Saturday, October 16, 2010

കാടും നാടും കുന്നും .(വയനാടന്‍ കുളിര്‍ക്കാറ്റ് -3)



നല്ല തണുപ്പുള്ള രാത്രി. സുഖമുള്ളൊരു ഉറക്കവും കഴിഞ്ഞ് നേരത്തെ തന്നെ എഴുന്നേറ്റു. ചുടുവെള്ളത്തില്‍ കുളി. പാടിയിലെ കാട്ടരുവിയിലെ കുളി മിസ്സ്‌ ചെയ്യുന്നു. കുളികഴിഞ്ഞെത്തിയപ്പോഴേക്കും ചായയുമായി ജോസേട്ടന്‍ വന്നു. "പുറത്ത് ആള് കാത്തുനില്‍ക്കുന്നു". ബഷീര്‍ക്കയാണ്. വണ്ടിയോടിക്കാന്‍ ഗഫൂര്‍ക്ക ഏര്‍പ്പാട് ചെയ്ത ആളാണ്‌. ഒരു ചാപ്ലിന്‍ സ്റ്റൈല്‍ മീശയും പഴയ ഇന്ദ്രന്‍സിന്റെ തടിയുമൊക്കെയുള്ള ഒരു മധ്യ വയസ്കന്‍ . പരിചയപ്പെട്ട ഉടനെതന്നെ മനസ്സിലായി ആള് ഇന്ന് ഞങ്ങളെ കത്തിവെച്ച് കൊല്ലുമെന്ന്. "ആദ്യം തോല്‍പ്പെട്ടി വനം, പിന്നെ ഗോപാല്‍ സാമി പേട്ട", ഞാനെന്റെ യാത്ര പരിപാടി അവതരിപ്പിച്ചു. എന്നാല്‍ വേഗം ഇറങ്ങാമെന്ന് ബഷീര്‍ക്ക.
ജോസേട്ടന്റെ പുട്ടും മുട്ടക്കറിയും കഴിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെതന്നെ ബഷീര്‍ക്കയുടെ കത്തിയും സ്റ്റാര്‍ട്ടായി. പിന്നെ വിശേഷങ്ങളുടെ പെരുമഴ. പഴയ പന്തുകളിക്കാരനാണത്രെ. ചെറുവാടിക്കാരുടെ പന്തുകളി പ്രേമത്തെപറ്റി ഒരു ഗവേഷണ കത്തി തന്നെ അവതരിപ്പിച്ചു ബഷീര്‍ക്ക.
ന്നാലും ഇത് വല്ലാത്തൊരു സ്നേഹപ്പാര ആയിപോയി ഗഫൂര്‍ക്ക. പക്ഷെ സംസാരം മാറ്റിനിര്‍ത്തിയാല്‍ ഒരു പാവം മനുഷ്യനാണ് ബഷീര്‍ക്ക. സ്ഥിരമായി ജോലിയൊന്നുമില്ല. "പലരും വിളിക്കും, അവര് വല്ലതും തരും. ഒരു ചെറിയ കുടുംബത്തിനു കഴിഞ്ഞുപോകാന്‍ മതിയാവും". ഗഫൂര്‍ക്കയെ കുറിച്ച് പറയുമ്പോള്‍ ബഷീര്‍ക്കക്ക് ഇരട്ടി ആവേശം.
വയനാട് മുഴുവന്‍ കാണാപാഠമാണ്‌ ബഷീര്‍ക്കക്ക്. നാട്ടുവഴികളും കാട്ടുവഴികളുമൊക്കെ കടന്നു ഞങ്ങള്‍ തോല്‍പ്പെട്ടിയിലെത്തി.
ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടിലേക്ക് കയറുന്നതിനു തൊട്ടുമുമ്പുള്ള ഒരു ചെറിയ അങ്ങാടി. ബഷീര്‍ക്ക ഒരു പെട്ടികടയിലേക്ക് കയറി. ഞാനും. നല്ല എരുവൊക്കെ ചേര്‍ത്ത ഒരു മോര് സോഡ. ഇതെന്റെ ഫേവറിറ്റ് ആണ്. ബഷീര്‍ക്ക വെറ്റില മുറുക്കാന്‍ ഒരുങ്ങുന്നു. വേണോ എന്നായി എന്നോട്. ഒന്നും വേണ്ട എന്ന് പറഞ്ഞുള്ള ശീലം പണ്ടേ എനിക്കില്ല. മുമ്പ് ചെറിയൊരു കഷ്ണം തേങ്ങാപൂളും ചേര്‍ത്ത് പാതി വെറ്റിലയില്‍ വല്ല്യുപ്പ മുറുക്കാന്‍ തരുമായിരുന്നു. ഹഫിക്ക് നാണക്കേട്‌ തോന്നിയെങ്കിലും ഞാന്‍ മുറുക്കാന്‍ തന്നെ തീരുമാനിച്ചു. പുകല വേണ്ട. യാത്ര കുളമാവും. ആ ചുറ്റുപാട് ചെറുതായൊന്നു കറങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.
ഇനി കാട്ടിലേക്ക്, എനിക്കാവേശം കയറി. കൂടുതല്‍ ഉള്ളിലേക്ക് .ബഷീര്‍ക്കക്ക് വല്യ സംസാരം ഒന്നുമില്ല. ശ്രദ്ധ മുഴുവന്‍ ഡ്രൈവിങ്ങിലാണ്. ഇനി ഒരു ആനപ്പേടി കഷിക്കും ഉണ്ടോ? പോകുന്ന വഴിയിലെങ്ങാനും കുറുകെ ഒരു കാട്ടുവീരന്‍ ? ഇതുവരെയുള്ള മൂപ്പരുടെ പെര്‍ഫോര്‍മന്‍സ് വെച്ച് നോക്കുമ്പോള്‍ അങ്ങിനെ ഒരു സംശയം ന്യായം.
ഏതായാലും ഈ തവണ യാത്ര മുതലായി. കാരണം സാമാന്യം എല്ലാ മൃഗങ്ങളും ദര്‍ശനം തന്നു. ആനകളൊക്കെ നല്ല പരിചയക്കാരെപോലെ ഒരല്പം വിട്ടുമാറി തന്നെ നിന്നു. അതുകൊണ്ട് ഹഫിക്ക് മര്യാദക്ക് ശ്വാസം വിടാന്‍ പറ്റി. എനിക്കും. കൂടാതെ കാട്ടുപോത്തുകളുടെ ഒരുഗ്രന്‍ ഗുസ്തിയും കണ്ടു.





വളരെ രസകരമായൊരു കാട്ടുസവാരിയും കഴിഞ്ഞ് ഞങ്ങള്‍ മാനന്തവാടി വന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ഗുണ്ടല്‍പ്പേട്ട വഴി ഗോപാല്‍ സാമി പേട്ടയിലേക്ക് .
ഈ സുന്ദരമായ അതോടൊപ്പം കടുപ്പവുമായ വഴികളിലൂടെ വണ്ടിയോടിക്കാനുള്ള എന്റെ പൂതി ബഷീര്‍ക്ക അപ്പീലിന് പോലും അവസരം നല്‍കാതെ നിര്‍ദയം തള്ളി.
ചുരം കയറി ഗോപാല്‍ സാമി പേട്ടയിലെത്തി. അതിസുന്ദരമായ സ്ഥലം. ദൈവം നേരിട്ട് ഇടപ്പെട്ട പ്രകൃതി ഭംഗി. പലവട്ടം ഇവിടെ വന്നിട്ടുണ്ട്. ബഷീര്‍ക്കയെ അവിടെ വിട്ടിട്ട്‌ ഒരു റൊമാന്റിക്‌ ഡ്യൂയറ്റും മനസ്സില്‍ പാടി ഞാനും ഹഫിയും ഒന്ന് കറങ്ങി. ഈ കുന്നിനു മുകളില്‍ തന്നെ വലിയൊരു ക്ഷേത്രം ഉണ്ട്. പ്രതിഷ്ഠ ഏതാണെന്നൊന്നും എനിക്കറിയില്ല. അവിടെ കയറുന്നത് തെറ്റാണോ എന്നും അറിയില്ല. ഉള്ളില്‍ കയറിയില്ലെങ്കിലും ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ കറങ്ങി. കയറരുതെന്ന് പറയുന്ന ഒരു സൂചികയും അവിടെ കണ്ടില്ല. ഇനി തെറ്റെങ്കില്‍ എന്റെ ഹിന്ദു സഹോദരങ്ങള്‍ ക്ഷമിക്കുക. ഏതായാലും സുന്ദരമായ ഈ പ്രകൃതിയില്‍ ആ ക്ഷേത്രത്തിന്റെ നില്‍പ്പിനു ഒരു പ്രൌഡി ഉണ്ട്.
ബഷീര്‍ക്ക തിരഞ്ഞു വന്നു. "വേഗം മടങ്ങണം . കോടമഞ്ഞിറങ്ങിയാല്‍ പിന്നെ ചുരമിറങ്ങാന്‍ പറ്റില്ല". ഞങ്ങള്‍ തിരിച്ചിറങ്ങി.
ഓരോ യാത്രയും മനസ്സില്‍ പതിച്ചുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില അടയാളങ്ങള്‍. ഒരു ഗ്രാമം, ദേശം, വ്യക്തി ഇങ്ങിനെ പല പല ബിംബങ്ങളിലൂടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ മനസ്സിലങ്ങിനെ കിടക്കും ചില ഓര്‍മ്മകള്‍. ഇതും ഒരു പഴയ യാത്രയാണ്. എന്നാലും ഇന്നലെ പോയ പോലെയാണ് ഞാനീ കുറിപ്പെഴുതുന്നത്. കാരണം ആ യാത്രയുടെ ആവേശം ഇന്നും എന്റെ മനസ്സില്‍ സജീവമായുണ്ട്. മച്ചാനെയും സഫിയാത്തയേയും ഞങ്ങള്‍ പിന്നെയും കണ്ടിട്ടുണ്ട്. പിന്നീടൊരിക്കലും ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ വിടപറഞ്ഞതാണ്‌ ഗഫൂര്‍ക്ക.
ബഷീര്‍ക്കയും ജോസേട്ടനും ഈ യാത്രയോടെ ബന്ധം നഷ്ടപെട്ടവരാണ്. പക്ഷെ അവരിന്നും എന്റെ ഓര്‍മ്മകളിലുണ്ട്. ഏതെങ്കിലും ഒരു യാത്രയില്‍ എവിടെവെച്ചോ അവരെ കണ്ടുമുട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഗൂഡല്ലൂര്‍ വഴിയാണ് മടക്കം. എനിക്കിഷ്ടപ്പെട്ട സ്ഥലമാണിത്. ഒരു സ്കൂള്‍ ടൂറില്‍ കയറിപ്പറ്റിരിഷ്ടം. ഇവിടെത്തുമ്പോള്‍ അറിയാതെ മൂളുന്നൊരു പാട്ടുണ്ട്. "ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ...ഓലതുമ്പത്താടാന്‍ വാ..." . അന്ന് സ്കൂള്‍ ടൂര്‍ ഇവിടെയെത്തുമ്പോള്‍ ബസ്സിലെ സ്റ്റീരിയോയില്‍ ഈ പാട്ടായിരുന്നു. ഞങ്ങള്‍ കുട്ടികളെല്ലാം കൂടി ഇതിനോടൊപ്പം ചേര്‍ന്നുപാടി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനിതോര്‍ക്കുന്നത് നേരത്തെ പറഞ്ഞ യാത്രയിലെ ആ പ്രത്യേകതകള്‍ കൊണ്ട് തന്നെയാണ്.
പല യാത്രകളിലും ഒരു റിഫ്രഷ്മെന്റ് പോയിന്റ്‌ ആയി വരാറുള്ള സ്ഥലമാണ് ഗൂഡല്ലൂര്‍. കച്ചവടക്കാര്‍ കൂടുതലും മലയാളികള്‍. കുടിയേറി പാര്‍ത്തവര്‍. കരുവാരകുണ്ടിലുള്ള ഹബീബിന്റെ കടയില്‍ നിന്നാണ് പല യാത്രയിലും വെള്ളവും ഫ്രൂട്ട്സും ഒക്കെ വാങ്ങാറുള്ളത്.
മടക്കം നാട്ടിലേക്ക് തന്നെയാണ്. പക്ഷെ ബഷീര്‍ക്ക വീട് വരെ വരുമെന്ന് നിര്‍ബന്ധം പിടിച്ചു. മുമ്പത് ഗഫൂര്‍ക്കയോടുള്ള കടപ്പാടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടുള്ള സ്നേഹം കൂടിയാണ്. അല്ലേല്ലും തിരിച്ചു വയനാട് വഴി മടങ്ങാനും പറ്റില്ല. രാത്രിയിലെ യാത്രക്ക് ഞങ്ങളെ ഒറ്റയ്ക്ക് വിടാന്‍ ആ നല്ല മനുഷ്യന് താല്പര്യമില്ല. ഒന്നാലോചിക്കുമ്പോള്‍ എനിക്കും അത് സ്വീകാര്യമായി തോന്നി. കാരണം വണ്ടിയോടിക്കാനല്ലാതെ അതിനെന്തെങ്കിലും പറ്റിയാല്‍ ഒരു ടയറു പോലും മാറ്റാന്‍ കഴിയാത്ത ഞാന്‍ കുഴങ്ങിയത് തന്നെ. ചെറുവാടിയില്‍ നിന്നും വയനാട്ടിലേക്ക് അധികം ദൂരവുമില്ല.
വേണമെങ്കില്‍ ഇന്നിവിടെ തങ്ങി ചില സ്ഥലങ്ങള്‍ കൂടി കണ്ടു നാളെ മടങ്ങാം. പക്ഷെ എനിക്ക് മടങ്ങണമെന്ന് തോന്നി. കാരണം പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്. വര്‍ഷത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ മാസം എന്റെ സ്വകാര്യ സന്തോഷത്തിനു മാത്രമായി മാറ്റി വെക്കാന്‍ എനിക്ക് താല്പര്യമില്ല. ഏത് നാട്ടില്‍ ചെന്നാലും എന്ത് കാഴ്ചകള്‍ കണ്ടാലും അവരുടെ സന്തോഷത്തിന് പകരമാവുമോ? അവരുടെ സ്നേഹത്തിന്‌ പകരമാവുമോ? അല്ലെങ്കില്‍ ഈ നട്ടപാതിരക്ക് ഞങ്ങള്‍ സുരക്ഷിതരായി വരുന്നതും കാത്ത് അവരുറങ്ങാതെ കാത്തിരുന്നത് മറ്റെന്തിനാണ്?





ഫോട്ടോസ് - ഇരുവഴിഞ്ഞി. കോം , ഷക്കീബ് കൊളക്കാടന്‍

Saturday, October 2, 2010

വയനാടന്‍ കുളിര്‍ക്കാറ്റ് (2)



എട്ട് മണിക്ക് ഉണരനാണ് പരിപാടിയിട്ടതെങ്കിലും ഹഫി നേരത്തെ തന്നെ വിളിച്ചുണര്‍ത്തി. പാവം, ആനയെ പേടിച്ച് രാത്രി ഉറങ്ങിയില്ലെന്നു തോന്നുന്നു. പക്ഷെ അതൊരനുഗ്രഹമായി. കാരണം അത്രക്കും സുന്ദരമായ ഒരു വയനാടന്‍ പ്രഭാതം കാണാനായി. ചെമ്പ്ര കുന്നില്‍ നിന്നും മഞ്ഞ് ഇറങ്ങിതുടങ്ങുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ തെയിലചെടികളിലെ മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. പാടിയുടെ മുറ്റത്ത്‌ കുറെകൂടി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. കുളി തീര്‍ച്ചയായും അരുവിയില്‍ തന്നെയാവണം. തണുപ്പുണ്ടാകുമെന്ന് മച്ചാന്‍ പറഞ്ഞെങ്കിലും ഞാന്‍ അവഗണിച്ചു. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം. പറഞ്ഞപോലെ നല്ല തണുപ്പുണ്ട്. എന്നാലും ആസ്വദിച്ചൊരു നീരാട്ട് നടത്തി ഞാന്‍ കയറി. പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാ‍ന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..
ഇനി ഇറങ്ങാന്‍ സമയമായി. ഈ സ്നേഹത്തിന്‌ എങ്ങിനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ ഒരു ദിവസം നല്‍കിയ മച്ചാനും സഫിയാത്തക്കും കുട്ടികള്‍ക്കും, ഈ വയനാടന്‍ പ്രകൃതിപോലെ സുന്ദരമായ ഒരു ജീവിതം അവരിലും നിറയട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.
"ഞങ്ങള്‍ തിരിച്ചുപോകുന്നതിന് മുമ്പ് എല്ലാരും നാട്ടില്‍ വരണം" . ഹഫിക്ക് നല്ല വിഷമമുണ്ട്. സഫിയാത്തക്കും. തേയില നുള്ളുന്ന ഒന്ന് രണ്ടു പെണ്‍കുട്ടികളെ പേരെടുത്തു വിളിച്ച് അവള്‍ യാത്ര പറഞ്ഞു, അത്ഭുദം. ഞങ്ങളിറങ്ങി.
നേരെ പോവേണ്ടത് പടിഞ്ഞാറത്തറ pwd റസ്റ്റ്‌ ഹൗസിലേക്കാണ്. പക്ഷ അതിനു മുമ്പ് ഗഫൂര്‍ സാഹിബിനെ കാണാം. ഉപ്പയുടെ പ്രിയ സുഹൃത്ത്‌. വയനാട് DFO ആണ്. ഞങ്ങള്‍ വരുന്ന വിവരം ഉപ്പ വിളിച്ച് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ കയറി ഗഫൂര്‍ സാഹിബിനെ കണ്ടു. സിഗരറ്റില്‍ നിന്നും സിഗരറ്റിലേക്ക് തീ കൊളുത്തി ഗഫൂര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി, ഞങ്ങള്‍ നല്ല കേള്‍വിക്കാര്‍ മാത്രം. നിങ്ങള്‍ റൂമില്‍ പോയി വിശ്രമിക്ക്. ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ വരാം. എന്നിട്ടാവാം ബാണാസുര സാഗര്‍ ഡാമില്‍ കയറാന്‍ .
ഗസ്റ്റ് ഹൗസില്‍ ജോസേട്ടന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുമ്പിവിടെ വന്നപ്പോഴും കുക്ക് ജോസേട്ടന്‍ തന്നെ. ഗഫൂര്‍ക്കയുടെ വിളി കൂടി വന്നപ്പോള്‍ ജോസേട്ടന് സ്നേഹം കൂടി. ചായ വന്നു. യാത്ര വെയിലാറിയിട്ട് തന്നെയാണ് നല്ലത്. പുല്‍ത്തകിടിയില്‍ കസേരയിട്ട് ഞങ്ങള്‍ കുറച്ചു നേരം പരദൂഷണം പറഞ്ഞിരുന്നു. പിന്നെ ആനപ്പേടി കൊണ്ടുപോയ പാതിയുറക്ക്‌ തീര്‍ക്കാന്‍ ഹഫി പോയി. "ഉച്ചക്കെന്താ വേണ്ടത്?" . ജോസേട്ടന്റെ കൈപ്പുണ്യം നേരത്തെ അറിയുന്നതുകൊണ്ട് തീരുമാനം ജോസേട്ടന് തന്നെ വിട്ടു. മരങ്ങളും പച്ചപ്പും നോക്കി ഞാനും ആ കസേരയില്‍ ഇരുന്നുതന്നെ ഉറങ്ങിപോയി. മൊബൈല്‍ റിങ്ങ് ചെയ്യുന്നു. ഉപ്പയാണ്. സൂക്ഷിച്ച് ഡ്രൈവ് ചെയ്യണം തുടങ്ങി പതിവ് ഉപദേശങ്ങള്‍. "എപ്പോള്‍ തിരിക്കും?" ഞാന്‍ പറഞ്ഞു " നാളെ അല്ലെങ്കില്‍ മറ്റന്നാള്‍. ". ഫോണ്‍ വെച്ചു. ഊണ് റെഡിയായെന്ന് ജോസേട്ടന്‍ വന്നു പറഞ്ഞു. നല്ല മീനൊന്നും കിട്ടിയില്ല. മത്തിയേ ഉള്ളൂ. "മതിയല്ലോ. ജോസേട്ടന്‍ പൊരിക്കുമ്പോള്‍ അതിന് രുചി കൂടും". ഞാനൊന്ന് സുഖിപ്പിച്ചു.
ഒരു മൂന്ന് മണിയായപ്പോഴേക്കും പുറത്തു ജീപ്പിന്റെ ശബ്ദം കേട്ട്. ഗഫൂര്‍ക്കയാണ്. ഒരു കിടിലന്‍ ബൈനോകുലറെല്ലാമായി സെറ്റപ്പിലാണ്. "നടക്കാം" ഞങ്ങള്‍
ഡാമിലേക്ക് കയറി. സിഗരറ്റിനും ഗഫൂര്‍ക്കയുടെ നാവിനും വിശ്രമമില്ല. " മുടിഞ്ഞ ടെന്‍ഷന്‍ കയറുമ്പോള്‍ ഞാനിവിടെ വരും. വല്ലാത്തൊരു ആശ്വാസം കിട്ടും ഇവിടിരിക്കുമ്പോള്‍." ഗഫൂര്‍ക്ക സംഭാഷണം തുടര്‍ന്നു. "നിങ്ങള്‍ ഒന്ന് നടന്നു വാ.ഞാനിവിടെ കാണും", ഞങ്ങള്‍ പതുക്കെ നടന്നു. കണ്ണുകള്‍ രണ്ടു പോര ഈ ഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍ . വാകുകളും ഇല്ല വിവരിക്കാന്‍ .എഴുതാന്‍ കഴിയാതെ പോകുന്ന ഒരുപാട് കവിതകള്‍ മനസ്സില്‍ വിരിയുന്നു.
തിരിച്ചുനടന്നു. "ഒരു ബോട്ട് സവാരി ആയാലോ " എന്ന് ഗഫൂര്‍ക്ക. പറഞ്ഞു തീരും മുമ്പ് ഹഫി ബോട്ടില്‍ കയറി. എനിക്ക് താല്പര്യമില്ല. സത്യം പറഞ്ഞാല്‍ പേടി തന്നെ.
നീന്തലറിയില്ലെങ്കില്‍ പേടി കാണില്ലേ?.
"ഗഫൂര്‍ക്കാ, ഇതില് മുതല കാണുമോ?" കയറിയതിനെക്കാള്‍ വേഗത്തില്‍ ഹഫി തിരിച്ചിറങ്ങി. എന്റെ ചോദ്യവും അവളുടെ ചാട്ടവും ഗഫൂര്‍ക്കക്ക് നല്ല ചിരിയായി. വനം മന്ത്രി അല്ല ഇനി മുഖ്യന്‍ നേരിട്ട് വന്നു ചീത്ത വിളിച്ചാലും ഡി എഫ് ഓക്ക് ഇനി ഒരു ടെന്‍ഷനും ബാക്കി കാണില്ല. മുതല ഇല്ലെന്നു DFO നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടും
അവള് കയറിയില്ല. പുലി, ആന, മുതല. എല്ലാമായി. ഒന്നും വന്നതും ഇല്ല. പേടിക്കാന്‍ ഈ പേര് തന്നെ ധാരാളം.

നേരമിരുട്ടി. ഞങ്ങള്‍ തിരിച്ച്‌ ഗസ്റ്റ് ഹൗസിലെത്തി. ഗഫൂര്‍ക്കക്ക് നാളെ എന്തോ റിപ്പോര്‍ട്ടിംഗ് ഉണ്ട്,ഭക്ഷണം നേരത്തെ എടുക്കാന്‍ ജോസേട്ടനോട് പറഞ്ഞു. കമ്പിളികൊണ്ട്‌ പുതച്ചു ഞങ്ങള്‍ മുറ്റത്തിരുന്നു. ഗഫൂര്‍ക്കയുടെ ആനകഥകളും നായാട്ടു കഥകളും കേട്ട് ഹഫി നല്ല ത്രില്ലിലാണ്. ജോസേട്ടന്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും എടുത്തുവെച്ചു. ഗഫൂര്‍ക്കയുടെ മീശക്കും ചുണ്ടിനുമിടക്കൂടെ ചിക്കന്‍ പീസുകള്‍ കയറിയിറങ്ങുന്ന വേഗം കണ്ട് ഞാനും മാക്സിമം കോന്‍സ്രണ്ടേഷന്‍ അതിലാക്കി.
ഈ കാര്യത്തില്‍ കൊംപ്രമൈസ് ഇല്ല ഓഫീസര്‍.
"അടുത്ത ആഴ്ച ചെറുവാടിയിലേക്ക് വരുന്നുണ്ട്. ഉപ്പയെ കണ്ടിട്ട് കുറെയായി" പിന്നെ നാളെ നിങ്ങള്‍ക്ക് കറങ്ങാന്‍ പോവാന്‍ ഒരാള് വരും. വണ്ടി അയാള് ഓടിച്ചോളും. നീ ഡ്രൈവ് ചെയ്യേണ്ട". ഈ ശബ്ദത്തിനു ഒരു ഓഫീസര്‍ ചുവയുണ്ട്. ഇത് ഉപ്പയും ഗഫൂര്‍ക്കയും ഒപ്പിച്ച പാരയാണ്. ഗഫൂര്‍ക്ക പോയി. വലിയ ശരീരത്തില്‍ ഒത്തിരി സ്നേഹവുമായി അടിപൊളിയായി ജീവിക്കുന്ന നല്ലൊരു മനുഷ്യന്‍ ..
ഇന്ന് ഉപ്പയും ഗഫൂര്‍ക്കയും ഇല്ല. ഈയടുത്ത് ഹാര്‍ട്ട്‌ അറ്റാക്കായി മരിച്ചു. ഉപ്പ സ്നേഹിച്ച, ഉപ്പയെ സ്നേഹിച്ച ആ പ്രിയ സുഹൃത്തിന് ഒരു പ്രണാമം കൂടിയാവട്ടെ ഈ കുറിപ്പ്.
(എഴുതിയെഴുതി കൈവിട്ട് പോകുന്നു. ഒരു പോസ്റ്റില്‍ കൂടി സഹിക്കാന്‍ പറ്റുമെങ്കില്‍ അറിയിക്കുക. ഇല്ലെങ്കില്‍ ദേ..ഇവിടെ നിര്‍ത്തി)

Monday, September 20, 2010

വയനാടന്‍ കുളിര്‍ക്കാറ്റ്



ഒരിക്കലും മടുപ്പിക്കാത്ത യാത്രകളാണ് വയനാട്ടിലേക്ക്. ഇവിടത്തെ കാഴ്ചകളെപ്പറ്റി ഒരുപാട് ലേഖനങ്ങളും യാത്രാവിവരണങ്ങളും ബൂലോകത്തില്‍ തന്നെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ഥലങ്ങളെയും കാഴ്ചകളെയും പരിചയപ്പെടുത്താതെ, ഈ യാത്ര നല്‍കിയ വ്യക്തിപരമായ സന്തോഷവും അനുഭവങ്ങളുമാണ് ഞാന്‍ പങ്കുവെക്കുന്നത്.
ചെമ്പ്ര കുന്നിന്റെ താഴ്വാരങ്ങളില്‍ നിന്നുമാണ് ഞങ്ങളുടെ ഈ യാത്ര തുടങ്ങുന്നത്. നേരത്തെ വിളിച്ചുപറഞ്ഞതിനാല്‍ ഞങ്ങളെ കാത്ത് മച്ചാന്‍(ശിഹാബ്) കാത്തിരിക്കുന്നുണ്ടായിരുന്നു. വയനാട്ടില്‍ ഒരു കരാര് ജോലിയുമായി ബന്ധപ്പെട്ട് സഹോദരന്‍ വഴി മച്ചാനെ നേരത്തെ അറിയാം. ഇപ്പോള്‍ ഇവിടെ തേയില തോട്ടത്തില്‍ ജോലി ചെയ്യുന്നു. മച്ചാന്‍ നേരെ പാടിയിലേക്ക് ( ഇവരുടെ കോര്‍ട്ടേഴ്സിന് "പാടി" എന്ന് പറയും) കൂട്ടികൊണ്ടുപോയി. തേയില തോട്ടത്തിനിടയില്‍ രണ്ട് മുറിയും അടുക്കളയുമായി ഒരു കൊച്ചു സുന്ദരന്‍ വീട്. ചെറിയ മുറ്റത്ത്‌ നിറയെ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. ജമയന്തിയും ഡാലിയയും പിന്നെ പേരറിയാത്ത പലതരം വര്‍ണ്ണത്തിലുള്ള പൂക്കള്‍. ഒന്നിനും മണമില്ല. പക്ഷെ സുഗന്ധം മുഴുവനും മച്ചാന്‍റെയും സഫിയാത്തയുടെയും ജീവിതത്തിലുണ്ട്. പരിമിതികള്‍ക്കിടയിലും ഞങ്ങള്‍ക്ക് നല്‍കിയ സ്നേഹം. ഈ പ്രകൃതിയുടെ സൗന്ദര്യം തുടര്‍ന്നും ഇവരുടെ ജീവിതത്തില്‍ നിറയട്ടെ.



സഫിയാത്ത ചായയും പലഹാരങ്ങളും എടുത്തുവെച്ചു. നല്ല തകര്‍പ്പന്‍ വയനാടന്‍ ചായ. യാത്രാക്ഷീണം അതില്‍ തീര്‍ന്നു. ചെമ്പ്രക്കുന്ന് കയറണമെന്ന് പറഞ്ഞപ്പോള്‍ മച്ചാന്‍ വിലക്കി. "വേണ്ട, നന്നായി ക്ഷീണിക്കും. ഒരു ദിവസം വെറുതെ പോവും. ചിലപ്പോള്‍ പുലി എങ്ങാനും?" മുഴുവനാക്കിയില്ല, കോറസ്സായി വേണ്ട എന്ന് പറഞ്ഞു. അത് ചിലപ്പോള്‍ മച്ചാന്‍ വെറുതെ പറഞ്ഞതാവും. ഏതായാലും പരീക്ഷണം വേണ്ട. അല്ലാതെ ഒത്തിരി കാണാനുണ്ടെന്ന് മച്ചാന്‍. എവിടെപോയാലും ഉച്ചക്ക് ഭക്ഷണത്തിന് തിരിച്ചെത്തണമെന്ന് സഫിയാത്ത ഓര്‍മ്മിപ്പിച്ചു. ഞങ്ങള്‍ പാടിയുടെ പിന്നിലൂടെ താഴോട്ടിറങ്ങി. പാടിക്കു തൊട്ടു പിറകില്‍ തന്നെ കാട്ടരുവി. കുന്നിനു മുകളില്‍ നിന്നും ഒലിച്ച് കൊച്ചു കാടിന് നടുവിലൂടെ ഒഴുകിവരുന്ന ഈ കാഴ്ച കണ്ണുകള്‍ക്ക്‌ ഉത്സവമാണ്. നല്ല തെളിഞ്ഞ വെള്ളം. കുടിക്കാനും ഉപയോഗിക്കുന്നത് ഇതുതന്നെ. മച്ചാന്‍ പറഞ്ഞു. നിറയെ വര്‍ണ മത്സ്യങ്ങള്‍. അധികം ആലോചിച്ചുനിന്നില്ല. ഞാന്‍ പാന്‍റും വലിച്ചെറിഞ്ഞ്‌ വെള്ളത്തിലേക്കിറങ്ങി. കരുതിയപോലെ തണുപ്പല്ല വെള്ളത്തിന്‌. നല്ല ഇളം ചൂട്. കയറാന്‍ തോന്നിയില്ല.



കുറെ താഴോട്ട് പോയാല്‍ നിറയെ ഓറഞ്ച് കിട്ടുമെന്ന് മച്ചാന്‍ പറഞ്ഞപ്പോള്‍ തിരിച്ചുകയറി. കാട്ടിനുള്ളില്‍ ചെറിയൊരു ചോലക്ക് ചുറ്റുമായി നിറയെ ഓറഞ്ചു മരങ്ങള്‍. പഴുത്തത്. വലിഞ്ഞ് മരത്തില്‍ കയറിപ്പറ്റി. ഒരു കുലുക്കിന് തന്നെ കുറെ താഴെ വീണു. മായം ചേര്‍ത്തതല്ല.കാട് നേരിട്ട് തരുന്നത്. അതിന്റെ മെച്ചം രുചിയിലും ഉണ്ട്.
ചോലക്കരികിലെ ചെറിയ കാല്‍പാദങ്ങള്‍ നോക്കി മച്ചാന്‍ പറഞ്ഞു. "പുലി വെള്ളം കുടിക്കാന്‍ വന്നതാവും" പടച്ചോനെ..!തിരിച്ചോടിയാലോ? ഞങ്ങളുടെ പേടി കണ്ടിട്ടോ എന്തോ ,മച്ചാന്‍ പറഞ്ഞു. "പേടിക്കേണ്ട. പുലിയൊന്നുമില്ല,ഇത് മാനിന്‍റെതാണ്‌".ഏതായാലും തിരിച്ചുകയറുമ്പോള്‍ വേഗത കൂടുതലാണ്. പിന്നെ മച്ചാന്‍ നയിച്ചത് ചെറിയൊരു കുടിലിലേക്ക്. "ഇവിടെ നല്ല കാട്ടുതേന്‍ കിട്ടും". ഒരമ്മൂമ്മ മുള കൊണ്ടുള്ള തവിയില്‍ കുറച്ചു കയ്യിലൊഴിച്ചു തന്നു. "പടച്ചോനെ..ഇതാണോ തേനിന്‍റെ ഒറിജിനല്‍ രുചി?".ഞങ്ങള്‍ കുറേ വാങ്ങി.എല്ലാര്‍ക്കും കൊടുക്കാലോ.
വീണ്ടും കാടിന്‍റെ മറ്റൊരു ഭാഗത്തേക്ക്. ഇവിടെ നിറയെ പേരക്കയും നെല്ലിക്കയും. മച്ചാന്‍ കുറേ പറിച്ച് ബേഗിലാക്കി.
ഉച്ച ഭക്ഷണത്തിന് സമയമായി. കാടിന് പുറത്തുകടന്ന് ശ്രീമതി കാണാതെ തേയില നുള്ളുന്ന സുന്ദരികളെയും നോക്കി പാടിയിലെത്തി. സഫിയാത്ത നല്ല നാടന്‍ വിഭവങ്ങളുമായി ഉഗ്രന്‍ സദ്യ ഒരുക്കിയിട്ടുണ്ട്. പുലിയെ പേടിച്ചു കഴിച്ചതെല്ലാം ആവിയായിപോയ ഞങ്ങള്‍ക്ക് ഒന്നും നോക്കാന്‍ സമയമില്ല. തിരിച്ച് പാത്രങ്ങള്‍ എടുക്കുമ്പോള്‍ സഫിയാത്തക്ക് ഭാരം തോന്നികാണില്ല. അവര്‍ക്ക് കഴിക്കാന്‍ ഇനി വേറെ പാകം ചെയ്തിട്ട് വേണ്ടിവരും. പാടിയുടെ തിണ്ണമ്മേല്‍ വിശ്രമം. എനിക്കല്ല. വയറിന്. ഹഫി സഫിയാത്തയോടൊപ്പം
തേയില തോട്ടത്തില്‍ കയറി. തേയില നുള്ളുന്ന പെണ്‍കുട്ടികളോട് അവളെന്തൊക്കെയോ ചോദിക്കുന്നു. സഫിയാത്തയാണ് പരിഭാഷക. അവളുടെ മലയാളം അവരുടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നു. രസകരം തന്നെ.ഞാനൊന്ന് മയങ്ങി. മച്ചാന്‍ വിളിച്ചുണര്‍ത്തി. എസ്റ്റേറ്റ്‌ റോഡിലൂടെ ഒരു സവാരിയാവാം. ഞങ്ങള്‍ ഉത്സാഹത്തോടെ ഇറങ്ങി. ഡ്രൈവിംഗ് രസകരമാണ് ഈ വഴികളിലൂടെ. ഇടയ്ക്കിടയ്ക്ക് കാട്ടുമുയലുകള്‍ വട്ടം ചാടുന്നു. വേണമെങ്കില്‍ ഒന്നിനെ ഒപ്പിച്ച്‌ കറിവെക്കാമെന്ന് മച്ചാന്‍ തമാശയായി പറഞ്ഞു. മറുപടി ഞാന്‍ സീരിയസ് ആയിത്തന്നെ പറഞ്ഞു. "വേണ്ട. ഇതവരുടെ കൂടി ലോകമാണ്. അവയും കൂടി ചേര്‍ന്നതാണ് ഈ പ്രകൃതിയുടെ ഭംഗി. തേയിലച്ചെടികള്‍ക്കുള്ളിലൂടെ അവരങ്ങിനെ തുള്ളികളിക്കട്ടെ.
രാത്രി സഫിയാത്തയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. മേപ്പാടി ടൗണില്‍ വന്ന് പൊറോട്ടയും ബീഫും വാങ്ങിച്ചു. തിരിച്ചെത്തിയപ്പോള്‍ മച്ചാന്റെ കുട്ടികള്‍ സ്കൂള്‍ വിട്ട് വന്നിട്ടുണ്ട്. രണ്ട് കുസൃതികള്‍. ഇന്നിവിടെ തങ്ങണമെന്ന് നേരത്തെ ഉറപ്പിച്ചതാണ്. ആ ഒരു സന്തോഷം വിട്ടുകളയാന്‍ ഞങ്ങള്‍ക്ക് താല്പര്യമില്ല. അവര്‍ക്കും സന്തോഷം.
എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നല്ല തണുപ്പ് ഉണ്ടെങ്കിലും പുറത്ത് കിടക്കട്ടെയെന്ന് ഞാന്‍ ചോദിച്ചു. ഇവിടാരും പുറത്ത് കിടക്കാറില്ല. വല്ല കാട്ടാനയോ പുലിയോ ഒക്കെ ഇറങ്ങിയെന്നു വരും. ദേ വീണ്ടും പുലി ഭീഷണി. കൂട്ടിന്‌ കാട്ടാനയും ഉണ്ട് ഇത്തവണ. റൂമിനകത്ത് കയറി വാതിലും പൂട്ടി.
"ഇക്കാ ഈ ചുമരിനൊന്നും അത്ര ഉറപ്പില്ലെന്നാ തോന്നണെ.."
മിണ്ടാതിരിക്കെടീ. ഞാനും അതാ ആലോചിക്കണേ.
"ഇനി ആനയെങ്ങാനും വരുമോ?".
നീ ഉള്ളിടത് ആന പോയിട്ട് അണ്ണാന്‍ പോലും വരില്ല. കിടന്നുറങ്ങ്‌.
പുറത്ത് എന്ത് ശബ്ദം കേട്ടാലും പേടി ടോപ്‌ ഗിയറില്‍ ആവും. പെട്ടൊന്ന് വാതിലില്‍ മുട്ട്. പേടിച്ചുപോയി. മച്ചാനാണ്. "കാലത്ത് എപ്പോള്‍ വിളിക്കണം?".
ഉറങ്ങിയിട്ട് വേണ്ടേ ഉണരാന്‍. എട്ട്‌ മണിക്ക് വിളിക്ക്. മച്ചാന്‍ പോയി. എപ്പോഴോ ഉറങ്ങി.

(ഒരു പോസ്റ്റില്‍ കൂടി സഹിക്കേണ്ടി വരും)
images from ഇരുവഴിഞ്ഞി. കോം

Sunday, September 5, 2010

ഇരുവഴിഞ്ഞിപുഴയുടെ തലോടല്‍.



പടച്ച തമ്പുരാന്‍ മുന്നില്‍ വന്ന് എന്നോട് എന്ത് വേണമെന്ന് ചോദിച്ചാല്‍ ഞാന്‍ കരുതിവെച്ച രണ്ട് ആവിശ്യങ്ങളുണ്ട്. ഒന്ന്, എന്റെ ഉപ്പയെ തിരിച്ചുതരുമോ എന്ന്, പിന്നെ ഒരു ദിവസത്തേക്കെങ്കിലും ആ ബാല്യത്തിലേക്ക് കൂട്ടികൊണ്ട് പോകുമോ എന്നും. രണ്ടും നടക്കില്ലെന്നറിയാം. എന്നാലും എന്റെ പകല്‍ കിനാവുകളില്‍ ഇത് രണ്ടും സംഭവിക്കാറുണ്ട്.
സ്കൂളും വിട്ടുവന്ന് ചായ പോലും കുടിക്കാതെ ഓട്ടമാണ് കട്ടപുറത്തേക്ക്. കട്ടപുറമെന്നാല്‍ ചെറുവാടിക്കാരുടെ കളിസ്ഥലമാണ്. തോടിനും വയലിനും മധ്യേയുള്ള വിശാലമായ സുന്ദരന്‍ ഭൂമി. ഫുട്ബാളും ക്രിക്കറ്റും ഷട്ടിലും തുടങ്ങി എല്ലാ താല്പര്യക്കാരെയും ഉള്‍കൊള്ളാന്‍ കട്ടപുറത്തിന് സ്ഥലം ബാക്കി. ഒരു ലോക്കല്‍ മെസ്സി ആകാന്‍ താല്പര്യമില്ലാത്തത് കൊണ്ട് ഞാന്‍ ക്രിക്കറ്റിലെ കൂടൂ. മുത്തയ്യ മുരളീധരനെ മാങ്ങയേറ്കാരനെന്നു വിളിക്കാന്‍ ഒരു ബേദിയെ കാണൂ എങ്കില്‍ ഞങ്ങളുടെ കൂട്ടത്തിലെ എല്ലാരും എന്നെ അങ്ങിനെയാ വിളിച്ചത്. ഇന്നത്തെ കുട്ടികള്‍ക്ക് കളിക്കാനായി ഇപ്പോഴും അല്പം സ്ഥലം ബാക്കിയുണ്ടവിടെ. കൂടുതലും ഇഷ്ടിക കളമായി. ഞങ്ങള്‍ വല്ലപ്പോഴും ആരും കാണാതെ പുകവിടാന്‍ ഒളിച്ചിരുന്നിരുന്ന കുറ്റികാടുകളെല്ലാം ഇഷ്ടിക കളത്തിലെ പാണ്ടിപിള്ളേര്‍ക്ക് അപ്പിയിടാന്‍ സ്വന്തമായി. പിന്നത്തെ രസം തോട്ടിലെ ചൂണ്ടയിടല്‍.പിടിക്കുന്ന മീനിനെ കൊടുത്താല്‍ മണ്ണിര കോര്‍ത്തുതരാന്‍ കുട്ടികളെ കിട്ടും. തോടിന് കുറുകെ ഒരു കവുങ്ങിന്റെ ഒറ്റത്തടി പാലമുണ്ടായിരുന്നു. അതിന്റെ മുകളില്‍ കയറി ട്രിപീസ് കളിക്കുമ്പോള്‍ ഒടിഞ്ഞു താഴെ വീണു. നല്ല വെള്ളമുള്ള സമയവും. കൂടെയുള്ളവര്‍ ഇടപ്പെട്ടതുകൊണ്ട് ഈ കുറിപ്പ് പരലോകത്തിരുന്നു എഴുതേണ്ടി വന്നില്ല. പിന്നൊരിക്കല്‍ കൂടി ഈ തോട്ടില്‍ ചാടിയിട്ടുണ്ട്‌. അത് അബുകാക്കയുടെ കാള കുത്താന്‍ ഓടിച്ചപ്പോഴാണ്. വെള്ളം കുറവുള്ള സമയം ആയതുകൊണ്ട് ഞാന്‍ രക്ഷപ്പട്ടു. എന്നെ കുത്തി എന്ന ചീത്തപ്പേരില്‍ നിന്നും കാളയും. ഈ തോടിന്റെ കൈവരിയിലൂടെ നടന്നാല്‍ അങ്ങേയറ്റം ഇരുവഴിഞ്ഞിപുഴയാണ്. കളിയൊക്കെ കഴിഞ്ഞ് തോടിന്റെ കരയിലൂടെ തെച്ചിക്കായയും പറിച്ചു തിന്ന് മുളക്കൂട്ടങ്ങള്‍ക്കിടയിലെ കുളക്കോഴികളെയും കണ്ട് ഇരുവഴിഞ്ഞിവരെ നടക്കും. ഒരു ദിവസം കുളക്കോഴിക്ക് പകരം വന്നത് ഒരുഗ്രന്‍ പാമ്പ്‌. എനിക്കിഷ്ടപ്പെട്ടില്ല. എങ്കിലും ആ ഇഷ്ടയാത്ര പറ്റെ ഉപേക്ഷിച്ചില്ല. ഞാന്‍ മുന്നില്‍ നടക്കില്ല എന്ന് മാത്രം. കാരണം, ഇരുവഴിഞ്ഞിപുഴയുടെ തീരങ്ങളിലെ വൈകുന്നേരം ഞങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ്. ചെറുവാടിക്കാരുടെ സുന്ദരിക്കുട്ടിയാണ് ഈ പുഴ. ഒരുകാലത്തും ഇവള്‍ ഞങ്ങളോട് പിണങ്ങിയിട്ടില്ല. കലക്ക് വെള്ളം പെട്ടന്നു തെളിയുന്നത് ഇതിന്റെ തീരത്തുള്ള അത്യപൂര്‍വ്വമായ ഔഷധ ചെടികളുടെ പ്രത്യേകത കൊണ്ടാണത്രേ.
പൊട്ടിത്തെറികളുടെ ആ കുട്ടിക്കാലം തിരിച്ചുവരാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്‌. സൈക്കിള്‍ ഓടിക്കാന്‍ പഠിക്കാന്‍ ശ്രമിച്ചു ഒടിഞ്ഞത് കയ്യും കൂടെയൊരു പ്ലാസ്റ്ററും. പിന്നെ ദാസന്‍ ഗുരിക്കളുടെ ഉഴിച്ചില്‍. അന്ന് വേദനിച്ചെങ്കിലും ഇന്ന് ഓര്‍ക്കാന്‍ സുഖമുണ്ട്. ഇന്നും നാട്ടിലൊക്കെ പോകുമ്പോള്‍, ഞാനീ വയലിലും തോട്ടിലും കട്ടപ്പുറത്തും പിന്നെ പുഴയുടെ തീരങ്ങളിലും പോകാന്‍ സമയം മാറ്റിവെക്കും. ആ പഴയ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുന്ന ഇവിടങ്ങളില്‍ നില്‍ക്കുമ്പോള്‍ മനസ്സിലേക്ക് കയറി വരുന്ന വികാരത്തെ എന്ത് പേരിട്ടാണ്‌ വിളിക്കേണ്ടത്?
പൊട്ടിത്തെറികള്‍ക്ക് വീട്ടില്‍ നിന്നും നല്ല പൊട്ടിക്കലും കിട്ടും. ഉപ്പ തല്ലാന്‍ വരുമ്പോള്‍ ഓടാത്തത്‌ ഓടിയ വകയില്‍ രണ്ടെണ്ണം കൂടുതല്‍ കിട്ടും എന്ന് പേടിച്ചാണെങ്കില്‍ ഉമ്മാന്റെ തല്ല്‌ കൊള്ളുന്നത്‌ അത് കഴിഞ്ഞു വല്ല സ്പെഷലും കിട്ടും എന്നതിനാലാണ്. എന്നാലും ഉപ്പാന്റെ തല്ല്‌ ഒന്ന് മതി. ഒരു ഏഴുമണിക്ക് മുമ്പേ വീട്ടിലെത്തണം എന്നൊക്കെ നിയന്ത്രണം ഉള്ള സമയം. പഞ്ചായത്ത് ടീവിയില്‍ സിനിമയും കണ്ടു നേരം വൈകിപ്പോയി. വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത്‌ തന്നെ ഉപ്പയുണ്ട്.
"മന്‍സ്വാ... നീ ഇശാഹ് നിസ്കരിച്ചോ "? പെട്ടന്നു ഞാന്‍ മറുപടിയും പറഞ്ഞു. "അതെ ഉപ്പാ".
അടുത്ത ചോദ്യം. പള്ളിയില്‍ കറന്റ് ഉണ്ടായിരുന്നോ?
അങ്ങിനെ ചോദിക്കുമ്പോള്‍ ഉണ്ടാവാന്‍ ചാന്‍സില്ല എന്ന് എന്റെ ഒടുക്കത്തെ ബുദ്ധി തോന്നിച്ചു.
" ഇല്ലായിരുന്നു"
ട്ടപ്പേ...ട്ടപ്പേ . രണ്ടെണ്ണമേ കിട്ടിയുള്ളൂ. എന്റെ കറന്റ് പോയി, കാരണം പള്ളിയിലെ കറന്റ് പോയിട്ടില്ലായിരുന്നു.
രണ്ടെണ്ണം കിട്ടിയതിന്റെ വിശദീകരണവും തന്നു. ഒന്ന് നിസ്കരിക്കാത്തതിന്, രണ്ട് കള്ളം പറഞ്ഞതിന്.
സിനിമ കാണുന്ന സ്വഭാവം ഉപ്പക്കില്ല. പിന്നെങ്ങിനെ ഇതുപോലുള്ള സേതുരാമയ്യര്‍ സ്റ്റയില്‍ ചോദ്യങ്ങള്‍ വരുന്നു? വരും. ഇതുപോലുള്ള വിത്തുകള്‍ ഉണ്ടായാല്‍ സേതുരാമയ്യരല്ല, ഷെര്‍ലക് ഹോംസ് തന്നെ ആയിപോകും. പക്ഷെ അതോടെ രാത്രി സഞ്ചാരത്തിന്റെ നിരോധാജ്ഞ മാറ്റി അടിയന്തിരാവസ്ഥ ആക്കി.
പിന്നെ ഓരോ പ്രായം കൂടുമ്പോഴും ഉപ്പ കൂടുതല്‍ അയവുകള്‍ വരുത്തി. പതുക്കെ പതുക്കെ ഞാനെന്റെ ഉപ്പയെ തിരിച്ചറിയുകയായിരുന്നു. സ്നേഹത്തെ, ഉത്തരവാദിതത്തെ, സുഹൃത്തിനെ എല്ലാം ഉപ്പയില്‍ കാണാന്‍ കഴിഞ്ഞു. അത് ഞാന്‍ മുമ്പ് എഴുതിയിട്ടുണ്ട്. ഞാന്‍ ഗള്‍ഫിലേക്ക് വന്നിട്ടും ആ ആത്മബന്ധത്തിന് ഒന്നും പറ്റിയില്ല. വിളിക്കാന്‍ വൈകിയാല്‍ ഉടനെയെത്തും വിളി. എന്റെ അവധികാലങ്ങല്‍ക്കായി എന്നെക്കാളും മുമ്പേ ഒരുങ്ങും ഉപ്പ. ഉപ്പയെ കുറിച്ചുള്ള ഓര്‍മ്മകള്‍ എന്റെ പല പോസ്റ്റിലും കടന്നുവരുന്നതിന് മാപ്പ്. കാരണം, ഞാനാ വേര്‍പ്പാടിന്റെ വേദന ഇപ്പോഴുമറിയുന്നു.
അതുകൊണ്ട് തന്നെയാണ് ഉപ്പയെ തിരിച്ചുകിട്ടുമോ എന്ന് ഞാന്‍ മോഹിച്ചു പോകുന്നതും.

കട്ടപ്പുറം,


ഇഷ്ടികകളത്തിന് കുഴിയെടുത്ത് ഇപ്പോള്‍ നല്ല സുന്ദരന്‍ പൊയ്കയായി മാറിയ മറ്റൊരു ഭാഗം.


ഇരുവഴിഞ്ഞിപുഴയുടെ മറ്റൊരു ഭാഗം,


image courtesy cheruvady .com

Sunday, August 8, 2010

തിരികെ വിളിക്കുന്ന ഓര്‍മ്മകള്‍

രണ്ട് കിലോമീറ്ററോളം നടന്നും കുന്ന് കയറിയും സ്കൂളില്‍ എത്തുമ്പോഴേക്കും ഫസ്റ്റ് ബെല്‍ അടിച്ചിട്ടുണ്ടാവും. അതൊകൊണ്ട് തന്നെ എന്റെ ഒരു സ്കൂള്‍ ദിവസം ആരംഭിക്കുന്നത് വാസുദേവന്‍ മാഷിന്റെ ഒരടി നിവേദ്യം വാങ്ങിച്ചാവും. കൊടിയത്തൂര്‍ പി.ടി.എം ഹൈ സ്കൂളിന്‌ ഞാനൊരു ഭാരം അല്ലെങ്കിലും സ്കൂള്‍ എനിക്കൊരു ഭാരം തന്നെയായിരുന്നു. വിദ്യാര്‍ഥി സംഘടനകളുടെ ഫുള്‍ ഫോം പോലും അറിയാത്ത കാലത്ത് ഇതിലൊന്നിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച് എന്നെ പിന്താങ്ങിയ മണ്ടത്ത് ശരീഫിന്റെ(മണ്ടത്ത് എന്നത് വിളിപ്പേര് ) വോട്ട് പോലും കിട്ടാതെ ഐശ്വര്യമായി തോറ്റുകൊണ്ടാണ് എന്റെ ഇവിടത്തെ മൂന്നു വര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.

പത്താം ക്ലാസ്സൊന്ന് കഴിഞ്ഞു കിട്ടണം എന്ന് ആഗ്രഹിച്ചത്‌ കോളേജില്‍ പോയി ചെത്താനൊന്നും ആയിരുന്നില്ല പകരം കണക്ക് പഠിക്കേണ്ടല്ലോ എന്ന റിലീഫിന് വേണ്ടി മാത്രം. അല്ലേലും എന്റെ കണക്ക് കൂട്ടലുകള്‍ എന്നും തെറ്റിച്ചിട്ടുള്ള വിഷയമാണ് കണക്ക്. അതുകൊണ്ട് തന്നെ തോമസ്‌ മാഷിന്റെ ചൂരലിന് എന്നോട് ഭയങ്കര പ്രേമമായിരുന്നു. മായാദേവി ടീച്ചറുടെ ഹിന്ദിയും ഏതാണ്ടിങ്ങനെയൊക്കെ ആയിരുന്നു. ടീച്ചറും നന്നായി പൊട്ടിക്കും. അത് താങ്ങുന്നില്ല എന്നായപ്പോള്‍ ചെറിയൊരു കൂറുമുന്നണി ഉണ്ടാക്കി ഹെഡ് മാസ്റ്ററുടെ അടുത്ത് പരാതിപ്പെട്ടു. ടീച്ചര്‍ക്കത് വിഷമമായെങ്കിലും അടിയുടെ ഡോസ് കുറച്ചത് ആദ്യ സമരവിജയം.
ഏതായാലും ഞാനിപ്പോള്‍ മായാദേവി ടീച്ചറോട് മാപ്പ് ചോദിക്കുന്നു. മുജ്ജന്മ ദോഷം കൊണ്ടോ ഗ്രഹപിഴ കൊണ്ടോ എന്റെ ബ്ലോഗ്‌ വായിക്കുന്നവരുടെ കൂട്ടത്തില്‍ ഏതെങ്കിലും പി.ടി.എം. ഹൈ സ്കൂള്‍ സ്റ്റുഡന്റ് ഉണ്ടെങ്കില്‍ ഈ മാപ്പപേക്ഷ ടീച്ചറെ അറിയിക്കുക. തീര്‍ന്നില്ല. ഒരു മാപ്പപേക്ഷ വത്സമ്മ ടീച്ചര്‍ക്കും കൊടുക്കണം. ഇത് രണ്ട് ഭാഗവും IPC പ്രകാരം കേസുള്ള വകുപ്പാണ്. എന്റെ ചെവി തീറെഴുതികിട്ടിയ പോലെയാണ് വത്സമ്മ ടീച്ചര്‍ പെരുമാറുന്നത്. ഒരു ദിവസം നരകം കാണിച്ച് പിച്ചുമ്പോള്‍ ഞാന്‍ ടീച്ചറുടെ കൈക്കിട്ട് നന്നായൊരു തട്ട് കൊടുത്തു. അതോടെ എന്റെ ചെവിയുടെ ആധാരം ടീച്ചര്‍ തിരികെത്തന്നു. കൂടെ ക്ലാസ് ടെസ്റ്റിന് കെമിസ്ട്രിക്കൊരു വട്ടപൂജ്യവും. ന്നാലും എന്റെ വത്സമ്മ ടീച്ചറെ, പാഠം മുഴുവന്‍ പത്തു പ്രാവിശ്യം എഴുതികൊണ്ട് വരേണ്ട ആ ശിക്ഷയുണ്ടല്ലോ, അത് ഒരുതരം കാപിറ്റല്‍ പണിഷ്മെന്റ് തന്നെ ആയിരുന്നു. ഒരു തവണക്ക് 50 പൈസ വെച്ച് പലവട്ടം എഴുതിതന്നതിന്റെ കാശ് അലിക്ക് ഇന്നും കടമാണ്. ഏതായാലും എന്റെ ഈ അപേക്ഷ സ്വീകരിക്കുക. മാപ്പ്.

ശൈലജ ടീച്ചറുടെ ക്ലാസ് ശ്രദ്ധിക്കാത്ത കുട്ടികള്‍ കാണുമോ? ഉണ്ടാവില്ല. കാരണം ഞാന്‍ പോലും ആ ക്ലാസില്‍ ശ്രദ്ധിക്കുന്നു എന്നതില്‍ കൂടുതല്‍ എന്ത് തെളിവ് വേണം. നല്ലൊരു ആസ്വാദനമായിരുന്നു ടീച്ചറുടെ ക്ലാസ്. തല്ല്‌ കിട്ടാതെയില്ല . പക്ഷെ വേദനിക്കില്ല. കാരണം വാത്സല്യത്തിന്റെ ഒരു നോവ്‌ അതില്‍ കാണും.
ലീല ടീച്ചറുടെ ബയോളജി ക്ലാസ് നൈറ്റ്‌ മെയറായിരുന്നു. പക്ഷെ തല്ലുക എന്ന പിന്തിരിപ്പന്‍ മൂരാച്ചി സമീപനങ്ങളിലൊന്നും ടീച്ചര്‍ക്ക് താല്പര്യമില്ല. പകരം എല്ലാം മിക്സ്‌ ചെയ്തൊരു നോട്ടം. അത് മതി, തകര്‍ന്നുപോകും. എന്റെ ഒരു ഉത്തരം ടീച്ചറെ വല്ലാതെ ചിരിപ്പിച്ചിട്ടുണ്ട്‌. ഏതോ ഒരു ഉത്തരത്തിനിടയില്‍ എന്റെ കഷ്ടകാലത്തിനു ഞാന്‍ " മൂത്ര കുഴലിലൂടെ " എന്നോ മറ്റോ പറഞ്ഞു പോയി. ആദ്യം ടീച്ചര്‍ തരിച്ചിരുന്നു. പിന്നെ ചിരിച്ചിരുന്നു. എന്റെ സൗണ്ടിന്റെ ആംപിയര്‍ വളരെ കുറവായത്‌കാരണം അടുത്തിരിക്കുന്ന അന്‍സാര്‍ മാത്രമേ കേട്ടുള്ളൂ. അവനാണെങ്കില്‍ ഒരവസരം തന്നാല്‍ ഇതിലും വലുത് ഞാന്‍ കാച്ചാം എന്ന ഭാവം.
ഈ ചിരി പിന്നെ സ്റ്റാഫ് റൂമിലേക്കും പടര്‍ന്നെന്ന് എന്നോട് പറഞ്ഞത് പ്യൂണ്‍ മണിയേട്ടനാണ്. എന്നെ കാണുമ്പോള്‍ ചിരിവരുന്നത്‌ കൊണ്ടോ എന്തോ കൂടുതല്‍ ചോദ്യങ്ങള്‍ പിന്നെ എന്നെ തേടിവരാരില്ല. ദൈവാനുഗ്രഹം ഇങ്ങിനെയും വരാം. അതോ ഇനിയൊരു വെടിക്കെട്ട്‌ താങ്ങാനുള്ള ശേഷി ലീല ടീച്ചര്‍ക്ക് ഇല്ലാതെപോയോ? ഏതായാലും ഞാന്‍ രക്ഷപ്പെട്ടു. (എന്നാലും അങ്ങിനെ ഒരുത്തരം എവിടന്നു വന്നാവോ? )
സ്കൂള്‍ കാലം ഓര്‍ക്കുമ്പോള്‍ മറക്കാത്ത ഒരു പേരാണ് ആസ്യ ടീച്ചര്‍ .ഒരു അധ്യാപികയുടെ പക്വത, ഒരമ്മയുടെ സ്നേഹം, ഒരു രക്ഷിതാവിന്റെ ഉത്തരവാദിത്തം എല്ലാം ടീച്ചറില്‍ കാണാന്‍ കഴിയും. എല്ലാ അധ്യാപകരെയും പറ്റി പറയാന്‍ ഒത്തിരി കാണും. പക്ഷെ ക്ലൈമാക്സ്‌ പതിവുപോലെ അടി തന്നെയാവും. അതുകൊണ്ട് പറയുന്നില്ല. പക്ഷെ ലേബര്‍ ഇന്ത്യ തന്നിട്ടും ഗുണം പിടിക്കാതെ എനിക്ക് സണ്ണി മാഷില്‍ നിന്നും കിട്ടുന്ന തല്ലിന് ഇത്തിരി ചൂട് കൂടുതലായിരുന്നു.

പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഞാന്‍ ഭയങ്കര ഡീസന്റ് ആയിരുന്നു. സത്യായിട്ടും. ഒരെണ്ണത്തിനോട് പോലും മിണ്ടില്ല. പത്താം ക്ലാസ്സില്‍ നിന്നും പെട്ടി മടക്കുമ്പോള്‍ ഓട്ടോഗ്രാഫില്‍ ഒരുത്തി എഴുതിയത് ഇങ്ങിനെ. " ഒരിക്കലും മിണ്ടാത്ത സോദരാ.. വിട" . ഇത് പിന്നീട് വളരെ ഉപകാരപ്പെട്ടു. ഇന്നും ഭാര്യയുടെ അടുത്ത് പല ആക്സിടന്റുകളില്‍ നിന്നും ഞാന്‍ തലയൂരുന്നത് ഇത് എടുത്തു കാണിച്ചാണ്.

സ്കൂള്‍ കാലത്തിനു ശേഷം ഒരിക്കല്‍ പോലും ഞാനിവിടെ പോയിട്ടില്ല. കാരണങ്ങള്‍ പലതാവാം. അത്ര സുന്ദരമായ ഓര്‍മ്മകളൊന്നും എനിക്കിവിടെ ബാക്കിയില്ല.
എന്നാലും സ്നേഹം നല്‍കിയ ഒരുപാട് ഗുരുനാഥന്മാര്‍ ഇവിടെയുണ്ട്. പലരും പിരിഞ്ഞുപോയി കാണും. എന്തേ ഒരിക്കലും അവരെയൊന്ന് കാണാന്‍ എനിക്ക് തോന്നാതെ പോയി? മാപ്പ്. എന്റെ ബ്ലോഗ്ഗെഴുത്ത്‌ എന്ന സാഹസത്തിന്റെ ഒന്നാം വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സമയത്ത്, ഒരുപാട് സ്നേഹം നല്‍കിയ ആ പ്രിയ അധ്യാപകരുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു.

Saturday, July 3, 2010

മെസ്സീ..... അടുത്ത ലോകകപ്പിലെങ്കിലും...?

പ്രത്യേകിച്ച് എന്ത് പറയാന്‍ ? എല്ലാ ദിവസങ്ങളും സന്തോഷത്തിന്റെതാവണമെന്നില്ലല്ലോ.അതുപോലൊരു ദിവസമായിരുന്നു ഇന്നലെ. അര്‍ജന്റീന പുറത്ത്. ദയനീയമായി എന്നെഴുതാന്‍ വിഷമമുണ്ടെങ്കിലും അതാണല്ലോ സത്യം. ഫുട്ബാളിനെ ആസ്വദിച്ചു തുടങ്ങിയത് മുതല്‍ സ്നേഹിക്കുന്ന മറഡോണയും അര്‍ജന്റീനയും. പക്ഷെ ഞങ്ങളുടെ ആര്‍പ്പുവിളികള്‍ക്ക് ഇവിടെ രാജിയാകുന്നില്ല. ഇനിയൊരു അങ്കത്തിനുള്ള ബാല്യം മറഡോണക്ക് ബാക്കിയില്ലെങ്കിലും മെസ്സിക്കത് പറ്റുമെന്ന് ഞങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. അടുത്ത ലോകകപ്പിലെങ്കിലും?
കൂടുതല്‍ എന്തെഴുതാന്‍ ? ഇത് തന്നെ ധാരാളം.

Thursday, July 1, 2010

നഷ്ടപ്പെടുന്ന മരുപ്പച്ചകള്‍ (റീപോസ്റ്റ്‌ )




പ്രവാസജീവിതത്തിലെ കയ്പ്പിനും മധുരത്തിനുമിടയില്‍ നഷ്ടപെടുന്ന സുഹൃത്‌ബന്ധങ്ങളെ കുറിച്ചാണ് ഈ കുറിപ്പ്. ഒരു പത്തൊമ്പത് വയസ്സിന്റെ അമ്പരപ്പില്‍ എത്തിച്ചേര്‍ന്നതുമുതല്‍ പിന്നിട്ട പതിനഞ്ച് വര്‍ഷങ്ങള്‍. പിന്നെ ജീവിതത്തിന്റെ കയറ്റിറക്കങ്ങള്‍. ഓര്‍മയില്‍ സൂക്ഷിച്ചുവെക്കാന്‍ പ്രവാസം നല്‍കിയ ഒത്തിരി സുഹൃത്ബന്ധങ്ങള്‍. അതിലൂടെ വളര്‍ന്ന ആത്മബന്ധങ്ങള്‍. അവയുടെ ഊഷ്മളതയിലേക്കിറങ്ങി ചെല്ലുമ്പോള്‍ മങ്ങിയും തെളിഞ്ഞും കടന്നുവരുന്ന മുഖങ്ങള്‍. ഉമ്മുല്‍ ഖുവൈനില്‍ നിന്നും തുടങ്ങി ഷാര്‍ജയും ദുബായിയും അബുദാബിയും പിന്നിട്ട്‌ ഇപ്പോള്‍ ബഹ്റൈനില്‍ എത്തിനില്‍ക്കുന്ന ഈ പ്രവാസത്തിന്റെ പതിനഞ്ചാം വര്‍ഷത്തില്‍ ഞാനൊന്നു തിരിഞ്ഞുനോക്കട്ടെ... ആ ബന്ധങ്ങളുടെ ആത്മാവിലേക്ക്.
ഇന്നും എന്റെ ഏറ്റവും മാധുര്യമുള്ള ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്നത് ദുബൈയില്‍ തന്നെയാണ്. അവിടെ ജീവിച്ച ഏഴ് വര്‍ഷങ്ങളുടെ അനുഭവങ്ങള്‍ തന്ന സ്വാദ്‌ ഇന്നും എന്റെ ഊര്‍ജ്ജമാണ്. സമ്പന്നമായ ഒരു ചങ്ങാതികൂട്ടത്തിന്റെ ഓര്‍മകളും അവിടെതന്നെയാണ് തങ്ങിനില്‍ക്കുന്നത്.
വെള്ളിയാഴ്ച്ചകള്‍ക്കുള്ള കാത്തിരിപ്പിന് ദൈര്‍ഘ്യം കൂടുതലാണ്. തലേന്ന് രാത്രി തന്നെ തുടങ്ങുന്ന ആഘോഷങ്ങള്‍. സൊറക്കൂട്ടം. ബീച്ചിലും പാര്‍ക്കിലും കഫെകളിലും നേരം വെളുപ്പിക്കുന്ന ദിവസങ്ങള്‍. ചൂണ്ടയിടലും ബോട്ട് സവാരിയും തുടങ്ങി നേരം പുലരുന്നതറിയാതെയുള്ള സൊറ പറച്ചില്‍. സുന്ദരമായ ആ നാളുകളില്‍ നിന്നും ഒരു പറിച്ചുനടല്‍ സാധ്യമായത് എങ്ങിനെയാണ്?നിര്‍ബന്ധിതമായ ജീവിത സാഹചര്യങ്ങള്‍ തന്നെ. വേറെ എമിറേറ്റ്സുകളിലേക്കും രാജ്യങ്ങളിലേക്കും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയുള്ള കൊഴിഞ്ഞു പോക്ക്, കുടുംബവുമായുള്ള മാറി താമസിക്കല്‍. അംഗ ബലം കുറഞ്ഞു തുടങ്ങി. പിന്നെ ഞാനും ഇങ്ങ് ബഹ്റിനിലേക്ക്.
നഷ്ടപെട്ടത് നന്മകള്‍ നിറഞ്ഞൊരു സൌഹൃദങ്ങളുടെ പൂക്കാലമാണ്. ഓര്‍ക്കുമ്പോള്‍ ഇന്നും ഒരു നഷ്ടബോധത്തിന്റെ കനല്‍ എരിയുന്നുണ്ട്‌ എന്റെ മനസ്സില്‍. എല്ലാര്ക്കും ഉണ്ടാവില്ലേ ഇത്തരം ഓര്‍മ്മകള്‍? നാടും വീടും പിരിഞ്ഞു നില്‍ക്കുമ്പോള്‍ സൌഹൃദത്തിന്റെ മരുപ്പച്ചയായി കൂടിചേരുന്നവര്‍. വിഷമങ്ങളും ആകുലതകളും പങ്കുവെക്കുകയും ഒരുമിച്ചുണ്ണി ഒരു ബെഡില്‍ കിടന്ന്‌ ഒരു സഹോദര ബന്ധങ്ങളിലേക്കെത്തുന്നവര്‍. പ്രവാസ കാലങ്ങളിലെ നന്മയെകുറിച്ചെഴുതാനെ എനിക്കും താല്പര്യമുള്ളൂ . കണ്ണീരിന്റെ നനവുള്ള ചില ഓര്‍മകളും ബാക്കിയുണ്ടെനിക്ക്.അവരെ കുറിച്ചെഴുതാതെ ഞാനെങ്ങിനെ ഈ കുറിപ്പ് അവസാനിപ്പിക്കും. അബൂദാബിയില്‍ നിന്നും ദുബായിലേക്കുള്ള ഒരു യാത്രയില്‍ ആക്സിടന്റില്‍ മരിച്ച പ്രിയ സുഹൃത്ത്‌ കുഞ്ഞി മുഹമ്മദ്‌. ഉടനെ തന്നെ നാട്ടിലെത്തി നടത്തേണ്ട കല്യാണത്തിന്റെ സ്വപ്നങ്ങളുമായി അവന്‍ വിടപറഞ്ഞു. പിന്നെ ആലിക്ക. എന്റെ അലസതയെ സ്നേഹത്തില്‍ പൊതിഞ്ഞ അധികാരത്തോടെ ശാസിക്കാറുള്ള, നല്ല സ്വാദിഷ്ടമായ ഭക്ഷണം പാകം ചെയ്തു തരുന്ന ആലിക്കയും എന്റെ ഓര്‍മകളില്‍ നിറയുന്നു. പടച്ച തമ്പുരാന്‍ അവര്‍ക്ക് സ്വര്‍ഗം നല്‍കട്ടെ.
തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വിഷാദ കാവ്യത്തിന്റെ ഭാഷയുണ്ട് പല ഓര്‍മകള്‍ക്കും. ഇന്നലെ അബൂദാബിയില്‍ നിന്നും സുഹൃത്ത്‌ ഷമീര്‍ വിളിച്ചിരുന്നു. അവനൊരു ഫാമിലി മീറ്റ്‌ സങ്കടിപ്പിക്കണം. പഴയ ബച്ചിലറുകള്‍ ഇന്ന് ഭാര്യയും കുട്ടികളുമായി ജീവിതത്തിന്റെ പുതിയ അധ്യായം എഴുതുന്നവര്‍. എല്ലാരും കൂടിയൊരു ഒത്തുചേരല്‍. എന്റെയും സ്വപ്നമാണത്. കാത്തിരിക്കുന്നതും ആ ഒരു ദിവസത്തിനായാണ്.
ദൈവികമായ ഇടപെടലുകളാണ് സുഹൃത്ത്‌ ബന്ധങ്ങള്‍. അവയുടെ നഷ്ടപെടലുകള്‍ നൊമ്പരങ്ങളും. എല്ലാ പ്രവാസികള്‍ക്കും ഉണ്ടാവും ഇത്തരം ആത്മബന്ധങ്ങളുടെ കഥ. ആ നന്മയുള്ള ഓര്‍മ്മകളില്‍ ജീവിക്കുന്ന വായനക്കാര്‍ക്കായി ഞാനീ കുറിപ്പ് സമര്‍പ്പിക്കുന്നു.