Friday, September 21, 2012

ഷഹാനിയയിലെ നിലാവ്




വെള്ളിയാഴ്ചകളില്‍ നിന്നും മറ്റൊരു വെള്ളിയാഴ്ച്ചകളിലെക്കുള്ള ദൂരം വളരെ കുറയുന്നു. ഇന്നലെ തന്നെയല്ലേ ജുമാ കഴിഞ്ഞ് ഒരു ബിരിയാണിയും കഴിച്ച് ഇങ്ങിനെ കിടന്നത്. ഒരുതരം യാന്ത്രികമായ ഒഴുക്ക്. പുതിയ സാഹചര്യവുമായി ഇണങ്ങിചേരാന്‍
മനസ്സ് ഇത് വേറെ തയ്യാറായിട്ടില്ലല്ലോ . ഇനിയും ഇങ്ങിനെ കിടന്നാല്‍ ചിന്തകള്‍ കാടുകയറി വട്ടു പിടിക്കും. ഇറങ്ങി നടന്നു. ഫ്ലാറ്റിന്‍റെ മുന്നിലെ ചെറിയ മൈതാനത്ത് എത്ര പ്രാവിന്‍ കൂട്ടങ്ങളാണ്. വെളുത്തതും തവിട്ടു നിറത്തിലും കുറെയെണ്ണം. അവര്‍ തമ്മില്‍ തൊലിനിറത്തിന്‍റെ പേരില്‍ വഴക്കൊന്നും ഇല്ല. എല്ലാരും നല്ല സന്തോഷത്തില്‍ ആണ്. തൊട്ടപ്പുറത്തെ സൂക്കിലെ ഒരു കാവല്‍കാരന്‍ ആണ് ഇവരുടെ അന്നദാതാവ്. പ്ലാസ്റ്റിക്ക് കവറില്‍ നിന്നും വാരി അയാള്‍ എറിഞ്ഞു കൊടുക്കുന്ന ഗോതമ്പ് മണികള്‍ അവ കൊത്തിപെറുക്കുന്നത് കാണാന്‍ നല്ല കൌതുകമാണ്‌. . .. പിന്നെ എല്ലാവരും കൂടി ഒന്നിച്ചു പറന്നുയരും. അതിരുകളില്ലാത്ത അവരുടെ ആകാശത്ത് ചുറ്റിനടക്കും. വാനവും ഭൂമിയും അവര്‍ക്ക് സ്വന്തമാണല്ലോ. ബംഗാളിയായ കാവല്‍ക്കാരന്‍ അസീസിന്‍റെ കയ്യില്‍ നിന്നും ഗോതമ്പ് മണികള്‍ വാങ്ങി ഞാനും വീശിയെറിഞ്ഞു മൈതാനത്തേക്ക്‌.. പതുക്കെ പറന്നിറങ്ങി കുണുങ്ങി കുണുങ്ങി നടന്നു വന്ന് അവ കൊത്തി പെറുക്കുന്നതും നോക്കി ഞാനിരുന്നു. സുന്ദരികളും സുന്ദരന്മാരും.




കര്‍ട്ടന്‍ നീക്കിയാല്‍ പബ്ലിക് ബസ് സ്റ്റേഷന്‍ കാണാം താഴെ. തിരക്കിയും തിരക്കില്ലാതെയും പായുന്ന മനുഷ്യര്‍. വിത്യസ്തമായ മുഖഭാവം. ഓരോലക്ഷ്യത്തിലേക്ക് നീങ്ങുന്നവര്‍. , പക്ഷെ ആത്യന്തികമായി ജീവിതം എന്ന ലക്ഷ്യം തന്നെ. ഒരു ചെറിയ ലോകം തന്നെയാണ് ഇവിടെ. എനിക്ക് നോക്കിയാല്‍ കുറെ രാജ്യക്കാരെ കാണാം. ഇന്ത്യക്കാരും പാകിസ്ഥാനികളും ഫിലിപ്പിനോകളും അഫ്രിക്കക്കാരും എല്ലാമുണ്ട്. രൂപത്തില്‍ അവരെല്ലാം വിത്യസ്തമാണ്. പക്ഷെ മുഖത്തെ വികാരങ്ങള്‍ക്ക് അതില്ല താനും. ഒരു ബസ് വന്ന് നില്‍ക്കുമ്പോള്‍ ഞാനാദ്യം എന്ന് കരുതി ഓടുന്നവര്‍.., ചിലര്‍ വഴിമാറി കൊടുക്കുന്നു, ജയിക്കുന്നവര്‍, തോല്‍ക്കുന്നവര്‍, തോറ്റു കൊടുക്കുന്നവര്‍ . ഒരു സീറ്റിനു വേണ്ടിയുള്ള ഓട്ടം കാണിക്കുന്നത് ജീവിത ദര്‍ശനത്തെ തന്നെ. പള്ളി മിനാരത്തിന്‍റെ മുകളില്‍ വന്ന് നില്‍ക്കുന്നു സൂര്യന്‍. .. ഒരു പകല്‍ കൂടി അസ്തമിക്കുകയാണ്.




അറബ് നാട്ടിലെ എല്ലാ കടലോരത്തിനും ഒരേ സ്വഭാവമാണ്. ഇവിടെ വീശുന്ന കാറ്റിന് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു തരം മാന്ത്രികതയുണ്ട്. ദുബായ് അബ്രയിലും , ഷാര്‍ജ കോര്‍ണിഷിലും ബഹ്റൈനിലെ സെല്ലാക്കിലും ഒക്കെ അനുഭവിച്ച അതേ സുഖം. ഇന്നിപ്പോള്‍ ഇവിടെ ദോഹ കോര്‍ണിഷിലും. ചെറുതായി ഇളകുന്ന തിരകള്‍ക്കൊപ്പം അലിഞ്ഞു പോകുന്നത് കുഞ്ഞു കുഞ്ഞു വിഷമങ്ങള്‍ ആണ്. ഗൃഹാതുരത്വത്തെ ഏറ്റവും നന്നായി ഓര്‍ക്കാനും അത് അതേ പോലെ ഉരുക്കിക്കളയാനും ഇതിനേക്കാള്‍ നല്ല സ്ഥലമില്ല. വര്‍ണ്ണ വെളിച്ചം വിതറി കുറെ ജലനൗകകള്‍ സഞ്ചാരികളെ കാത്തിരിക്കുന്നു.




"അര മണിക്കൂറിന് മുപ്പത് റിയാല്‍. ... വാ ഒന്ന് കറങ്ങി വരാം ". കൂടെയുള്ളവര്‍ പോയി ഒരു ബോട്ടും ഏര്‍പ്പാടാക്കി വന്നു. കാതടപ്പിക്കുന്ന ഇംഗ്ലിഷ് സംഗീതം. ഓഫ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവന്‍ ഒരു അടിപൊളി ഹിന്ദി പാട്ടിലേക്ക് മാറി. ഒരു പക്ഷെ അവനു കിട്ടുന്ന കസ്റ്റമേഴ്സ് ഇതൊക്കെയാവും ഇഷ്ടപ്പെടുക."പക്ഷെ എന്‍റെ ബംഗാളി സ്രാങ്കെ,ഞാനിരിക്കുന്നത് നിന്‍റെയീ ലോകത്തൊന്നും അല്ല ട്ടോ. എണ്ണയിട്ടു മിനുക്കിയ നല്ല നാടന്‍ തോണിയില്‍ ആണ്. അതൊഴുകുന്നത് ഈ കടലിലൂടെയല്ല..ഞങ്ങളുടെ ചാലിയാറിലൂടെയാണ്. കേള്‍ക്കുന്നത് നിന്‍റെയീ പേടിപ്പെടുത്തുന്ന ഫ്യൂഷന്‍ സംഗീതമല്ല, ഹൃദയത്തില്‍ ലഹരി പടര്‍ത്തുന്നൊരു മാപ്പിളപ്പാട്ടിന്‍റെ ഈണമാണ്. ഈ രണ്ടുക്കരയിലും കാണുന്നത് വന്‍ കെട്ടിടങ്ങള്‍ ആണ്. പക്ഷെ എന്‍റെ മനസ്സില്‍ അതെല്ലാം തെങ്ങും പ്ലാവും ഗുല്‍മോഹറും തുടങ്ങി കുറെ മരങ്ങളാണ്. അവിടത്തെ നിലാവിന് പകരം വെക്കാനാവുമോ ഈ കൃത്രിമ വെളിച്ചത്തിന്. ഇല്ല. എന്നാലും സുഹൃത്തേ.. ഈ യാത്ര തന്നെയാണ് എന്നെ ആ ഓര്‍മ്മകളിലേക്ക് കൊണ്ടുപോയത്. അതിനെന്‍റെ നന്ദി അറിയിക്കുന്നു .




രാത്രി ഷഹാനിയയില്‍ എത്തി. ക്യാമല്‍ റേസ് നടക്കുന്ന സ്ഥലം. നാട്ടുക്കാരന്‍ കേസി ഈ ലോകത്തെ പരിചയപ്പെടുത്തി. ഒരു റേസിനുള്ള ഒരുക്കം മുതല്‍ ഒട്ടകങ്ങളുടെ പരിപാലനം വരെ. മില്ല്യന്‍ ഡോളറിന്‍റെ കളികള്‍. . . ഒരു റൂമില്‍ കുറെ സുഡാനികള്‍ ഇരുന്ന് കുബൂസും ഇറച്ചിക്കറിയും കഴിക്കുന്നു.റേസിനു വേണ്ടി ഒട്ടകങ്ങളെ പരിശീലിപ്പിക്കുന്നവര്‍ ആണിവര്‍. ഞാന്‍ പേര് ചോദിച്ചു. പാത്രത്തില്‍ നിന്നും കണ്ണെടുക്കാതെ അവര്‍ പേരുകള്‍ പറഞ്ഞു. ഓര്‍ക്കണം എന്ന് തോന്നിയില്ല എനിക്ക്. മറവിയാണ് ചിലപ്പോള്‍ നല്ലത്. എല്ലാം നിര്‍വികാരമായ മുഖങ്ങള്‍. . മാന്യമായ വേതനം ഇവര്‍ക്ക് കിട്ടുന്നു എന്ന് മനസ്സിലായി. സന്തോഷിക്കുന്ന ഒരു കുടുംബം ഉണ്ടല്ലോ എന്ന ചിന്തയെങ്കിലും വര്‍ക്ക് ആശ്വാസം നല്‍കുന്നുണ്ടാവനം. മുമ്പ് കുട്ടികള്‍ ആയിരുന്നു ഒട്ടകത്തിന്‍റെ ജോക്കി ആയി ഉണ്ടായിരുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം റോബോട്ടുകള്‍ ആ സ്ഥാനം ഏറ്റെടുത്തു. കൂനിമേല്‍ അതും വെച്ച് നടന്ന്‌ നീങ്ങുന്ന കുറെ ഒട്ടകങ്ങളെ കണ്ടു. പുറത്ത്‌ കൂട്ടില്‍ കുറെ ഒട്ടകങ്ങള്‍ ഉണ്ട്. സാധാരണ അവിടേക്ക് പുറത്തുള്ളവരെ കടത്തി വിടില്ല. കാരണം റേസില്‍ പങ്കെടുക്കുന്ന ഒട്ടകങ്ങള്‍ക്കു മറ്റ് ഒട്ടകത്തിന്‍റെ ഉടമകള്‍ ഭക്ഷണത്തില്‍ മായം കലര്‍ത്തി നല്‍കുമോ എന്ന ഭയമാണ്. പക്ഷെ ഞങ്ങള്‍ അടുത്ത് ചെന്നു. എന്ത് പാവമാണ് ഇവ. മുഖത്ത് തടവുമ്പോള്‍ നമ്മിലേക്ക്‌ കൂടുതല്‍ ചേരുന്നു. സ്നേഹം കൊതിക്കാത്തവര്‍ ആരാണുള്ളത്. അടുത്ത റെയ്സിന് നീ ഒന്നാമാതാവണം ട്ടോ എന്ന് പറഞ്ഞ് ഞാന്‍ മുറിയിലേക്ക് കയറി.


കേസിയും കൂട്ടരും നല്ല ബിരിയാണി ഉണ്ടാക്കി വെച്ചിട്ടുണ്ട്. "ഒട്ടകത്തിന്‍റെ ബിരിയാണി ആണ് ട്ടോ . തട്ടിക്കോ" . പ്ലേറ്റിലേക്ക് നീട്ടിയ കൈ ഞാന്‍ അറിയാതെ പിന്‍വലിച്ചു. കുറച്ച്‌ മുമ്പ് എന്‍റെ കവിളില്‍ ചേര്‍ന്നു നിന്നത് ഇതുപോലൊരു ഒട്ടകം തന്നെയല്ലേ. ഒരു പക്ഷെ നാളെ ഞാനിത് കഴിച്ചെന്നു വരും. പക്ഷെ ഈ നിമിഷം. അതെനിക്ക് പറ്റില്ല. ആദ്യമായി ഒരു ഭക്ഷണത്തിന്‍റെ മുന്നില്‍ നിന്നും ഞാന്‍ ഇറങ്ങി നടന്നു. ഷഹാനിയയിലെ നിലാവില്‍ കുറെ ഒട്ടകങ്ങള്‍ ചിരിക്കുന്നു. ഞാനും അവരോടൊപ്പം ചേര്‍ന്നു.

(ഖത്തറില്‍ വന്നിട്ട് മൂന്നു മാസമായി. എന്തെങ്കിലും ഒന്ന് പറഞ്ഞില്ലേല്‍ ഖത്തര്‍ പിണങ്ങിയാലോ )
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും എടുത്തു

Saturday, September 1, 2012

ചരിത്രത്തിലേക്കുള്ള ചൂളംവിളികള്‍




വൈകിയെത്തിയ ജയന്തി ജനതയും സ്റ്റേഷന്‍ വിട്ടിരിക്കുന്നു. ഒരു പറ്റം ചെറുപ്പക്കാരുടെ ശബ്ദ കോലാഹലം കൊണ്ട് സജീവമായിരുന്ന സ്റ്റേഷന്‍ വീണ്ടും ജീവനറ്റുകിടന്നു. സ്വതന്ത്ര ദില്ലിയിലേക്കുള്ള പ്രയാണത്തില്‍ ഈ സ്റ്റേഷന്‍ ബലികൊടുത്ത രക്തസാക്ഷികളെക്കുറിച്ചുണ്ടോ ഈ യുവതലമുറ വല്ലതും അറിയുന്നു..! കോരങ്ങത്ത് പള്ളിയില്‍ നിന്നും ഒഴുകി വന്ന ളുഹര്‍ ബാങ്കോലിയും ഒരു വിലാപഗാനം പോലെ നേര്‍ത്ത് നേര്‍ത്ത് അന്തരീക്ഷത്തില്‍ ലയിച്ചിരിക്കുന്നു. ആ പള്ളിപറമ്പില്‍ സുഖനിദ്ര കൊള്ളുന്ന അമ്പത്തിനാല് രക്ത സാക്ഷികള്‍ അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ റെയില്‍പാളത്തില്‍ നിന്നും ഒരു നുള്ള് വായുവിനു വേണ്ടി , ഒരു തുള്ളി ദാഹജലത്തിനു വേണ്ടി നടത്തിയ വനരോദനം പോലെ , അവസാനം സ്വന്തം സഹോദരന്‍റെ മൂത്രം കുടിച്ച്‌ രക്തം രുചിച്ച് മലം പുരണ്ട് മരിക്കേണ്ടി വന്ന രക്തസാക്ഷികളെ നിരനിരയായി കിടത്തിയതും ഈ പ്ലാറ്റ്ഫോമിലായിരുന്നല്ലോ. എല്ലാറ്റിനും സാക്ഷിനിന്ന തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ ഇന്നും ആ മരവിപ്പില്‍ നിന്നും മോചനം നേടിയിട്ടില്ല. ഞെട്ടലില്‍ നിന്നും ഉണര്‍ന്നിട്ടില്ല.
അബ്ദു ചെറുവാടി (വാഗണ്‍ ട്രാജഡി സ്മരണിക )

പെരുമഴ പെയ്യുന്നൊരു രാവില്‍ മണ്ണെണ്ണ വിളക്കിന്‍റെ ചെറുവെട്ടത്തിലിരുണ് ഉമ്മച്ചി ഒരു കഥ പറഞ്ഞ് തന്നു. വെള്ളക്കാരോട് പൊരുതി മരിച്ച ധീരയോദ്ധാക്കളുടെ കഥ. ചെറുവാടിയിലെ പള്ളിതൊടിയിലും പാടത്തും അവര്‍ വീറോടെ പൊരുതി വീണ കഥ. പട്ടാളക്കാരുടെ വെടിയൊച്ചയും ബൂട്ടിന്‍റെ ശബ്ദവും പേടിച്ച് ഉമ്മച്ചിയും വല്ല്യുപ്പയും ഉറങ്ങാതെ ഇരുന്ന രാവുകളെ പറ്റി. പള്ളിയില്‍ ഒളിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത വെള്ളക്കാരും അതില്‍ മരിച്ചു വീണ ശഹീദുകളെയും പറ്റി . അവരെ മറവു ചെയ്തിരിക്കുന്നത് ചെറുവാടി പള്ളിയില്‍ ആണ്. അന്നത്തെ സംഭവങ്ങളെ ഉമ്മച്ചി വിവരിച്ചു തരുമ്പോള്‍ പേടിയും ആകാംക്ഷയും നിറഞ്ഞു വിടര്‍ന്ന കണ്ണുകളുമായി കഥ കേട്ടിരുന്ന ഞാനും വളര്‍ന്നു വലുതായി. എന്‍റെ ഗ്രാമത്തെ കുറിച്ചോര്‍ത്തു പുളകം കൊള്ളാന്‍ , അഭിമാനിക്കാന്‍ ആ കഥകളുടെ കൂടുതല്‍ താളുകള്‍ തേടി ഞാന്‍ നടന്നു . ലോഗന്‍റെ മലബാര്‍ മാന്വലില്‍ വരെ ചെറുവാടി എന്ന ഗ്രാമം കയറി. മലബാര്‍ കലാപത്തില്‍ വലിയൊരു സ്വാധീനമായി ഈ ഗ്രാമവും അന്നത്തെ ആള്‍ക്കാരും ഉണ്ടായിരുന്നു എന്നത് ചരിത്രം.

ഒരുപാട് താല്‍പര്യത്തോടെ വായിച്ചെടുത്ത മലബാര്‍ കലാപത്തിന്‍റെ കഥകള്‍ വല്ലാതെ ആവേശം കൊള്ളിച്ചിട്ടുണ്ട്. അതിനെ കുറിച്ചുള്ള ഒരു ചെറിയ സൂചനകളില്‍ നിന്നുപോലും വലിയൊരു ചിത്രം മനസ്സില്‍ കല്‍പ്പിച്ചെടുക്കാറുണ്ട്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുമ്പോള്‍ മനസ്സില്‍ ഇരമ്പി കയറുന്ന ചില വികാരങ്ങളുണ്ട്. കലാപത്തിന്‍റെ ഓര്‍മ്മകളില്‍ എന്നും വിറങ്ങലിച്ചു നിന്ന ഗ്രാമം. ഓര്‍മ്മകളും കാഴ്ചകളും സന്തോഷവും എല്ലാം പെറുക്കിക്കൂട്ടി ഒരു തീവണ്ടിയാത്ര ഇവിടെ എത്തുമ്പോള്‍ മനസ്സ് കുറെ കാലം പിറകിലേക്ക് വലിക്കും. കാരണം എനിക്കേറെ ഇഷ്ടപെട്ട തീവണ്ടിയാത്രയും ഈ റെയില്‍വേ സ്റ്റേഷനുമായി വല്ലാത്തൊരു ഹൃദയ ബന്ധമുണ്ട്. അതറിയണമെങ്കില്‍ ഈ പാളത്തിലൂടെ കാലങ്ങള്‍ പിറകിലോട്ട് ഓടണം. ഇന്നത്തെ ബോഗിക്ക് പകരം ഭീകര മുഖമുള്ള MSM 1711 LV എന്ന ബ്രിട്ടീഷ് കമ്പനി തീവണ്ടിയുടെ ബോഗിയില്‍ .

വീണ്ടും അതുവഴി ഒരു യാത്ര. കുതിച്ചു വന്ന്‌ ഒരു കിതപ്പോടെ ജനശതാബ്ദി എക്സ്പ്രസ് അതേ തിരൂര്‍ സ്റ്റേഷനില്‍ നിന്നപ്പോള്‍ അറിയാതെ ഒരു നെടുവീര്‍പ്പ് ഉയര്‍ന്നു. മഴവെള്ളം ഒലിച്ചിറങ്ങുന്ന വിന്‍ഡോ ഗ്ലാസ്സിലൂടെ പുറത്തേക്ക്‌ നോക്കുമ്പോള്‍ മനസ്സും തപ്തമാകുന്നു. ഇതുപോലൊരു ബോഗിയില്‍ അന്ന് കലാപത്തിന്‍റെ നാളുകളില്‍ പിടഞ്ഞു വീണവരുടെ ഓര്‍മ്മയില്‍ ഈ ബോഗിയും കരയുന്നതാവുമോ.. ജാലകത്തിലൂടെ ഒലിച്ചിറങ്ങുന്ന മഴ തുള്ളികള്‍..? ആ ഓര്‍മ്മയില്‍ ഇരിക്കുമ്പോള്‍ എനിക്കങ്ങിനെ തോന്നിപോകുന്നു.



എന്നും ഒരു വിരഹഗാനം പോലെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനും പരിസരവും തോന്നിക്കുക. ഓര്‍മ്മകളെ പിടിച്ച് വലിക്കുന്ന ഒരു വികാരം, ചരിത്രമായും പാഠമായും മാപ്പിള പാട്ടുകളായും സ്വാധീനിക്കപ്പെട്ട മലബാര്‍ കലാപത്തിന്‍റെ ദുരന്ത സ്മരണകള്‍ പേറുന്ന മണ്ണ്. ഇവിടത്തെ മരത്തിന്‍റെ ബെഞ്ചിലിരുന്ന് ഒരു നിമിഷം കണ്ണടച്ച് നോക്കൂ.. നമ്മളറിയാതെ മനസ്സ് പായും വര്‍ഷങ്ങള്‍ പിറകിലോട്ട്. ചെവികളില്‍ മുഴങ്ങി കേള്‍ക്കുക പട്ടാള ബൂട്ടുകളുടെ ശബ്ദം മാത്രമല്ല പിച്ചി ചീന്തപ്പെട്ട യൌവനങ്ങളുടെയും നിരാവലംബരമായ വൃദ്ധ ജനങ്ങളുടെയും നിലവിളി കൂടിയാണ്. മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഏതെങ്കിലും ഒരു തീവണ്ടിയെ നോക്കുമ്പോള്‍ ആ പഴയ MSM 1711 LV എന്ന ബോഗി ഓര്‍മ്മ വരും. അതിനകത്തായിരുന്നു വെള്ളവും വായുവും കിട്ടാതെ കുറെ സഹോദരങ്ങള്‍ വെള്ളക്കാരുടെ ക്രൂരതകളുടെ ഇരകളായി പിടഞ്ഞു വീണത്‌. . മരിച്ചു വീഴുമ്പോഴും യൂണിയന്‍ ജാക്കിന്‍റെ പതനം അവര്‍ സ്വപ്നം കണ്ടിരിക്കണം. ആ ഓര്‍മ്മകള്‍ തന്നെയാണ് ഇന്നും തിരൂരിന്‍റെ ഏറ്റവും വലിയ വേദന. പക്ഷെ ഈ പൊരുതി വീണവര്‍ ഉറങ്ങുന ഈ മണ്ണിനോട് വേണ്ടത്ര പരിഗണന ഇപ്പോഴത്തെ ഭരണാധികാരികള്‍ നല്‍കിയിട്ടില്ല എന്നുതന്നെ പറയാം. സ്മാരകം എന്നുപറയാവുന്ന വാഗണ്‍ ട്രാജഡി മെമ്മോറിയല്‍ മുനിസിപ്പല്‍ ഹാള്‍ തികഞ്ഞ അവഗണനയില്‍ ആണെന്ന് എവിടെയോ വായിച്ചറിഞ്ഞു. മലബാര്‍ കലാപത്തിന്‍റെ തൊണ്ണൂറ്റിയൊന്നാം വാര്‍ഷികം കടന്നുവരുന്ന ഈ അവസരത്തില്‍ ആ പോരാട്ടത്തിന്‍റെ ഓര്‍മ്മകളില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റിയെങ്കില്‍ അതവരോടുള്ള ആദരവാകും.



മലബാര്‍ കലാപത്തിന്‍റെ കഥകള്‍ പറയുന്ന ഒത്തിരി ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട്. വൈകാരികമായി എന്തോ ആ ചരിത്രത്തോട് വല്ലാത്ത ഒരടുപ്പവും തോന്നിയിട്ടുണ്ട്. വാഗണ്‍ ദുരന്തത്തില്‍ നിന്നും ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുമായി അഭിമുഖം നടത്തിയിരുന്നു ഉപ്പ. ബോഗിയുടെ ഇളകിയ ഒരാണിയുടെ ദ്വാരത്തിലൂടെ മൂക്ക് വെച്ച് ശ്വാസം മാറി മാറി വലിച്ചു ഹാജിയും സഹോദരനും രക്ഷപ്പെട്ടു. ബോഗിയുടെ വാതില്‍ തുറന്നപ്പോള്‍ കണ്ട കാഴ്ചയെ പറ്റി ഹാജി പറഞ്ഞത് " മത്തി വറ്റിച്ച പോലെ " എന്നാണ്. അത്രക്കും ഭയാനകമായിരുന്നു ആ കാഴ്ച്ച. ഇവിടിരിക്കുമ്പോള്‍ ഞാനിതൊക്കെ മനപൂര്‍വ്വം ഓര്‍ത്തു വിഷമിക്കാറുണ്ട്. ഒത്തിരി വായനക്കാരെ കണ്ണീരണിയിച്ച ആ അഭിമുഖം വന്നത് "വാഗണ്‍ ട്രാജഡി സ്മരണിക " യിലായിരുന്നു. ആ കഥ പറഞ്ഞ കൊന്നോല അഹമ്മദാജിയും അത് പകര്‍ത്തിയ ഉപ്പയും ഇന്ന് ജീവിച്ചിരിപ്പില്ല . ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട പ്രിയതമന് കൌമാരം കഴിയാത്ത ഭാര്യ എഴുതുന്ന കത്തിനെ പറ്റിയും അതിലെ വരികളും പറയുന്നുണ്ട് വാഗണ്‍ ട്രാജഡി സ്മരണികയില്‍. . . പുലിക്കോട്ടില്‍ ഹൈദര്‍ അതിന്‍റെ മാപ്പിള പാട്ട് രൂപം രചിച്ചിട്ടുണ്ട്. ഏതാനും സ്ത്രീ നാമങ്ങളും എന്നും പിന്നെ കുറെ നിലവാരം കുറഞ്ഞ പദങ്ങളും ചേര്‍ത്ത് വികലമാക്കപ്പെട്ട ഒരു ഗാനശാഖക്ക് മുന്നില്‍ ഹൃദയത്തെ തൊടുന്നൊരു നൊമ്പരമായി അതിലെ വരികള്‍ എന്നെ പൊള്ളിക്കുന്നുണ്ട്. എവിടെയോ എന്നെങ്കിലുമൊരിക്കല്‍ ആ ഗാനം മൂളി കേള്‍ക്കുന്നതിന് ഞാന്‍ ചെവിയോര്‍ക്കാറുണ്ട്.



പഴയ പാരമ്പര്യം വിട്ടുപോരാന്‍ ഇപ്പോഴും തിരൂര്‍ റെയില്‍വേ സ്റ്റേഷന്‍ തയ്യാറല്ല. അതൊക്കെ തന്നെയാവണം മലബാര്‍ കലാപത്തിന്‍റെ വേദനിക്കുന്ന ഓര്‍മ്മകള്‍ ഈ പരിസരത്തെ എപ്പോഴും ചുറ്റിപ്പറ്റി നില്‍ക്കാന്‍ കാരണം. പച്ചക്കൊടി വീശുന്നു. തീവണ്ടി പതുക്കെ ഇളകി തുടങ്ങി . സന്തോഷവും കളിചിരിയുമായി യാത്ര തുടരുമ്പോള്‍ , അന്ന് ഇതേ പാളങ്ങളില്‍ , ഇതുപോലൊരു ബോഗിയില്‍ സ്വതന്ത്ര ഭാരതം സ്വപ്നം കണ്ട് പിടഞ്ഞ വീണ രക്തസാക്ഷികളെ ഓര്‍ക്കുന്നവര്‍ എത്ര പേര്‍ കാണും ഈ വണ്ടിയില്‍..? ഉണ്ടാവാം ഇല്ലാതിരിക്കാം. പക്ഷെ ജീവന്‍ നല്‍കി അവര്‍ നേടി തന്ന സ്വാതന്ത്ര്യം നമ്മള്‍ ആഘോഷിക്കുന്നു. അവരെ മറക്കാം. പോരാടി നേടിയ സ്വാതന്ത്ര്യം പോലും ആഘോഷിക്കാന്‍ പറ്റാതെ ബെല്ലാരിയിലും മറ്റും ഉരുകി ജീവിച്ചു മരിച്ചവര്‍ എത്രയുണ്ട്. ദാമ്പത്യം
പൂത്തുലയാതെ വൈധവ്യത്തിലേക്ക് എടുത്തെറിയപ്പെട്ട എത്ര സഹോദരിമാരുണ്ട്. ഈ മണ്ണില്‍ അവരുടെ വിയര്‍പ്പും ചോരയും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. വായുവില്‍ അവരുടെ ശ്വാസവും കരച്ചിലും മുഴങ്ങുന്നുണ്ട്. അവര്‍ കണ്ട സ്വപ്നത്തിന്‍റെ സാഫല്യം നമ്മളിലൂടെ കണ്ട് അവരുട ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം. ചങ്ങല വലിച്ചു നിര്‍ത്തിയ പോലെ ആ ഓര്‍മ്മകള്‍ ഈ പരിസരത്തില്‍ തന്നെ എന്നെ പിടിച്ചുനിര്‍ത്തുന്നു. ഒരു സൈറനോടെ വേഗമെടുക്കാന്‍ ശ്രമിക്കുന്ന തീവണ്ടിക്കൊപ്പം അകലെ പള്ളിയില്‍ നിന്നും കേള്‍ക്കുന്ന ബാങ്കോലി നേര്‍ത്തു നേര്‍ത്തു വരുന്നു. ജാലകത്തിലൂടെ പുറത്തോട്ട് നോക്കുമ്പോള്‍ പെയ്യാന്‍ മടിച്ചുനിന്ന കാര്‍മേഘങ്ങള്‍ ആര്‍ത്തലച്ചു പെയ്യുന്നു. പ്രകൃതിയും കരയുകയാണ്.

(നന്ദി ജാബിര്‍..... മലബാരി , ഈ നല്ല ചിത്രങ്ങള്‍ അയച്ചു തന്നതിന്)
(ടൌണ്‍ ഹാള്‍ ഫോട്ടോ ..ഗൂഗിള്‍ )

Wednesday, August 15, 2012

ഗോതമ്പ്പാടങ്ങള്‍ തിരികെ തന്നത്




ഓല മേഞ്ഞ കുടിലിന്റെ ജാലകങ്ങല്‍ക്കരികിലിരുന്ന് പരന്ന് കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കിയിരിക്കണം. കോടമഞ്ഞ്‌ മാഞ്ഞുപോവാത്ത ഒരു പുലരിയില്‍. നീ എന്നോട് പങ്കുവെച്ച ആദ്യത്തെ സ്വപ്നമിതായിരുന്നു. കേട്ട് കേട്ട് ആ സ്വപ്നത്തെ ഞാനുമേറെ ഇഷ്ടപ്പെട്ടുപ്പോയി. നിന്നോളമോപ്പം. പിന്നൊരിക്കല്‍ നീ പറഞ്ഞു ,മഴ പെയ്യുന്നൊരു സായം സന്ധ്യയില്‍ നഗരത്തിന്റെ തിരക്കിലൂടെ ഓട്ടോറിക്ഷയില്‍ സവാരി പോവണമെന്ന്. കോഫീ ഹൗസിന്റെ ഇരുണ്ട മൂലയിലിരുന്ന് ചൂടുള്ള കോഫി ഊതികുടിക്കുക എന്ന മറ്റൊരു ആഗ്രഹവും. എളുപ്പം സാധിക്കാവുന്നതായിട്ടും ഞാനത് മാറ്റിവെച്ചത് നഷ്ടസ്വപ്നങ്ങളുടെ കണക്കിലേക്ക് എഴുതി ചേര്‍ത്ത് നൊമ്പരപ്പെടാനായിരുന്നോ..?.

മഞ്ചാടികുരുക്കള്‍ പെറുക്കി കൂട്ടുന്നത്‌ പോലെ നീ ഒരുക്കൂട്ടി വെച്ച സ്വപ്നങ്ങളില്‍ നടക്കാതെ പോയത് നമ്മളൊന്നാവണം എന്ന വലിയ സ്വപ്നം കൂടിയാണ്. . മരുന്ന് മണക്കുന്ന ആശുപത്രിയുടെ ഇടനാഴികകളിലൂടെ തീയേറ്ററിനകത്തേക്ക് ഒഴുകിനീങ്ങുമ്പോഴും നിന്റെ കണ്ണുകളില്‍ കണ്ടത് സ്വപ്നസാഫല്യം തേടുന്നൊരു പ്രണയിനിയെ ആയിരുന്നു. പിന്നെ ആ വാതില്‍ തുറക്കുമ്പോള്‍ കേട്ടത് പളുങ്ക് പാത്രം വീണുടഞ്ഞു മഞ്ചാടികുരുക്കള്‍ ചിതറിയോടുന്നതിന്റെ ശബ്ദമായിരുന്നു.

ചാംകൌര്‍ സിംഗിന്റെ ഗോതമ്പ് പാടങ്ങള്‍ പൂക്കാന്‍ ഒരുങ്ങി നിക്കുന്നു. പാടത്തിനരികെ ഒറ്റ മുറിയുള്ള വൈക്കോല്‍ മേഞ്ഞൊരു കുടിലുണ്ട്. നിന്റെ സ്വപ്നത്തിലെ അതേ വീട്. പന്തലിട്ട പോലെ കോടമഞ്ഞും . പഞ്ചാബിലെക്കുള്ള ഈ യാത്ര യാദൃശ്ചികമായിരുന്നില്ല. സഹപ്രവര്‍ത്തകനായി എത്തിയ സുഹൃത്ത് ഒരു നിമിത്തം മാത്രം. അച്ഛന്റെ ഗോതമ്പ് പാടങ്ങളെ കുറിച്ച് അവന്‍ പറഞ്ഞപ്പോഴേ ഇങ്ങിനെ ഒരു യാത്ര മനസ്സില്‍ കുറിച്ചിട്ടതായിരുന്നു. മഞ്ഞു പെയ്യുന്ന പുലരിയില്‍. ജാലകം തുറന്നു അരിച്ചെത്തുന്ന തണുപ്പ് വക വെക്കാതെ കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങളിലേക്ക് നോക്കി നില്‍ക്കുമ്പോള്‍ നീ പങ്കു വെച്ച നഷ്ട സ്വപ്നങ്ങളായിരുന്നു എന്റെ മനസ്സ് നിറയെ.

"എത്ര നാളായി കാണാന്‍ കൊതിക്കുന്ന കാഴ്ചയാണിത് ". പിന്നില്‍ വന്നു അവള്‍ ചെവിയില്‍ പറഞ്ഞ വാക്കുകള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞെട്ടിത്തരിച്ച് തിരിഞ്ഞു നോക്കിയ എന്റെ കണ്ണിലെ ബാഷ്പകണങ്ങള്‍ അവള്‍ കണ്ടുവോ..? ഈ മേഘങ്ങള്‍ക്കിടയിലൂടെ പറന്ന് വന്ന്‌ നീ അവളിലൂടെ പറഞ്ഞതാവണം ഈ വാക്കുകള്‍.. വിവാഹ ജീവിതത്തിന്റെ പിന്നിട്ട ദിനങ്ങളിലോന്നും ഇതുപോലൊരു സ്വപ്നം അവള്‍ എന്നോട് പറഞ്ഞിട്ടില്ല. ഇങ്ങിനെ ഒരു തിളക്കം ആ കണ്ണുകളില്‍ ഞാന്‍ കണ്ടിട്ടും ഇല്ല. അതിനവസരം നല്‍കിയില്ല എന്നുപറയുന്നതാവും ശരി. പക്ഷെ അവളുടെ ഈ വാക്കുകള്‍ എന്നെ കീഴ്പ്പെടുത്തി. എവിടെയൊക്കെയോ നിന്റെ സാന്നിധ്യം അവളിലൂടെ അറിയുന്നു . എന്റെ തോന്നലാവാം. അറിയാതെ ഞാനവളെ എന്നോട് ചേര്‍ത്ത് പിടിച്ചു. ആദ്യമായി.

Sunday, August 12, 2012

പിണങ്ങിപോയ പൂക്കള്‍.



ഒരു പടിഞ്ഞാറന്‍ കാറ്റിനൊപ്പം ചെമ്പക പൂവിന്റെ നറുമണം വിരുന്നെത്തി. എവിടെ വിരിഞ്ഞ പൂവില്‍ നിന്നായിരിക്കണം എന്നെ ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ഈ സുഗന്ധംഒഴുകി വന്നിരിക്കുക. വീടിന്‍റെ മുറ്റത്തൊരു ചെമ്പകം ഉണ്ടായിരുന്നു. നാട്ടില്‍ പോയപ്പോള്‍ അത് കാണാനില്ല മുറ്റത്ത്‌. വേര് വീട്ടിലേക്ക് ഇറങ്ങുന്നത് കാരണം മുറിച്ചു കളഞ്ഞെന്ന് ഉമ്മ പറഞ്ഞു. എനിക്ക് സങ്കടമായി. ത്രിശ്രൂരില്‍ ഒരു അധ്യാപക ക്യാമ്പ് കഴിഞ്ഞുവരുമ്പോള്‍ ഉപ്പ വാങ്ങികൊണ്ടുവന്നാതായിരുന്നു അത്. എന്നോടൊപ്പം ചെമ്പകവും വളര്‍ന്നു വലുതായി. ഉപ്പയെ പോലെ എനിക്കും ഒരുപാടിഷ്ട്ടമായിരുന്നു ആ ചെമ്പകം. എന്റെ വിവാഹത്തിന്റെ നാളുകളിലാണ്‌ ചെമ്പകവും ആദ്യമായി പൂവിട്ടത്. മധുവിധുവിന്റെ ഓര്‍മ്മകളില്‍ ആ ചെമ്പക പൂവിന്റെ സുഗന്ധം കൂടി കലര്‍ന്നതാകുമ്പോള്‍ അതിന്റെ വേര്‍പ്പാട് എനിക്കെങ്ങിനെ നൊമ്പരമാവാതിരിക്കും. ഉമ്മയോട് ഞാനത് മറച്ചുവെച്ചില്ല. ഞാനോര്‍ത്തു. ഉപ്പയുണ്ടായിരുന്നെങ്കില്‍ ഒരു അകാല മരണം അതിന് വിധിക്കില്ലായിരുന്നു.

അറുത്തു മാറ്റിയ ചെമ്പകത്തിനോടൊപ്പം പിണങ്ങി പോയ പൂക്കളെ കുറിച്ചും അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അസര്‍മുല്ല പൂവെന്ന് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള്‍ കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില്‍ കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത്‌ നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള്‍ പിണങ്ങിപോയത് ആരോടായിരിക്കും. എനിക്കുറപ്പാണ് എന്നോടവര്‍ പിണങ്ങില്ലെന്ന്. വെള്ളമൊഴിക്കാനും തൊട്ടു തലോടാനുംഅവരോടൊപ്പം ഞാനെന്നുമുണ്ടായിരുന്നു . അവര്‍ക്ക് പിണക്കം പുതിയ കാലത്തോടും ജീവിത രീതിയോടുമായിരിക്കണം. പക്ഷെ വീണ്ടും എന്റെ വീടിന്റെ മുറ്റത്ത്‌ ആ കുസൃതി ചിരിയുമായി അവര്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ എനിക്ക് കൊതിയായി.




" അയ്യോ.. നീയൊരു തൊട്ടാവാടി തന്നെ". പലപ്പോഴും പറയാറില്ലേ നമ്മള്‍. ഈ തോട്ടാവാടിയെ തേടി പറമ്പ് മുഴുവന്‍ കറങ്ങുകയാണ് ഞാന്‍ . അവരും പിണക്കത്തിലാണ്. എന്തുപറ്റി ഇവര്‍ക്കൊക്കെ. ദേ.. ആ മൂലയില്‍ ആരോടും കൂട്ടില്ലാതെ ഇരിക്കുന്നു . ഞാന്‍ അടുത്ത് ചെന്നു തൊട്ടപ്പോള്‍ തന്നെ പരിഭവം കൊണ്ട് അവള്‍ വാടി. കൂട്ടുകാരാരും ഇല്ലാതെ ഒറ്റക്കിരിക്കുന്നതിന്റെ വിഷമം മാത്രമല്ല. നല്ല കാലത്തും ഞങ്ങളെ ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്ന പരാതിയും പറഞ്ഞു. പക്ഷെ ഞാന്‍ വന്നു കണ്ട സന്തോഷത്തില്‍ അവള്‍ വീണ്ടും ഉഷാറായി. ഞാനൊരു മുത്തം കൊടുത്തു. നാണത്താല്‍ അവള്‍ വീണ്ടും വാടി.



ആ വരിക്കപ്ലാവിന്റെ അടുത്തേക്ക് പോവാം. കുറെ തുമ്പ പൂക്കളുണ്ടാവും അതിനു ചുറ്റും. വരിക്കപ്ലാവിനോട് ഞാന്‍ പണ്ടേ പിണങ്ങിയതാ. ഒരു ദയയും ഇല്ലാതെയല്ലേ എന്നെ പണ്ട് താഴെയിട്ടത്. കളിക്കൂട്ടുകാരായ സുന്ദരി പെണ്‍കുട്ടികളുടെ ഇടയില്‍ ആളാവാന്‍ വലിഞ്ഞുകയറിയ കൊച്ചു കുട്ടിയാണ് എന്നുപോലും ഓര്‍ത്തില്ലല്ലോ അന്ന്. ദാസന്‍ ഗുരിക്കള്‍ എത്ര ഉഴിഞ്ഞിട്ടാ എന്റെ കൈ നേരെ ആയത്. എത്ര വേദനയാ ഞാന്‍ സഹിച്ചത്. നിന്റെ പ്രായമോര്‍ത്തും , പിന്നെ തേനൂറുന്ന വരിക്ക ചക്ക ഞാന്‍ വരുമ്പോഴൊക്കെ തരുന്നത് കൊണ്ടും അതെല്ലാം ഞാനങ്ങു ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഞാന്‍ നിന്നെ നോക്കാനേല്‍പ്പിച്ച തുമ്പപൂക്കളെവിടെ. ഒരാളെ പോലും കാണാനില്ലല്ലോ. കാലില്‍ ആരോ ഇക്കിളിയിടുന്നു. നോക്കിയപ്പോള്‍ എന്നെ തലോടിക്കൊണ്ട് നില്‍ക്കുന്നു ഒരു തുമ്പ ചെടി. നിങ്ങളും പിണങ്ങിയോ എന്നോട്. വരുമ്പോഴൊക്കെ ഞാനെത്താറില്ലേ നിങ്ങളുടെ ക്ഷേമവും അന്വേഷിച്ച് . നിങ്ങളില്ലാതെ ഓണമുണ്ടായിട്ടുണ്ടോ എനിക്ക്. പിന്നെയെന്താ ഞാന്‍ വരുമെന്നറിഞ്ഞിട്ടുംഎന്നെ വരവേല്‍ക്കാന്‍ കൂട്ടുകാരികള്‍ ആരും കൂടെ വന്നില്ല.. പിണക്കം മാറി അവരെ കണ്ടതും ഇല്ലല്ലോ .



ഉമ്മാന്റെ തറവാടിന്റെ മുറ്റത്ത്‌ വലിയൊരു പൂമരം ഉണ്ടായിരുന്നു. പൂമരം എന്ന് തന്നെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌. വേറെ പേരുണ്ടോ എന്നറിയില്ല. അത് പൂത്തുകഴിഞ്ഞാല്‍ പിന്നെ ഇലകള്‍ കാണില്ല. മരം നിറയെ പൂക്കള്‍. കൊഴിഞ്ഞുവീണ പൂക്കള്‍ കൊണ്ട് മരത്തിന് താഴെ വലിയൊരു പൂക്കളം തന്നെയുണ്ടാകും. അതിന്റെ ചുവട്ടിലിരുന്ന് കളിക്കുന്നത് എന്ത് ഹരമായിരുന്നു. വേനലവധിക്ക് ഉമ്മാന്റെ വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ ആദ്യം കാണുക പൂത്തുലഞ്ഞു സുന്ദരിയായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ പൂമരമാണ്. അല്ലെങ്കില്‍ ഞങ്ങളുടെ അവധിക്കാലവും കാത്തിരിക്കുകയാണോ ഇത് പൂത്തുലയാന്‍ എന്നും തോന്നിപ്പോകും . കാലത്തിന്റെ ചുഴിയില്‍ പെട്ട് അതും അപ്രത്യക്ഷമായി. ഇന്നും ആ തറവാട്ടിലേക്കെത്തുമ്പോള്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ചുപോകും ഒരിക്കല്‍ കൂടി ആ പൂമരമൊന്നു കണ്ടെങ്കിലെന്ന്.

ഗ്രാമക്കാഴ്ച്ചകളുടെ സൗന്ദര്യമാണ് കോളാമ്പിപൂക്കള്‍. പക്ഷെ ചുരുക്കമെങ്കിലും പറ്റെ കൈവിട്ടുപോയിട്ടില്ല ഇവര്‍. വേലിക്കിടയിലും പടിപ്പുരയിലും ഇവ പൂത്തുനില്‍ക്കുന്നത്
കാണാന്‍ എന്ത് ഭംഗിയാണ്. എന്റെ മനസ്സിലെ മഞ്ഞ നിറം കോളാമ്പിപൂക്കളാണ്. പക്ഷെ എത്രനാള്‍..? കുറെ കഴിയുമ്പോള്‍ ഇവരെയും തേടി നടക്കേണ്ടി വരും. പിന്നെയുമുണ്ട് കുറെ തേടി അലയാന്‍ . മാങ്ങാപുല്ല്. കയ്യില്‍ പിടിച്ചു തിരുമ്മിയാല്‍ മാങ്ങയുടെ മണം. പൊട്ടിക്ക, തവര ചെടി , ഇങ്ങിനെ ബാല്യത്തില്‍ നമ്മളറിഞ്ഞ വര്‍ണ്ണങ്ങള്‍. പലതിന്റെയും പേര് തന്നെ മറന്നു പോയി. വെറുതെയല്ല ഇവരെല്ലാം പിണങ്ങിപോയത്. പക്ഷെ സീനിയയും ഡാലിയയുമൊക്കെ ഇപ്പോഴും നിത്യ യൌവനങ്ങളായി ബാക്കിയുണ്ട്. നന്ദ്യാര്‍വട്ടവും തെച്ചിപ്പൂക്കളുമൊക്കെ എന്നെ കാത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇനിയിപ്പോള്‍ ഇവരെ പ്രണയിക്കാം.

(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന്)

Thursday, June 21, 2012

കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക്



ഈയടുത്തക്കാലത്തായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായിരിക്കും “ഗവി”. ഏകദേശം അഞ്ചോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ട് ഗവിയെ പറ്റി. “ഓര്‍ഡിനറി” എന്ന സിനിമയാണ് ഗവിയുടെ തിരുത്തി എഴുതപ്പെട്ട ജാതകത്തിന് പിന്നില്‍ എന്ന് അവിടെ കണ്ടു മുട്ടിയ സന്ദര്‍ശകരില്‍ നിന്നും മനസ്സിലാകാന്‍ പറ്റി. ഈ സ്ഥലം നിങ്ങള്‍ കണ്ടിരിക്കണം എന്ന് പറയാതെ പറഞ്ഞിരിക്കണം ആ സിനിമ. കാരണം ആ സിനിമ ഇറങ്ങിയതിനു ശേഷം സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട് ഇവിടേയ്ക്ക്. ഇവരെല്ലാം ഗവി ആസ്വദിച്ചിരിക്കാം ഇല്ലായിരിക്കാം . പക്ഷെ എരുമേലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീ. ബേബി ജോണ്‍ പറയുന്നത് , ഈ സന്ദര്‍ശകരുടെ ബാഹുല്യം ഏറ്റവും കൂടുതല്‍ ബാധിച്ചതും ബാധിക്കാന്‍ പോകുന്നതും ഇവിടത്തെ പ്രകൃതിയെ ആണ്. യാത്രയിലുടനീളം വഴിയരികിലും , കാട്ടരുവികളുടെ തീരത്തും മരച്ചുവട്ടിലും എല്ലാം കാണുന്നത് വലിച്ചെറിയപ്പെട്ട മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളുമാണ്. . ആഘോഷ തിമിര്‍പ്പിന്‍റെ അവശിഷ്ടങ്ങള്‍ ഏറ്റു മുറിവേറ്റ പ്രകൃതി ഇങ്ങിനെ വിളിച്ചു പറയുന്നത് കേള്‍ക്കാം. ” എന്നെ ആസ്വദിച്ചോളൂ.. ഉപദ്രവിക്കരുതേ ” എന്ന് . ആഘോഷങ്ങള്‍ക്ക് മാത്രമായി കാടുകയറി പ്രകൃതിയെ ഇങ്ങിനെ ബലാല്‍സംഘം ചെയ്യുന്നവരോട് നിയമം അല്‍പം കൂടി ഗൗരവമായി ഇടപെട്ടേ പറ്റൂ എന്നൊരു അപേക്ഷ കൂടി ഈ കുറിപ്പിനൊപ്പം വെക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും ശക്തവും കണിശവുമായ നിയമങ്ങള്‍ ഉള്ളത് പരിസ്ഥിതി വകുപ്പിനാണ് എന്ന് പറയപ്പെടുന്നു. ലക്ഷ കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരി മല റോഡ്‌ വികസനം പോലും വനം ഭൂമി വിട്ട് കിട്ടാതെ നിയമ കുരുക്കില്‍ പെട്ട് നില്‍ക്കുന്നു. എങ്കില്‍ അതേ കണിശമായ നിയമങ്ങള്‍ ഇങ്ങിനെ പ്രകൃതിയോട് എട്ടുമുട്ടുന്നവരോടും സ്വീകരിച്ചേ മതിയാവൂ. കഴിഞ്ഞ ആഴ്ച വന്ന വാര്‍ത്തയില്‍ പറയുന്നു ഗവിയിലേക്ക് സന്ദര്‍ശകരെ നിയന്ത്രിച്ചു എന്ന്. നിയന്ത്രിക്കേണ്ടത് സന്ദര്‍ശകരെ അല്ല , അവരില്‍ ചിലരുടെ നടപടികളെ ആണ്. ചുരുങ്ങിയത് അഞ്ചു ചെക്ക് പോസ്റ്റുകള്‍ എങ്കിലും ഉണ്ട് ഗവിയിലേക്ക് എത്തുന്നതിനു മുമ്പായിട്ട്. മൂഴിയാര്‍ ഡാം ചെക്ക് പോസ്റ്റില്‍ വിശദമായ പരിശോധന തന്നെയുണ്ട്‌. എന്നിട്ടും മദ്യ കുപ്പികള്‍
വനത്തിനകത്തേക്ക് എത്തിപ്പെടുന്നു എങ്കില്‍ ഈ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അപാകതയുണ്ട് എന്ന് വേണം കരുതാന്‍. പ്രകൃതിയോടുള്ള സ്നേഹമാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പിന്നിലെങ്കില്‍ അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത് മദ്യ നിരോധനം ആണ്. കര്‍ണാടകയിലേയോ തമിഴ്നാട്ടിലേയോ വനത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ നിയന്ത്രണമാണ് ഉള്ളത്. ഒരു ബിസ്കറ്റിന്‍റെ പാക്കറ്റ് പോലും പൊളിച്ച് കവര്‍ ഒഴിവാക്കിയേ അവര്‍ അകത്തേക്ക് കടത്തി വിടൂ. ഇവിടെ മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ലഹരിയില്‍ മനുഷ്യന്‍റെ നിലവിളി പോലും കേള്‍ക്കാത്തവര്‍ എങ്ങിനെ പ്രകൃതിയുടെ നിലവിളി കേള്‍ക്കും…?

ഗവിയിലേക്ക്
കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ്ഞിരപ്പള്ളി വഴി ഗവിയിലേക്ക് എത്തിപ്പെടുന്നതുമാണ് ഞങ്ങളുടെ യാത്രാ പരിപാടി, സുഹൃത്തുക്കളായ മുണ്ടക്കയം സ്വദേശികള്‍ ജോമോനും സഹോദരന്‍ മാത്തുക്കുട്ടിയും പിന്നെ പൂഞ്ഞാര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി റെജിയും ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. കൂടെ എല്ലാ സഹായവും ചെയ്ത് തന്ന് എരുമേലി ഡെപ്യൂട്ടി റെയ്ഞ്ചാര്‍ ബേബി ജോണ്‍ സാറും ഉണ്ടായിരുന്നു ഞങ്ങളോടൊപ്പം . നന്ദി ഏറെയുണ്ട്‌ ഓഫീസര്‍ , നിങ്ങള്‍ ചെയ്തു തന്ന സഹായത്തിന്‌.



ഞങ്ങളുടെ വരവിന് നന്നായി ഒരുങ്ങിയിട്ടുണ്ട് ജോമോനും കൂട്ടരും. ഒരു ചെമ്പ് നിറയെ ദമ്മിട്ട ചിക്കന്‍ ബിരിയാണി, കപ്പ പുഴുങ്ങിയതും നല്ല കാ‍ന്താരി ചമ്മന്തിയും , പഴവര്‍ഗങ്ങള്‍, പിന്നെ വെള്ളവും എല്ലാം കൂടെ കരുതിയിട്ടുണ്ട്. കാടിനകത്തൂടെ കുറെ യാത്ര ചെയ്യണം ഗവിയിലേക്ക്. ഉച്ച ഭക്ഷണത്തിന് സമയമായി. പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ക്ക് മീതെ പാലത്തില്‍ വെച്ചു ബിരിയാണിയുടെ ദമ്മു പൊട്ടിച്ചു. പിന്നൊന്നും ഓര്‍മ്മയില്ല. ഭക്ഷണത്തിന് ശേഷം കമാണ്ടര്‍ ജീപ്പ് വീണ്ടും ആനച്ചൂര് മണക്കുന്ന കാട്ടു വഴിയിലൂടെ നുഴഞ്ഞുകയറി. ദുര്‍ഘടമായ ഈ വഴികളിലൂടെ അനായാസകരമായി നീങ്ങാന്‍ ജീപ്പ് തന്നെ നല്ല വാഹനം. കാടിന്‍റെ സൌന്ദര്യം നന്നായി ആസ്വദിച്ചു ഞങ്ങളും അച്ചായന്‍ കത്തികളുമായി യാത്രയെ സജീവമാക്കി മാത്തുക്കുട്ടി വാഹനം ഓടിക്കുന്നു. കോണ്‍ഗ്രസ് അനുഭാവി എങ്കിലും പീ സി ജോര്‍ജ്ജിന്‍റെ ആരാധകന്‍ ആണ് മാത്തുക്കുട്ടി.



നാല് ഡാം രിസര്‍വോയിറുകള്‍ ഗവിയിലേക്ക് എത്തുന്നതിനു മുമ്പ് കാണാം. മൂഴിയാര്‍ ഡാം, ആനത്തോട് ഡാം, കാക്കി ഡാം, പമ്പ ഡാം . എല്ലാം ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക് റ്റിന്‍റെ ഭാഗമായി ഉള്ളത്. ഇതില്‍ കാക്കി ഡാമും പരിസരവും ആണ് ഏറ്റവും മനോഹരമായിട്ടുള്ളത്. കുത്തനെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയ കരിങ്കല്‍ തൂണുകള്‍ സ്ഥാപിച്ചു അതുവഴി റെയില്‍ സംവിധാനവും ക്രെയിനും കൊണ്ടുവന്നാണ് ജോലി പൂര്‍ത്തിയാക്കിയത്. ആ സമര്‍പ്പണത്തിന്‍റെ അടയാളമെന്നോണം ഇപ്പോഴും ആ തൂണുകള്‍ കാട് മൂടി കിടപ്പുണ്ട് ഇവിടെ. എങ്ങിനെ അതവിടെ ഉണ്ടാക്കി എന്ന ചോദ്യം ഡാം തന്നെ പണിതില്ലേ എന്ന ഉത്തരത്തില്‍ തട്ടി നില്‍ക്കും. പൊന്നാപ്പുരം കോട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ വെച്ചാണ് നടന്നത്. പക്ഷെ ഈയടുത്ത് ഒരു മലയാള പത്രത്തില്‍ ഗവിയെ പറ്റി വായിച്ച റിപ്പോര്‍ട്ടില്‍ ആ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി സെറ്റ് ഇട്ടതാണ് ഈ തൂണുകള്‍ എന്ന് കണ്ടു. തെറ്റാണ് അത് എന്ന് ഇവിടത്തെ കാവല്‍ക്കാര്‍ പറയുന്നു. കൃത്രിമമായ ഈ തടാകത്തില്‍ ബോട്ടിംഗ് ഉണ്ട്. പക്ഷെ പൊതുജങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. ചുറ്റും കൊടും കാടുകളും ഈ ജലാശയവും ഡാമും മതി മറക്കുന്ന ഒരു കാഴ്ച തന്നെ.

പക്ഷെ ഇവിടെ എന്നെ ആകര്‍ഷിച്ച കാഴ്ച മറ്റൊന്നാണ്. 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്‌. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ്‌ . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. ഇന്നും യാത്ര ദുര്‍ഘടമായ വഴികള്‍ താണ്ടി അദ്ദേഹം ഇവിടെയെത്തിപ്പെടാന്‍ നന്നായി ബുദ്ധിമുട്ടി കാണണം. ഫോട്ടോഗ്രാഫി നിരോധിച്ചത് കാരണം അതിന്‍റെ ചിത്രം എടുക്കാന്‍ പറ്റിയില്ല. എന്‍റെ ആദര്‍ശം മറ്റൊന്നെങ്കിലും ഇതൊക്കെ കാണുന്നത് സന്തോഷകരം തന്നെ.



കാക്കി ഡാം കഴിഞ്ഞാല്‍ വീണ്ടും വനപാത തന്നെ. റോഡരികില്‍ എല്ലാം ഈറ്റ വെട്ടി കെട്ടി വെച്ചിട്ടുണ്ട്. മേലെ ആദിവാസികളുടെ കുടിലുകള്‍ കാണാം. പാറകള്‍ക്കും മരത്തിനും ഇടയില്‍ കെട്ടി കൂട്ടിയ ചെറിയ സങ്കേതങ്ങള്‍. ഒരാള്‍ക്ക്‌ പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ മൂന്നു നാലാളുകള്‍ താമസിക്കുന്നു. കാറ്റിനെയും മഴയേയും കാട്ടു മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം.
“മല പണ്ടാരങ്ങള്‍” എന്ന ആദിവാസി വിഭാഗം ആണിവര്‍. നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്. തേനീച്ച കൂടിന്റെ അവശിഷ്ടങ്ങള്‍ വരെ ഉണ്ട് അതില്‍. ലിറ്ററിന് നാനൂറു രൂപ വെച്ചാണ് ഇവര്‍ വില്‍ക്കുന്നത്. വില പേശിയപ്പോള്‍ രണ്ട് ലിറ്റര്‍ മുന്നൂറു രൂപയ്ക്കു തന്നു. കാലത്ത് തേന്‍ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ തടി കുറയുമത്രെ. ഭക്ഷണം കുറയ്ക്കാതെ തടി കുറയുമെങ്കില്‍ പരീക്ഷണം ഈ കാട്ടുതേനില്‍ ആക്കണം. നാട്ടിലെത്തട്ടെ.

വഴിയില്‍ ഇറങ്ങിയും വിശ്രമിച്ചും യാത്ര തുടരുകയാണ്. ഇപ്പോള്‍ എക്കോ പാറ എന്ന് വിളിക്കുന്ന സ്ഥലത്താണ്. കാക്കി ഡാമിന് വേണ്ടി പാറ പൊട്ടിച്ച സ്ഥലം ആണിത്. ഉറക്കെ കൂവിയാല്‍ ശബ്ദം പ്രതിധ്വനിക്കുന്നത് കാരണം ആണ് ഈ പേര് വീണത്‌. കപ്പയും കാന്താരി മുളകും കഴിക്കാന്‍ ഈ സ്ഥലം ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. കോട്ടയംക്കാരുടെ കാ‍ന്താരി ചമ്മന്തിയുടെ എരുവ് ഇപ്പോഴും പോയിട്ടില്ല നാവില്‍ നിന്നും. അത്രക്കും രുചിയും ഉണ്ട്. യാത്രയില്‍ എല്ലാര്‍ക്കും ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ പറ്റുന്നത് ഭക്ഷണക്കാര്യത്തില്‍ ആണ്.
വഴിയരികില്‍ കാഴ്ചകള്‍ ആസ്വദിച്ച് പതുക്കെ നീങ്ങുന്നത്‌ കാരണം ഗവിയിലെക്കുള്ള ദൂരവും കൂടുന്നു. ഇന്ന് പച്ചക്കാനം എന്ന സ്ഥലത്ത് അന്തിയുറങ്ങി നാളെ ഗവിയിലേക്ക് പോവാനാണ് പരിപാടി. പച്ചക്കാനം വരെ കെ .എസ്‌. ആര്‍. ടി. സി . ബസ് സര്‍വീസ് ഉണ്ട്. കാലത്തും വൈകീട്ടും.



പക്ഷെ ഇതുവഴി ഗവിയിലേക്ക് വരുന്നവര്‍ കുറെ നടക്കേണ്ടി വരും അവിടെയെത്താന്‍. നല്ല ഭംഗിയുള്ള താഴ്വാരം ആണ് പച്ചക്കാനം. കെ. എസ്‌. ഈ. ബി. യുടെ ഒരു ചെറിയ കാന്റീന്‍ ഉണ്ട് ഇവിടെ. നേരത്തെ ഓര്‍ഡര്‍ കൊടുത്താല്‍ ഭക്ഷണം കിട്ടും. ഞങ്ങള്‍ താമസിക്കുന്നത് കെ. എസ്‌. ഈ. ബി. യുടെ “പമ്പ ഹൗസ്” എന്ന റസ്റ്റ്‌ ഹൗസിലാണ്. തിരുവനന്ദപുരം വൈദ്യുതി ഭവന്‍ മുഖേന ബുക്ക് ചെയ്‌താല്‍ ഇവിടെ താമസം കിട്ടും. മുറ്റത്ത്‌ നിന്നാല്‍ തൊട്ടു മുന്നില്‍ പമ്പ ഡാം ആണ്. അതി മനോഹരമായ സ്ഥലം. പക്ഷെ ഡാമിനടുത്തേക്ക്‌ പ്രവേശനം ഇല്ല. പക്ഷെ ഈ മുറ്റത്ത്‌ ഇരുന്നാല്‍ തന്നെ സ്വയം മറന്നു പോകും. കാടിന് നടുവില്‍ പമ്പ ഹൌസും, ഡാമും ജലാശയവും എല്ലാം കൂടി മൂഡിലേക്ക് എത്തിക്കും .


. ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നടന്നു താഴെ വന്നു. ചായ ചോദിച്ചപ്പോള്‍ കരിംചായ മാത്രമേ ഉള്ളൂ എന്നായി . അതെന്ത് എന്ന രീതിയില്‍ എല്ലാരും മുഖത്തോട് മുഖം നോക്കി. ഇനി കരിംകുരങ്ങ് രസായനം പോലെ വല്ല സാധനവും ആയിരിക്കുമോ? സംഗതി വന്നപ്പോള്‍ എല്ലാവരിലും ചിരി ആയി. വൈക്കം മുഹമ്മദ്‌ ബഷീര്‍ പ്രസിദ്ധമാക്കിയ സുലൈമാനി എന്ന കട്ടന്‍ ചായ തന്നെ. അതോടെ ഇടയ്ക്കിടയ്ക്ക് ഒരു കരിംചായ എന്ന് പറഞ്ഞു വാങ്ങിക്കുന്നത് രസകരമാക്കി. പച്ചക്കാനത്ത് ഇടയ്ക്കിടെ കടുവ ആക്രമണം ഉണ്ടാവാറുണ്ട് എന്ന് ബേബി ജോണ്‍ സാര്‍ ഓര്‍മ്മപ്പെടുത്തി. പശുക്കളെ ഇടയ്ക്കിടയ്ക്ക് പിടിച്ചു കൊണ്ട് പോകുമത്രേ. അതോടെ ഇത്തിരി ഭയം കയറി. കാരണം താമസിക്കുന്ന പമ്പ ഹൗസിലേക്ക് കുറച്ച് ദൂരം നടന്നു വേണം പോകാന്‍. സമയം രാത്രിയും. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍. ഏതായാലും രാത്രി ഒരു ട്രെക്കിംഗ് നടത്തി. കാട് ഏറ്റവും ഭീതിയും രസകരവും ആവുന്നത് രാത്രിയില്‍ ആണ്. ഓരോ ഇലയനക്കവും ഉള്ളില്‍ നേരിയ ഒരു ഭീതി ഉണ്ടാക്കും. അപ്പോള്‍ പേടി തോന്നുമെങ്കിലും ഓര്‍ക്കാന്‍ രസമുള്ള അനുഭവം ആണത്. ഒരു കൊമ്പനെ വഴിയില്‍ കാണണേ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം ഉള്ളിലെ ഭീതി കാണരുതേ എന്നും പറയുന്നുണ്ടാവും. ആ ത്രില്‍ തന്നെയാണ് ഇതിലെ രസവും. പക്ഷെ മാത്തുക്കുട്ടിയുടെ മുഖത്ത് ഒരു പേടിയും ഇല്ല. കാടിനെ കീറി മുറിച്ചു പാട്ടും പാടി കൂളായി ചെയ്യുന്നു . എനിക്കാണേല്‍ ആന മുന്നില്‍ വന്നു പെട്ടാല്‍ എന്ത് ചെയ്യും എന്ന് മാത്തുകുട്ടിയോട് ചോദിക്കാന്‍ പോലും ധൈര്യമില്ല.
നല്ല തണുപ്പും കോടമഞ്ഞും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതം . പൂത്തു നില്‍ക്കുന്ന പല വര്‍ണ്ണത്തിലുള്ള വേലിച്ചെടികള്‍ സൂര്യ വെളിച്ചത്തില്‍ നന്നായി തിളങ്ങുന്നു. ലെന്റാന എന്ന് വിളിക്കുന്ന ഈ വേലിച്ചെടികള്‍ക്ക് ഒരു ഗൃഹാതുരത്വത്തിന്‍റെ മുഖവും മണവുമാണ്. സ്കൂളിന്‍റെ അരികില്‍, നമ്മള്‍ സഞ്ചരിച്ച നാട്ടു വഴികളില്‍ , മറ്റേതേലും ഗ്രാമത്തില്‍ എല്ലാം ചിരപരിചയക്കാരെ പോലെ ഇവ നമ്മളെ നോക്കി ചിരിക്കാറില്ലേ..? ഒരിക്കലും ഒരു അന്യതാ ബോധം നല്‍കില്ല ഇവ. നിത്യവും നമ്മള്‍ കാണുന്ന ഒരു സുഹൃത്തിനെ പോലെ തോന്നും ഈ കുഞ്ഞു പൂക്കളെ കാണുമ്പോള്‍. നിഷ്കളങ്കാരായ ഈ പൂക്കളെ വേലി ചെടികള്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയത് ആരാണ് ..?

നൂല്‍പ്പുട്ടും മുട്ടക്കറിയും പിന്നെ കരിംചായയും. ഇതാണ് പ്രഭാത ഭക്ഷണം . വന്നു നിന്ന കെ എസ്‌ ആര്‍ ടി സി ബസ്സില്‍ നിന്നും ഗവിയിലെക്കുള്ള യാത്രക്കാര്‍ ഇറങ്ങി. ഉച്ചയോടടുക്കും ഇവര്‍ നടന്നു അവിടെ എത്തുമ്പോള്‍. ഒരു വാഹനം പോലും കിട്ടില്ല . അതറിയാതെ വന്നു പെടുന്നവര്‍ ആകും. പക്ഷെ വണ്ടിപ്പെരിയാര്‍ വഴി വരുന്നവര്‍ക്ക് വാഹന സൗകര്യം കിട്ടുമെന്ന് തോന്നുന്നു. ആനച്ചൂര് അടിച്ചപ്പോള്‍ പേടിച്ചു വഴിയില്‍ നിന്ന രണ്ട് പേരെ ഞങ്ങളുടെ വണ്ടിയില്‍ കയറ്റി. തീര്‍ച്ചയായും അവര്‍ക്കത്‌ ആശ്വാസമായിക്കാണണം.
പെരിയാര്‍ വന്യ ജീവി സംരക്ഷണ വനത്തിന്‍റെ ഭാഗമാണ് ഗവി. സമൃദ്ധമായ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. പ്രകൃതി അതിന്‍റെ എല്ലാ സൗന്ദര്യവും നല്‍കിയത് നമ്മുടെ കേരളത്തിനാണോ..? കേരളത്തിലെ മിക്ക സ്ഥലങ്ങള്‍ കാണുമ്പോഴും ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് തോന്നും. ഗവിയും വിത്യസ്ഥമല്ല. നിബിഡ വനങ്ങള്‍ അതിരിടുന്ന തടാകത്തില്‍ ബോട്ടിംഗ് നടത്താം. പക്ഷെ പാക്കേജ് ടൂറിന്‍റെ ഭാഗമായി വരുന്നവര്‍ക്കെ അവിടേക്ക് പ്രവേശനം ഉള്ളൂ. അതൊരു കുറവ് തന്നെയാണ്. മറ്റു നിലയില്‍ എത്തിപ്പെടുന്നവര്‍ക്ക് ടിക്കറ്റ് വെച്ചെങ്കിലും അതിനടുത്തേക്ക് പ്രവേശനം അനുവദിക്കാമായിരുന്നു. അതുപോലെ തടാകത്തിനു അരികെയുള്ള ചുവന്ന മണ്ണുകള്‍ ചെറിയൊരു കൃത്രിമത്വം തോന്നിപ്പിക്കുന്നുണ്ട്. നന്നായി മതിലുകള്‍ കെട്ടി അതൊന്നു മോടി പിടിപ്പിക്കാമായിരുന്നു.



ഗവി എന്ന ചെറിയ സ്ഥലത്തേക്കാള്‍ ഇവിടേക്കുള്ള യാത്ര ആയിരിക്കും നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക. കാരണം നിഗൂഡമായ കാട്ടു വഴികളിലൂടെ കാടിന്‍റെ സ്പന്ദനം അറിഞ്ഞു , കാട്ടു മൃഗങ്ങളോട് സല്ലപ്പിച്ചു , കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഇങ്ങിനെ യാത്ര ചെയ്യുന്നത് സമാനതകളില്ലാത്ത അനുഭവം തന്നെ. ആ ആനന്ദത്തിനൊപ്പം പ്രകൃതി സമ്മാനമായി നല്‍കിയ മഴ ആ സന്തോഷത്തെ ഇരട്ടിയാക്കി. ഒരു മലയണ്ണാന്‍ ചിലച്ചു കൊണ്ട് മറ്റൊരു മരത്തിലേക്ക് ചാടി മറിഞ്ഞു. ഈ മഴ അവനെയും സന്തോഷിപ്പിച്ചിരിക്കണം.
ശബരി മല തീര്‍ഥാടനം ചെയ്യുന്നവര്‍ വാവര്‍ പള്ളിയില്‍ കയറിയിട്ടെ പോകൂ. അപ്പോഴേ അവരുടെ കര്‍മ്മം പൂര്‍ത്തിയാകൂ എന്നാണ് വിശ്വാസം. ഞങ്ങളും നടത്തിയത് ഒരു തീര്‍ത്ഥയാത്ര തന്നെ . പക്ഷെ പ്രകൃതിയിലേക്ക് ആണെന്ന് മാത്രം. യാത്ര അവസാനിക്കുന്നതിനു പകരം പള്ളിയില്‍ കയറിയാണ്‌ യാത്ര തുടങ്ങിയത്. എരുമേലി വന്നു പെട്ടപ്പോള്‍ മത സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായ ആ പള്ളിയും കണ്ടു എന്ന് മാത്രം. കോട്ടയം, പത്തനംത്തിട്ട , ഇടുക്കി , എന്നീ ജില്ലകളിലൂടെയുള്ള യാത്ര നല്ലൊരു അനുഭവം ആയിരുന്നു.



കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജനശതാബ്ദി എക്സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കയറുമ്പോള്‍ മനസ്സ് നിറയെ സന്തോഷമുണ്ട്. ഒരു തീര്‍ഥാടനം നടത്തിയ സുഖം. പ്രകൃതി ഒരുക്കിയ കാഴ്ച്ചകള്‍, വാര്‍ത്തകളില്‍ വായിച്ചറിഞ്ഞ സ്ഥലങ്ങള്‍, ജോമോനും മാത്തുക്കുട്ടിയും സുഹൃത്തുക്കളും നല്‍കിയ ഊഷ്മളമായ ആഥിത്യം അങ്ങിനെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഹൃദ്യമായ രണ്ട് ദിവസങ്ങള്‍. അവധിക്കാലങ്ങള്‍ സന്തോഷകരമാവുന്നത് ഇങ്ങിനെയൊക്കെയാണ്. പുതിയ ദേശങ്ങള്‍ കാഴ്ച്ചകള്‍ , സ്നേഹം കോരി ചൊരിയുന്ന സുഹൃത്തുക്കള്‍. ഇവരെ, ഈ കാഴ്ചകളെ ഞാനെന്റെ സന്തോഷങ്ങളുടെ പുസ്തകത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് എടുത്ത് പൊടിപിടിക്കാതെ മറിച്ചുനോക്കാന്‍.













Friday, June 8, 2012

ലൈല ഉറങ്ങുന്ന മണ്ണില്‍



മുഹമ്മദ്‌ അസദിന്‍റെ "റോഡ്‌ റ്റു മക്ക " എന്ന പുസ്തകമാവണം മരുഭൂമിയെ കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞിട്ടുണ്ടാവുക. ഇന്നും ലോകത്തിന്‍റെ പ്രിയപ്പെട്ട വായനയില്‍ ആ പുസ്തകമുണ്ട്. പക്ഷെ മരുഭൂമിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിന്‍റെ ഹൃദയ മിടിപ്പിന്‍റെ താളവും ഭാവവും തുറന്നു കാണിക്കുന്ന ഒരു കൃതിയെ സന്തോഷപൂര്‍വ്വം പരിചയപ്പെടുത്തട്ടെ..

ശ്രീ . മുസഫര്‍ അഹമ്മദിന്‍റെ " മരുഭൂമിയുടെ ആത്മകഥ " എന്ന യാത്രാ വിവരണ ഗ്രന്ഥം വായനയില്‍ ലഹരിയായി പടര്‍ന്ന രണ്ട് ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞു പോയത്. അതായത് മരുഭൂമി ഒരേ സമയം വിസ്മയവും വിഭ്രമവും ആകുന്ന അവസ്ഥകളെ വായനയില്‍ പിന്തുടര്‍ന്ന അനുഭവം. പേരിനെ അന്വര്‍ത്ഥമാക്കും വിധം മരുഭൂമിയുടെ ആത്മകഥ എഴുതുക തന്നെയാണ് ഇവിടെ മുസഫര്‍ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ വിശാലമായ മരുക്കാടുകളില്‍ അലഞ്ഞ്, ആ മണല്‍ക്കാറ്റില്‍ പൊടിപിടിച്ചു പോയ ചരിത്ര സത്യങ്ങളെ ഊതി വെളുപ്പിച്ച് അക്ഷരങ്ങളാക്കി ഹൃദ്യമായ ഒരു വായന ഒരുക്കിയതില്‍ മുസഫര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ലൈല മജ്നു എന്ന അനശ്വരമായ അറബ് - പേര്‍ഷ്യന്‍ പ്രണയ കാവ്യത്തെ കുറിച്ച് നമ്മള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കഥയുടെ പിന്നാമ്പുറത്തേക്ക് ഒരന്യോഷണം നടത്തിയിട്ടുണ്ടോ. ഇല്ലായിരിക്കാം. ലൈല അഫ് ലാജ് എന്ന മരുഭൂമിയില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയാണത്. ലൈല രാജകുമാരി ആയിരുന്നെന്നും ഗ്രാമമുഖ്യന്‍റെ മകള്‍ ആയിരുന്നു എന്നുമൊക്കെ നാട്ടുക്കാര്‍ക്കിടയില്‍ അഭിപ്രായംണ്ട്. അതുപോലെ മജ്നു പേര്‍ഷ്യനോ മിസ്‌രിയോ ആയിരുന്നു എന്നുമൊക്കെ സംസാരമുണ്ട്. പക്ഷെ അവരുടെ പ്രണയം സത്യമായിരുന്നു. ലൈലയെ നഷ്ടപ്പെട്ട ഖയസ് മരുഭൂമിയിലൂടെ അലഞ്ഞു ഭ്രാന്തനായി എന്നാണ് പറയപ്പെടുന്നത്‌. ആ അര്‍ത്ഥത്തിലാവണം ഭ്രാന്തന്‍ എന്ന അറബി പദമായ മജ്നൂന്‍ എന്ന പേര് വന്നതും പിന്നെ മജ്നു ആയി തീര്‍ന്നതും. മുസഫര്‍ പറയുന്ന പോലെ , കഥാപാത്രങ്ങളെ നിര്‍മ്മിച്ച , എഴുതിയ ദേശങ്ങളുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന്‍റെ പേരില്‍ നില നില്‍ക്കുന്ന ഏക നാട് ലൈല അഫ് ലാജ് മാത്രമായിരിക്കും. വറ്റിപ്പോയ ഒരു പുഴയുണ്ട് ഇവിടെ. ലൈല കുളിക്കാന്‍ വന്നിരുന്നു എന്ന് പറയുന്ന ലൈലാക്കുളം എന്ന വിളിപ്പേരുള്ള പുഴ. ഇരുപതു വര്‍ഷം മുമ്പ് വരെ ഈ പുഴ ഒഴുകിയിരുന്നു .മലയാളികള്‍ അടക്കമുളവര്‍ ഇവിടെ കുളിക്കാന്‍ വന്നിരുന്നു എന്നും പറയുന്നു. ലൈലയുടെയും മജ്നുവിന്‍റെയും ദുരന്തമായ പ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയായിരിക്കുമോ ഈ പുഴയും വരണ്ടുണങ്ങിയത്...? തിരിച്ച് വരുന്ന വഴിയില്‍ താഴ്വരയില്‍ കുറെ കബറുകള്‍ കാണുന്നു. "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ " എന്ന് മുസഫര്‍ ചോദിക്കുമ്പോള്‍ മനസ്സ് പിടയുന്നു. ശരിക്കും ഈ ചോദ്യം മുതല്‍ വായിച്ചു തുടങ്ങണം ലൈല മജുനു എന്ന പ്രണയ കാവ്യം എന്ന് തോന്നുന്നു.

മരുഭൂമിയുടെ പരപ്പിലൂടെ ഞാനും നടന്നിട്ടുണ്ട്. നബിയുടെ കാലത്തെ യുദ്ധങ്ങളും, ഉമര്‍ മുഖ്താറിന്‍റെ പോരാട്ടങ്ങളും, ആൽക്കെമിസ്റ്റും തുടങ്ങി ചെറുപ്പത്തില്‍ വല്ല്യുമ്മ പറഞ്ഞു തന്ന കഥകള്‍ വരെ ഇവിടിരുന്നു ഓര്‍ത്തെടുത്തിട്ടും ഉണ്ട്. പക്ഷെ മരുഭൂമിയിലെ ഒരു രാത്രി എന്ന സ്വപ്നം ഇതുവരെ സാധ്യമായിട്ടില്ല. " നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ച്ചെടികള്‍ " എന്ന അദ്ധ്യായം അതുകൊണ്ട് തന്നെ അസൂയയും ആവേശവും ഉണ്ടാക്കുന്നു. ഈ അധ്യായത്തിന്‍റെ സൗന്ദര്യത്തിലേക്ക് ഞാന്‍ മുസഫറിന്‍റെ വരികള്‍ തന്നെ പരിചയപ്പെടുത്താം.
"പൂര്‍ണ നിലാവില്‍ എന്നിലേക്ക്‌ വരൂ എന്ന് മാദകമായി മരുഭൂമി ക്ഷണിച്ച ഒരു രാത്രി ഇന്നും കോരിത്തരിപ്പിക്കുന്നു. മരുഭൂമിയിലെ കള്ളിമുള്‍ച്ചെടികളില്‍ നിലാവ് അതിന്‍റെ പ്രണയം കോരിച്ചൊരിഞ്ഞ രാത്രി . ഒട്ടക ഇണകള്‍ പരസ്പരം ഉമ്മവെച്ച് സ്നേഹം പകരുന്നത് കണ്ട രാത്രി ". നിലാവ് ഒഴുകി നടക്കുന്ന മരുഭൂമിയില്‍ മണലുകള്‍ കടല്‍ത്തിരകള്‍ പോലെ ഇളകുന്നത്, നിലാവിന്‍റെ ചുംബനം ഏറ്റുവാങ്ങുന്ന കള്ളിച്ചെടികള്‍ , മരുഭൂമിയിലെ സൂര്യാസ്തമയം എല്ലാം ഈ അധ്യായത്തെ രസകരമാക്കുന്നു.


അറ്റമില്ലാതെ പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍. ഇടയ്ക്ക് എവിടെയോ കാണുന്ന മരീചിക, ഇതിനപ്പുറം എങ്ങിനെ നമ്മള്‍ മരുഭൂമിയെ കാണുന്നു എന്നൊരു ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടോ..? ഉണ്ടെങ്കില്‍ അതിനുള്ള ഉത്തരങ്ങളാണ് മിക്ക അധ്യായങ്ങളും. മരുഭൂമിയിലെ ജല സാന്നിധ്യത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട് ഇവിടെ. വറ്റി വരണ്ടു പോയ നദികളും ജലാശയങ്ങളും. അതിനേക്കാള്‍ ഭംഗിയായി ഇപ്പോഴും വറ്റാത്ത നീരുറവകള്‍ ഉള്ള സ്ഥലങ്ങളും. ഷൈബുല്‍ ലുഹ അത്തരം ഒരു സ്ഥലമാണ്. മഴ ഒട്ടും കിട്ടാത്ത ഇവിടെ തുളുമ്പാന്‍ വെമ്പി നല്‍ക്കുന്ന കുളങ്ങള്‍ നല്ലൊരു കാഴ്ച ആവണം. അതുപോലെ അല്‍ഹസ മരുഭൂമി. ചുട്ടുപൊള്ളുന്ന മണല്‍ കാടുകളല്ല പകരം നടക്കുമ്പോള്‍ വെള്ളം കാലിനെ നനക്കുമോ എന്ന് തോന്നിക്കുന്ന മരുഭൂമിയാണ്. ജല സാന്നിധ്യം ജീവന്‍റെ തുടിപ്പുകള്‍ക്ക് എങ്ങിനെ ആത്മാവ് പകരുന്നു എന്ന് പറയുന്ന ഒന്നിലധികം അദ്ധ്യായങ്ങള്‍ ഇതിലുണ്ട്.

ക്രൂരന്‍മാരായ തൊഴിലുടമകളാണ് അറബികള്‍ എന്നൊരു ധാരണ അറിഞ്ഞോ അറിയാതെയോ വരുത്തി തീര്‍ത്തിട്ടുണ്ട്. അങ്ങിനെ ഇല്ല എന്നും പറയാന്‍ പറ്റില്ല. "മരണത്തിന്‍റെ പൊള്ളല്‍ "എന്ന അദ്ധ്യായം അങ്ങിനെ ശ്രദ്ധേയമാണ്. കൂടെ നൊമ്പരവും. അല്‍ നഫൂദ് മരുഭൂമിയുടെ അടുത്ത് നഫ്ത എന്ന ഗ്രാമത്തില്‍ ആണ് ഈ സംഭവം നടക്കുന്നത്. പെരുമ്പാമ്പ്‌ വിഴുങ്ങിയ തന്‍റെ നേപ്പാളി തൊഴിലാളിയുടെ മൃദദേഹം , അവനു ജീവന്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ പാമ്പിന്‍റെ വയറ് കീറി പുറത്തെടുക്കുന്നതും നോക്കി നില്‍ക്കുന്ന തോട്ടമുടമ. അവസാനം ജീവന്‍ ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ പൊട്ടിക്കരയുന്ന അയാളുടെ നിലവിളിയില്‍ കുറെ അര്‍ത്ഥങ്ങളുണ്ട്. കൂടെ ദുരന്തം ഏറ്റുവാങ്ങിയ ആ നേപ്പാളി യുവാവ് നമ്മുടെ നൊമ്പരവും ആകും.

മരുഭൂമിയിലെ സമയങ്ങള്‍ പ്രവചനാതീതമാണ് . തെളിഞ്ഞു നിന്ന സൂര്യന്‍ പ്രതീക്ഷിക്കാതെ അസ്തമിച്ചേക്കാം . തെളിഞ്ഞ അന്തരീക്ഷത്തെ മൂടി പുതച്ചു ഭീകരമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചേക്കാം. മുസൈഖിറ മരുഭൂമിയിലേക്കുള്ള യാത്രയില്‍ ഭീകരമായ പൊടിക്കാറ്റില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട അനുഭവം പറയുന്നു " മണല്‍ക്കെണിയിലെ മിടിപ്പ് " എന്ന അദ്ധ്യായം. മരുഭൂയില്‍ വഴി തെറ്റി മറിച്ച് വീണവരുടെ കഥ കൂടി പറയുമ്പോള്‍ മണല്‍ കാടിന്‍റെ മറ്റൊരു മുഖം നമ്മളറിയുന്നു.

ഓരോ അദ്ധ്യായവും അതിലെ ഓരോ വരികളും വായനയുടെ ഉത്സവമാകുന്ന ഒരു പുസ്തകത്തെ എന്‍റെ പരിമിതികള്‍ വെച്ച് അവലോകനം ചെയ്യുക പ്രയാസമാണ്. പതിനഞ്ചു അദ്ധ്യായങ്ങളിലായിപരന്നു കിടക്കുന്ന മരുഭൂമിയുടെ ആത്മകഥ. അബഹയിലെ തേന്‍ മണക്കുന്ന , വഴികളിലൂടെ, സൗദി അറേബ്യ അതിര്‍ത്തി പങ്കിടുന്ന ഹക്കല്‍ എന്ന ദേശത്തിലൂടെ, ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍ നടന്ന പ്രദേശങ്ങളില്‍, മക്കയില്‍, മദീനയില്‍, കടലിലും കരയിലും തുടങ്ങി ചരിത്രവും മിത്തും ഇഴപിരിയുന്ന ദേശങ്ങളിലൂടെ നടത്തിയ ആവേശകരമായ യാത്രാ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ അനുഭവമാക്കി മാറ്റുന്നതില്‍ മുസഫര്‍ എന്ന എഴുത്തുക്കാരന്‍ പരിപൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.

മരുഭൂമിയില്‍ മരുപ്പച്ച കാണുന്ന സഞ്ചാരിയുടെ സന്തോഷം പോലെയാണ് ഈ പുസ്തകം നമ്മുടെ വായനയെ സ്വാധീനിക്കുക . എവിടെയോ നഷ്ട്ടപ്പെട്ടുപ്പോയ എന്‍റെ വായനയെ മരുഭൂമിയുടെ ആത്മകഥ തിരികെ കൊണ്ട് വന്നു. ആ ആവേശത്തില്‍ മറ്റൊരു പുസ്തകം വായനക്കെടുക്കുമ്പോള്‍ അത് മുസഫര്‍ അഹമ്മദിന്‍റെ തന്നെ "മയിലുകള്‍ സവാരിക്കിറങ്ങുന്ന ചെരിവിലൂടെ "ആയതു കേവലം യാദൃക്ശ്ചികഥയല്ല .


മരുഭൂമിയുടെ ആത്മകഥ
വി . മുസഫര്‍ അഹമ്മദ്
കറന്റ് ബുക്സ് / കോസ്മോ ബുക്സ്

Sunday, June 3, 2012

സൗഹൃദത്തിന്‍റെ കോഴിക്കോടന്‍ രുചി...!



ഈ നഗരത്തില്‍ എത്തുന്നവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ആഥിതേയത്വം . അന്യതാ ബോധം തോന്നാത്ത നഗര വീഥികളും ചുറ്റുപാടും . എങ്ങും പുഞ്ചിരിക്കുന്ന മുഖങ്ങള്‍. ഇതൊക്കെയാണ് കോഴിക്കോട്. സാമൂതിരിയുടെ നാടിന് ഇങ്ങിനെയേ ആവാന്‍ പറ്റൂ. വിദേശികളെ , പണ്ഡിതന്മാരെ , കലാകാരന്മാരെ സ്വീകരിച്ചിരുത്തി ആദരിച്ചിരുന്നു സാമൂതിരിയുടെ ദര്‍ബാറില്‍. ആ രാജചര്യയുടെ പാരമ്പര്യമായി കിട്ടിയ ഗുണമാവണം കോഴിക്കോടിന് ഈ മഹിമ.

കോഴിക്കോടിന്‍റെ സായാഹ്നങ്ങളെ സജീവമാക്കിയിരുന്ന കൂട്ടായ്മകളെ കുറിച്ച് ഒത്തിരി വായിച്ചു അസൂയപ്പെട്ടിട്ടുണ്ട്. അത് ആ സദസ്സിന്‍റെ പ്രൌഡി കണ്ടായിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറും എം. ടി. യും , വീ കെ എന്നും ഉണ്ണികൃഷ്ണന്‍ പുതൂരും തിക്കോടിയനും എല്ലാം കൂടുന്ന സാഹിത്യ സദസ്സുകള്‍, ബാബുരാജ് നേതൃത്വം നല്‍കുന്ന ഇശലിന്‍റെ മണമുള്ള രാത്രികള്‍. മാമുക്കോയയും മറ്റും ഉള്‍കൊള്ളുന്ന കലാസദസ്സുകള്‍ .സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതായി ഓര്‍ക്കുന്നു. കോഴിക്കോടിന്‍റെ ഈ പ്രത്യേകതകളെ പറ്റി. ടൌണ്‍ ഹാളില്‍ നടക്കുന്ന സാഹിത്യ സമ്മേളനങ്ങളില്‍ ഒരു ശ്രോതാവായി ഇരുന്നിട്ടുണ്ട് അത്ഭുതത്തോടെ. അന്നും ഇന്നും.

പക്ഷെ ഈ കഴിഞ്ഞ ശനിയാഴ്ച ഞാന്‍ പ്രത്യേകം മാറ്റിവെക്കുന്നു. സാമൂതിരി രാജാവ് നിര്‍മ്മിച്ച മാനാഞ്ചിറ കുളത്തിന്‍റെ അരികില്‍ , സ്ക്വയറിലെ പുല്‍ത്തകിടികളില്‍ ഇന്നലെ സൗഹൃദത്തിന്‍റെ പുതിയ നാമ്പുകള്‍ കിളിര്‍ത്തു. പ്രണയ ജോടികളും സുഹൃത്ത്‌ സംഗമങ്ങളും കുട്ടികളുടെ പട്ടം പറത്തലും എല്ലാം ഒത്തുചേരുന്ന ഈ മാനാഞ്ചിറ സ്ക്വയറില്‍ കുറച്ച് കൂട്ടുകാര്‍ സമ്മേളിച്ചപ്പോള്‍ അറബി കടലിനെ തഴുകിവന്നൊരു കാറ്റ് ആ സൌഹൃദ സാഹായ്നത്തിന് ഹൃദ്യമായ സ്വാഗതം ഓതി. മാനാഞ്ചിറ കുളത്തിലെ ഓളങ്ങള്‍ പതുക്കെ ഇളകി ഞങ്ങളുടെ ആവേശത്തില്‍ കൂട്ടുചേര്‍ന്നു.

"ഖരമാലിന്യങ്ങള്‍ " എന്ന സുന്ദരമായ കഥ പറഞ്ഞ പ്രദീപ്‌ മാഷ്‌. വരികളില്‍ ചിരിയും ചിന്തയും കലര്‍ത്തി ഏറെ രസിപ്പിച്ച "ആദ്യ രാത്രി" എന്ന ചിരിയമിട്ട് എഴുതിയ ഷബീര്‍ തിരിച്ചിലാന്‍. മലയാളം ഗ്രൂപിലെ ചര്‍ച്ചകളെ കുഞ്ഞു കവിതകളും തമാശയുമായി സജീവമാക്കുന്ന എന്‍റെ അയല്‍ നാട്ടുകാരന്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍, കഥകളുടെ ലോകത്തേക്ക് ചൂളം വിളിച്ചു പറന്നു വന്ന സിയാഫ് അബ്ദുല്‍ ഖാദര്‍, നര്‍മ്മം ചാലിച്ച എഴുത്തുകളും കുഞ്ഞു പോസ്റ്റുകളുമായി സജീവമായ റഷീദ് പുന്നശ്ശേരി , കൂതറ എന്ന വാക്കിനു നല്ല കൂട്ടുക്കാരന്‍ എന്ന അര്‍ത്ഥവും ഉണ്ട് എന്ന് മനസ്സിലാക്കി തന്ന് ഹാഷിം കൂതറ, ജനിച്ച നാട്ടില്‍ കൈവിട്ടു പോയ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ നര്‍മ്മത്തിലൂടെ പറഞ്ഞ് ഏറനാടന്‍ തനിമയുമായി ഫൈസു മദീന , കഴിഞ്ഞ റമദാന്‍ മാസത്തില്‍ പ്രവാചകനെയും മക്കയെയും മദീനയേയും പറ്റി എല്ലാ ദിവസവും കവിതകള്‍ എഴുതി എന്നെ വിസ്മയിപ്പിച്ച ജാബിര്‍ മലബാറി , ഷോര്‍ട്ട് ഫിലിമുകളും ബ്ലോഗ്‌ പോസ്റ്റുകളുമായി നിറഞ്ഞു നില്‍ക്കുന്ന സന്ദീപ്‌ പാമ്പിള്ളി , "ഇറാനി സ്റ്റാറ്റസ് " എന്ന ബ്ലോഗുമായി ശബിന്‍ മുഹമ്മദ്‌ . ഇവരായിരുന്നു പുല്‍ത്തകിടിയിലെ വെടിപറച്ചില്‍ ആദ്യാവസാനംസജീവമാക്കിയവര്‍ .



പറയാന്‍ മറന്നതല്ല, പ്രത്യേകം പറയാന്‍ മാറ്റിവെച്ച ഒരു സാന്നിധ്യം. മലയാള ബ്ലോഗ്ഗിങ്ങിലെ അജയ്യനായ ബെര്‍ളി തോമസ്‌. അച്ചായന്മാര്‍ക്കുള്ള ക്വാളിറ്റി ഒന്നും എനിക്കില്ല എന്ന് പറഞ്ഞ് തുടങ്ങി പോസ്റ്റിലെ പോലെ തന്നെ ഞങ്ങളെ ചിരിപ്പിച്ച പ്രിയ ബ്ലോഗറോട് ഞങ്ങളുടെ നന്ദി അറിയിക്കട്ടെ. ചിരിയും കാര്യവുമായി ഞങ്ങളോടൊപ്പം ചിലവഴിച്ച സമയം രസകരമായിരുന്നു. താങ്കളുടെ പോസ്റ്റുകള്‍ വായിച്ച് ആവേശം മൂത്ത് ബ്ലോഗില്‍ പിച്ചവച്ചവര്‍ തന്നെയാണ് ഞങ്ങളില്‍ പലരും. ആ നന്ദിയും കൂടെ ചേര്‍ക്കുന്നു.

ആഗ്രഹിച്ച ഒരു സാന്നിധ്യം. പക്ഷെ നിര്‍ഭാഗ്യവശാല്‍ എത്തിപ്പെടാന്‍ പറ്റാതെ പോയ ആരിഫ് സൈന്‍ സാഹിബ്. പലരും പങ്കുവെച്ചു താങ്കളെ ഈ സായാഹ്നത്തിന് നഷ്ടമായത്. ഉപ്പയുടെ അസുഖം പെട്ടൊന്ന് സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. കൂടെ ഉടന്‍ കാണാന്‍ പറ്റുമെന്ന പ്രതീക്ഷയും.

മലയാളം ഗ്രൂപിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . നിങ്ങളെ പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാകില്ല . മലയാളം ഗ്രൂപ്പില്‍ നിങ്ങള്‍ എഴുതി ചേര്‍ത്ത ചുവരെഴുത്തുകള്‍ ഞങ്ങള്‍ അതേ സമയം വായിച്ച് രസിച്ചിരുന്നു. അതുകൊണ്ട് തന്നെ അസാന്നിധ്യത്തിലും സാന്നിധ്യമായി നിങ്ങള്‍ ഓരോരുത്തരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ആ തമാശകള്‍ ഞങ്ങളെ ചിരിപ്പിച്ചിരുന്നു. ചര്‍ച്ചകളിലൂടെ ഈ ചെറിയ കൂട്ടായ്മക്ക് നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം ഈ കോഴിക്കോടന്‍ മണ്ണില്‍ വിശാലമായ ഒരു ബ്ലോഗ്‌ മീറ്റ് എന്ന ആശയത്തിന്‍റെ കൊടിയേറ്റമായി തോന്നുന്നു .

എന്തെല്ലാം സംസാരിച്ചു എന്ന് ഓര്‍ത്തെഴുതുക പ്രയാസമാണ്. പക്ഷെ പ്രിയപ്പെട്ട ഈ നഗരിയില്‍ എന്നും ചിലവഴിക്കുന്ന സമയങ്ങളില്‍ നിന്നും ഈ ഒരു സായാഹ്നത്തെ ഞാന്‍ പ്രത്യേകം മാറ്റി വെക്കുന്നു. വിരല്‍ തുമ്പില്‍ വിരിഞ്ഞ സൌഹൃദത്തിന്‍റെ മുഖങ്ങളെ നേരില്‍ കാണുക, സംസാരിക്കുക , സ്നേഹവും സാഹോദര്യവും ഉറപ്പിക്കുക . അതൊരു അനുഭവമായിരുന്നു. അറബി കടലിലെ സൂര്യന്‍ ഇന്ന് പതിവിലും നേരത്തെ മറഞ്ഞത് ഈ കൂട്ടായ്മ കണ്ട് അസൂയ മൂത്തിട്ടാവുമോ..? അതോ പിരിയാന്‍ സമയമായപ്പോള്‍ സങ്കടം വന്നിട്ടാകുമോ ..?

ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഏറ്റവും ഉച്ചത്തില്‍ സംസാരിച്ച രണ്ട് പേരായിരുന്നു അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയിലും ഫൈസു മദീനയും. അവരെ നിശബ്ധരാക്കിയ ക്രഡിറ്റ് ടോപ്‌ ഫോം ഹോട്ടലിലെ കല്ലുമ്മക്കായ ഒനിയന്‍ ഫ്രൈയുടെ പേരില്‍ എഴുതി ചേര്‍ക്കുന്നു. ഇവിടെയാണ്‌ മീറ്റിന്‍റെ കലാശക്കൊട്ട് . രുചിയെ മാറ്റി നിര്‍ത്തി കോഴിക്കോടിന് ഒരു കഥയും പറഞ്ഞ് പൂര്‍ത്തിയാകാനാവില്ല. പിരിയുകയാണ് എന്ന് പറയാന്‍ എല്ലാര്‍ക്കും മടിയുള്ള പോലെ. അതുകൊണ്ട് വീണ്ടും ഉടനെ കാണാം എന്നൊരു മൌനമായ ഉടമ്പടി മാത്രം.

ഔപചാരികതകള്‍ ഇല്ലാതെ പോയതാണ് ഇതിന്‍റെ വിജയം. അല്ലെങ്കിലും പ്രിയപ്പെട്ടവര്‍ തമ്മില്‍ കാണുമ്പോള്‍ എന്ത് ഔപചാരികത അല്ലേ. മാനാഞ്ചിറയിലെ കല്‍വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. അതൊരു വലിയ കൂട്ടായ്മയിലേക്കുള്ള തിരിനാളമാവണം....!














(കൂടുതല്‍ ചിത്രങ്ങള്‍ പലരും പോസ്റ്റ്‌ ചെയ്യും എന്നുകരുതുന്നു)