
എട്ട് മണിക്ക് ഉണരനാണ് പരിപാടിയിട്ടതെങ്കിലും ഹഫി നേരത്തെ തന്നെ വിളിച്ചുണര്‍ത്തി. പാവം, ആനയെ പേടിച്ച് രാത്രി ഉറങ്ങിയില്ലെന്നു തോന്നുന്നു. പക്ഷെ അതൊരനുഗ്രഹമായി. കാരണം അത്രക്കും സുന്ദരമായ ഒരു വയനാടന്‍ പ്രഭാതം കാണാനായി. ചെമ്പ്ര കുന്നില്‍ നിന്നും മഞ്ഞ് ഇറങ്ങിതുടങ്ങുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ തെയിലചെടികളിലെ മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. പാടിയുടെ മുറ്റത്ത് കുറെകൂടി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. കുളി തീര്‍ച്ചയായും അരുവിയില്‍ തന്നെയാവണം. തണുപ്പുണ്ടാകുമെന്ന് മച്ചാന്‍ പറഞ്ഞെങ്കിലും ഞാന്‍ അവഗണിച്ചു. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം. പറഞ്ഞപോലെ നല്ല തണുപ്പുണ്ട്. എന്നാലും ആസ്വദിച്ചൊരു നീരാട്ട് നടത്തി ഞാന്‍ കയറി. പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..
ഇനി ഇറങ്ങാന്‍ സമയമായി. ഈ സ്നേഹത്തിന് എങ്ങിനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ ഒരു ദിവസം നല്‍കിയ മച്ചാനും സഫിയാത്തക്കും കുട്ടികള്‍ക്കും, ഈ വയനാടന്‍ പ്രകൃതിപോലെ സുന്ദരമായ ഒരു ജീവിതം അവരിലും നിറയട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.
"ഞങ്ങള്‍ തിരിച്ചുപോകുന്നതിന് മുമ്പ് എല്ലാരും നാട്ടില്‍ വരണം" . ഹഫിക്ക് നല്ല വിഷമമുണ്ട്. സഫിയാത്തക്കും. തേയില നുള്ളുന്ന ഒന്ന് രണ്ടു പെണ്‍കുട്ടികളെ പേരെടുത്തു വിളിച്ച് അവള്‍ യാത്ര പറഞ്ഞു, അത്ഭുദം. ഞങ്ങളിറങ്ങി.
നേരെ പോവേണ്ടത് പടിഞ്ഞാറത്തറ pwd റസ്റ്റ് ഹൗസിലേക്കാണ്. പക്ഷ അതിനു മുമ്പ് ഗഫൂര്‍ സാഹിബിനെ കാണാം. ഉപ്പയുടെ പ്രിയ സുഹൃത്ത്. വയനാട് DFO ആണ്. ഞങ്ങള്‍ വരുന്ന വിവരം ഉപ്പ വിളിച്ച് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ കയറി ഗഫൂര്‍ സാഹിബിനെ കണ്ടു. സിഗരറ്റില്‍ നിന്നും സിഗരറ്റിലേക്ക് തീ കൊളുത്തി ഗഫൂര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി, ഞങ്ങള്‍ നല്ല കേള്‍വിക്കാര്‍ മാത്രം. നിങ്ങള്‍ റൂമില്‍ പോയി വിശ്രമിക്ക്. ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ വരാം. എന്നിട്ടാവാം ബാണാസുര സാഗര്‍ ഡാമില്‍ കയറാന്‍ .
ഗസ്റ്റ് ഹൗസില്‍ ജോസേട്ടന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുമ്പിവിടെ വന്നപ്പോഴും കുക്ക് ജോസേട്ടന്‍ തന്നെ. ഗഫൂര്‍ക്കയുടെ വിളി കൂടി വന്നപ്പോള്‍ ജോസേട്ടന് സ്നേഹം കൂടി. ചായ വന്നു. യാത്ര വെയിലാറിയിട്ട് തന്നെയാണ് നല്ലത്. പുല്‍ത്തകിടിയില്‍ കസേരയിട്ട് ഞങ്ങള്‍ കുറച്ചു നേരം പരദൂഷണം പറഞ്ഞിരുന്നു. പിന്നെ ആനപ്പേടി കൊണ്ടുപോയ പാതിയുറക്ക് തീര്‍ക്കാന്‍ ഹഫി പോയി. "ഉച്ചക്കെന്താ വേണ്ടത്?" . ജോസേട്ടന്റെ കൈപ്പുണ്യം നേരത്തെ അറിയുന്നതുകൊണ്ട് തീരുമാനം ജോസേട്ടന് തന്നെ വിട്ടു. മരങ്ങളും പച്ചപ്പും നോക്കി ഞാനും ആ കസേരയില്‍ ഇരുന്നുതന്നെ ഉറങ്ങിപോയി. മൊബൈല്‍ റിങ്ങ് ചെയ്യുന്നു. ഉപ്പയാണ്. സൂക്ഷിച്ച് ഡ്രൈവ് ചെയ്യണം തുടങ്ങി പതിവ് ഉപദേശങ്ങള്‍. "എപ്പോള്‍ തിരിക്കും?" ഞാന്‍ പറഞ്ഞു " നാളെ അല്ലെങ്കില്‍ മറ്റന്നാള്‍. ". ഫോണ്‍ വെച്ചു. ഊണ് റെഡിയായെന്ന് ജോസേട്ടന്‍ വന്നു പറഞ്ഞു. നല്ല മീനൊന്നും കിട്ടിയില്ല. മത്തിയേ ഉള്ളൂ. "മതിയല്ലോ. ജോസേട്ടന്‍ പൊരിക്കുമ്പോള്‍ അതിന് രുചി കൂടും". ഞാനൊന്ന് സുഖിപ്പിച്ചു.
ഒരു മൂന്ന് മണിയായപ്പോഴേക്കും പുറത്തു ജീപ്പിന്റെ ശബ്ദം കേട്ട്. ഗഫൂര്‍ക്കയാണ്. ഒരു കിടിലന്‍ ബൈനോകുലറെല്ലാമായി സെറ്റപ്പിലാണ്. "നടക്കാം" ഞങ്ങള്‍
ഡാമിലേക്ക് കയറി. സിഗരറ്റിനും ഗഫൂര്‍ക്കയുടെ നാവിനും വിശ്രമമില്ല. " മുടിഞ്ഞ ടെന്‍ഷന്‍ കയറുമ്പോള്‍ ഞാനിവിടെ വരും. വല്ലാത്തൊരു ആശ്വാസം കിട്ടും ഇവിടിരിക്കുമ്പോള്‍." ഗഫൂര്‍ക്ക സംഭാഷണം തുടര്‍ന്നു. "നിങ്ങള്‍ ഒന്ന് നടന്നു വാ.ഞാനിവിടെ കാണും", ഞങ്ങള്‍ പതുക്കെ നടന്നു. കണ്ണുകള്‍ രണ്ടു പോര ഈ ഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍ . വാകുകളും ഇല്ല വിവരിക്കാന്‍ .എഴുതാന്‍ കഴിയാതെ പോകുന്ന ഒരുപാട് കവിതകള്‍ മനസ്സില്‍ വിരിയുന്നു.
തിരിച്ചുനടന്നു. "ഒരു ബോട്ട് സവാരി ആയാലോ " എന്ന് ഗഫൂര്‍ക്ക. പറഞ്ഞു തീരും മുമ്പ് ഹഫി ബോട്ടില്‍ കയറി. എനിക്ക് താല്പര്യമില്ല. സത്യം പറഞ്ഞാല്‍ പേടി തന്നെ.
നീന്തലറിയില്ലെങ്കില്‍ പേടി കാണില്ലേ?.
"ഗഫൂര്‍ക്കാ, ഇതില് മുതല കാണുമോ?" കയറിയതിനെക്കാള്‍ വേഗത്തില്‍ ഹഫി തിരിച്ചിറങ്ങി. എന്റെ ചോദ്യവും അവളുടെ ചാട്ടവും ഗഫൂര്‍ക്കക്ക് നല്ല ചിരിയായി. വനം മന്ത്രി അല്ല ഇനി മുഖ്യന്‍ നേരിട്ട് വന്നു ചീത്ത വിളിച്ചാലും ഡി എഫ് ഓക്ക് ഇനി ഒരു ടെന്‍ഷനും ബാക്കി കാണില്ല. മുതല ഇല്ലെന്നു DFO നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടും
അവള് കയറിയില്ല. പുലി, ആന, മുതല. എല്ലാമായി. ഒന്നും വന്നതും ഇല്ല. പേടിക്കാന്‍ ഈ പേര് തന്നെ ധാരാളം.
നേരമിരുട്ടി. ഞങ്ങള്‍ തിരിച്ച് ഗസ്റ്റ് ഹൗസിലെത്തി. ഗഫൂര്‍ക്കക്ക് നാളെ എന്തോ റിപ്പോര്‍ട്ടിംഗ് ഉണ്ട്,ഭക്ഷണം നേരത്തെ എടുക്കാന്‍ ജോസേട്ടനോട് പറഞ്ഞു. കമ്പിളികൊണ്ട് പുതച്ചു ഞങ്ങള്‍ മുറ്റത്തിരുന്നു. ഗഫൂര്‍ക്കയുടെ ആനകഥകളും നായാട്ടു കഥകളും കേട്ട് ഹഫി നല്ല ത്രില്ലിലാണ്. ജോസേട്ടന്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും എടുത്തുവെച്ചു. ഗഫൂര്‍ക്കയുടെ മീശക്കും ചുണ്ടിനുമിടക്കൂടെ ചിക്കന്‍ പീസുകള്‍ കയറിയിറങ്ങുന്ന വേഗം കണ്ട് ഞാനും മാക്സിമം കോന്‍സ്രണ്ടേഷന്‍ അതിലാക്കി.
ഈ കാര്യത്തില്‍ കൊംപ്രമൈസ് ഇല്ല ഓഫീസര്‍.
"അടുത്ത ആഴ്ച ചെറുവാടിയിലേക്ക് വരുന്നുണ്ട്. ഉപ്പയെ കണ്ടിട്ട് കുറെയായി" പിന്നെ നാളെ നിങ്ങള്‍ക്ക് കറങ്ങാന്‍ പോവാന്‍ ഒരാള് വരും. വണ്ടി അയാള് ഓടിച്ചോളും. നീ ഡ്രൈവ് ചെയ്യേണ്ട". ഈ ശബ്ദത്തിനു ഒരു ഓഫീസര്‍ ചുവയുണ്ട്. ഇത് ഉപ്പയും ഗഫൂര്‍ക്കയും ഒപ്പിച്ച പാരയാണ്. ഗഫൂര്‍ക്ക പോയി. വലിയ ശരീരത്തില്‍ ഒത്തിരി സ്നേഹവുമായി അടിപൊളിയായി ജീവിക്കുന്ന നല്ലൊരു മനുഷ്യന്‍ ..
ഇന്ന് ഉപ്പയും ഗഫൂര്‍ക്കയും ഇല്ല. ഈയടുത്ത് ഹാര്‍ട്ട് അറ്റാക്കായി മരിച്ചു. ഉപ്പ സ്നേഹിച്ച, ഉപ്പയെ സ്നേഹിച്ച ആ പ്രിയ സുഹൃത്തിന് ഒരു പ്രണാമം കൂടിയാവട്ടെ ഈ കുറിപ്പ്.
(എഴുതിയെഴുതി കൈവിട്ട് പോകുന്നു. ഒരു പോസ്റ്റില്‍ കൂടി സഹിക്കാന്‍ പറ്റുമെങ്കില്‍ അറിയിക്കുക. ഇല്ലെങ്കില്‍ ദേ..ഇവിടെ നിര്‍ത്തി)







