Wednesday, December 29, 2010

ബൂലോക പുതുവര്‍ഷ ചിന്തകള്‍

ബൂലോകത്തും ഒരു പുതുവര്‍ഷം പിറക്കുകയല്ലേ... എല്ലാവരും പുതുവർഷത്തെ വരവേൽക്കുന്ന തിരക്കിലാകും.എനിക്കും ഇതൊരു സന്തോഷത്തിന്‍റെ നിമിഷമാണ്. ബ്ലോഗ്ഗിങ്ങില്‍ സജീവമായതിന്(?) ശേഷം ആദ്യമെത്തുന്ന പുതുവര്‍ഷ പുലരി. അപ്പോള്‍ ഈ പോസ്റ്റ്‌ ബൂലോകത്തെ കുറിച്ചാകുമ്പോള്‍ നിങ്ങള്‍ക്കും ഇഷ്ടപ്പെടുമെന്ന് കരുതട്ടെ.

സുഹൃത്തുക്കളെ സമ്പാദിക്കുന്നതില്‍ ഞാൻ പിശുക്കനും, അത് നഷ്ടപ്പെടുത്തുന്നതില്‍ ആർഭാഡനുമാണെന്നാണ് എന്നെ പറ്റി എനിക്കു തോന്നിയിട്ടുള്ളത്. ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലെ എന്‍റെ അലസത ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് ചോദ്യത്തിന് ഇന്നുവരെ ഉത്തരം കണ്ടെത്താൻ എനിക്കു കഴിഞ്ഞിട്ടില്ല. പക്ഷെ മനപൂര്‍വ്വമല്ല എന്നത് സത്യം. തേടിയെത്തുന്ന ക്ഷേമാന്യോഷണങ്ങള്‍ക്ക് ചെവികൊടുക്കാതെ പോകുന്നത്, മെയിലുകള്‍ക്ക് മറുപടി അയക്കാത്തത്, ഇതെല്ലാം പലരെയും തെറ്റിദ്ധരിപ്പിച്ചുവെങ്കില്‍ അതിന്‍റെ ഉത്തരവാദി എന്‍റെ അലസത തന്നെയാണ്. പക്ഷെ എന്നിലുള്ള ഈ ദുശ്ശീലം അടുത്തറിഞ്ഞ് എന്നെ മനസ്സിലാക്കാൻ കഴിയുന്ന ചില സുഹൃത്തക്കളങ്കിലും എനിക്കുണ്ട് എന്നത് എന്‍റെ ഭാഗ്യം തന്നെയാണ്. അതുകൊണ്ട് തന്നെ അവർ ഇപ്പോഴും എന്‍റെ കൂടെയുണ്ട്.

പക്ഷെ ഇപ്പോഴതല്ല കാര്യം. ബ്ലോഗിങ്ങ് എന്ന ലോകത്തേക്ക് കയറാന്‍ ഞാന്‍ കീബോര്‍ഡില്‍ കയ്യമര്‍ത്തിയതുമുതല്‍ സൗഹൃദത്തിന്‍റെ പുതിയൊരു ലോകമാണ് എന്‍റെ മുമ്പില്‍ തുറന്നത്. ഇവിടെ കാണുന്ന സ്നേഹവും സന്തോഷവും പുതിയൊരു നിര്‍വചനം തന്നു. തമ്മില്‍ കാണുമ്പോള്‍ ഒരു ഷേക്ക്‌ ഹാന്‍ഡില്‍ തുടങ്ങി ഒരു കെട്ടിപിടുത്തത്തില്‍ ഒതുങ്ങി ബൈ പറയുന്ന ലൈവ് ഫ്രണ്ട്ഷിപ്പിനേക്കാള്‍ ആഴത്തില്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ എന്നെ കീഴടക്കുന്നു. പരസ്പരം ഇഷ്ടപ്പെടുന്ന ഒരുപാടുപേര്‍. പലരുമായും സംസാരിക്കാന്‍ അല്ലെങ്കില്‍ ചാറ്റ് ചെയ്യാന്‍ പറ്റിയില്ലായിരിക്കാം. പക്ഷെ ഒരു ഹായ് പറഞ്ഞാല്‍ ഏത് തിരക്കിനിടയിലും ഓടിയെത്തുന്ന ദൂരത്തു അവരുണ്ട് എന്നെനിക്കുറപ്പുണ്ട്. ഇതിന്‍റെ വ്യാപ്തി അറിയുന്നവര്‍ തന്നെയാവും നിങ്ങളെല്ലാവരും. ബൂലോകത്ത് ഞാനാര് എന്ന ചോദ്യത്തിന് എന്‍റെ ആദ്യത്തെയും അവസാനത്തെയും ഉത്തരം സമ്പന്നമായ ഒരുപാട് സൗഹൃദത്തിന്‍റെ ഉടമ എന്നാണ്.

പലപ്പോഴും ആലോചിക്കാറുണ്ട് എങ്ങിനെ ഇവിടെയെത്തിപ്പെട്ടു എന്നത്. അല്ലെങ്കില്‍ ഏത് സുകൃതം നിറഞ്ഞ കൈകളാണ് എന്നെ ഇവിടെയെത്തിച്ചത് എന്ന്. തീര്‍ച്ചയായും വായനയോടുള്ള താല്പര്യം തന്നെയാകണം. ഒരു എഴുത്തുക്കാരന്‍ എന്ന രീതിയില്‍ ഞാന്‍ വളര്‍ന്നിട്ടില്ല. ഞാഴുതുന്നത് ഇഷ്ടപ്പെട്ടു എന്ന് നിങ്ങള്‍ പറയുമ്പോള്‍ സന്തോഷിക്കാറുണ്ട്‌. അഭിപ്രായങ്ങളില്‍ നിങ്ങളെനിക്ക് സന്തോഷത്തിന്‍റെ പൂക്കാലം തരാറുണ്ട്. അതില്‍ നിന്നും ഒരു റോസാപൂവെടുത്ത് അതിന്‍റെ മുള്ളുകൊണ്ട് എന്നെ വിമര്‍ശിക്കാറുമുണ്ട്. രണ്ടും എനിക്ക് പ്രോത്സാഹനമാണ്. അതിന്‍റെ സന്തോഷവും ആഹ്ലാദവും ഞാന്‍ മറച്ചുവെക്കുന്നില്ല. എന്നെ വായിക്കുന്നവര്‍, അഭിപ്രായം പറയുന്നവര്‍, വായിച്ചു പോകുന്നവര്‍, വിമര്‍ശിക്കുന്നവര്‍, എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കട്ടെ. ഒപ്പം കമ്മന്റുകളിലൂടെ ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അതിനും ക്ഷമ ചോദിക്കുന്നു.

ഇതൊക്കെയാണേലും വായന തന്നെയാണ് ഈ ബൂലോകത്തിന്‍റെ ബൗണ്ടറിയില്‍ ചുറ്റിപ്പറ്റി നില്‍ക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സമയകുറവു കാരണം എല്ലാം വായിച്ചെടുക്കാന്‍ പറ്റാറില്ല. വായിക്കുന്നതിലെല്ലാം അഭിപ്രായം പറയാനും. പക്ഷെ എല്ലായിടത്തും ഞാന്‍ എത്തി നോക്കാറുണ്ട്. അതെനിക്ക് ഇതുവരെ പിടുത്തം തരാത്ത കവിതകളില്‍ വരെ. മനോഹരമായ കഥകള്‍ വായിച്ചു അതുപോലെ എഴുതാന്‍ പറ്റാത്തതില്‍ അസൂയപ്പെട്ടിട്ടുണ്ട്, കവിതകള്‍ വായിച്ചു മനസ്സിലാവാതെ എന്‍റെ ആസ്വാദന പരിമിതി ഓര്‍ത്ത് ലജ്ജിച്ചിട്ടുണ്ട്, നര്‍മ്മക്കഥകള്‍ വായിച്ചു പരിസരം മറന്നു ചിരിച്ചിട്ടുണ്ട്, യാത്ര വിവരണങ്ങള്‍ വായിച്ച്‌ പല ഗ്രാമങ്ങളിലും പുറം നാടുകളിലും ചുറ്റി കറങ്ങിയിട്ടുണ്ട്, പിന്നെ പാചക വിധികള്‍ വായിച്ച്‌ കെട്ട്യോള്‍ക്ക്‌ സമാധാനം കൊടുക്കാതിരിന്നിട്ടുമുണ്ട്. പല ബ്ലോഗുകളും പോസ്റ്റുകളിലെ മികവും കണ്ടിട്ട് എന്‍റെ ബ്ലോഗ്‌ പൂട്ടി പാസ്സ്‌വേര്‍ഡ്‌ കടലിലെറിഞ്ഞാലോ എന്നും തോന്നിയിട്ടുണ്ട്.

എന്നിട്ടും ഞാന്‍ എഴുതി എന്തൊക്കെയോ. അത് അഹങ്കാരം കൊണ്ടല്ല മറിച്ച് വിമര്‍ശനത്തെ ഉള്‍കൊള്ളാനുള്ള തൊലിക്കട്ടി കൊണ്ടുതന്നെയാണ്. പിന്നെ ബ്ലോഗിങ്ങ് അനുവദിക്കുന്ന വിശാലമായ സ്വാതന്ത്ര്യം. എഴുത്തില്‍ എനിക്ക് പരിമിതികളുണ്ട്. മനസ്സില്‍ വരുന്നത് പേപ്പറിലേക്ക്‌ എന്നതില്‍ കവിഞ്ഞൊരു രചനാ കൗശലം എനിക്കറിയില്ല. അതൊകൊണ്ട് തന്നെ എന്‍റെ തെറ്റുകളെ ചൂണ്ടികാണിക്കുക. അതെന്നോട്‌ ചെയ്യുന്ന നീതിയാണ് എന്ന് ഞാന്‍ കരുതുന്നു.

എഴുത്തിനുപരി ബ്ലോഗിങ്ങ് എനിക്ക് നല്‍കിയത് സ്നേഹവും ആത്മാർഥതയും നിറഞ്ഞ നിങ്ങളേയാണ്.അതുകൊണ്ട് തന്നെ സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും ഈ ബൂലോകത്ത് നിങ്ങളുടെ പ്രിയ കൂട്ടുകാരനായി ഞാനുണ്ടാവും. ഇന്‍ശാ അല്ലാഹ്.
എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.
പ്രാര്‍ത്ഥനകളോടെ
ചെറുവാടി

66 comments:

  1. എല്ലാ ബൂലോക കൂട്ടുകാര്‍ക്കും നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  2. എന്താ ചെറുവാടീ ഇത്..!
    നിരാശപ്പെടാന്‍ മാത്രം എന്തു സംഭവിച്ചു..?
    പുതുവത്സരം ആശംസിച്ചോളൂ.
    കൂട്ടുചേരാന്‍ ഞങ്ങളെല്ലാം ഉണ്ട്.
    പക്ഷെ ഈ നിരാശ,
    അതു ഇവിടാരും സമ്മതിച്ചുതരും എന്നു തോന്നുന്നില്ല..

    ReplyDelete
  3. ഈ അത്മവിമാര്‍ശനത്മകമായ പോസ്റ്റിനു ചെറുവാടിയെ സ്നേഹിക്കുന്ന, ചെറുവാടി തിരിച്ചും സ്നേഹിക്കുന്ന ഒരു കൂട്ടുകാരന്റെ ഒപ്പ്..
    എന്റെ കഥയാണോ പറഞ്ഞത് എന്ന് തോന്നിപ്പോയി...ഇതില്പറഞ്ഞതും കൂടാതെ വേറെ കുറെയും ബലഹീനതകള്‍ എനിക്കുമുണ്ട്...എന്നിട്ടും ഈ ബൂലോകം എന്നെയൊക്കെ സഹിക്കുന്നുണ്ടല്ലോ എന്നോര്‍ക്കുമ്പോള്‍...
    ബൂലോക പുതുവത്സര ആശംസകള്‍..!

    ReplyDelete
  4. പുതു വത്സരാശംസകള്‍ !!!!
    തോന്നുമ്പോലെ എഴുതാനും വേണ്ടെന്നു തോന്നുമ്പോ മായ്ച്ചു കളയാനും സ്വയം ഒരു എഡിറ്റര്‍ ആകാനും ഒക്കെ കഴിയുന്ന ബൂലോകത്ത് പരസ്പരം സന്തോഷവും ദുഖവും പങ്കിടാനും ഉള്ളു തുറന്നു ചിരിക്കാനും മനസ്സിന്റെ ഭാരം ഇറക്കി വെച്ച് അല്‍പ്പ നേരത്തേക്കെങ്കിലും സന്തോഷിക്കാനും പരസ്പരം ഊന്നു വടിയാകാനും നമുക്ക് വരും നാളുകളിലും കഴിയട്ടെ...ഈ ലോകത്ത് നഷ്ട്ടപ്പെട്ടു കൊണ്ടിരിക്കുന്നതെല്ലാം നമുക്ക് ബൂലോകത്ത് നില നിര്‍ത്താം. എന്റെ നാട്ടുകാരനും സുഹൃത്തുമായ മന്‍സൂറിന്റെ രചനകള്‍ എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു....അവന്റെ ഉപ്പയും എന്റെ സുഹൃത്തും ഗുരുനാഥനും ഒക്കെ ആയ അബ്ദു മാസ്റ്റര്‍ അവനിലൂടെ വീണ്ടും എഴുതുന്ന പോലെ.....എല്ലാ വിധ ആശംസകളും...ഷകീബ്.

    ReplyDelete
  5. ചെറുവാടീ..
    മുമ്പൊരിക്കല്‍ ഞാനെഴുതിയിരുന്നു.
    താങ്കളുടെ വരികളിലെ പ്രത്യേകതയെ കുറിച്ച്.
    ഒട്ടും അലോസരപ്പെടുത്താതെ,
    ഒരു ഒഴുക്കുണ്ടതിനു..
    ഒരു സംശയവും വേണ്ടാ..
    നാളത്തെ ചില ദിവസങ്ങള്‍ എങ്കിലും താങ്കളുടെതായിരിക്കും.

    ReplyDelete
  6. ഇതൊക്കെ എല്ലാവര്‍ക്കും തോന്നുന്നതാണ് ചെറുവാടി......... പലരുടേയും ബ്ലോഗുകളില്പോയി ഞാനും അത്ഭുതപ്പെട്ടിട്ടുണ്ട്......... ഈ ഭാവനയൊക്കെ എവിടന്നു വരുന്നു എന്ന്. ഇനിയും നല്ല എഴുത്തുകള്‍ക്കും നല്ല വായനക്കുമായി വരും വര്‍ഷം എല്ലാവര്‍ക്കും നന്മകള്‍ മാത്രം നിറഞ്ഞതാവട്ടെ...........
    പുതുവത്സരാശംസകൾ...........

    ReplyDelete
  7. ഇന്ജ്ജെ ചെറുവാടീ പഹയാ ഇന്ജ്ജ് ഒരു ഒന്നന്നര സംബവാ വെറുപ്പികാതെ എയുതുന്നു ഓരോന്നും എല്ലാം ഒന്നിനൊന്നു മെച്ചം

    ReplyDelete
  8. ഞാന്‍ മനസ്സില്‍ കരുതിയ പല കാര്യങ്ങളും താന്കള്‍ ഇവിടെ പകര്‍ത്തി!
    എന്നാല്‍ നിരാശ നിഴലിക്കുന്ന വരികള്‍ ആവശ്യമില്ല.നൂറു 'അടിപൊളി'സുഹൃത്തുക്കള്‍ ഉണ്ടാകുന്നതിനെക്കാള്‍ നല്ലത് നല്ല രണ്ടു സുഹൃത്തുക്കള്‍ ഉണ്ടാകുന്നതാണ്.
    "സമ്പല്‍മിത്രം ദുര്‍മിത്രം
    ആപല്‍മിത്രം സദ്മിത്രം" എന്നാണല്ലോ ചൊല്ല്.
    നാം നമ്മുടെ വഴി ശരിയാക്കുക. ബാക്കിയൊക്കെ വരുന്നിടത്ത് വച്ച് കാണുക.
    'keep conscious clear. then never fear'
    ആശംസകള്‍!!

    ReplyDelete
  9. എഴുത്തിലൂടെയും വായനയിലൂടെയും ബൂലോകം തുറന്നിടുന്ന സൌഹൃദത്തിന്റെ ലോകം. വായനയിലൂടെ വ്യക്തിത്വങ്ങള്‍ തിരിച്ചറിയുന്നു. സമാന ഹൃദയരെ കണ്ടെത്തുന്നു. ബൂലോകത്തിന്റെ അനന്തവിശാലതയില്‍ സര്‍വ്വരും ഒരു വിരല്‍ തുമ്പിന്‍റെ മാത്രം അകലത്തില്‍.

    എല്ലാ ബൂലോകര്‍ക്കും പുതു വത്സരാശംസകള്‍

    ReplyDelete
  10. ചെറുവാടി, ഞാന്‍ ഇവിടെ പുതിയതാ. എഴുത്തിലും ബ്ലോഗിലും നിങ്ങളെക്കാള്‍ മോശം. എന്നാലും ചെറുവാടി പറഞ്ഞ പോലെ ഒരു പാട് കൂട്ടുകാരെ ദിവസവും കിട്ടുന്നു. ബ്ലോഗു വഴി ഞാന്‍ കണ്ട ഏറ്റവും നല്ല അനുഭവവും ഈ സുഹൃത്ത് ബന്ധം തന്നെ..പിന്നെ ചെറുവാടിയുടെ ബ്ലോഗും മോശമോന്നുമാല്ലട്ടോ.. ബ്ലോഗില്‍ നിങ്ങള്‍ ഒരു 'ചെറു വാടി' അല്ല 'വലിയ വാടി' തന്നെ ആണ്.

    "ബ്ലോഗിങ്ങ് എന്ന ലോകത്തേക്ക് കയറാന്‍ ഞാന്‍ കീബോര്‍ഡില്‍ കയ്യമര്‍ത്തിയതുമുതല്‍ സൗഹൃദത്തിന്റെ പുതിയൊരു ലോകമാണ് എന്റെ മുമ്പില്‍ തുറന്നത്. ഇവിടെ കാണുന്ന സ്നേഹവും സന്തോഷവും പുതിയൊരു നിര്‍വചനം തന്നു. തമ്മില്‍ കാണുമ്പോള്‍ ഒരു ഷേക്ക്‌ ഹാന്‍ഡില്‍ തുടങ്ങി ഒരു കെട്ടിപിടുത്തത്തില്‍ ഒതുങ്ങി ബൈ പറയുന്ന ലൈവ് ഫ്രണ്ട്ഷിപ്പിനേക്കാള്‍ ആഴത്തില്‍ ഓണ്‍ലൈന്‍ സൗഹൃദങ്ങള്‍ എന്നെ കീഴടക്കുന്നു.പരസ്പരം ഇഷ്ടപ്പെടുന്ന ഒരുപാടുപേര്‍. പലരുമായും സംസാരിക്കാന്‍ അല്ലെങ്കില്‍ ചാറ്റ് ചെയ്യാന്‍ പറ്റിയില്ലായിരിക്കാം. പക്ഷെ ഒരു ഹായ് പറഞ്ഞാല്‍ ഏത് തിരക്കിനിടയിലും ഓടിയെത്തുന്ന ദൂരത്തു അവരുണ്ട് എന്നെനിക്കുറപ്പുണ്ട്. ഇതിന്റെ വ്യാപ്തി അറിയുന്നവര്‍ തന്നെയാവും നിങ്ങളെല്ലാവരും"

    പുതുവത്സരാശംസകള്‍,.

    ReplyDelete
  11. എല്ലാ ബ്ലോഗ്‌ പുലികള്‍ക്കും പുതുവത്സരാശംസകള്‍...

    ReplyDelete
  12. ചെറുവാടീ... മുത്തെ ഇങ്ങനെ ഇമേഷണല്‍ ആവാതെടാ എല്ലാം ശരിയാവും .. നീ സബൂറാക്ക്....
    നമുക്ക് ശരിയാക്കി എടുക്കാം ....

    എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ :)

    ( ഇനി കുറച്ച് ദിവസം ഇറങ്ങുന്ന പോസ്റ്റുകള്‍ക്കെല്ലാം പുതുവത്സരാശംസകള്‍ എന്ന് പറഞ്ഞാല്‍ മതിയാവും കമന്‍റ് അല്ലെ.. എല്ലാരും ഇതൊക്കെ തന്നെ അല്ലെ എഴുതുക. അപ്പോ ഇവിടന്നങ്ങ് തുടങ്ങാം അല്ലെ.. )

    ReplyDelete
  13. നന്ദി ചെറുവാടി ഈ വാചകങ്ങള്‍ക്ക്. അല്പം എങ്കിലും വ്യതസ്തമായി
    ചിന്തിക്കുന്നവരും കുറച്ചു എങ്കിലും നല്ല മനസ്സ് ഉള്ളവരും ആയതു കണ്ട്
    ആവും ബ്ലോഗേഴ്സ് പെട്ടെന്ന് മറ്റ് ഉള്ളവരേക്കാള്‍ വേഗം സുഹൃതുക്കാള്‍
    ആവുന്നത്. ഈ അഭിപ്രായം ഒരിക്കല്‍ അജിത്‌ ചേട്ടനും പറഞ്ഞു അദ്ദേഹത്തിന്റെ
    ബ്ലോഗ്ഗില്‍...എനിക്ക് നിങ്ങള്‍ എല്ലാം വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിട്ടാണ്
    അനുഭവപ്പെടുന്നത്.തല്ലും തലോടലും കൂടുതല്‍ നടത്തുന്നത് നല്ല സുഹൃത്തുക്കള്‍
    അല്ലെ.അങ്ങനേ വിശ്വസിക്കാന്‍ ആണ് എനിക്ക് ഇഷ്ടം.പുതു വല്സരത്തിന്റെ
    നന്മകള്‍ എല്ലാവര്ക്കും നേരുന്നു...

    ReplyDelete
  14. എന്റെ പ്രിയപ്പെട്ട കൂട്ടുകാരാ .എനിക്കും എല്ലാവര്കും തോന്നുന്ന ഒരു കാര്യം ആണ് അത്.എന്റെയും ഈ ബ്ലോഗ്‌ ഉലകത്തിലെ ജീവിതത്തില്‍ വളരെയധികം നല്ല കൂട്ടുകാരെ കിട്ടി നിങ്ങലെപ്പോലെയുള്ളത്..അത് കൊണ്ട് ഇനിയും മുന്നോട്ടു ഒന്നിച്ചു പോകാം ഈ ചെറിയ വലിയ ഈ ലോകത്തില്‍ ..പ്രിയപ്പെട്ട കൂട്ടുകാരന് സ്നേഹത്തിന്റെ സന്തോഷത്തിന്റെ പുതുവത്സര ആശംസകള്‍ നേരുന്നു ...

    ReplyDelete
  15. പ്രിയപ്പെട്ട ചെറുവാടി, താങ്കള്‍ ഒരു ചെറുവാടിയല്ല. വലിയവാടിയാണ്. എന്താണെന്നറിയുമോ? ഇങ്ങിനെയൊരു പോസ്റ്റിടാന്‍ എനിക്ക് പരിപാടിയുണ്ടായിരുന്നു. പക്ഷെ താങ്കള്‍ എഴുതിയ പോലെ കാര്യങ്ങള്‍ മനസ്സില്‍ തെളിഞ്ഞു വന്നില്ല. ഇപ്പൊ, ഞാന്‍ പറയാന്‍ പ്ലാന്‍ ചെയ്തതെല്ലാം നിങ്ങള്‍ പറഞ്ഞിരിക്കുന്നു. എന്റെ മനസ്സില്‍ നിന്ന് നിങ്ങള്‍ ചോരണം നടത്തിയോ എന്ന് പരിശോധിക്കട്ടെ.

    ReplyDelete
  16. ബ്ലോഗ്‌ കൊണ്ടുള്ള ഏറ്റവും നല്ല ഗുണം സുഹൃത്തുക്കള്‍ തന്നെയാണ്.

    ReplyDelete
  17. ഒരുപാട് നന്ദി മൻസൂർ ഭായ് ..

    ബൂലോഗ ചിന്തകളെ കുറിച്ച് ഞാനൊരു പോസ്റ്റ് എഴുതിയാൽ ആയതിന്റെ ഒരു തനി പകർപ്പുതന്നെയായിരിക്കും ഇതും...!
    മനസ്സറിഞ്ഞു പകർത്തിവെച്ചത് പോലെ...!

    കൂട്ടരെ ,
    എന്റെ ഒപ്പും കൂടി ഈ അക്ഷരചിന്തകൾക്കടിയിൽ ഞാൻ ചാർത്തുന്നു.

    ReplyDelete
  18. സുഹൃത്തുക്കളെ സമ്പാദിക്കുന്നതില്‍ ഞാൻ പിശുക്കനും, അത് നഷ്ടപ്പെടുത്തുന്നതില്‍...ആർഭാഡനുമാണെന്നാണ് എന്നെ പറ്റി എനിക്കു തോന്നിയിട്ടുള്ളത്.

    പലരുടെയും മനസ്സിലുള്ള ചിന്തകളാണ് ചെറുവാടി ഈ പോസ്റ്റില്‍ പറഞ്ഞത്‌. ഇങ്ങിനെ സ്വയംവിമര്‍ശനപരമായി കാര്യങ്ങളെ സമീപിക്കുമ്പോള്‍ ഈ ലോകത്തെ സൌഹൃദങ്ങള്‍ ഒരിക്കലും അകന്നു പോകില്ല.
    ഇത് തന്നെ എത്ര മനോഹരമായ എഴുത്ത്‌.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  19. ആശംസകള്‍ ചെറുവാടീ..എഴുത്തിനും പുതുവത്സരത്തിനും.
    പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഇനി ഞാന്‍ ബൂലോകത്തേക്കില്ലാന്ന്,പിന്നേം വരുന്നത് ഇവിടത്തെ സൌഹൃദങ്ങള്‍ തരുന്ന സന്തോഷം കൊണ്ടാണു.ഒരിക്കല്‍ കൂടി ആശംസകള്‍

    ReplyDelete
  20. പലരും പറഞ്ഞത് പോലെ ഇതിൽ നിരാശ കണ്ടില്ലാ. ഇത് ബൂലോകം എന്ന വിശാലമായ ലോകത്ത് വന്നതിന്റെ സന്തോഷം വിളിച്ചറിയിക്കുന്നതായാണ് ഞങ്ങൾക്ക് തോന്നിയത് ശരിയല്ലേ? ഒരു രസകരമായ വസ്തുത എന്തെന്നാൽ ഈ വരികൾക്കിടയിലൂടെ സഞ്ചരിക്കുമ്പോൾ “ഇത് ഞാനും വിചാരിച്ചതല്ലേ”/“ഞാൻ പറയാൻ ആഗ്രഹിച്ചതല്ലേ” എന്ന് തോന്നിപ്പിക്കുന്നു എന്നുള്ളതാണ്. സമാനഹൃദയർ/സമാനമനസ്ക്കർ ആയത് കൊണ്ടാവാം. “ബൂലോകത്ത് ഞാനാര് എന്ന ചോദ്യത്തിന് എന്റെ ആദ്യത്തെയും അവസാനത്തെയും ഉത്തരം സമ്പന്നമായ ഒരുപാട് സൗഹൃദത്തിന്റെ ഉടമ എന്നാണ്.” ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നതും.. പോസ്റ്റ് രസകരമായി. ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ നേരുന്നു

    ReplyDelete
  21. 1011 സൌഹൃദങ്ങളുടെ വര്‍ഷമാകട്ടെ!

    പുതുവത്സരാശംസകൾ, മാഷേ
    :)

    ReplyDelete
  22. ഞാന്‍, കേവലം രണ്ടു മാസമേ ആകുന്നൊള്ളൂ ഈ ലോകത്ത്. എന്നിട്ടും, നമ്മള്‍ എന്ന് സംബോധനം ചെയ്യാന്‍ എനിക്കാകുന്നു. അതിവിടെ സംവദിക്കപ്പെടുന്ന കൂട്ടത്തിന്‍റെ ഹൃദയവിശാലത തന്നെയാണ്. കൂട്ടുകാരെ എന്നില്‍ സന്തോഷമേ ഒള്ളൂ...

    എഴുത്തിന്‍റെയും വായനയുടെയും കാര്യത്തില്‍ എനിക്കുള്ള കാഴ്ച്ചപ്പാട്... ഞാന്‍ വല്ലതും കുറിക്കുമ്പോള്‍ അത് എന്റെതാണ്. അത് കൊണ്ട് തന്നെ, അവയില്‍ എന്റേതായ നല്ലഗുണവും ചീത്തഗുണവും ഉണ്ടാകും.സ്വാഭാവികം..!! അതും എനിക്ക് സ്വന്തം..!! എന്നാല്‍, അവയിലെ നല്ലതും തിയ്യതും വേര്‍തിരിക്കുന്നതില്‍ വായനക്കാര്‍ നല്‍കുന്ന സഹായമാണ് അവരുടെതായ അഭിപ്രായങ്ങളിലൂടെ രേഖപ്പെടുത്തപ്പെടുന്നത്. ഇത് തന്നെയാണ് അപരന്‍റെ എഴുത്തിലും അതിലെ വായനയിലും ഉള്ള എന്‍റെ സമീപനം.


    ഒരു ആരാമത്തില്‍ വിരിഞ്ഞ വിവിധ വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള പൂക്കളെപ്പോലെ വ്യത്യസ്തരാണ് നാമൊക്കെയും. അവയില്‍ പൂജക്കെടുക്കുന്നവയും മാലയില്‍ കൊര്‍ക്കുന്നവയും മുടിയില്‍ ചൂടുന്നവയും ആരാലും പരിഗണിക്കപ്പെടാതെ പോകുന്നവയും ഉണ്ടാകാം. എനനാല്‍, ഈ വ്യത്യസ്തതയാണ് ഇതിന്‍റെ സൌന്ദര്യം.

    ഈ ആരാമത്തിലെ പൂക്കളുടെ സൌരഭ്യം എന്നെന്നും നിലനിക്കട്ടെ ...... പൂന്തേന്‍ നുകരുന്ന ശലഭങ്ങള്‍ പാറിപ്പറക്കട്ടെ...
    നന്ദി പങ്കു വെച്ചതിനു . നല്ല വിവരണം.

    ഞാനുമോതുന്നു കൂട്ടുകാരാ... ഓരോ പുലരിയും പിറവി കൊള്ളുന്നത്‌ നന്മയിലേക്ക് ആവട്ടെ..! ആശംസകള്‍..!!

    ReplyDelete
  23. എല്ലാവര്ക്കും പറയാനുള്ളത്‌ എല്ലാവരോടുമായി പങ്കുവെച്ച ചെറുവാടീ,,
    താങ്കള്‍ ബ്ലോഗുലകത്തിലെ മലര്‍വാടിയായി പരിലസിക്കട്ടെ,,
    എന്നാശംസിക്കുന്നു,

    ReplyDelete
  24. പൂർണ്ണമായി ആരും ആരെപോലെയും ആവില്ല, എങ്കിലും ഞാനും ഒരുവിധം ചെറുവാടിയെ പോലെയാണ്. എല്ലാവരോടും ഞാനും ക്ഷമചോദിക്കുന്നു.
    എങ്കിലും വളരെ സന്തോഷത്തോടെ നേരുന്നു ഞാൻ “പുതുവത്സരാശംസകൾ…”

    ReplyDelete
  25. എന്നത്തേയും പോലെ ഈ എഴുത്തിലും കാര്യങ്ങൽ ലളിതമായും സുന്ദരമായും പറഞ്ഞു.. ഇവിടെ പലരും പരഞ്ഞ പോലെ എനിക്കും തോന്നി എന്നെ കുറിച്ചും ഇതിൽ പറഞ്ഞിട്ടുണ്ടെന്ന്.. നമ്മെ ആത്മാർഥമയി സ്നേഹിക്കുന്ന സുഹൃത്തുക്കൾ നാം അവരെ മറന്നാലും നമ്മെ തേടി അവർ വരുമെന്ന ഒരു പ്രതീക്ഷയാ എനിക്കുള്ളത്, ബൂലോഗത്തെത്തിയപ്പോൾ നമ്മിലെ തെറ്റുകൾ തിരുത്താനും പിഴവുകൾ മനസ്സിലാക്കിതരാനും ആരൊക്കെയോ കൂടെയുള്ള പോലെ.. അഭിപ്രായം പറയുന്നതിൽ പലരിലും പല ശൈലിയാകാം കാരണം പലരും പല കാഴ്ചപ്പാടുള്ളവരാണ്.താങ്കൾ പറഞ്ഞതു പോലെ ബൂലോഗത്ത് നിന്നു പോകണമെങ്കിൽ അൽ‌പ്പം തൊലിക്കട്ടി വേണം അല്ലെ?????? എതായാലും വരും വർഷം നല്ല നല്ല സുഹൃത്തുക്കളേയും നല്ല നല്ല എഴുത്തുകളേയും കൊണ്ട് ഈ ബൂലോഗത്ത് പ്രസന്ന വദനായി താങ്കൾ വിലസി നടക്കട്ടെ എന്ന് ആശംസിക്കട്ടെ.. നവവത്സരാശംസകൾ..

    ReplyDelete
  26. ചെറുവാടീ... ഇവിടമൊരു മലർവാടിയാക്കൂ!
    ചിന്തവെടിയൂ, സന്തോഷിക്കു!
    വായനക്കാർ റെഡി.


    (അല്ല... ചിന്തിച്ചാലൊരന്തോല്യ
    ചിന്തിച്ചില്ലേലൊരെ കുന്തോല്യ
    എന്നല്ലേ!?)
    ഇത് മറ്റൊരു ബ്ലോഗിൽ ചോദിച്ചതാ.
    ഇവിടെയും കിടക്കട്ടെ!

    ReplyDelete
  27. ഈ കുറിപ്പില്‍ ആത്മപരിശോധനയും ഒരല്പം ആത്മവിമര്‍ശനവും കാണുന്നുണ്ട്. വളര്‍ച്ചയിലേക്കുള്ള നല്ല ഒരു പടിയാണത്. പക്വതയെത്തി എന്ന് സ്വയം തോന്നുന്ന നിമിഷം വളര്‍ച്ചയും മുരടിക്കുന്നു. ഏതായാലും താങ്കള്‍ എഴുതിയതിലുപരിയായി താങ്കളുടെ കയ്യൊപ്പ് ബൂലോകത്ത് രേഖപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. വരും കാലങ്ങള്‍ താങ്കള്‍ക്ക് തുടര്‍ച്ചയായ വിജയങ്ങളുടെതാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
  28. തല്‍ക്കാലം ഒരു ഹാപ്പി ന്യൂ ഇയര്‍ പിടിക്ക്..ബാക്കി ഒക്കെ പിന്നെ :)

    ReplyDelete
  29. ഈ ശൈലി എന്നെ അസൂയപെടുത്തുന്നു.....

    ReplyDelete
  30. ചെറുവാടിയുടെ ഒരു സുഹൃത്താവാന്‍ പറ്റിയ അഹങ്കാരവുമായി, താങ്കള്‍ക്കു എല്ലാ പുതുവത്സരാശംസകളും നേരുന്നു.....

    ReplyDelete
  31. മനോഹരമായ ഭാഷയിൽ ലളിതമായ ശൈലിയിലെഴുതുന്ന താങ്കളുടെ രചനകൾ വളരെ ഇഷ്ടപ്പെടുന്നു...

    എല്ലാവിധ നന്മകളും നിറഞ്ഞ പുതുവത്സരാശംസകൾ!

    ReplyDelete
  32. ചെറുവാടി,
    നമ്മളോക്കെ നല്ല എല്ലാം തികഞ്ഞ എഴുത്തുകാരാണെന്ന് ആര്‍ക്കെങ്കിലും അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല.. പിന്നെ എന്തു നോക്കാന്‍.. എഴുതുക, വായിക്കുക അത്രതന്നെ.. എഴുത്ത് നന്നായാല്‍ നല്ലത് അത്രമാത്രം.....

    പുതുവല്‍സരാശംസകള്‍...

    ReplyDelete
  33. നല്ലൊരു മനസ്സുണ്ട് ഈ കുറിപ്പിൽ. നവവത്സരാശംസകൾ!

    ReplyDelete
  34. സൌഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ...
    നല്ല എഴുത്തും, നല്ല ആശയങ്ങളും...
    മനസിനെ തൊടുന്നു.
    നവവത്സരാശംസകള്‍

    ReplyDelete
  35. പുതുവത്സരാശംസകള്‍.

    ReplyDelete
  36. ധാരാളം നല്ല കൃതികള്‍ വായിക്കു. അപ്പോള്‍ എഴുത്ത് താനെ വന്നോളും. ആകാശമായിരിക്കും നമ്മുടെ അതിര്.

    പുതുവത്സരാശംസകള്‍ !

    ReplyDelete
  37. ആശംസകള്‍ക്കും, ഔപചാരികതകള്‍ക്കുമപ്പുറം ഈ പുതുവര്‍ഷത്തില്‍ മഞ്ഞുത്തുള്ളിയുടെ നിര്‍മ്മലവും,തുളസിക്കതിരിന്റെ പരിശുദ്ധവുമുള്ള
    ഈ പുതുവര്‍ഷക്കുറിപ്പ്...മനോഹരം...

    എന്റെ പ്രിയ കൂട്ടുകാരാ...നിനക്കെന്റെ ഒരായിരം
    പുതുവത്സരാശംസകള്‍...റിയാസ്-തളിക്കുളം(മിഴിനീര്‍ത്തുള്ളി)

    ----------------------------------
    ചാണ്ടിച്ചായാ നന്ദി, ഞാന്‍ പറയാനുള്ളത് അച്ചായന്‍ കയറി പറഞ്ഞു..

    ReplyDelete
  38. പ്രിയപ്പെട്ട ചെറു വാടീ ..താങ്കള്‍ക്കു നന്മ നിറഞ്ഞ ഒരു മനസും കൂട്ടുകാരെ ആകര്‍ഷിക്കാനുള്ള സ്നേഹവും ഉണ്ട് ..അത് രണ്ടും ഉള്ളിടത്തോളം പേടിക്കാന്‍ ഒന്നും ഇല്ല .ബൂലോകത്തുമാത്രമല്ല എവിടെയും നന്മ നിറഞ്ഞ വര്‍ക്ക് നല്ല ബന്ധുക്കളെ കിട്ടും ..ബൂലോകം കൊടുക്കവാങ്ങല്‍
    സംവിധാനത്തില്‍ അധിഷ്ടിതമാണ് എന്നുള്ളതാണ് പൊതുവേ കണ്ടു വരുന്നത് ...

    ReplyDelete
  39. എന്റെ മനസ്സിലുള്ളതൊക്കെ ചെറുവാടി പറഞ്ഞ്‌ കളഞ്ഞല്ലോ..
    മനോഹരമായി എഴുതി..
    2011 സമാധാനത്തിന്റെതായിരിക്കട്ടെ..

    ReplyDelete
  40. സന്തോഷവും സമാധാനവും നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.
    ബൂലോകത്തിലെ ഓരോരുത്തര്‍ക്കും വേണ്ടി ചെറുവാടി എഴുതിയ ഈ കുറിപ്പിനു നന്ദി.

    ReplyDelete
  41. ചെറുവാടിയിതില്‍ നിറയെ
    ഹൃദയഹാരികളാം
    നൂറു ,നൂറു പുഷ്പങ്ങള്‍
    നവ വര്‍ഷത്തില്‍ വിടരട്ടെ

    ReplyDelete
  42. സന്തോഷത്തിന്റെയും,ഐശ്വര്യത്തിന്റെയും പുതുവത്സരം ആശംസിക്കുന്നു.

    ReplyDelete
  43. ഹ്രൃദയം നിറഞ്ഞ ഈ എഴുത്തിനു ഹൃദയം നിറഞ്ഞ ആശംസകളും അതോടൊപ്പം നല്ലൊരു പുതുവര്‍ഷവും നേരുന്നു

    ReplyDelete
  44. അടിത്തട്ടുകാണാവുന്ന തെളിമയാണ് ചെറുവാടിയുടെ രചനകളുടെ സവിശേഷതയായി ഞാൻ ശ്രദ്ധിച്ച ഒരു കാര്യം. ആ മനസ്സിന്റെ കണ്ണാടിയാണ് ആ ശൈലി എന്നു വിശ്വസിക്കാനും ഇഷ്ടപ്പെടുന്നു. ഈ പോസ്റ്റിലൂടെ ചെറുവാടി തന്നെ അതിനു അടിവരയിടുമ്പോൾ അനൽ‌പ്പമായ സന്തോഷം അനുഭവപ്പെടുന്നു. ഹ്ര്‌ദയപൂർവ്വം.....

    ReplyDelete
  45. cheruvaadee,you are my dearest friend..പുതുവത്സരാശംസകള്‍...

    ReplyDelete
  46. ചെറുവാടീ....
    പുതുവത്സരാശംസകൾ

    ReplyDelete
  47. റിയാസാണ് ഇപ്പോള്‍ ഇങ്ങൊട്ടു വഴി കാണിച്ചു തന്നത്. അങ്ങിനെ കൊണ്ടും കൊടുത്തും നമുക്കിങ്ങനെ കഴിഞ്ഞു കൂടാം.ഞാനും വളരെ യാദൃശ്ചികമായാണ് ഇവിടെയെത്തിയത്. ഇവിടെയെന്റെ സമ പ്രായക്കാര്‍ വളരെ കുറ വാണ്. എന്നാലും ഇവിടെയൊക്കെ കറങ്ങുമ്പോള്‍ വല്ലാത്തൊരു നിര്‍വൃദി കിട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം എന്റ്റെ പേരക്കുട്ടികളുടെ പ്രായത്തിലുള്ള 2 കുട്ടിലള്‍ (നെറ്റുപയോഗിക്കുന്നവര്‍) എന്നെ കാണാന്‍ വന്നപ്പോള്‍ എന്റെ മൂത്ത മോള്‍ ഷാഹിന കളിയാക്കി,ഉപ്പാന്റെ ഫ്രന്റ്സാണിവരൊക്കെയെന്നു!. ഇതാണ് ബൂലോഗം. ഭൂലോകത്തുള്ളവര്‍ക്ക് അതു പറഞ്ഞാല്‍ മനസ്സിലാ‍വില്ല!

    ReplyDelete
  48. കീ ബോഡില്‍ നോക്കി അടിച്ചിട്ടും തെറ്റുകള്‍ വരുന്നു ക്ഷമിക്കുക!.ഇതു പറയാന്‍ കാരണം,ഞാന്‍ പലപ്പോഴും അക്ഷരത്തെറ്റുകളെ വിമര്‍ശിക്കാറുണ്ട്!

    ReplyDelete
  49. ".....സമയകുറവു കാരണം എല്ലാം വായിച്ചെടുക്കാന്‍ പറ്റാറില്ല. വായിക്കുന്നതിലെല്ലാം അഭിപ്രായം പറയാനും. പക്ഷെ എല്ലായിടത്തും ഞാന്‍ എത്തി നോക്കാറുണ്ട്....."
    :)
    എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!!

    ReplyDelete
  50. ente ekka nirashapedaruthu santhrbhagale adhijeevichu munottupoguvanulla shakthi aargikuga ethum kadannupogum enna chinthayil urachu munbottu povugaa ......

    ReplyDelete
  51. നല്ല മനസ്സു തെളിഞ്ഞു കാണുന്ന ഈ നല്ല പോസ്റ്റിന് അഭിനന്ദനങ്ങൾ.

    ReplyDelete
  52. ചെറുവാടീ ഇയ്യ് പിന്നീം കരയാൻ തൊടങ്ങിയാ ചെവിക്കുപിടുയ്ക്കും ട്ടോ 2010 പോട്ടെ 2011 നുമ്പക്ക് അടിച്ചുപൊളിക്കാന്നേ. ഇയ്യ് ബേജാറാവാണ്ടിരിക്കീന്ന്.പുതുവത്സരാശംസകൾ

    ReplyDelete
  53. ചെറുവാടീ, റിയാസിന്റെ ബ്ലോഗില്‍ നിന്നാണ് ഇവിടേയ്ക്ക് വന്നത്. കൂട്ടുകാരെ നഷ്ടപ്പെടുത്തുന്നതില്‍ ഞാന്‍ ഗിന്നസ് റെക്കോര്‍ഡ് ആണ്. അതുകൊണ്ട് ഒത്തിരി ബ്ലോഗില്‍ പോകാനും ഒരു സങ്കോചം. “എന്റെ ലോകം” വിന്‍സെന്റ് പറഞ്ഞ അജിത്ത് ചേട്ടന്‍ ഞാനാണ് കേട്ടോ. സമയം പോലെ വന്ന് നോക്കുമല്ലോ.
    http://www.yours-ajith.blogspot.com/

    ReplyDelete
  54. വായിച്ചപ്പോള്‍ സന്തോഷം തോന്നി, നവവത്സര ആശംസകള്‍

    ReplyDelete
  55. നവവത്സരാശംസകള്‍.

    ReplyDelete
  56. നവവത്സരാശംസകള്‍.

    ReplyDelete
  57. പുതുവത്സരാശംസകൾ, ചെറുവാടി. നന്മയും സന്തോഷവും സമാധാനവും എങ്ങും വിളങ്ങട്ടെ.
    സ്നേഹത്തോടെ.

    ReplyDelete
  58. പുതുവത്സരാശംസകള്‍ ചെറുവാടി

    ReplyDelete
  59. പുതുവത്സരാശംസകള്‍ ചെറുവാടീ..

    ReplyDelete
  60. കാലപ്രവാഹം അനുസ്യൂതമായ ഒരു പ്രക്രിയയാണ്‌ ... ദിവസങ്ങളും തിയ്യതികളും അതിനുള്ള ഒരു അലങ്കാരങ്ങള്‍ മാത്രം...
    ആശംസകള്‍ ഒരു ഓര്‍മ്മപ്പെടുത്തലും.
    ഇതിനും ഒരു അവസാനമുണ്ട് ... അതുണ്ടാവുക തന്നെ ചെയ്യും.
    നന്മ നിറഞ്ഞ നാളുകള്‍ക് വേണ്ടി പ്രാര്‍ത്ഥിക്കാം .. പ്രവര്‍ത്തിക്കാം ... നാഥന്‍ തുണക്കട്ടെ
    നിരാശയുടെ ലോകത്ത് നിന്നു പ്രതീക്ഷയുടെ ലോകം സൃഷ്ടിക്കാം നമുക്ക്. നന്മയുടെ പക്ഷം ചേര്‍ന്ന്... "പ്രതീക്ഷ"യോടെ കൂടെയുണ്ടാവും ... തീര്‍ച്ചയായും.

    ReplyDelete
  61. എല്ലാവരോടും നന്ദിയുണ്ട്. നിങ്ങള്‍ നല്‍കിയ പ്രോത്സാഹനത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കട്ടെ. പുതിയ വര്‍ഷവും ഈ സഹകരണം പ്രതീക്ഷിക്കുന്നു.
    ഒരിക്കല്‍ കൂടി എല്ലാവര്ക്കും ക്ഷേമവും ഐശ്വര്യവും നന്മയും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  62. ബൂലോകത്ത് നിന്നും കിട്ടിയതിനും കൊടുത്തതിനും നാം എങ്ങനെ കണക്ക് വയ്ക്കും. എഴുത്ത് ഒരു സ്നേഹപാതയായി വിടരുകയല്ലേ

    ഭൂഖണ്ഡങ്ങളെ, അതിർത്തികളെ, ഭാഷകളെ ഒക്കെ അത് കവച്ചു വയ്ക്കുന്നില്ലേ..

    തുടരുക സ്നേഹവും എഴുത്തും.

    ReplyDelete
  63. വിമര്‍ശനാത്മക പ്രതികരികരണങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള താങ്കളുടെ മാനസിക വിശാലത തീര്‍ച്ചയായും താങ്കളെ നല്ലൊരു എഴുത്തുകാരനാക്കും. ആശംസകള്‍.

    ReplyDelete
  64. പുതുവർഷാശംസകൾ...

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....