും മാറിവരുന്ന സ്വഭാവം. വൈകിയില്ല. വലിയ തിരമാലകള്‍ക്കൊപ്പം തകര്‍പ്പന്‍ മഴയുമെത്തി. കടലിലേക്ക്‌ പെയ്യുന്ന മഴ. ദൂരെ നങ്കൂരമിട്ടിരുന്ന ആ കപ്പല്‍ മഴ മറച്ചു. പഴയ പ്രതാപത്തിന്റെ ദ്രവിച്ച സ്മാരകമായി ഏതാനും തൂണുകളുമായി നില്‍ക്കുന്ന കോഴിക്കോട്ടെ കടല്‍പ്പാലം. അതിന്റെ താഴെ മഴ നനഞ്ഞ് പന്ത് കളിക്കുന്ന കുട്ടികള്‍. ഓടിച്ചെന്ന് അവരിലൊരാളായി കൂടിയാലോ .? ഉപ്പിലിട്ട നെല്ലിക്ക വില്‍ക്കുന്ന പെട്ടികടക്കാരന്റെ വണ്ടിയോട് ചേര്‍ന്ന് പകുതി നനഞ്ഞും പകുതി നനയാതെയും ഞങ്ങള്‍ നിന്നു. ഈ മഴയിലും ബീച്ചിലെ ബെഞ്ചില്‍ ഒരു കുടക്കീഴിലിരിക്കുന്ന പ്രണയ ജോഡികള്‍. ഒരുപക്ഷെ അവരുടെ പ്രണയ ലോകത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങള്‍ ആയിരിക്കണം മഴയോട് ചേര്‍ന്നുള്ള ഈ സല്ലാപം.



തിരിച്ചു വരാം. മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല ഇവിടെ . പതിവില്ലാതെ പെയ്യുന്ന മഴയെ കാണാന്‍ ബാല്‍ക്കണിയില്‍ നിന്നും പലരും എത്തിനോക്കുന്നു. ആകാംഷയോടെ നോക്കുന്നവരില്‍ അധികവും കുട്ടികളാണ് . വീടിന്റെ മുറ്റത്ത്‌ നിറഞ്ഞ മഴവെള്ളത്തില്‍ കടലാസ് തോണി ഉണ്ടാക്കി കളിക്കുന്നതിന് പകരമാകുമോ അവരുടെ ഈ ജാലക കാഴ്ച്ചകള്‍ ...? ഇപ്പോള്‍ പെയ്യുന്ന ഈ മഴ എന്നെ കൂട്ടികൊണ്ടു പോകുന്നതും അതേ ഓര്‍മ്മകളിലേക്കാണ് മഴയില്‍ കുതിര്‍ന്ന എന്‍റെ ബാല്യത്തിലേക്ക് ..... ഒരുകുടയില്‍ രണ്ടുപേര്‍ ചേര്‍ന്ന് പോകുന്നതും, പുസ്തകതാളുകള്‍ കീറി കടലാസ് വഞ്ചി ഉണ്ടാക്കുന്നതും തുടങ്ങി കുറെ മഴയനുഭവങ്ങള്‍ ..... ഇതെല്ലാം കൈമോശം വന്ന ബാല്യങ്ങളെ .......നിങ്ങള്‍ ക്ഷമിക്കുക. പകരം നല്‍കാന്‍ ഈ ഓര്‍മ്മകുറിപ്പുകളല്ലാതെ മറ്റൊന്നുമില്ലെനിക്ക് .
ഇനിയൊരിക്കല്‍ ഒരു മഴക്കാലത്ത് നാട്ടിലെത്തുമ്പോള്‍ തട്ടിന്‍പുറത്തെ തകരപ്പെട്ടിയില്‍ ‍ നിന്നും പഴയ നോട്ടുപുസ്തകത്തിന്റെ മങ്ങിയ താളുകള്‍ കീറി നിങ്ങള്‍ക്ക് കടലാസ് വഞ്ചി ഉണ്ടാക്കിത്തരാം . മുറ്റത്തെ മഴവെള്ളത്തിലൂടെ ഇളംകാറ്റില്‍ ആടിയുലഞ്ഞു പോകുന്ന ആ കടലാസ് വഞ്ചിയില്‍ കയറി ഒരു യാത്രയുമാവാം നമുക്ക്. ദൂരെ ദൂരെ ഓര്‍മ്മകളുടെ, സ്വപ്നങ്ങളുടെ തീരത്തേക്ക്. അപ്പോള്‍ തിളങ്ങുന്ന നിങ്ങളുടെ കണ്ണുകളില്‍ ഞാന്‍ കാണും നഷ്ടപ്പെട്ടുപോയ എന്‍റെ ആ പഴയ ബാല്യം....

(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്നു.
സ്കൂള്‍ ഞങ്ങളുടെ സ്വന്തം തന്നെ)

Saturday, November 19, 2011

മഞ്ഞ് പുതച്ച വഴിയിലൂടെ



"ഈ നാട്ടുവഴിയിലെ കാറ്റ് മൂളണ പാട്ട് കേട്ടില്ലേ " എന്ന മനോഹരമായ ഗാനം സ്റ്റീരിയോയില്‍ നിന്നും ഒഴുകി വരുന്നു. പക്ഷെ ഞങ്ങളിപ്പോള്‍ നാട്ടുവഴിയില്‍ അല്ലല്ലോ. കാട്ടുവഴിയിലല്ലേ. പക്ഷെ കാറ്റുണ്ട്. യാത്രയില്‍ വീശുന്ന കാറ്റിന് സംഗീതം കാണും. പറയാന്‍ കഥകളും കാണും. അതൊരുപക്ഷെ ഓര്‍മ്മകളുടെതാവാം, ചരിത്രത്തിന്റെതാവാം, സന്തോഷവും വിരഹവും അതില്‍ വന്നേക്കാം. പക്ഷെ വയനാടന്‍ ചുരത്തിന്റെ ഒമ്പതാം വളവില്‍ എനിക്കോര്‍ക്കാനുള്ളത് ഇതുവഴി മുമ്പ് പോയ ഒത്തിരി യാത്രകളുടെ സന്തോഷം തന്നെയാണ്.



കോടമഞ്ഞ്‌ കാഴ്ച്ചകളെ പറ്റെ മറച്ചിട്ടുണ്ട്‌. നല്ല തണുപ്പും. ചൂടുള്ള ചായയും ഊതികുടിച്ച്‌ , മഞ്ഞു മറച്ച താഴ്വാരങ്ങളിലേക്ക് നോക്കി നില്‍ക്കാന്‍ നല്ല രസമുണ്ട്. പക്ഷെ ഇതൊരു ഇടത്താവളം മാത്രം. ഞങ്ങള്‍ക്ക് പോവേണ്ടത് മറ്റൊരു സ്ഥലത്തേക്കാണ്‌. ഇന്നൊരു ദിവസം വയനാടന്‍ പ്രകൃതിയോടൊപ്പം രമിച്ച് നാളെ ഗോപാല്‍സാമി ബേട്ടയിലേക്ക് പോവണം. ഗുണ്ടല്‍ പേട്ടയില്‍ നിന്നും ഏകദേശം പതിനഞ്ച് കിലോമീറ്റര്‍ പോയാല്‍ ഇവിടെയത്താം. മറ്റൊരു പ്രകൃതി വിസ്മയത്തിലേക്ക്.



പതിവ് പോലെ ഇറങ്ങാന്‍ ഉച്ച കഴിയേണ്ടി വന്നു. ഈ വഴിക്കുള്ള യാത്ര രസകരമാണ്. കാടും കൃഷിയിടങ്ങളും മാറി മാറി വരും. എല്ലായിടത്തും നിര്‍ത്തി അതെല്ലാം ആസ്വദിച്ചാണ് ഞങ്ങള്‍ നീങ്ങുന്നത്‌. കാട്ടാനകള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ കെട്ടിയ ഏറുമാടങ്ങള്‍ കാണാന്‍ നല്ല ഭംഗിയുണ്ട്. അതിലൊന്നില്‍ കയറിക്കൂടി പരിസരമൊക്കെ ഒന്ന് കാണണമെന്ന് എനിക്ക് നല്ല പൂതിയുണ്ടായിരുന്നു. പക്ഷെ പരിസരത്തൊന്നും ആരെയും കാണാത്തതിനാല്‍ ആ ആഗ്രഹം നടന്നില്ല.





കടന്ന് പോകുന്ന വഴികളിലെല്ലാം ഈ നാട്ടുക്കാരുടെ വിശ്വാസത്തിന്റെ അടയാളം കാണാം. വലിയ മരത്തിനു താഴെ ചെറിയ പ്രതിഷ്ഠകള്‍ . എന്റെ വിശ്വാസം മറ്റൊന്നെങ്കിലും ദൈവിമകായ ഇത്തരം അടയാളങ്ങള്‍ കാണിക്കുന്നത് മനുഷ്യരുടെ നല്ല വശങ്ങള്‍ തന്നെ. അതുകൊണ്ട് തന്നെ ഇതൊക്കെ കാണുമ്പോള്‍ സ്വാഭാവികമായും സന്തോഷം തോന്നും. കൃഷിയോടും മറ്റൊരു ദൈവികമായ കാഴ്ചപ്പാട് ഇവര്‍ക്ക്. ഗോപാല്‍സാമി ബേട്ടയിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മൂന്നു നാല് ചെറിയ അമ്പലങ്ങള്‍ കണ്ടു.





രണ്ട് വശത്തും കാട്. അതിനു നടുവിലൂടെയുള്ള ചുരം കയറിയാല്‍ ഗോപാല്‍സാമി ബേട്ട എത്തി. ബന്ദിപൂര്‍ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ ഈ കാടുകളിലും വന്യ മൃഗങ്ങള്‍ ധാരാളം. ചുരം കയറുന്നതിനു മുമ്പ് താഴ്വാരത്ത് നല്ല തെളിച്ചമുള്ള കാലാവസ്ഥ ആയിരുന്നു എങ്കില്‍ മുകളില്‍ എത്തിയപ്പോള്‍ കഥ മാറി. കോടമഞ്ഞു കാരണം റോഡ്‌ തന്നെ കാണാനില്ല എന്ന അവസ്ഥ. പക്ഷെ ഞങ്ങള്‍ ബുദ്ധിമുട്ടി മുന്നോട്ട് തന്നെ നീങ്ങി. പക്ഷെ ഇവിടെത്തിയപ്പോള്‍ ചെറിയൊരു നിരാശ തോന്നുന്നു. തൊട്ടടുത്ത്‌ നില്‍ക്കുന്നവരെ പോലും കാണാന്‍ കഴിയാത്ത വിധത്തില്‍ കോടമഞ്ഞ്‌ നിറഞ്ഞിട്ടുണ്ട്‌. നിരാശ ആണെന്ന് പറയാന്‍ പറ്റില്ല. കാരണം മുമ്പിടെ വന്നപ്പോള്‍ നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരുന്നു. അന്ന് വിരുന്നൂട്ടിയ ആ പ്രകൃതി സൌന്ദര്യം തേടിയാണ് ഞങ്ങള്‍ വീണ്ടും വന്നത്. പക്ഷെ മഞ്ഞ് പുതച്ച ഈ പ്രകൃതിക്കും ഉണ്ട് ഭംഗി ഏറെ.



കാഴ്ച്ചയുടെ സൌന്ദര്യവും ഭക്തിയുടെ നിറവും തേടി ഇവിടേയ്ക്ക് വരുന്നവര്‍ ഉണ്ട്. ഞങ്ങള്‍ വന്നത് പ്രകൃതിയെ അറിയാനായിരുന്നെങ്കിലും ഒരിക്കലും അവഗണിക്കാനാവില്ല ഇവിടെയുള്ള ഈ ക്ഷേത്രത്തെ.
"ഹിമവദ് ഗോപാല്‍സാമി ബേട്ട ക്ഷേത്രം". ഇതിന്റെ ഭംഗി , ശില്പ ചാരുത എല്ലാം എന്നെ വിസ്മയിപ്പിച്ചതാണ് പലപ്പോഴും. പക്ഷെ ഒരിക്കല്‍ പോലും അതിന്റെ ചരിത്രത്തിലേക്ക് എത്തി നോക്കാന്‍ പറ്റിയിട്ടില്ല എനിക്ക്. ആ വിഷമം ഇത്തവണ മാറി.





എനിക്ക് കൂട്ടിനു കിട്ടിയത് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനെ തന്നെയാണ്. ഗോപി സ്വാമി . ക്ഷേത്രവും അതിനോടനുബന്ധിച്ച കഥകളും വിശദമായി പറഞ്ഞു തന്നു സാമി. AD 1315 ല് ചോള രാജാക്കന്മാരില്‍ ഒരാള്‍ പണികഴിപ്പിച്ചത് ആണ് ഇത്. ആ രാജാവിന്റെ പേര് സാമി പറഞ്ഞു തന്നെങ്കിലും അത് ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് എന്റെ തെറ്റ്. എഴുപത്തിരണ്ട് കുളങ്ങള്‍ ഈ ക്ഷേത്രത്തിന്റെ ഭാഗമായി ഉണ്ട്. എല്ലാം കാട്ടിനകത്താണ്. അനുമതി കിട്ടില്ല പോവാന്‍ . ഓരോ കുളത്തിനും ഓരോ പേരും അതിന്റെ പിറകില്‍ ഓരോ കഥകളും ഉണ്ടത്രേ.

സന്താനലബ്ധിക്ക് വളരെ ഫലം ചെയ്യും ഇവിടെ പ്രാര്‍ഥിച്ചാല്‍. കൂടുതല്‍ പ്രാര്‍ഥനയും വഴിപ്പാടും നടക്കുന്നത് ആ വഴിക്കാണ്. അതിനു പിന്നിലും ഒരു കഥയുണ്ട്. അതും ഗോപി സ്വാമി പറഞ്ഞു തന്നിരുന്നു. പക്ഷെ ഓര്‍ത്തെടുക്കാന്‍ പറ്റാത്തത് കൊണ്ട് ഒരു വിശ്വാസത്തിന്റെ പുറത്തുള്ള കാരണത്തെ അവ്യക്തമായി എഴുതാന്‍ പ്രയാസം തോന്നുന്നു.

വര്‍ഷങ്ങളില്‍ നടക്കുന്ന രഥോത്സവം ആണ് മറ്റൊരു പ്രധാന ആകര്‍ഷണം. വളരെ വിപുലമായ രീതിയില്‍ ആണത്രേ ഇത് കൊണ്ടാടുന്നത്. ആ സീസണില്‍ വരണമെന്ന് ഗോപി സാമി സ്നേഹപൂര്‍വ്വം ഓര്‍മ്മിപ്പിച്ചു.
ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എതെന്ന എന്റെ ചോദ്യത്തിനു രസകരമായാണ് അദ്ദേഹം മറുപടി തന്നത്.
"ഉങ്ക കേരളാവ് കൃഷ്ണന്‍ "
ശ്രീ കൃഷ്ണനെ അങ്ങിനെ കേരളത്തിന്‌ മാത്രമായി പതിച്ചു നല്‍കാന്‍ ഗോപി സ്വാമി തുനിഞ്ഞത് , ഗുരുവായൂര്‍ അമ്പലത്തിന്റെ പ്രസിദ്ധി കൊണ്ട് തന്നെയാവണം. മറ്റൊരു കാരണം ഇല്ലല്ലോ. പക്ഷെ ശ്രീകോവില്‍ വരെ കയറി കൃഷ്ണനെ കാണാന്‍ ഞാന്‍ നില്‍ക്കാഞ്ഞത് ഹൈന്ദവ വിശ്വാസങ്ങളോടുള്ള ബഹുമാനം കൊണ്ട് തന്നെ. അവിടത്തെ സാഹചര്യം അത് വിലക്കുന്നില്ലെങ്കിലും. കൃഷ്ണന്‍ ഗുരുവായൂര്‍ നടയില്‍ ഇരുന്നാലും ഈ കുന്നിന്‍ പുറത്തെ അമ്പലത്തില്‍ ഇരുന്നാലും ഒന്ന് തന്നെ, അങ്ങിനെ വരുമ്പോള്‍ ഗുരുവായൂരില്‍ ദര്‍ശനം സാധിക്കാതെ പരിഭവിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് ഇവിടെ വന്നൂടെ. അവരുടെ ഇഷ്ട ദൈവം ഇവിടെയുമുണ്ടല്ലോ . ഇങ്ങിനെ എന്റെ തലതിരിഞ്ഞ ബുദ്ധിയില്‍ തോന്നിയത് അവിവേകമാണെങ്കില്‍ എന്റെ വിവരക്കേട് ഓര്‍ത്ത് ക്ഷമിക്കുമല്ലോ. ഞാനുദ്ദേശിച്ചത് ചിലരുടെ വ്യക്തിപരമായ പരാതിയുടെ കാര്യം മാത്രം. അല്ലാതെ ക്ഷേത്രത്തിന്റെ കര്‍മ്മ വിധികളെ ചോദ്യം ചെയ്യാന്‍ ഞാനാളല്ല.

ഏതായാലും അതി മനോഹരമായ പ്രകൃതിയോടെ ചേര്‍ന്ന് നൂറ്റാണ്ടുകളുടെ പാരമ്പര്യവുമായി ഈ കുന്നിന് മുകളില്‍ ക്ഷേത്രം നില്‍ക്കുന്നത് കാണാന്‍ നല്ല പ്രൌഡിയുണ്ട്.

ഗോപി സ്വാമിയോട് നന്ദി പറഞ്ഞ് ഞങ്ങള്‍ അമ്പലം ഒന്നൂടെ ചുറ്റി കണ്ടു. ഇനി അധികം ഇവിടെ നിന്നാല്‍ ചുരമിറങ്ങാന്‍ പറ്റില്ല. കാരണം അത്രക്കും കൂടുതലാണ് കോടമഞ്ഞ്‌. മഞ്ഞ് മറച്ച ദൃശ്യങ്ങള്‍ കാണാന്‍ കഴിയാതെ പോയതില്‍ ഇപ്പോള്‍ നിരാശയില്ല. പല തവണ വന്നിട്ടും അറിയാതെപ്പോയ ഈ അമ്പലവും അതിനോട് ചേര്‍ന്ന ചരിത്രവും അറിയാന്‍ കഴിഞ്ഞല്ലോ.

മഞ്ഞിനൊപ്പം മഴക്കൂടി പെയ്യുന്നു. പൊട്ടിപ്പൊളിഞ്ഞ വഴികളിലൂടെ ഡ്രൈവിംഗ് ദുഷ്കരമാണ്. പക്ഷെ അതിലും ഉണ്ട് ഒരു രസം. പതുക്കെ ഓടി താഴ്വാരത്തെത്തി. നേരെ കീഴ്മേല്‍ മറിഞ്ഞ കാലാവസ്ഥ. മഴയുമില്ല മഞ്ഞുമില്ല. തെളിഞ്ഞ മാനം. ഞാന്‍ തിരിഞ്ഞു നോക്കി. മേലെ കുന്നിന് മുകളില്‍ കോടമഞ്ഞ്‌ പുതച്ചു നില്‍ക്കുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.

Saturday, October 29, 2011

മരുഭൂമികള്‍ പറയുന്ന കഥ



തൊണ്ണൂറുകളുടെ തുടക്കത്തില്‍ ആണെന്ന് തോന്നുന്നു, ലയണ്‍ ഓഫ് ഡസേര്‍ട്ട് എന്ന സിനിമ കാണുന്നത്. ആ സിനിമ നല്‍കിയ ആസ്വാദനം ഇപ്പോഴുമുണ്ട് ബാല്യത്തിന്റെ അവ്യക്തമായ ഓര്‍മ്മകളില്‍. ഉമര്‍ മുഖ്താര്‍ എന്ന പോരാളിയും സംഘവും നടത്തുന്ന അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍ , ഒരു കുട്ടിയുടെ കൗതുകത്തോടെയും ഒപ്പം പേടിയോടെയും ഞാന്‍ കണ്ടിരുന്നു നാട്ടിലെ ഗ്രാമീണ വായനശാലയില്‍ നിന്നും. ഉമര്‍ മുഖ്താര്‍ ഒരു ഹീറോ ആയി മനസ്സില്‍ കയറിയതോടൊപ്പം മറ്റൊരു ഇഷ്ടം കൂടി എന്റെ മനസ്സില്‍ ഇടം നേടി. മരുഭൂമി എന്ന പ്രകൃതി വിസ്മയം . പിന്നെ കഥകളിലും വായനയിലും കുറെ അടുത്തറിഞ്ഞു മരുഭൂമിയെ.ഒട്ടകപ്പുറത്ത് പോകുന്ന കച്ചവടക്കാരെയും മറ്റു യാത്രക്കാരെയും കൊള്ളയടിക്കുന്ന ബദുക്കളുടെ കഥ പറഞ്ഞു തന്ന വല്യുമ്മ നല്‍കിയത് മരുഭൂമിയുടെ മറ്റൊരു മുഖമായിരുന്നു.

പിന്നെയും കുറെ വര്‍ഷങ്ങള്‍ എടുത്തു മരുഭൂമിയെ നേരില്‍ കാണാനും അനുഭവിക്കാനും. വിശാലമായ അറേബ്യന്‍ മരുഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ മറ്റൊരു ലോകത്തായി. ഇവിടെ ഞാന്‍ തേടിയത് യുഗങ്ങള്‍ക്കു മുമ്പ് ഈ മണ്ണിലൂടെ സഞ്ചരിച്ചവരുടെ കാല്‍പാടുകളെയായിരുന്നു. വായിച്ചും കേട്ടുമറിഞ്ഞ ഒരുപാട് കഥകളും കെട്ടു കഥകളും ചരിത്രങ്ങളും സംഭവിച്ചത് വിവിധ ദേശങ്ങളിലെ മരുഭൂമികളില്‍ ആയിരുന്നെങ്കിലും, ആ എല്ലാ സംഭവങ്ങളെയും ഞാന്‍ ഈ മരുഭൂമിയോട് ചേര്‍ത്ത് വെച്ചു.

പേരറിയാത്ത ഒരു കൂട്ടം കള്ളിചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അതിജീവനത്തിന്റെ പ്രതീകങ്ങളായ അവയോട് ചേര്‍ന്ന് ഞാനിരുന്നു. ദൂരെ ദൂരെ കണ്ണും നട്ടിരിക്കുമ്പോള്‍ അങ്ങകലെ പൊടിപടലങ്ങള്‍ ഉയരുന്നുണ്ടോ. വെള്ളക്കുതിരയുടെ പുറത്ത്‌ ഉമര്‍ മുഖ്താറും സംഘവും അല്ലേ പാഞ്ഞടുക്കുന്നത്..? അതിശയിപ്പിക്കുന്ന യുദ്ധമുറകള്‍. ഇറ്റാലിയന്‍ പട്ടാളത്തിന്റെ ഹുങ്കിന്റെ നെഞ്ചിലൂടെ നാശം വിതറി മരുഭൂമിയുടെ സിംഹം പൊരുതുന്ന കാഴ്ച്ചകളാണോ എന്റെ അബോധ മനസ്സില്‍ തെളിയുന്നത്. പണ്ടത്തെ ആ ഗ്രാമീണ വായനശാലയുടെ മൂലയില്‍ "ലയന്‍ ഓഫ് ഡസര്‍ട്ടിലെ " രംഗങ്ങള്‍ കണ്ട് ആശ്ചര്യത്തോടെയും പേടിയോടെയും ഇരുന്ന കൊച്ചുകുട്ടിയായി ഞാന്‍ മാറിപ്പോയി.

പതുക്കെ സൂര്യന്‍ മറയുകയാണ് ഈ മരുഭൂമിയില്‍. ആദ്യമായി കാണുകയാണ് മരുഭൂമിയിലെ അസ്തമയം. പക്ഷെ ചുവന്ന മണ്ണും ചുവന്ന ആകാശവും നല്‍കുന്നത് വേറൊരു അനുഭവം. ഒരു നഷ്ടപ്രണയത്തിന്റെ ഭാവമുണ്ടോ ഈ അന്തരീക്ഷത്തിന്..? എവിടെ നിന്നോ ഒരു വിരഹഗാനം കേള്‍ക്കുന്നില്ലേ ..? ആ പാട്ടിന് "ലൈല മജ്നു " എന്ന അനശ്വര പേര്‍ഷ്യന്‍ പ്രണയ കാവ്യത്തിലെ നായകന്‍ ഖയസ്സിന്റെ ശബ്ദമാണോ. ആണ്. എനിക്കങ്ങിനെ തോന്നി. ലൈല -അഫലാജ് എന്ന മരുഭൂമിയില്‍ പെയ്ത ആ പ്രണയ മഴയുടെ ഭാവം എനിക്കിവിടെ തോന്നാന്‍ കാരണവും ഉണ്ട്. മാതൃഭൂമി ആഴ്ചപതിപ്പില്‍ മുസഫര്‍ അഹമ്മദ് എഴുതിയ ലേഖനം. ലൈല - മജ്നു ജീവിച്ച "അഫലാജ്" എന്ന നാട്ടില്‍ പോയി അദ്ദേഹം എഴുതിയ അതി സുന്ദരമായ ലേഖനം വായിച്ച്‌ മനസ്സ് നിറഞ്ഞ സമയത്താണ് ഈ യാത്രയും. ലൈലയും മജ്നുവും അവരുടെ പ്രണയവും ഈ മരുഭൂമിയിലും എന്റെ ചിന്തകള്‍ക്ക് ഉത്തേജനം ആവുന്നതിന് വേറെ കാരണം വേണ്ട. ലൈലയെ നഷ്ടപ്പെട്ട ഖയസ് ഭ്രാന്തനാവുന്നതും പിന്നെ മരുഭൂമിയില്‍ അലിഞ്ഞ്‌ ഇല്ലാതായി എന്നുമാണ് ആ കാവ്യത്തെ ഉദ്ധരിച്ച് മുസഫര്‍ പറയുന്നത്. അങ്ങിനെയാണ് ഭ്രാന്തന്‍ എന്ന അര്‍ത്ഥത്തില്‍ മജ്നൂന്‍ എന്ന പേരും പിന്നെ അത് മജ്നുവുമായി മാറിയതത്രേ.
അതുകൊണ്ടുതന്നെ ഞാനീ അന്തരീക്ഷത്തില്‍ വായിച്ചെടുക്കുന്നത് ഒരു നഷ്ടപ്രണയത്തിന്റെ ഭാവമാണ്. കേള്‍ക്കുന്നത് മജ്നു ഹൃദയം പൊട്ടി പാടുന്നതാണ്. ലൈലയുടെ കണ്ണുനീര്‍ വീണ്‌ മണല്‍തരികള്‍ ആര്‍ദ്രമായിട്ടുണ്ട്. അതേ ലേഖനത്തില്‍ തന്നെ സിതാര എന്ന സ്ഥലത്താണ് ലൈലയും കുടുംബവും ജീവിച്ചിരുന്നത് എന്ന് എഴുതിയ ശേഷം , അവിടെ കാണുന്ന കബറുകളെ നോക്കി "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ" എന്ന് മുസഫര്‍ എഴുതിയത് വായിച്ച് മനസ്സ് പിടഞ്ഞതും കൂടി ഓര്‍ത്തുപോയപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞുവോ..?



ആര്‍ദ്രമായ ഈ മണല്‍തരികളെ ലൈലയുടെ കണ്ണീരിനോട് മാത്രം എഴുതി ചേര്‍ക്കുന്നത് ഭംഗിയാണോ..? പ്രായവും രൂപവും മാറ്റി കള്ളച്ചുവടിട്ട് "പെയ്തൊഴിയാത്ത കാര്‍മേഘങ്ങള്‍" പേരില്‍ ഞാനെഴുതിയ കഥയിലെ നായികയുടെ ദുഃഖവും ഞാന്‍ ചേര്‍ത്ത് വെച്ചത് മരുഭൂമിയോടായിരുന്നു എന്നതും യാദൃശ്ചികത ആണോ..?
"സ്നേഹ സമരങ്ങളുടെ യുദ്ധഭൂമിയില്‍ വെള്ള സാല്‍വാറിട്ട പെണ്‍കുട്ടി സഹായത്തിനായി അലമുറയിടുന്ന രംഗങ്ങള്‍ ഉറക്കങ്ങളില്‍ പലപ്പോഴും കയറി വന്നു. വരണ്ടുണങ്ങിയ ഒരു മരുഭൂമിയിലൂടെ നിസ്സഹായയായി അവള്‍ നടക്കുന്നതായും, കണ്ണീര്‍ തുള്ളികള്‍ പൊള്ളുന്ന മണല്‍തരികളെ പോലും ആര്‍ദ്രമാക്കുന്നതായും തോന്നി"
ഇങ്ങിനെ എഴുതി ചേര്‍ക്കുമ്പോള്‍ എന്റെ കൈകള്‍ വിറച്ചത് എന്തിനായിരുന്നു. ഇതില്‍ കൂടുതല്‍ ഒരു ഏറ്റുപറച്ചില്‍ എന്നെക്കൊണ്ട് സാധിക്കില്ല.

നേരം ഇരുട്ടി തുടങ്ങുന്നു. പതിഞ്ഞ നിലാവ് പരന്നിട്ടുണ്ട് ഇവിടെ. ഈന്തപ്പനയുടെ ഓലകള്‍ കൊണ്ട് മറച്ച ടെന്റിനുള്ളില്‍ നിന്നും തുര്‍കിഷ് സുന്ദരി ആടിത്തിമര്‍ക്കുന്ന ബെല്ലി ഡാന്‍സ്. പക്ഷെ ഫെയറി ടെയിലുകളിലെ വിസ്മയങ്ങള്‍ വേട്ടയാടുന്ന എന്റെ മനസ്സിനുണ്ടോ അതാസ്വദിക്കാന്‍ പറ്റുന്നു. ഞാന്‍ പതുക്കെ പുറത്തിറങ്ങി.

നിലാവുണ്ടെങ്കിലും അല്പം പേടിപ്പെടുത്തുന്നു മരുഭൂമി. ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നത് വല്യുമ്മ പറഞ്ഞു തന്ന കഥകളാണ്. മരുഭൂമികളിലൂടെ യാത്ര ചെയ്യുന്നവരെയും കച്ചവടക്കാരെയും കൊള്ളയടിക്കുന്ന ദുഷ്ടരായ ബദുക്കളുടെ ചിത്രമാണ് മനസ്സില്‍. എത്ര മനുഷ്യരുടെ കണ്ണീരാവണം മരുഭൂമികള്‍ ഏറ്റുവാങ്ങി കാണുക. എത്ര സ്വപ്നങ്ങളാവണം ഈ മണ്ണില്‍ കൊഴിഞ്ഞു പോയിട്ടുണ്ടാവുക. പിന്നെയും ഇല്ലേ സങ്കട കഥകള്‍ കുറെയേറെ. ബെന്യാമിന്‍ പറഞ്ഞു തന്ന നജീബിന്റെ കഥയില്ലേ. മരുഭൂമി ഏറ്റുവാങ്ങിയ നജീബിന്റെ കണ്ണീര്‍ തുള്ളികള്‍ വീണ്‌ ഒരു സമുദ്രം തന്നെ ഉണ്ടായിക്കാണണം. എന്നിട്ടും കഥ പറയാന്‍ ബാക്കി വെച്ചല്ലോ നജീബിനെ. അകത്ത് അറേബ്യന്‍ സംഗീതം കൊഴുക്കുന്നു . പാദരക്ഷ അഴിച്ചു വെച്ച് ഞാനല്പം മുന്നോട്ട് നടന്നു. ഇളം ചൂടുള്ള മണ്ണില്‍ കാലുകള്‍ തൊടുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇരച്ചു കയറുന്നു ശരീരത്തിലേക്ക്. മുന്നോട്ട് നടന്ന ഞാന്‍ ഭയത്തോടെ പിറകിലേക്ക് തന്നെ നീങ്ങി. ഇരുട്ടിന്റെ മറവില്‍ നിന്നും മരുകൊള്ളക്കാര്‍ എന്നെയും നോക്കുന്നുണ്ടോ..? എനിക്കങ്ങിനെ തോന്നിപ്പോയി.



ഒട്ടകപുറത്ത് വരിവരിയായി നീങ്ങുന്ന കാഫില കൂട്ടങ്ങള്‍ ഇപ്പോള്‍ കഥകളിലെ ഉള്ളൂ. പക്ഷെ ആ കഥകള്‍ കേട്ട് ചിരിച്ചും പേടിച്ചും ഉറങ്ങിയ എത്ര രാവുകളുണ്ട് കുട്ടിക്കാലത്ത്. ഇനിയും കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു ഈ വിസ്മയത്തെ. . ആഴത്തില്‍ ഇറങ്ങിച്ചെന്ന് അനുഭവിച്ചറിയണം. കേട്ടതും കേള്‍ക്കാത്തതുമായ കുറെ കഥകള്‍ ഒളിച്ചിരിപ്പുണ്ട് ഇനിയുമിവിടെ. പ്രവാചകന്റെ കാലത്തെ എത്രയെത്ര കഥകളുണ്ട് . ഉസ്താദ്‌ പറഞ്ഞു തരുമ്പോള്‍ കണ്ണിമ പൂട്ടാതെ കേട്ട ചരിത്ര കഥകള്‍ക്ക് സാക്ഷ്യം വഹിച്ചതും ഇതേ മരുഭൂമിയല്ലേ. ബദര്‍ യുദ്ധവും ഉഹ്ദ് യുദ്ധവും തുടങ്ങി ഇസ്ലാമിക ചരിത്രത്തിലെ എത്ര ത്രസിപ്പിക്കുന്ന അധ്യായങ്ങളാണ് ഇവിടെ ഉറങ്ങുന്നത്. ഉഹ്ദ് യുദ്ധം നടന്ന ഭൂമിയില്‍ ഒരിക്കല്‍ പോയപ്പോള്‍ വികാരങ്ങളുടെ വേലിയേറ്റം
അനുഭവിച്ചറിഞ്ഞതാണ്. സഹന സമരങ്ങളുടെ ആ കഥകളും ഇതിനോട് കൂട്ടിച്ചേര്‍ത്ത് ഒന്നൂടെ അനുഭവിച്ചറിയണം എനിക്ക്. നജീബിന്റെ നൊമ്പരങ്ങള്‍ ഏറ്റുവാങ്ങിയ മണ്ണില്‍ എനിക്കും പൊഴിക്കണം ഒരിറ്റ് കണ്ണുനീര്‍. അവനെ ജീവിതത്തിലേക്ക് തിരിച്ചു കയറ്റിയതിന് ദൈവത്തോട് നന്ദിയും പറയണം ആ മണ്ണില്‍ നിന്ന്. പുറംലോകം അറിയാതെ ഇനിയും വേദന അനുഭവിക്കുന്ന എത്രയെത്ര നജീബുമാര്‍ കാണുമായിരിക്കും മരുഭൂമിയില്‍. ഒരുപാട് വിജയകഥകളുടെ ചരിത്രങ്ങള്‍ പറയുന്ന മണ്ണേ....തിരിച്ചു നല്‍കണേ അവരെയും ജീവിതത്തിലേക്ക്.
നിരയൊത്ത് കാഫിലക്കൂട്ടങ്ങള്‍ പോകുന്നത് ഒരു മാപ്പിളപ്പാട്ടിന്റെ ഈരടികള്‍ കേട്ട് കാണണം എനിക്ക്. ഒരിക്കല്‍ കൂടേ ഉമര്‍ മുഖ്താറിന്റെ യുദ്ധമുന്നണിയെ മനക്കണ്ണ് കൊണ്ട് കാണുമ്പോള്‍ വീണ്ടും ആവേശം നിറയും മനസ്സില്‍. പിന്നെ ഞാനിതുവരെ കാണാത്ത മരുപ്പച്ച എന്ന മരുഭൂമിയിലെ സ്വര്‍ഗത്തില്‍ ഇരുന്ന്‌ ആ കഥ പറയുന്ന കാറ്റും കൊള്ളണം.

അകത്ത് ടെന്റില്‍ സംഗീതം നിലച്ചിട്ടുണ്ട്. ഇനി അറേബ്യന്‍ പാചക വൈവിധ്യത്തിന്റെ രുചി ഭേദങ്ങള്‍ അറിയാം. പക്ഷെ അതിനേക്കാള്‍ രുചിയുള്ള ഓര്‍മ്മക്കൂട്ടുകള്‍ ചേര്‍ത്ത വിഭവങ്ങളല്ലേ മരുഭൂമി തന്നത്. ഭാവനകളെ മരുഭൂമിയില്‍ മേയാന്‍ വിട്ട്‌ ഞങ്ങള്‍ ഇറങ്ങി. കൂടെ നൂറ്റാണ്ടുകളുടെ കഥ പറയുന്ന മരുക്കാറ്റും.

(ചിത്രങ്ങള്‍ - ഗൂഗിള്‍)

Monday, October 10, 2011

നിലച്ചുപ്പോയ ഗസല്‍ നാദം



പതിഞ്ഞ താളത്തില്‍ ഹൃദയത്തെ ലോലമാക്കുന്ന ആ മാസ്മരിക ശബ്ദം നിലച്ചെന്ന് പറയാന്‍ പറ്റില്ല എനിക്ക്. കാരണം വിരസമായ ഇടവേളകളെ സമ്പന്നമാക്കുന്ന ഒരായിരം ഗസലുകളുടെ ഈരടികള്‍ കാതില്‍ എപ്പോഴും മുഴങ്ങിക്കൊണ്ടേയിരിക്കും. അതാണ്‌ ജഗ്ജിത് സിംഗ് എന്ന പ്രിയപ്പെട്ട ഗായകന്‍ ബാക്കിയാക്കി പോയത്. ഓരോ പാട്ട് കേള്‍ക്കുമ്പോഴും ഹൃദയത്തില്‍ നിന്ന് ഇറങ്ങി വരുന്ന സ്വരങ്ങള്‍ എന്ന് തോന്നി
തുടങ്ങിയടത്താണ് എന്‍റെ ഇഷ്ടങ്ങളില്‍ ജഗ്ജിത് സിങ്ങും വന്നു ചേര്‍ന്നത്‌. അവസാനം ഗസല്‍ എന്ന് കേള്‍ക്കുമ്പോള്‍ അത് ഈ പേരില്‍ മാത്രം ഒതുങ്ങി പോവുന്നോ എന്ന് പോലും സംശയിച്ച സ്വര മാധുര്യം . സമീപകാല ഗായകരില്‍ പലരും ദിശ മാറി സഞ്ചരിച്ചപ്പോഴും , പരമ്പരാകത ഗസലിന്റെ വഴികളില്‍ നിന്നും ഒട്ടും മാറി നടക്കാതെ, അദ്ദേഹം നടത്തിയ സംഗീത യാത്രകള്‍ എന്നും നല്ലൊരു ആസ്വാദനമാണ്.
"ഗസല്‍ പൂക്കള്‍" എന്ന പോസ്റ്റ്‌ എഴുതാനുള്ള പ്രചോദനം തന്നെ ഈ സ്വരലയത്തില്‍ മറന്നിരുന്ന ഒരു സായാഹ്നം എന്ന് എന്ന് പറയുന്നതില്‍ സന്തോഷമുണ്ട് . കൂടെ ഒരാഴ്ച പോലും കഴിയാത്ത ആ പോസ്റ്റിനു പിന്നില്‍ ആ പ്രിയ ഗായകന് ഒരു അനുശോചന കുറിപ്പും എഴുതേണ്ടി വരും എന്നും ചേര്‍ത്ത് വെച്ചത് ഏത് വിധിയാണ്.

ഇന്നലെ മനോഹരമായ ആ സായാഹ്നത്തോട്‌ ചേര്‍ന്ന് ഞാന്‍ കേട്ട ഈ ഗാനമുണ്ടല്ലോ
"തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ "

ഇപ്പോഴിത് വീണ്ടും കേള്‍ക്കുമ്പോള്‍ ഇതിന്‌ മറ്റൊരു ഭാവമാണ്. ഒരു വേര്‍പാടിന്റെ വേദന അറിയുന്നു ഈ വരികളില്‍. വിധി തിരിച്ചെടുത്തത് ജഗ്ജിത് സിംഗ് എന്ന വ്യക്തിയെ മാത്രമാണ്. ലക്ഷങ്ങളുടെ മനസ്സില്‍ കുളിരായി പെയ്ത , പെയ്യുന്ന ആ മാന്ത്രിക ശബ്ദം ഇവിടെ തന്നെയുണ്ട്‌. ഒരു മൂളിപ്പാട്ടായോ , സംഗീത മഴയായോ അത് പെയ്തു കൊണ്ടേയിരിക്കും.
അന്ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഒരുക്കിയ സ്റ്റേജില്‍ ചമ്രം പടിഞ്ഞിരുന്ന് , ഞങ്ങളുടെ ഹൃദയത്തിലേക്ക് ഹൃദയരാഗത്തിന്റെ മാന്ത്രിക ശബ്ദവീചികള്‍ തൊടുത്തു വിട്ട പ്രിയ ഗായകാ...
യാത്രകളിലും നേരമ്പോക്കുകളിലും എന്നും ഹരമായി കൂടെയുണ്ടായിരുന്ന നാദവിസ്മയതിന്റെ ചക്രവര്‍ത്തീ...
ഞങ്ങളുടെ മനസ്സില്‍ ഗസല്‍ എന്ന സംഗീത രൂപത്തോട് ചേര്‍ത്ത് വെച്ച ആദ്യത്തെ പേര് അങ്ങയുടെത് തന്നെയാണ് . പാടുമ്പോള്‍ നിറയുന്ന ഭാവവും താളവും ഞങ്ങളോടൊപ്പം എന്നുമുണ്ടാവും. അത് ഉള്ളില്‍ നിറയുന്നിടത്തോളം കാലം ജഗജിത് സിംഗ് എന്ന ഗായകനും മരണമില്ല.

Wednesday, September 21, 2011

എന്‍റെ നാട് . ഞങ്ങളുടെ സ്വപ്നം.



മണലാരണ്യത്തിലെ ചൂടില്‍ വെന്തുരുകുമ്പോഴും ഓരോ പ്രവാസിയും ചെവിയോര്‍ക്കും സ്വന്തം നാടിന്റെ സ്പന്ദനങ്ങളിലേക്ക്. സന്തോഷമുള്ള ഒരു വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആഹ്ലാദിക്കുകയും ദുഖങ്ങളില്‍ അതേ പോലെ വിഷമിക്കുകയും ചെയ്യുന്ന പ്രവാസ മനസ്സിന്റെ നൊമ്പരങ്ങള്‍ പലരും കാണാതെ പോവാറുണ്ട്.

എന്‍റെ ഗൃഹാതുര സ്മരണകളില്‍ എന്നും നിറങ്ങള്‍ ചാര്‍ത്താറുള്ള ചെറുവാടിയുടെ പകിട്ടിനെ കുറിച്ച് എനിക്കെങ്ങിനെ പറയാതിരിക്കാനാവും. പക്ഷെ ദീര്‍ഘമായ പ്രവാസം ഒരു പരിധിവരെ എന്‍റെ നാടിനെ എന്നില്‍ നിന്നും അകറ്റിയിട്ടില്ലേ..?
അവധിക്ക് നാട്ടിലെത്തുമ്പോള്‍ ഈ ശൂന്യത എനിക്ക് അനുഭവപ്പെടാറുണ്ട് എന്നത് സത്യം. ഈ മണല്‍തരികള്‍ക്ക്‌ എന്നെ പരിചയമുണ്ടായിരിക്കും, ചാലിയാറിലേയും ഇരുവഴിഞ്ഞിയിലേയും ഓളങ്ങള്‍ക്ക് എന്നോട് മുഖം തിരിക്കാനുമാവില്ല . കാരണം ഈ മണ്ണില്‍ വീണുരുണ്ടും ഈ ഓളപരപ്പില്‍ നീന്തിതുടിച്ചും വളര്‍ന്നു വലുതായ സമ്പന്നമായ ഒരു ബാല്യമുണ്ടല്ലോ എനിക്ക്. മനസ്സിനെ കുളിര്‍പ്പിച്ച് , കവിളില്‍ ചുംബനം നല്‍കി വീശിയകലുന്ന കാറ്റും എനിക്ക് നല്‍കുന്നത് അതേ ബാല്യത്തിന്റെ ഓര്‍മ്മകളാണ്. അതുകൊണ്ട് തന്നെ ഞാന്‍ കാതോര്‍ക്കുന്നത് പുഴകളും മലകളും അതിരിടുന്ന എന്‍റെ പ്രിയപ്പെട്ട ഗ്രാമത്തിന്റെ ഹൃദയ തുടിപ്പുകളിലേക്കാണ് .

ചരിത്രത്തിന് എന്നും വിലപ്പെട്ട സംഭാനകള്‍ നല്‍കിയ മണ്ണാണ് ചെറുവാടി. ഖിലാഫത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍, ധീരമായ സമര വഴികളുടെ ആവേശം നിറക്കുന്ന കഥകള്‍, ഒരു സമര്‍പ്പണത്തിന്റെ ഭാഗമായി ധീര മരണം വരിച്ച രക്തസാക്ഷികള്‍ ഉറങ്ങുന്ന മണ്ണ്. ചരിത്ര പുസ്തകങ്ങളില്‍ പരതിയാല്‍ ഇനിയും കാണും ഈ നാടിന്റെ പേരിനൊപ്പം എഴുതിച്ചേര്‍ക്കപ്പെട്ട നിരവധി സംഭവങ്ങള്‍.

എടുത്ത് പറയേണ്ട ഒന്നാണ് ഞങ്ങളുടെ മത സൌഹാര്‍ദം. വിവിധ മതങ്ങള്‍ , വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഇവര്‍ പരസ്പരം പോര് വിളിച്ചേക്കാം . പക്ഷെ നടുക്കലെ പാലത്തിലിരുന്ന് വെടി പറഞ്ഞ്, താഴെ പാടത്ത് പന്ത് കളിച്ച് , വൈകുന്നേരം ചാലിയാറില്‍ ഒന്ന് മുങ്ങി നിവരുമ്പോള്‍ തീരുന്ന വിദ്വാശങ്ങളെ ഞങ്ങള്‍ക്കുള്ളൂ. പരസ്പരം സ്നേഹിക്കാനും സഹായിക്കാനും ഇഷ്ടപ്പെടുന്ന മനസ്സ്. ഈ നാടിന്റെ നന്മയും അത് തന്നെ. നഷ്ടമാവാതെ പോവട്ടെ ഈ സാഹോദര്യം .

വീണ്ടുമൊരു ചരിത്രം രചിക്കാനുള്ള കേളികൊട്ട് തുടങ്ങി കഴിഞ്ഞു ഇവിടെ. നാളെ ഈ ഗ്രാമം അറിയപ്പെടുന്നത് മറ്റൊരു പേരിലാവും. "സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം " എന്ന പേരില്‍. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കുന്നവര്‍ ഉണ്ടായേക്കാം. ഇതെങ്ങിനെ സാധ്യമാകും എന്ന പുച്ഛത്തില്‍ പൊതിഞ്ഞ ചോദ്യവും വന്നേക്കാം. പക്ഷെ എനിക്കുറപ്പുണ്ട് ആ വിസ്മയിപ്പിക്കുന്ന ലക്ഷ്യത്തിലേക്കുള്ള ദൂരം അകലെയല്ല എന്ന്. കാരണം ഈ ഗ്രാമത്തിന്റെ നന്മയിലേക്ക് പ്രകാശം ചൊരിയുന്നൊരു വിളക്ക് മരം ഉണ്ട് . നിസ്വാര്‍ഥമായ പ്രവര്‍ത്തനങ്ങളുമായി ചെറുവാടിയുടെ സാമൂഹ്യ സാംസ്കാരിക വേദികളില്‍ ശ്രദ്ധേയമായ സ്വാധീനമാകുന്ന "മാറ്റം ചെറുവാടി " എന്ന കൂട്ടായ്മ.

ചെറുവാടി എന്ന പ്രിയപ്പെട്ട ഗ്രാമത്തിന്റെ കുതിപ്പില്‍ സന്തോഷിക്കുകയും കിതപ്പില്‍ വേദനിക്കുകയും ചെയ്യുന്ന എന്നെ പോലുള്ളവര്‍ക്ക് , ഈ പ്രവാസ ലോകത്ത് നിന്നും നേരാന്‍ പ്രാര്‍ത്ഥനകള്‍ മാത്രമേയുള്ളൂ. പരിപാവനമായ ഈ ലക്ഷ്യത്തിലേക്കുള്ള
യാത്ര എളുപ്പമാവില്ല. വഴിയില്‍ കല്ലുകളും മുള്ളുകളും ഉണ്ടായേക്കാം. പക്ഷെ കാത്തിരിക്കുന്നത് ചരിത്രമാണ്. നാടിനെ ഓര്‍ത്തു നമ്മുടെ അഭിമാനം ഹിമാലയത്തെക്കാളും ഉയരത്തില്‍ പൊങ്ങുന്ന ഒരു നാളെ. അന്നത്തെ സൂര്യോദയത്തിന് കൂടുതല്‍ പ്രകാശമുണ്ടാവും. വിരിയുന്ന പൂക്കള്‍ക്ക് കൂടുതല്‍ സുഗന്ധമുണ്ടാവും , വീശുന്ന കാറ്റിന് കുളിര്‍മ കൂടും. ഇരുവഴിഞ്ഞിയിലൂടെയും ചാലിയാറിലൂടെയും ഒഴുകുന്ന വെള്ളത്തിന്‌ തെളിമ കൂടും.

ആ സന്തോഷത്തിന്‍റെ ആഘോഷം കാത്തിരിപ്പാണ് ഞങ്ങളെല്ലാം . ചെറുവാടി എന്ന ഞങ്ങളുടെ സ്വന്തം ഗ്രാമം , സമ്പൂര്‍ണ്ണ ലഹരി വിമുക്ത ഗ്രാമം എന്ന പേരില്‍ ലോകത്തിന് മാതൃകയാവുന്ന ആ ദിവസവും കാത്ത്. ചരിത്രത്തിന്റെ സ്വര്‍ണ ലിപികളില്‍ ചെറുവാടി എന്ന പേര് എഴുതി ചേര്‍ക്കുമ്പോള്‍ അത് അഭിമാനത്തിന്റെ നിമിഷമാവും. നാടിനും ഇതിന്‍റെ പിന്നില്‍ സമര്‍പ്പണ മനസ്സോടെ സംഘടിച്ച "മാറ്റം ചെറുവാടി" എന്ന പ്രസ്ഥാനത്തിനും.

നാട്ടിലെ ആരവങ്ങള്‍ക്ക് കാതോര്‍ക്കുന്ന പ്രവാസ മനസ്സിന്റെ പ്രാര്‍ത്ഥന ഇതിനോടൊപ്പം വെക്കുന്നു. ആശംസകള്‍ .