Sunday, May 11, 2014

ഒരിക്കൽകൂടെ പോകണം ഈ വഴികളിലൂടെ



ഒരവധിക്കാലം വരാൻ ഇനിയും സമയമുണ്ട്. ഇപ്പോൾ യാത്രകൾ പഴയ ചിത്രങ്ങളിലൂടെയാണ് ഇരിക്കുന്ന സീറ്റിനും മോണിറ്ററിനും ഇടക്കൊരു പാലം വന്നുചേർന്നു . ഓർമ്മ യാത്രകൾ . ഈ വഴിയിലെ മഞ്ഞു വന്ന് ശരീരമാകെ പുതക്കുന്നു . കുന്നിറങ്ങി വരുന്ന മഞ്ഞിന്‍റെ കുളിര് തണുപ്പിക്കുന്നത് മനസ്സിനെയാണ്‌ . നിസ്സഹായാതയുടെ അങ്ങേയറ്റം ആണെങ്കിലും ഇതെനിക്ക് സന്തോഷം നൽകുന്നുണ്ട് . നടന്നു തീർത്ത വഴികളിലൂടെ വീണ്ടും വീണ്ടും ഓർമ്മകളിലൂടെ ഞാൻ നടന്ന് തീർക്കും . വഴിയമ്പലങ്ങളിൽ കിടന്നുറങ്ങും . പൊതിച്ചോറ് വാങ്ങി കഴിക്കും . പാറക്കെട്ടുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന ഉറവ് വെള്ളം ആർത്തിയോടെ കുടിക്കും . ഇടക്കെപ്പോഴോ കാട്ടിലോ മലയിലോ പെയ്യുന്ന മഴയെ ഏറ്റുവാങ്ങും . കോടമഞ്ഞിനിടയിൽ ഒളിച്ചു കളിക്കുന്ന സൂര്യനും ചന്ദ്രനും നിലാവും നക്ഷത്രങ്ങളും എന്‍റെ കൂട്ടുകാരാവും . വഴിയമ്പലങ്ങളിൽ ഇരുളിൽ നിന്നും കേൾക്കുന്ന ഈണമില്ലാത്ത നാടോടി ഗാനങ്ങളിലെ വിരഹവും സന്തോഷവും സന്താപവും ഏറ്റുവാങ്ങും . തട്ടുകടകളിലെ മണ്ണെണ്ണ അടുപ്പിന്‍റെ ചൂടിനോട്‌ ചേർന്ന് നിൽക്കും . ഉണക്ക ചുള്ളികൾ പെറുക്കി കൂട്ടി തീ കായുമ്പോൾ ലോകം അവിടെ മാത്രമായി ഒതുങ്ങും . പേരറിയാത്ത പൂക്കളോടും ചെടികളോടും സംസാരിക്കും . ലക്ഷ്യമില്ലാതെ നീണ്ടുപോകുന്ന വനപാതകളും നാട്ടു വഴികളും . ഈറ്റക്കാടുകൾ വകഞ്ഞുമാറ്റി ആനച്ചൂര് മണക്കുന്ന കാട്ടുവഴികളിലൂടെ . ഒരു മലയണ്ണാൻ ഓടിയൊളിച്ചു . ദൂരെ ഒരു ഒറ്റയാന്‍റെ ചിന്നംവിളി . കാട്ടുപക്ഷികളുടെ കലപില . കുരങ്ങന്മാരുടെ ഊഞ്ഞാലാട്ടം . പകച്ചുനോക്കുന്ന മാനുകൾ . കാലുകൾ ഇടറുന്നില്ല . ശുദ്ധമായ കാറ്റ് ആവോളം ഊർജ്ജം കാലുകൾക്ക് നൽകുന്നുണ്ടല്ലോ . യാത്രകൾ അങ്ങിനെയാണ് . വന്യമായ ഒരാവേശം മുന്നോട്ട് നയിക്കും . അദൃശ്യമായ ഒരു ശക്തി എപ്പോഴും കൂട്ടിനുണ്ടാവും . ഏതാനും പഴയ യാത്രാ ചിത്രങ്ങൾ നൽകിയ വികാരമാണ് ഈ എഴുതിയത് .
                                                         -x-

എനിക്ക് തോന്നുന്നത് ഏറ്റവും റൊമാൻറ്റിക് ആയ സ്ഥലം തേയില തോട്ടങ്ങൾ ആണെന്നാണ്‌ . പുലർക്കാലത്തും വൈകുന്നേരവും തേയില ചെടികൾക്കിടയിലൂടെ നടക്കാൻ എന്ത് രസമാണ് . തൂമ്പിലെല്ലാം മഞ്ഞു തുള്ളികൾ ഏറ്റുവാങ്ങി കുളിച്ച് ഈറനുടുത്ത് നിൽക്കുന്ന തേയിലച്ചെടികൾ .ഹൈറേഞ്ചുകളിൽ കുറച്ചൂടെ വൈകിയെത്തുന്ന സൂര്യനെ കണ്ടാൽ തിളക്കം കൂടും അവക്കെല്ലാം . വൈകുന്നേരം കൂടുതൽ രസകരമാണ് . തോട്ടങ്ങൾക്കുള്ളിലൂടെ കാട്ടുമുയലുകൾ വട്ടം ചാടുന്ന നടപ്പാതകൾ . തേയില നുള്ളുന്നവർ . കൂടകളിൽ നിറയുന്നത് ഇലകൾ മാത്രമല്ല അവരുടെ സ്വപ്‌നങ്ങൾ കൂടിയാണ് . നടക്കാതെ പോകുന്ന ആ സ്വപ്നങ്ങളാണ് നമ്മുടെ ചായക്കോപ്പയിലെ ചൂട് . എന്‍റെ മനസ്സിനും താളത്തിനും കൂടുതൽ ചേരുക ചെമ്പ്ര കുന്നിന്‍റെ താഴ്വാരമാണ് . കൂടുതൽ സ്വപ്നം വിളയിക്കുന്നതും അവിടെ തന്നെ . മകരമഞ്ഞിന്‍റെ തണുപ്പിൽ സ്വപ്നങ്ങളുടെ കമ്പിളിയും പുതച്ച് ആ താഴ്വാരങ്ങളിൽ രാപാർത്തത് എത്ര തവണയാണ് . നിറയെ കായ്ച്ചു നിൽക്കുന്ന നെല്ലിമരങ്ങൾ കാണാം ഇടക്ക് . സ്വപ്നങ്ങളും ചേർത്ത് ചവക്കുന്നത് കൊണ്ടാവാം അവക്കൊരിക്കലും കയ്പ്പ് തോന്നാറില്ല . 

ഇന്നലെ മച്ചാൻ വിളിച്ചു . വയനാട്ടിലെ ഞങ്ങളുടെ എല്ലാം മച്ചനാണ് . ഈ അവധിക്ക് വരുന്നില്ലേ എന്ന അന്വോഷണം . തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള കൈവഴിലൂടെ ഇറങ്ങിച്ചെന്നാൽ ഡാലിയയും ജമന്തിപ്പൂക്കളും നിറഞ്ഞ ഒരു കൊച്ചു കുടിലിന്‍റെ മുറ്റത്ത്‌ എത്തും . പാടി എന്ന് വിളിക്കുന്ന അവരുടെ കുടിൽ . ഓരോ അവധിക്കാലത്തും ഞങ്ങളെ കാത്തിരിക്കുന്ന മച്ചാനും സഫിയാത്തയും പിന്നെ വയനാടൻ പ്രകൃതി പോലെ നിറഞ്ഞു നിൽക്കുന്ന അവരുടെ സ്നേഹവും .
അവരുടെ പാടിയുടെ താഴെ കൂടി ഒഴുകുന്ന കാട്ടരുവി ഇപ്പോഴും നിറഞ്ഞൊഴുകുന്നുണ്ടാവും . നെല്ലിക്കയും മാതളവും കൊഴിഞ്ഞു പോകാതെ അവിടെ തന്നെ ഇരിക്കണേ . ഇനിയും വിരിയാൻ ബാക്കി നിൽക്കുന്ന ഡാലിയയും . വേലിക്കരികിൽ നിന്നും കുശലം പറയുന്ന ലെന്റാനയോട് വൈകിയതിന് പറയാൻ ഒരു കാരണം കണ്ടെത്തണം . വീണ്ടും സ്വപ്നങ്ങളുടെ കമ്പിളി പുതക്കട്ടെ . 

Monday, February 17, 2014

പരൽമീൻ നീന്തുന്ന പാടം

     വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടുംഇന്നും വടക്കന്‍ കേരളത്തിലെ ഏതെങ്കിലും ഒരുപഴയ ഗ്രാമത്തില്‍ ബസ്സിറങ്ങേണ്ടി വന്നാല്‍ കണ്ണുകള്‍ അറിയാതെ പ്രഭു ഡോക്ടറുടെ സഞ്ജീവ് ക്ലിനിക്ക് പരതുംമിഴിയും മനവും അതിലെ ഓരോ കഥാപാത്രങ്ങളെയും അവരുടെ ലോകത്തെയും തേടിയെന്നിരിക്കുംഅത്രയധികം ആഹ്ലാദം നല്കിയ ഒന്നായിരുന്നു  നോവല്‍.   വായന അവസാനിച്ചിടത്ത്നിന്ന് തുടങ്ങണം പരൽ മീൻ നീന്തുന്ന പാടം എന്ന കൃതിയുടെ വായന . സ്വന്തം ഗ്രാമവും ജീവിതവും എത്രത്തോളം എഴുത്തുകാരനെ സ്വാധീനിക്കുന്നു എന്ന് രണ്ട് കൃതികളുടെയും കൂട്ടിവായന മനസ്സിലാക്കി തരും .  നോവലിൽ കണ്ട കുറെ കാര്യങ്ങൾ ഇവിടേയും പുനർജ്ജനിക്കുന്ന പോലെ . 

ചെറിയ ചെറിയ ഓർമ്മകളെ മനോഹരമായ ചിത്രങ്ങൾ പോലെ  ഫ്രൈം ചെയ്ത് വെച്ചതാണ് ഓരോ അദ്ധ്യായവുംഎല്ലാ ആത്മകഥകളിലുമെന്നപോലെ സ്വന്തം കഥ തന്നെയാണ് സി വി യും പറയുന്നത്പക്ഷേ  എഴുത്തുകാരന്റെ പൊങ്ങച്ചം പറച്ചിലല്ല . . തന്നിലേക്ക് വന്നു ചേർന്ന ഒരു കാലഘട്ടത്തെ , തന്നോടൊപ്പം വളർന്ന , തനിക്കു ശേഷവും ഒഴുകിയേക്കാവുന്ന ഒരു സംസ്കൃതിയെ നോക്കി അദ്ദേഹം സംസാരിക്കുകയാണ് . കഥകൾ പറയുകയാണ്‌ . സ്വയം കഥാപാത്രമാവുകയാണ് . 

കുട്ടയും തലയിൽ വെച്ച് കൂകിവിളിച്ച് നടന്നു പോകുന്ന മീൻകാരനെ നിങ്ങൾ പലയിടത്തും കണ്ടുകാണും . മീൻ  വിറ്റ് തീർന്നിട്ടും ആയാൾ  കൂകികൊണ്ട് പോകുന്നത് ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ സന്തോഷം കൊണ്ടാണ് . കഥപറയാൻ വേണ്ടി സൃഷ്ടിച്ചെടുത്ത ഒരു കൃതിമ കഥാപാത്രങ്ങളും ഇതിലില്ല . ഒരു വരിയിൽ വന്നുപോകുന്നവർക്ക് പോലും ഉണ്ട് ആത്മാവ് . അവർ നമ്മുടെ കൂട്ടുകാരാവും ഒപ്പം നൊമ്പരവും . കല്യാണം കഴിക്കാൻ കഴിയാതെ മാനസിക നില തെറ്റുന്ന കല്യാണി , ചെവിയിൽ ചെമ്പരത്തിയും ചൂടി എല്ലാരോടും ചോദിക്കുന്ന ചോദ്യം "എന്നെ കല്യാണം കഴിക്കോ " എന്നാണ് . എന്നോടും ചോദിച്ചുഞാനും കേട്ടു  ചോദ്യം . 

അമ്മാവനുമായുള്ള ബന്ധം ഇതിൽ കുറെ പരാമർശിക്കപ്പെട്ട ഒന്നാണ്പഴയകാലത്തെ അമ്മാവന്മാർക്ക്  വില്ലൻ മുഖം സാധാരണമാണ്സാഹിത്യത്തിലും സിനിമയിലുമെല്ലാംഇവിടെയും മറിച്ചല്ല . പക്ഷേ അർബുദം ബാധിച്ച് എല്ലാം കഴിയുന്നു എന്ന അവസ്ഥയിൽ അമ്മാവൻ പറയുന്നു . "നിനക്കായി ഒന്നും ഞാൻ ചെയ്തിട്ടില്ല . നീ എഴുതിയത് എല്ലാം ഞാൻ വായിച്ചിട്ടുണ്ട് . ഉള്ളിലുള്ള ഒരാള് സമ്മതിച്ചു തന്നിട്ട് വേണ്ടേ . എനിക്കഭിമാനമായിരുന്നു നിന്റെ അമ്മാവൻ എന്ന് പറയുന്നത് . ഇനിയും എഴുതണം ഒരുപാട്  " . സി . വി യെ വികാരാധീനാക്കിയ അമ്മാവൻ നമുക്കും പ്രിയപ്പെട്ടവനാവുന്നു . ഇനിയും എഴുതണം എന്ന വാക്ക് ഏറ്റുവാങ്ങുന്നത് മലയാളമാണല്ലോ . 

കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്നവരുടെ ജൽപനങ്ങളാണ് ആത്മകഥ എന്ന അബദ്ധധാരണ എന്നാണാവോ എന്നെ പിടികൂടിയത് . ഇനി ആ ധാരണ ഞാൻ അഴിച്ചു വെക്കുന്നു . കാരണം "പരൽ മീൻ  നീന്തുന്ന പാടം " തുറന്നപ്പോൾ ഞാൻ കണ്ടത് മറ്റൊരു ലോകമാണ് . ഓരോ താളുകൾക്കും ഓരോ ഗന്ധം . ചിലതിന് ഊഷ്മളായ ബന്ധങ്ങളുടെ വേലിയേറ്റവും ഇറക്കവും  . മറ്റു ചിലതിന് പച്ച പുല്ലിന്‍റെ മണമെങ്കിൽ അടുത്ത പേജിന് പുകയിലയുടെ മണമാണ് .  തെയ്യങ്ങൾ ആടുന്ന പേജുകളുണ്ട് . വറുതിയുടെ കാലവും , കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാലവും സ്വാതന്ത്ര്യ സമരവും തുടങ്ങി വൈകാരികതയുടെയും ഗൃഹാതുരത്വത്തിന്‍റെയും  രുചിയും മണവും ഓരോ പുറങ്ങളിലും നമ്മെ വിരുന്നൂട്ടും . വായിച്ചു തീരുന്നത് ഒരു ആത്മകഥയാണ് എന്നാ കാര്യം വീണ്ടും മറന്നു പോകുന്നു . വായിച്ചത് ഒരു കാലഘട്ടത്തിന്‍റെ  കഥയാണ്‌ . എഴുതിയത് സി വി ബാലകൃഷ്ണൻ എന്ന കഥാകാരനാണ് . 

കെ . ഷരീഫിന്‍റെ വരകൾ മനോഹരമാണ് . കൂടെ  ഇതിലൂടെ നമ്മൾ പരിചയപ്പെട്ട ചില സ്ഥലങ്ങളും കഥാപാത്രങ്ങളും മനോഹരമായി പകർത്തിയിട്ടുണ്ട് മധു രാജിന്‍റെ ക്യാമറ . ഈ കാഥാപാത്രങ്ങളെ തേടി , കഥ നടന്ന ഗ്രാമത്തിലൂടെ ഒരു യാത്ര ആഗ്രഹിച്ചു പോകുന്നു . പോസ്റ്റ്മാൻ കൃഷ്ണ പൊതുവാളും ബാർബർ കൃഷ്ണേട്ടനുമെല്ലാം ചിരിച്ചുകൊണ്ട് ആ വഴിയോരത്ത് ഇരിക്കുന്നുണ്ടെങ്കിലോ . 

പരൽ മീൻ നീന്തുന്ന പാടം 
മാതൃഭൂമി ബുക്ക്സ്


ഈ രാത്രിയിലെ കൂട്ടുകാര്‍



കടലിനെ നോക്കി ഗിറ്റാറില്‍ കേട്ട് മറന്ന ഒരു സംഗീതത്തിന്‍റെ നേര്‍ത്ത ഈണവും മീട്ടിയിരിക്കുന്ന ഒരു വിദേശി. ലൈറ്റ് ഹൗസില്‍ നിന്നും വട്ടം കറങ്ങിയെത്തുന്ന വെള്ളി വെളിച്ചത്തില്‍ കാണുന്നത് ചെറിയൊരു വഞ്ചിയില്‍ മീന്‍ പിടിക്കുന്നൊരു മുക്കുവനെ . അവര്‍ക്ക് കൂട്ടായി നിലാവും പൊഴിച്ച് കൊണ്ട് ചന്ദ്രനും. ഈ രാത്രിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകള്‍ ആണിത്. നിദ്രയുടെ ആലസ്യത്തിലേക്ക് തീരത്തെ കുടിലുകളിലെല്ലാം വീണുകഴിഞ്ഞ ഈ രാത്രിയില്‍ അയാള്‍ മാത്രം ഉറക്കമില്ലാതെ ജോലി ചെയ്യുന്നത് എന്തിനാവും..? വെളിച്ചമണയാത്ത ഒരു കുടിലില്‍ കയ്യില്‍ മിഠായി പൊതിയുമായി കയറിവരുന്ന അച്ഛനെ കാത്തിരിക്കുന്ന ഒരു മകന് വേണ്ടിയോ , അതോ കഞ്ഞി വെക്കാനുള്ള സാധനങ്ങളുമായി കയറി വരുന്ന അരയനെ നോക്കി മണ്ണെണ്ണ വിളക്കിന്റെ അരികില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു അരയത്തി പെണ്ണിന്‍റെ കണ്ണിലെ തെളിച്ചം കാണാനോ..? എന്തുമാവാം. പക്ഷെ ഇവരാണ് ഈ രാത്രിയിലെ എന്‍റെ കൂട്ടുക്കാര്‍..

ലൈറ്റ് ഹൗസിലെ വെളിച്ചത്തില്‍ ദൂരെ വരെ ശാന്തമായ കടല് കാണാം. എപ്പോഴും കടലിനെ നോക്കി ചിരിക്കുന്ന ലൈറ്റ് ഹൗസുകള്‍ക്ക് പറയാന്‍ കുറെ കഥകള്‍ കാണുമായിരിക്കും. അതൊരു പ്രത്യാശയുടെ വെളിച്ചമായാണ് തോന്നാറുള്ളത്. തീരം കാണാതെ വിഷമിക്കുന്ന ഒരു കപ്പലിന് വഴിക്കാട്ടിയായി, മുക്കുവര്‍ക്ക് ഞങ്ങള്‍ ദൂരെയല്ല എന്നൊരു ആശ്വാസമായി ഇതില്‍ വെളിച്ചം തെളിഞ്ഞു കൊണ്ടേയിരിക്കും. കോവളത്തെ, കാപ്പാട്ടെ , കോഴിക്കോട്ടെ, തിരൂര്‍ അഴീമുഖത്തെ ലൈറ്റ് ഹൗസുകള്‍ കാണുമ്പോള്‍ ഓര്‍ത്തു പോകാറുണ്ട് ചരിത്രത്തിന്‍റെ, സാഹസികതയുടെ , അതിജീവനത്തിന്‍റെ എത്രയെത്ര കഥകള്‍ക്ക് സാക്ഷിയായിട്ടുണ്ടാവും ഇവരെന്ന് . കടലിനെ നോക്കി കണ്ണു ചിമ്മുകയും തുറക്കുകയും ചെയ്യുന്ന ലൈറ്റ് ഹൗസുകളോട് ആരാധനയാണ് എനിക്ക്.



ഒരു പായക്കപ്പലില്‍ കയറി കടലിന്‍റെ വിദൂരതയിലേക്ക് നാഴികകളും വന്‍കരകളും താണ്ടി ഒരു യാത്ര എന്‍റെ ഭ്രാന്തന്‍ സ്വപ്നങ്ങളില്‍ ഒന്നാണ്. വെറും സ്വപ്നമായി മാത്രം സമാധി ആയേക്കാവുന്ന ഒരു ആഗ്രഹം. ചരിത്രത്തില്‍ ചെലുത്തിയ സ്വാധീനം എന്തുമാകട്ടെ, കൊളംബസിനെയും വാസ്ഗോഡ ഗാമയെയും സഞ്ചാരികള്‍ എന്ന നിലയില്‍ വളരെ ഇഷ്ടപ്പെടുന്നു . അറബികടലിന്‍റെ ഓളപരപ്പിലൂടെ കുഞ്ഞാലി മരക്കാര്‍ നടത്തിയ പോരാട്ടത്തിന്‍റെ കഥകള്‍ ഞാന്‍ ആവേശത്തോടെ കേട്ടിട്ടുണ്ട്. മറ്റൊരു വിസ്മയമായി ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയുടെ ജീവിതമുണ്ട് . എഴുപത്തി അയ്യായിരം മൈലുകള്‍ താണ്ടിയ ചരിത്രത്തിലെ മഹത്തരവും സമാനതകകളില്ലാത്തതുമായ ഇബ്നു ബത്തൂത്തയെന്ന സഞ്ചാരിയെ പറ്റി കൂടുതല്‍ വായിച്ച് അറിയേണ്ടിയിരിക്കുന്നു . കടലിനെ കീഴടക്കി ഇവര്‍ നടത്തിയ യാത്രകള്‍ ഒരാവേശമായത് കൊണ്ടാവാം പായക്കപ്പലുകളുടെ ചിത്രങ്ങളും എന്‍റെ ഇഷ്ടങ്ങളില്‍ നിറയുന്നത്.

പക്ഷെ കടലിലെ ഹീറോ സിന്ദ്ബാദ് എന്ന സാങ്കല്‍പ്പിക സഞ്ചാരിയാണ്. മലര്‍വാടി മാസികയിലൂടെയാണ് സിന്ദ്ബാദിന്‍റെ ലോകത്തിലേക്ക്‌ എത്തിപ്പെടുന്നത്. അതിന്‍റെ താളുകളിലൂടെ പറന്ന് സിന്ദ്ബാദിന്‍റെ പായക്കപ്പലില്‍ കയറി ഞാനും പോയിട്ടുണ്ട് കുറെ ലോകത്തേക്ക്. പവിഴങ്ങളുടെയും രത്നങ്ങളുടെയും താഴ്വരയില്‍, പാമ്പുകളും , ആനറാഞ്ചി പക്ഷികളും നിറഞ്ഞ ലോകത്ത്, രാക്ഷസന്മാരുടെ ഇടയിലെല്ലാം പറന്ന് നടന്നിട്ടുണ്ട്. പക്ഷെ സിന്ദ്ബാദിന്‍റെ കഥ പറയുന്ന കഥചെപ്പുകളിലെ അത്ഭുതമായ ആയിരത്തിയൊന്ന് രാവുകളിലെക്കുള്ള ദൂരം ഇനിയും കൂടുന്നു.



നല്ല നിലാവില്‍ ഇവിടെയിരിക്കാന്‍ നല്ല രസമുണ്ട്. സായിപ്പിന്‍റെ ഗിറ്റാറില്‍ നിന്നും സംഗീതം ഒഴുകികൊണ്ടേയിരിക്കുന്നു. എന്തോ ഒരു ശോക ഗാനത്തിന്‍റെ ഈണമാണോ അതിന്...? പക്ഷെ അതെന്നെ കൊണ്ടെത്തിച്ചത് ടൈറ്റാനിക് എന്ന ചിത്രത്തിന്‍റെ ഓര്‍മ്മകളിലെക്കാണ്. മുങ്ങി താഴുന്ന കപ്പലിന്‍റെ മേല്‍തട്ടിലിരുന്ന് ഗിറ്റാറില്‍ സംഗീതം പൊഴിക്കുന്നവര്‍... വളരെ ഹൃദ്യമായ ഒരു രംഗമായിരുന്നു അത്. തീര്‍ച്ചയായും ഈ കടലും നോക്കിയിരിക്കുമ്പോള്‍ ആ ഓര്‍മ്മകള്‍ വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ . അറ്റ്ലാന്റിക്കിലെ ഓളങ്ങളിലൂടെ ഒഴുകി അതില്‍ തന്നെ അലിഞ്ഞു ചേര്‍ന്ന ടൈറ്റാനിക് എന്ന കപ്പലിന്‍റെ കഥ പറഞ്ഞ ചിത്രം. ഒരു സിനിമ എന്ന് പറഞ്ഞ്‌ മാറ്റിനിര്‍ത്താന്‍ പറ്റില്ലാലോ അത്. എന്നോ മനസ്സില്‍ പതിഞ്ഞുപ്പോയ ഒരു യഥാര്‍ത്ഥ ദുരന്തത്തിന്‍റെ ചലച്ചിത്ര ഭാഷ്യം. കൃത്യമായി പറഞ്ഞാല്‍ ഏഴാം ക്ലാസിലെ ഇംഗ്ലിഷ് പുസ്തകത്തില്‍ നിന്നുമാണ് ആദ്യം അറിയുന്നത്. ആ ദുരന്തത്തിന്‍റെ ഒരു പേപ്പര്‍ കട്ടിങ്ങുമായി മാഷ്‌ എടുത്ത ക്ലാസ് ഞാന്‍ മറന്നിട്ടില്ല. അന്നേ മനസ്സില്‍ പതിഞ്ഞ സംഭവം സിനിമ ആയപ്പോള്‍ കാല്പനികതയുടെ അംശവും ഉണ്ടായിരുന്നു എന്ന് മാത്രം. കടലില്‍ തണുത്തുറഞ്ഞ വെള്ളത്തില്‍ ജാക്കിന്‍റെയും റോസിന്‍റെയും പ്രണയം. മുങ്ങിത്താഴുന്ന ജാക്കിനെ കണ്ട് റോസ് പൊഴിച്ച കണ്ണീരിന്‍റെ ചൂടില്‍ അറ്റ്ലാന്റിക്കിലെ മഞ്ഞ് പോലും ഉരുകിപോയിരിക്കണം. ഈ കാല്‍പനിക പ്രണയം പോലും നമ്മുടെ കണ്ണു നിറയിച്ചില്ലേ .

കടലിനെ കുറിച്ച് പറയുമ്പോള്‍ ചേര്‍ത്ത് വായിക്കേണ്ടതാണ് കപ്പല്‍ പരിച്ഛേദങ്ങളെ പറ്റിയും . അതാണ്‌ ടൈറ്റാനിക്കിലേക്ക് എത്തിച്ചതും. ടൈറ്റാനിക്കിന്റെ സംവിധായകന്‍ ജെയിംസ്‌ കാമറൂണിന്റെ വാക്കുകള്‍ കേള്‍ക്കൂ.
"Every shipwreck tells a story of tragedy and human loss. The loss goes beyond the lives of those who perished in the sinking, beyond even all those ashore, the friends and family whose lives were shattered. Some shipwrecks are so significant, so meaningful at a symbolic level, their loss can stab deep into the psyche of a nation, of an entire society. The sinking of Titanic is one such shipwreck."

ഇതുപോലെ കടലിന്‍റെ അഗാധതയിലേക്ക്‌ ആണ്ടുപ്പോയ എത്ര കഥകള്‍ കാണുമായിരിക്കും. അതോടൊപ്പം മുങ്ങിപ്പോയ ജീവിതങ്ങള്‍, പൊലിഞ്ഞുപ്പോയ സ്വപ്നങ്ങള്‍ . അപ്പോള്‍ ഒരു ചെറിയ ഭീതി മനസ്സില്‍ വരുന്നു എന്നത് സത്യം. പക്ഷെ ഓളപരപ്പിലൂടെയുള്ള ഒരു സാഹസിക യാത്ര എന്ന സ്വപ്നത്തില്‍ നിന്നും പിന്തിരിയാന്‍ ഞാന്‍ തയ്യാറല്ല. കാരണം എന്‍റെ സ്വപ്നങ്ങളില്‍ ഫാന്റസിയുടെ നിറങ്ങള്‍ മാത്രമേയുള്ളൂ. എങ്കിലും ഒരു വേള അത് യാഥാര്‍ത്യമായാലോ എന്ന് ആഗ്രഹിച്ചു പോകാറുണ്ട്.



സായിപ്പിന്‍റെ സംഗീതം ഇപ്പോഴും തുടരുകയാണ്. ഈ രാത്രിയില്‍ ഏത് ദുഃഖത്തെയാണ്‌ ഈ സംഗീത വീചികളിലൂടെ അയാള്‍ അലിയിച്ച് തീര്‍ക്കാന്‍ ശ്രമിക്കുന്നത്...? അതോ ഒരു സന്തോഷത്തിന്‍റെതാവുമോ..? നിശബ്ധമായ കടലിനെ നോക്കി അയാള്‍ പാടുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്. ലൈറ്റ് ഹൗസിലെ വെളിച്ചം വീണ്ടും കറങ്ങി എത്തിയപ്പോള്‍ മുക്കുവന്‍ അവിടെ തന്നെയുണ്ട്‌. എനിക്കയാളില്‍ ഒരു സാന്റിയാഗോയെ കാണാന്‍ പറ്റുന്നു. ഹെമിംഗ് വേയുടെ "കിഴവനും കടലും " എന്‍റെ പ്രിയപ്പെട്ട വായനയില്‍ ഒന്നാണ്. ഈ രാത്രിയില്‍ തന്‍റെ ചൂണ്ടയില്‍ മീന്‍ കുരുങ്ങുന്നതും കാത്തിരിക്കുന്ന അയാളില്‍ വേറെ ആരെ സങ്കല്‍പ്പിക്കാനാവും..? പക്ഷെ സാന്റിയാഗോയെ പോലെ നീണ്ട ദിവസങ്ങളുടെ കാത്തിരിപ്പ്‌ ഇയാള്‍ക്കുണ്ടാവാതെയിരിക്കട്ടെ. കാരണം അണയാത്ത വിളക്കിന് മുന്നില്‍ കാത്തിരിക്കുന്ന ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയോട് ചേര്‍ത്ത് വെച്ചുപ്പോയി ഈ മുഖത്തെ ഞാന്‍ .

നിലാവും തിരകളും സംഗീതവും നിറഞ്ഞ രാത്രി കാഴ്ചയില്‍ നിന്നും മാറിപോകാന്‍ മനസ്സ് ഇത്തിരി മടിക്കുന്നു. ലൈറ്റ് ഹൗസിലെ വെളിച്ചം ദൂരെ കടലിലേക്ക്‌ തിരിഞ്ഞപ്പോള്‍ ഒരു കപ്പലിന്‍റെ ചെറുവെട്ടം കാണുന്നു. അതിലെ സഞ്ചാരികള്‍ക്ക് മുന്നില്‍ തീരം കാണുന്ന പ്രതീക്ഷയുടെ അടയാളമായി ഈ വെളിച്ചം എത്തിക്കാണണം . അതാണല്ലോ നേരത്തെ പറഞ്ഞു വെച്ചത്. പ്രതീക്ഷകളിലേക്ക് കണ്ണ് തുറക്കുകയാണ് ഓരോ ലൈറ്റ് ഹൗസുകളും എന്ന്.

(ചിത്രങ്ങള്‍ - ഗൂഗിള്‍ )

Tuesday, January 14, 2014

ചുരം കയറുന്ന സ്വപ്‌നങ്ങൾ



കുട്ടിക്കാലത്ത് കേട്ട ഒരു കഥ . 
രാത്രി വളരെ വൈകി നാടുകാണി ചുരം ഇറങ്ങി വരുന്ന ഒരു വാഹനത്തിന് ഒരു അപരിചിതൻ കൈ കാണിക്കുന്നു . 
സ്വാഭാവികമായും പേടിച്ച യാത്രക്കാർ നിർത്താതെ പോയത് ഒരു കാട്ടാനയുടെ  മുന്നിലേക്ക്‌ . 
സത്യത്തിൽ വഴിയിൽ  ആനയുണ്ട് എന്ന് പറയാനായിരുന്നത്രേ അയാൾ കൈ കാണിച്ചത് . ആരാണ് അയാൾ  , എവിടന്നു വന്നു എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല . കാട്ടാന എന്നൊക്കെ കേട്ടാൽ വിരളുന്ന ഒരു പ്രായത്തിൽ ഒരൽപം ആവേശമുള്ള ഒരു ഫെയറി ടെയിൽ പോലെ ഈ കഥ മനസ്സിലുറച്ചു . കാലം മുന്നോട്ട് നീങ്ങി . പണ്ട് ആ കഥ വീണ്ടും വീണ്ടും ഓർത്ത് അത്ഭുതപ്പെട്ട ഞാൻ , നാടുകാണി ചുരം പലവട്ടം കയറിയിറങ്ങി . അപ്പോഴൊക്കെ കൗതുകം നിറഞ്ഞ കണ്ണുകൾ തേടാറുണ്ട് ഒരു ഒറ്റയാനെ . അതേ പേടിയോടെ സങ്കൽപ്പിക്കാറുണ്ട്‌ അത് മുന്നിൽ വന്ന് ചാടുന്നത്  . ഇരുട്ടിന്‍റെ മറവിൽ നിന്നും ഒരത്ഭുത മനുഷ്യൻ വന്ന് , "മുന്നോട്ട് പോകല്ലേ അവിടെ ആനയുണ്ട്" എന്ന് പറയുന്നത് . പക്ഷേ ഒന്നും സംഭവിച്ചില്ല . പകലിലെ കയറ്റവും രാവിലെ ഇറക്കവും മാത്രം അന്നും ഇന്നും തുടരുന്നു . അതേ ആവേശവും ബാക്കിയാവുന്നു . 

രണ്ട് ചുരങ്ങൾ എന്നെ വല്ലാതെ മോഹിപ്പിക്കാറുണ്ട് . നാടുകാണിയും വയനാടും . അതിന്‍റെ വളവുകളിലൂടെ എന്‍റെ  സ്വപ്‌നങ്ങൾ  പലവട്ടം കയറി ഇറങ്ങിയിട്ടുണ്ട് . നേരത്തെ പറഞ്ഞ കഥ ഇന്നും എന്നെ വിസ്മയിപ്പിക്കുന്നതു കൊണ്ടാവാം , നാടുകാണിയോട്‌ ഒരൽപം ഇഷ്ടക്കൂടുതൽ . നാടുകാണിയുടെ ചരിത്രം തേടി ഒരു നെറ്റ് ടൂർ നടത്തിയപ്പോൾ കിട്ടിയ വാർത്ത കൂടെ ചേർക്കട്ടെ . വില്ല്യം കാംബെൽ എന്ന ബ്രിട്ടീഷുകാരനാണ് നാടുകാണി ചുരത്തിന്‍റെ  പിതാവ് എന്നറിയപ്പെടുന്നത് . ഒരു പണിന്‍റെ സഹായത്തോടെ ചുരം കയറുകയും ഇതേതാണ് നാട് എന്ന് ചോദിച്ചപ്പോൾ നാട് കാണില്ല എന്ന് പറയുകയും ചെയ്തു . ആ ദേഷ്യത്തിൽ സായിപ്പ് അയാളെ വെടിവെച്ച് കൊല്ലുകയും പിന്നെ കുറ്റബോധത്തിൽ സ്വയം വെടിവെച്ച് മരിക്കുകയും ചെയ്തു എന്നാണ് കഥ . ഇതെത്രതൊളം  വിശ്വാസയോഗ്യമാണ് എന്നറിയില്ല . ഒരു പക്ഷേ ആ പണിയന്‍റെ ആത്മാവ് ആയിരിക്കുമോ അന്നാ യാത്രക്കാരുടെ മുന്നിൽ ആനയുണ്ടെന്ന് പറയാൻ കൈ കാണിച്ചത് ..? കഥക്ക് അതിഭാവുകത്വം നൽകാൻ അങ്ങിനെ കൂട്ടി ചേർക്കാം അല്ലേ ..? 

വയനാട് ചുരത്തിനും ഉണ്ട് ഇതുപോലൊരു കഥ . ബ്രിട്ടീഷ്കാര്‍ക്ക് ചുരത്തിന് വഴി കാണിച്ചു കൊടുത്ത ,അതേ കാരണങ്ങള്‍ കൊണ്ട് വധിക്കപ്പെടുകയും ചെയ്ത കരിന്തണ്ടൻ  എന്ന ആദിവാസിയെ പറ്റിയാണ് ആ കഥ . എന്തുകൊണ്ടാവും ചുരങ്ങളെ ചുറ്റിപറ്റി ഇതുപോലുള്ള കഥകൾ പ്രചരിക്കുന്നത്..? എല്ലാം ഒരു മിത്തിന്‍റെ പൊതുസ്വഭാവം ഉള്ളതും . മിത്തുകൾ ഏറെ സ്വാധീനിക്കുന്ന ഒരു സംസ്കാരമാണല്ലോ  നമ്മുടേതും . എന്നാലും നാടുകാണി കഥയേക്കാൾ വിശ്വാസ്യത ഇതിന് തന്നെ . ഒരു വശത്ത് മുകളിലേക്കും മറ്റേ വശം വശം താഴേക്കും കാടുകൾ നിറഞ്ഞ നാടുകാണി യിലേക്ക് തന്നെ തിരിച്ചുവരാം .

നാടുകാണി പലർക്കും ഒരു യാത്രാവഴി മാത്രമാണെങ്കിലും എനിക്കത് ഒരു ലക്ഷ്യം കൂടിയാണ് . ആ ഭംഗി ആസ്വദിക്കാൻ മാത്രമായി അവിടെ പോവാറുണ്ട് ഞങ്ങൾ . വഴിക്കടവിലെ റോഡരുകിൽ ഒരു ഉമ്മ നടത്തുന്ന ചായക്കടയുണ്ട് . നാട് വിട്ടാൽ അടുത്ത സ്റ്റോപ്പ്‌ അതാണ്‌ . മീൻ മുളകിട്ടതും കപ്പയും കഴിക്കാൻ ഭൂമി മലയാളത്തിൽ ആ ഒരു കട കഴിഞ്ഞേ വേറെ ഉള്ളൂ . ഒരു പ്ലേറ്റ് കപ്പ കൂടി പോരട്ടെ എന്ന് പറഞ്ഞാൽ , അടുപ്പിലെ വിറക് കൊള്ളി ഒന്നൂടെ നീക്കി വെച്ച് അതിലേക്ക് വലിച്ചൂതി കണ്ണും തുടച്ച്  ആ ഉമ്മ പറയും , " നിക്ക് പഹയാ ..അനക്ക് മാത്രല്ല വയറ് ഉള്ളത് എന്ന് " . പറഞ്ഞുവന്നത് ചുരത്തിൽ കുറേ നേരം ഇരിക്കാനുള്ള റീച്ചാർജ് സ്റ്റേഷൻ ആണിത് . ഇതും കഴിച്ച് നേരെ ചുരം കയറി മേലെ ഇരിക്കാം .  



താഴെ അകത്തേക്ക് വരൂ എന്ന് പ്രലോഭിപ്പിച്ചുക്കൊണ്ട് കാട് . പലപ്പോഴും തോന്നിയിട്ടുണ്ട് കുത്തനെ ഇറങ്ങി കാടിനുള്ളിൽ മറഞ്ഞാലോ എന്ന് . ഏത് അദൃശ്യ ശക്തിയാവണം ഇങ്ങിനെ വിളിച്ചുക്കൊണ്ടിരിക്കുന്നത് ..? ഏത് രഹസ്യം കൈമാറാനായിരിക്കും  മനസ്സ് കുതറുന്നത്‌ ..? ഏത് താപസന്‍റെ  ഏകാഗ്രതയാവണം ഞാൻ ആഗ്രഹിക്കുന്നത് ..? ഏതെങ്കിലും പർണശാലകളും അതിനകത്തൊരു മുനി കുമാരിയും കാണുമായിരിക്കുമോ അവിടെങ്ങാനും ..? അതോ ഏതോ ഒരു ആദിവാസി ഊരും ഒരു ഉത്സവ കൊടിയേറ്റവും കാണുമായിരിക്കുമോ അതിനകത്ത് ? ഒന്നുറപ്പ് ..ഏതോ അദൃശ്യമായ ഒരു വികാരം കാടിനകത്ത്‌ നിന്നും വിളിക്കുന്നുണ്ട് . കെട്ടു പിണഞ്ഞു നിൽക്കുന്ന മുളകൾക്കിടയിലൂടെ നുഴഞ്ഞു കയറി വരുന്ന കാറ്റ് അത് വീണ്ടും വീണ്ടും പറയുന്നുണ്ട് . 

ഇവിടിരുന്നാൽ സമയം പോകുന്നതറിയില്ല . ചുരമിറങ്ങി വരുന്ന പാണ്ടി ലോറികൾ മറ്റൊരു ആവേശമാണ് . അതിലെ വളയം പിടിക്കുന്ന ആൾക്കാരെ അസൂയയോടെ നോക്കും . ഏതെല്ലാം നാടുകൾ തെണ്ടിയാവണം അവർ വരുന്നത് . വേണമെങ്കിൽ യാത്ര ഗൂഡല്ലൂർ വരെ തുടരാം . പച്ചതേയിലയുടെ മണ മടിക്കുന്ന വഴിയിലൂടെയുള്ള യാത്രകൾ . തോട്ടങ്ങൾ , ഇടമുറിഞ്ഞു വരുന്ന കാടുകൾ . നമ്മളറിയാതെ ഒരു മൂളിപ്പാട്ട് വരും . ചിലപ്പോൾ ഉച്ചത്തിൽ തന്നെയാവും . 

ന്‍റെ സ്വപ്നങ്ങൾ വീണ്ടും ചുരം കയറി . വളവുകൾ തിരിഞ്ഞ് അത് മുന്നോട്ട് പോയി . ചില സ്വപ്നങ്ങൾ ചിന്നിച്ചിതറി കാടിനകത്തേക്ക്‌ പോയി . മറ്റു ചിലത് തേയിലത്തോട്ടങ്ങളിലേക്ക് കയറി . പക്ഷേ ഒരു   സ്വപ്നം മാത്രം വഴി തെറ്റാതെ ചുരത്തിൽ തങ്ങി നിന്നു . ഇരുട്ടിൽ ഒരു കൈ നീണ്ടുവരുന്നു . അത് പറയുന്നു .. "മുന്നോട്ട് പോകരുത് .. അവിടെയൊരു കാട്ടാനയുണ്ട്" .

ചിത്രങ്ങൾ കെ . വി . നൗഷാദ് 

Friday, December 6, 2013

മഴ പെയ്യിച്ച രാഗങ്ങൾ



തണുപ്പിലേക്കുള്ള പ്രയാണത്തിലാണ് അറേബ്യൻ മരുഭൂമി . ഈ കറുത്ത മാനവും മൂടി കെട്ടിയ അന്തരീക്ഷവും മനസ്സിലേക്ക് വലിച്ചടുപ്പിക്കുന്ന വികാരങ്ങൾ എന്തൊക്കെയാണ് ..? മാനം കറുക്കുമ്പോൾ തന്നെ മഴ പെയ്തു തുടങ്ങും മനസ്സിനകത്ത് . ഇന്നലെ പെയ്ത മഴയുടെ ബാക്കിയാണിത് . ഇന്നലെ നാട്ടിലായിരുന്നു . ഇന്ന് ഇവിടെയും. കോഴിക്കോട് എയർ പോർട്ടിൽ നിന്നും വിമാനത്തിന്‍റെ  കോണിപ്പടികൾ കയറുമ്പോൾ ഞാനോന്നുകൂടി തിരിഞ്ഞു നോക്കി . തുലാമഴ തിമിർത്തു പെയ്യുന്നു . മഴയൊരു നൊമ്പരമാവുന്നത് ഇതുപോലുള്ള നിമിഷങ്ങളിലാണ്  . തുള്ളികൾ തലയിലേക്ക് പെയ്തിറങ്ങി . ഞാനത് ആവേശത്തോടെ ഏറ്റുവാങ്ങി  . വിമാനത്തിനകം വരെ. അത് കഴിഞ്ഞ് ഓർമ്മകളിലേക്ക്. 

വിൻഡോ സീറ്റിലൂടെ കണ്ട തുലാമഴയോടൊപ്പം ഇരുള്‍ മൂടിയ അന്തരീക്ഷം,  പെരുമഴ പെയ്യുന്ന സ്കൂൾ ദിവസങ്ങളിൽ ക്ലാസ് റൂമിലെ ജാലകങ്ങളിലൂടെ കണ്ട കാഴ്ച്ചകളെ ഓര്‍മ്മിപ്പിച്ചു. . മഴയിരമ്പം ആസ്വദിച്ചങ്ങിനെ ഇരിക്കുമ്പോൾ നെറ്റിയിൽ പതിക്കുന്ന ചോക്ക് കഷ്ണങ്ങൾ ആ കിനാവുകളെ ഉണർത്തും . നീട്ടി നടന്ന് ഞാൻ ഞങ്ങളുടെ എൽ . പി . സ്കൂളിന്‍റെ കൽപടവുകൾ കയറി . ഞായറാഴ്ച ആയതിനാൽ എല്ലാ ബെഞ്ചുകളും ഒഴിഞ്ഞു കിടക്കുന്നു . ക്ലാസ് മുറിയുടെ വാതിൽ കടക്കുമ്പോൾ ഉള്ളിലൊരു വിറയൽ . ഓർമ്മകളുടെ വേലിയേറ്റമാണത് . ഒന്നാമത്തെ ബെഞ്ചിൽ ഞാൻ തനിച്ചിരുന്നു . പതുക്കെ പതുക്കെ മറ്റു ബെഞ്ചുകളും നിറയുന്നതുപോലെ തോന്നി . ചിന്നിച്ചിതറി പോയ പഴയ കൂട്ടുകാർ എല്ലാവരും അവരുടെ പഴയ ഇരിപ്പിടങ്ങളിൽ വന്നിരിക്കുന്നു . വെള്ളത്തണ്ടിന്‍റെ  പച്ച മണം . പൊട്ടിയ സ്ലേറ്റുകളിൽ മുറി പെൻസിൽ കൊണ്ട് കോറിയിടുന്ന അക്ഷരങ്ങൾ "തറ...പറ " എന്ന് ബഹളം വെക്കുന്നു . 

ഭൂതകാലത്തിൽ നിന്നും ഒരു കൈ എന്‍റെ നെറുകയിൽ വീണു .  സ്പർശനത്തിലെ വാത്സല്യം കൊണ്ട് തിരിച്ചറിയാം ആ കൈകളെ . എന്‍റെ ഓമന ടീച്ചർ . ഇന്ന് ഞാനീ കുറിച്ചിടുന്ന അക്ഷരങ്ങളിലെ വളവിനെയും തിരിവിനെയും  എന്‍റെ കുഞ്ഞു വിരലുകളെ ചേർത്ത് പിടിച്ച് എഴുതി പഠിപ്പിച്ച വാത്സല്യം . ദിക്കറിയാത്ത ഏതോ കോണിലിരുന്ന്  ടീച്ചർ മന്ത്രിക്കും പോലെ .  "നീ വീണ്ടും എന്നെ കാണാൻ വന്നോ കുട്ടീ" എന്ന് . 
തിരിഞ്ഞ് പഴകിയ ജനൽ പാളികളിലൂടെ  പുറത്തേക്ക് നോക്കി . മഴ പെയ്യുന്നുണ്ട് . ആർത്തലച്ച് . പുറത്തും പിന്നെ എന്‍റെ  കണ്ണുകളിലും . എണീറ്റ് പുറത്തേക്കിറങ്ങി . കാലുവിരലുകൾ പൊട്ടിയ ഒരു ചോക്ക് കഷ്ണത്തിൽ തട്ടി . അന്ന് എന്‍റെ നെറ്റിയിൽ പതിച്ച അതേ ചോക്കായിരിക്കുമോ അത് ..? അല്ലെങ്കിൽ എനിക്ക് അക്ഷരങ്ങൾ എഴുതി തന്നതിന്‍റെ ബാക്കിയോ ..? ഏതായാലും കിനാവ്‌ കാണാനും പഠിക്കാനും ഇനിയുമേറെ എന്ന് ഓർമ്മപ്പെടുത്തി ആ ചോക്കിന്‍ തുണ്ട്. കുനിഞ്ഞ് അതെടുത്ത്  കുപ്പായ കീശയിലേക്കിട്ടപ്പോള്‍  ഓർമ്മകൾ കൊണ്ടെന്‍റെ നെഞ്ച് പൊള്ളി . 

വാതിലും കടന്ന് തിരിച്ചിറങ്ങുമ്പോൾ മഴ തോർന്നിട്ടില്ല . പുള്ളി പാവാടയും ഇട്ട് ഒരു എട്ടു വയസ്സുകാരി സ്കൂൾ മുറ്റത്ത്കൂടി പോകുന്നു . ഓടി ചെന്ന് അവളുടെ കുടക്കീഴിൽ ചേർന്നു . ഒരു കുടയുടെ വട്ടത്തിന് തടുക്കാൻ പറ്റുന്നതല്ല ഓർമ്മകൾക്ക് മേലെ പെയ്യുന്ന മഴകൾ . സീറ്റ് ബെൽറ്റ്‌ ഇടാനുള്ള അഭ്യർത്ഥന വന്നപ്പോൾ ഓർമ്മകൾക്കും അത് വേണ്ടി വന്നു . ഒന്നൂടെ പുറത്തേക്ക് നോക്കി . മുമ്പൊരു ഫ്ലൈറ്റ് മാഗസിനിൽ കണ്ട അനിതാ നായരുടെ വരികൾ ഓർമ്മവന്നു .  "each raindrops is a poem " .

വീണ്ടും ദുബായിൽ വിമാനം ഇറങ്ങുമ്പോൾ കാലാവസ്ഥ മാറിയിട്ടുണ്ട് . നാട്ടിലെ മഞ്ഞുപ്രാഭാതങ്ങളെ ഓർമ്മിപ്പിച്ചു ഇവിടത്തെ പകലുകൾ . വഴിയരികിലെ പൂക്കൾ വസന്തം വിരിയുന്നത് ഓർമ്മിപ്പിച്ചു . ഉടനെ തന്നെ ഒരു യാത്ര പോവുന്നതിന് മുമ്പേ തീരുമാനിച്ചതാണ് . കുട്ടികളും അത് കാത്തിരിക്കുകയാണ് . മഴക്കാറുകൾ നിറഞ്ഞ വെള്ളിയാഴ്ച്ച . കോർഫുക്കാൻ മലനിരകൾ ക്കിടയിലൂടെ കാർ നീങ്ങി . പൂക്കളും മരങ്ങളും നിറഞ്ഞ അൽ ഐനിലേക്കുള്ള വഴിയോ അതോ മലനിരകൾക്കിടയിലൂടെ നീണ്ടുപോകുന്ന ഈ പാതയോ കൂടുതൽ ഭംഗി .  ഒരു പണത്തൂക്കം ഇഷ്ടകൂടുതല്‍  ഈ വഴികളോട് തോന്നി പോകുന്നതിന്‍റെ കാരണമെന്താവും ..? ഒരു പക്ഷേ സൗദി അറേബ്യയിലേക്കുള്ള ഒരു ബസ്സ്‌ യാത്രയുടെ ഓർമ്മകൾ  ഈ വഴികളിലെവിടെയോ ചിതറിക്കിടക്കുന്നത് പോലെ തോന്നുന്നതുകൊണ്ടാവാം. .

മരുഭൂമിയും മലനിരകളും മാറി മാറി വരുന്ന ആ യാത്ര എന്നും പ്രിയപ്പെട്ടൊരു ഓർമ്മയാണ് . ആ മരുഭൂമികളിൽ ഒട്ടകങ്ങളുടെ പുറത്ത് കാഫില കൂട്ടങ്ങളുടെ കൂടെ അലയുന്നത് ഞാൻ സ്വപ്നം കണ്ടിട്ടുണ്ട് . ചരിത്ര പുസ്തകങ്ങളുടെ അരിക് ചേർന്ന് പഠിച്ച ഉഹ്ദ് മലനിരകളിലെ യുദ്ധങ്ങളെല്ലാം, ഉഹ്ദ് മലയെ നോക്കിയിരുന്ന് വീണ്ടും അനുഭവിച്ചിട്ടുണ്ട് .  അതെല്ലാം വീണ്ടും ഈ വഴിത്താരകളിൽ പുനർജ്ജനിക്കുന്ന പോലെ .  

കാറിന്‍റെ വിൻഡോയിലൂടെ ഒരു മഴത്തുള്ളി മുഖത്തേക്ക് പാറി വീണു . വീണ്ടും മഴക്കാഴ്ച എന്നെ അനുഗ്രഹിക്കാൻ പോവുകയാണ് . പിന്നിലേക്ക്‌ മറയുന്ന മലനിരകൾ . മഴക്കാറുകൾ . കുട്ടികളുടെ മുഖത്ത് ആഹ്ലാദതിമര്‍പ്പ്. വല്ലപ്പോഴും വിരുന്നെത്തുന്ന പ്രിയപ്പെട്ട അതിഥികളെയെന്നപോലെ അവരും മഴയെ കാത്തിരിക്കുകയാണെന്ന് തോന്നുന്നു. . 

ബിദിയ പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ വണ്ടി നിര്‍ത്തിയിറങ്ങി. നൂറ്റാണ്ടുകൾ പിറകിൽ നിന്ന് ഒരു ബാങ്കൊലി മുഴങ്ങുന്നു.   മുന്നോട്ട് വെക്കുന്ന അടികൾ ഓരോന്നും ചരിത്ര പുസ്തകങ്ങളിലെ ഏടുകളിലേക്കിറങ്ങി നടക്കുന്നതുപോലെ  . AD 1446 ല്  ആണ് ഇതിന്‍റെ നിർമ്മാണം നടന്നത് എന്ന് പറയപ്പെടുന്നു . നൂറ്റാണ്ടുകൾ മുന്നേ സുജൂദ് ചെയ്തു തുടങ്ങിയ പള്ളി . നൂറ്റാണ്ടുകൾക്ക് ശേഷം , ഒരുപാട് പേരുടെ പ്രാർത്ഥനകൾ ഏറ്റുവാങ്ങിയ തറയിൽ ഞാനും കുമ്പിട്ടു . ഒരു ചരിത്ര കാലത്തെ ആവാഹിച്ച മനസ്സുമായി വെളിയിലേക്ക് ഇറങ്ങുമ്പോൾ മഴ തകർത്തു പെയ്യാൻ തുടങ്ങി . കുറച്ചകലെ കോർഫുക്കാൻ കോട്ട . പോർച്ചുഗീസുകാർ പണിതതാണ് . മിക്ക രാജ്യങ്ങളുടെയും തിരുശേഷിപ്പുകൾ അന്വോഷിച്ചു പോകുമ്പോൾ ഇങ്ങിനെ ചിലത് കാണാറുണ്ടല്ലോ . ഏതായാലും പള്ളിയും കോട്ടയും മുഖത്തോട് മുഖം നോക്കി നിൽക്കുന്നു . ഇടയിൽ ചരിത്രം പാലം പണിയുന്നു . ഉയർന്നു നിൽക്കുന്ന മലകൾ അവയ്ക്ക് മേലെ ആശീർവാദം പെയ്യുന്നു . 

കോർഫുക്കാൻ  മലയിൽ തൊട്ട് മഗരിബ് ബാങ്കൊലികൾ തിരിച്ചു വന്നു .  മഴ പെയ്തുക്കൊണ്ടേയിരിക്കുന്നു . പക്ഷേ കുടയുമായി നടന്നു പോകുന്ന ഒരു പുള്ളിപാവടക്കാരിയെ ഈ അറബ് നാട്ടിൽ ഞാനെങ്ങിനെ തേടും ...? കാറിനകത്ത്‌ നിന്നും രണ്ട് കുഞ്ഞുകൈകൾ മഴവെള്ളം തട്ടി തെറിപ്പിക്കുന്നുണ്ട് . അവളുടെ ചിരിയും മഴത്തുള്ളികൾ പോലെ കിലുങ്ങുന്നു . ആ ചിരിയിൽ ഒരുരാഗം കേട്ടു . പണ്ട് താൻസൻ മഴ പെയ്യിച്ച രാഗം . ശക്തിയായി രണ്ട് മഴത്തുള്ളികൾ കണ്ണിലേക്ക് വീണു .  കണ്ണീരിനൊപ്പം മണ്ണിൽ പതിച്ച് അതെന്‍റെ ബാല്യത്തെ തൊട്ടു