Sunday, October 30, 2016

മഗാനിലെത്തും മുമ്പേ



മലകളും മരുഭൂമിയും മാറി മാറി വരുന്ന വഴികളാണ് ഒമാനിലേക്ക്   . മലയോരങ്ങൾക്കിടയിലൂടെയുള്ള വളഞ്ഞും പുളഞ്ഞും നിൽക്കുന്ന വിജനമായ ഈ വഴികൾ വല്ലാതെ ഭ്രമിപ്പിക്കുന്നുണ്ട് . ഹജർ മലകൾക്കിടയിൽ  പച്ച പിടിച്ചു നിൽക്കുന്ന  മരങ്ങൾ കാണാം  . അതിജീവനത്തിന്‍റെ  അടയാളങ്ങളാണത് . ഊഷരഭൂമിയിൽ ഇത്തരം ചെടികളെ  പച്ചപ്പോടെ നിലനിർത്തുന്ന ശക്തിയെയാണ് ദൈവം എന്ന് വിളിക്കുന്നത് . വഴിയരികിൽ വണ്ടി നിർത്തി ഒരു പർവതാരോഹകനെ  പോലെ ഹജർ മലകളുടെ പള്ളയിലൂടെ വലിഞ്ഞു കയറി നെറുകയിൽ എത്തണമെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് . യാത്രികന്‍റെ  അമിതമായ ആവേശം  സിരകളിൽ നിറഞ്ഞപ്പോൾ ഞാൻ കയറി തുടങ്ങി . ഏതാനും അടികൾ കയറിയപ്പോൾ തന്നെ വേണ്ടെന്ന് മനസ്സ് പറഞ്ഞു . ചെറുപ്പത്തിൽ വായിച്ചു കൂട്ടിയ കഥാ പുസ്തകങ്ങളിലെ പേജിൽ നിന്നും ഉഗ്രവിഷമുള്ള അറേബ്യൻ പാമ്പുകളും മലകൾക്ക് മുകളിൽ താമസിക്കുന്ന ജിന്നുകളും എന്നെ തേടി ഇറങ്ങി വന്നു . തിരിച്ചിറങ്ങി . മുകളിലേക്ക് നോക്കുമ്പോൾ ഹജർ മലകൾ അട്ടഹസിക്കുന്ന പോലെ .  

ഹൃദ്യമായ ഒരു കാഴ്ച എന്നതിലുമപ്പുറം  ചിലത് പറയാനുണ്ട് ഈ മലനിരകൾക്ക് . യു . എ ഇ യുടേയും ഒമാനിന്‍റെയും ഭാഗമായി  നീണ്ടു കിടക്കുകയാണ് ഹജർ മലകൾ  . ഇവിടെ മാത്രമായി കാണപ്പെടുന്ന സസ്യങ്ങളും ജീവികളും ഉണ്ട് . വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപുലികൾ ഹജർ മലനിരകളിലെ അന്തേവാസികളാണ് . ഇന്ന് ഇരുനൂറിൽ താഴെ മാത്രമേ ഇവയുടെ അംഗസംഖ്യ  കണക്കാക്കിയിട്ടുള്ളൂ . നിയമപ്രകാരമല്ലാത്ത വിപണനത്തിന് വേണ്ടിയും, വേട്ടയാടിയും , വളർത്തു മൃഗങ്ങളെ കൊല്ലുന്നതിന് പകരമായി കൊന്നും , ചിത്രങ്ങളിൽ  നിന്നും ചരിത്രമായി വായിക്കപ്പെടേണ്ട അനിവാര്യമായ വിടവാങ്ങലിലേക്ക്  നാളുകളെണ്ണുകയാവും ഈ ജീവികളും . നാളെ ഇതുവഴി പോകുന്ന സഞ്ചാരികളുടെ യാത്രാ പുസ്തകത്തിൽ ഒരു കൌതുകം പോലെ കറുത്ത അക്ഷരങ്ങളിൽ എഴുതി ചേർത്തിട്ടുണ്ടാവും ഈ പർവ്വത നിരകളിൽ ഒരു കാലത്ത് പുള്ളിപുലികളും ഉണ്ടായിരുന്നു എന്ന് . അതിലപ്പുറമൊരു നിയോഗം ചരിത്രത്തിനുമില്ല . 




നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന  മരുഭൂമികൾ .  മരുഭൂമിയെ നോക്കി ഒരു ദിവസം മുഴുവൻ നിൽക്കാൻ പറഞ്ഞാൽ എനിക്കതിന് മടിയില്ല. മണൽ തരികളിൽ കാറ്റ് മാറി മാറിവരയ്ക്കുന്ന ചിത്രങ്ങള്‍  നോക്കിയിരിക്കാം.മരുഭൂമിയെന്ന സ്കെച്ചിൽ  കാറ്റെന്ന കലാകാരൻ കോറിയിടുന്ന വിവിധ ചിത്രങ്ങൾ. എന്തൊരു ഭംഗിയാണവയ്ക്ക്. പച്ച പിടിച്ചു നിൽക്കുന്ന കാടുകളും , വിജനമായ മരുഭൂമികളും എന്നെ ഭ്രമിപ്പിക്കുന്നത്  ഒരേ അളവിലാണ് . രണ്ടും രണ്ട് ദർശനങ്ങളാണ് . മനസ്സിനേയും ശരീരത്തിനേയും തരളിതമാക്കുന്ന പച്ചപ്പിന്‍റെ  ആഘോഷമായി കാടുകൾ മാറുമ്പോൾ , ഇനിയും അറിഞ്ഞു തീരാത്ത  അനന്തമായ നിഗൂഡതകളാണ് മരുഭൂമി ബാക്കി വെക്കുന്നത് . 

അൽപം മുന്നോട്ട് നീങ്ങിയാൽ വറ്റിപ്പോയ പുഴ പോലെ ഒന്ന് കാണാം . അറേബ്യൻ മരുഭൂമികളിലൂടെ പണ്ട് പുഴ ഒഴുകിയിരുന്നു എന്ന് പറഞ്ഞു തന്നത് വി . മുസഫർ അഹമ്മദാണ് . ലൈല മജ്നു കഥയിലെ ലൈല കുളിച്ചിരുന്ന പുഴ മരുഭൂമിയിൽ ആയിരുന്നു . വായിച്ചിഷ്ടപ്പെട്ട കഥകൾ ചിന്തകളേയും വികാരങ്ങളേയും  സ്വാധീനിക്കുമ്പോൾ ഈ  വറ്റിയ പുഴയിലേക്ക് ഇറങ്ങാനുള്ള പ്രലോഭനവും എനിക്ക് തടുക്കാനായില്ല . ഇതൊരു യഥാർത്ഥ പുഴയല്ല . വല്ലപ്പോഴും വിരുന്നെത്തുന്ന മഴയിൽ വെള്ളം കിട്ടാതെ വരണ്ട മലകളും മരുഭൂമിയും കുടിച്ചു തീർത്തതിന്‍റെ ബാക്കി ഒഴുകി വന്ന് ഉണ്ടായതാണ് ഇത് . പക്ഷേ വറ്റി വരണ്ട ഒരു പുഴയുടെ ഫോസിൽ പോലെതന്നെയുണ്ട് ഈ കാഴ്ച . പണ്ടെന്നോ ഒരു മഴയിൽ കുത്തിയൊലിച്ചു പോയ വെള്ളം ഇതൊരു പുഴയാക്കി മാറ്റിയതാണ് . ചെരിപ്പൂരി  ആ മണ്ണിനെ തൊട്ടപ്പോൾ ഉള്ളംകാലിൽ നനവറിയുന്നപോലെ . അതൊരു അനുഭവമാണ് . കുറേ സത്യങ്ങളും കുറേ കാൽപനികതയും കൂടി കലർന്ന മനസ്സിന്‍റെ പിടി തരാത്ത സമസ്യകൾ . അവിടെ ചുട്ടുപൊള്ളുന്ന മണ്ണിൽ തൊടുന്ന പാദങ്ങൾക്ക് പണ്ട് ഒഴുകിയ  നദിയിലെ നനവ് അറിയാനാവും . ഇന്നലെ പതിഞ്ഞ കാലടികൾക്ക് യുഗാന്തരങ്ങൾക്ക് മുമ്പ് മരുഭൂ താണ്ടിയവരുടെ കാലടികൾ പോലെ തോന്നിക്കും . മുന്നോട്ട് നടന്നപ്പോൾ വീണ്ടും പച്ചപ്പ് . കുറേ ചെടികൾ വളർന്നു നിൽക്കുന്നു . വറ്റി വരണ്ട ഭൂമിയിൽ വീണ്ടും ജീവന്‍റെ തുടിപ്പ് . മുമ്പ് ഒഴികിപ്പോയ വെള്ളത്തിന്‍റെ ഓർമ്മകൾ തന്നെയായിരിക്കുമോ ഈ ചെടികളുടേയും ദാഹജലം ?. 



വണ്ടിയും സുഹൃത്തുക്കളും കണ്ണിൽ നിന്നും മറഞ്ഞിരിക്കുന്നു . എന്നിരുന്നാലും അധികം ദൂരെയല്ല  . മരുഭൂമിയുടെ മാറിമറയുന്ന കാലാവസ്ഥ അറിയുന്ന സഞ്ചാരിയൊന്നുമല്ല ഞാൻ . യാഥാർത്യത്തേക്കാൾ കാൽപനികതയെ പ്രണയിക്കുന്ന , ഒട്ടകപ്പുറത്ത്  യാത്ര ചെയ്യുന്ന കാഫില കൂട്ടങ്ങളെ സ്വപ്നം കാണുന്ന, വിജനതയിൽ എവിടെയോ കണ്ടെത്തിയേക്കാവുന്ന  ഒരു മരുപ്പച്ചയെ തേടുന്ന ഒരു സ്വപ്നജീവി  . വന്യമായി വീശിയടിക്കാൻ പോകുന്ന ഒരു മരുകാറ്റിനെ പറ്റി മുന്നറിയിപ്പ് തരാൻ ഒട്ടകപ്പുറത്ത് കയറി ഒരു ബദു വരുമെന്ന വിശ്വാസമൊന്നും  എനിക്കില്ല. . പക്ഷേ അറേബ്യൻ മരുഭൂമിയിൽ വഴിതെറ്റി അലയുന്ന എന്നെ തേടി , അതുപോലൊരാൾ വരുന്നത്  എന്‍റെ ദിവാസ്വപ്നങ്ങളിൽ എപ്പോഴും വരാറുണ്ട് . കുറച്ചകലെ ഒരു ഗാഫ് മരം ഒറ്റക്കിരിക്കുന്നു . അതിന്‍റെ ഏകാന്തതയിലേക്ക് ഞാനും ചാഞ്ഞിരുന്നു . 




ചില നിമിഷങ്ങൾ നമുക്കായി മാത്രം സൃഷിക്കപ്പെടുന്നതാണ് . അതുപോലൊരു നിമിഷത്തിലാണ് ഞാനിപ്പോൾ . അനന്തമായ മരുഭൂമിയിൽ ഒരു ഗാഫ് മരച്ചുവട്ടിൽ ഏകനായി . മുന്നിൽ ഒരു പ്രഹേളിക പോലെ മരുഭൂമി . ഓരോരുത്തർക്കും അവരുടെ മനോവ്യാപരത്തിനനുസരിച്ച് എഴുതാനും വായിക്കാനും വരക്കാനുമായി അത് നീണ്ടു നിവർന്നു കിടക്കുകയാണ് . ഇതുപോലൊരു മരുഭൂമിയിലൂടെയാണ്‌  മുഹമ്മദ്‌ അസദ് മക്കയിലേക്കുള്ള പാത തെളിച്ചത് . നുഫൂദ് മരുഭൂമിയും മുറിച്ചു കടന്ന് തയ്മയിലെ പുരാതനമായ മരുപ്പച്ച തേടി യാത്രതിരിച്ചത് . ഇടക്ക് ദിക്കും ദിശയും നഷ്ടപ്പെട്ട് നുഫൂദ് മരുഭൂമിയിൽ ഭീകരമായ മരുകാറ്റിൽപ്പെട്ട്  അസദും ഒട്ടകവും വിഭ്രമിക്കുന്നതിന്‍റെ  ചിത്രവും  ഈ മരച്ചുവട്ടിലിരുന്ന്  എനിക്ക് വീണ്ടും കാണാനാവുന്നുണ്ട്. ഈ മരുഭൂമിയിലൂടെ തന്നെയാണ് സ്വപ്നത്തിൽ ദർശിച്ച നിധിയും തേടി  സാന്റിയാഗോയെ പൗലോ കൊയ്‌ലോ പറഞ്ഞയക്കുന്നത്. മരുഭൂമി മുറിച്ചു കടന്ന കാഫിലകൂട്ടങ്ങളുണ്ട് . ഇടക്ക് കാലിടറി സ്വപ്നങ്ങളോടൊപ്പം  ഈ മണ്ണിൽ കുഴിച്ചു മൂടപ്പെട്ടവരുണ്ട് . മരുഭൂമിയുടെ പരുക്കൻ യാഥാർത്യങ്ങളുടെ  കുട പിടിച്ച് ആടുജീവിതത്തിലെ നജീബും ഹക്കീമുമുണ്ട് . ഇന്നും മരുഭൂമിയിൽ അതുപോലെ അലയുന്ന വേറെയും നജീബുമാരുമുണ്ട് .  ഈ ഇരിപ്പിൽ ഇവയെല്ലാം തന്നെ ഒരു  വാങ്ങ്മയ ചിത്രമായി എന്‍റെ  മുന്നിൽ പുനർജ്ജനിക്കുകയാണ്.

എപ്പോഴും സുഹൃത്തുക്കളോട് പങ്കുവെക്കുന്നൊരു സ്വപ്നമുണ്ട് . നിലാവും നക്ഷത്രങ്ങളും നിറഞ്ഞൊരു മരുഭൂമിയിലെ രാത്രി . ടെന്റിൽ നിന്നും ആ നിലാവിനെയും മയക്കി പുറത്തേക്കൊഴുകുന്ന ഗസലുകൾ . തണുപ്പിനെ അകറ്റാൻ പതുക്കെ കത്തുന്ന വിറക് കൊള്ളികൾ . എങ്കിലിപ്പോൾ  എളുപ്പം സാധിക്കാവുന്ന ഈ സ്വപ്നം എന്‍റെമനസ്സിലില്ല . പകരം ഭ്രാന്തമായ മറ്റൊരു സ്വപ്നം കയറി കൂടിയിരിക്കുന്നു . എന്‍റെ കാൽപനിക ചിന്തകളെ അത് ഭരിച്ചു തുടങ്ങിയിരിക്കുന്നു .  നുഫൂദ് പോലൊരു മരുഭൂമിയിൽ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഞാൻ . നേരിടുന്ന പ്രതിസന്ധികൾ , മുന്നേ നടന്നുപ്പോയ  ഒട്ടകങ്ങളുടെയോ മനുഷ്യന്‍റെയോ  ഒരു കാൽപാട്  പോലും ബാക്കി വെക്കാത്ത മരുഭൂമി  . മാദകത്വവും, വന്യതയും , പ്രണയവും ഒരുപോലെ പ്രകടിപ്പിക്കുന്ന മരുഭൂമിയുടെ വിത്യസ്തമായ ഭാവമാറ്റങ്ങൾ , അവസാനം കണ്ടെത്തുന്ന  തയ്മയിലെ മരുപ്പച്ചകൾ പോലെ ഒന്ന് . ജീവനും മരണത്തിലും ഇടയിലുള്ള പോരാട്ടം . അവസാനം ദൈവികമായൊരു ഇടപെടൽ . ദിവാ സ്വപ്നങ്ങൾക്ക് ഇത്ര ഭംഗിയുണ്ടെന്ന് അറിയണമെങ്കിൽ ഇങ്ങിനെ എത്തിപ്പെടണം . ഒരു അറേബ്യൻ ഗാവ കുടിക്കാൻ തൊണ്ട വരളുന്നു. മരുപ്പച്ചകളിൽ താമസിക്കുന്ന  പഴയ ഏതെങ്കിലും ബദവി ഗോത്രത്തിലെ   സുന്ദരി ഒരു ദല്ലയിൽ ഗാവയുമായി ഇറങ്ങി വന്നെങ്കിൽ ...!!

ദൂരെ അസ്തമയത്തിന് തിടുക്കം കൂട്ടുന്ന സൂര്യൻ . മരുഭൂമിയിൽ വീണ്ടും ഒരസ്തമയം കൂടി  എന്നെ അനുഗ്രഹിക്കാൻ പോകുന്നു .   ഊദിൽ നിന്നും ഉയർന്നു വരുന്ന പരമ്പരാകത സംഗീതത്തിന്‍റെ മാധുര്യമുണ്ട്‌ ഇപ്പോൾ വീശുന്ന കാറ്റിന് . നിലാവില്ലാത്ത മരുഭൂമിക്ക് ഭീകരത കൂടുതലാണ് . ഈ രാത്രിയിൽ നിലാവുദിക്കുമെങ്കിൽ മറ്റെല്ലാം മറന്ന് ഗുലാം അലിയുടെയും ജഗ്ജിത് സിംഗിന്‍റെയും   ഗസലുകളെ മാറി മാറി പുതച്ച് ഞാനിവിടെ  അന്തിയുറങ്ങുമായിരുന്നു . നേരം വൈകുന്നുവെന്ന സന്ദേശവുമായി ചങ്ങാതിമാരെത്തി . ഗാഫ് മരത്തിനെ വീണ്ടും അതിന്‍റെ ഏകാന്തതയിലേക്ക് തനിച്ചു വിട്ട് ഞങ്ങളിറങ്ങി . എങ്കിലും ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ  ആ ഗാഫ് മരച്ചുവട്ടിലിരുന്ന് ഞാൻ കണ്ട കിനാവുകളും കേട്ട ഗസലുകളും ഈ മരുഭൂമിയിൽ അലഞ്ഞുതിരിയും .  ഇരുളിനെ പുതച്ച മരുഭൂമിയും മലകളും പിന്നിലേക്ക്‌ മറഞ്ഞു കൊണ്ടേയിരുന്നു . 

28 comments:

  1. ഓമാനിൽ ഒരിക്കൽക്കൂടി പോയതു പോലെ..നന്ദി മൻസൂർ

    ReplyDelete
  2. കുറെ ദിവസങ്ങൾക്ക് ശേഷം ഒരു യാത്ര കൂടി അറിഞ്ഞു. മൻസൂർക്കയുടെ യാത്രാവിവരണങ്ങൾ വായിക്കുമ്പോൾ കണ്ണുകൾ ആ വരികളിലൂടെ ചലിച്ച് മനസ് കൊണ്ട് ഒരു യാത്ര നടത്തി തിരിച്ചെത്തിക്കാറുണ്ട്. ഇവിടെയും കണ്ണും മനസും ഒരു യാത്ര നടത്തി വന്നിരിക്കുന്നു. ചിത്രങ്ങളും എഴുത്തും ആസ്വദിച്ചു..

    ReplyDelete
  3. നിന്റെ എഴുത്തും, യാത്രകളും, വിചിത്രസ്വപ്നങ്ങളും ഒരിക്കലും അവസാനിക്കാതുരിക്കട്ടെ. എന്ന് സ്വന്തം സഹയാത്രികൻ... :)

    ReplyDelete
  4. നല്ല യാത്ര,നല്ല എഴുത്ത്

    ReplyDelete
  5. മണൽത്തരികളിൽ കാറ്റ് മാറി മാറി വരയ്ക്കുന്ന ചിത്രങ്ങളെ കാണാൻ, മലകളും മരുഭൂമിയും കുടിച്ചു തീർത്തതിന്‍റെ ബാക്കി ഒഴുകി വന്നുണ്ടായിട്ടില്ലാണ്ടായ ആ പുഴ കാഴ്ച്ച കാണാൻ , ഒഴുകി പോയ വെള്ളത്തിന്റെ ഓർമ്മകൾ ദാഹജലമാക്കിയ ആ ചെടികൾക്കിടയിൽ ചെന്നിരിക്കാൻ, ഗാഫ് മരത്തിന്റെ ഏകാന്തതയോട് കൂട്ട് കൂടാൻ ഒക്കെ ആഗ്രഹമായി വായിച്ചപ്പൊ. എനിക്കിപ്പോ മൻസൂർ ന്റെ സ്വപ്നങ്ങളോടാണ് കൊതി. സ്വപ്നങ്ങളുടെ കാവൽക്കാരനോട്‌ പറയണം ഇനി ഇത്രേം മോഹിപ്പിക്കണ കിനാവുകളെ എന്നിലേക്ക് വഴി തിരിച്ചു വിടണമെന്ന്.
    പിന്നേയ് വേണെങ്കിൽ ഇന്ന് രാത്രി വീണ്ടും ആ മരുഭൂമിയിലേക്ക് പൊക്കോളൂ. ഇന്നവിടെ നിലാവും നക്ഷത്രങ്ങളും നിറയും(ഇവടെ മഴയും). ഗസലിന്റെ പുതപ്പിൽ ഉറങ്ങാതെ കിടന്നാൽ , ഇനിയുമൊരുപാട് മനോഹര സ്വപ്‌നങ്ങൾ ചിലപ്പോ തേടി വന്നേക്കും.

    ReplyDelete
  6. ഇല്ലാത്തെത് എഴുതി വെയ്ക്കാന്‍ നിന്നോളം മിടുക്കനായി ആരുണ്ട്‌? എന്നാലും നമുക്ക് ഒന്ന് പോകേണ്ടേ..
    " എപ്പോഴും സുഹൃത്തുക്കളോട് പങ്കുവെക്കുന്നൊരു സ്വപ്നമുണ്ട് . നിലാവും നക്ഷത്രങ്ങളും നിറഞ്ഞൊരു മരുഭൂമിയിലെ രാത്രി . ടെന്റിൽ നിന്നും ആ നിലാവിനെയും മയക്കി പുറത്തേക്കൊഴുകുന്ന ഗസലുകൾ . തണുപ്പിനെ അകറ്റാൻ പതുക്കെ കത്തുന്ന വിറക് കൊള്ളികൾ .........."

    ReplyDelete
  7. മനോഹരമായ വിവരണം. അനുമോദനം.

    ReplyDelete
  8. മനോഹരം ഈ യാത്രാ വിവരണം , ആശംസകൾ .

    ReplyDelete
  9. സംഗീതത്തിന്‍റെ മാധുര്യമുള്ള എഴുത്ത്. മരുഭൂമിയും കടലും ഒരു പോലെയാണ്.നമുക്കെത്ര കണ്ടാലും മതി വരില്ല.പുനത്തില്‍ ഏതോ അഭിമുഖത്തില്‍ പറയുന്നത് കേട്ടതാണ്.മനോഹരമായ ഈ വിവരണം വായിച്ചപ്പോള്‍ എനിക്കത് തീര്‍ച്ചയായി.

    ReplyDelete
  10. നല്ല സുഖം ഈ എഴുത്തിനൊപ്പം യാത്ര ചെയ്യാന്‍..

    ReplyDelete
  11. യാത്രാനുഭവത്തില്‍ നിന്നുകൊണ്ടൊരു ആത്മാവിഷ്ക്കാരം......!!!! ആശംസകള്‍ ഭായ്.

    ReplyDelete
  12. നല്ല രസായി ഇത്.. ഒമാനില്‍ നിന്ന് ദുബായ് പോകുമ്പോ വിസ , ചെക്കിംഗ് ഹാസില്‍സ് കാരണം ഇത്രേം ഭംഗിയായി ഇത് കാണാന്‍ കഴിഞ്ഞിട്ടില്ല..അല്ലെങ്കിലും കണ്ണുണ്ടായാല്‍ പോരല്ലോ.. കാണണമല്ലോ.. :) ഭംഗിയായി ഈ എഴുത്ത്..

    ReplyDelete
  13. കഴിഞ്ഞ ആറു മാസ കാലമായി ഒമാൻ സീബിൽ വസിക്കുന്നു ...ഓരോ മാസവസാനം ദുബൈയിലേക്ക് തിരിക്കാറുണ്ട് ജോലി ആവിശ്യം ..യാത്രയിൽ ഉടനീളം മരുഭൂമി കാഴിച്ചകൾ മിന്നായം പോലെ കണ്ടിരുന്നു ...ആ മിന്നായ കാഴിച്ചക്ക് ഇത്ര ഭംഗി ഉണ്ട് എന്ന് അറിയില്ലായിരുന്നു ...വരും ദിനങ്ങളിൽ ഞാൻ ആ ഭംഗി ആസ്വദിക്കും ...
    നന്ദി
    പ്രിയ സഹോദരനു

    ReplyDelete
  14. എഴുത്തിലൂടെ സഞ്ചരിക്കുമ്പോള്‍ നിര്‍വചിക്കാനാവാത്തൊരനൂഭൂതി!
    മനോഹരം!
    ആശംസകള്‍

    ReplyDelete
  15. മുമ്പൊക്കെ വായിക്കുമായിരുന്ന ചെറുവാടിയുടെ കാൽപ്പനികസ്വപ്നങ്ങളുടെ ഭാഷ വീണ്ടും തിരിച്ചുവരുന്നു. ഈ ഭാഷയാണ് എന്നെ മായാറിലേക്കും, മസിനഗുഡിയിലേക്കും കൂട്ടിക്കൊണ്ടു പോയത്. മരൂഭൂമിയെക്കുറിച്ച് കേട്ടറിഞ്ഞ പരുക്കൻ ഭാവമെന്ന സങ്കൽപ്പം മാറ്റിമറിച്ച് സ്വപ്നതുല്യമായ ആർദ്രതയുടെ ഏഴഴകാണ് അതിനെന്ന് ചെറുവാടിയെ വായിച്ചപ്പോൾ തോന്നുന്നു. പാസ്പോർട്ടില്ലാത്ത എനിക്ക് മായാറിൽ പോവുന്നപോലെ എത്താവുന്ന ഇടമല്ലല്ലോ ഹാജർ മലനിരകൾ എന്ന സങ്കടം ബാക്കി.....

    ഗാഫ് മരത്തിന്റ ചിത്രത്തിന് എന്തെല്ലാമോ പ്രത്യേകതയുണ്ട്.....

    ReplyDelete
  16. വന്യമായ മരുഭൂമിയുടെ ദാഹാര്‍ത്തമായ ഇരമ്പലും നിലാവ് വഴിഞ്ഞൊഴുകി പാല്‍ക്കടലാക്കിയ മരുഭൂമി ഉണര്‍ത്തുന്ന അഭൌമസംഗീതവും ഈ വരികളില്‍നിന്ന് ഞാന്‍ മാറിമാറി കേട്ടു.

    ഉഗ്രവിഷമുള്ള നാഗങ്ങളെ ഒളിപ്പിച്ച മരുഭൂമിയുടെ നിഗൂഡമായ ആസുരതയും സായാഹ്നത്തിലെ ഇളംവെളിച്ചത്തില്‍ ആലസ്യത്തിലാണ്ട്നില്‍ക്കുന്ന ഏകാന്തമായ ഗാഫ്മരത്തിന്റെ വിഷാദാര്‍ദ്രമായ കാഴ്ചനല്‍കുന്ന മരുഭൂമിയുടെ വിലോഭനീയസൌന്ദര്യവും ഈ വരികളില്‍നിന്ന് ഞാന്‍ കണ്ടു.

    എഴുത്തില്‍ നിന്ന് ഏതാനും നാള്‍ ഒഴിവെടുത്തത് ആ തൂലികത്തുമ്പിലേക്ക് കാല്‍പ്പനികസൌന്ദര്യം തേന്‍കണംപോലെ വഴിഞ്ഞെത്തുന്നതും കാത്തുകൊണ്ടായിരുന്നെങ്കില്‍ ആ കാത്തിരിപ്പ് വിഫലമായിട്ടില്ല മന്‍സൂ.

    ചന്തം ചിന്തുന്ന കുറിപ്പിനു നന്ദി.

    ReplyDelete
  17. ഗമ്പീരം ഈ എഴുത്ത്‌

    ReplyDelete
  18. ചില നിമിഷങ്ങൾ നമുക്കായി മാത്രം സൃഷിക്കപ്പെടുന്നതാണ് . അതുപോലൊരു നിമിഷത്തിലാണ് ഞാനിപ്പോൾ . അനന്തമായ മരുഭൂമിയിൽ ഒരു ഗാഫ് മരച്ചുവട്ടിൽ ഏകനായി . മുന്നിൽ ഒരു പ്രഹേളിക പോലെ മരുഭൂമി . ഓരോരുത്തർക്കും അവരുടെ മനോവ്യാപരത്തിനനുസരിച്ച് എഴുതാനും വായിക്കാനും വരക്കാനുമായി അത് നീണ്ടു നിവർന്നു കിടക്കുകയാണ് .

    ReplyDelete
  19. "നുഫൂദ് പോലൊരു മരുഭൂമിയിൽ ഒരൊട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന ഞാൻ . നേരിടുന്ന പ്രതിസന്ധികൾ ,..." നിന്‍റെ ഈ ഭ്രാന്തന്‍ സ്വപ്നം യാഥാര്‍ഥ്യമാക്കിയ ഒരു യാത്രാവിവരണം ഞാന്‍ അടുത്ത് വായിച്ചതേയുള്ളൂ. "Tracks" by Robyn Davidson. ഗസലിന്റെ സൗന്ദര്യം പോലെ ശാന്തമായി മനസ്സിലേക്ക് ഇറങ്ങുന്ന വരികള്‍...നന്നായി എഴുതി മന്‍സൂര്‍....

    ReplyDelete
  20. beautifully written Mansoor. കാടിന്റെയും മരുഭൂമിയുടെയും ഒരു മനോഹര സംഗമം ...കാല്‍പ്പനിക സൌന്ദര്യത്തിന്റെ മയക്കുന്ന മനോഹാരിത ഈ എഴുത്തിൽ ഉടനീളം...well written..

    ReplyDelete
  21. തുടക്കം മുതലേ ഒരു ഗസലാണ് മനസ്സില് നിറഞ്ഞത്‌. ഒടുക്കം നിങ്ങളും ഗസലിൽ എത്തിയിരിക്കുന്നു.
    ജഗ്ജിത്തും , ഗുലാം അലിയും , മെഹ്ദി ഹസ്സനും , അനൂപ്‌ ജലോട്ടയും, ബുപിന്ദർ സിങ്ങും, അഹമ്മദ് മുഹമ്മദ്‌ ഹുസൈന്മാരും, സാബ്രി മാരും ഒക്കെ ഗസല പാടുന്നുണ്ട്.
    ഒതുക്കത്തിലുള്ള വാക്കുകളിലൂടെ ഉള്ളതും , കാല്പനികതയും ഒരു താലത്തിൽ വെച്ച് നീട്ടിയ നല്ല എഴുത്തിനെ ഞാൻ കിഷോര് കുമാറിന്റെ മെലദിയായി ആസ്വദിക്കുന്നു
    " മുസാഫിര് ഹൂം യാരോ ---- നാ ഘര് ഹേ നാ ടിഖാനാ ... മുഝെ ചൽതെ ജാനാ ഹേ............"

    ReplyDelete
  22. കവിതപോലെ യാത്രാവിവരണമെഴുതുന്ന ഒരാള്‍!!!!!!!!!!!!! ആരായാലും ഇഷ്ടപ്പെട്ടുപോകും.

    ReplyDelete
  23. ഇവിടെ ഇരുന്നു വായിച്ചു ആസ്വദിക്കാം....
    :(

    ReplyDelete
  24. മരുഭൂമിയിലെ സംഗതികളെ ഏറെയൊന്നും ഇഷ്ടപ്പെടാത്ത എന്നെ താങ്കളുടെ എഴുത്ത് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു. അതെ, ഞാനും മരുഭൂമിയെ സ്നേഹിച്ചുപോകുന്നു. അത് ആ വരികള്‍ക്കിടയിലെ കവിതയൂറുന്ന വാക്കുകള്‍ കാരണമോ മറ്റോ ആവാം. അനുഭവക്കുറിപ്പ്, യാത്രാവിവരണം, കവിത...ഇവയെല്ലാം അല്ലെങ്കില്‍ മറ്റുപലതും ഒരുപോലെ ആവാഹിച്ചിരിക്കുന്നു ആ വരികളില്‍. കൂടുതലൊന്നും എഴുതുന്നില്ല. നല്ല ഒരു പോസ്റ്റ്‌ വായിച്ചതിന്റെ ചാരിതാര്‍ത്ഥ്യം മാത്രം. നന്ദി, ഭാവുകങ്ങള്‍..

    ReplyDelete
  25. മലകളേയും മരുഭൂമികളേയും വാദികളേയും മനസ്സുകൊണ്ട് തൊട്ടറിഞ്ഞ വായന..
    ചെരിപ്പൂരി ആ മണ്ണിനെ തൊട്ടപ്പോൾ ഉള്ളംകാലിൽ നനവറിയുന്നപോലെ . അതൊരു അനുഭവമാണ് . കുറേ സത്യങ്ങളും കുറേ കാൽപനികതയും കൂടി കലർന്ന മനസ്സിന്‍റെ പിടി തരാത്ത സമസ്യകൾ . അവിടെ ചുട്ടുപൊള്ളുന്ന മണ്ണിൽ തൊടുന്ന പാദങ്ങൾക്ക് പണ്ട് ഒഴുകിയ നദിയിലെ നനവ് അറിയാനാവും..
    മനോഹരമായ അവതരണം..

    ReplyDelete
  26. Nannaayi ezhuthi cheruvaadee... njangal salala kku pokaan orungukayaa..:)

    ReplyDelete
  27. മരുഭൂമിയിലെ പുതിയ ചിന്തകൾ അല്പം കടന്ന അപകടം ആയതിനാൽ ഇവിടെ കുത്തുക്കുറിക്കാനുള്ളത് എല്ലാം കഴിഞ്ഞിട്ട് പോയാൽ മതി !

    ReplyDelete
  28. It's ok areekkodan. Let him... he Will survive everything..

    ReplyDelete

ഇഷ്ടവും ഇഷ്ടക്കേടും ഇവിടെ കുറിക്കുമല്ലോ....