Monday, December 6, 2010

സ്വയം നഷ്ടപ്പെടുന്ന നിമിഷങ്ങള്‍



ഇന്നൊരു വല്ലാത്ത ദിവസം തന്നെ. ..ടോട്ടല്‍ മൂഡ്‌ ഓഫ്‌ എന്നൊക്കെ പറയാറില്ലേ. ശരിക്കും അതുപോലെ. ചില ദിവസങ്ങള്‍ ഇങ്ങിനെയാണ്‌. ഒരുതരം നിര്‍ജീവമായ
അവസ്ഥ. ഒന്നിനോടും ഒരു താല്പര്യം തോന്നുന്നില്ല . ടേബിളിൽ കൂട്ടിയിട്ടിരിക്കുന്ന ഫയലുകളും കടലാസുകളും എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതു പോലെ എനിക്കു തോന്നി.
സിസ്റ്റം ഓണ്‍ ചെയ്തു. അറിയാതെ ക്ലിക്കിയത് ഒരു പാട്ടില്‍.
തേരേലിയേ ഹം ഹി ജിയേ ഹോതോം കോ സിയേ
തേരേലിയേ ഹം ഹി ജിയേ ഹര്‍ ആര്‍സൂം കിയേ
എനിക്കിഷ്ടപ്പെട്ട പാട്ട് തന്നെ എന്തോ അത് ആസ്വദിക്കാനും എനിക്ക് പറ്റുന്നില്ല . ചിലര്‍ പറയും പാട്ട് കേള്‍ക്കുമ്പോള്‍ മനസിന്റെ ഏത് സങ്കീർണ്ണതയിലും
ആശ്വാസം കിട്ടുമെന്ന്. പക്ഷെ എനിക്ക് നേരെ തിരിച്ചാണ്. ജഗ്ജിത് സിംഗിന്റെ ഗസലുകളെ ഞാനേറെ ഇഷ്ടപ്പെടുന്നു. എന്നാലും സന്തോഷം തോന്നുമ്പോഴേ അതിനും മാധുര്യമുള്ളൂ.
ഞാന്‍ ജീമെയില്‍ ലോഗ്ഗിന്‍ ചെയ്തു.കോണ്ടാക്റ്റ് ലിസ്റ്റില്‍ കുറെ പച്ച ലൈറ്റുകള്‍ കത്തുന്നുണ്ട്. . .ഒന്ന് മനസ്സ് തുറന്ന് ആരോട് സംസാരിക്കണം . നോക്കട്ടെ, ആര് ഇപ്പോള്‍ എന്നെ ഓര്‍ക്കുന്നു എന്ന്. ആദ്യം ഹായ് പറയുന്നവര്‍ ഏറ്റവും അടുത്തവര്‍ എന്ന് വെറുതെ തോന്നുന്നതാവാം. പക്ഷെ ഇപ്പോള്‍ അതാണ്‌ എനിക്ക് ശരി. പ്രതീക്ഷ തെറ്റിയില്ല. ഞാന്‍ ആഗ്രഹിച്ച ഐഡിയില്‍ നിന്ന് തന്നെ എന്നെ തേടി ഒരു പുഞ്ചിരി വന്നു.
അസ്സലാമു അലൈക്കും.
ഞാന്‍ സലാം മടക്കി.
എന്തൊക്കെയാടോ വിശേഷങ്ങള്‍?
എന്ത് പറയാന്‍. ഒരു സുഖം തോന്നുന്നില്ല. മനസ്സിന്.
അതെന്താ അങ്ങിനെ.. ?
അറിയില്ല. എനിക്കെന്തോ കരയാന്‍ തോന്നുന്നു.
കൊള്ളാലോ. കരയാൻ വരട്ടെ . നീ നിസ്കരിച്ചോ?
ഇല്ല.
എങ്കില്‍ അത് കഴിഞ്ഞു വാ. ഞാനിവിടെ കാണും.
ഞാന്‍ ഇറങ്ങിപള്ളിയെ ലക്ഷ്യമാക്കി നടന്നു. വുളൂ എടുക്കുമ്പോള്‍ തണുത്ത വെള്ളം മുഖത്ത് വീണപ്പോൾ എന്തെന്നില്ലാത്തെ ഉന്മേഷം തോന്നി. നിസ്കാരം കഴിഞ്ഞു എണീറ്റപ്പോഴും മനസ്സിലെ കാർമേഘം മാറിയില്ല. എനിക്കൊന്നു കരഞ്ഞേ പറ്റൂ. ഇത്തരം മാനസികാവസ്ഥക്കു നല്ല മരുന്ന് കരയുന്നതാണ്. പെട്ടന്നു കരച്ചില്‍ വരാന്‍ രണ്ട് സൂത്രമുണ്ട്. ഒന്ന് ഉമ്മയെ വിളിക്കുക. അല്ലെങ്കിൽ ഉപ്പാന്റെ ഫോട്ടോയില്‍ കുറച്ചു നേരം നോക്കിയിരിക്കുക. ഞാന്‍ ഉമ്മയെ വിളിക്കാന്‍ തീരുമാനിച്ചു. ഓഫീസിന്റെ ഡോര്‍ അടച്ച്‌ വീട്ടിലെ നമ്പർ ഡയല്‍ ചെയ്തു. എന്റെ ശബ്ദത്തിലെ മാറ്റം ഉമ്മാക്ക് പെട്ടെന്ന് പിടികിട്ടും. കാരണം എന്റെയീ കുട്ടികളി ഗള്‍ഫില്‍ വന്നത് മുതല്‍ തുടങ്ങിയതാണ്‌. ഉമ്മാക്ക് നല്ല ധൈര്യമാണ് . എന്നാലും കുറെ കഴിഞ്ഞാല്‍ ഉമ്മാക്കും വിഷമമാകും. അതെനിക്കറിയാം. അതിനു മുമ്പേ ഞാന്‍ ഫോണ്‍ കട്ട്ചെയ്തു . പറഞ്ഞപോലെ ഞാനിപ്പോള്‍ കരയുകയാണ്.
വീണ്ടും സുഹൃത്തിന്റെ ചാറ്റ് മെസ്സേജ്.
നീ അവിടുണ്ടോ.
ഹൂം.
എന്ത് ചെയ്യുന്നു?
കരയുന്നു.
ഛെ.. ഇതെന്താ ഒരുമാതിരി കുട്ടികളെ പോലെ. നീ ഇത്രക്കെ ഉള്ളൂ. ..?
ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. മനസ്സില്‍ കുട്ടിത്തം ഇല്ലാത്ത ആരെങ്കിലും കാണുമോ? അതുപോലെ ആയിരിക്കും ഞാനും. അതുകൊണ്ടാകും പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതെ ഞാനിത്ര ഇമോഷണലാവുന്നത്. ഒരു സുലൈമാനി കുടിച്ചു. അപ്പോഴേക്കും എന്റെ ടിക്കറ്റ് എത്തി,. നാളെ ദുബായില്‍ പോകണം.
ദുബായ് യാത്രകള്‍ എനിക്ക് ഊര്‍ജ്ജം റീഫില്‍ ചെയ്യാനുള്ള യാത്രകളാണ്. ഒരു പോസ്റ്റിലെ കമ്മന്റില്‍ ഞാന്‍ പറഞ്ഞതുപോലെ, ജുമൈറയിലെ കാറ്റിന്, അബ്രയിലെ ഓളങ്ങള്‍ക്ക്, അല്‍ മംസാറിലെ തണലിന് മാത്രം എന്നില്‍ സന്നിവേശിപ്പിക്കാന്‍ കഴിയുന്നൊരു ആവേശമുണ്ട്. പഴയ സൗഹൃദ കൂട്ടങ്ങള്‍. ശരീരം ഇവിടെ ബഹ്റൈനിലും മനസ്സവിടെ ദുബായിലും ആയിരിക്കും എന്നും. എന്നിവിടെ വന്നാലും ഒരന്യതാ ബോധം തോന്നില്ല. എങ്ങും പരിചിതമായ ഒരു സൗഹൃദ ഭാവം.
ജോലി കഴിഞ്ഞ്‌ വൈകുന്നേരം സുഹൃത്തുക്കള്‍ എല്ലാവരുമെത്തി. പഴയ താവളങ്ങളില്‍ ഒത്തുചേര്‍ന്നു. പഴയ ഓര്‍മ്മകള്‍ വീണ്ടും ഊതി കാച്ചി. പരദൂഷണം, പാരവെപ്പ്, പിന്നെ കുറെ സ്വപ്‌നങ്ങള്‍, പ്രതീക്ഷകള്‍. ഞാന്‍ വേണ്ടുവോളം ചാര്‍ജ്ജ് ചെയ്തുകഴിഞ്ഞു. ജീവിതത്തിന്റെ ആവേശം തന്നെ ഇത്തരം ബന്ധങ്ങളല്ലേ. പിന്നെ കുടുംബം, വിശ്വാസം എല്ലാം.
മൂന്നു സുന്ദരമായ ദിവസങ്ങളും കഴിഞ്ഞ്‌ ഞാനിന്ന് ബഹ്റൈനില്‍ എത്തി. ഇന്നലെ എന്നെ നോക്കി പരിഹസിച്ച കടലാസുകള്‍ ഇന്നെന്നെ നോക്കി ചിരിക്കുന്നു. ഒന്നൊന്നായി തീര്‍ത്തു ഞാനവയെ മൂലക്കിരുത്തി. ഇന്നലെ ഇവിടിരുന്നു കരഞ്ഞ ഒരു കുട്ടിയല്ല ഞാനിപ്പോള്‍. ഇപ്പോള്‍ സന്തോഷത്തിന്റെ സമയമാണ് ഞാനൊരു പാട്ട് കേള്‍ക്കാനിരുന്നു. ജഗ്ജിത് സിംഗിനെ മാധുര്യമുള്ള ഗസല്‍ നാദങ്ങള്‍ ഒരു കുളിര്‍മഴയായി എന്നിൽ പെയ്തിറങ്ങി....
തമന്ന ഫിര്‍ മ ചല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ
യെ മോസം ഹി ബദല്‍ ജായെ
അഗര്‍ തും മില്‍നേ ആ ജായെ

Saturday, December 4, 2010

നമുക്കൊരു യാത്ര പോയാലോ..?

പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില കാരണങ്ങള്‍ കൊണ്ട് ചില സ്ഥലങ്ങളോട് ചില ഇഷ്ടങ്ങള്‍ നാം അറിയാതെ കയറിപ്പറ്റാറില്ലെ....? ഞാനും പറഞ്ഞുവരുന്നത് അങ്ങിനെയൊരിഷ്ടത്തെ കുറിച്ചാണ്. കേരളത്തിലെ റെയില്‍വേ സ്റ്റേഷനുകളെ പറ്റി. സ്വന്തം നാടായ കോഴിക്കോട് നിന്നും തുടങ്ങാം നമുക്കീ യാത്ര. എനിക്കിഷ്ടപ്പെട്ട ചില സ്റ്റേഷനുകളില്‍ കുറച്ചു നേരം തങ്ങി തിരുവനന്തപുരത്ത് നമുക്കീ യാത്ര അവസാനിപ്പിക്കാം. ഈ എക്സ്പ്രസ് യാത്രയില്‍ താല്പര്യമുള്ളവര്‍ക്ക് എന്നോടൊപ്പം ഈ വണ്ടിയില്‍ കയറാം.



ഇത് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ . യാത്ര ചെയ്യാനും യാത്ര അയക്കാനും കൂടുതല്‍ വന്നു പോയതിവിടേയാണ്. ഇവിടെയെത്തുമ്പോള്‍ നമ്മെ സ്വീകരിക്കുന്ന ആദ്യ മുഖം പോര്‍ട്ടര്‍ ആലിക്കയാണ്. ചുവന്ന തലേക്കെട്ടും ചുണ്ടിൽ എരിയുന്ന ദിനേശ് ബീഡിയുമായി നിൽക്കുന്ന ഈ പോര്‍ട്ടര്‍ സഖാവിന്റെ ബീഡിക്കറ പുരണ്ട മനോഹരമായ പുഞ്ചിരി കാണാതെ അകത്തു കയറാന്‍ നമുക്ക് പറ്റില്ല. " എന്താടാ കോയാ.... ദിനേസൊരെണ്ണം പിടിപ്പിക്കണോ" എന്ന് ആലിക്ക ചോദിക്കുമെങ്കിലും വേണ്ട എന്ന് പറയുന്നതാണ് ബുദ്ധി. അല്ലേല്‍ നല്ല അസ്സല്‍ മലബാര്‍ സ്നേഹ തെറി കേള്‍ക്കാം. ഏതായാലും ആലിക്കയെ പരിചയപ്പെട്ടില്ലേ. ഇനി ഇവിടെ ചുറ്റി തിരിയണ്ട. നമുക്ക് പ്ലാറ്റ്ഫോമിലേക്ക് കയറാം. ഇവിടന്നാണ് നമ്മുടെ കഥയും തുടങ്ങുന്നത്.
റെയില്‍വേ പ്ലാറ്റ് ഫോമുകളില്‍ ഇങ്ങിനെ ഇരിക്കുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടൊരു സംഗതിയാണ് നിങ്ങൾക്കിഷ്ട്ടമില്ലെങ്കിലും തൽക്കാലം ഇത് സഹിക്കുകയല്ലാതെ വേറെ നിർവ്വാഹമില്ല എന്റെ കൂടെ ഇറങ്ങിത്തിരിച്ചതെല്ലെ.... ഒരു ബെഞ്ചിലിരുന്നു ചുറ്റും ഒന്നു കണ്ണോടിച്ചാല്‍ നമ്മുടെ മുന്നിലൂടെ മാറി മറയുന്ന കുറെ മുഖങ്ങളുണ്ട്. ജോലിക്ക് പോകുന്നവര്‍, ജോലി കഴിഞ്ഞു മടങ്ങുന്നവര്‍, ജോലി തേടി വരുന്നവര്‍, രോഗികള്‍ അങ്ങിനെയങ്ങിനെ.. പല ലക്ഷ്യങ്ങളുമായി പരക്കം പായുന്നവര്‍. വിദേശത്തേക്ക് പോകുന്നവരുടെയും അവരെ യാത്രയാക്കാന്‍ എത്തിയവരുടെയും മുഖഭാവങ്ങള്‍, ഞാനിതൊക്കെ താല്പര്യപൂര്‍വ്വം വീക്ഷിക്കാറുണ്ട്. ചൂളം വിളിച്ചെത്തി കിതച്ചു നിലക്കുന്ന തീവണ്ടികളില്‍ നിന്നും ഇറങ്ങി വരുന്ന പ്രതീക്ഷകൾ നിറഞ്ഞ മുഖങ്ങൾ, ഇടയ്ക്കിടെ മുഴങ്ങിയെത്തുന്ന അന്നൌന്‍സ്മെന്റുകള്‍, പത്രം, ചായ ഇങ്ങിനെ രസകരമായ പരിസരത്തെയും ഞാന്‍ ആസ്വദിക്കാറുണ്ട്. ഏതായാലും കോഴിക്കോട് വിടാന്‍ സമയമായി. അടുത്ത് നമുക്കിറങ്ങേണ്ടത് തിരൂര്‍ ആണ്.
വണ്ടി ഇപ്പോള്‍ കോഴിക്കോട് വിട്ടു. പഴയ പ്രതാപ കാലത്തിന്റെ ഓര്‍മ്മകൾ പേറുന്ന കല്ലായി പാലവും കടന്ന് ഫറൂക്കിലെ ഓട്ടുകമ്പനികളിലെ വലിയ പുകകുഴലുകളും കഴിഞ്ഞു നമ്മളിപ്പോള്‍ തിരൂര്‍ സ്റ്റേഷനില്‍ എത്തി.



ഈ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ മനസ്സ് സഞ്ചരിക്കേണ്ടത് വര്‍ഷങ്ങള്‍ പിന്നിലോട്ടാണ്. മലബാര്‍ കലാപത്തിന്റെ , വാഗണ്‍ ദുരന്തത്തിന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകളിലേക്ക്. ആ ഓര്‍മ്മകളുമായി ഇവിടെ നില്‍ക്കുമ്പോള്‍ നമുക്ക് നമ്മെ തന്നെ നഷ്ടപ്പെടുന്നു. ജീവശ്വാസത്തിന് വേണ്ടി ആര്‍ത്തുവിളിച്ച് ഒരു ബോഗിക്കുള്ളില്‍ പിടഞ്ഞു മരിച്ചവരുടെ രോദനങ്ങള്‍ ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ടോ..? പട്ടാള ബൂട്ടുകളുടെ മുഴക്കങ്ങള്‍ നമ്മെ പിന്തുടരുന്നുണ്ടോ...? ഗതകാല സ്മരണകളുടെ നൊമ്പരങ്ങളും പേറി നില്‍ക്കുന്ന ഈ സ്റ്റേഷനില്‍ നിന്നും തല്ക്കാലം നമുക്ക് വിടപറയാം.



പച്ചയണിഞ്ഞു നില്‍ക്കുന്ന നെല്പാടങ്ങള്‍ക്കിടയിലൂടെ ഒരു കൊയ്ത്തുപ്പാട്ടും പാടി നമ്മളിപ്പോള്‍ ഷോര്‍ണ്ണൂര്‍ സ്റ്റേഷനിലാണ്. ഒരു ഗ്രാമ തനിമയുണ്ട് ഈ സ്റ്റേഷന്. ഒരു നാടന്‍ സുന്ദരിയുടെ ഐശ്വര്യം. ഇവിടെ അധികം വൈകിക്കേണ്ട. ഒരു നാടന്‍ മോരും കുടിച്ചു നമുക്ക് യാത്ര തുടരാമല്ലേ. യാത്രക്കും വേഗം കൂട്ടേണ്ടതുണ്ട്. കാരണം നമുക്കിനി ഇറങ്ങേണ്ടത് എറണാകുളം സ്റ്റേഷനിലാണ്. അതിവേഗം കുതിക്കുന്ന ഈ നഗരത്തിന്റെ റെയില്‍വേ സ്റ്റേഷനിലും കാണുമായിരിക്കും എന്തെങ്കിലും പുതുമകള്‍.



അതെ , ഗ്രാമത്തിന്റെ പൊലിമകള്‍ വിട്ട് നമ്മളിപ്പോള്‍ നഗരത്തിന്റെ തിരക്കുകളിലാണ്. എറണാകുളമെത്തി.മാറുന്ന ജീവിതത്തിന്റെ മാറിയ മുഖമാണ് ഇവിടം. ചുറ്റും തിരക്കിന്റെ ലോകം.... യാന്ത്രികമായ ചലനങ്ങള്‍.... ഒന്ന് കണ്ണോടിച്ചു നോക്കൂ. ആ തിരക്കിനൊപ്പം നമ്മുടെ കണ്ണുകള്‍ക്ക് എത്താൻ പ്രയാസമായിരിക്കും. രാഷ്ട്രീയക്കാര്‍, സിനിമാ സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍, പ്രൊഫഷണല്‍സ്‌ അങ്ങിനെ എത്രയോ മുഖങ്ങൾ . എല്ലാവരും തിരക്കിലാണ്. നമ്മളും അതെ. ചൂളം വിളിച്ച് നമ്മുടെ വണ്ടിയും നീങ്ങി തുടങ്ങി. തലസ്ഥാനത്തേക്ക്.



തമ്പാനൂര്‍ സ്റ്റേഷന്‍ എത്തിയല്ലോ. നമ്മുടെ യാത്ര ഇവിടെ തീരുകയാണ്. തലസ്ഥാനത്തിന്റെ പ്രതാപത്തിന് തികച്ചും യോജിക്കുന്ന പ്രൌഡി. വര്‍ഷങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ഈ സ്റ്റേഷന്‍ നിങ്ങള്‍ക്കും പ്രിയപ്പെട്ടതാകും. മുഷിഞ്ഞിറങ്ങുന്ന ഖദറിനേയും വടി പോലെ തേച്ചു കയറുന്ന ഖദറിനേയും വേണേല്‍ നിങ്ങള്‍ക്ക്‌ അവഗണിക്കാം. ഇനി നിങ്ങൾ പുറത്തൊന്നു കറങ്ങിയടിച്ചു വന്നോളൂ. അവിടെ നിങ്ങൾക്ക് ഭരണ കേന്ദ്രത്തിന്റെ സ്പന്ദനങ്ങള്‍ തൊട്ടറിയാം. കോവളത്തിന്റെ ഭംഗിയില്‍ രമിക്കാം. പിന്നെയും നഗരമൊരുക്കുന്ന വിസ്മയങ്ങളില്‍ മതിമറക്കാം. ഈ പ്ലാറ്റ്ഫോമിന്റെ മൂലക്കുള്ള ആ ബെഞ്ചില്‍ ചില വട്ടുകളെ മേയാന്‍ വിട്ട് ഞാനിരിക്കുന്നുണ്ടാവും.......

(ഫോട്ടോസെല്ലാം ഗൂഗിളില്‍ നിന്നും എടുത്തത്‌)

Saturday, November 20, 2010

മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്



വീണ്ടും മഞ്ഞുകാലമെത്താറായി. മഴക്കാലം പോലെ എനിക്ക് പ്രിയപ്പെട്ടതാണ് മഞ്ഞു കാലവും. കാല്പനികവും യാഥാര്‍ത്യവുമായ ഒരുപാട് ഭാവങ്ങള്‍ വിരിയുന്നതും മഞ്ഞുമാസത്തിലല്ലേ. പ്രണയവും പൂക്കളും തുടങ്ങി അങ്ങിനെ മോഹിപ്പിക്കുന്ന പലതും. ഞാനും പ്രണയത്തിലാണ്. ഇല പൊഴിക്കുന്ന മരങ്ങളും പുഞ്ചിരിക്കുന്ന പൂക്കളും മഞ്ഞു പെയ്യുന്ന രാത്രികളും ക്രിസ്റ്റ്മസ് നക്ഷത്രങ്ങളും എല്ലാം സുന്ദരമാക്കുന്ന ഡിസംബറുമായി ഞാനെന്റെ പ്രണയം പങ്കുവെക്കുന്നു.

മൂടിപ്പിടിച്ച് കിടന്നുറങ്ങുന്നതില്‍ ഒരു സുഖമുണ്ട്. പക്ഷെ അതിനേക്കാള്‍ രസകരമല്ലേ മൂടല്‍ മഞ്ഞ് വിട്ടുമാറാത്ത പ്രഭാതം കാണുന്നത്. കുട്ടിക്കാലത്ത് കാലത്തെഴുന്നേറ്റ് കരിയിലകള്‍ കൂട്ടിയിട്ട്‌ തീകായുന്നതില്‍ തുടങ്ങുന്നു എന്റെ മഞ്ഞുകാല ഓര്‍മ്മകളും. ബാല്യത്തോടൊപ്പം മറഞ്ഞ ഓര്‍മ്മയാണ് അതും. അതിനുമാത്രം പോരുന്ന തണുപ്പ് ഇപ്പോള്‍ ഡിസംബര്‍ നല്‍കാറില്ലെന്ന് തോന്നുന്നു.

ഹൈ സ്കൂളില്‍ പഠിക്കുമ്പോള്‍ ഞാന്‍ വീണ്ടുമൊരു പ്രണയത്തില്‍ വീണു. സ്കൂള്‍ ലൈബ്രറിയില്‍ നിന്നും
കിട്ടിയ ഒരു നോവലുമായി. ഒരു ഇംഗ്ലീഷ് നോവലിന്റെ പരിഭാഷ. പേരോര്‍ക്കുന്നില്ല. ഒരു ഇംഗ്ലീഷ് വിന്ററിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ മനോഹരമായ ഒരു പ്രണയകഥ. അന്നുമുതല്‍ മഞ്ഞ് എനിക്ക് പ്രണയത്തിന്റെ കൂടി പ്രതീകമാണ്. നല്ല മഞ്ഞുള്ള ഒരു താഴ്വാരത്തിലൂടെ തലയില്‍ ഒരു തൊപ്പിയും പൂക്കളുള്ള ഉടുപ്പുമിട്ട്‌ പാട്ടും പാടി വരുന്ന ഒരു പെണ്‍കുട്ടിയായി എന്റെ സങ്കല്‍പ്പത്തിലെ പ്രണയിനിയും. എനിക്ക് വട്ടായിരുന്നു എന്ന് ഇത് വായിക്കുന്ന നിങ്ങള്‍ക്ക് തോന്നുന്നതില്‍ ഞാന്‍ തെറ്റ് പറയുന്നില്ല. അല്ലെങ്കില്‍ ചെറുവാടി എന്ന ഗ്രാമത്തിലിരുന്ന് ഇതുപോലെ വെസ്റ്റേണ്‍ സ്വപ്നവും കാണുന്ന എനിക്ക് മിനിമം വട്ടാണ് എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ വട്ട് നിങ്ങള്‍ക്കാണ്.

രണ്ടു കാര്യങ്ങള്‍ കൊണ്ട് ഊട്ടി എന്നും എന്നെ മോഹിപ്പിക്കുന്ന സ്ഥലമാണ്. ഒന്ന് കാലാവസ്ഥ. രണ്ട് കാടും യൂക്കാലിപ്സ് മരങ്ങള്‍ക്കുമിടയിലൂടെയുള്ള സുഗന്തം മണക്കുന്ന യാത്രകളും. സീസണ്‍ എന്നൊരു പ്രശ്നം ഇവിടേക്കുള്ള യാത്രകള്‍ ഒരിക്കലും എന്നെ മടുപ്പിക്കാറില്ല.പല യാത്രകളില്‍ നിന്നും ഒരു യാത്രയെ ഞാന്‍ പ്രത്യേകം മാറ്റിവെക്കുന്നു.
ഒരു ഡിസംബറില്‍ റോബര്‍ട്ട് എന്ന സുഹൃത്തിന്റെ വീട്ടിലേക്കു ഞങ്ങള്‍ സുഹൃത്തുക്കള്‍ നടത്തിയ ഒരു യാത്ര. അവരുടെ ക്രിസ്റ്റ്മസ് ആഘോഷങ്ങലിലേക്കാണ് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്. ഞാന്‍ അടുത്തറിയുന്ന ആദ്യത്തെയും അവസാനത്തെയും ക്രിസ്റ്റ്മസ്സും അതാണ്‌. റോബിയും അവന്റെ അച്ഛനും അമ്മയും സഹോദരിമാരും എല്ലാം കൂടിചേര്‍ന്ന് ആഘോഷിച്ച ആ ഊട്ടി ക്രിസ്റ്റ്മസ്, മഞ്ഞിനേയും പൂകളെയും അറിഞ്ഞ് സന്തോഷിച്ച ആ ദിവസങ്ങളുടെ ഓര്‍മ്മയ്ക്ക്‌ അവരുടെ വീട്ടിലെ ആ നെരിപ്പോടിന്റെ ചൂട് ഇപ്പോഴുമുണ്ട്.
ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതില്‍ അലസതയുള്ള എന്റെ സ്വഭാവം ഇവിടെയും ഉണ്ട്. പക്ഷെ എല്ലാ വര്‍ഷവും ക്രിസ്റ്റ്മസിന് റോബിയെ തേടി പോകാറുള്ള ആശംസാ കാര്‍ഡിനൊപ്പം എന്റെ മനസ്സും പായാറുണ്ട്. കരോള്‍ സംഗീതവും മിന്നുന്ന നക്ഷത്രങ്ങളും നിറഞ്ഞ ആ പഴയ മഞ്ഞ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക്.

പിന്നൊരു ഊട്ടി മഞ്ഞുകാലം എന്നെ അലട്ടുന്ന മറ്റൊരു ഓര്‍മ്മയുടെതാണ്. അലക്ഷ്യമായ ഒരു ചിരിയില്‍ കോര്‍ത്ത നിര്‍ദോഷമായ ഒരു സൗഹൃദത്തിന്റേത്. ഹോട്ടല്‍ ഗാര്‍ഡനില്‍ ഓടികളിക്കുന്ന മൂന്ന് വയസ്സുകാരി കുഞ്ഞിനേയും നോക്കി ഒരമ്മ പറഞ്ഞുതീര്‍ത്ത(?) ജീവിതാനുഭവങ്ങള്‍. നീലഗിരിയിലെ കൊടും ശൈത്യത്തിലും എന്നെ പൊള്ളിച്ച അവരുടെ കഥ. പക്ഷെ അതെല്ലാം ഉള്‍കൊള്ളാനും ഒരു ആശ്വാസ വാക്കുകള്‍ പറയാനും സാധ്യമല്ലായിരുന്നു അന്ന് എന്റെ അപക്വമായ മനസ്സിന്. അതുകൊണ്ട് തന്നെ ഒരു ഭീരുവിനെ പോലെ ഓടിയൊളിക്കുകയെ പറ്റുമായിരുന്നുള്ളൂ. ഒരു ചേച്ചീ എന്ന വിളിയെങ്കിലും അവര്‍ പ്രതീക്ഷിച്ചു കാണണം. ഇതൊരു പോസ്റ്റാക്കാന്‍ പലവട്ടം ഇറങ്ങിത്തിരിച്ചതാണ് ഞാന്‍ . പക്ഷെ രണ്ടു കാര്യങ്ങള്‍ എന്നെ എപ്പോഴും പുറകോട്ടു വലിച്ചു. അവരുടെ അനുഭവങ്ങളെ അതെ തീഷ്ണതയോടെ പകര്‍ത്താനുള്ള ഭാഷ എനിക്കില്ല എന്നത്. പിന്നെ എഴുതാപ്പുറങ്ങള്‍ വായിക്കുമോ എന്ന പേടിയും. പക്ഷെ ഞാനിത് എഴുതും . എഴുതാന്‍ സമയമായി എന്ന് എന്റെ മനസ്സ് പാകപ്പെടുന്ന നിമിഷം. കാരണം വായിക്കുന്ന നിങ്ങളില്‍ ഉയരുന്ന ചോദ്യങ്ങളെക്കാള്‍ ഒരു നൂറ് ചോദ്യങ്ങള്‍ക്ക് എനിക്ക് തന്നെ ഉത്തരം കിട്ടേണ്ടതുണ്ട്.

ഇപ്പോള്‍ ഞാന്‍ ഒരുങ്ങികഴിഞ്ഞു. ഡിസംബറില്‍ വിരിയാനിരിക്കുന്ന പൂക്കള്‍ക്കായി, മഞ്ഞ് പെയ്യുന്ന രാത്രികള്‍ക്കായ്. കരിയിലകള്‍ കൂട്ടി തീകായുന്ന ആ കാലം ഇനി തിരിച്ചുവരില്ല. പിന്നെ, മഞ്ഞുക്കാലത്ത് പൈന്‍ മരങ്ങള്‍ക്കിടയിലൂടെ പൂക്കളുള്ള തൊപ്പിയും ധരിച്ച് സ്വര്‍ണ്ണ തലമുടിയുമായി നടന്നുവരുന്ന ഞാന്‍ സ്വപ്നം കണ്ട കാമുകിയും ഇപ്പോള്‍ എന്റെ മനസ്സിലില്ല. പകരം ഒരു ചാറ്റല്‍മഴയില്‍ എന്റെ മനസ്സില്‍ കുടിയേറിയ സഖിയുമായുള്ള ഒരു ഊട്ടി ഹണിമൂണ്‍ ആ കാല്‍പനിക സ്വപ്നത്തെ യാഥാര്‍ത്യ ബോധത്തിലേക്ക്‌ എന്നെ തിരിച്ചു കൊണ്ടുവന്നു. പക്ഷെ മഞ്ഞുകാലവും മഴക്കാലവും എന്റെ പ്രണയം പങ്കിട്ടെടുക്കും. തീര്‍ച്ച.
image from http://www.lisisoft.com

Friday, November 12, 2010

ഒരു പെരുന്നാള്‍ കൂടി വന്നെത്തുമ്പോള്‍



ഒരു പെരുന്നാള്‍ കൂടി എത്തുകയായി. മണല്‍ക്കാട്ടിലെ യാന്ത്രിക ജീവിതത്തിനിടയില്‍ കടന്നുവരുന്ന ഈ പെരുന്നാളിന്‍റെ സദ്യവട്ടങ്ങള്‍ക്ക് രുചിയുണ്ടാകുമോ? ഉണ്ടാവില്ല. കൂടും കുടുംബവും നാടും നാട്ടാരെയും വിട്ടിട്ടുള്ള പെരുന്നാളിന്‍റെ ആഘോഷങ്ങള്‍ക്ക് തീര്‍ച്ചയായും മാറ്റ് കുറയും. എന്നാലും കുടുംബക്കാരും കൂട്ടുകാരും അയല്‍ക്കാരും എല്ലാം കൂടി ചേര്‍ന്നുള്ള നാട്ടിലെ പെരുന്നാള്‍ ആഘോഷങ്ങള്‍, പുത്തന്‍ കുപ്പായമിട്ട ആ ഓര്‍മ്മകള്‍ തന്നെയാവട്ടെ ഈ പെരുന്നാള്‍ സദ്യയുടെ രുചിക്കൂട്ട്. മൈലാഞ്ചികൈകളും കുപ്പിവള കിലുക്കവും തരുന്ന ഓര്‍മ്മകളാവട്ടെ അതിന്‍റെ സംഗീതം. അയല്‍പ്പക്കത്തെ ഹിന്ദു ക്രിസ്ത്യന്‍ സഹോദരങ്ങളും ഒന്നിച്ചിരുന്നാഘോഷിച്ച പെരുന്നാളിന്‍റെ നന്‍മ. മതസൗഹാര്‍ദത്തിന്‍റെ ആ മുഖം ഇപ്പോഴും നഷ്ടപെട്ടിട്ടില്ല.
പക്ഷെ എനിക്ക് പരാതികളില്ല. കാരണം ആഘോഷങ്ങളും ആഹ്ലാദവും നിഷേധിക്കപ്പെട്ട ഒരു പരിസരത്തെ ഞാന്‍ കാണാതെ പോകരുത്. ഉറ്റവരും ഉടയവരും നഷ്ടപ്പെട്ടു സയോണിസ്റ്റ് ക്രൂരതയുടെ ബലിയാടുകള്‍ അങ്ങ് ഫലസ്തീനിലും മറ്റും കരയുന്നതിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നുണ്ട്‌. തോക്കുകള്‍ക്കും മിസൈലുകള്‍ക്കുമിടയില്‍

ദൈന്യതയോടെ കണ്ണ് മിഴിക്കുന്ന കുഞ്ഞുങ്ങളുടെ നൊമ്പരങ്ങളും ഞാനറിയുന്നുണ്ട്. സ്വന്തം മക്കളാല്‍ തന്നെ ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില്‍ അഭയം തേടിയ മാതാപിതാക്കള്‍, പെറ്റമ്മമാരാല്‍ തന്നെ തെരുവിലെറിയപ്പെട്ട അനാഥ ബാല്യങ്ങള്‍, ഒരുനേരത്തെ അന്നത്തിനു എച്ചില്‍തൊട്ടികളില്‍ പോലും കയ്യിടേണ്ടി വരുന്ന അശരണര്‍. ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാത്ത ഇവരുടെ ലോകത്തെ മറന്നുകൊണ്ട്, ഒരു പ്രവാസിയായി എന്നൊരു കാരണം പറഞ്ഞ്, ആഘോഷങ്ങള്‍ക്ക് മാറ്റ് കുറയും എന്ന് വിലപിക്കുന്ന എന്‍റെ തെറ്റിന് മാപ്പ് തരിക.

അശാന്തിയുടെ കാര്‍മേഘങ്ങള്‍ മാറിപോകട്ടെ, ഭൂമിയില്‍ നന്മയുടെ പൂക്കള്‍ വിരിയട്ടെ. നിറഞ്ഞ സന്തോഷത്തിലേക്കാവട്ടെ ഓരോ ആഘോഷങ്ങളും കടന്നുവരുന്നത്‌.

എല്ലാവര്‍ക്കും സ്നേഹംനിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.

Saturday, October 30, 2010

ഇന്നൊരു മഴ പെയ്യാതിരിക്കില്ല....!



നാട്ടില് പൊരിഞ്ഞ മഴയാണത്രെ, എത്ര വിളിച്ചിട്ടും ഉമ്മയെ ലൈനില്‍ കിട്ടിയില്ല. പിന്നെ കിട്ടിയപ്പോള്‍ പറഞ്ഞു മഴയും ഇടിയും കാരണം ഫോണെല്ലാം ഡിസ്കണക്റ്റ് ചെയ്തിരിക്കുകയാണെന്ന്. ഇവിടെ ചൂട് പോയതും ഇല്ല തണുപ്പ് വന്നതും ഇല്ല എന്ന അവസ്ഥയില്‍ ഇരിക്കുമ്പോള്‍ നാട്ടില്‍ എന്നും എന്നെ കൊതിപ്പിക്കുന്ന മഴ വിശേഷങ്ങള്‍. എനിക്കെങ്ങിനെ ഇരിക്കപൊറുതി കിട്ടും?. കണ്ടിട്ടും കൊണ്ടിട്ടും മതിയാവാത്ത അനുഭവങ്ങളാണ് എനിക്ക് മഴക്കാലം. തോന്നുമ്പോള്‍ പെയ്യണം. പെയ്തു പെയ്തങ്ങിനെ മനസ്സിനും ശരീരത്തിനും കുളിര് നല്‍കണം.
ഓര്‍മ്മവെച്ചതുമുതല്‍ മഴയും എന്നോടൊപ്പമുണ്ട്. ഉമ്മ പറഞ്ഞത് ഒരു കര്‍ക്കിടകത്തില്‍ ആയിരുന്നു എന്റെ ജനനവും എന്നാണ്. ഇനി അതാവുമോ ഈ പ്രണയത്തിന് പിന്നില്‍?
സ്കൂളില്‍ നിന്ന് മടങ്ങുമ്പോഴൊക്കെ നല്ല മഴ കാണും. കുടയുണ്ടെങ്കിലും ചൂടില്ല. മുതിര്‍ന്നവര്‍ വഴക്ക് പറഞ്ഞാലും കേള്‍ക്കില്ല. അനുസരണക്കേട്‌ കൂടപ്പിറപ്പാണെന്ന് അവര്‍ കരുതിക്കാണും. കാരണം ഈ അസുഖം പതിവാണ്.
മിക്ക അവധിക്കാലവും മഴക്കാലത്തായിരിക്കും. അതിലൊരു സുഖമുണ്ട്. കുറെ നല്ല ഓര്‍മ്മകള്‍. ബാല്യത്തിലേതും കൌമാരത്തിലേതും. തറവാടിന്റെ കോലായിയിലിരുന്നു നല്ല മഴയും കണ്ട് ഒരു സുലൈമായിയും വല്ലപ്പോഴും ഒരു പുകയും വിട്ട് ആ ഓര്‍മ്മകളൊക്കെ തിരിച്ചു വിളിക്കുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിവിടെ പകര്‍ത്താന്‍ എന്റെ ഭാഷ മതിയാവില്ല.
കളിക്കിടയില്‍ മഴപെയ്താലും ഞങ്ങള്‍ പിന്മാറില്ല. മഴ അവിടെ പെയ്യട്ടെ, കളി ഇവിടെ നടക്കണം. അതാണ്‌ ഞങ്ങളുടെ നിയമം. കളി കഴിഞ്ഞു ചളി പിടിച്ച വസ്ത്രങ്ങളൊക്കെയായി വീട്ടിലെത്തുമ്പോള്‍ നല്ല കോളായിരിക്കും. അതുകൊണ്ട് ആദ്യം പോകുക തറവാട്ടിലേക്കാണ്. അവിടെ സ്റ്റെപ്പിനി ആയി വെച്ചിട്ടുള്ള ഡ്രസ്സിട്ട്
പോയതിനെക്കാലും ഡീസന്റ് ആയാണ് വീട്ടില്‍ കയറുക. വല്ല്യുമ്മച്ചി ഈ കുസൃതിക്കൊക്കെ കൂട്ട് നില്‍ക്കും. വാത്സല്യത്തില്‍ തല തോര്‍ത്തി തരികയും ചെയ്യും.
പണ്ട് ഈ തറവാടിന്റെ മുറ്റത്തിരിക്കുന്നത് മഴ കാണാനും മുറ്റത്ത്‌ തന്നെയുള്ള വലിയ കോമാവില്‍ നിന്നും പഴുത്ത മാങ്ങ വീഴുന്നതും നോക്കിയാണ്. വയറ് കേടാവുന്നത് വരെ തിന്നും. പിന്നെ വയറ് കേടായാലും തിന്നും. ഇന്ന് തറവാടിന്റെ മുറ്റത്ത്‌ ആ മാവില്ല. പക്ഷെ ഓര്‍മ്മകള്‍ക്ക് ആ മാമ്പഴത്തിന്റെ രുചി ഇപ്പോഴുമുണ്ട്. വല്യുമ്മച്ചിക്കും
ഉണ്ടായിരുന്നു മാങ്ങകൊതി. പല്ല് കുറഞ്ഞ മോണയും കാട്ടി മാമ്പഴം തിന്നുന്നത് ഇപ്പോഴും ചിരി നല്‍കുന്നു. ഉപ്പ പുതിയ വീടെടുത്ത് മാറി താമസിച്ചിട്ടും ഞാന്‍ വല്യുമ്മച്ചിക്കൊപ്പം തന്നെ നിന്നു. അത്രയ്ക്കൊരു ആത്മബന്ധം ഉമ്മച്ചിയുമായി എനിക്കുണ്ടായിരുന്നു. ഗള്‍ഫിലേക്ക് പോരുന്നതിന്റെ തലേന്ന് ഉറങ്ങാതെ കിടന്ന എന്നെ കെട്ടിപിടിച്ച് ഉമ്മച്ചി പൊഴിച്ച കണ്ണീരിന്റെയും ചുംബനത്തിന്റെയും ഓര്‍മ്മകള്‍ ഇന്നും എന്റെ കണ്ണുകളെ ആര്‍ദ്രമാക്കാറുണ്ട്. പിന്നൊരു അവധിക്കാലം കൂടി മാത്രമേ ഉമ്മച്ചിയെ കാണാന്‍ പറ്റിയുള്ളൂ. സ്വര്‍ഗത്തില്‍ മഴ പെയ്യുമ്പോള്‍ ഉമ്മച്ചി എന്നെ ഓര്‍ക്കുന്നുണ്ടാവണം.
മഴയോര്‍മ്മകള്‍ ഇനിയും ബാക്കി. നല്ല മഴക്കാലത്ത് ഇരുവഴിഞ്ഞി പുഴ കര കവിഞ്ഞൊഴുകും. ചെറുവാടിയിലെ റോഡും പാടങ്ങളുമെല്ലാം വെള്ളത്തിനടിയിലാകും. വാഴകൊണ്ട് കൊച്ചു ചങ്ങാടങ്ങള്‍ ഉണ്ടാക്കി വെള്ളം കയറിയ റോഡിലെല്ലാം കളിക്കുന്നത് ഞങ്ങള്‍ കുട്ടികളുടെ ഇഷ്ട വിനോദമായിരുന്നു. വെള്ളമിറങ്ങിയാല്‍ മീനുകള്‍ നിറയുന്ന പാടത്തും തോട്ടിലും മീന്‍പിടുത്തം. ഇന്നിപ്പോള്‍ സാമ്പിളിന് ഒരു മഴകണ്ടിട്ട് തന്നെ നാളെത്രയായി.
കഴിഞ്ഞ തവണ അവധി കഴിഞ്ഞ്‌ മടങ്ങിയത് ഒരു മഴക്കാലത്ത്. കേരള മണ്‍സൂണിനെ പറ്റി ഒരു സ്പെഷ്യല്‍ എഡിഷനായിരുന്നു അന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് മാഗസിന്‍ . നല്ല ചിത്രങ്ങളൊക്കെയായി നല്ലൊരു സമ്മാനം. പ്രവാസികളെ വട്ടം കറക്കുന്ന ഇന്ത്യന്‍ വിമാന കമ്പനികളുടെ വകയായി എനിക്ക് ഓര്‍മ്മിക്കാന്‍ ഇത് മാത്രമേ ഉള്ളൂ. ഇറങ്ങുമ്പോള്‍ ഞാനിത് കൂടെയെടുത്തു. കുറ നല്ല എഴുത്തുക്കാരുടെ മഴ അനുഭവങ്ങള്‍. പക്ഷെ എനിക്കിഷ്ടപ്പെട്ടത് ശ്രീമതി അനിത നായരുടെ ഒരു ലേഖനമാണ്. "each raindrops is a poem " എന്ന് തുടങ്ങി ഒരു ക്വാട്ട് ഉണ്ടായിരുന്നു അതില്‍. ബുക്ക്‌ നഷ്ടപ്പെട്ടത് കാരണം ഓര്‍ക്കുന്നില്ല. മഴയെ കുറിച്ച് ഇങ്ങിനൊരു കുറിപ്പ് എഴുതണമെന്ന് തോന്നിയപ്പോള്‍ ആദ്യം മനസ്സില്‍ വന്നതും ആ വരികളാണ്. അത് കിട്ടാനായി ശ്രീമതി അനിത നായരുടെ ഈമെയില്‍ ഐഡി ഇല്ലാത്തതു കാരണം അവരുടെ വെബ് സൈറ്റില്‍ കയറി ഒരു കമ്മന്റ്റ്‌ ഇട്ടു. ആ ക്വാട്ട് ഓര്‍മ്മയുണ്ടെങ്കില്‍ അയച്ചുതരണം എന്ന് പറഞ്ഞ്. മറുപടി കിട്ടിയില്ല. അവരത് കണ്ടുവോ എന്തോ?. ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

സന്തോഷവും ദുഃഖവും മഴയുമായി ബന്ധപ്പെട്ടുണ്ട്. എന്റെ വിവാഹത്തിന്റെ പകല്‍ മാറി നിന്ന മഴ രാത്രിയില്‍ തകര്‍ത്തു പെയ്തു. ഇന്നോര്‍ക്കുമ്പോള്‍ ആ സന്തോഷത്തിന്റെ ഓര്‍മ്മകളില്‍ മഴയുടെ പാശ്ചാത്തല സംഗീതമുണ്ട്.
പിന്നൊരിക്കല്‍ അസുഖമായി കിടക്കുന്ന ഉപ്പയെകാണാന്‍ അടിയന്തിരമായി നാട്ടിലെത്തിയപ്പോള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് മുതല്‍ അമൃത ഹോസ്പിറ്റല്‍ വരെ തകര്‍ത്തു പെയ്യുന്ന മഴയായിരുന്നു. മഴ തോര്‍ന്ന് കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി ശോക ചവയുള്ള ആ അന്തരീക്ഷത്തിലൂടെ നടന്ന് ഉപ്പകിടക്കുന്ന ഓണ്‍കോളജി വാര്‍ഡിലെത്തി ഉപ്പയെ കണ്ടപ്പോള്‍, എന്റെ കൈകള്‍ പിടിച്ചു ആശ്വാസ വാക്കുകള്‍ പറയുമ്പോള്‍ എന്റ കണ്ണീരിനൊപ്പം പുറത്ത്‌ വീണ്ടും മഴയും പെയ്തുതുടങ്ങി. എന്നെ ആശ്വസിപ്പിക്കാനെന്നോണം. അന്നുമുതല്‍ ഞാന്‍ മഴയെ കൂടുതല്‍ സ്നേഹിച്ചു തുടങ്ങി.
ഇന്നെന്തായാലും ഒരു മഴ പെയ്യാതിരിക്കില്ല. സ്വപ്നത്തിലെങ്കിലും.

Saturday, October 16, 2010

കാടും നാടും കുന്നും .(വയനാടന്‍ കുളിര്‍ക്കാറ്റ് -3)



നല്ല തണുപ്പുള്ള രാത്രി. സുഖമുള്ളൊരു ഉറക്കവും കഴിഞ്ഞ് നേരത്തെ തന്നെ എഴുന്നേറ്റു. ചുടുവെള്ളത്തില്‍ കുളി. പാടിയിലെ കാട്ടരുവിയിലെ കുളി മിസ്സ്‌ ചെയ്യുന്നു. കുളികഴിഞ്ഞെത്തിയപ്പോഴേക്കും ചായയുമായി ജോസേട്ടന്‍ വന്നു. "പുറത്ത് ആള് കാത്തുനില്‍ക്കുന്നു". ബഷീര്‍ക്കയാണ്. വണ്ടിയോടിക്കാന്‍ ഗഫൂര്‍ക്ക ഏര്‍പ്പാട് ചെയ്ത ആളാണ്‌. ഒരു ചാപ്ലിന്‍ സ്റ്റൈല്‍ മീശയും പഴയ ഇന്ദ്രന്‍സിന്റെ തടിയുമൊക്കെയുള്ള ഒരു മധ്യ വയസ്കന്‍ . പരിചയപ്പെട്ട ഉടനെതന്നെ മനസ്സിലായി ആള് ഇന്ന് ഞങ്ങളെ കത്തിവെച്ച് കൊല്ലുമെന്ന്. "ആദ്യം തോല്‍പ്പെട്ടി വനം, പിന്നെ ഗോപാല്‍ സാമി പേട്ട", ഞാനെന്റെ യാത്ര പരിപാടി അവതരിപ്പിച്ചു. എന്നാല്‍ വേഗം ഇറങ്ങാമെന്ന് ബഷീര്‍ക്ക.
ജോസേട്ടന്റെ പുട്ടും മുട്ടക്കറിയും കഴിച്ചു ഞങ്ങള്‍ യാത്ര പറഞ്ഞിറങ്ങി. വണ്ടി സ്റ്റാര്‍ട്ട് ചെയ്ത ഉടനെതന്നെ ബഷീര്‍ക്കയുടെ കത്തിയും സ്റ്റാര്‍ട്ടായി. പിന്നെ വിശേഷങ്ങളുടെ പെരുമഴ. പഴയ പന്തുകളിക്കാരനാണത്രെ. ചെറുവാടിക്കാരുടെ പന്തുകളി പ്രേമത്തെപറ്റി ഒരു ഗവേഷണ കത്തി തന്നെ അവതരിപ്പിച്ചു ബഷീര്‍ക്ക.
ന്നാലും ഇത് വല്ലാത്തൊരു സ്നേഹപ്പാര ആയിപോയി ഗഫൂര്‍ക്ക. പക്ഷെ സംസാരം മാറ്റിനിര്‍ത്തിയാല്‍ ഒരു പാവം മനുഷ്യനാണ് ബഷീര്‍ക്ക. സ്ഥിരമായി ജോലിയൊന്നുമില്ല. "പലരും വിളിക്കും, അവര് വല്ലതും തരും. ഒരു ചെറിയ കുടുംബത്തിനു കഴിഞ്ഞുപോകാന്‍ മതിയാവും". ഗഫൂര്‍ക്കയെ കുറിച്ച് പറയുമ്പോള്‍ ബഷീര്‍ക്കക്ക് ഇരട്ടി ആവേശം.
വയനാട് മുഴുവന്‍ കാണാപാഠമാണ്‌ ബഷീര്‍ക്കക്ക്. നാട്ടുവഴികളും കാട്ടുവഴികളുമൊക്കെ കടന്നു ഞങ്ങള്‍ തോല്‍പ്പെട്ടിയിലെത്തി.
ഞങ്ങള്‍ പുറത്തിറങ്ങി. കാട്ടിലേക്ക് കയറുന്നതിനു തൊട്ടുമുമ്പുള്ള ഒരു ചെറിയ അങ്ങാടി. ബഷീര്‍ക്ക ഒരു പെട്ടികടയിലേക്ക് കയറി. ഞാനും. നല്ല എരുവൊക്കെ ചേര്‍ത്ത ഒരു മോര് സോഡ. ഇതെന്റെ ഫേവറിറ്റ് ആണ്. ബഷീര്‍ക്ക വെറ്റില മുറുക്കാന്‍ ഒരുങ്ങുന്നു. വേണോ എന്നായി എന്നോട്. ഒന്നും വേണ്ട എന്ന് പറഞ്ഞുള്ള ശീലം പണ്ടേ എനിക്കില്ല. മുമ്പ് ചെറിയൊരു കഷ്ണം തേങ്ങാപൂളും ചേര്‍ത്ത് പാതി വെറ്റിലയില്‍ വല്ല്യുപ്പ മുറുക്കാന്‍ തരുമായിരുന്നു. ഹഫിക്ക് നാണക്കേട്‌ തോന്നിയെങ്കിലും ഞാന്‍ മുറുക്കാന്‍ തന്നെ തീരുമാനിച്ചു. പുകല വേണ്ട. യാത്ര കുളമാവും. ആ ചുറ്റുപാട് ചെറുതായൊന്നു കറങ്ങി ഞങ്ങള്‍ വണ്ടിയില്‍ കയറി.
ഇനി കാട്ടിലേക്ക്, എനിക്കാവേശം കയറി. കൂടുതല്‍ ഉള്ളിലേക്ക് .ബഷീര്‍ക്കക്ക് വല്യ സംസാരം ഒന്നുമില്ല. ശ്രദ്ധ മുഴുവന്‍ ഡ്രൈവിങ്ങിലാണ്. ഇനി ഒരു ആനപ്പേടി കഷിക്കും ഉണ്ടോ? പോകുന്ന വഴിയിലെങ്ങാനും കുറുകെ ഒരു കാട്ടുവീരന്‍ ? ഇതുവരെയുള്ള മൂപ്പരുടെ പെര്‍ഫോര്‍മന്‍സ് വെച്ച് നോക്കുമ്പോള്‍ അങ്ങിനെ ഒരു സംശയം ന്യായം.
ഏതായാലും ഈ തവണ യാത്ര മുതലായി. കാരണം സാമാന്യം എല്ലാ മൃഗങ്ങളും ദര്‍ശനം തന്നു. ആനകളൊക്കെ നല്ല പരിചയക്കാരെപോലെ ഒരല്പം വിട്ടുമാറി തന്നെ നിന്നു. അതുകൊണ്ട് ഹഫിക്ക് മര്യാദക്ക് ശ്വാസം വിടാന്‍ പറ്റി. എനിക്കും. കൂടാതെ കാട്ടുപോത്തുകളുടെ ഒരുഗ്രന്‍ ഗുസ്തിയും കണ്ടു.





വളരെ രസകരമായൊരു കാട്ടുസവാരിയും കഴിഞ്ഞ് ഞങ്ങള്‍ മാനന്തവാടി വന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് നേരെ ഗുണ്ടല്‍പ്പേട്ട വഴി ഗോപാല്‍ സാമി പേട്ടയിലേക്ക് .
ഈ സുന്ദരമായ അതോടൊപ്പം കടുപ്പവുമായ വഴികളിലൂടെ വണ്ടിയോടിക്കാനുള്ള എന്റെ പൂതി ബഷീര്‍ക്ക അപ്പീലിന് പോലും അവസരം നല്‍കാതെ നിര്‍ദയം തള്ളി.
ചുരം കയറി ഗോപാല്‍ സാമി പേട്ടയിലെത്തി. അതിസുന്ദരമായ സ്ഥലം. ദൈവം നേരിട്ട് ഇടപ്പെട്ട പ്രകൃതി ഭംഗി. പലവട്ടം ഇവിടെ വന്നിട്ടുണ്ട്. ബഷീര്‍ക്കയെ അവിടെ വിട്ടിട്ട്‌ ഒരു റൊമാന്റിക്‌ ഡ്യൂയറ്റും മനസ്സില്‍ പാടി ഞാനും ഹഫിയും ഒന്ന് കറങ്ങി. ഈ കുന്നിനു മുകളില്‍ തന്നെ വലിയൊരു ക്ഷേത്രം ഉണ്ട്. പ്രതിഷ്ഠ ഏതാണെന്നൊന്നും എനിക്കറിയില്ല. അവിടെ കയറുന്നത് തെറ്റാണോ എന്നും അറിയില്ല. ഉള്ളില്‍ കയറിയില്ലെങ്കിലും ക്ഷേത്രത്തിനു ചുറ്റും ഞങ്ങള്‍ കറങ്ങി. കയറരുതെന്ന് പറയുന്ന ഒരു സൂചികയും അവിടെ കണ്ടില്ല. ഇനി തെറ്റെങ്കില്‍ എന്റെ ഹിന്ദു സഹോദരങ്ങള്‍ ക്ഷമിക്കുക. ഏതായാലും സുന്ദരമായ ഈ പ്രകൃതിയില്‍ ആ ക്ഷേത്രത്തിന്റെ നില്‍പ്പിനു ഒരു പ്രൌഡി ഉണ്ട്.
ബഷീര്‍ക്ക തിരഞ്ഞു വന്നു. "വേഗം മടങ്ങണം . കോടമഞ്ഞിറങ്ങിയാല്‍ പിന്നെ ചുരമിറങ്ങാന്‍ പറ്റില്ല". ഞങ്ങള്‍ തിരിച്ചിറങ്ങി.
ഓരോ യാത്രയും മനസ്സില്‍ പതിച്ചുവെക്കുന്ന ചില അനുഭവങ്ങളുണ്ട്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ചില അടയാളങ്ങള്‍. ഒരു ഗ്രാമം, ദേശം, വ്യക്തി ഇങ്ങിനെ പല പല ബിംബങ്ങളിലൂടെ വര്‍ഷങ്ങള്‍ കഴിഞ്ഞാലും മായാതെ മനസ്സിലങ്ങിനെ കിടക്കും ചില ഓര്‍മ്മകള്‍. ഇതും ഒരു പഴയ യാത്രയാണ്. എന്നാലും ഇന്നലെ പോയ പോലെയാണ് ഞാനീ കുറിപ്പെഴുതുന്നത്. കാരണം ആ യാത്രയുടെ ആവേശം ഇന്നും എന്റെ മനസ്സില്‍ സജീവമായുണ്ട്. മച്ചാനെയും സഫിയാത്തയേയും ഞങ്ങള്‍ പിന്നെയും കണ്ടിട്ടുണ്ട്. പിന്നീടൊരിക്കലും ഒന്ന് സംസാരിക്കാന്‍ പോലും പറ്റാതെ വിടപറഞ്ഞതാണ്‌ ഗഫൂര്‍ക്ക.
ബഷീര്‍ക്കയും ജോസേട്ടനും ഈ യാത്രയോടെ ബന്ധം നഷ്ടപെട്ടവരാണ്. പക്ഷെ അവരിന്നും എന്റെ ഓര്‍മ്മകളിലുണ്ട്. ഏതെങ്കിലും ഒരു യാത്രയില്‍ എവിടെവെച്ചോ അവരെ കണ്ടുമുട്ടുമെന്നും ഞാന്‍ വിശ്വസിക്കുന്നു.
ഗൂഡല്ലൂര്‍ വഴിയാണ് മടക്കം. എനിക്കിഷ്ടപ്പെട്ട സ്ഥലമാണിത്. ഒരു സ്കൂള്‍ ടൂറില്‍ കയറിപ്പറ്റിരിഷ്ടം. ഇവിടെത്തുമ്പോള്‍ അറിയാതെ മൂളുന്നൊരു പാട്ടുണ്ട്. "ഒരുകിളി ഇരുകിളി മുക്കിളി നാക്കിളി ...ഓലതുമ്പത്താടാന്‍ വാ..." . അന്ന് സ്കൂള്‍ ടൂര്‍ ഇവിടെയെത്തുമ്പോള്‍ ബസ്സിലെ സ്റ്റീരിയോയില്‍ ഈ പാട്ടായിരുന്നു. ഞങ്ങള്‍ കുട്ടികളെല്ലാം കൂടി ഇതിനോടൊപ്പം ചേര്‍ന്നുപാടി. വര്‍ഷങ്ങള്‍ക്കു ശേഷവും ഞാനിതോര്‍ക്കുന്നത് നേരത്തെ പറഞ്ഞ യാത്രയിലെ ആ പ്രത്യേകതകള്‍ കൊണ്ട് തന്നെയാണ്.
പല യാത്രകളിലും ഒരു റിഫ്രഷ്മെന്റ് പോയിന്റ്‌ ആയി വരാറുള്ള സ്ഥലമാണ് ഗൂഡല്ലൂര്‍. കച്ചവടക്കാര്‍ കൂടുതലും മലയാളികള്‍. കുടിയേറി പാര്‍ത്തവര്‍. കരുവാരകുണ്ടിലുള്ള ഹബീബിന്റെ കടയില്‍ നിന്നാണ് പല യാത്രയിലും വെള്ളവും ഫ്രൂട്ട്സും ഒക്കെ വാങ്ങാറുള്ളത്.
മടക്കം നാട്ടിലേക്ക് തന്നെയാണ്. പക്ഷെ ബഷീര്‍ക്ക വീട് വരെ വരുമെന്ന് നിര്‍ബന്ധം പിടിച്ചു. മുമ്പത് ഗഫൂര്‍ക്കയോടുള്ള കടപ്പാടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങളോടുള്ള സ്നേഹം കൂടിയാണ്. അല്ലേല്ലും തിരിച്ചു വയനാട് വഴി മടങ്ങാനും പറ്റില്ല. രാത്രിയിലെ യാത്രക്ക് ഞങ്ങളെ ഒറ്റയ്ക്ക് വിടാന്‍ ആ നല്ല മനുഷ്യന് താല്പര്യമില്ല. ഒന്നാലോചിക്കുമ്പോള്‍ എനിക്കും അത് സ്വീകാര്യമായി തോന്നി. കാരണം വണ്ടിയോടിക്കാനല്ലാതെ അതിനെന്തെങ്കിലും പറ്റിയാല്‍ ഒരു ടയറു പോലും മാറ്റാന്‍ കഴിയാത്ത ഞാന്‍ കുഴങ്ങിയത് തന്നെ. ചെറുവാടിയില്‍ നിന്നും വയനാട്ടിലേക്ക് അധികം ദൂരവുമില്ല.
വേണമെങ്കില്‍ ഇന്നിവിടെ തങ്ങി ചില സ്ഥലങ്ങള്‍ കൂടി കണ്ടു നാളെ മടങ്ങാം. പക്ഷെ എനിക്ക് മടങ്ങണമെന്ന് തോന്നി. കാരണം പ്രവാസികളുടെ അവധികാലം അവരുടേത് സ്വന്തമല്ല. അവരെക്കാളും അതാഗ്രഹിക്കുന്നതും അര്‍ഹിക്കുന്നതും രക്ഷിതാക്കളാണ്. വര്‍ഷത്തില്‍ കിട്ടുന്ന ഒന്നോ രണ്ടോ മാസം എന്റെ സ്വകാര്യ സന്തോഷത്തിനു മാത്രമായി മാറ്റി വെക്കാന്‍ എനിക്ക് താല്പര്യമില്ല. ഏത് നാട്ടില്‍ ചെന്നാലും എന്ത് കാഴ്ചകള്‍ കണ്ടാലും അവരുടെ സന്തോഷത്തിന് പകരമാവുമോ? അവരുടെ സ്നേഹത്തിന്‌ പകരമാവുമോ? അല്ലെങ്കില്‍ ഈ നട്ടപാതിരക്ക് ഞങ്ങള്‍ സുരക്ഷിതരായി വരുന്നതും കാത്ത് അവരുറങ്ങാതെ കാത്തിരുന്നത് മറ്റെന്തിനാണ്?





ഫോട്ടോസ് - ഇരുവഴിഞ്ഞി. കോം , ഷക്കീബ് കൊളക്കാടന്‍

Saturday, October 2, 2010

വയനാടന്‍ കുളിര്‍ക്കാറ്റ് (2)



എട്ട് മണിക്ക് ഉണരനാണ് പരിപാടിയിട്ടതെങ്കിലും ഹഫി നേരത്തെ തന്നെ വിളിച്ചുണര്‍ത്തി. പാവം, ആനയെ പേടിച്ച് രാത്രി ഉറങ്ങിയില്ലെന്നു തോന്നുന്നു. പക്ഷെ അതൊരനുഗ്രഹമായി. കാരണം അത്രക്കും സുന്ദരമായ ഒരു വയനാടന്‍ പ്രഭാതം കാണാനായി. ചെമ്പ്ര കുന്നില്‍ നിന്നും മഞ്ഞ് ഇറങ്ങിതുടങ്ങുന്നു. അരിച്ചിറങ്ങുന്ന സൂര്യപ്രകാശത്തില്‍ തെയിലചെടികളിലെ മഞ്ഞുതുള്ളികള്‍ തിളങ്ങുന്നു. പാടിയുടെ മുറ്റത്ത്‌ കുറെകൂടി പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. കുളി തീര്‍ച്ചയായും അരുവിയില്‍ തന്നെയാവണം. തണുപ്പുണ്ടാകുമെന്ന് മച്ചാന്‍ പറഞ്ഞെങ്കിലും ഞാന്‍ അവഗണിച്ചു. തണുത്താലും ഈ ഒരു സന്തോഷം വേണ്ടെന്നു വെക്കാന്‍ എന്നിലെ പ്രവാസിക്ക് സാധ്യമല്ല. കാരണം അവധികാലത്തില്‍ വീണുകിട്ടുന്ന ഈ സന്തോഷങ്ങളാണ് ഞങ്ങളുടെ ഊര്‍ജ്ജം. പറഞ്ഞപോലെ നല്ല തണുപ്പുണ്ട്. എന്നാലും ആസ്വദിച്ചൊരു നീരാട്ട് നടത്തി ഞാന്‍ കയറി. പ്രാതലിനുള്ള മെനു എന്റെ സെലക്ഷനാണ്. കപ്പയും ചമ്മന്തിയും. സഫിയാത്തക്ക് അല്പം ചമ്മലുണ്ടെങ്കിലും ഞാന്‍ വിട്ടില്ല. നല്ല നാടന്‍ കാ‍ന്താരിമുളകിട്ടരച്ച ഈ ചമ്മന്തിയുടെ രുചി കഴിഞ്ഞിട്ടേ ഏത് ഫൈവ് സ്റ്റാര്‍ ഡിഷും വരൂ..
ഇനി ഇറങ്ങാന്‍ സമയമായി. ഈ സ്നേഹത്തിന്‌ എങ്ങിനെയാണ് നന്ദി പറയേണ്ടതെന്നറിയാതെ ഞങ്ങള്‍ കുഴങ്ങി. ഓര്‍മ്മചെപ്പില്‍ സൂക്ഷിക്കാന്‍ സുന്ദരമായ ഒരു ദിവസം നല്‍കിയ മച്ചാനും സഫിയാത്തക്കും കുട്ടികള്‍ക്കും, ഈ വയനാടന്‍ പ്രകൃതിപോലെ സുന്ദരമായ ഒരു ജീവിതം അവരിലും നിറയട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചു.
"ഞങ്ങള്‍ തിരിച്ചുപോകുന്നതിന് മുമ്പ് എല്ലാരും നാട്ടില്‍ വരണം" . ഹഫിക്ക് നല്ല വിഷമമുണ്ട്. സഫിയാത്തക്കും. തേയില നുള്ളുന്ന ഒന്ന് രണ്ടു പെണ്‍കുട്ടികളെ പേരെടുത്തു വിളിച്ച് അവള്‍ യാത്ര പറഞ്ഞു, അത്ഭുദം. ഞങ്ങളിറങ്ങി.
നേരെ പോവേണ്ടത് പടിഞ്ഞാറത്തറ pwd റസ്റ്റ്‌ ഹൗസിലേക്കാണ്. പക്ഷ അതിനു മുമ്പ് ഗഫൂര്‍ സാഹിബിനെ കാണാം. ഉപ്പയുടെ പ്രിയ സുഹൃത്ത്‌. വയനാട് DFO ആണ്. ഞങ്ങള്‍ വരുന്ന വിവരം ഉപ്പ വിളിച്ച് പറഞ്ഞിരുന്നു. ഫോറസ്റ്റ് ഓഫീസില്‍ കയറി ഗഫൂര്‍ സാഹിബിനെ കണ്ടു. സിഗരറ്റില്‍ നിന്നും സിഗരറ്റിലേക്ക് തീ കൊളുത്തി ഗഫൂര്‍ക്ക വിശേഷങ്ങള്‍ പറഞ്ഞുതുടങ്ങി, ഞങ്ങള്‍ നല്ല കേള്‍വിക്കാര്‍ മാത്രം. നിങ്ങള്‍ റൂമില്‍ പോയി വിശ്രമിക്ക്. ഡ്യൂട്ടി കഴിഞ്ഞാല്‍ ഞാന്‍ വരാം. എന്നിട്ടാവാം ബാണാസുര സാഗര്‍ ഡാമില്‍ കയറാന്‍ .
ഗസ്റ്റ് ഹൗസില്‍ ജോസേട്ടന്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. മുമ്പിവിടെ വന്നപ്പോഴും കുക്ക് ജോസേട്ടന്‍ തന്നെ. ഗഫൂര്‍ക്കയുടെ വിളി കൂടി വന്നപ്പോള്‍ ജോസേട്ടന് സ്നേഹം കൂടി. ചായ വന്നു. യാത്ര വെയിലാറിയിട്ട് തന്നെയാണ് നല്ലത്. പുല്‍ത്തകിടിയില്‍ കസേരയിട്ട് ഞങ്ങള്‍ കുറച്ചു നേരം പരദൂഷണം പറഞ്ഞിരുന്നു. പിന്നെ ആനപ്പേടി കൊണ്ടുപോയ പാതിയുറക്ക്‌ തീര്‍ക്കാന്‍ ഹഫി പോയി. "ഉച്ചക്കെന്താ വേണ്ടത്?" . ജോസേട്ടന്റെ കൈപ്പുണ്യം നേരത്തെ അറിയുന്നതുകൊണ്ട് തീരുമാനം ജോസേട്ടന് തന്നെ വിട്ടു. മരങ്ങളും പച്ചപ്പും നോക്കി ഞാനും ആ കസേരയില്‍ ഇരുന്നുതന്നെ ഉറങ്ങിപോയി. മൊബൈല്‍ റിങ്ങ് ചെയ്യുന്നു. ഉപ്പയാണ്. സൂക്ഷിച്ച് ഡ്രൈവ് ചെയ്യണം തുടങ്ങി പതിവ് ഉപദേശങ്ങള്‍. "എപ്പോള്‍ തിരിക്കും?" ഞാന്‍ പറഞ്ഞു " നാളെ അല്ലെങ്കില്‍ മറ്റന്നാള്‍. ". ഫോണ്‍ വെച്ചു. ഊണ് റെഡിയായെന്ന് ജോസേട്ടന്‍ വന്നു പറഞ്ഞു. നല്ല മീനൊന്നും കിട്ടിയില്ല. മത്തിയേ ഉള്ളൂ. "മതിയല്ലോ. ജോസേട്ടന്‍ പൊരിക്കുമ്പോള്‍ അതിന് രുചി കൂടും". ഞാനൊന്ന് സുഖിപ്പിച്ചു.
ഒരു മൂന്ന് മണിയായപ്പോഴേക്കും പുറത്തു ജീപ്പിന്റെ ശബ്ദം കേട്ട്. ഗഫൂര്‍ക്കയാണ്. ഒരു കിടിലന്‍ ബൈനോകുലറെല്ലാമായി സെറ്റപ്പിലാണ്. "നടക്കാം" ഞങ്ങള്‍
ഡാമിലേക്ക് കയറി. സിഗരറ്റിനും ഗഫൂര്‍ക്കയുടെ നാവിനും വിശ്രമമില്ല. " മുടിഞ്ഞ ടെന്‍ഷന്‍ കയറുമ്പോള്‍ ഞാനിവിടെ വരും. വല്ലാത്തൊരു ആശ്വാസം കിട്ടും ഇവിടിരിക്കുമ്പോള്‍." ഗഫൂര്‍ക്ക സംഭാഷണം തുടര്‍ന്നു. "നിങ്ങള്‍ ഒന്ന് നടന്നു വാ.ഞാനിവിടെ കാണും", ഞങ്ങള്‍ പതുക്കെ നടന്നു. കണ്ണുകള്‍ രണ്ടു പോര ഈ ഭംഗി മുഴുവന്‍ ഒപ്പിയെടുക്കാന്‍ . വാകുകളും ഇല്ല വിവരിക്കാന്‍ .എഴുതാന്‍ കഴിയാതെ പോകുന്ന ഒരുപാട് കവിതകള്‍ മനസ്സില്‍ വിരിയുന്നു.
തിരിച്ചുനടന്നു. "ഒരു ബോട്ട് സവാരി ആയാലോ " എന്ന് ഗഫൂര്‍ക്ക. പറഞ്ഞു തീരും മുമ്പ് ഹഫി ബോട്ടില്‍ കയറി. എനിക്ക് താല്പര്യമില്ല. സത്യം പറഞ്ഞാല്‍ പേടി തന്നെ.
നീന്തലറിയില്ലെങ്കില്‍ പേടി കാണില്ലേ?.
"ഗഫൂര്‍ക്കാ, ഇതില് മുതല കാണുമോ?" കയറിയതിനെക്കാള്‍ വേഗത്തില്‍ ഹഫി തിരിച്ചിറങ്ങി. എന്റെ ചോദ്യവും അവളുടെ ചാട്ടവും ഗഫൂര്‍ക്കക്ക് നല്ല ചിരിയായി. വനം മന്ത്രി അല്ല ഇനി മുഖ്യന്‍ നേരിട്ട് വന്നു ചീത്ത വിളിച്ചാലും ഡി എഫ് ഓക്ക് ഇനി ഒരു ടെന്‍ഷനും ബാക്കി കാണില്ല. മുതല ഇല്ലെന്നു DFO നേരിട്ട് സാക്ഷ്യപ്പെടുത്തിയിട്ടും
അവള് കയറിയില്ല. പുലി, ആന, മുതല. എല്ലാമായി. ഒന്നും വന്നതും ഇല്ല. പേടിക്കാന്‍ ഈ പേര് തന്നെ ധാരാളം.

നേരമിരുട്ടി. ഞങ്ങള്‍ തിരിച്ച്‌ ഗസ്റ്റ് ഹൗസിലെത്തി. ഗഫൂര്‍ക്കക്ക് നാളെ എന്തോ റിപ്പോര്‍ട്ടിംഗ് ഉണ്ട്,ഭക്ഷണം നേരത്തെ എടുക്കാന്‍ ജോസേട്ടനോട് പറഞ്ഞു. കമ്പിളികൊണ്ട്‌ പുതച്ചു ഞങ്ങള്‍ മുറ്റത്തിരുന്നു. ഗഫൂര്‍ക്കയുടെ ആനകഥകളും നായാട്ടു കഥകളും കേട്ട് ഹഫി നല്ല ത്രില്ലിലാണ്. ജോസേട്ടന്‍ ചപ്പാത്തിയും ചിക്കന്‍ ഫ്രൈയും എടുത്തുവെച്ചു. ഗഫൂര്‍ക്കയുടെ മീശക്കും ചുണ്ടിനുമിടക്കൂടെ ചിക്കന്‍ പീസുകള്‍ കയറിയിറങ്ങുന്ന വേഗം കണ്ട് ഞാനും മാക്സിമം കോന്‍സ്രണ്ടേഷന്‍ അതിലാക്കി.
ഈ കാര്യത്തില്‍ കൊംപ്രമൈസ് ഇല്ല ഓഫീസര്‍.
"അടുത്ത ആഴ്ച ചെറുവാടിയിലേക്ക് വരുന്നുണ്ട്. ഉപ്പയെ കണ്ടിട്ട് കുറെയായി" പിന്നെ നാളെ നിങ്ങള്‍ക്ക് കറങ്ങാന്‍ പോവാന്‍ ഒരാള് വരും. വണ്ടി അയാള് ഓടിച്ചോളും. നീ ഡ്രൈവ് ചെയ്യേണ്ട". ഈ ശബ്ദത്തിനു ഒരു ഓഫീസര്‍ ചുവയുണ്ട്. ഇത് ഉപ്പയും ഗഫൂര്‍ക്കയും ഒപ്പിച്ച പാരയാണ്. ഗഫൂര്‍ക്ക പോയി. വലിയ ശരീരത്തില്‍ ഒത്തിരി സ്നേഹവുമായി അടിപൊളിയായി ജീവിക്കുന്ന നല്ലൊരു മനുഷ്യന്‍ ..
ഇന്ന് ഉപ്പയും ഗഫൂര്‍ക്കയും ഇല്ല. ഈയടുത്ത് ഹാര്‍ട്ട്‌ അറ്റാക്കായി മരിച്ചു. ഉപ്പ സ്നേഹിച്ച, ഉപ്പയെ സ്നേഹിച്ച ആ പ്രിയ സുഹൃത്തിന് ഒരു പ്രണാമം കൂടിയാവട്ടെ ഈ കുറിപ്പ്.
(എഴുതിയെഴുതി കൈവിട്ട് പോകുന്നു. ഒരു പോസ്റ്റില്‍ കൂടി സഹിക്കാന്‍ പറ്റുമെങ്കില്‍ അറിയിക്കുക. ഇല്ലെങ്കില്‍ ദേ..ഇവിടെ നിര്‍ത്തി)