Saturday, December 18, 2010

ചാലിയാറിലെ ഓളങ്ങളിലൂടെ. (ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍)




അഞ്ചു രൂപ കൊടുത്താല്‍ കുഞ്ഞിയുടെ തോണി ഒരു മണിക്കൂറിന് വാടകക്ക് കിട്ടും. പക്ഷെ കാശ് പറയുകയല്ലാതെ കുഞ്ഞി ഇതുവരെ വാടക മേടിച്ചിട്ടും ഇല്ല ഞങ്ങള്‍ കൊടുത്തിട്ടും ഇല്ല. പക്ഷെ ഇന്ന് ഞങ്ങളിറങ്ങുന്നത് ഒരു മണിക്കൂറിനല്ല. തോണിയില്‍ ഒരു യാത്ര. അങ്ങിനെ ലക്ഷ്യം ഒന്നുമില്ല. ചാലിയാറിലൂടെ കുറെ നേരം ഒരു നേരമ്പോക്ക് സവാരി. തോണിയാത്രയാണ് ഇന്നത്തെ തരികിട എന്ന് വീട്ടിലറിയില്ല. പറഞ്ഞാല്‍ കടവിലേക്ക് പോലും വിടില്ല. പിന്നല്ലേ തോണി. കുരുത്തക്കേടിന്‍റെ മൊത്ത കച്ചവടമുള്ള ഞങ്ങള്‍ അഞ്ച് കസിന്‍സ് നടത്തിയ ഒരു ഒരു തോണി യാത്രയും കുറച്ച് അനുഭവങ്ങളും നിങ്ങളുമായി പങ്കുവെക്കാം.



ആദ്യം ചാലിയാറിനെ അടുത്തറിയാം. ഈ പുഴക്കരയിലെ പഞ്ചാരമണലില്‍ കിടന്നു നക്ഷത്രങ്ങളെയും നോക്കി ഞങ്ങള്‍ സുഹൃത്തുക്കള്‍ കത്തിവെച്ചിരിക്കും. ചാലിയാര്‍ എനിക്ക് കളികൂട്ടുകാരനാണ്. സന്തോഷത്തില്‍ കൂടെ ചിരിക്കുന്ന സങ്കടത്തില്‍ കൂടെകരയുന്ന പ്രിയ സുഹൃത്ത്‌. സംഭവിക്കുമായിരുന്ന ഒരു മഹാദുരന്തത്തില്‍ നിന്നും ഞങ്ങള്‍ ഒരു കുടുംബത്തിലെ ഒരുപാട് കുട്ടികളെ കാത്ത അമ്മപ്പുഴ. നിലാവുള്ള രാത്രിയില്‍ ചാലിയാറിലൂടെ തോണി സവാരി ഞങ്ങള്‍ കുട്ടികള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. അങ്ങിനെ ഒരു രാത്രി സഞ്ചാരത്തില്‍ ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ കെട്ടിയ ബണ്ടിന്‍റെ ചീപ്പ് തുറന്നത് അറിയാതെ ആ ദിശയില്‍ നീങ്ങിയ ഞങ്ങള്‍ രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസം കൊണ്ടാണ്. ചലപില സംസാരിക്കുന്നതിനിടയില്‍ തുറന്ന തടയണക്ക് കാവല്‍ നില്‍ക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഞങ്ങള്‍ കേട്ടില്ല. കളിച്ചു വളര്‍ന്ന പുഴയ്ക്കു തന്നെ ഞങ്ങളുടെ ജീവനെടുക്കാന്‍ മനസ്സ് തോന്നിക്കാണില്ല. അതുമല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന. അല്ലെങ്കില്‍ വരല്ലേ ..വരല്ലേ ..എന്ന ആ കാവല്‍ക്കാരുടെ ആര്‍പ്പുവിളികള്‍ അവസാന നിമിഷം ഞങ്ങളുടെ കാതില്‍ എത്തില്ലായിരുന്നു. പങ്കായവും കഴുക്കോലും കയ്യും എല്ലാമിട്ട് തോണി തിരിച്ചില്ലായിരുന്നെങ്കില്‍ റയോണ്‍സിന്‍റെ വിഷ ദ്രാവകം ചേര്‍ന്ന് വേദനിക്കുന്ന ചാലിയാറിന് ഞങ്ങള്‍ വേദനിപ്പിക്കുന്ന മറ്റൊരു ഓര്‍മ്മയായേനെ. സര്‍വ്വ ശക്തന്‍ കാത്തു.



ഇന്നിപ്പോള്‍ ഞങ്ങളീ യാത്ര തുടങ്ങുന്നതും ഈ തീരത്ത് നിന്നാണ്. ഗോളിയോര്‍ റയോണ്‍സ് കമ്പനിയുടെ താഴെ നിന്ന്. ഒരു കാലത്ത് കുറെ കുടുംബങ്ങളുടെ സന്തോഷത്തിന്‍റെ പ്രതീകമായിരുന്നു ഈ കമ്പനി. പരിസരത്തെ പഞ്ചായത്തുകളിലെ സാമ്പത്തിക സന്തുലിതാവസ്ഥ നിയന്ത്രിച്ചിരുന്ന വ്യവസായം . ഇതിന്‍റെ കുഴലുകളിലൂടെ പുക പുറം തള്ളുമ്പോള്‍ അവരുടെ അടുപ്പിലും തീ പുകഞ്ഞു. അതോടൊപ്പം വിഷവായു ശ്വസിച്ചും മലിന ജലം കുടിച്ചും രോഗ ബാധിധരായവരുടെ വിഷമവും ബാക്കിയായി. അതുമൂലമുള്ള സമരവും മറ്റും കമ്പനി പൂട്ടിക്കുന്നതിലും കുറെ പേരുടെ സ്വപ്‌നങ്ങള്‍ കരിയുന്നതിലും മറ്റു ചിലരുടെ സന്തോഷത്തിലും അവസാനിച്ചു. ഇവിടെ നിന്നും യാത്ര തുടങ്ങുമ്പോള്‍ സാന്ദര്‍ഭികമായി ഈ കാര്യങ്ങള്‍ സൂചിപ്പിച്ചു എന്ന് മാത്രം.

പുഴക്കരയിലുള്ള ഹാജിക്കയുടെ മക്കാനിയില്‍ നിന്നും തലേ ദിവസമേ പറഞ്ഞുറപ്പിച്ചതാണ് യാത്രക്കുള്ള ഭക്ഷണത്തിന്‍റെ കാര്യം. വാഴയില വാട്ടി അതില്‍ നല്ല നെയ്ച്ചോറും ബീഫ് കറിയും പൊതിഞ്ഞു തന്നു ഹാജിക്ക. ആലിക്കയുടെ കടയില്‍ നിന്ന് കൊറിക്കാനുള്ളതും വാങ്ങി. പിന്നെയും ഉണ്ട് ഒരുക്കങ്ങള്‍. വീട്ടിലറിയാതെ കടത്തിയ പുല്‍പായയും തലയിണയും. രണ്ടു മൂന്ന് ചൂണ്ട, പിന്നെ എനിക്കിഷ്ടപ്പെട്ട കുറച്ച് പുസ്തകങ്ങളും. ഒന്നൂടെ വാങ്ങി. പണിക്കാരനെ വിട്ട് ഒരു പാക്കറ്റ് സിഗരറ്റ്. ആരും വലിക്കുന്നവരല്ല. പക്ഷെ ഈ യാത്രയില്‍ അത് ട്രൈ ചെയ്യണം എന്ന സാരോപദേശം നല്‍കിയത് ഞാനാണോ എന്നെനിക്ക് ഓര്‍മ്മയില്ല. പക്ഷെ ചുമച്ചും കണ്ണീന്നും മൂക്കീന്നും വെള്ളം വന്നും ആ പാക്കറ്റ് തീര്‍ത്തത് എനിക്കോര്‍മ്മയുണ്ട്.


അങ്ങിനെ ഞങ്ങള്‍ തോണിയിറക്കി. പ്രായത്തിലും കുരുത്തക്കേടിലും മൂപ്പ് എനിക്കായതുകൊണ്ട് അമരത്തും ഞാനാണ്. അതല്ലേ നാട്ടുനടപ്പ്. ഇരു കരകളിലെയും പ്രകൃതി ഭംഗി ആസ്വദിച്ച്‌, ചാലിയാറിന്‍റെ ഓളപരപ്പിലൂടെ ഞങ്ങള്‍ തുഴഞ്ഞു നീങ്ങി. സ്വപ്നം പോലൊരു യാത്ര. കുറച്ചു ദൂരം പോയപ്പോഴേക്കും കൈ കുഴഞ്ഞ് അമരക്കാരന്‍റെ സ്ഥാനം ഞാന്‍ രാജിവെച്ചു. ഈ സീറ്റിനായി നല്ല കസേര കളിതന്നെയുണ്ട്‌. പക്ഷെ എന്‍റെ ഉദ്ദേശം വേറെയാണ്. ചൂണ്ടയിടണോ അതോ നോവല്‍ വായിക്കണോ എന്ന ഡിലേമ്മയില്‍ ആണ് ഞാനിപ്പോള്‍. രണ്ടും കൂടെ ഒന്നിച്ചു നടക്കും. പക്ഷെ ഞാന്‍ വെള്ളത്തില്‍ വീഴും. കാരണം ഏണസ്റ്റ് ഹെമിംഗ് വേയുടെ The old man and The sea എന്ന നോവലിന്‍റെ മലയാള പരിഭാഷ "കിഴവനും കടലും " ആണ് ഞാന്‍ വായിക്കാന്‍ എടുത്തത്‌. വെറുതെ കൂടെയുള്ളവര്‍ക്ക് പണിയാക്കേണ്ട. ഞാന്‍ നോവല്‍ വായിക്കാന്‍ തീരുമാനിച്ചു . തോണിയില്‍ പായ വിരിച്ചു കിടന്നു. അപ്പോള്‍ അടുത്ത പ്രശ്നം. തെളിഞ്ഞ മാനവും പാറിപറക്കുന്ന പക്ഷികളെയും നോക്കി ദിവാസ്വപ്നം കണ്ടിരിക്കണോ അതോ വായന വേണോ എന്നത്. ഇതുരണ്ടും ഒന്നിച്ചാവാം. ബുക്ക്‌ പിടിച്ചു കൈ കഴക്കുമ്പോള്‍ ഞാന്‍ മാനം നോക്കിയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം പുസ്തകം വായിക്കാന്‍ ഇങ്ങിനെയുള്ള സമയങ്ങളാണ് ഇഷ്ടം. കടിച്ചാല്‍ പൊട്ടാത്ത ആനന്ദിന്‍റെ നോവലുകള്‍ വരെ എളുപ്പം കൈകാര്യം ചെയ്യാം. എന്ത് രസാന്നോ ഈ അനുഭവം. കിഴവനും കടലും വായിക്കേണ്ടത് ഈ ഒരു മൂഡില്‍ തന്നെയാണ്. ചെറിയ ചെറിയ ഓളങ്ങളില്‍ തോണി കുലുങ്ങുമ്പോള്‍ ഞാന്‍ സാന്‍റിയാഗോ ആയി മാറും. അത്രക്കും ആവേശകരമാണ് ആ കഥ. ഇന്ന് ചാലിയാറിനെ കുറിച്ചോര്‍ക്കുമ്പോള്‍ ആ കഥയും എനിക്കോര്‍മ്മവരും .

കൂളിമാട് കടവും ചെറുവാടിക്കടവും ഒക്കെ കടന്നു ഞങ്ങള്‍ യാത്ര തുടര്‍ന്നു. പുഴവക്കിലുള്ള എല്ലാ മക്കാനിയിലും തോണി അടുപ്പിക്കും. ചായ കുടിക്കാന്‍. അത് വേണ്ടിയിട്ടല്ല. പക്ഷെ പുഴയുടെ തീരത്തിരുന്നു മൂളിപറക്കുന്ന കാറ്റിനൊപ്പം ചായയും നെയ്യപ്പവും കഴിക്കാന്‍ എന്ത് സ്വാദാണ്. പൂഴി പണിക്കാരും കാറ്റ് കൊള്ളാന്‍ വന്നവരും ഒക്കെയായി അവിടെ ഉരുത്തിരിയുന്ന കൂട്ടായ്മയുണ്ട്. കുറെ നല്ല മനുഷ്യര്‍, അവരുടെ നിഷ്കളങ്കമായ പെരുമാറ്റം, പുഴമീനും കക്കയും വില്‍ക്കുന്നവര്‍. ഞങ്ങള്‍ക്ക് പരിചയമില്ലാത്ത സ്ഥലങ്ങളല്ലിത്. പക്ഷെ ഇതുപോലൊരു യാത്ര ആദ്യമാണ്. അതിന്‍റെ ആവേശം ഞങ്ങള്‍ ശരിക്കും ആസ്വദിക്കുന്നുമുണ്ട്. ഓരോ തീരങ്ങളും ഒരുപാട് ആഹ്ലാദം തരുന്നു. അനുഭവങ്ങളും. ഞങ്ങള്‍ വീണ്ടും തുഴഞ്ഞു. ചൂണ്ടയില്‍ മീന്‍പിടുത്തം നന്നായി നടക്കുന്നു. എനിക്ക് പുഴമീന്‍ പറ്റില്ല. പക്ഷെ ഒരു മണ്ണെണ്ണ സ്റ്റൌവ് കൂടെ എടുക്കാമായിരുന്നു എന്ന നജ്മുവിന്‍റെ അഭിപ്രായത്തോട് എനിക്ക് എതിര്‍പ്പ് തോന്നിയില്ല. ചൂണ്ടയില്‍ പിടിച്ച മീനുകളെ അപ്പോള്‍ തന്നെ പൊരിച്ചടിക്കാന്‍ പറ്റാത്ത വിഷമമാണ് അവര്‍ക്ക്. ഉണ്ടായിരുന്നെങ്കില്‍ അതൊരു രസകരമായ പരിപാടി ആവുമായിരുന്നു.

ചാലിയാറിന്‍റെ നടുവില്‍ തോണിയില്‍ ഒരു ഉച്ചഭക്ഷണം. വല്ലാത്തൊരു പരീക്ഷണം തന്നെ. എത്ര നേരായി ആ ബീഫ് കറിയുടെ മണം എന്നെ വേട്ടയാടുന്നു. ഹാജിക്കയുടെ കുക്ക് റഷീദ്ക്ക ഇത്ര കേമനാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌. വയറ് നിറഞ്ഞ ആവേശത്തില്‍ ഞാന്‍ വീണ്ടും അമരത്തെത്തി. പിന്നെയും കുറെ മുന്നോട്ട് പോയി. അപ്പോഴേക്കും പേടിയും കയറി. ഇപ്പോള്‍ തന്നെ തിരിച്ചുതുഴഞ്ഞാലേ ഇരുട്ടുന്നതിനു മുമ്പ് വീട്ടിലെത്തൂ. ഇതായിരുന്നു പരിപാടി എന്ന് വീട്ടിലറിഞ്ഞിരിക്കുമോ . എത്രയും നേരത്തെ എത്തിയാല്‍ അത്രയും ഡോസ് കുറയും കിട്ടുന്ന അടിക്ക്‌. ഞങ്ങള്‍ റിവേഴ്സ് ഗിയര്‍ ഇട്ടു. പേടി കൂടിയാല്‍ എല്ലാം വേഗത്തിലായിരിക്കും. തുഴയാന്‍ എല്ലാരും നന്നായി ഉത്സാഹിച്ചു. അസ്തമിക്കാന്‍ പോവുന്ന സൂര്യന്‍ ചാലിയാറിന് കൂടുതല്‍ ശോഭ നല്‍കുന്നു. വെള്ളതിനെല്ലാം സ്വര്‍ണ്ണ നിറം.



ഞങ്ങളറിഞ്ഞ പുഴയിലെ ഈ പകല്‍ വിവരണങ്ങള്‍ക്കതീതമാണ്. കൂടണയുന്ന പക്ഷികളെ നോക്കി പൂഴിപണി കഴിഞ്ഞും മീന്‍പിടുത്തം കഴിഞ്ഞും മടങ്ങുന്ന വഞ്ചിക്കാരോട് വിശേഷം കൈമാറി ഞങ്ങള്‍ വേഗം തുഴഞ്ഞു. കൊന്നാര് തീരത്ത് തോണി എത്തുന്നതിനു മുമ്പ് തന്നെ പുഴയും നോക്കി ഫുള്‍ ടെന്‍ഷനില്‍ നില്‍ക്കുന്ന കുഞ്ഞിയുടെ മുഖം കണ്ടപ്പോഴേ സംഗതി കൈവിട്ടുപ്പോയി എന്നെനിക്കുറപ്പായി.

ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്.

(ഫോട്ടോസ് - ഷക്കീബ് കൊളക്കാടന്‍ , റിയാസ് എളമരം, ജലീല്‍ കൂളിമാട്)

72 comments:

  1. ചാലിയാര്‍ പുഴ എന്റെ കളിക്കൂട്ടുകാരനാണ്. എന്നോടൊപ്പം ചിരിക്കുന്ന എന്നോടൊപ്പം കരയുന്ന പ്രിയ കൂട്ടുക്കാരന്‍ . ഈ തീരത്തെയും ഓളപരപ്പിലെയും ഓര്‍മ്മകളുമായാണ് ഇത്തവണ ഞാന്‍ വരുന്നത്. ഇഷ്ടവും ഇഷ്ടക്കേടും അറിയുക്കുമല്ലോ .

    ReplyDelete
  2. ചാലിയാര്‍ എനിക്കെന്നും പ്രിയപ്പെട്ടതാണ്. പുഴയുമായി കെട്ടു പിണഞ്ഞു കിടക്കുന്ന ഓര്‍മ്മകള്‍ നിരവധി. ഒഴിവു ദിവസങ്ങളിലെ സമയ ക്രമമില്ലാത്ത പുഴയിലെ നീരാട്ടു പക്ഷെ ഇന്ന് തടയണ വന്നതോടെ നിലച്ചു. നല്ല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോയി ഈ പോസ്റ്റ്. ആശംസകള്‍

    ReplyDelete
  3. അതിമനോഹരം.
    ബാക്കി വഴിയെ പറയാം.

    ReplyDelete
  4. ശരിക്കും ഇത് വരെ കാണാത്ത അറിയാത്ത ചാലിയാരിലൂടെ ഒരു തോണി യാത്ര ചെയ്ത സുഖം കിട്ടി..ചെറുവാടിയുടെ എഴുത്തിലൂടെ..പിന്നെ ബീഫ് കറിക്ക് എരിവു കൂടുതലാ..നോവല്‍ തോണിയില്‍ കിടന്നു വായിക്കാന്‍ ഒത്തിരി ധൈര്യം വേണം...എനിക്ക് വെള്ളത്തില്‍ കൂടെ യാത്ര കുറച്ചു പേടിയാ...

    ReplyDelete
  5. വളരെ സരസമായി പറഞ്ഞു പോകുന്ന ഒരോര്‍മ്മ കുറിപ്പ്. ചാലിയാറിന്‍റെ ഒഴുക്കിനൊപ്പം ഓര്‍മ്മകളുടെയും തെളിമയാര്‍ന്ന ഒരു നീരൊഴുക്ക്.
    അന്നത്തെ ആ തുഴയെറിച്ചിലിന്‍റെ വേഗതയ്ക്ക് കാരണമായ ഭയം ഇന്നും അതിനെക്കാള്‍ അളവില്‍ മറ്റു പല കാരണങ്ങളാല്‍ നാം അനുഭവിക്കുന്നുമുന്ടെന്നു പറയാതെ പറഞ്ഞു പോയ അക്ഷരങ്ങളും.. പ്രകൃതിക്ക് പരിസ്ഥിതിക്ക് പുഴകള്‍ക്ക് ഒക്കെയും വേണ്ടിയുള്ള ഒരു നിലവിളിയും ഞാന്‍ ഇതിലൂടെ വായിച്ചെടുക്കുന്നു..
    നന്ദി, ഈ അക്ഷരക്കൂട്ടത്തെ വായിക്കാന്‍ കൂട്ട് വിളിച്ചതിന്.

    ReplyDelete
  6. "ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്."
    എന്നാലും ഇപ്പൊ ഓര്‍ക്കുമ്പോള്‍ ആ ചൂടിനും ഒരു വല്ലാത്ത മധുരമാ അല്ലെ, ചെറുവാടീ....

    ReplyDelete
  7. ചാലിയാര്‍ ഒരു വലിയ പ്രഹേളികയും വല്ലാത്ത നഷ്ടബോധവുമാണ്. മപ്രത്തിന്റെ ഓരതിരുന്നു, എത്ര നോക്കിയിരുന്നെന്നോ ഞാന്‍...

    ReplyDelete
  8. ചാലിയാര്‍ എന്ന് കേള്‍ക്കുമ്പോള്‍ വിഷം കലര്‍ന്ന ചില വാര്‍ത്താ ചിത്രങ്ങളോടെയാണ് ഒരു നദി മനസ്സിലേക്കൊഴുകി വരിക..ആ കാഴ്ചയില്‍ നിന്നും വിത്യസ്ഥമായൊരു സുഖം പകര്‍ന്നു തന്നു ഈ ലേഖനം..ആശസകള്‍..

    ReplyDelete
  9. എന്‍റെ പെങ്ങളുടെ വീടിനു അടുത്ത് കൂടി ഒഴുകുന്ന പുഴയുടെ പേരും ചാലിയാര്‍ എന്ന് തന്നെയാണ് ..ഇത് തന്നെയാണോ അതും ....പിന്നെ ഇപ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ ഞാനും ഒരു തോണി യാത്ര നടത്തി ..ഒരു കരയില്‍ നിന്നും മറ്റേ കരയിലെക്കും തിരിച്ചു ....

    ചെറുവാടി എന്നാ നാട്ടില്‍ പോകുന്നത് ..ഞാനും ഉണ്ട് കൂടെ ..എനിക്കും വേണം ഇത് പോലെയുള്ള ഒരു യാത്ര നടത്താന്‍...തോണി കൂലി "അഞ്ചു രൂപ'ഞാന്‍ കൊടുക്കാം ....

    ReplyDelete
  10. ചെറുവാടീ എന്റെ ചിന്തയിലും ഒരു പുഴ ഒഴുകുന്നുണ്ട് .. എന്റെ പോറ്റമ്മയായ കൈതപ്പുഴ..വേമ്പനാട്ടു കായലിന്റെ അനുജത്തി . എനിക്ക് ജന്മം തരാന്‍ നേരം എന്റെ അമ്മയ്ക്ക് ഈറ്റില്ലം ഒരുക്കിയ കൈതപ്പുഴ..കരഞ്ഞു കൊണ്ട് ആദ്യമായി ഈ ഭൂമിയിലേക്കു ഞാന്‍ വന്നപ്പോള്‍ കുഞ്ഞോളങ്ങള്‍ളുടെ താരാട്ട് പാടി എന്നെ സാന്ത്വനിപ്പിച്ച കൈതപ്പുഴ ..

    ReplyDelete
  11. ലളിതമായ ഭാഷയിലുള്ള രസകരമായ വിവരണം.ഇഷ്ടപ്പെട്ടു

    ReplyDelete
  12. ചാലിയാറിന്റെ ഓളം വായിക്കുന്നവന്റെ മനസിലും കൊണ്ടുവരാന്‍ ചെറുവാടിക്ക് കഴിഞ്ഞു ....,
    ഉഗ്രന്‍...

    ReplyDelete
  13. 'ചാലിയാർ’തീരത്തെ കാഴ്ചകളും അനുഭവങ്ങളും വായിച്ചപ്പോൾ എന്റെ മനസ്സിലോടിയത് ഞാൻ നീന്തിത്തുടിച്ചു കളിച്ചു വളർന്ന ‘പെരിയാർ‘ ആയിരുന്നു..!!
    ‘പെരിയാറെ...പരിയാറേ....
    പർവ്വത നിരയുടെ പനിനീരേ....!!

    ആശംസകൾ....

    ReplyDelete
  14. ഗൃഹാതുരത്വം തുളുമ്പുന്ന നിമിഷങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ചെറുവാടിയുടെ പോസ്റ്റുകളിലുടനീളം.
    ചാലിയാറിലെ ഓളങ്ങളും വളരെ മനോഹരമായ യാത്രയായി മാറി..ഭാവുകങ്ങള്‍

    ReplyDelete
  15. ചെറുവാടിയുടെ ഈ യാത്ര ശരിക്കും ഇഷ്ടമായി..പണ്ട് കനോലി കനാലിലൂടെ രാത്രികളില്‍ ഒരു രസത്തിനു വേണ്ടി ഞണ്ട് കുത്താന്‍ വഞ്ചിയിലൂടെ പോകുന്നതും വഴിയില്‍ കാണുന്ന തെങ്ങില്‍ നിന്നു കരികിട്ടു കുടിച്ചതുമെല്ലാം ഓര്‍മ്മ വരുന്നു...

    ReplyDelete
  16. യാത്ര ഉഗ്രനായി.. പഴയ ഓര്‍മ്മകളിലെക്ക് കൂട്ടിക്കൊണ്ടുപോകുന്ന യാത്ര...
    ഞാനും ചാലിയാറിന്റെ അടുത്തു നിന്നും വരുന്നവനാ.. അതുകൊണ്ടു ആ തോണിയാത്രയും എല്ലാം നന്നായി ആസ്വദിച്ചു....

    ആശംസകള്‍

    ReplyDelete
  17. ആശംസകള്‍ ചെറുവാടീ,താങ്കള്‍ മനോഹരമായ് എഴുതിയിരിക്കുന്നു.ചാലിയാര്‍ ഞാന്‍ ദൂരേന്നു കണ്ടിട്ടേയുള്ളു.ഇപ്പോ ഇത് വായിച്ചപ്പൊ ചാലിയാറിലിറങ്ങിയ പോലെ.ഒരിക്കല്‍ കൂടി ആശംസകള്‍.

    പിന്നെ താങ്കള്‍ പ്രവാസം ഇവിടെ ഇട്ടില്ലെ?വളരെ നന്നായിട്ടുണ്ട് അത്.
    കമന്റ്സ് കണ്ടില്ലേ?ഫൈസൂം കുറുമ്പടീം ഒന്നും അത് കണ്ടില്ലേ..?

    ReplyDelete
  18. ചെറുവാടിക്കടി കിട്ടിയാലും ഞങ്ങൾക്കൊരു പോസ്റ്റു കിട്ടിയല്ലോ! എന്തൊരു ലാഭം.
    നന്നായി എഴുതി. നന്നായി അനുഭവിച്ചു വായിച്ചു.

    ReplyDelete
  19. നന്നായി പറഞ്ഞു.ആശംസക്കൾ

    ReplyDelete
  20. അടി കിട്ടത്ത എത്ര ദിവസം ഉണ്ടായിരുന്നു ചെറുപ്പത്തിൽ...:)

    ReplyDelete
  21. ഞങ്ങള്‍ രക്ഷപ്പെട്ടത് നിമിഷങ്ങളുടെ വിത്യാസം കൊണ്ടാണ്. ചലപില സംസാരിക്കുന്നതിനിടയില്‍ തുറന്ന തടയണക്ക് കാവല്‍ നില്‍ക്കുന്നവരുടെ ആര്‍പ്പുവിളികള്‍ ഞങ്ങള്‍ കേട്ടില്ല. കളിച്ചു വളര്‍ന്ന പുഴയ്ക്കു തന്നെ ഞങ്ങളുടെ ജീവനെടുക്കാന്‍ മനസ്സ് തോന്നിക്കാണില്ല. അതുമല്ലെങ്കില്‍ ആരുടെയൊക്കെയോ പ്രാര്‍ത്ഥന.

    അതെ ഞങ്ങള്‍ക്ക് വേണ്ടിയാണോ..എന്നൊരു സംശയം..ഇത്ര നല്ല ഒരു എഴുത്തുകാരനെയും..കൂട്ടുകാരനെയും കിട്ടിയ..മലയാളം ഗ്രൂപ്‌ വളരെ സന്തോഷമുണ്ട് ...നല്ല എഴുത്ത്..ഒരിക്കല്‍ ഞാന്‍ വരും നിങ്ങളുടെ കൂടെ ആ പുഴയില്‍ ഒന്ന് കൂടി പോകാന്‍ കേട്ടോ ..

    ReplyDelete
  22. നല്ല വിവരണം. അസൂയ തോന്നുന്നു. എന്റെ വീടിനടുത്ത്‌ പുഴയോന്നുമില്ല.ആകെയുള്ളത് ഒരു ചെറിയ തോട് ആണ്. :(

    പിന്നെ ഈ അറപുഴ ചാലിയാറിന്റെ ഭാഗമാണോ? അവിടെ ഞാനും ഒരു തോണിയാത്ര നടത്തിയിട്ടുണ്ട്. എല്ലാരുടെ മനസ്സിലും ഒരു പുഴ ചെറുതായി ഒഴുകുന്നു എന്നാണ് കമന്റുകള്‍ പറയുന്നത്..

    ReplyDelete
  23. ചാലിയാറിലെ വിഷം വകഞ്ഞു മാറ്റി അമൃത് തന്നു ഈ തോണിയാത്ര!

    ReplyDelete
  24. രാവിലെ മുതല്‍ പല തവണ വായിച്ചു. വളരെ ഹൃദ്യമായി തോന്നി. ചാലിയാര്‍ എന്‍റെയും ഒരു ഗൃഹാതുരത്വസ്മരണയാണ്. ഒരു പാട് തവണ നീന്തിക്കുളിച്ചിട്ടുണ്ട്. വിശാലമായ മണല്‍പ്പരപ്പില്‍ പല വൈകുന്നെരങ്ങളും ചെലവഴിച്ചിട്ടുണ്ട്. റയോണ്‍സ് ഫാക്ടറി ഉണ്ടായിരുന്നപ്പോള്‍ മലിനമായിരുന്ന പുഴ ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ട്.വിവിധ മത്സ്യങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ചുറ്റുപാടുള്ള ഗ്രാമങ്ങളില്‍ ശുദ്ധ വായു കിട്ടിതുടങ്ങിയിട്ടുണ്ട്.

    റയോണ്‍സിനെപ്പറ്റി ചെറുവാടി പറഞ്ഞു. മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ മാനേജ്‌മന്റ്‌ കാര്യമായ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കില്‍ നാട്ടുകാരായ തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെടുകയോ അയല്‍ ഗ്രാമങ്ങളില്‍ ധാരാളം പേര്‍ കാന്‍സര്‍ ബാധിച്ചു മരിക്കുകയോ ചെയ്യുമായിരുന്നില്ല.പക്ഷെ അവര്‍ ഗുണ്ടായിസം കാണിക്കുകയാണ് ചെയ്തത്.


    ഏതായാലും ഇംഗ്ലീഷ് സാഹിത്യത്തിലെ കഥാ പാത്രമായ ടോം സോയറിന്റെ ചങ്ങാടത്തില്‍ ഒഴുക്കിനനുസരിച്ചു ലക്ഷ്യമില്ലാതെ നടത്തിയ ജലയാത്രയെ ഓര്‍മിപ്പിച്ചു ഈ കുറിപ്പ്.
    വളരെ നന്ദി ചെറുവാടീ....

    ReplyDelete
  25. അസ്തമയസൂര്യന്റെ പോന്കിരണങ്ങള്‍ ചാഞ്ഞിറങ്ങുന്ന ചാലിയാര്‍ പുഴയുടെ ഭംഗിയെക്കള്‍ സൌന്ദര്യത്തോടെ ഒരു കൊച്ചു യാത്ര ചായങ്ങള്‍ മിതമാക്കി ഭംഗിയോടെ അവതരിപ്പിച്ചു. ചെരുവാടിയുടെ എഴുത്തിന്റെ ഭംഗി ഞാന്‍ ഇപ്പോഴും പറയാറുണ്ടെന്നു തോന്നുന്നു. ചാലിയാറിനെക്കുറിച്ച് മനസ്സില്‍ ഉണ്ടായിരുന്ന കാഴ്ച നിശ്ശേഷം മാറ്റി ഒരു തെളിമ ലഭിച്ച സുഖം.

    ReplyDelete
  26. ശാന്തമായ പുഴയിലെ ഒഴുക്കുപോലെ മനസ്സിലേക്ക് ഒഴുകിയിറങ്ങുന്ന വിവരണം, നല്ല ചിത്രങ്ങളും.

    ReplyDelete
  27. എല്ലാം വളരെ നന്നായിരുന്നു.
    ചാലിയാര്‍ പുഴ ഓര്‍മ്മകളിലൂടെ ഒഴുകുമ്പോള്‍ ഒരുപാട് കഥാപാത്രങ്ങളിലൂടെ ഗ്രാമത്തിന്റെ വിശുദ്ധിയും ഒപ്പം നിന്ന് ചിരിക്കുന്നുണ്ട്.
    മറവിക്കും മീതെ ഇങ്ങനെ ഒഴുകിപ്പരക്കുന്ന അനുഭവങ്ങള്‍ ആസ്വാദകരിലും സുഖദമായ ഒരനുഭൂതിയായി പകര്‍ന്നെത്താന്‍ എല്ലാ വരികള്‍ക്കും സാധിച്ചിട്ടുണ്ട്.
    അഭിനന്ദനങ്ങള്‍...

    ReplyDelete
  28. ഓര്‍മ്മകള്‍ ഓത്തെടുക്കാന്‍ എന്തു രസാല്ലേ...
    അത് അക്ഷരങ്ങളിലൂടെ എത്ര പറഞ്ഞാലും തീരാത്ത പൊലെയല്ലേ...
    ഇനിയും ഒരുപാടുണ്ടല്ലോ ഈശ്വരാ,എന്നു മനസ്സില്‍ പറഞ്ഞു പോണില്ലേ, എഴുതി തീരുമ്പോള്‍..?

    സ്വന്തം നടിനെ, കൂട്ടുകാരനെ.. പരിചയപ്പെടുത്തിയതില്‍ സന്തോഷം ട്ടൊ..

    ഇഷ്ടായി..

    ReplyDelete
  29. ഒന്ന് ഞാനുറപ്പിച്ചു. ഒരു യാത്ര ചെറുവാടിയോടൊപ്പം കൂടണം. അടുത്ത അവധിക്കു തന്നെ ആയാലോ? ഈ യാത്രാ വിവരണങ്ങള്‍ എന്നെ അത്രക്കും കൊതിപ്പിക്കുന്നുണ്ട്.
    എങ്ങിനെ വരുന്നു ഈ വിത്യസ്ഥതകള്‍. അഭിനന്ദനങള്‍ .

    ReplyDelete
  30. “ചാലിയാര്‍“ എന്ന് ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ 12 സ്കൂള്‍കുട്ടികളുടെ ജീവനറ്റ ശരീരങ്ങളാണു ഓര്‍മയില്‍ വരുന്നത് എങ്കിലും ... താങ്കളുടെ ചാലിയാറിലെ അനുഭവങ്ങള്‍ നന്നായി എഴുതി . സുഖമുള്ള വായന സമ്മാനിച്ചതിനു നന്ദി

    ReplyDelete
  31. ഒരു കോച്ചു വള്ളത്തില്‍ ഓളങ്ങളില്‍ ആടിയാടി പോകുന്നതിന്റെ ഒരു സുഖം... ഹോ...

    ReplyDelete
  32. എത്രയെത്ര സന്തോഷങ്ങളും,ദു:ഖങ്ങളും,പ്രണയങ്ങളും,...,..,ഒളിമങ്ങാത്ത ഓർമ്മകളാണെനിക്ക് ആ പുഴയുടെ ഓളങ്ങളും തീരങ്ങളും തന്നിരിക്കുന്നത്...അമ്മവീടിനടുത്തുള്ള കരുവന്നൂർ പുഴ..!
    ആ മനോഹരമായ സ്മരണകളിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭായിയുടെ വളരേ നൊസ്റ്റാൾജിക്കായി പകർത്തിയ ഈ ചാലിയാറിലെ തുഴച്ചിലുകൾ ..കേട്ടൊ ഭായ്

    ReplyDelete
  33. നല്ല വിവരണം.
    ജലീല്‍ കൂളിമാട് മാധ്യമത്തിലുള്ള ജലീല്‍ ആണോ?

    ReplyDelete
  34. നല്ല വിവരണം......ചാലിയാറും,ഭാരതപ്പുഴയും , പെരിയാറുമൊക്കെ മനസിലൂടെ കടന്നു പോയി. പുഴകള്‍ മരിക്കുന്നുണ്ടാകാം ...പക്ഷെ പുഴകളെക്കുറിച്ചുള്ള ഓര്‍മ്മകള്‍...അതിനു മരണമില്ല...

    ReplyDelete
  35. എന്‍റെ മനസു എന്നെയങ്ങ് കൊല്ലെടോ -അത്രയും നന്നായിട്ടുണ്ട് -ഇനി എന്തിനാ

    ReplyDelete
  36. മയ്യഴിപ്പുഴയില്‍ കൂടി ചെറുപ്പത്തിലെന്നോ ഞാനും യാത്ര ചെയ്തിരിക്കണം.കാരണം അക്കരെ കടക്കാന്‍ ഞങ്ങള്‍ക്കന്ന് പാലം ഉണ്ടായിരുന്നില്ല.
    ബോട്ട് യാത്രകളും ഞാനേറെ ഇഷ്ടപ്പെടുന്നു.ചെറുവാടിയുടെ ഈ തോണിയാത്ര ശരിക്കും ആസ്വദനീയമായി..

    ReplyDelete
  37. ചാലിയാരിലൂടെയുള്ള തോണിയാത്ര..ശരിക്കും ഒരു അനുഭൂതിയോടെ വായിച്ചു. നാനും ചാലിയാറില്‍ വെറുതെ തോണിയില്‍ പോയിട്ടുണ്ടെ. പക്ഷെ ചെറുവാടിയുടെ പോലെ നീണ്ട യാത്രയല്ലട്ടോ..

    വിവരണവും, ഫോട്ടോകളും ഉഷാര്‍

    ReplyDelete
  38. പ്രവാസ ജീവിതത്തിന്റെ മടുപ്പില്‍ ....വിറങ്ങലിച്ച പല്ലുകള്‍ കൂട്ടിയിടിക്കുന്ന തണുപ്പിലും ചുട്ടു പൊള്ളുന്ന ആവിയില്‍ വെന്തുരുകുമ്പോഴും ഓരോ പ്രവാസിയുടെയും മനസ്സില്‍ അറിയാതെ ഉയരുന്ന ഒരു പറുദീസയുടെ ചിത്രമുണ്ട് തന്റെ ഗ്രാമം .. മനസ്സില്‍ ഇളം തെന്നല്‍ പോലെ കുളിര്‍ കോരിയിടുന്ന ..ഒരു തോണി സവാരി.. ആ പുഴവക്കില്‍ ഉലഞ്ഞു നില്‍കുന്ന കേര വൃക്ഷങ്ങള്‍..എല്ലാം ഞാന്‍ .. ഈ പോസ്റ്റില്‍ ആസ്വദിച്ചു...പക്ഷെ തോണിയില്‍ വെച്ചുള്ള പുസ്തക വായന അത് അറിയില്ലായിരുന്നു ഇപ്പൊ മനസിലായി .. ആ ഓള പരപ്പിലൂടെ ഞാനും സഞ്ചരിച്ചു .. അവിടെ ഞാന്‍ പഴയ ഓര്‍മ്മകളിലേക്ക് ഊളിയിട്ടിറങ്ങി .... ഗ്രഹാതുരത്വം നിറഞ്ഞ എഴുത്ത് .. താങ്കളുടെ എഴുത്തുകള്‍ എല്ലാം ലളിതവും സുന്ദരവുമാണ് ... എന്‍റെ മനസില്‍ ഉള്ള ചാലിയാര്‍ ഇങ്ങനെ അല്ലായിരുന്നു പലരും പറഞ്ഞത് പോലെ വിഷലിപ്തമായ ഒരു ചാലിയാര്‍ .. താങ്കളുടെ എഴുത്ത് അതില്‍ നിന്നും എന്നെ മാറ്റി ചിന്തിപ്പിച്ചു ... നന്നായിരിക്കുന്നു ആശംസകള്‍.

    ReplyDelete
  39. ഭാര്യയുടെ വീട്ടിലെത്തിയാല്(അരീക്കോട്) ചാലിയാരിലൊരു കുളി. ഓസിലൊരു തോണി തുഴച്ചില്‍- അറിയില്ലെങ്കിലും- പഞ്ചാര മണലില്‍ ഒരു പന്ത് കളി, വൈന്നേരം അതെ മണലില്‍ കുടുംബവുമായൊരു മഗ്രിബ് നമസ്കാരം, ഇത്തിരി സൊറ , പിന്നെയും ഒരു കുളി. ഇപ്രാവശ്യം അതുണ്ടായില്ല .
    പഞ്ജാര മണലില്ല. പകരം ചളി. പിന്നെ കയങ്ങളും മാത്രം.
    തിരിച്ച് പോരുമ്പോള്‍ ഒരു നൊമ്പരം ബാക്കി...

    നന്നായി, എഴുത്ത്

    ReplyDelete
  40. കൊതിപ്പിച്ചു കളഞ്ഞല്ലോ ചെറുവാടീ....
    ഇനി നാട്ടില്‍ പോകുമ്പോ പറയണം -ഇതേ പോലെ ഒരു യാത്രക്ക് എന്നെയും കൂട്ടുമോ? (കാര്യമായിട്ടു ചോദിക്കുവാ)സിഗരറ്റും നോവലും ഒന്നും കൂട്ടുവേണ്ട. ചുറ്റുപാടും നോക്കി ഇരുന്നാല്‍ തന്നെ സിഗരറ്റ് വലിച്ച ക്ഷീണവും നോവല്‍ വായിച്ച ഉന്മേഷവും ലഭിക്കും. ഒപ്പം പോസ്റ്റ്‌ എഴുതാന്‍ ഉള്ള ആശയവും!
    വളരെ ലളിതമായ അവതരണത്തിലൂടെ ചാലിയാര്‍ സമ്മാനിച്ച ചെറുവാടി എന്ന മലര്‍വാടി ക്ക് നന്ദി.
    ഓടോ: ഒരു സംശയം- ആ ചാലിയാര്‍ ഇപ്പോഴും അവിടെ ഉണ്ടോ?

    ReplyDelete
  41. ചാലിയാറ് എപ്പോഴും ഒരു നെഗറ്റീവ് ഫീലിങ്ങാണ് മുന്‍പ് തന്നിരുന്നത്.. ഇങ്ങനെ സുഖമുള്ള ഓര്‍മ്മകളും ഉണ്ട് അല്ലേ ?

    ReplyDelete
  42. ഓര്‍മ്മകളുടെ തീരത്തിരുന്ന് കൊഴിഞ്ഞു പോയ ബാല്യാനുഭവങ്ങളുടെ ചെറുകല്ലുകള്‍ വീണ്ടും പെറുക്കിയെടുത്ത് മറവിയുടെ കൈകളിലേക്ക് വീണ്ടും
    വെറുതെ എറിയുമ്പോള്‍ മനസില്‍ നോവിന്റെ ചെറുതരി സുഖവുമായി....

    ചെറുവാടീ നിന്റെ തോണിയാത്ര എന്നില്‍ ഒത്തിരി നൊസ്റ്റാള്‍ജിക്ക് ഓര്‍മ്മകള്‍ ഉണര്‍ത്തി...

    ReplyDelete
  43. കലക്കി ആശാനെ. ഞാനും സന്ജരിച്ചു താങ്കളുടെ കൂടെ. ആ പുഴക്കരയിലെ ചായയും നെയ്യപ്പവും കഴിച്ചു. ആ തോണിയില്‍ കിടന്നു മാനം കണ്ടു.

    സരളമായമായ വാക്കുകളിലൂടെ ചാലിയാറിനെ വായനക്കാരന്റെ അനുഭവമാക്കി.

    ReplyDelete
  44. വളരെ മനോഹരമായി വിവരിച്ചു.നല്ല സുഖമുള്ള വായന.ചിത്രങ്ങളും കണ്ണിനു കുളിർമ്മ നൽകുന്നു.

    ReplyDelete
  45. @ അക്ബര്‍ ,
    ചാലിയാര്‍ എങ്ങിനെ നിങ്ങളുടെതല്ലാതാവും. നമ്മുടെ സ്വന്തം പുഴയല്ലേ.
    നന്ദി. ആദ്യം എത്തിയതിനു. അത് ചാലിയാറിന്റെ അടുത്തായത് കൊണ്ടാവും അല്ലെ..?
    @ ഷുക്കൂര്‍,
    അതെ റയോണ്‍സ് മാനേജ്മെന്റ്റ് ധിക്കാരം തന്നെയാണ് കാണിച്ചത്.
    പിന്നെ വിശദമായ വായനക്കും ഇഷ്ടപ്പെട്ടതിനും നന്ദി
    @ ജാസ്മികുട്ടി
    തോണിയാത്ര ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം ജാസ്മികുട്ടി.
    പിന്നെ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ എരുവ് കൂടുതല്‍ വേണം. അതുകൊണ്ട് അടുത്ത റെസീപി ഇടുമ്പോള്‍ എരുവുള്ള ഫുഡിന്റെത് ഇട്.
    @ നാമൂസ്,
    നന്ദി നാമൂസ്. നിങ്ങള്‍ക്കൊക്കെ ഇഷ്ടായി എന്നറിയുന്നത് സന്തോഷം തന്നെ. കരഞ്ഞിട്ടും കാര്യമില്ലാതെ പുഴകള്‍ മരിക്കുന്നു.
    @ ചാണ്ടികുഞ്ഞു.
    അതെ ചാണ്ടിച്ചാ. അതൊരു സുഖമുള്ള നോവ്‌ തന്നെ. നന്ദി ഒരുപാട്.
    @ നൗഷാദ് കൂടരഞ്ഞി.
    കൂടരഞ്ഞിയില്‍ നിന്നും എങ്ങിനെ മപ്രത്തെതി..? നന്ദി ഈ വരവിനു വായനക്ക് പിന്നെ കൂട്ട് കൂടിയതിനു
    @ ആറങ്ങോട്ടുക്കര മുഹമ്മദ്‌.
    ഒരുപാട് നന്ദി മുഹമ്മദ്‌ ഭായ്. ഇവിടെ കണ്ടത്തില്‍, പോസ്റ്റ്‌ വായിച്ചതിനും അഭിപ്രായത്തിനും. പ്രോത്സാഹനം തുടര്‍ന്നും ഉണ്ടാകുമല്ലോ.
    @ ഫൈസു മദീന,
    അഞ്ചു രൂപയുടെ കാലം പോയെടാ പഹയാ. നീ കൂടെ വാ അടുത്ത അവധിക്ക്‌. ഞണ്ട്കറി ഇല്ലേലും നല്ല പുഴമീന്‍ തരാം. ചാലിയാറില്‍ നിന്നും പിടിച്ചത്.
    @ രമേശ്‌ അരൂര്‍,
    പുഴ ഓര്‍മ്മകളില്‍ ഇല്ലാത്തവര്‍ ചുരുക്കമാ അല്ലെ. ആ കൈതപ്പുഴ എനിക്കും കാണണം. അവിടത്തെ ഓര്‍മ്മകളും പങ്കുവയ്ക്കൂ.
    @ അസീസ്‌.
    നന്ദി സുഹൃത്തേ. ഇവിടെ വന്നതിനും വായനക്കും. സന്തോഷം

    ReplyDelete
  46. @ സുബൈര്‍ കൊവ്വ
    നന്ദി സുബൈര്‍. വായനക്കും ഫോളോ ചെയ്യുന്നതിലും.
    @ വീ കെ
    ആ ഓര്‍മ്മകളിലേക്ക് നിങ്ങള്‍ എത്തി എങ്കില്‍ എനിക്ക് സന്തോഷം വീകെ, നന്ദി വായനക്ക്
    @ മുനീര്‍ എന്‍ പി
    നന്ദി മുനീര്‍. നിങ്ങളുടെ വായനയും അഭിപ്രായവും പ്രോത്സാഹനവും തുടര്‍ന്നും ഉണ്ടാകുമല്ലോ. ഈ നല്ല വാക്കുകള്‍ക്കു ഒത്തിരി നന്ദി.
    @ ജിഷാദ്,
    തേങ്ങ കട്ട കഥ എഴുതാമോ. ഇല്ലെങ്കില്‍ അതുപോലൊരെണ്ണം ഞാന്‍ തട്ടും. നന്ദി ജിഷാദ്.
    @ നസീഫ് അരീക്കോട്
    അരീക്കോടാവുമ്പോള്‍ ചാലിയാര്‍ ഒഴുകി നിങ്ങളെ കഴിഞ്ഞേ എന്റടുത്തു എത്തൂ. നന്ദി യാത്ര ഇഷ്ടായത്തിനു
    @ മുല്ല,
    നന്ദി മുല്ല. ഈ പോസ്റ്റിലൂടെ നിങ്ങള്‍ ചാലിയാര്‍ അറിഞ്ഞു എന്നറിയുന്നത് സന്തോഷകരം.
    പിന്നെ പ്രവാസം ഇവിടെ തട്ടണം. വിഷയം കിട്ടാതെ വരുമ്പോള്‍. :) അത് നിങ്ങള്‍ പബ്ലിഷ് ചെയ്ത ഷോക്കില്‍ ആണ് ഞാനും.
    മുകില്‍.
    പോസ്റ്റ്‌ ഇഷ്ടപ്പെടത്തില്‍ സന്തോഷം മുകില്‍. അടി കുറെ കിട്ടിയത് സത്യം തന്നെ. അതൊരു കാലം.
    @ ജുവൈരിയ.
    നന്ദി ജുവൈരിയ . ഇന്യിയും ഈ വഴി എത്തുമല്ലോ.
    @ ഹൈന,
    സത്യം പറഞ്ഞാല്‍ എന്നും കിട്ടുമായിരുന്നു. പക്ഷെ നിനക്ക് കിട്ടിയതില്‍ നിന്നും രണ്ടെണ്ണം കുറച്ചാല്‍ എനിക്ക് കിട്ടിയതിന്റെ കണക്കി കിട്ടും.
    @ നൌഷു,
    നന്ദി സുഹൃത്തേ. നാട്ടില്‍ പോയി വന്ന ഫോട്ടോസ് എല്ലാം എടുത്തു വീശു.

    ReplyDelete
  47. അല്പം ജോലി തിരക്കില്‍ പെട്ട് . വരാന്‍ വൈകി
    എന്നാലും ആദ്യത്തെയും അവസാനത്തെയും ചിത്രങ്ങള്‍
    മാത്രം മതി മനസ്സു ഒന്ന് തണുക്കാന്‍.നന്ദി ചെറുവാടി
    ഈ യാത്രക്ക്.ഒപ്പം അന്നത്തെ അപകടത്തില്‍ നിന്നു
    രഷപെടുതിയത്തിനു ദൈവത്തോടും...

    ReplyDelete
  48. ഓർമ്മകളുടെ തീരത്തേയ്ക്ക് ഒരു തോണിയാത്ര... കൊതി തോ‍ന്നിപ്പോയി ചെറുവാടീ... നന്ദി.

    ReplyDelete
  49. നല്ല ഓര്‍മ്മക്കുറിപ്പ്. ശരിക്കും ആസ്വദിച്ചു.

    ReplyDelete
  50. നന്നായിരിക്കുന്നു..
    ആശംസകള്‍ ...
    പക്ഷെ ഇന്ന് ആ പുഴയില്‍ തോണി യെക്കാള്‍ കൂടുതല്‍ ലോറികളാ..

    ReplyDelete
  51. @ ആചാര്യന്‍ ,
    ഗ്രൂപ്പ് രസകരമാണ് ആചാര്യന്‍. കുറെ പുതിയ സുഹൃത്തുക്കള്‍. നല്ല അഭിപ്രായത്തിനു നന്ദി.
    @ ഹഫീസ്,
    ശരിയാണ് ഹഫീസ്. എല്ലാരുടെയും മനസ്സിലും ചെറിയോരു പുഴ ഒഴുകുന്നുണ്ട്. സന്തോഷം നല്ല വാക്കുകള്‍ക്കു.
    @ ശ്രീനാഥന്‍ ,
    ചാലിയാര്‍ ഇപ്പോള്‍ ശുദ്ധമാണ്. പക്ഷെ പുഴ നശിക്കുന്നു. നന്ദി.
    @ റാഫി,
    നന്ദി. വായനക്ക്.
    @ പട്ടേപ്പാടം റാംജി,
    റാംജി ഭായുടെ അഭിപ്രായങ്ങള്‍ എന്നും എനിക്ക് പ്രോത്സാഹനമാണ്. ഒരുപാട് നന്ദി.
    @ അനില്‍ കുമാര്‍
    നന്ദി അനില്‍ ഭായ്. ഇഷ്ടപ്പെട്ടതില്‍ സന്തോഷം. ഫോട്ടോസ് സുഹൃത്തുക്കള്‍ തന്നത്.
    @ pushpamgad ,
    ഈ പേര് ഇപ്പോഴും ഇംഗ്ലീഷില്‍ എഴുതേണ്ടി വരുന്നു. :)
    ഒരുപാട് നന്ദിയുണ്ട്. സ്ഥിരമായ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും പ്രോത്സാഹനത്തിനും.
    @ വര്‍ഷിണി,
    നിങ്ങളുടെ പോസ്റ്റുകളിലെ ഹൃദ്യമായ ഭാഷ അഭിപ്രായത്തിലും ആസ്വദിക്കുന്നു. നന്ദി.
    @ മിജുല്‍,
    എന്നാല്‍ ടിക്കറ്റ് ബുക്ക്‌ ചെയ്തോള്ളൂ. എന്റെതും കൂട്ടി. നന്ദി ട്ടോ നല്ല വാക്കുകള്‍ക്കു.

    ReplyDelete
  52. ഇന്ന് ആ ഓര്‍മ്മകളിലൂടെ തിരിച്ചു തുഴയുമ്പോള്‍ അന്ന് കിട്ടിയ അടിയുടെ ചൂട് ഇപ്പോഴും ആറാതെയുണ്ട്....

    എങ്കിലും, വായനക്കാരന്റെ മനസ്സില്‍ കുളിരുകോരിയിടാന്‍ ചെറുവാടിയുടെ എഴുത്തിനു കഴിഞ്ഞു. അഭിനന്ദനങ്ങള്‍

    ReplyDelete
  53. ചെറുവാടി സാറേ,,
    മനോഹരമായി എഴുതി.
    പുഴയും പുഴയോരവുമൊക്കെ വായിക്കാന്‍ ഏറെ ഇഷ്ടമാണെങ്കിലും പുഴയെ എനിക്ക് പേടിയാണ്,
    തോണിയില്‍ ഒരൊറ്റ പ്രാവശ്യമേ കേറിയിട്ടുള്ളു..

    ReplyDelete
  54. വീണ്ടും മനോഹരമായ ഒരു ഓര്‍മ്മക്കുറിപ്പും കൂടി :)

    ReplyDelete
  55. ആ ഓര്‍മകള്‍ക്ക് പോലും എന്ത് സുഗന്ധം, യാത്രയുടെ കാര്യം പിന്നെ പറയണോ..
    എനിക്ക് ചാലിയാര്‍ എന്നാല്‍ ഫാറൂക്ക് പുഴയായിരുന്നു. കല്യാണം കഴിച്ചപ്പോള്‍ അവളുടെ ഉമ്മവീട് കൊടിയത്തൂര്‍ ആയതിനാല്‍ നിങ്ങള്‍ പറഞ്ഞ എല്ലാ കടവും കമ്പനിയും കണ്ടിട്ടുണ്ട്. യാത്ര രസകരമായി, ഓര്‍മകളും..!

    ReplyDelete
  56. ആഹ ഹാ!!
    മനോഹരം ഈ യാത്ര!!
    മനസ്സില്‍ തട്ടി എഴുതുന്നത് കൊണ്ടാവാം എല്ലാ വിവരണങ്ങള്‍ക്കും നല്ല നോസ്ടല്ജിക് ഫീലിംഗ്.
    ഇതും മറിച്ചല്ല. ഈ യാത്ര ബഹുകേമമായി. ഒരു അടിയൊക്കെ കിട്ടിയാലെന്താ അല്ലേ?
    അക്ബര്‍ ഇക്ക എന്ത് പറയുന്നു എന്ന് സ്പെഷ്യല്‍ ആയി നോക്കി.

    ReplyDelete
  57. @ ഹംസ,
    ചാലിയാറിലെ ആ ദുരന്തം എന്റെയൊരു സ്വകാര്യ ദുഃഖം കൂടിയാണ് ഹംസക്ക. നന്ദി. സന്തോഷം .
    @ കിരണ്‍ ,
    നന്ദി കിരണ്‍. വായനക്കും അഭിപ്രായത്തിനും .
    @ മുരളീ മുകുന്ദന്‍ ബിലാത്തിപട്ടണം
    പുഴക്കരയിലെ ഓര്‍മ്മകള്‍ക്ക് പ്രണയം കൂട്ടാവുമ്പോള്‍ നല്ല വിരുന്നാവും അല്ലെ ..? അതെഴുതൂ. നല്ല വാക്കിനു നന്ദി. സന്തോഷം
    @ സാജിദ് കെ എ
    നന്ദി സാജിദ്.
    ജലീല്‍ കൂളിമാടിനെ പരിചയമില്ല . ഗൂഗിളില്‍ നിന്നും കിട്ടിയതാണ്.
    @ ഹാഷിക്ക്
    നന്ദി ഹാഷിക്ക്. വന്നതിലും വായനക്കും കൂട്ടുകൂടിയത്തിനും .
    @ അജി ,
    നിനക്ക് ഒരു നന്ദിയുടെ ആവിശ്യമേ ഇല്ല . എന്നാലും ഇരിക്കട്ടെ
    @ മേയ് ഫ്ലവര്‍ ,
    മുകുന്ദന്റെ നോവല്‍ മുതല്‍ മയ്യഴി പുഴ എനിക്കും കാണണമെന്നുണ്ട് . വായനക്കും ഇഷ്ടപ്പെട്ടതിനും നന്ദി. സന്തോഷം
    @ ഇളയോടന്‍ ,
    നന്ദി സുഹൃത്തേ . വായനക്കും ഈ നല്ല അഭിപ്രായത്തിനും. തുടര്‍ന്നും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു .

    ReplyDelete
  58. ചാലിയാറിലൂടെ ഉള്ള യാത്ര മനോഹരമായി. ഞങ്ങള്‍ക്കും ഉണ്ട് പുഴ അരികില്‍ പക്ഷെ ഇതുപോലെ തോണിയാത്ത്രക്കൊന്നും പറ്റില്ല! മഴക്കാലത്ത് ഒഴുക്കുകൊണ്ടും വേനലില്‍ നീര്‍ച്ചാല് മാത്രമായി രൂപം മാറുന്നത് കൊണ്ടും!.

    ചിത്രങ്ങളും മനോഹരം.

    ReplyDelete
  59. തോണിയില്‍ കുളിര്‍ക്കാറ്റേറ്റ്,നോവല്‍ വായിച്ച്,മീന്‍ പിടിച്ച്,തുഴഞ്ഞുള്ള യാത്ര-ഹായ്-വായിച്ചിട്ട് കൊതി തോന്നി.

    ReplyDelete
  60. നന്നായിരിക്കുന്നു...ചാലിയാര്‍ പുഴ........

    ReplyDelete
  61. @ ഉമ്മു അമ്മാര്‍ ,
    യോജിക്കുന്നു അമ്മു അമ്മാര്‍, ഗ്രാമവും നദിയും എല്ലാം ഓരോ പ്രാവാസിയുടെയും മനസ്സിലെ ഗൃഹാതുര ഓര്‍മ്മകളാണ്. ഒത്തിരി നന്ദി വായനക്കും അഭിപ്രായത്തിനും.
    @ ഒ എ ബി
    ശരിയാണ് OAB , തീരങ്ങള്‍ ഇപ്പോള്‍ കാണാനില്ല. ചളിയും കുഴിയും മാത്രം. നന്ദി ഇവിടെ വതിനും അഭിപ്രായത്തിനും.
    @ ഇസ്മായില്‍ കുറുംമ്പടി,
    നമുക്കൊരു യാത്ര ഒപ്പിക്കാം തണലേ. പുഴ ഇപ്പോഴും അവിടെയുണ്ട്. പഴയ പ്രതാപം ഇല്ലെങ്കിലും. ഒരുപാട് നന്ദിയുണ്ട്. നല്ല വാക്കിനും പ്രോത്സാഹനത്തിനും.
    @ കാര്‍ന്നോര്‍,
    നല്ല ഓര്‍മ്മകളും ഒരുപാട് പറയാനുണ്ട് ചാലിയാറിന്. ഇപ്പോള്‍ അങ്ങിനെയല്ല എന്ന് പറഞ്ഞാലും തെറ്റില്ല. നന്ദി .
    @ റിയാസ് മിഴിനീര്‍ തുള്ളി.
    നന്ദി ചങ്ങായീ. നീ ഇപ്പോള്‍ വിവാഹ വാര്‍ഷികത്തിന്റെ മൂടിലല്ലേ. ഒരു ആശംസ ഇവിടെനിന്നും അറിയിക്കുന്നു.
    @ സലാം പൊറ്റെങ്ങല്‍,
    നന്ദിയുണ്ട് സലാം ഭായ്. തോണിയാത്രയില്‍ സന്തോഷത്തോടെ കൂടെ കൂടിയതിനു.
    @ മൊയിദീന്‍ angadimugar ,
    പോസ്റ്റ്‌ ഇഷ്ടായി എന്നറിഞ്ഞതില്‍ നിറഞ്ഞ സന്തോഷം. നന്ദി.

    ReplyDelete
  62. good article. skipped all through.
    keep writing.

    ReplyDelete
  63. ചിത്രങ്ങളും എഴുത്തും മനോഹരമായി . നല്ല കുളിര് പകരുന്ന , അസൂയ ജനിപ്പിക്കുന്ന അനുഭവം

    ReplyDelete
  64. ഫറോക്ക് പാലത്തിനടിയിലൂടെ നിറഞ്ഞൊഴുകുന്ന ചാലിയാർ കാണുമ്പോഴൊക്കെ ആഗ്രഹിച്ചിരുന്നു അതിന്റെ തീർത്തിറ്രങ്ങി കാലൊന്ന് നനയ്ക്കണമെന്ന് മൂന്നു വർഷം കോഴിക്കോട്ട് ഉണ്ടായിട്ടും കഴിഞ്ഞില്ല.

    ചെറുവാടിയിട്ട ചിത്രങ്ങളും എഴുത്തും എനിക്ക് വല്ലാത്ത ഗൃഹാതുരത്വം സമ്മാനിച്ചു. നന്ദി.

    ReplyDelete
  65. @ എന്റെ ലോകം ,
    നന്ദി സുഹൃത്തേ . പഴയ ചാലിയാറിന്റെ സൌന്ദര്യം ഇപ്പോള്‍ ചിത്രങ്ങളിലെ കാണാന്‍ പറ്റൂ . നല്ല മനസ്സിന് നന്ദി.
    @ പള്ളിക്കരയില്‍,
    കൊതി മനസ്സില്‍ വെച്ചിരിക്കരുത് പള്ളിക്കരയില്‍ . ഒരു യാത്ര ആവാലോ . നന്ദിയുണ്ട് വരവിനും വായനക്കും
    @ കേരളദാസനുണ്ണി
    നന്ദി സുഹൃത്തേ. വായനക്കും ഇഷ്ടപ്പെട്ടതിനും.
    @ ജാസര്‍,
    വളരെ ശരിയാണ് ജാസര്‍ . ഇപ്പോള്‍ തോണിക്ക് പകരം നിറയെ ലോറികളാ . നന്ദി വായനക്കും സന്ദര്‍ശനത്തിനും.
    @ സ്വപ്ന സഖി
    ഒരുപാട് നന്ദി. വന്നതിലും എഴുത്ത് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിലും. ഇനിയും പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.
    @ ബദര്‍ ,
    നന്ദി ബദര്‍. വീണ്ടും വരുമല്ലോ.
    @ എക്സ് പ്രവാസിനി
    നന്ദി ട്ടോ നല്ല വാക്കുകള്‍ക്കു. കറങ്ങി തിരിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയോ..?
    @ രഞ്ജിത്ത്.
    നന്ദി സന്തോഷം രഞ്ജിത്ത്
    @ സലിം ഈ പി
    അപ്പോള്‍ കൊടിയത്തൂര്‍ ബന്ധം ഉണ്ടെങ്കില്‍ നമ്മള്‍ കൂടുതല്‍ അടുത്ത് അല്ലെ.ചെറുവാടിയും തൊട്ടടുത്ത്‌ തന്നെയാണല്ലോ. നന്ദി .
    @ ഹാപ്പി ബാച്ചിലേഴ്സ്
    നിങ്ങള്‍ വന്നാല്‍ എല്ലാവരുടെയും പോസ്റ്റിലെ കമ്മന്റില്‍ ഒച്ചയും ബഹളവും കാണും. എനിക്കിഷ്ടാണ് അത്.
    പിന്നെ ഈ അഭിപ്രായത്തിനും ഒത്തിരി നന്ദി ബാച്ചീസ്. നിങ്ങള്‍ പറഞ്ഞത് ശരിയാണ്. അക്ബര്‍ക്ക പറയണം നന്നായോ എന്ന് .വിഷയം ചാലിയാര്‍ ആകുമ്പോള്‍ പ്രത്യേകിച്ചും.

    ReplyDelete
  66. @ തെച്ചിക്കോടന്‍ ,
    ഇപ്പോള്‍ എല്ലാ പുഴകളുടെയും അവസ്ഥ അതുതന്നെ. നന്ദി . വായനക്കും നല്ല അഭിപ്രായത്തിനും.
    @ ജ്യോ
    നല്ല രസമുള്ളൊരു യാത്ര തന്നെയായിരുന്നു അത്. നിങ്ങള്‍ക്കിഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം.
    @ പ്രിയദര്‍ശിനി.
    നന്ദി ട്ടോ . ഇനിയും വരുമല്ലോ ഈ വഴി.
    @ ഇസ്ലാമികം.
    നന്ദി. വായനക്കും പ്രോത്സാഹനത്തിനും.
    @ വിഷ്ണു.
    പരസ്യമായി മാനം കേടുതല്ലെടാ ദ്രോഹീ. വെച്ചിട്ടുണ്ട് നിനക്ക്.
    @ അബ്ദുല്‍ ഖാദിര്‍ കൊടുങ്ങല്ലൂര്‍
    നന്ദി ഖാദിര്‍ സാഹിബ്, ഈ പ്രോത്സാഹനത്തിനു.
    @ എന്‍ ബി സുരേഷ്.
    നന്ദി സുരേഷ് ഭായ് ഇവിടെ കണ്ടതിലും വായനക്കും ഇഷ്ടപ്പെട്ടതിലും. ഒത്തിരി സന്തോഷം.

    ReplyDelete
  67. ഫാറൂഖ് കോളേജില്‍ പഠിക്കുമ്പോള്‍ “മുറപ്പെണ്ണ്” എന്ന സിനിമയുടെ ഷൂട്ടിങ്ങ് കാണാന്‍ ഒളവണ്ണയിലേയ്ക്കൊരു തോണി യാത്ര ഞാനും ചെയ്തിരുന്നു.( എനിക്ക് അന്നും ഇന്നും നീന്താനറിയില്ല!).പിന്നെ ഈ തോണിയാത്രക്കിടയിലെ പുസ്തക വായന പുതിയൊരു അറിവാണ്.ചൂണ്ടലിട്ടു മീന്‍ പിടിച്ചു വറുത്തു തിന്നാന്‍ രസമായിരിക്കും.

    ReplyDelete
  68. പണ്ട് കോളെജില്‍ പഠിക്കുമ്പോള്‍ മേട്രന്റെ കണ്ണു വെട്ടിച്ച് പോവാറുണ്ടായിരുന്നു ചാലിയാറിന്റെ തീരത്ത്........നൊസ്റ്റള്‍ജിയ..നൊസ്റ്റള്‍ജിയ.......:) വഴിയില്‍ പറഞ്ഞപോലെ ഉപ്പുനെല്ലിക്ക വാങ്ങിത്തിന്ന ഒരു കടയുണ്ടായിരുന്നു.

    ReplyDelete
  69. അതി മനോഹരം എന്ന് പറഞ്ഞാല്‍ ഒരിക്കലും കുറവാകില്ല.
    കാരണം അത്ര രസകരമായി പറഞ്ഞു.
    പുഴയും കടവും എല്ലാം ഭംഗിയായി ഞാങ്ങളിലെക്കെതിച്ചു.
    കൂടെ യാത്ര ചെയ്ത പ്രതീതി തോന്നി. യാത്ര എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്.
    അത് ഇത്തരം സുന്ദരമായ സ്ഥലത്ത് കൂടെ ആവുമ്പോള്‍ അതിലേറെ ഹരവും ആവും.
    എന്റെയും സ്വപ്നങ്ങളില്‍ ഒന്നാണ് താങ്കള്‍ നടത്തിയ ആ യാത്ര.

    ReplyDelete
  70. പാലക്കാട്‌ പുഴ പോയിട്ട്‌ ഒരു കുളം പോലും ഇപ്പോള്‍ ശരിക്ക്‌ കാണാന്‍ കിട്ടില്ല! അതു കൊണ്ട്‌ തോണി യാത്ര ഒക്കെ ഞങ്ങള്‍ക്ക്‌ ഇതു പോലെ ചിത്രങ്ങളിലേ ഉള്ളൂ..അല്ലെങ്കില്‍ മലമ്പുഴ ഡാമിലെ ബോട്ട്‌ സവാരി..എങ്കിലും ആദ്യമായി ഞാന്‍ തോണിയില്‍ കയറിയത്‌ (തോണി എന്നല്ല അതിനെ പറയണ്ടത്‌, ഒരു വല്യ കുട്ട ആണു അത്‌)കോളെജിലെ വര്‍വാഷവസാന വിനോദയാത്രയില്‍ ആയിരുന്നു. അതു ത്രിവെണീ സംഗമത്തിലെക്കുള്ള യാത്ര!.വലിയ ധൈര്യത്തില്‍ ചരിത്രത്തിലെക്കു നടന്നു കയറുന്ന ഭാവത്തില്‍ ആയിരുന്നു, ഞാന്‍ കൂട്ടുകാരൊപ്പം കുട്ട കയറിയത്‌. ഹൊഗാനിക്കല്‍ എന്നു ആണ്‌ എന്നു തൊന്നുന്നു ആ സ്ഥലത്തിന്റെ പേരു. ഈ സാധനം വട്ടത്തില്‍ ആണു കറങ്ങുന്നത്‌. കുട്ട തുഴയുന്ന ആള്‍ എതൊ ഒരു ഭാഷയില്‍ പരഞ്ഞു നല്ല അടിയൊഴുക്കുള്ള സ്ഥലം ആണു എന്നു. അയാള്‍ അതു തന്നെ ആവണം പറഞ്ഞത്‌..!..:) ദൈവത്തൊട്‌ ഒരു പക്ഷെ ഞാന്‍ അന്നു നേരില്‍ സംസാരിച്ചിരിക്കും..അല്ലെങ്കില്‍ ആ തുഴക്കാരനില്‍ മാത്രമായിരിക്കും അപ്പോള്‍ ഞാന്‍ ദൈവ സാന്നിദ്ധ്യം അറിഞ്ഞത്‌! കുട്ട ഒരു വിധം കരയില്‍ അടുത്തപ്പോള്‍ ചാടി ഇറങ്ങി ഒരു ഓട്ടം ആയിരുന്നു! ചരിത്രത്തില്‍ നിന്നുള്ള ഇറങ്ങിയോട്ടം! അന്നു മുതല്‍ ഇന്നേ വരെ..തോണി/ബോട്ട്‌ ഇതൊക്കെ കാണാന്‍ മാത്രമെ എനിക്കിഷ്ടമുള്ളൂ. :) അതു കൊണ്ടു തെല്ലു അസൂയയൊടെ തന്നെ ഈ തോണിയാത്രയുടെ കൂടെ കൂടി !

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....