Sunday, August 12, 2012

പിണങ്ങിപോയ പൂക്കള്‍.



ഒരു പടിഞ്ഞാറന്‍ കാറ്റിനൊപ്പം ചെമ്പക പൂവിന്റെ നറുമണം വിരുന്നെത്തി. എവിടെ വിരിഞ്ഞ പൂവില്‍ നിന്നായിരിക്കണം എന്നെ ഓര്‍മ്മകളിലേക്ക് ഊളിയിടാന്‍ ഈ സുഗന്ധംഒഴുകി വന്നിരിക്കുക. വീടിന്‍റെ മുറ്റത്തൊരു ചെമ്പകം ഉണ്ടായിരുന്നു. നാട്ടില്‍ പോയപ്പോള്‍ അത് കാണാനില്ല മുറ്റത്ത്‌. വേര് വീട്ടിലേക്ക് ഇറങ്ങുന്നത് കാരണം മുറിച്ചു കളഞ്ഞെന്ന് ഉമ്മ പറഞ്ഞു. എനിക്ക് സങ്കടമായി. ത്രിശ്രൂരില്‍ ഒരു അധ്യാപക ക്യാമ്പ് കഴിഞ്ഞുവരുമ്പോള്‍ ഉപ്പ വാങ്ങികൊണ്ടുവന്നാതായിരുന്നു അത്. എന്നോടൊപ്പം ചെമ്പകവും വളര്‍ന്നു വലുതായി. ഉപ്പയെ പോലെ എനിക്കും ഒരുപാടിഷ്ട്ടമായിരുന്നു ആ ചെമ്പകം. എന്റെ വിവാഹത്തിന്റെ നാളുകളിലാണ്‌ ചെമ്പകവും ആദ്യമായി പൂവിട്ടത്. മധുവിധുവിന്റെ ഓര്‍മ്മകളില്‍ ആ ചെമ്പക പൂവിന്റെ സുഗന്ധം കൂടി കലര്‍ന്നതാകുമ്പോള്‍ അതിന്റെ വേര്‍പ്പാട് എനിക്കെങ്ങിനെ നൊമ്പരമാവാതിരിക്കും. ഉമ്മയോട് ഞാനത് മറച്ചുവെച്ചില്ല. ഞാനോര്‍ത്തു. ഉപ്പയുണ്ടായിരുന്നെങ്കില്‍ ഒരു അകാല മരണം അതിന് വിധിക്കില്ലായിരുന്നു.

അറുത്തു മാറ്റിയ ചെമ്പകത്തിനോടൊപ്പം പിണങ്ങി പോയ പൂക്കളെ കുറിച്ചും അന്വേഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അസര്‍മുല്ല പൂവെന്ന് ഞങ്ങള്‍ ഇഷ്ടത്തോടെ വിളിച്ചിരുന്ന കൊച്ചു സുന്ദരി പൂക്കളെ ഇപ്പോള്‍ കാണാനേയില്ല. നാലുമണിക്ക് വിരിഞ്ഞ് , ഇളം കാറ്റില്‍ കൊഞ്ചികുഴഞ്ഞ് , നിഷ്കളങ്കമായ പുഞ്ചിരിയോടെ മുറ്റത്ത്‌ നിറഞ്ഞു നിന്നിരുന്ന ഈ സുന്ദരിപൂവുകള്‍ പിണങ്ങിപോയത് ആരോടായിരിക്കും. എനിക്കുറപ്പാണ് എന്നോടവര്‍ പിണങ്ങില്ലെന്ന്. വെള്ളമൊഴിക്കാനും തൊട്ടു തലോടാനുംഅവരോടൊപ്പം ഞാനെന്നുമുണ്ടായിരുന്നു . അവര്‍ക്ക് പിണക്കം പുതിയ കാലത്തോടും ജീവിത രീതിയോടുമായിരിക്കണം. പക്ഷെ വീണ്ടും എന്റെ വീടിന്റെ മുറ്റത്ത്‌ ആ കുസൃതി ചിരിയുമായി അവര്‍ വിരിഞ്ഞു നില്‍ക്കുന്നത് കാണാന്‍ എനിക്ക് കൊതിയായി.




" അയ്യോ.. നീയൊരു തൊട്ടാവാടി തന്നെ". പലപ്പോഴും പറയാറില്ലേ നമ്മള്‍. ഈ തോട്ടാവാടിയെ തേടി പറമ്പ് മുഴുവന്‍ കറങ്ങുകയാണ് ഞാന്‍ . അവരും പിണക്കത്തിലാണ്. എന്തുപറ്റി ഇവര്‍ക്കൊക്കെ. ദേ.. ആ മൂലയില്‍ ആരോടും കൂട്ടില്ലാതെ ഇരിക്കുന്നു . ഞാന്‍ അടുത്ത് ചെന്നു തൊട്ടപ്പോള്‍ തന്നെ പരിഭവം കൊണ്ട് അവള്‍ വാടി. കൂട്ടുകാരാരും ഇല്ലാതെ ഒറ്റക്കിരിക്കുന്നതിന്റെ വിഷമം മാത്രമല്ല. നല്ല കാലത്തും ഞങ്ങളെ ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്ന പരാതിയും പറഞ്ഞു. പക്ഷെ ഞാന്‍ വന്നു കണ്ട സന്തോഷത്തില്‍ അവള്‍ വീണ്ടും ഉഷാറായി. ഞാനൊരു മുത്തം കൊടുത്തു. നാണത്താല്‍ അവള്‍ വീണ്ടും വാടി.



ആ വരിക്കപ്ലാവിന്റെ അടുത്തേക്ക് പോവാം. കുറെ തുമ്പ പൂക്കളുണ്ടാവും അതിനു ചുറ്റും. വരിക്കപ്ലാവിനോട് ഞാന്‍ പണ്ടേ പിണങ്ങിയതാ. ഒരു ദയയും ഇല്ലാതെയല്ലേ എന്നെ പണ്ട് താഴെയിട്ടത്. കളിക്കൂട്ടുകാരായ സുന്ദരി പെണ്‍കുട്ടികളുടെ ഇടയില്‍ ആളാവാന്‍ വലിഞ്ഞുകയറിയ കൊച്ചു കുട്ടിയാണ് എന്നുപോലും ഓര്‍ത്തില്ലല്ലോ അന്ന്. ദാസന്‍ ഗുരിക്കള്‍ എത്ര ഉഴിഞ്ഞിട്ടാ എന്റെ കൈ നേരെ ആയത്. എത്ര വേദനയാ ഞാന്‍ സഹിച്ചത്. നിന്റെ പ്രായമോര്‍ത്തും , പിന്നെ തേനൂറുന്ന വരിക്ക ചക്ക ഞാന്‍ വരുമ്പോഴൊക്കെ തരുന്നത് കൊണ്ടും അതെല്ലാം ഞാനങ്ങു ക്ഷമിച്ചിരിക്കുന്നു. പക്ഷെ ഞാന്‍ നിന്നെ നോക്കാനേല്‍പ്പിച്ച തുമ്പപൂക്കളെവിടെ. ഒരാളെ പോലും കാണാനില്ലല്ലോ. കാലില്‍ ആരോ ഇക്കിളിയിടുന്നു. നോക്കിയപ്പോള്‍ എന്നെ തലോടിക്കൊണ്ട് നില്‍ക്കുന്നു ഒരു തുമ്പ ചെടി. നിങ്ങളും പിണങ്ങിയോ എന്നോട്. വരുമ്പോഴൊക്കെ ഞാനെത്താറില്ലേ നിങ്ങളുടെ ക്ഷേമവും അന്വേഷിച്ച് . നിങ്ങളില്ലാതെ ഓണമുണ്ടായിട്ടുണ്ടോ എനിക്ക്. പിന്നെയെന്താ ഞാന്‍ വരുമെന്നറിഞ്ഞിട്ടുംഎന്നെ വരവേല്‍ക്കാന്‍ കൂട്ടുകാരികള്‍ ആരും കൂടെ വന്നില്ല.. പിണക്കം മാറി അവരെ കണ്ടതും ഇല്ലല്ലോ .



ഉമ്മാന്റെ തറവാടിന്റെ മുറ്റത്ത്‌ വലിയൊരു പൂമരം ഉണ്ടായിരുന്നു. പൂമരം എന്ന് തന്നെയാണ് ഞങ്ങള്‍ വിളിച്ചിരുന്നത്‌. വേറെ പേരുണ്ടോ എന്നറിയില്ല. അത് പൂത്തുകഴിഞ്ഞാല്‍ പിന്നെ ഇലകള്‍ കാണില്ല. മരം നിറയെ പൂക്കള്‍. കൊഴിഞ്ഞുവീണ പൂക്കള്‍ കൊണ്ട് മരത്തിന് താഴെ വലിയൊരു പൂക്കളം തന്നെയുണ്ടാകും. അതിന്റെ ചുവട്ടിലിരുന്ന് കളിക്കുന്നത് എന്ത് ഹരമായിരുന്നു. വേനലവധിക്ക് ഉമ്മാന്റെ വീട്ടിലേക്ക് ഓടിയെത്തുമ്പോള്‍ ആദ്യം കാണുക പൂത്തുലഞ്ഞു സുന്ദരിയായി തലയെടുപ്പോടെ നില്‍ക്കുന്ന ഈ പൂമരമാണ്. അല്ലെങ്കില്‍ ഞങ്ങളുടെ അവധിക്കാലവും കാത്തിരിക്കുകയാണോ ഇത് പൂത്തുലയാന്‍ എന്നും തോന്നിപ്പോകും . കാലത്തിന്റെ ചുഴിയില്‍ പെട്ട് അതും അപ്രത്യക്ഷമായി. ഇന്നും ആ തറവാട്ടിലേക്കെത്തുമ്പോള്‍ ഞാന്‍ അറിയാതെ ആഗ്രഹിച്ചുപോകും ഒരിക്കല്‍ കൂടി ആ പൂമരമൊന്നു കണ്ടെങ്കിലെന്ന്.

ഗ്രാമക്കാഴ്ച്ചകളുടെ സൗന്ദര്യമാണ് കോളാമ്പിപൂക്കള്‍. പക്ഷെ ചുരുക്കമെങ്കിലും പറ്റെ കൈവിട്ടുപോയിട്ടില്ല ഇവര്‍. വേലിക്കിടയിലും പടിപ്പുരയിലും ഇവ പൂത്തുനില്‍ക്കുന്നത്
കാണാന്‍ എന്ത് ഭംഗിയാണ്. എന്റെ മനസ്സിലെ മഞ്ഞ നിറം കോളാമ്പിപൂക്കളാണ്. പക്ഷെ എത്രനാള്‍..? കുറെ കഴിയുമ്പോള്‍ ഇവരെയും തേടി നടക്കേണ്ടി വരും. പിന്നെയുമുണ്ട് കുറെ തേടി അലയാന്‍ . മാങ്ങാപുല്ല്. കയ്യില്‍ പിടിച്ചു തിരുമ്മിയാല്‍ മാങ്ങയുടെ മണം. പൊട്ടിക്ക, തവര ചെടി , ഇങ്ങിനെ ബാല്യത്തില്‍ നമ്മളറിഞ്ഞ വര്‍ണ്ണങ്ങള്‍. പലതിന്റെയും പേര് തന്നെ മറന്നു പോയി. വെറുതെയല്ല ഇവരെല്ലാം പിണങ്ങിപോയത്. പക്ഷെ സീനിയയും ഡാലിയയുമൊക്കെ ഇപ്പോഴും നിത്യ യൌവനങ്ങളായി ബാക്കിയുണ്ട്. നന്ദ്യാര്‍വട്ടവും തെച്ചിപ്പൂക്കളുമൊക്കെ എന്നെ കാത്ത് ഇപ്പോഴും ഇരിപ്പുണ്ട്. ഇനിയിപ്പോള്‍ ഇവരെ പ്രണയിക്കാം.

(ചിത്രങ്ങള്‍ എല്ലാം ഗൂഗിളില്‍ നിന്ന്)

Thursday, June 21, 2012

കാടിനെ ധ്യാനിച്ച്‌ ഗവിയിലേക്ക്



ഈയടുത്തക്കാലത്തായി ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായിരിക്കും “ഗവി”. ഏകദേശം അഞ്ചോളം ലേഖനങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വായിച്ചിട്ടുണ്ട് ഗവിയെ പറ്റി. “ഓര്‍ഡിനറി” എന്ന സിനിമയാണ് ഗവിയുടെ തിരുത്തി എഴുതപ്പെട്ട ജാതകത്തിന് പിന്നില്‍ എന്ന് അവിടെ കണ്ടു മുട്ടിയ സന്ദര്‍ശകരില്‍ നിന്നും മനസ്സിലാകാന്‍ പറ്റി. ഈ സ്ഥലം നിങ്ങള്‍ കണ്ടിരിക്കണം എന്ന് പറയാതെ പറഞ്ഞിരിക്കണം ആ സിനിമ. കാരണം ആ സിനിമ ഇറങ്ങിയതിനു ശേഷം സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ ഉണ്ടായിട്ടുണ്ട് ഇവിടേയ്ക്ക്. ഇവരെല്ലാം ഗവി ആസ്വദിച്ചിരിക്കാം ഇല്ലായിരിക്കാം . പക്ഷെ എരുമേലി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ശ്രീ. ബേബി ജോണ്‍ പറയുന്നത് , ഈ സന്ദര്‍ശകരുടെ ബാഹുല്യം ഏറ്റവും കൂടുതല്‍ ബാധിച്ചതും ബാധിക്കാന്‍ പോകുന്നതും ഇവിടത്തെ പ്രകൃതിയെ ആണ്. യാത്രയിലുടനീളം വഴിയരികിലും , കാട്ടരുവികളുടെ തീരത്തും മരച്ചുവട്ടിലും എല്ലാം കാണുന്നത് വലിച്ചെറിയപ്പെട്ട മദ്യ കുപ്പികളും മറ്റു മാലിന്യങ്ങളുമാണ്. . ആഘോഷ തിമിര്‍പ്പിന്‍റെ അവശിഷ്ടങ്ങള്‍ ഏറ്റു മുറിവേറ്റ പ്രകൃതി ഇങ്ങിനെ വിളിച്ചു പറയുന്നത് കേള്‍ക്കാം. ” എന്നെ ആസ്വദിച്ചോളൂ.. ഉപദ്രവിക്കരുതേ ” എന്ന് . ആഘോഷങ്ങള്‍ക്ക് മാത്രമായി കാടുകയറി പ്രകൃതിയെ ഇങ്ങിനെ ബലാല്‍സംഘം ചെയ്യുന്നവരോട് നിയമം അല്‍പം കൂടി ഗൗരവമായി ഇടപെട്ടേ പറ്റൂ എന്നൊരു അപേക്ഷ കൂടി ഈ കുറിപ്പിനൊപ്പം വെക്കുന്നു.
ഇന്ത്യയില്‍ ഏറ്റവും ശക്തവും കണിശവുമായ നിയമങ്ങള്‍ ഉള്ളത് പരിസ്ഥിതി വകുപ്പിനാണ് എന്ന് പറയപ്പെടുന്നു. ലക്ഷ കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ശബരി മല റോഡ്‌ വികസനം പോലും വനം ഭൂമി വിട്ട് കിട്ടാതെ നിയമ കുരുക്കില്‍ പെട്ട് നില്‍ക്കുന്നു. എങ്കില്‍ അതേ കണിശമായ നിയമങ്ങള്‍ ഇങ്ങിനെ പ്രകൃതിയോട് എട്ടുമുട്ടുന്നവരോടും സ്വീകരിച്ചേ മതിയാവൂ. കഴിഞ്ഞ ആഴ്ച വന്ന വാര്‍ത്തയില്‍ പറയുന്നു ഗവിയിലേക്ക് സന്ദര്‍ശകരെ നിയന്ത്രിച്ചു എന്ന്. നിയന്ത്രിക്കേണ്ടത് സന്ദര്‍ശകരെ അല്ല , അവരില്‍ ചിലരുടെ നടപടികളെ ആണ്. ചുരുങ്ങിയത് അഞ്ചു ചെക്ക് പോസ്റ്റുകള്‍ എങ്കിലും ഉണ്ട് ഗവിയിലേക്ക് എത്തുന്നതിനു മുമ്പായിട്ട്. മൂഴിയാര്‍ ഡാം ചെക്ക് പോസ്റ്റില്‍ വിശദമായ പരിശോധന തന്നെയുണ്ട്‌. എന്നിട്ടും മദ്യ കുപ്പികള്‍
വനത്തിനകത്തേക്ക് എത്തിപ്പെടുന്നു എങ്കില്‍ ഈ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ അപാകതയുണ്ട് എന്ന് വേണം കരുതാന്‍. പ്രകൃതിയോടുള്ള സ്നേഹമാണ് ഇത്തരം നിയന്ത്രണങ്ങള്‍ക്ക് പിന്നിലെങ്കില്‍ അതില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ടത് മദ്യ നിരോധനം ആണ്. കര്‍ണാടകയിലേയോ തമിഴ്നാട്ടിലേയോ വനത്തിലേക്ക് കടക്കുമ്പോള്‍ ശക്തമായ നിയന്ത്രണമാണ് ഉള്ളത്. ഒരു ബിസ്കറ്റിന്‍റെ പാക്കറ്റ് പോലും പൊളിച്ച് കവര്‍ ഒഴിവാക്കിയേ അവര്‍ അകത്തേക്ക് കടത്തി വിടൂ. ഇവിടെ മദ്യത്തിന്‍റെയും മയക്കു മരുന്നിന്‍റെയും ലഹരിയില്‍ മനുഷ്യന്‍റെ നിലവിളി പോലും കേള്‍ക്കാത്തവര്‍ എങ്ങിനെ പ്രകൃതിയുടെ നിലവിളി കേള്‍ക്കും…?

ഗവിയിലേക്ക്
കോട്ടയം വരെ ട്രെയിനിലും അവിടന്ന് എരുമേലി കുമളി കാഞ്ഞിരപ്പള്ളി വഴി ഗവിയിലേക്ക് എത്തിപ്പെടുന്നതുമാണ് ഞങ്ങളുടെ യാത്രാ പരിപാടി, സുഹൃത്തുക്കളായ മുണ്ടക്കയം സ്വദേശികള്‍ ജോമോനും സഹോദരന്‍ മാത്തുക്കുട്ടിയും പിന്നെ പൂഞ്ഞാര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി റെജിയും ഞങ്ങളെ കാത്ത് നില്‍പ്പുണ്ടായിരുന്നു. കൂടെ എല്ലാ സഹായവും ചെയ്ത് തന്ന് എരുമേലി ഡെപ്യൂട്ടി റെയ്ഞ്ചാര്‍ ബേബി ജോണ്‍ സാറും ഉണ്ടായിരുന്നു ഞങ്ങളോടൊപ്പം . നന്ദി ഏറെയുണ്ട്‌ ഓഫീസര്‍ , നിങ്ങള്‍ ചെയ്തു തന്ന സഹായത്തിന്‌.



ഞങ്ങളുടെ വരവിന് നന്നായി ഒരുങ്ങിയിട്ടുണ്ട് ജോമോനും കൂട്ടരും. ഒരു ചെമ്പ് നിറയെ ദമ്മിട്ട ചിക്കന്‍ ബിരിയാണി, കപ്പ പുഴുങ്ങിയതും നല്ല കാ‍ന്താരി ചമ്മന്തിയും , പഴവര്‍ഗങ്ങള്‍, പിന്നെ വെള്ളവും എല്ലാം കൂടെ കരുതിയിട്ടുണ്ട്. കാടിനകത്തൂടെ കുറെ യാത്ര ചെയ്യണം ഗവിയിലേക്ക്. ഉച്ച ഭക്ഷണത്തിന് സമയമായി. പെന്‍ സ്റ്റോക്ക് പൈപ്പുകള്‍ക്ക് മീതെ പാലത്തില്‍ വെച്ചു ബിരിയാണിയുടെ ദമ്മു പൊട്ടിച്ചു. പിന്നൊന്നും ഓര്‍മ്മയില്ല. ഭക്ഷണത്തിന് ശേഷം കമാണ്ടര്‍ ജീപ്പ് വീണ്ടും ആനച്ചൂര് മണക്കുന്ന കാട്ടു വഴിയിലൂടെ നുഴഞ്ഞുകയറി. ദുര്‍ഘടമായ ഈ വഴികളിലൂടെ അനായാസകരമായി നീങ്ങാന്‍ ജീപ്പ് തന്നെ നല്ല വാഹനം. കാടിന്‍റെ സൌന്ദര്യം നന്നായി ആസ്വദിച്ചു ഞങ്ങളും അച്ചായന്‍ കത്തികളുമായി യാത്രയെ സജീവമാക്കി മാത്തുക്കുട്ടി വാഹനം ഓടിക്കുന്നു. കോണ്‍ഗ്രസ് അനുഭാവി എങ്കിലും പീ സി ജോര്‍ജ്ജിന്‍റെ ആരാധകന്‍ ആണ് മാത്തുക്കുട്ടി.



നാല് ഡാം രിസര്‍വോയിറുകള്‍ ഗവിയിലേക്ക് എത്തുന്നതിനു മുമ്പ് കാണാം. മൂഴിയാര്‍ ഡാം, ആനത്തോട് ഡാം, കാക്കി ഡാം, പമ്പ ഡാം . എല്ലാം ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക് റ്റിന്‍റെ ഭാഗമായി ഉള്ളത്. ഇതില്‍ കാക്കി ഡാമും പരിസരവും ആണ് ഏറ്റവും മനോഹരമായിട്ടുള്ളത്. കുത്തനെ നില്‍ക്കുന്ന പാറകള്‍ക്കിടയില്‍ വലിയ കരിങ്കല്‍ തൂണുകള്‍ സ്ഥാപിച്ചു അതുവഴി റെയില്‍ സംവിധാനവും ക്രെയിനും കൊണ്ടുവന്നാണ് ജോലി പൂര്‍ത്തിയാക്കിയത്. ആ സമര്‍പ്പണത്തിന്‍റെ അടയാളമെന്നോണം ഇപ്പോഴും ആ തൂണുകള്‍ കാട് മൂടി കിടപ്പുണ്ട് ഇവിടെ. എങ്ങിനെ അതവിടെ ഉണ്ടാക്കി എന്ന ചോദ്യം ഡാം തന്നെ പണിതില്ലേ എന്ന ഉത്തരത്തില്‍ തട്ടി നില്‍ക്കും. പൊന്നാപ്പുരം കോട്ട എന്ന സിനിമയുടെ ഷൂട്ടിംഗ് ഇവിടെ വെച്ചാണ് നടന്നത്. പക്ഷെ ഈയടുത്ത് ഒരു മലയാള പത്രത്തില്‍ ഗവിയെ പറ്റി വായിച്ച റിപ്പോര്‍ട്ടില്‍ ആ സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി സെറ്റ് ഇട്ടതാണ് ഈ തൂണുകള്‍ എന്ന് കണ്ടു. തെറ്റാണ് അത് എന്ന് ഇവിടത്തെ കാവല്‍ക്കാര്‍ പറയുന്നു. കൃത്രിമമായ ഈ തടാകത്തില്‍ ബോട്ടിംഗ് ഉണ്ട്. പക്ഷെ പൊതുജങ്ങള്‍ക്ക് തുറന്നു കൊടുത്തിട്ടില്ല. ചുറ്റും കൊടും കാടുകളും ഈ ജലാശയവും ഡാമും മതി മറക്കുന്ന ഒരു കാഴ്ച തന്നെ.

പക്ഷെ ഇവിടെ എന്നെ ആകര്‍ഷിച്ച കാഴ്ച മറ്റൊന്നാണ്. 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്‌. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ്‌ . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. ഇന്നും യാത്ര ദുര്‍ഘടമായ വഴികള്‍ താണ്ടി അദ്ദേഹം ഇവിടെയെത്തിപ്പെടാന്‍ നന്നായി ബുദ്ധിമുട്ടി കാണണം. ഫോട്ടോഗ്രാഫി നിരോധിച്ചത് കാരണം അതിന്‍റെ ചിത്രം എടുക്കാന്‍ പറ്റിയില്ല. എന്‍റെ ആദര്‍ശം മറ്റൊന്നെങ്കിലും ഇതൊക്കെ കാണുന്നത് സന്തോഷകരം തന്നെ.



കാക്കി ഡാം കഴിഞ്ഞാല്‍ വീണ്ടും വനപാത തന്നെ. റോഡരികില്‍ എല്ലാം ഈറ്റ വെട്ടി കെട്ടി വെച്ചിട്ടുണ്ട്. മേലെ ആദിവാസികളുടെ കുടിലുകള്‍ കാണാം. പാറകള്‍ക്കും മരത്തിനും ഇടയില്‍ കെട്ടി കൂട്ടിയ ചെറിയ സങ്കേതങ്ങള്‍. ഒരാള്‍ക്ക്‌ പോലും നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്ത ഇതിനകത്ത് എങ്ങിനെ മൂന്നു നാലാളുകള്‍ താമസിക്കുന്നു. കാറ്റിനെയും മഴയേയും കാട്ടു മൃഗങ്ങളെയും അതിജീവിച്ചു ഇവരെങ്ങിനെ ഇവിടെ ജീവിക്കുന്നു എന്ന ചോദ്യം പ്രസക്തമല്ല. ദൈവം ഓരോരുത്തര്‍ക്കും അവരുടെ സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള പ്രത്യേകത നല്‍കിയിരിക്കണം.
“മല പണ്ടാരങ്ങള്‍” എന്ന ആദിവാസി വിഭാഗം ആണിവര്‍. നല്ല കാട്ടുതേന്‍ കിട്ടും എന്നറിഞ്ഞു ഞങ്ങള്‍ അവരുടെ കുടിലിലേക്ക് കയറി ചെന്നു. മുളയുടെ കുറ്റികളില്‍ ശേഖരിച്ചു വെച്ച തേന്‍ രുചി നോക്കിയപ്പോള്‍ തന്നെ മനസ്സിലായി മേന്മ. ഒട്ടും മായം ഇല്ലാത്തത്. തേനീച്ച കൂടിന്റെ അവശിഷ്ടങ്ങള്‍ വരെ ഉണ്ട് അതില്‍. ലിറ്ററിന് നാനൂറു രൂപ വെച്ചാണ് ഇവര്‍ വില്‍ക്കുന്നത്. വില പേശിയപ്പോള്‍ രണ്ട് ലിറ്റര്‍ മുന്നൂറു രൂപയ്ക്കു തന്നു. കാലത്ത് തേന്‍ ചൂട് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ തടി കുറയുമത്രെ. ഭക്ഷണം കുറയ്ക്കാതെ തടി കുറയുമെങ്കില്‍ പരീക്ഷണം ഈ കാട്ടുതേനില്‍ ആക്കണം. നാട്ടിലെത്തട്ടെ.

വഴിയില്‍ ഇറങ്ങിയും വിശ്രമിച്ചും യാത്ര തുടരുകയാണ്. ഇപ്പോള്‍ എക്കോ പാറ എന്ന് വിളിക്കുന്ന സ്ഥലത്താണ്. കാക്കി ഡാമിന് വേണ്ടി പാറ പൊട്ടിച്ച സ്ഥലം ആണിത്. ഉറക്കെ കൂവിയാല്‍ ശബ്ദം പ്രതിധ്വനിക്കുന്നത് കാരണം ആണ് ഈ പേര് വീണത്‌. കപ്പയും കാന്താരി മുളകും കഴിക്കാന്‍ ഈ സ്ഥലം ആണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. കോട്ടയംക്കാരുടെ കാ‍ന്താരി ചമ്മന്തിയുടെ എരുവ് ഇപ്പോഴും പോയിട്ടില്ല നാവില്‍ നിന്നും. അത്രക്കും രുചിയും ഉണ്ട്. യാത്രയില്‍ എല്ലാര്‍ക്കും ഒരേ സ്വരത്തില്‍ സംസാരിക്കാന്‍ പറ്റുന്നത് ഭക്ഷണക്കാര്യത്തില്‍ ആണ്.
വഴിയരികില്‍ കാഴ്ചകള്‍ ആസ്വദിച്ച് പതുക്കെ നീങ്ങുന്നത്‌ കാരണം ഗവിയിലെക്കുള്ള ദൂരവും കൂടുന്നു. ഇന്ന് പച്ചക്കാനം എന്ന സ്ഥലത്ത് അന്തിയുറങ്ങി നാളെ ഗവിയിലേക്ക് പോവാനാണ് പരിപാടി. പച്ചക്കാനം വരെ കെ .എസ്‌. ആര്‍. ടി. സി . ബസ് സര്‍വീസ് ഉണ്ട്. കാലത്തും വൈകീട്ടും.



പക്ഷെ ഇതുവഴി ഗവിയിലേക്ക് വരുന്നവര്‍ കുറെ നടക്കേണ്ടി വരും അവിടെയെത്താന്‍. നല്ല ഭംഗിയുള്ള താഴ്വാരം ആണ് പച്ചക്കാനം. കെ. എസ്‌. ഈ. ബി. യുടെ ഒരു ചെറിയ കാന്റീന്‍ ഉണ്ട് ഇവിടെ. നേരത്തെ ഓര്‍ഡര്‍ കൊടുത്താല്‍ ഭക്ഷണം കിട്ടും. ഞങ്ങള്‍ താമസിക്കുന്നത് കെ. എസ്‌. ഈ. ബി. യുടെ “പമ്പ ഹൗസ്” എന്ന റസ്റ്റ്‌ ഹൗസിലാണ്. തിരുവനന്ദപുരം വൈദ്യുതി ഭവന്‍ മുഖേന ബുക്ക് ചെയ്‌താല്‍ ഇവിടെ താമസം കിട്ടും. മുറ്റത്ത്‌ നിന്നാല്‍ തൊട്ടു മുന്നില്‍ പമ്പ ഡാം ആണ്. അതി മനോഹരമായ സ്ഥലം. പക്ഷെ ഡാമിനടുത്തേക്ക്‌ പ്രവേശനം ഇല്ല. പക്ഷെ ഈ മുറ്റത്ത്‌ ഇരുന്നാല്‍ തന്നെ സ്വയം മറന്നു പോകും. കാടിന് നടുവില്‍ പമ്പ ഹൌസും, ഡാമും ജലാശയവും എല്ലാം കൂടി മൂഡിലേക്ക് എത്തിക്കും .


. ചെറിയ വിശ്രമത്തിന് ശേഷം ഞങ്ങള്‍ നടന്നു താഴെ വന്നു. ചായ ചോദിച്ചപ്പോള്‍ കരിംചായ മാത്രമേ ഉള്ളൂ എന്നായി . അതെന്ത് എന്ന രീതിയില്‍ എല്ലാരും മുഖത്തോട് മുഖം നോക്കി. ഇനി കരിംകുരങ്ങ് രസായനം പോലെ വല്ല സാധനവും ആയിരിക്കുമോ? സംഗതി വന്നപ്പോള്‍ എല്ലാവരിലും ചിരി ആയി. വൈക്കം മുഹമ്മദ്‌ ബഷീര്‍ പ്രസിദ്ധമാക്കിയ സുലൈമാനി എന്ന കട്ടന്‍ ചായ തന്നെ. അതോടെ ഇടയ്ക്കിടയ്ക്ക് ഒരു കരിംചായ എന്ന് പറഞ്ഞു വാങ്ങിക്കുന്നത് രസകരമാക്കി. പച്ചക്കാനത്ത് ഇടയ്ക്കിടെ കടുവ ആക്രമണം ഉണ്ടാവാറുണ്ട് എന്ന് ബേബി ജോണ്‍ സാര്‍ ഓര്‍മ്മപ്പെടുത്തി. പശുക്കളെ ഇടയ്ക്കിടയ്ക്ക് പിടിച്ചു കൊണ്ട് പോകുമത്രേ. അതോടെ ഇത്തിരി ഭയം കയറി. കാരണം താമസിക്കുന്ന പമ്പ ഹൗസിലേക്ക് കുറച്ച് ദൂരം നടന്നു വേണം പോകാന്‍. സമയം രാത്രിയും. ചുമ്മാ മനുഷ്യനെ പേടിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍. ഏതായാലും രാത്രി ഒരു ട്രെക്കിംഗ് നടത്തി. കാട് ഏറ്റവും ഭീതിയും രസകരവും ആവുന്നത് രാത്രിയില്‍ ആണ്. ഓരോ ഇലയനക്കവും ഉള്ളില്‍ നേരിയ ഒരു ഭീതി ഉണ്ടാക്കും. അപ്പോള്‍ പേടി തോന്നുമെങ്കിലും ഓര്‍ക്കാന്‍ രസമുള്ള അനുഭവം ആണത്. ഒരു കൊമ്പനെ വഴിയില്‍ കാണണേ എന്ന് ആഗ്രഹിക്കുന്നതോടൊപ്പം ഉള്ളിലെ ഭീതി കാണരുതേ എന്നും പറയുന്നുണ്ടാവും. ആ ത്രില്‍ തന്നെയാണ് ഇതിലെ രസവും. പക്ഷെ മാത്തുക്കുട്ടിയുടെ മുഖത്ത് ഒരു പേടിയും ഇല്ല. കാടിനെ കീറി മുറിച്ചു പാട്ടും പാടി കൂളായി ചെയ്യുന്നു . എനിക്കാണേല്‍ ആന മുന്നില്‍ വന്നു പെട്ടാല്‍ എന്ത് ചെയ്യും എന്ന് മാത്തുകുട്ടിയോട് ചോദിക്കാന്‍ പോലും ധൈര്യമില്ല.
നല്ല തണുപ്പും കോടമഞ്ഞും ഒക്കെ നിറഞ്ഞു നില്‍ക്കുന്ന പ്രഭാതം . പൂത്തു നില്‍ക്കുന്ന പല വര്‍ണ്ണത്തിലുള്ള വേലിച്ചെടികള്‍ സൂര്യ വെളിച്ചത്തില്‍ നന്നായി തിളങ്ങുന്നു. ലെന്റാന എന്ന് വിളിക്കുന്ന ഈ വേലിച്ചെടികള്‍ക്ക് ഒരു ഗൃഹാതുരത്വത്തിന്‍റെ മുഖവും മണവുമാണ്. സ്കൂളിന്‍റെ അരികില്‍, നമ്മള്‍ സഞ്ചരിച്ച നാട്ടു വഴികളില്‍ , മറ്റേതേലും ഗ്രാമത്തില്‍ എല്ലാം ചിരപരിചയക്കാരെ പോലെ ഇവ നമ്മളെ നോക്കി ചിരിക്കാറില്ലേ..? ഒരിക്കലും ഒരു അന്യതാ ബോധം നല്‍കില്ല ഇവ. നിത്യവും നമ്മള്‍ കാണുന്ന ഒരു സുഹൃത്തിനെ പോലെ തോന്നും ഈ കുഞ്ഞു പൂക്കളെ കാണുമ്പോള്‍. നിഷ്കളങ്കാരായ ഈ പൂക്കളെ വേലി ചെടികള്‍ എന്ന് പറഞ്ഞു മാറ്റി നിര്‍ത്തിയത് ആരാണ് ..?

നൂല്‍പ്പുട്ടും മുട്ടക്കറിയും പിന്നെ കരിംചായയും. ഇതാണ് പ്രഭാത ഭക്ഷണം . വന്നു നിന്ന കെ എസ്‌ ആര്‍ ടി സി ബസ്സില്‍ നിന്നും ഗവിയിലെക്കുള്ള യാത്രക്കാര്‍ ഇറങ്ങി. ഉച്ചയോടടുക്കും ഇവര്‍ നടന്നു അവിടെ എത്തുമ്പോള്‍. ഒരു വാഹനം പോലും കിട്ടില്ല . അതറിയാതെ വന്നു പെടുന്നവര്‍ ആകും. പക്ഷെ വണ്ടിപ്പെരിയാര്‍ വഴി വരുന്നവര്‍ക്ക് വാഹന സൗകര്യം കിട്ടുമെന്ന് തോന്നുന്നു. ആനച്ചൂര് അടിച്ചപ്പോള്‍ പേടിച്ചു വഴിയില്‍ നിന്ന രണ്ട് പേരെ ഞങ്ങളുടെ വണ്ടിയില്‍ കയറ്റി. തീര്‍ച്ചയായും അവര്‍ക്കത്‌ ആശ്വാസമായിക്കാണണം.
പെരിയാര്‍ വന്യ ജീവി സംരക്ഷണ വനത്തിന്‍റെ ഭാഗമാണ് ഗവി. സമൃദ്ധമായ കാടുകളാല്‍ ചുറ്റപ്പെട്ട പ്രദേശം. പ്രകൃതി അതിന്‍റെ എല്ലാ സൗന്ദര്യവും നല്‍കിയത് നമ്മുടെ കേരളത്തിനാണോ..? കേരളത്തിലെ മിക്ക സ്ഥലങ്ങള്‍ കാണുമ്പോഴും ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട് എന്ന് തോന്നും. ഗവിയും വിത്യസ്ഥമല്ല. നിബിഡ വനങ്ങള്‍ അതിരിടുന്ന തടാകത്തില്‍ ബോട്ടിംഗ് നടത്താം. പക്ഷെ പാക്കേജ് ടൂറിന്‍റെ ഭാഗമായി വരുന്നവര്‍ക്കെ അവിടേക്ക് പ്രവേശനം ഉള്ളൂ. അതൊരു കുറവ് തന്നെയാണ്. മറ്റു നിലയില്‍ എത്തിപ്പെടുന്നവര്‍ക്ക് ടിക്കറ്റ് വെച്ചെങ്കിലും അതിനടുത്തേക്ക് പ്രവേശനം അനുവദിക്കാമായിരുന്നു. അതുപോലെ തടാകത്തിനു അരികെയുള്ള ചുവന്ന മണ്ണുകള്‍ ചെറിയൊരു കൃത്രിമത്വം തോന്നിപ്പിക്കുന്നുണ്ട്. നന്നായി മതിലുകള്‍ കെട്ടി അതൊന്നു മോടി പിടിപ്പിക്കാമായിരുന്നു.



ഗവി എന്ന ചെറിയ സ്ഥലത്തേക്കാള്‍ ഇവിടേക്കുള്ള യാത്ര ആയിരിക്കും നമ്മെ കൂടുതല്‍ സന്തോഷിപ്പിക്കുക. കാരണം നിഗൂഡമായ കാട്ടു വഴികളിലൂടെ കാടിന്‍റെ സ്പന്ദനം അറിഞ്ഞു , കാട്ടു മൃഗങ്ങളോട് സല്ലപ്പിച്ചു , കാഴ്ചകള്‍ കണ്ടും ആസ്വദിച്ചും ഇങ്ങിനെ യാത്ര ചെയ്യുന്നത് സമാനതകളില്ലാത്ത അനുഭവം തന്നെ. ആ ആനന്ദത്തിനൊപ്പം പ്രകൃതി സമ്മാനമായി നല്‍കിയ മഴ ആ സന്തോഷത്തെ ഇരട്ടിയാക്കി. ഒരു മലയണ്ണാന്‍ ചിലച്ചു കൊണ്ട് മറ്റൊരു മരത്തിലേക്ക് ചാടി മറിഞ്ഞു. ഈ മഴ അവനെയും സന്തോഷിപ്പിച്ചിരിക്കണം.
ശബരി മല തീര്‍ഥാടനം ചെയ്യുന്നവര്‍ വാവര്‍ പള്ളിയില്‍ കയറിയിട്ടെ പോകൂ. അപ്പോഴേ അവരുടെ കര്‍മ്മം പൂര്‍ത്തിയാകൂ എന്നാണ് വിശ്വാസം. ഞങ്ങളും നടത്തിയത് ഒരു തീര്‍ത്ഥയാത്ര തന്നെ . പക്ഷെ പ്രകൃതിയിലേക്ക് ആണെന്ന് മാത്രം. യാത്ര അവസാനിക്കുന്നതിനു പകരം പള്ളിയില്‍ കയറിയാണ്‌ യാത്ര തുടങ്ങിയത്. എരുമേലി വന്നു പെട്ടപ്പോള്‍ മത സൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമായ ആ പള്ളിയും കണ്ടു എന്ന് മാത്രം. കോട്ടയം, പത്തനംത്തിട്ട , ഇടുക്കി , എന്നീ ജില്ലകളിലൂടെയുള്ള യാത്ര നല്ലൊരു അനുഭവം ആയിരുന്നു.



കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്നും ജനശതാബ്ദി എക്സ്പ്രസ്സില്‍ കോഴിക്കോട്ടേക്ക് കയറുമ്പോള്‍ മനസ്സ് നിറയെ സന്തോഷമുണ്ട്. ഒരു തീര്‍ഥാടനം നടത്തിയ സുഖം. പ്രകൃതി ഒരുക്കിയ കാഴ്ച്ചകള്‍, വാര്‍ത്തകളില്‍ വായിച്ചറിഞ്ഞ സ്ഥലങ്ങള്‍, ജോമോനും മാത്തുക്കുട്ടിയും സുഹൃത്തുക്കളും നല്‍കിയ ഊഷ്മളമായ ആഥിത്യം അങ്ങിനെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ഹൃദ്യമായ രണ്ട് ദിവസങ്ങള്‍. അവധിക്കാലങ്ങള്‍ സന്തോഷകരമാവുന്നത് ഇങ്ങിനെയൊക്കെയാണ്. പുതിയ ദേശങ്ങള്‍ കാഴ്ച്ചകള്‍ , സ്നേഹം കോരി ചൊരിയുന്ന സുഹൃത്തുക്കള്‍. ഇവരെ, ഈ കാഴ്ചകളെ ഞാനെന്റെ സന്തോഷങ്ങളുടെ പുസ്തകത്തിലേക്ക് എഴുതി ചേര്‍ക്കുന്നു. ഇടയ്ക്കിടയ്ക്ക് എടുത്ത് പൊടിപിടിക്കാതെ മറിച്ചുനോക്കാന്‍.













Friday, June 8, 2012

ലൈല ഉറങ്ങുന്ന മണ്ണില്‍



മുഹമ്മദ്‌ അസദിന്‍റെ "റോഡ്‌ റ്റു മക്ക " എന്ന പുസ്തകമാവണം മരുഭൂമിയെ കുറിച്ച് ഏറ്റവും മനോഹരമായി പറഞ്ഞിട്ടുണ്ടാവുക. ഇന്നും ലോകത്തിന്‍റെ പ്രിയപ്പെട്ട വായനയില്‍ ആ പുസ്തകമുണ്ട്. പക്ഷെ മരുഭൂമിയുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെന്ന് അതിന്‍റെ ഹൃദയ മിടിപ്പിന്‍റെ താളവും ഭാവവും തുറന്നു കാണിക്കുന്ന ഒരു കൃതിയെ സന്തോഷപൂര്‍വ്വം പരിചയപ്പെടുത്തട്ടെ..

ശ്രീ . മുസഫര്‍ അഹമ്മദിന്‍റെ " മരുഭൂമിയുടെ ആത്മകഥ " എന്ന യാത്രാ വിവരണ ഗ്രന്ഥം വായനയില്‍ ലഹരിയായി പടര്‍ന്ന രണ്ട് ദിവസങ്ങള്‍ ആയിരുന്നു കഴിഞ്ഞു പോയത്. അതായത് മരുഭൂമി ഒരേ സമയം വിസ്മയവും വിഭ്രമവും ആകുന്ന അവസ്ഥകളെ വായനയില്‍ പിന്തുടര്‍ന്ന അനുഭവം. പേരിനെ അന്വര്‍ത്ഥമാക്കും വിധം മരുഭൂമിയുടെ ആത്മകഥ എഴുതുക തന്നെയാണ് ഇവിടെ മുസഫര്‍ ചെയ്തിരിക്കുന്നത്. സൗദി അറേബ്യയിലെ വിശാലമായ മരുക്കാടുകളില്‍ അലഞ്ഞ്, ആ മണല്‍ക്കാറ്റില്‍ പൊടിപിടിച്ചു പോയ ചരിത്ര സത്യങ്ങളെ ഊതി വെളുപ്പിച്ച് അക്ഷരങ്ങളാക്കി ഹൃദ്യമായ ഒരു വായന ഒരുക്കിയതില്‍ മുസഫര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

ലൈല മജ്നു എന്ന അനശ്വരമായ അറബ് - പേര്‍ഷ്യന്‍ പ്രണയ കാവ്യത്തെ കുറിച്ച് നമ്മള്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ കഥയുടെ പിന്നാമ്പുറത്തേക്ക് ഒരന്യോഷണം നടത്തിയിട്ടുണ്ടോ. ഇല്ലായിരിക്കാം. ലൈല അഫ് ലാജ് എന്ന മരുഭൂമിയില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ കഥയാണത്. ലൈല രാജകുമാരി ആയിരുന്നെന്നും ഗ്രാമമുഖ്യന്‍റെ മകള്‍ ആയിരുന്നു എന്നുമൊക്കെ നാട്ടുക്കാര്‍ക്കിടയില്‍ അഭിപ്രായംണ്ട്. അതുപോലെ മജ്നു പേര്‍ഷ്യനോ മിസ്‌രിയോ ആയിരുന്നു എന്നുമൊക്കെ സംസാരമുണ്ട്. പക്ഷെ അവരുടെ പ്രണയം സത്യമായിരുന്നു. ലൈലയെ നഷ്ടപ്പെട്ട ഖയസ് മരുഭൂമിയിലൂടെ അലഞ്ഞു ഭ്രാന്തനായി എന്നാണ് പറയപ്പെടുന്നത്‌. ആ അര്‍ത്ഥത്തിലാവണം ഭ്രാന്തന്‍ എന്ന അറബി പദമായ മജ്നൂന്‍ എന്ന പേര് വന്നതും പിന്നെ മജ്നു ആയി തീര്‍ന്നതും. മുസഫര്‍ പറയുന്ന പോലെ , കഥാപാത്രങ്ങളെ നിര്‍മ്മിച്ച , എഴുതിയ ദേശങ്ങളുണ്ട്. എന്നാല്‍ ഒരു കഥാപാത്രത്തിന്‍റെ പേരില്‍ നില നില്‍ക്കുന്ന ഏക നാട് ലൈല അഫ് ലാജ് മാത്രമായിരിക്കും. വറ്റിപ്പോയ ഒരു പുഴയുണ്ട് ഇവിടെ. ലൈല കുളിക്കാന്‍ വന്നിരുന്നു എന്ന് പറയുന്ന ലൈലാക്കുളം എന്ന വിളിപ്പേരുള്ള പുഴ. ഇരുപതു വര്‍ഷം മുമ്പ് വരെ ഈ പുഴ ഒഴുകിയിരുന്നു .മലയാളികള്‍ അടക്കമുളവര്‍ ഇവിടെ കുളിക്കാന്‍ വന്നിരുന്നു എന്നും പറയുന്നു. ലൈലയുടെയും മജ്നുവിന്‍റെയും ദുരന്തമായ പ്രണയത്തിന്‍റെ ഓര്‍മ്മകളില്‍ കരഞ്ഞ് കരഞ്ഞ് കണ്ണുനീര്‍ വറ്റിയായിരിക്കുമോ ഈ പുഴയും വരണ്ടുണങ്ങിയത്...? തിരിച്ച് വരുന്ന വഴിയില്‍ താഴ്വരയില്‍ കുറെ കബറുകള്‍ കാണുന്നു. "അതിലൊന്നില്‍ ലൈല ഉറങ്ങുന്നുണ്ടാവുമോ " എന്ന് മുസഫര്‍ ചോദിക്കുമ്പോള്‍ മനസ്സ് പിടയുന്നു. ശരിക്കും ഈ ചോദ്യം മുതല്‍ വായിച്ചു തുടങ്ങണം ലൈല മജുനു എന്ന പ്രണയ കാവ്യം എന്ന് തോന്നുന്നു.

മരുഭൂമിയുടെ പരപ്പിലൂടെ ഞാനും നടന്നിട്ടുണ്ട്. നബിയുടെ കാലത്തെ യുദ്ധങ്ങളും, ഉമര്‍ മുഖ്താറിന്‍റെ പോരാട്ടങ്ങളും, ആൽക്കെമിസ്റ്റും തുടങ്ങി ചെറുപ്പത്തില്‍ വല്ല്യുമ്മ പറഞ്ഞു തന്ന കഥകള്‍ വരെ ഇവിടിരുന്നു ഓര്‍ത്തെടുത്തിട്ടും ഉണ്ട്. പക്ഷെ മരുഭൂമിയിലെ ഒരു രാത്രി എന്ന സ്വപ്നം ഇതുവരെ സാധ്യമായിട്ടില്ല. " നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ച്ചെടികള്‍ " എന്ന അദ്ധ്യായം അതുകൊണ്ട് തന്നെ അസൂയയും ആവേശവും ഉണ്ടാക്കുന്നു. ഈ അധ്യായത്തിന്‍റെ സൗന്ദര്യത്തിലേക്ക് ഞാന്‍ മുസഫറിന്‍റെ വരികള്‍ തന്നെ പരിചയപ്പെടുത്താം.
"പൂര്‍ണ നിലാവില്‍ എന്നിലേക്ക്‌ വരൂ എന്ന് മാദകമായി മരുഭൂമി ക്ഷണിച്ച ഒരു രാത്രി ഇന്നും കോരിത്തരിപ്പിക്കുന്നു. മരുഭൂമിയിലെ കള്ളിമുള്‍ച്ചെടികളില്‍ നിലാവ് അതിന്‍റെ പ്രണയം കോരിച്ചൊരിഞ്ഞ രാത്രി . ഒട്ടക ഇണകള്‍ പരസ്പരം ഉമ്മവെച്ച് സ്നേഹം പകരുന്നത് കണ്ട രാത്രി ". നിലാവ് ഒഴുകി നടക്കുന്ന മരുഭൂമിയില്‍ മണലുകള്‍ കടല്‍ത്തിരകള്‍ പോലെ ഇളകുന്നത്, നിലാവിന്‍റെ ചുംബനം ഏറ്റുവാങ്ങുന്ന കള്ളിച്ചെടികള്‍ , മരുഭൂമിയിലെ സൂര്യാസ്തമയം എല്ലാം ഈ അധ്യായത്തെ രസകരമാക്കുന്നു.


അറ്റമില്ലാതെ പരന്ന് കിടക്കുന്ന മണല്‍ക്കാടുകള്‍. ഇടയ്ക്ക് എവിടെയോ കാണുന്ന മരീചിക, ഇതിനപ്പുറം എങ്ങിനെ നമ്മള്‍ മരുഭൂമിയെ കാണുന്നു എന്നൊരു ചോദ്യം സ്വയം ചോദിച്ചിട്ടുണ്ടോ..? ഉണ്ടെങ്കില്‍ അതിനുള്ള ഉത്തരങ്ങളാണ് മിക്ക അധ്യായങ്ങളും. മരുഭൂമിയിലെ ജല സാന്നിധ്യത്തെ കുറിച്ച് വിശദമായി പറയുന്നുണ്ട് ഇവിടെ. വറ്റി വരണ്ടു പോയ നദികളും ജലാശയങ്ങളും. അതിനേക്കാള്‍ ഭംഗിയായി ഇപ്പോഴും വറ്റാത്ത നീരുറവകള്‍ ഉള്ള സ്ഥലങ്ങളും. ഷൈബുല്‍ ലുഹ അത്തരം ഒരു സ്ഥലമാണ്. മഴ ഒട്ടും കിട്ടാത്ത ഇവിടെ തുളുമ്പാന്‍ വെമ്പി നല്‍ക്കുന്ന കുളങ്ങള്‍ നല്ലൊരു കാഴ്ച ആവണം. അതുപോലെ അല്‍ഹസ മരുഭൂമി. ചുട്ടുപൊള്ളുന്ന മണല്‍ കാടുകളല്ല പകരം നടക്കുമ്പോള്‍ വെള്ളം കാലിനെ നനക്കുമോ എന്ന് തോന്നിക്കുന്ന മരുഭൂമിയാണ്. ജല സാന്നിധ്യം ജീവന്‍റെ തുടിപ്പുകള്‍ക്ക് എങ്ങിനെ ആത്മാവ് പകരുന്നു എന്ന് പറയുന്ന ഒന്നിലധികം അദ്ധ്യായങ്ങള്‍ ഇതിലുണ്ട്.

ക്രൂരന്‍മാരായ തൊഴിലുടമകളാണ് അറബികള്‍ എന്നൊരു ധാരണ അറിഞ്ഞോ അറിയാതെയോ വരുത്തി തീര്‍ത്തിട്ടുണ്ട്. അങ്ങിനെ ഇല്ല എന്നും പറയാന്‍ പറ്റില്ല. "മരണത്തിന്‍റെ പൊള്ളല്‍ "എന്ന അദ്ധ്യായം അങ്ങിനെ ശ്രദ്ധേയമാണ്. കൂടെ നൊമ്പരവും. അല്‍ നഫൂദ് മരുഭൂമിയുടെ അടുത്ത് നഫ്ത എന്ന ഗ്രാമത്തില്‍ ആണ് ഈ സംഭവം നടക്കുന്നത്. പെരുമ്പാമ്പ്‌ വിഴുങ്ങിയ തന്‍റെ നേപ്പാളി തൊഴിലാളിയുടെ മൃദദേഹം , അവനു ജീവന്‍ ഉണ്ടാകും എന്ന പ്രതീക്ഷയില്‍ പാമ്പിന്‍റെ വയറ് കീറി പുറത്തെടുക്കുന്നതും നോക്കി നില്‍ക്കുന്ന തോട്ടമുടമ. അവസാനം ജീവന്‍ ഇല്ല എന്ന് കേള്‍ക്കുമ്പോള്‍ പൊട്ടിക്കരയുന്ന അയാളുടെ നിലവിളിയില്‍ കുറെ അര്‍ത്ഥങ്ങളുണ്ട്. കൂടെ ദുരന്തം ഏറ്റുവാങ്ങിയ ആ നേപ്പാളി യുവാവ് നമ്മുടെ നൊമ്പരവും ആകും.

മരുഭൂമിയിലെ സമയങ്ങള്‍ പ്രവചനാതീതമാണ് . തെളിഞ്ഞു നിന്ന സൂര്യന്‍ പ്രതീക്ഷിക്കാതെ അസ്തമിച്ചേക്കാം . തെളിഞ്ഞ അന്തരീക്ഷത്തെ മൂടി പുതച്ചു ഭീകരമായ ഒരു പൊടിക്കാറ്റ് വീശിയടിച്ചേക്കാം. മുസൈഖിറ മരുഭൂമിയിലേക്കുള്ള യാത്രയില്‍ ഭീകരമായ പൊടിക്കാറ്റില്‍ പെട്ട് മരണത്തെ മുഖാമുഖം കണ്ട അനുഭവം പറയുന്നു " മണല്‍ക്കെണിയിലെ മിടിപ്പ് " എന്ന അദ്ധ്യായം. മരുഭൂയില്‍ വഴി തെറ്റി മറിച്ച് വീണവരുടെ കഥ കൂടി പറയുമ്പോള്‍ മണല്‍ കാടിന്‍റെ മറ്റൊരു മുഖം നമ്മളറിയുന്നു.

ഓരോ അദ്ധ്യായവും അതിലെ ഓരോ വരികളും വായനയുടെ ഉത്സവമാകുന്ന ഒരു പുസ്തകത്തെ എന്‍റെ പരിമിതികള്‍ വെച്ച് അവലോകനം ചെയ്യുക പ്രയാസമാണ്. പതിനഞ്ചു അദ്ധ്യായങ്ങളിലായിപരന്നു കിടക്കുന്ന മരുഭൂമിയുടെ ആത്മകഥ. അബഹയിലെ തേന്‍ മണക്കുന്ന , വഴികളിലൂടെ, സൗദി അറേബ്യ അതിര്‍ത്തി പങ്കിടുന്ന ഹക്കല്‍ എന്ന ദേശത്തിലൂടെ, ഇസ്ലാമിക ചരിത്രത്തിലെ യുദ്ധങ്ങള്‍ നടന്ന പ്രദേശങ്ങളില്‍, മക്കയില്‍, മദീനയില്‍, കടലിലും കരയിലും തുടങ്ങി ചരിത്രവും മിത്തും ഇഴപിരിയുന്ന ദേശങ്ങളിലൂടെ നടത്തിയ ആവേശകരമായ യാത്രാ അനുഭവങ്ങളെ അക്ഷരങ്ങളിലൂടെ അനുഭവമാക്കി മാറ്റുന്നതില്‍ മുസഫര്‍ എന്ന എഴുത്തുക്കാരന്‍ പരിപൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.

മരുഭൂമിയില്‍ മരുപ്പച്ച കാണുന്ന സഞ്ചാരിയുടെ സന്തോഷം പോലെയാണ് ഈ പുസ്തകം നമ്മുടെ വായനയെ സ്വാധീനിക്കുക . എവിടെയോ നഷ്ട്ടപ്പെട്ടുപ്പോയ എന്‍റെ വായനയെ മരുഭൂമിയുടെ ആത്മകഥ തിരികെ കൊണ്ട് വന്നു. ആ ആവേശത്തില്‍ മറ്റൊരു പുസ്തകം വായനക്കെടുക്കുമ്പോള്‍ അത് മുസഫര്‍ അഹമ്മദിന്‍റെ തന്നെ "മയിലുകള്‍ സവാരിക്കിറങ്ങുന്ന ചെരിവിലൂടെ "ആയതു കേവലം യാദൃക്ശ്ചികഥയല്ല .


മരുഭൂമിയുടെ ആത്മകഥ
വി . മുസഫര്‍ അഹമ്മദ്
കറന്റ് ബുക്സ് / കോസ്മോ ബുക്സ്

Sunday, June 3, 2012

സൗഹൃദത്തിന്‍റെ കോഴിക്കോടന്‍ രുചി...!



ഈ നഗരത്തില്‍ എത്തുന്നവരെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തുന്ന ആഥിതേയത്വം . അന്യതാ ബോധം തോന്നാത്ത നഗര വീഥികളും ചുറ്റുപാടും . എങ്ങും പുഞ്ചിരിക്കുന്ന മുഖങ്ങള്‍. ഇതൊക്കെയാണ് കോഴിക്കോട്. സാമൂതിരിയുടെ നാടിന് ഇങ്ങിനെയേ ആവാന്‍ പറ്റൂ. വിദേശികളെ , പണ്ഡിതന്മാരെ , കലാകാരന്മാരെ സ്വീകരിച്ചിരുത്തി ആദരിച്ചിരുന്നു സാമൂതിരിയുടെ ദര്‍ബാറില്‍. ആ രാജചര്യയുടെ പാരമ്പര്യമായി കിട്ടിയ ഗുണമാവണം കോഴിക്കോടിന് ഈ മഹിമ.

കോഴിക്കോടിന്‍റെ സായാഹ്നങ്ങളെ സജീവമാക്കിയിരുന്ന കൂട്ടായ്മകളെ കുറിച്ച് ഒത്തിരി വായിച്ചു അസൂയപ്പെട്ടിട്ടുണ്ട്. അത് ആ സദസ്സിന്‍റെ പ്രൌഡി കണ്ടായിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറും എം. ടി. യും , വീ കെ എന്നും ഉണ്ണികൃഷ്ണന്‍ പുതൂരും തിക്കോടിയനും എല്ലാം കൂടുന്ന സാഹിത്യ സദസ്സുകള്‍, ബാബുരാജ് നേതൃത്വം നല്‍കുന്ന ഇശലിന്‍റെ മണമുള്ള രാത്രികള്‍. മാമുക്കോയയും മറ്റും ഉള്‍കൊള്ളുന്ന കലാസദസ്സുകള്‍ .സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞതായി ഓര്‍ക്കുന്നു. കോഴിക്കോടിന്‍റെ ഈ പ്രത്യേകതകളെ പറ്റി. ടൌണ്‍ ഹാളില്‍ നടക്കുന്ന സാഹിത്യ സമ്മേളനങ്ങളില്‍ ഒരു ശ്രോതാവായി ഇരുന്നിട്ടുണ്ട് അത്ഭുതത്തോടെ. അന്നും ഇന്നും.

പക്ഷെ ഈ കഴിഞ്ഞ ശനിയാഴ്ച ഞാന്‍ പ്രത്യേകം മാറ്റിവെക്കുന്നു. സാമൂതിരി രാജാവ് നിര്‍മ്മിച്ച മാനാഞ്ചിറ കുളത്തിന്‍റെ അരികില്‍ , സ്ക്വയറിലെ പുല്‍ത്തകിടികളില്‍ ഇന്നലെ സൗഹൃദത്തിന്‍റെ പുതിയ നാമ്പുകള്‍ കിളിര്‍ത്തു. പ്രണയ ജോടികളും സുഹൃത്ത്‌ സംഗമങ്ങളും കുട്ടികളുടെ പട്ടം പറത്തലും എല്ലാം ഒത്തുചേരുന്ന ഈ മാനാഞ്ചിറ സ്ക്വയറില്‍ കുറച്ച് കൂട്ടുകാര്‍ സമ്മേളിച്ചപ്പോള്‍ അറബി കടലിനെ തഴുകിവന്നൊരു കാറ്റ് ആ സൌഹൃദ സാഹായ്നത്തിന് ഹൃദ്യമായ സ്വാഗതം ഓതി. മാനാഞ്ചിറ കുളത്തിലെ ഓളങ്ങള്‍ പതുക്കെ ഇളകി ഞങ്ങളുടെ ആവേശത്തില്‍ കൂട്ടുചേര്‍ന്നു.

"ഖരമാലിന്യങ്ങള്‍ " എന്ന സുന്ദരമായ കഥ പറഞ്ഞ പ്രദീപ്‌ മാഷ്‌. വരികളില്‍ ചിരിയും ചിന്തയും കലര്‍ത്തി ഏറെ രസിപ്പിച്ച "ആദ്യ രാത്രി" എന്ന ചിരിയമിട്ട് എഴുതിയ ഷബീര്‍ തിരിച്ചിലാന്‍. മലയാളം ഗ്രൂപിലെ ചര്‍ച്ചകളെ കുഞ്ഞു കവിതകളും തമാശയുമായി സജീവമാക്കുന്ന എന്‍റെ അയല്‍ നാട്ടുകാരന്‍ അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയില്‍, കഥകളുടെ ലോകത്തേക്ക് ചൂളം വിളിച്ചു പറന്നു വന്ന സിയാഫ് അബ്ദുല്‍ ഖാദര്‍, നര്‍മ്മം ചാലിച്ച എഴുത്തുകളും കുഞ്ഞു പോസ്റ്റുകളുമായി സജീവമായ റഷീദ് പുന്നശ്ശേരി , കൂതറ എന്ന വാക്കിനു നല്ല കൂട്ടുക്കാരന്‍ എന്ന അര്‍ത്ഥവും ഉണ്ട് എന്ന് മനസ്സിലാക്കി തന്ന് ഹാഷിം കൂതറ, ജനിച്ച നാട്ടില്‍ കൈവിട്ടു പോയ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ നര്‍മ്മത്തിലൂടെ പറഞ്ഞ് ഏറനാടന്‍ തനിമയുമായി ഫൈസു മദീന , കഴിഞ്ഞ റമദാന്‍ മാസത്തില്‍ പ്രവാചകനെയും മക്കയെയും മദീനയേയും പറ്റി എല്ലാ ദിവസവും കവിതകള്‍ എഴുതി എന്നെ വിസ്മയിപ്പിച്ച ജാബിര്‍ മലബാറി , ഷോര്‍ട്ട് ഫിലിമുകളും ബ്ലോഗ്‌ പോസ്റ്റുകളുമായി നിറഞ്ഞു നില്‍ക്കുന്ന സന്ദീപ്‌ പാമ്പിള്ളി , "ഇറാനി സ്റ്റാറ്റസ് " എന്ന ബ്ലോഗുമായി ശബിന്‍ മുഹമ്മദ്‌ . ഇവരായിരുന്നു പുല്‍ത്തകിടിയിലെ വെടിപറച്ചില്‍ ആദ്യാവസാനംസജീവമാക്കിയവര്‍ .



പറയാന്‍ മറന്നതല്ല, പ്രത്യേകം പറയാന്‍ മാറ്റിവെച്ച ഒരു സാന്നിധ്യം. മലയാള ബ്ലോഗ്ഗിങ്ങിലെ അജയ്യനായ ബെര്‍ളി തോമസ്‌. അച്ചായന്മാര്‍ക്കുള്ള ക്വാളിറ്റി ഒന്നും എനിക്കില്ല എന്ന് പറഞ്ഞ് തുടങ്ങി പോസ്റ്റിലെ പോലെ തന്നെ ഞങ്ങളെ ചിരിപ്പിച്ച പ്രിയ ബ്ലോഗറോട് ഞങ്ങളുടെ നന്ദി അറിയിക്കട്ടെ. ചിരിയും കാര്യവുമായി ഞങ്ങളോടൊപ്പം ചിലവഴിച്ച സമയം രസകരമായിരുന്നു. താങ്കളുടെ പോസ്റ്റുകള്‍ വായിച്ച് ആവേശം മൂത്ത് ബ്ലോഗില്‍ പിച്ചവച്ചവര്‍ തന്നെയാണ് ഞങ്ങളില്‍ പലരും. ആ നന്ദിയും കൂടെ ചേര്‍ക്കുന്നു.

ആഗ്രഹിച്ച ഒരു സാന്നിധ്യം. പക്ഷെ നിര്‍ഭാഗ്യവശാല്‍ എത്തിപ്പെടാന്‍ പറ്റാതെ പോയ ആരിഫ് സൈന്‍ സാഹിബ്. പലരും പങ്കുവെച്ചു താങ്കളെ ഈ സായാഹ്നത്തിന് നഷ്ടമായത്. ഉപ്പയുടെ അസുഖം പെട്ടൊന്ന് സുഖമാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. കൂടെ ഉടന്‍ കാണാന്‍ പറ്റുമെന്ന പ്രതീക്ഷയും.

മലയാളം ഗ്രൂപിലെ പ്രിയപ്പെട്ട സുഹൃത്തുക്കളെ . നിങ്ങളെ പരാമര്‍ശിക്കാതെ ഈ കുറിപ്പ് പൂര്‍ത്തിയാകില്ല . മലയാളം ഗ്രൂപ്പില്‍ നിങ്ങള്‍ എഴുതി ചേര്‍ത്ത ചുവരെഴുത്തുകള്‍ ഞങ്ങള്‍ അതേ സമയം വായിച്ച് രസിച്ചിരുന്നു. അതുകൊണ്ട് തന്നെ അസാന്നിധ്യത്തിലും സാന്നിധ്യമായി നിങ്ങള്‍ ഓരോരുത്തരും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. ആ തമാശകള്‍ ഞങ്ങളെ ചിരിപ്പിച്ചിരുന്നു. ചര്‍ച്ചകളിലൂടെ ഈ ചെറിയ കൂട്ടായ്മക്ക് നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം ഈ കോഴിക്കോടന്‍ മണ്ണില്‍ വിശാലമായ ഒരു ബ്ലോഗ്‌ മീറ്റ് എന്ന ആശയത്തിന്‍റെ കൊടിയേറ്റമായി തോന്നുന്നു .

എന്തെല്ലാം സംസാരിച്ചു എന്ന് ഓര്‍ത്തെഴുതുക പ്രയാസമാണ്. പക്ഷെ പ്രിയപ്പെട്ട ഈ നഗരിയില്‍ എന്നും ചിലവഴിക്കുന്ന സമയങ്ങളില്‍ നിന്നും ഈ ഒരു സായാഹ്നത്തെ ഞാന്‍ പ്രത്യേകം മാറ്റി വെക്കുന്നു. വിരല്‍ തുമ്പില്‍ വിരിഞ്ഞ സൌഹൃദത്തിന്‍റെ മുഖങ്ങളെ നേരില്‍ കാണുക, സംസാരിക്കുക , സ്നേഹവും സാഹോദര്യവും ഉറപ്പിക്കുക . അതൊരു അനുഭവമായിരുന്നു. അറബി കടലിലെ സൂര്യന്‍ ഇന്ന് പതിവിലും നേരത്തെ മറഞ്ഞത് ഈ കൂട്ടായ്മ കണ്ട് അസൂയ മൂത്തിട്ടാവുമോ..? അതോ പിരിയാന്‍ സമയമായപ്പോള്‍ സങ്കടം വന്നിട്ടാകുമോ ..?

ഒരു കാര്യം കൂടി പറഞ്ഞോട്ടെ. ഏറ്റവും ഉച്ചത്തില്‍ സംസാരിച്ച രണ്ട് പേരായിരുന്നു അബ്ദുല്‍ ജബ്ബാര്‍ വട്ടപ്പോയിലും ഫൈസു മദീനയും. അവരെ നിശബ്ധരാക്കിയ ക്രഡിറ്റ് ടോപ്‌ ഫോം ഹോട്ടലിലെ കല്ലുമ്മക്കായ ഒനിയന്‍ ഫ്രൈയുടെ പേരില്‍ എഴുതി ചേര്‍ക്കുന്നു. ഇവിടെയാണ്‌ മീറ്റിന്‍റെ കലാശക്കൊട്ട് . രുചിയെ മാറ്റി നിര്‍ത്തി കോഴിക്കോടിന് ഒരു കഥയും പറഞ്ഞ് പൂര്‍ത്തിയാകാനാവില്ല. പിരിയുകയാണ് എന്ന് പറയാന്‍ എല്ലാര്‍ക്കും മടിയുള്ള പോലെ. അതുകൊണ്ട് വീണ്ടും ഉടനെ കാണാം എന്നൊരു മൌനമായ ഉടമ്പടി മാത്രം.

ഔപചാരികതകള്‍ ഇല്ലാതെ പോയതാണ് ഇതിന്‍റെ വിജയം. അല്ലെങ്കിലും പ്രിയപ്പെട്ടവര്‍ തമ്മില്‍ കാണുമ്പോള്‍ എന്ത് ഔപചാരികത അല്ലേ. മാനാഞ്ചിറയിലെ കല്‍വിളക്കുകള്‍ തെളിഞ്ഞിട്ടുണ്ട്. അതൊരു വലിയ കൂട്ടായ്മയിലേക്കുള്ള തിരിനാളമാവണം....!














(കൂടുതല്‍ ചിത്രങ്ങള്‍ പലരും പോസ്റ്റ്‌ ചെയ്യും എന്നുകരുതുന്നു)

Sunday, May 6, 2012

വിപ്ലവം തണുത്തുറഞ്ഞ മണ്ണില്‍ ..! പിന്നൊരു പ്രണയ തീരത്ത്



"കബനി നദി ചുവന്നപ്പോള്‍" എന്ന ചിത്രത്തെ കുറിച്ചാണ് ഞാന്‍ ആദ്യം കേട്ടത്. നക്സല്‍ പശ്ചാത്തലത്തില്‍ പറഞ്ഞ പി . എ . ബക്കറിന്‍റെ ശ്രദ്ധേയമായ ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷെ മനോഹരമായ ആ പേര് മനസ്സില്‍ പതിഞ്ഞു കിടപ്പുണ്ട് കുറെ നാളായിട്ട്. കബനി എന്ന നിഗൂഡ സൗന്ദര്യമുള്ള ആ പേരാവണം ആ ആകര്‍ഷണത്തിന്‍റെ ഘടകം എന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു.

ആ കബനിയുടെ തീരത്താണ് ഞാനിപ്പോള്‍. വിപ്ലവം തണുത്തുറഞ്ഞ വയനാടന്‍ മണ്ണില്‍. ഒരുകാലത്ത് കേരളത്തെ പിടിച്ചു കുലുക്കിയ നക്സല്‍ വിപ്ലവത്തിന്‍റെ കഥകള്‍ ഉറങ്ങുന്ന കബനി കാടുകള്‍. മുളകൊണ്ടുണ്ടാക്കിയ ചങ്ങാടത്തില്‍ കബനി കുറുകെ കടക്കുമ്പോള്‍ ഞാനീ പുഴയും കാടുകളും ഒരാവേശത്തോടെ നോക്കിയിരുന്നു . വേരറ്റുപ്പോയ ഒരു വിപ്ലവ പ്രസ്ഥാനത്തിന്‍റെ എന്തെങ്കിലും അടയാളങ്ങള്‍ ഇവിടെ ബാക്കി കാണുമോ..? ഇല്ലായിരിക്കാം. പക്ഷെ അങ്ങിനെ ഒരു കഥ ഈ ഭൂമികക്ക് പറയാന്‍ ഉണ്ട് എന്നത് തന്നെയാണ് കബനി തീരങ്ങളില്‍ എത്തുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത്. പക്ഷെ കബനി പുഴക്ക് ഇപ്പോള്‍ ചുവപ്പ് നിറമല്ല. കലക്ക വെള്ളമാണ്. കരഞ്ഞ് കലങ്ങിയതാണ് എന്ന് എഴുതാന്‍ എന്‍റെ ആദര്‍ശവും സമ്മതിക്കുന്നില്ല. നക്സല്‍ വിപ്ലവത്തിന്‍റെ ശരിയും തെറ്റും വേര്‍തിരിക്കുക ഇവിടെ എന്‍റെ ഉദ്ധേശമല്ല (തെറ്റായിരുന്നു എന്ന് തന്നെ ഞാന്‍ പറയുന്നു) . പക്ഷെ ഒരു ആദര്‍ശത്തില്‍ വിശ്വസിച്ച് ആ സമര സഖാക്കള്‍ ഈ കൊടും കാടുകളെ കേന്ദ്രീകരിച്ച് നടത്തിയ നീക്കങ്ങള്‍, ഇന്ന് ഒരു സഞ്ചാരിയായി ഇത് വഴി പോകുമ്പോള്‍ എന്നെ ഏതെല്ലാമോ രീതിയില്‍ ആകര്‍ഷിക്കുന്നുണ്ട് എന്നത് സത്യം. ഡിറ്റക്ക്റ്റീവ് കഥകള്‍ ഒരു കാലത്ത് ആവേശമായിരുന്നു എന്നത് പോലെ തന്നെ, വയനാടന്‍ കാടുകളെ ചേര്‍ത്ത് നക്സല്‍ പോരാട്ടങ്ങളും കുറെ വായിക്കപ്പെട്ടിട്ടുണ്ട്. ശരിയും തെറ്റും തിരിച്ചറിയാനാവാത്ത കാലത്ത് അതൊരു കഥ പോലെ വായിച്ചത് അങ്ങിനെ മറക്കില്ലല്ലോ.



ചങ്ങാടം ഇവിടെ കുറുവ ദ്വീപില്‍ എത്തിയിട്ടുണ്ട്. ഇറങ്ങി നടക്കേണ്ടത്‌ കാടിനകത്തൂടെയാണ്. വേലികള്‍ അതിരിട്ട വഴികളിലൂടെ നടക്കുമ്പോള്‍ കാടിനകത്തെ ഓരോ ഇലയനക്കവും ഒരു കൂട്ടം പോരാളികളുടെ കാലൊച്ചകളായി തോന്നിപ്പോകുന്നു . അതോ മുറി ട്രൌസറും തൊപ്പിയും ഇട്ട പോലീസിന്‍റെ ബൂട്ടിന്‍റെ ശബ്ദമോ..? കൊടുംകാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് അവര്‍ വിപ്ലവം നടത്തിയ അതേ വയനാടന്‍ കാടുകള്‍. വര്‍ഗീസ്‌ വെടിയേറ്റ്‌ വീണ തിരുനെല്ലിക്കാടുകള്‍ തൊട്ടപ്പുറത്തുണ്ട് . .



മനോഹരമാണ് കുറുവ ദ്വീപ്‌. ചങ്ങാടയാത്രയുടെ ആവേശം മാറുന്നതിനു മുമ്പ് തന്നെ ഇവിടത്തെ പ്രകൃതി നമ്മളെ ഹൃദയപൂര്‍വ്വം സ്വീകരിക്കും. കാനന ഭംഗി നിങ്ങളെ മോഹിപ്പിക്കുന്നു അല്ലേ..? എന്നെയും. മനസ്സിനെ ഭരിക്കുന്ന ഭാരിച്ച ചിന്തകളെ മാറ്റി വെക്കാം. അല്ലെങ്കിലും ഈ പ്രകൃതി നിങ്ങളെ അതൊന്നും ഓര്‍മ്മിപ്പിക്കില്ല. സത്യം . വേനല്‍ ചൂടില്‍ ഈ കാടിന്‍റെ തണല്‍ തേടി വന്നവര്‍ കുറേയുണ്ട്. പുഴയില്‍ കുളിച്ചു ആഘോഷിക്കുന്നവരില്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുണ്ട്. ഒരു കാനന നീരാട്ടിനുള്ള ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. പക്ഷെ സമയം കഴിയുന്നു എന്ന വനപാലകരുടെ അറിയിപ്പ് ആ ആഗ്രഹത്തെ ഒഴിവാക്കേണ്ടി വന്നു. പക്ഷെ ഈ കാടിനെ അറിയാന്‍, ഈ തണുത്ത വെള്ളത്തില്‍ കുളിക്കാന്‍ ഇനിയും വരണം എന്ന് പറയാതെ പറയുന്നു ഈ പ്രകൃതി. വേറെയും തുരുത്തുകള്‍ ഉണ്ട് കുറുവ ദ്വീപില്‍. പക്ഷെ എല്ലാം വനം വകുപ്പ് അടച്ചിട്ടിരിക്കുന്നു . അത് നിരാശപ്പെടുത്തി. . കഴിഞ്ഞ അവധിക്കു വന്ന രണ്ട് കുട്ടികള്‍ ഒരു തുരുത്തിലെ വെള്ളത്തില്‍ മുങ്ങി മരിച്ചത്രെ. കബനിയിലെ വെള്ളം കലങ്ങിയത് ആ ഓര്‍മ്മയില്‍ കരഞ്ഞ് കരഞ്ഞാവണം. ഒരു പ്രകൃതി നല്‍കിയ കാഴ്ച്ചയുടെ സന്തോഷവുമായി തിരിച്ച് ചങ്ങാടത്തില്‍ പുഴ കടക്കുമ്പോള്‍ എന്‍റെ ഓര്‍മ്മയില്‍ ആ കുഞ്ഞുങ്ങളുടെ മുഖവുമുണ്ട്. പ്രിയപ്പെട്ട കബനീ ..നിനക്കെന്തേ എപ്പോഴും ഒരു ദുഃഖ പുത്രിയുടെ മുഖം വരുന്നു...? ദുഃഖങ്ങള്‍ കരഞ്ഞോഴുക്കി തെളിനീരുമായി നീ ഒഴുകി തുടങ്ങുമ്പോള്‍ ഞങ്ങള്‍ വീണ്ടും വരാം.

വയനാടിന് ഒരു പ്രത്യേക സ്വഭാവമുണ്ട് . ഏതുവഴി പോകുമ്പോഴും നമ്മളെത്തിപ്പെടുക ഒരു ചരിത്ര ഭൂമിയിലേക്കാവാം, അല്ലെങ്കില്‍ വിനോദവും വിജ്ഞാനവും പകരുന്ന മറ്റേതെങ്കിലും കാഴ്ചയിലേക്ക് . ഈ അന്തരീക്ഷത്തില്‍ നമ്മളറിയുന്ന ഏതെങ്കിലും കഥകളുടെ ഏടുകള്‍ വായിച്ചെടുക്കാം. അത് മൈസൂര്‍ പടയുമായി ടിപ്പു സുല്‍ത്താനും സംഘവും ചുരമിറങ്ങി വരുന്നതാവാം, പഴശ്ശി എന്ന ധീര യോദ്ധാവിന്‍റെ സമരവും ജീവിതവും ആവാം, ഒരു കാലഘട്ടത്തെ വിറപ്പിച്ച നക്സല്‍ പോരാട്ടങ്ങളുടേതാവാം . തിരുനെല്ലി ക്ഷേത്രവും പഴയ ജൈന ക്ഷേത്രവും നിങ്ങളെ വിസ്മയിപ്പിക്കാതിരിക്കില്ല. നൂറ്റാണ്ടുകള്‍ പിറകില്‍ ജീവിച്ച ഒരു നാഗരികതയുടെ കഥ പറയാന്‍ എടക്കല്‍ ഗുഹ ഉണ്ട്. എവിടന്നോ വന്നു വീഴുന്ന ഒരലര്‍ച്ച നിങ്ങളെ ചെറുതായി നടുക്കി എന്ന് വരാം. തിരുനെല്ലി കാട്ടില്‍ വര്‍ഗീസിന്‍റെ നെഞ്ചകം പിളര്‍ത്ത വെടിയുണ്ടയുടെ ഓര്‍മ്മയാകാം അത്. അല്ലെങ്കില്‍ തോല്‍പെട്ടി വനത്തില്‍ മദിച്ചു നടക്കുന്ന ഒരു കൊമ്പന്‍റെ കൊലവിളിയാകാം. മലയില്‍ ഉരുള്‍പൊട്ടുമ്പോള്‍ കാട്ടാറുകളിലൂടെ വെള്ളം കുതിച്ചു പായുന്നതിന്‍റെ ഇരമ്പലുമാവാം.



ചുരം കയറി പലതവണ വയനാട് വഴി പോയിട്ടുണ്ടെങ്കിലും എടക്കല്‍ ഗുഹയെ ഞാന്‍ മനപൂര്‍വ്വമോ അല്ലാതെയോ അവഗണിച്ചിട്ടുണ്ട് . ഇത്രയും അടുത്ത് നില്‍ക്കുന്ന വയനാട്ടിലെ ഈ ചരിത്ര വിസ്മയത്തെ മുമ്പ് കാണാതെ പോയ നിമിഷങ്ങളെ ഞാന്‍ ശപിക്കുന്നു. ഒന്നര കിലോമീറ്റര്‍ ഉള്ള കയറ്റം കഴിഞ്ഞു ഈ ചരിത്രഭൂമിയില്‍ നില്‍ക്കുമ്പോള്‍ എനിക്കുള്ളത് വേനല്‍ ചൂടില്‍ ഒഴുകിപ്പോയ വിയര്‍പ്പിനെ കുറിച്ചുള്ള വിഷമമല്ല . പകരം ലോക പൈതൃക ഭൂപടത്തില്‍ സ്ഥാനം പിടിച്ച എടക്കല്‍ ഗുഹ മുന്നേ കാണാതെ പോയ സങ്കടം മാത്രമാണ് . പക്ഷെ ബ്ലോഗ്‌ പോസ്റ്റില്‍ അലക്ഷ്യമായി എഴുതി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഒരു ചരിത്രത്തിന്‍റെ അടയാളത്തെ വലിപ്പം കുറച്ച് കാണിക്കാന്‍ എനിക്ക് താല്പര്യമില്ല . അത് ചരിത്രത്തോടുള്ള ബഹുമാനം കൊണ്ട് മാത്രം.


അമ്പുകുത്തി മലയിലാണ് എടക്കല്‍ ഗുഹയുള്ളത്. 1878 - ല്‍ അന്നത്തെ മലബാര്‍ പോലീസ് സൂപ്രണ്ട് ആയിരുന്ന ഫാസറ്റ്‌ കണ്ടെത്തിയതോട് കൂടിയാണ് ഈ ചരിത്ര ശേഷിപ്പ് പുറം ലോകമറിയുന്നത്. അഥവാ ചരിത്രാതീത കാലത്തിലേക്കുള്ള ചൂണ്ടു പലകയയില്‍ ആധുനിക മനുഷ്യരുടെ കാല്‍പാടുകള്‍ പതിഞ്ഞു തുടങ്ങിയത്. ലോകത്തെങ്ങാനുമുള്ള ചരിത്രാതീത ഗുഹാചിത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ദക്ഷിണേന്ത്യയിലെ അപൂര്‍വ്വം കേന്ദ്രങ്ങളില്‍ ഒന്നാണ് എടക്കല്‍ ഗുഹ എന്ന് ഡോ. കെ .കെ .എന്‍. കുറുപ്പിന്‍റെ ലേഖനത്തില്‍ പറയുന്നുണ്ട്. അകത്തെ ശിലാലിഖിതങ്ങള്‍, ഗുഹയുമായി ബന്ധപ്പെട്ട മറ്റുക്കാര്യങ്ങള്‍ , ആരാധനയുമായും അന്നത്തെ ജൈവ സാന്നിധ്യവുമായുള്ള ബന്ധം,, ആദിവാസികളും ഈ ഗുഹയുമായുള്ള ബന്ധം, പിന്നെ ഇതിനോട് അനുബന്ധിച്ച് നടത്തിയ ഗവേഷണങ്ങളും എല്ലാം ഡോ. കെ .കെ .എന്‍. കുറുപ്പിന്‍റെ പുസ്തകത്തില്‍ വിശദമായി പറയുന്നുണ്ട്. ഞാനത് കൂടുതല്‍ വായിച്ചറിയാന്‍ ശ്രമിക്കുന്നു.



ഗുഹക്കകത്തെ പാറക്കെട്ടുകളില്‍ കൊത്തി വെച്ച രൂപങ്ങളില്‍ ഞാന്‍ പതുക്കെ തടവി നോക്കി. ഒന്നും മനസ്സിലായിട്ടല്ല. പക്ഷെ ഒരു ചരിത്രമാണിത്. യുഗങ്ങള്‍ പിന്നില്‍ സംഭവിച്ചു പോയത്. ഇതിലൂടെ കയ്യോടിക്കുമ്പോള്‍ എന്തെല്ലാമോ വികാരങ്ങള്‍ എന്‍റെ പിടിച്ചു കുലുക്കുന്നുണ്ട്. പുതിയ തലമുറയ്ക്ക് പഠിക്കാനും പറയാനും കാലം ബാക്കി വെച്ച അടയാളങ്ങള്‍. ഇനിയും എത്രയുണ്ട് അറിയാനും പറയാനും..? വലിയ രണ്ട് പാറകള്‍ക്ക് മീതെ വന്നടിഞ്ഞ വലിയൊരു പാറക്കെട്ട്. ഇതാണ് ഗുഹയുടെ രൂപം. ഈ പൈതൃക കാഴച്ചയോടു വിടപറഞ്ഞ് ഞങ്ങള്‍ ഗുഹക്കു പുറത്തിറങ്ങി. അമ്പുകുത്തി മലയുടെ മേലെ നിന്നും നോക്കുമ്പോള്‍ പച്ചയണിഞ്ഞ വയനാടന്‍ പ്രകൃതി കൂടുതല്‍ ആവേശം പകരുന്നു. അതുകൊണ്ട് തന്നെ ഈ വേനല്‍ ചൂടിനെ അറിയാതെ മറന്നു പോകുന്നു.

എഴുതിയാല്‍ തീരില്ല ദൈവം ഈ മലയിടുക്കുകളില്‍ ഒളിപ്പിച്ചു വെച്ച കാഴ്ച്ചയുടെ ലോകത്തെ പറ്റി. ചരിത്രവും വിനോദവും കൂടിച്ചേര്‍ന്നു സഞ്ചാരികള്‍ക്ക് ഇത്രയും വൈവിധ്യം നല്‍കാന്‍ കഴിയുന്ന മറ്റൊരു ജില്ലയില്ല കേരളത്തില്‍ എന്ന് നിശ്ശംശയം പറയാം. പക്ഷെ ഒരു കാര്യം സാന്ദര്‍ഭികമായി പറയട്ടെ, ഇതുവഴി പോകുന്നവര്‍ മുട്ടില്‍ യതീംഖാന സന്ദര്‍ശിക്കാതെ പോകരുത്. നിങ്ങളുടെ ഒരിറ്റു സ്നേഹവും കാത്ത് കഴിയുന്ന കുറെ അനാഥകുട്ടികള്‍ ഉണ്ടിവിടെ. അനാഥരെന്ന് അവരെ വിളിക്കാന്‍ മനസ്സ് അനുവദിക്കുന്നില്ല. കാരണം ഒന്നിനും ഒരു കുറവും അവര്‍ക്കില്ല ഇവിടെ. സ്വന്തം മക്കളെ പോലെ ഇവരെ നോക്കി വളര്‍ത്തുന്ന കുറെ മനുഷ്യസ്നേഹികള്‍ ഉണ്ടിവിടെ. അവരുടെ സന്തോഷത്തിലേക്ക് സഹായങ്ങള്‍ എത്തിക്കുന്ന നല്ല മനസ്സുകളും ഉണ്ട് ലോകമാകെ. പക്ഷെ എത്ര കിട്ടിയാലും മതിയാവാത്ത ഒരു വികാരം, സ്നേഹം, അച്ഛന്‍റെയോ അമ്മയുടെയോ ഒരു സ്പര്‍ശനത്തിന് പകരമാവാന്‍ പറ്റില്ലെങ്കിലും ഒരു നിമിഷം അവരുടെ സന്തോഷത്തിന് കാരണക്കാരാവാന്‍ നമുക്ക് പറ്റിയെങ്കില്‍ തീര്‍ച്ചയായും അതൊരു പുണ്യമാണ്.

ഗുല്‍മോഹര്‍ തണല്‍ വിരിച്ച പ്രണയ തീരത്ത് ...!



കണ്ണടച്ചിരുന്നോളൂ.. നമുക്കൊരു പ്രണയസ്വപ്നം കാണാം. ഇരുവശങ്ങളിലും ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തുനില്‍ക്കുന്ന ഒരു നാട്ടുവഴി. തൊട്ടരികില്‍ ഒരു പുഴയുണ്ട്. മലമേടുകളെ തഴുകി വരുന്ന നല്ല കുളിര്‍ക്കാറ്റുമുണ്ട്. ഇതുപോലൊരു സ്ഥലത്ത് പ്രണയിനിയുടെ കൈപിടിച്ച് കഥകള്‍ പറഞ്ഞു നീങ്ങുന്ന ഒരു സ്വപ്നം നിങ്ങളുടെ മനസ്സിലുണ്ടോ..? എങ്കില്‍ കണ്ണു തുറന്നോളൂ. നമ്മളിപ്പോള്‍ അവിടെയാണ്. "മായാര്‍ " എന്ന പ്രണയതീരത്ത്.



ഈ ഉള്‍ഗ്രാമം എന്‍റെ പ്രണയ ചിന്തകളെയും ഭരിച്ചു തുടങ്ങിയിരിക്കുന്നു. നീലഗിരിയുടെ താഴ്വാരമാണിത്. നീലഗിരി കുന്നുകള്‍ തഴുകി വരുന്ന കാറ്റില്‍ കണ്ണടച്ചിരുന്ന് ഞാനുമൊരു സ്വപ്നത്തിലേക്ക് വഴുതി വീണു. പതിയെ ഒഴുകി മായാര്‍ പുഴ എനിക്ക് കൂട്ടിരുന്നു. പ്രണയ സ്വപ്നങ്ങള്‍ക്ക് മേല്‍ കുറെ ഗുല്‍മോഹര്‍ പൂക്കള്‍ അടര്‍ന്നു വീണു. ഗുല്‍മോഹര്‍ എന്ന വാക്കില്‍ തന്നെ പ്രണയമുണ്ടെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പ്രണയവും സ്വപ്നവും ഒക്കെ ഇവിടെ നിര്‍ത്താം. അല്ലെങ്കില്‍ ഹഫിയോട് സമാധാനം പറയാന്‍ ഞാന്‍ പഠിച്ച കള്ളങ്ങള്‍ മതിയാവില്ല.

ഇനി മായാറിന്‍റെ ചരിത്രത്തിലേക്ക് വരാം. ഒരു തമിഴ്‌നാടന്‍ ഗ്രാമം. പക്ഷെ ജനവാസം കുറവ്. മസിനഗുഡിയില്‍ നിന്നും വനപാതയിലൂടെ പോയാല്‍ ഇവിടെത്താം. കാടുകളില്‍ നിറയെ കൊന്ന പൂത്തു നില്‍ക്കുന്നു. വിഷുവിനെ സ്വീകരിക്കാന്‍ കാടുകളും ഒരുങ്ങിയിട്ടുണ്ട്. ഒരു കൊമ്പനും കുറച്ച് മയിലുകളും മാനുകളും പിന്നെ കുറെ വാനരസുഹൃത്തുകളും വഴിയരികില്‍ ലോഗ്യം പറയാന്‍ വന്നു. ഓടിയാല്‍ എവിടം വരെ എന്നൊരു പേടി ഉള്ളതുകൊണ്ട് കൊമ്പനെ ഞങ്ങള്‍ വല്ലാതെ പരിഗണിച്ചില്ല. എന്നാലും ഒരു ക്യാമറ ക്ലിക്കിന് ചെറിയ വിരോധത്തോടെ അവന്‍ നിന്നുതന്നു.



വളരെ പണ്ട് ബ്രിട്ടീഷുക്കാര്‍ ഉണ്ടാക്കിയ ഒരു പവര്‍ ഹൗസ്സ് ആണ് മായാറിന്‍റെ പ്രത്യേകത. വളരെ താഴെ , മലയുടെ അടിഭാഗത്ത്‌ ആണ് ഇത് നിര്‍മ്മിച്ചത്.പ്രത്യേക റോപ് വേ വഴിയാണ് അവിടെ എത്തുക. കഴിഞ്ഞ തവണ അതിനടുത്തുവരെ പോവാന്‍ പറ്റുമായിരുന്നു. ഇപ്പോള്‍ തോക്ക് ഒക്കെയായി പോലീസ് കാവല്‍ ആണ്. മേലെ ഓഫീസില്‍ പോയി എ .ഈ. യുടെ അനുമതി വാങ്ങണം. അതറിയാതെ മുന്നോട്ട് നീങ്ങിയ ഞങ്ങളെ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയാണ്‌ വിശദീകരണം തേടിയത്. പക്ഷെ നാട് തെണ്ടാന്‍ ഇറങ്ങിയ പാവങ്ങള്‍ ആണ് എന്ന് തോന്നിയത് കൊണ്ട് അവര്‍ ഓഫീസില്‍ പോയി അനുവാദം വാങ്ങി വരാന്‍ പറഞ്ഞു. പക്ഷെ എന്തോ നടക്കില്ല എന്നൊരു തോന്നല്‍ എവിടെന്നോ വന്നു കയറി. പക്ഷെ ഒന്ന് ശ്രമിക്കുക പോലും ചെയ്യാത്തതില്‍ ഇപ്പോള്‍ നിരാശ തോന്നുന്നു.



സമുദ്ര നിരപ്പില്‍ നിന്നും വളരെ ഉയരെനിന്നും വരുന്നതാണ് മായര്‍ പുഴ. ഇതിന്‌ മുമ്പേ ഇതുപോലെ നാല് പവര്‍ ഹൌസുകള്‍ ഉണ്ട്. കുന്ത, കട്ടെരി, മറവകണ്ടി, പൈക്കര എന്നിങ്ങിനെ. പക്ഷെ ഒന്നും അടുത്തടുത്തല്ല. വിവിധ ജില്ലകളില്‍ ,വ്യത്യസ്തമായ ഭൂമിശാസ്ത്ര പ്രത്യേകതകളില്‍ ആണ് ഇവയെല്ലാം. മായാര്‍ നീലഗിരി ജില്ലയിലാണ്.

നീലഗിരി കുന്നുകള്‍ക്ക് പിറകിലേക്ക് മറയാന്‍ സൂര്യന് തിടുക്കം ഉള്ള പോലെ. ചെഞ്ചായം വീണ് മായാര്‍ പുഴ ചുവന്നു തുടുത്തിരിക്കുന്നു. അതേ വെളിച്ചം ഗുല്‍മോഹര്‍ പൂക്കളില്‍ വിതറുമ്പോള്‍ എന്തൊരു ഭംഗിയാണ്. കുറച്ചൂടെ കഴിഞ്ഞാല്‍ നിലാവ് ഉദിക്കും. പക്ഷെ സമയമില്ല. എനിക്കറിയണം എന്നുണ്ടായിരുന്നു നിലാ വെളിച്ചത്തിന് താഴെ ഈ ഗുല്‍മോഹറും പുഴയുമെല്ലാം എങ്ങിനെയിരിക്കുമെന്ന്. നല്ലൊരു അനുഭവം തന്നെ ആയിരിക്കണം അത്.

ഇവിടം വിടുമ്പോള്‍ കൂടെ ആ സ്വപ്നങ്ങളും നമ്മോടൊപ്പം ഉണ്ടെങ്കില്‍ നന്ദി പറയേണ്ടത് ഈ ഗുല്‍മോഹര്‍ പൂക്കളോടാണ്. തണല്‍ വിരിച്ച ഗുല്‍മോഹര്‍ മരങ്ങളോടും , കിന്നാരം പറഞ്ഞ മായാര്‍ പുഴയോടും കുളിരണിയിച്ച നീലഗിരി കാറ്റിനോടും തല്‍ക്കാലം ഞങ്ങള്‍ വിടപറയുന്നു. വീണ്ടും കാണാന്‍ കൊതിക്കുന്ന ഒരു സ്വപ്നം പോലെ , തുടരുന്ന യാത്രകളുടെ ഏതെങ്കിലും ഒരു യാമത്തില്‍ ഈ പ്രണയ തീരം തേടി ഞങ്ങള്‍ വീണ്ടും വന്നേക്കാം. അന്നും ഈ ഗുല്‍മോഹര്‍ പൂക്കള്‍ ഇങ്ങിനെ വാടാതെ നില്‍ക്കുമായിരിക്കും. ഒരു പുതിയ സ്വപ്നത്തിന് പൂക്കാലം തീര്‍ക്കാന്‍.

Friday, March 16, 2012

പവിഴ ദ്വീപില്‍ ഉറങ്ങുന്ന ചരിത്രസ്മരണകള്‍



ഏതാനും ദ്വീപുകള്‍ കൂടിച്ചേര്‍ന്ന ഒരു രാജ്യം , അധികം ശ്രദ്ധിക്കപ്പെടാത്ത കുറച്ച് ചരിത്രം , അതിലുപരി "ട്രീ ഓഫ് ലൈഫ് "എന്ന മരം ചേര്‍ന്ന ഒരു പാരമ്പര്യം ഇത്രയും മാത്രമാണ് ബഹ്റൈന്‍ എന്ന രാജ്യത്തിന് പറയാനുള്ളത് എന്ന് കരുതിയിരുന്ന എന്‍റെ വിവരക്കേട് ഞാനിവിടെ അഴിച്ചു വെക്കുന്നു. ഇനി പറയുന്ന കാര്യങ്ങള്‍ എന്‍റെ ഈ അബദ്ധ ധാരണയ്ക്കുള്ള പ്രായക്ശ്ചിത്തമായി എഴുതിച്ചേര്‍ക്കുന്നു.

ബഹ്റൈനിലെ പ്രസിദ്ധമായ ബുദയ്യ കോട്ട തേടിയുള്ള ആ യാത്ര വഴിതെറ്റി എന്നെ എത്തിച്ചത് ചരിത്ര സ്മരണകള്‍ മിഴി പൂട്ടി ഉറങ്ങുന്ന ഒരു ഭൂമിയിലേക്കായിരുന്നു . ഓരോ രാജ്യത്തിന്റെയും പുരാതനമായ സംസ്കാരത്തെ അന്വേഷിച്ചിറങ്ങിയാല്‍ അറിയാനും പഠിക്കാനും ഏറെ കാണുമെന്ന ഒരു തിരിച്ചറിവിലേക്കായിരുന്നു ഞാന്‍ എത്തപ്പെട്ടതും . ബഹ്‌റൈന്‍ എന്ന ഈ കൊച്ചു രാജ്യത്തിനും ഉള്ളിലടക്കി പിടിച്ച കുറേ ചരിത്ര സത്യങ്ങള്‍ ഉണ്ടായിരുന്നു എന്ന പുതിയ അറിവ് എന്നെ ഏറെ സന്തോഷിപ്പിച്ചു .



തകര്‍ന്ന് കിടക്കുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഒരു സാധാരണക്കാരന്റെ നോട്ടത്തില്‍ ഒന്നും കാണില്ലായിരിക്കാം. പക്ഷെ ഒരു ചരിത്രാന്യോഷിയുടെ കണ്ണിലൂടെ സമീപ്പിക്കുമ്പോള്‍ നമ്മെ വിസ്മയിപ്പിക്കുന്ന ഒരു നാഗരികതയുടെ ബാക്കിപത്രം ഇവിടെ വായിച്ചെടുക്കാം . ആര്‍ക്കിയോളജിക്കല്‍ വിഭാഗം "ബാര്‍ബാര്‍ ക്ഷേത്രം " എന്ന് വിളിപ്പേരിട്ട , പുരാതന നാഗരികതയുടെ തിരുശേഷിപ്പുകള്‍ നിറഞ്ഞ ഈ മണ്ണില്‍ നിന്ന് എന്തെല്ലാം അറിയാനുണ്ട് നമുക്ക്..?

ഡില്‍മന്‍ സംസ്കാരവുമായ ബന്ധപ്പെട്ട പേരത്രേ ഇത്. 2000 BC യില്‍ ഡില്‍മന്‍ സംസ്കാരത്തിന്റെ അവസാന കാലത്താണ് ഇത് നിലനിന്നിരുന്നത് എന്നാണ് ചില രേഖകള്‍ പറയുന്നത്. 1954 ഡാനിഷ് പുരാവസ്തു ഗവേഷകരാണ് ഇത് കണ്ടെത്തുന്നത്. ലൈം സ്റ്റോണുകള്‍ കൊണ്ട് നിര്‍മ്മിച്ച ഇത്തരം മൂന്നു ക്ഷേത്രങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു . സുമേറിയന്‍ ക്ഷേത്രങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങള്‍ ഓരോന്നും ഓരോ കാലഘട്ടത്തിലാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത് . എന്നാല്‍ വലിപ്പത്തിലും, ആകൃതിയിലും മൂന്നാമത്തെ ക്ഷേത്രം മറ്റ് രണ്ടിനെക്കാളും വ്യത്യസ്തമായിരുന്നു.



എങ്കി (Enki )എന്ന ദേവനേയും പത്നി നാന്‍ഖൂര്‍ സാക് ( (Ninhursag). ) എന്ന ദേവതയെയും ആയിരുന്നു ഇവര്‍ ആരാധിച്ചിരുന്നത്. വെള്ളത്തിന്‍റെയും വിജ്ഞാനത്തിന്റെയും ദൈവമായിരുന്ന enki യെക്കുറിച്ച് സുമേറിയന്‍ മിത്തോളജിയിലാണ് പരാമര്‍ശമുള്ളത്‌. ക്ഷേത്രത്തിന്‌ ഉള്ളില്‍ത്തന്നെ കാണുന്ന കിണറുകള്‍ ഒരു പക്ഷെ ആ വിശ്വാസത്തിന്റെ അടയാളമാകാം . കിണറിലേക്ക് ഇറങ്ങി ചെല്ലുന്ന പടവുകള്‍ ഇന്നും കേടു കൂടാതെയുണ്ട്. ആര്‍ക്കിയോളജിക്കല്‍ വിഭാഗം ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ആയുധങ്ങളും പാത്രങ്ങളും ചെറിയ സ്വര്‍ണ തകിടുകളും മറ്റും ബഹ്‌റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിച്ചിട്ടുണ്ട്. പ്രധാനമായും കണ്ടെടുത്തത് ചെമ്പില്‍ നിര്‍മ്മിച്ച ഒരു പശുവിന്റെ തലയാണ് എന്നും പറയപ്പെടുന്നു. മ്യൂസിയത്തിലെ ശേഖരത്തില്‍ ഉള്ള ഈ രൂപം ആരാധനയുമായി ബന്ധപ്പെട്ട ഒന്നാണോ എന്ന് ഒരു വിവരണങ്ങളില്‍ നിന്നും അറിയുവാന്‍ സാധിച്ചില്ല.



സിന്ധൂ നദീതട സംസ്കാരവും, മറ്റ് പല സംസ്കാരങ്ങളെയും കുറിച്ച് പണ്ട് സ്കൂളില്‍ ചരിത്ര പുസ്തകങ്ങളില്‍ പഠിച്ച കുറെ അദ്ധ്യായങ്ങളുണ്ട്‌. അന്ന് പഠന വിഷയം എന്നതിലപ്പുറം അതിനെക്കുറിച്ചൊന്നും അറിയാന്‍ ശ്രമിച്ചിട്ടുമില്ല എന്നതാണ് സത്യം . ജീവിതത്തില്‍ ഒരിക്കല്‍ പോലും അതുമായി ബന്ധപ്പെട്ട ഒരു സ്ഥലങ്ങളും കണ്ടിട്ടുമില്ല. പക്ഷേ യുഗങ്ങള്‍ക്ക് പിറകില്‍ സംഭവിച്ചു പോയ ഒരു നാഗരികതയുടെ അവശിഷ്ടങ്ങള്‍ കഥ പറയുന്ന ഈ ഭൂമിയില്‍ നില്‍ക്കുമ്പോള്‍ ഇവിടെ ചിക്കിച്ചികയാന്‍ വളരെയധികം കാര്യങ്ങളുണ്ടെന്ന് എന്‍റെ മനസ്സ് പറയുന്നു. മിത്തുകളിലെ ദൈവങ്ങളും ആരാധനാ മുറകളും ഉണ്ടായിരുന്ന ഒരു കാലത്തുനിന്നും തുടങ്ങി ഇന്ന് ഇസ്ലാമിന്‍റെ ഏക ദൈവ വിശ്വാസത്തിലേക്കുള്ള ഈ രാജ്യത്തിന്‍റെ യാത്ര എങ്ങിനെ ആയിരുന്നിരിക്കണം..?

മെസപ്പൊട്ടോമിയന്‍ സംസ്കാരവും, പിന്നെ അതിനോട് തന്നെ ചേര്‍ന്ന ഡില്‍മന്‍ സംസ്കാരവും ആയിരുന്നു ആദ്യ കാലത്തെ ബഹ്റൈന്‍ . അസ്സീറിയന്‍സും ( ആദ്യകാല സിറിയന്‍ ക്രിസ്ത്യന്‍ വിഭാഗം) ബാബിലോണിയന്‍ സംസ്കാരവും ആണ് തുടര്‍ന്ന് വന്നത്. പിന്നെ പേര്‍ഷ്യന്‍സും കഴിഞ്ഞാണ് ഇന്ന് കാണുന്ന ഈ ഇസ്ലാമിക രാജ്യം അറബ് സംസ്കാരത്തിലേക്ക് എത്തിയത് എന്നാണ് രേഖകളില്‍ കാണുന്നത്, അത് പ്രവാചകന്‍ മുഹമ്മദ്‌ നബി (സ .അ ) കാലത്താണ് . AD 628 ലാണ് പ്രവാചകന്‍ അയച്ച സംഘം ദൌത്യവുമായി ബഹ്റൈനില്‍ എത്തിയത്. അന്നത്തെ ബഹ്റൈന്‍റെയും ഖത്തറിന്റെയും ഭരണാധികാരി ആയിരുന്ന മിര്‍സ ബിന്‍ സവ അല്‍ തമീമിയുടെ നേതൃത്വത്തില്‍ ഈ രണ്ട് രാജ്യവും ഇസ്ലാമിക സ്വാധീനത്തിലേക്ക് മാറുകയും ചെയ്തു. അതായത് ഏകദേശം ഒരേ സമയത്ത് തന്നെയാണ് ബഹ്റൈനും ഖത്തറും ഇസ്ലാമിക രാജ്യമായി മാറിയത് എന്ന് സാരം . അതിന് ശേഷം മറ്റു മുസ്ലിം മത വിഭാഗങ്ങള്‍ ഭരണത്തില്‍ വന്നിട്ടുണ്ട് എന്നും രേഖകളില്‍ കാണുന്നുണ്ട്. പോര്‍ച്ചുഗീസ് അധിനിവേശത്തിന് ശേഷമാണ് അത്. ഒരു കാലത്ത് യൂറോപ്പില്‍ Tylos എന്ന പേരിലായിരുന്നത്രേ ബഹ്‌റൈന്‍ അറിയപ്പെട്ടിരുന്നത് .

പോര്‍ച്ചുഗീസ് അധിനിവേശം ആരംഭി ക്കുന്നത് 1622 AD മുതല്‍ക്കാണ് . നീണ്ട എണ്‍പതോളം വര്‍ഷങ്ങള്‍ പിന്നെ അവരുടെ അധീനതയില്‍ ആയിരുന്നു രാജ്യം. ഇന്ന് കാണുന്ന ബഹ്റൈനിലേക്ക് എത്തിയത് പിന്നെയും രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷവും . ആ ചരിത്രം പറയാന്‍ ഒരുപാടുണ്ട്. ബാര്‍ബാര്‍ ക്ഷേത്രത്തെ കുറിച്ച് പറഞ്ഞു വന്നിട്ട് ഞാന്‍ വന്നു നിന്നത് ബഹ്‌റൈന്‍ ചരിത്രത്തില്‍ ആയി പോയല്ലേ..? പക്ഷെ ചരിത്രത്തിന്റെ ശേഷിപ്പായി അവശേഷിക്കുന്ന ഈ മണ്ണില്‍ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ ആവേശത്തോടെ നില്‍ക്കുമ്പോള്‍ ആ കഥകളും പറയാതെ വയ്യല്ലോ.



അറാദ്‌ ഫോര്‍ട്ട്‌ കൂടെ സന്ദര്‍ശിക്കണം എന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. ബഹ്റൈന്‍റെ ചരിത്രത്തോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ് ഈ കോട്ടയും. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലും പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിലും ആണ് ഇതിന്‍റെ നിര്‍മ്മാണം . അതായത് പോര്‍ച്ചുഗീസ് അധിനിവേശത്തിനും മുമ്പ്. പ്രതിരോധത്തിന് വേണ്ടി തന്നെയാണ് ഇതിന്റെയും നിര്‍മ്മാണം. ആ കാലത്തെ യുദ്ധങ്ങളിലും മറ്റും ഒരു നിര്‍ണ്ണായകമായ ഒരു സ്ഥാനം ഈ കോട്ടയ്ക്കും ഉണ്ടായിരുന്നിരിക്കണം. കാരണം ഖലീഫ ഭരണം വരുന്നതിന്‌ മുമ്പ് പല അധിനിവേശങ്ങളും നാട്ടു യുദ്ധങ്ങളും ഇവിടെയും നടന്നിരുന്നു എന്ന് രേഖകളില്‍ കാണപ്പെടുന്നുണ്ട്. തനിമ നഷ്ടപ്പെടാതെ പുതുക്കി പണിതെങ്കിലും അറാദ്‌ ഫോര്‍ട്ടിന്റെ ഉള്ളറകള്‍ നമ്മെ വിസ്മയിപ്പിക്കും. പക്ഷെ ഈ ചരിത്ര സത്യങ്ങള്‍ അറിയാനും പഠിക്കാനും സഞ്ചാരികള്‍ക്കായി ഇവിടെ ഒരു വിവരങ്ങളും ലഭ്യമാകുന്നില്ല എന്നത് നിരാശപ്പെടുത്തുന്ന കാര്യം തന്നെയാണ് . അതേ സമയം ഇവയെല്ലാം സൂക്ഷമമായി പരിപാലിക്കുന്ന കാര്യത്തില്‍ ഇവര്‍ തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നമ്മുടെ നാട്ടിലെ ഓരോ ചരിത്ര സ്മാരകങ്ങളില്‍ ചെല്ലുമ്പോഴും വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നതിലും , അവയെല്ലാം പരിചയപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും നമ്മുടെ രാജ്യം വളരെ ശ്രദ്ധിക്കുന്നു എന്നതും ഇവിടെ എടുത്ത് പറയേണ്ട കാര്യമാണ്.

പൊടിക്കാറ്റ് മറച്ചിട്ടുണ്ട്‌ ഹൈവേകളെ . പതുക്കെയാണ് വാഹനം നീങ്ങുന്നത്‌. കോട്ടയിലെ അനുഭവങ്ങള്‍ക്കൊപ്പം അമര്‍ ദിയാബിന്റെ അറബി സംഗീതം കൂടി ചേര്‍ന്നപ്പോള്‍ സന്തോഷം തോന്നുന്നു. ഈ അവധി ദിവസം നല്ലൊരു അനുഭവമായി എന്ന്തന്നെ പറയാം. പതുക്കെ തണുപ്പിന്റെ ആലസ്യത്തില്‍ നിന്നുണര്‍ന്ന് ചൂടിലേക്കുള്ള പ്രയാണത്തില്‍ ആണ് പവിഴ ദ്വീപ്‌. ഒപ്പം സമ്പന്നമായ കുറേ ചരിത്ര സത്യങ്ങളെ അടുത്തറിഞ്ഞ സന്തോഷത്തില്‍ എന്‍റെ മനസ്സും.

Saturday, March 3, 2012

ബാക്കിയാവുന്ന മാമ്പഴക്കാലം

തൊടിയിലെ അണ്ണാരകണ്ണന്മാര്‍ക്കും കിളികള്‍ക്കും ഇനി പരിഭവിക്കേണ്ടി വരില്ല. ഇനി ഈ മാവിലെ ഓരോ മാങ്ങയും അവര്‍ക്ക് സ്വന്തമാണ്. അവരുടെ സാമ്രാജ്യത്തിലേക്ക് ചരല്‍കല്ലുകള്‍ വലിച്ചെറിഞ്ഞുകൊണ്ട് ഓടിക്കാന്‍ മാമ എന്ന് ഞാന്‍ സ്നേഹപൂര്‍വ്വം വിളിച്ചിരുന്ന ഉമ്മത്തി താത്ത ഇല്ല ഇന്ന്.

ഉമ്മ പറയുമായിരുന്നു , നിന്നെ പെറ്റത്‌ ഞാനാണെങ്കിലും നോക്കിയത് മാമ ആയിരുന്നു എന്ന്. ആ സ്നേഹവും കടപ്പാടും എനിക്കെന്നും മാമയോടും ഉണ്ടായിരുന്നു. പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടി നടന്നു വരുന്ന മാമയുടെ മുഖം മനസ്സിലുണ്ട് ഇന്നും. ഇഷ്ടപ്പെട്ടവര്‍ വിടപറയുമ്പോള്‍ ബാക്കിയാവുന്ന ഓര്‍മ്മകളുടെ കൂട്ടത്തില്‍ അവര്‍ പകര്‍ന്നു തന്ന സ്നേഹത്തിനു പുറമേ ഇങ്ങിനെ ചില അടയാളങ്ങളുമുണ്ട് . വീടിന്‌ പിറകിലൂടെ ഇറങ്ങി ഒറ്റയടിപ്പാതയിലൂടെ നടന്ന് ഈ പറമ്പിലെത്തുമ്പോള്‍ ഞാനറിയാതെ നിന്ന് പോകും. സ്നേഹത്തിന്‍റെ ഒരദൃശ്യ സ്പര്‍ശവുമായി കിളികളോട് കലഹിച്ച് , മാങ്ങകള്‍ പെറുക്കി കൂട്ടി മാമ ഇവിടെയെല്ലാമോ നില്‍ക്കുന്ന പോലെ.

കോഴിക്കോട് മെഡിക്കല്‍ കോളേജിന്റെ ഇടനാഴികളില്‍ ഞാന്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഒരുപാട് ഓര്‍മ്മകളുണ്ട്‌.
പക്ഷെ കോഴിക്കോട്ടേക്കെത്താന്‍ ഇതുവഴിയല്ലാതെ ഒരു യാത്രയും പറ്റില്ല ഞങ്ങള്‍ക്ക്. പക്ഷെ ഇവിടെത്തുമ്പോള്‍ മനസ്സ് ഞാനറിയാതെ അസ്വസ്ഥമാവുന്നു. ചുറ്റും കണ്ണോടിക്കുമ്പോള്‍ ദൈന്യതയുടെ എത്ര മുഖങ്ങളാണ് നമ്മെ വേട്ടയാടുന്നത്. ഒരു തൂക്ക് പാത്രത്തില്‍ കഞ്ഞിയും പിടിച്ചു ഓടുന്നവര്‍, കയ്യില്‍ മരുന്നും , മനസ്സില്‍ ദുഃഖ ഭാരവുമായി നീട്ടി നടക്കുന്നവര്‍ , ഓരോ ചിത്രങ്ങളും മനസ്സില്‍ ഒരു വേദനയായി നില്‍ക്കുന്നു.

ജനറല്‍ വാര്‍ഡിന്റെ ഇടനാഴികകളിലൂടെ കുറെ വേദനിക്കുന്ന ചിത്രങ്ങളും കണ്ടുനീങ്ങുമ്പോള്‍ ഹഫി എന്‍റെ കയ്യില്‍ മുറുക്കെ പിടിച്ചു. "ദേ ഇവിടെ" എന്ന് പതുക്കെ മന്ത്രിക്കുകയും ചെയ്തു. വിശാലമായ ആ ആശുപത്രിക്ക് പോലും ഉള്‍കൊള്ളാന്‍ പറ്റാത്ത രോഗികള്‍ക്കിടയില്‍ ഒരു പുല്‍പ്പായയില്‍ ചുരുണ്ട് കിടക്കുന്ന മുഖത്തേക്ക് നോക്കിയതും എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുടിയിഴകളിലൂടെ എന്നെ തലോടിയ , എനിക്ക് വേണ്ടി പഴുത്ത മാങ്ങകള്‍ പെറുക്കി കൂട്ടിയ ആ കൈകള്‍ ശോഷിച്ചിട്ടുണ്ട്, ഞാന്‍ ചിരിക്കുമ്പോള്‍ സന്തോഷിച്ച കണ്ണുകളില്‍ മാത്രം ഒരു തിളക്കം കണ്ടു. അത് ഞങ്ങള്‍ വന്ന സന്തോഷതിന്റെതാണ് . ആ കൈകള്‍ എന്‍റെ മുഖത്ത് തലോടി ആദ്യം പറഞ്ഞത് "മാങ്ങാക്കാലം കഴിഞ്ഞപ്പോഴാണോ എന്‍റെ കുട്ടി നാട്ടിലെത്തിയത് " എന്നാണ്. പരിസരം മറന്നു എന്‍റെ കണ്ണുകളും നിറഞ്ഞൊഴുകി. പുല്‍പ്പായയില്‍ അമര്‍ന്നിരുന്ന് ഒന്നും പറയാനില്ലാതെ മുഖത്തോട് നോക്കി ഞാനിരുന്നു.

കൈപിടിച്ച് സ്കൂളിലെ ക്ലാസ് മുറി വരെ കൊണ്ടാക്കുന്നതും, എന്നെ തല്ലിയ ഉസ്താദിനോട് വഴക്കിനു പോയതും, നബിദിന ഘോഷയാത്രക്ക്‌ കൊടി കിട്ടാതെ കരഞ്ഞ എനിക്ക് വര്‍ണ്ണ കടലാസുകള്‍ ഒട്ടിച്ച കൊടി ഉണ്ടാക്കി തന്നതും, പഴുത്ത മാങ്ങകളുടെ തൊലി ചെത്തി പാത്രത്തില്‍ ഇട്ട് തരുന്നതും തുടങ്ങി ഗള്‍ഫിലേക്കുള്ള ആദ്യ യാത്രയില്‍ കൂടെ എയര്‍പോര്‍ട്ട് വരെ വന്നതുമായ കുറെ ഓര്‍മ്മകള്‍ എന്നെ പിടിച്ചു വലിക്കുന്നു.

ചുരുട്ടി നല്‍കിയ നോട്ടുകള്‍ മാമ വാങ്ങിയത് മകന്റെ അവകാശമായി കണ്ടാവണം. എന്നാല്‍ "എന്നെ കാണാന്‍ ഓടി വന്നല്ലോ എന്‍റെ കുട്ടി " എന്ന തൊണ്ടയില്‍ കുടുങ്ങിപ്പോയ വാക്കുകള്‍ ആണ് എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചത്. അര്‍ബുദത്തിന്റെ വേദനയില്‍ ആ ഒരാശ്വാസം ഞാന്‍ കണ്ടതാണ്. എങ്ങിനെ അവിടിന്നറങ്ങി എന്നറിയില്ല എനിക്ക്. പക്ഷെ അതൊരു അവസാന കൂടിക്കാഴ്ച ആയിരുന്നു. കഴിച്ചു കഴിഞ്ഞിട്ടും നാവിന്‍ തുമ്പില്‍ നിന്നും ഒഴിഞ്ഞുപോകാത്ത ഒരു മാമ്പഴത്തിന്റെ രുചി പോലെ ഈ പോറ്റമ്മയും ആ സ്നേഹവും എന്‍റെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു.

എന്നോ എഴുതേണ്ടിയിരുന്ന ഒരു ഓര്‍മ്മകുറിപ്പ്. ഞാനിതിവിടെ കുറിക്കുന്നു. വിഷമിപ്പിക്കാനല്ല. ഓര്‍മ്മകളും സ്വപ്നങ്ങളും സന്തോഷങ്ങളും ഗൃഹാതുരത്വവും പങ്കു വെക്കുന്ന എന്റെയീ അക്ഷരങ്ങളുടെ ചെറിയ ലോകത്ത് ഈ വളര്‍ത്തുമ്മയേയും കാണണം എനിക്ക്. പ്രാര്‍ത്ഥനകളോടെ .