Saturday, October 5, 2013

അണക്കെട്ടിലെ കാറ്റ് പറഞ്ഞത്

                                                  Malampuzha Dam.   Photo - Hashiq A.H


ഈ പാറ കെട്ടിന്‍റെ  മുകളിൽ ഇരുന്നാൽ താഴെ മലമ്പുഴ പുഴ ശാന്തമായി ഉറങ്ങുന്നത് കാണാം . ഈ ഡാമും പുഴയും ചുറ്റുവട്ടവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാവുന്നതിന് മറ്റൊരു കാരണം കൂടിയുണ്ട് . ഇവിടെക്കായിരുന്നു എന്‍റെ  ആദ്യത്തെ വിനോദയാത്ര . കഴിഞ്ഞ ഡിസംബറിലും ഞാനീ ഡാമിന്‍റെ മുകളിലൂടെ നടന്നു . കൂടെ എന്‍റെ ആറ് വയസ്സുള്ള മകനും ഉണ്ടായിരുന്നു . അവന്‍റെ  കണ്ണുകളിൽ ഞാൻ കണ്ട തിളക്കത്തിന് കുറേ വർഷങ്ങളുടെ പഴക്കം തോന്നി . ഉപ്പയുടെ കൈപിടിച്ച് വർഷങ്ങൾക്ക് മുമ്പ് നടന്നു നീങ്ങിയ എന്‍റെ കണ്ണുകളിൽ നിറഞ്ഞ അതേ തിളക്കമല്ലേ അത് ? 

യാത്രകളിൽ നമ്മെ ഇപ്പോഴും പിന്തുടരുന്ന ഒരു സഹാചാരിയുണ്ട് . കാറ്റ് . നമ്മുടെ മൂഡിനൊപ്പം സന്തോഷിക്കാൻ ദുഖിക്കാനും പിണങ്ങാനും പരിഭവിക്കാനും ഇത്രയും നല്ലൊരു സഹായാത്രികക്കല്ലാതെ ആർക്ക് പറ്റും . ഡാമുകൾക്ക് മീതെ പറക്കുന്ന കാറ്റുകൾക്ക്‌ പക്ഷേ ഒരേ ഭാവമാണോ ? അല്ലെന്നാണ് എന്‍റെ പക്ഷം . മലമ്പുഴ ഡാമിലെ കാറ്റ് എന്നെ ഓർമ്മിപ്പിക്കുന്നത് നേരത്തെ പറഞ്ഞ ബാല്യമാണ് . ഒരു സ്നേഹപൂർവ്വമുള്ള തലോടൽ പോലെ . അതിലൊരു വാത്സല്യം ഞാനറിയുന്നുണ്ട് . ഒരു പക്ഷേ ആദ്യത്തെ യാത്രയും ഉപ്പയുടെ വിരൽത്തുമ്പും ആകാം അത്തരം ഒരു വൈകാരിക തലം മലമ്പുഴക്കാറ്റിന് തോന്നാൻ കാരണം . 


Shiruvani Dam

രണ്ടറ്റവും കാട് . അതിനെ ബന്ധിപ്പിച്ച് , ശിരുവാണി പുഴയെ നെടുകെ പിളർന്ന് ശിരുവാണി ഡാം . ചിലപ്പോഴൊക്കെ ഒറ്റപ്പെടാൻ ആഗ്രഹിക്കാറില്ലേ നമ്മൾ ..? ഒരു സന്യാസിയെ പോലെ അലഞ്ഞും തിരിഞ്ഞും അങ്ങിനെയങ്ങിനെ . എന്തോ എനിക്കങ്ങിനെ തോന്നാറുണ്ട് . അങ്ങിനെ തോന്നുമ്പോഴൊക്കെ ഞാൻ മനസ്സ് കൊണ്ട് ഇവിടെ വരും . ആനച്ചൂര് മണക്കുന്ന വഴിയിലൂടെ ഇറങ്ങി ചെന്ന് പാട്ടിയാർ പുഴയെ നോക്കി ധ്യാനമിരിക്കും . അപ്പോൾ കരിമല  കുന്നിറങ്ങി ഒരു കാറ്റ് വരും . അതെന്നെ വട്ടം ചുറ്റുമ്പോൾ ഞാനെന്നെ മറക്കും . ഈ കരിമല കുന്നിൽ , രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് റോയൽ ഫോഴ്സിന്‍റെ  ഒരു ആയുധ വിമാനം തകര്‍ന്നു വീണിരുന്നു എന്ന് പറയുന്നു. അതിനോടൊപ്പം ഈ കാടിന്‍റെ നിഗൂഡതയില്‍ മറഞ്ഞു പോയ രഹസ്യങ്ങള്‍ എന്തൊക്കെയാവും..? ഒപ്പം പേരും നാടുമറിയാതെ പൊലിഞ്ഞുപോയ കുറെ ജീവനും കാണില്ലേ ? ഈ അണക്കെട്ടിന് മുകളിൽ നിന്ന്  കുറേ രഹസ്യങ്ങള്‍ ഗര്‍ഭം പേറുന്ന കരിമലയെ നോക്കിയിരിക്കുമ്പോള്‍ എനിക്കെന്തോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഒരു വികാരം മനസ്സില്‍ നിറയുന്നു. കേട്ടും,വായിച്ചും, പഠിച്ചും അറിഞ്ഞ ഒരു യുദ്ധത്തിന്‍റെ  ഓര്‍മ്മകള്‍. അതിന്‍റെ  അടയാളമായി ഒരു ദുരന്തവും , പിന്നെ ചുരുളഴിയാത്ത കുറെ രഹസ്യങ്ങളും. എല്ലാം ഈ കാടിനകത്ത് ഉറങ്ങുന്നു എന്നറിയുമ്പോള്‍ എനിക്കതൊരു വേദനയാകുന്നു. കുറെ നേരം. ഒരു കാറ്റ് വന്ന്‌ ആ കഥയുടെ രഹസ്യം എനിക്ക് പറഞ്ഞു തന്നിരുന്നുവെങ്കില്‍. ..!!

എപ്പോഴും  വിലാപകാവ്യം കേൾപ്പിച്ചൊരു കാറ്റ് പറന്നു പോവാറുണ്ട് . കക്കയം ഡാമിന്‍റെ താഴ്വരയിൽ പെയ്യുന്ന മഴക്ക് പോലും ഉണ്ടാവും ഉപ്പുരസം . ചോദിച്ചു നോക്കൂ.. ആ കാറ്റിനോട് .. എന്തിനിങ്ങിനെ വിലാപകാവ്യം പാടി വീശിയകലുന്നു എന്ന് ? ഒരു നിമിഷം നിന്ന് , കുറ്റ്യാടി പുഴയിൽ മുങ്ങാം കുഴിയിട്ട്  കാറ്റ് പറയും , ഒരച്ഛന്‍റെ വേദനയെ പറ്റി . മകന്‍റെ  ഘാതകരെ തേടി നീതി ദേവതയുടെ കടാക്ഷവും തേടി ഒരായുസ്സ് മുഴുവന്‍ കരഞ്ഞു തീര്‍ത്ത ഈച്ചരവാരിയര്‍ എന്ന അച്ഛനെ പറ്റി. അലക്ഷ്യമായി വീശുന്ന കാറ്റിനെ പോലെ ആ ചോദ്യവും അവസാനിച്ചു . ഇനിയൊരിക്കൽ കൂടി കക്കയം ഡാം കാണാൻ എനിക്ക് താൽപര്യമില്ല . 


Kakki Dam - Photo Wiki 

ഒരു സമര ജീവിതത്തെ ഓർമ്മപ്പെടുത്തുന്നൊരു ശിലാ ഫലകമുണ്ട് കക്കി അണക്കെട്ടിന്‍റെ ചുവരുകളിൽ . ഉത്ഘാടനം ചെയ്തത് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് . 1967 – ല്‍ ഈ ഡാം ഉത്ഘാടനം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന ഈ. എം. എസ്‌. നമൂതിരിപ്പടാണ്. ഭൂപരിഷകരണം തുടങ്ങി കുറെ ചരിത്രങ്ങള്‍ ആ പേരിനോടൊപ്പം ചേര്‍ത്ത് വായിച്ചിട്ടുണ്ട്. പക്ഷെ കേരളത്തില്‍ അങ്ങോളമിങ്ങോളം മുക്കിലും മൂലയിലും കാണുന്ന ശിലാഫലകങ്ങള്‍ക്കിടയില്‍ ഈ.എം.എസ്‌ . ഉത്ഘാടനം ചെയ്തു എന്ന് കൊത്തിവെച്ച ഈ ശിലാഫലകം നന്നായി ആകര്‍ഷിച്ചു. പച്ചനിറമുള്ള വെള്ളത്തിലേക്ക്‌ നോക്കിയിരിക്കാൻ ഭയം തോന്നുന്നുണ്ട് . നല്ല ആഴമുണ്ട് . ഒരു നിമിഷം മുങ്ങാംകുഴിയിട്ട് അതിന്‍റെ അടിതട്ടിലൊന്ന് പോയി വന്നാലോ എന്നൊരു ഭ്രാന്തൻ ആവേശം എന്നെ പിടിക്കൂടി . നിഗൂഡതകളുടെ  പുറംചട്ടകൾ ഉണ്ടെന്ന് തോന്നുന്ന ഡാമുകളിലൊക്കെ  ഇങ്ങിനെ തോന്നാറുണ്ട് എനിക്ക് . ഒരു പക്ഷേ ചുറ്റും കാണുന്ന നിബിഡ വനങ്ങൾ ആവാം അതുപോലൊരു നിഗൂഡതലം തോന്നാൻ കാരണം .  വല്ലാത്തൊരു അപരിചിതത്വം തോന്നി കക്കിയിലെ കാറ്റിനോട് . ഒട്ടും സൗഹാർദ്ദമില്ലാത്ത ഒന്നുപോലെ . അതിനൊരു കാരണം പറയാൻ ഞാനശക്നാവുന്നു . 

പച്ചക്കാനം പമ്പ ഹൗസിന്‍റെ  മുറ്റത്തിരുന്നാൽ താഴെ പമ്പ ഡാം കാണാം . അടുത്തേക്ക് പ്രവേശനം ഇല്ല . ഞാൻ താഴോട്ട് നോക്കി നിസ്സഹായനായി ഇരുന്നു . അതറിഞ്ഞോ എന്തോ , താഴെ കാണുന്ന മരങ്ങളുടെ ചില്ല കിലുക്കി ആ കാറ്റ് എന്നെ തേടി ഇങ്ങോട്ട് വന്നു . ഒരു യാത്രയുടെ ആലസ്യത്തിലിരുന്ന എന്നെ കുളിർപ്പിച്ച് സൌഹൃദത്തിലാക്കി . ഒരിത്തിരി പമ്പാ വിശേഷങ്ങളും പറഞ്ഞ് തിരിഞ്ഞോടി . പമ്പയിലെ ഓളങ്ങളെ ഉണർത്തി അവയോടൊപ്പം ലയിച്ചു . നിമിഷ നേരം കൊണ്ട് പരിചയത്തിലാവുന്ന കൂട്ടുക്കാരെ പോലെ ആയി ഞങ്ങൾ . കാടിന്‍റെ രാത്രിക്കും പകലിനും ചെവിയോർത്ത്‌ പമ്പ ഹൗസിന്‍റെ മുറ്റത്ത്‌ ചുറ്റി തിരിയുമ്പോഴെല്ലാം വിശേഷങ്ങൾ പറഞ്ഞ് ആ കാറ്റുമുണ്ടായിരുന്നു   കൂടെ .  പിറ്റേന്ന് തിരിച്ചിറങ്ങുമ്പോൾ യാത്രയയക്കാൻ  കൂടെ വന്നു  . കുറെ ദൂരത്തോളം . 

ഏറ്റവും പ്രണയാതുരമായ കാറ്റിനെ അറിയണമെങ്കിൽ മൂന്നാറിലേക്ക് പോവണം . മാട്ടുപ്പെട്ടി അണക്കെട്ടിന്‍റെ  മുകളിലിരുന്നാൽ മനോഹരമായ തടാകം കാണാം  . സായാഹ്നങ്ങളിൽ ഇവിടെ പോയി നിൽക്കൂ . ദൂരെ കുന്നിന് മുകളിൽ കോടമഞ്ഞ്‌ . കണ്ണുകൾ ചിമ്മി ഒന്ന് മാടി വിളിച്ചാൽ , ആ മഞ്ഞിന്‍റെ  തണുപ്പും വഹിച്ച് മാട്ടുപ്പെട്ടി കാറ്റ് കുതിച്ചു വരും . ഒരാവേശത്തോടെ ആ പ്രണയക്കാറ്റ് നമ്മെ വാരിപ്പുണരും . സ്വയം മറന്ന് നിന്നുപോകവേ തന്നെ സൂര്യൻ വഴിമാറും . തടാകത്തിന് മീതെ വെള്ളിവെളിച്ചം വിതറി ചന്ദ്രനുദിക്കും . മിന്നി മിന്നി നക്ഷത്രങ്ങളും . സ്നേഹിച്ചു തുടങ്ങിയാൽ വിട്ടു പോരാൻ മടിക്കുന്ന പ്രണയിനിയെ പോലെ അപ്പോഴുമുണ്ടാവും ആ മാട്ടുപ്പെട്ടിയൻ കാറ്റ് നമ്മളോടൊപ്പം . 

കണ്ടിട്ടില്ലെങ്കിലും ഒന്ന് പറയാതെ പോയാൽ അതൊരു അനീതിയാവും . കാരണം എന്‍റെ  കണ്ണുകളെ കുറേ തവണ തേടി വന്ന ഒരു ചിത്രമുണ്ട് . കാതുകളിൽ ഇപ്പോഴും മുഴങ്ങുന്ന മൗനമായ ഒരു നിലവിളിയുണ്ട് . ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയി പോയേക്കാവുന്ന ജീവിതത്തെ ഓർത്ത് , ഗ്രാമത്തെ ഓർത്ത് ഉറ്റവരെയും ഉടയവരേയും ഓർത്ത് മുല്ലപ്പെരിയാർ ഡാം അങ്ങകലേ നിൽക്കുന്നുണ്ട് . അണക്കെട്ടുകൾ മാറി മാറി കാറ്റ് കൊള്ളാൻ ഇറങ്ങുന്ന ഞാൻ മുല്ലപ്പെരിയാർ ഡാമിന് മീതെ പറക്കുന്ന കാറ്റിനോട് എന്ത് ചോദിക്കാൻ ..?  ജീവശ്വാസം നൽകുന്ന കാറ്റ് ഡാമിനടുത്ത് എത്തുമ്പോൾ വേഗത കുറക്കുന്നുണ്ടാവണം . അത്രയും പതുക്കെ വീശിയാൽ  അത്രയും ഉറപ്പ് അതിന് നൽകാൻ പറ്റും എന്ന തോന്നലാവണം അത് . അല്ലെങ്കിൽ ഒരു കൂട്ടനിളിവിളിക്ക് പോലും സമയം കിട്ടാതെ വരുന്ന സാഹചര്യത്തിന് മീതെ ഗതി കിട്ടാതെ ചുറ്റിത്തിരിയാൻ ആ കാറ്റും ആഗ്രഹിക്കുന്നില്ല . ഇങ്ങകലേയിരുന്ന് ഞാൻ കൊള്ളുന്ന കാറ്റിൽ ഒരു പ്രാർത്ഥന പറത്തി വിട്ടിട്ടുണ്ട് . ഒരുപാട് പേരുടെ പ്രാർത്ഥന . അതവിടെ ഒരായിരം പ്രാർത്ഥന കളായി ആ കാറ്റ് എത്തിക്കട്ടെ .



ഭൂമിക്കടിയിലേക്ക് ചവിട്ടി താഴ്ത്തപ്പെട്ട മഹാബലിയുടെ മകനാണ് ബാണാസുരൻ . ബാണാസുരന്‍റെ  പേരിൽ ഒരു അണക്കെട്ട് പൊങ്ങിയപ്പോൾ ഒരു ഗ്രാമവും ചവിട്ടി താഴ്ത്തപ്പെട്ടു . വാമനനോളം വലിപ്പം ബാണാസുരന് ഇല്ലാതെ പോയത് ഭാഗ്യം . അല്ലെങ്കിൽ തരിയോട് എന്ന ഗ്രാമത്തിന് പകരം കേരളം തന്നെ മുങ്ങിയേനെ . തരിയോട് പഞ്ചായത്തിലെ കരിങ്കാണി , ചൂരാണി , കുമ്പളവയൽ എന്നീ ഗ്രാമങ്ങളെ വെള്ളത്തിനടിയിൽ മുക്കി കൊന്നാണ് ബാണാസുര സാഗർ അണക്കെട്ട് തല ഉയരത്തി നിൽക്കുന്നത് . സംസ്കരിക്കപ്പെട്ട ഗ്രാമങ്ങളുടെ നെഞ്ചിലൂടെ ചവിട്ടിയാണ് നമ്മൾ നടക്കുന്നത് . എന്നിരുന്നാലും  വീണ്ടും വീണ്ടും നമ്മേ മോഹിപ്പിച്ചു വിളിക്കും ഇവിടത്തെ കാറ്റ് . ഈ പറഞ്ഞ എല്ലാറ്റിലും കൂടുതൽ എന്നോട് കൂട്ട് കൂടിയതും ഇവിടത്തെ കാറ്റ് തന്നെ . എത്രയോ തവണ ഒറ്റക്കും കൂട്ടമായും ഞാനിവിടെ വന്നിട്ടുണ്ട് . പ്രിയപ്പെട്ടൊരു കൂട്ടുക്കാരനോട് സംസാരിച്ചിരിക്കുന്ന പോലെ ആ കാറ്റുകൾ എന്നോട് കഥകൾ പറഞ്ഞു തന്നിട്ടുണ്ട് . മറ്റു ചിലപ്പോൾ കഥാപാത്രം തന്നെ ആയിട്ടുണ്ട്‌ . പക്ഷേ ആ വെള്ളത്തിലേക്ക്‌ കണ്ണുമിഴിച്ച് നോക്കിയാൽ ചില നിഴൽ ചിത്രങ്ങൾ കാണാം . പിഴുതെറിയപ്പെട്ട ഏതാനും ഗ്രാമങ്ങളുടെ പ്രേതങ്ങൾ പുഴക്കടിയിലൂടെ ഗതി കിട്ടാതെ അലയുന്നത് കാണാം . പുറത്തേക്ക് ചാടാനുള്ള പഴുതുകൾ തേടി . 

ബാണാസുര മാത്രമല്ല , ഏത്  അണക്കെട്ടുകൾ  കണ്ടു മടങ്ങുമ്പോഴും  ഈ കാറ്റ് അകാരണമായ ഒരസ്വസ്ഥതയും  എന്നിൽ പകരാറുണ്ട്.. ആരുടെയൊക്കെയോ നിലവിളികൾ. ചവിട്ടി താഴ്ത്തപ്പെട്ട അനേകം  ഗ്രാമങ്ങളിലെ നിസ്സഹായരായ മനുഷ്യരുടെ അമർത്തിപ്പിടിച്ച തേങ്ങലുകൾ. പിഴുതെറിയലിന്‍റെ , പുനരധിവാസത്തിന്‍റെ . പുഴക്കടിയിൽ   നിന്നും  അവർ നിർത്താതെ കരയുമ്പോഴായിരിക്കുമൊ ഡാമുകൾ നിറഞ്ഞു കവിയുന്നത് ..? 



(മാധ്യമം വാരപ്പതിപ്പ്  - 4/10/2013) 





Wednesday, July 3, 2013

ഇടത്താവളങ്ങൾ


വഴിക്കടവിൽ നിന്നും ഒരു സുലൈമാനി കുടിച്ചാൽ പിന്നെ അടുത്ത സ്റ്റോപ്പ്‌ തുറപ്പള്ളിയാണ് . മിക്ക യാത്രകളിലും ഞങ്ങളുടെ ഇടത്താവളം ആയി വരാറുള്ള സ്ഥലം . അതുകൊണ്ട് തന്നെ വല്ലാത്തൊരു ആത്മബന്ധം തോന്നിയിട്ടുമുണ്ട് തുറപ്പള്ളിയോട് . ഞാനാലോചിക്കാറുണ്ട്  .  എന്തുകൊണ്ട് എന്‍റെ  ചെറിയ  കുറിപ്പുകളിൽ തുറപ്പള്ളി ഇത് വരെ പറയാതെ പോയി എന്ന് . 

ബന്ദിപൂർ വനപാതയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പുള്ള സ്ഥലം . ചെറിയൊരു  അങ്ങാടി . രണ്ട് ഹോട്ടലും പെട്രോൾ പമ്പും ഓട്ടോ ഗാരേജും പള്ളിയും പിന്നെ ചെറിയ പെട്ടികടകളും ഉൾകൊള്ളുന്ന ചെറിയ സ്ഥലം . ഒരു ചെക്ക് പോസ്റ്റും ചിരപരിചിതരെ പോലെ തോന്നിക്കുന്ന രണ്ട് പൊലീസ്കാരും കാണും . രാത്രിയാണ് തിരിച്ചു വരുന്നതെങ്കിൽ കാണാം ഈ പോലീസുകാരുടെ തനിസ്വഭാവം . ഇവിടെ ഇറങ്ങി റോഡ്‌ സൈഡിൽ നിന്ന് തന്നെ ചൂടുള്ള ഒരു ചായ കുടിക്കാൻ എന്ത് രസമാണ് . മുളക് ബജിയുമായി ഒരമ്മ എപ്പോഴും കാണും ഇവിടെ . രുചിയുള്ള  മുളക് ബജി കഴിക്കാമെങ്കിലും ഒരിക്കലും ചിരിച്ചു കണ്ടിട്ടില്ല അവരെ . പക്ഷേ ചിരിക്കാതെ ചിരിക്കുന്നൊരു മുഖം അവരോട് ഒരിഷ്ടം തോന്നിക്കും . അത് കഴിഞ്ഞാൽ ആ പെട്ടിക്കടയിൽ നിന്നും റോജയും കൂട്ടി ഒന്ന് മുറുക്കൽ പതിവാണ് . അതും വായിലിട്ട് ഏതെങ്കിലും ഒരു കടയുടെ മുന്നിൽ അലസമായി ഇരിക്കാം . 



യാത്രപോകുന്നവരെ ഇങ്ങിനെ നോക്കിയിരിക്കാൻ എനിക്കേറെ ഇഷ്ടമാണ് . സ്വപ്നങ്ങളുടെ ഭാണ്ഡവും പേറി ഏതെല്ലാം ദിക്കുകളിലേക്കായിരിക്കും അവരൊക്കെ നീങ്ങുന്നത്‌ . യാത്രക്കാരുടെ മുഖത്തായിരിക്കാം ഏറ്റവും സന്തോഷം കാണുക . ഈ യാത്രയിൽ കിലോമീറ്ററകളോളം അവരെ പിന്തുടരുന്ന ഭാവം എന്തായിരിക്കുമെന്ന് എനിക്കറിയാം  . ഈ ചെക്ക് പോസ്റ്റ്‌ കഴിഞ്ഞാൽ ബന്ദിപ്പൂർ വനമായി . വഴിയരികിൽ മുളയൊടിക്കുന്ന ഒരു കൊമ്പൻ അവരെ പേടിപ്പെടുത്തും . അപ്പോൾ ഭയം വിരിയും . കാട് കഴിഞ്ഞാൽ വിരിഞ്ഞു നിൽകുന്ന സൂര്യകാന്തി തോപ്പുകൾ കാണാം . അപ്പോൾ മുഖത്ത് സന്തോഷം വിരിയും . തൊട്ടടുത്ത നിമിഷം ആവുന്നതിലും കൂടുതൽ ഭാരവും വലിച്ച് രണ്ട് കാളകൾ നീങ്ങുന്നത്‌ കാണാം . അവരുടെ മുഖത്ത് അപ്പോൾ വിരിയുന്ന ഭാവം ദുഃഖമാവില്ലേ ? അതുകഴിഞ്ഞാൽ വഴിയരികിൽ ഇളനീർ വെട്ടി വിൽക്കുന്നവരെ കാണും . നെറ്റിയിലെ വിയർപ്പ്‌ തുടച്ച് നിങ്ങൾ നൽകുന്ന പത്ത് രൂപ വാങ്ങുന്ന ശോഷിച്ച കൈകൾ നിങ്ങളിൽ ഒരു ദയനീയ ഭാവം വിരിയിക്കും .  ഉടനെ ആൽമരത്തിൽ നിന്നും ഊർന്നിറങ്ങുന്ന വാനരന്മാർ ആശ്ചര്യം നൽകും . ഇങ്ങിനെ ദുഃഖം സന്തോഷവും പേടിയും നിസ്സഹായതയും എല്ലാം കൂടിച്ചേർന്നതാണല്ലോ ഓരോ യാത്രയും . അവർ യാത്ര തുടരട്ടെ . ഞാൻ തുറപ്പള്ളിയിലെ ആ ബെഞ്ചിലേക്ക് തന്നെ തിരിച്ചു വന്ന്  ബാക്കി പറയട്ടെ . 



ഒരിക്കൽ രാത്രി ബന്ദിപൂർ വനത്തിൽ വെച്ച് വണ്ടി കേടായി പതുക്കെ ഓടിച്ച് തുറപ്പള്ളി എത്തിയപ്പോൾ ഒരൊറ്റ കട തുറന്നിട്ടില്ല . ആനക്കൂട്ടം രാത്രിയിൽ  ഇപ്പോൾ ഇവിടേക്കും ഇറങ്ങുന്നുവത്രേ . പതുക്കെ വണ്ടി ഓടിക്കുമ്പോൾ ഞങ്ങൾ കണ്ടതാണ് അത് . ഗട്ടറിൽ ചാടി വല്ലാത്തൊരു ശബ്ദവുമായി ഓടുന്ന വണ്ടി . കാടിന്‍റെ നിശബ്ദതക്ക് ഭീഷണി യാലും കാട്ടുമൃഗങ്ങൾക്ക് പ്രകോപനം ആവരുതേ എന്നൊരു പ്രാർത്ഥനയേ ഉള്ളൂ .   നന്നായി പേടിച്ചൊരു യാത്ര . മുളകൾ തൂമ്പ് പൊട്ടിയ സമയമായത്‌ കൊണ്ടാവാം ധാരാളം ആനകളെയും കാണാം . രാത്രി ഒമ്പത് മണിക്ക് ശേഷം റോഡ്‌ തുറന്നുകൊടുക്കില്ല . കോടതി വിധിയാണ് . അതുകൊണ്ട് വാഹനങ്ങളും കുറഞ്ഞു വരുന്നു . ഒരു പാണ്ടിലോറിക്കാരൻ പതുക്കെ ഞങ്ങളുടെ മുന്നിലൂടെ ഓടിച്ചത് കൊണ്ടാണ് അപകടം ഇല്ലാതെ പോയത് എന്ന് ഞാൻ വിശ്വസിക്കുന്നു . ആ സ്നേഹത്തിന് പകരമായി നീട്ടിയ നോട്ടുകൾ അയാൾ സ്വീകരിച്ചില്ല . വെറ്റിലക്കറ പുരണ്ട പല്ലുകൾ കാട്ടി മനോഹരമായി ചിരിച്ചു . ഞങ്ങൾ സുരക്ഷിതമായി തുറപ്പള്ളി എത്തിയപ്പോൾ ആക്സിലേറ്റർ നീട്ടി ചവിട്ടി കാടിന്‍റെ ഇരുളിലൂടെ ആ ലോറി പാഞ്ഞുപ്പോയി .

രാത്രി ഒരു പഞ്ചർ അടക്കുന്ന ആളുടെ വീട് തപ്പി കണ്ടുപിടിച്ച് വിളിച്ചു വന്നു . അയാൾക്കൊരു പരിഭവവും തോന്നിയില്ല . സന്തോഷത്തോടെ വണ്ടിയുടെ കേട് തീർത്തുതന്നു . ഒരു തമിഴ് പാട്ടും മൂളി അയാൾ തിരിച്ചു പോയി . തിരിച്ച് കാറിൽ കയറുമ്പോൾ ഒന്നൂടെ തിരിഞ്ഞു നോക്കി . പെട്രോൾ പമ്പിലെ മങ്ങിയ വെളിച്ചത്തിനുമപ്പുറം ബന്ദിപ്പൂർ വനം തുറിച്ചു നോക്കുന്നു .  തുറപ്പള്ളി എന്ന ഞങ്ങളുടെ പ്രിയപ്പെട്ട ഇടത്താവളം തണുപ്പിനെ വാരിപുണർന്ന്  ഉറങ്ങാൻ ഒരുങ്ങുന്നു .  എല്ലാം കഴിഞ്ഞ് വീടെത്തുമ്പോൾ രാത്രി മൂന്ന് മണി . കോഴിക്കോട് പോവാണ് എന്ന് പറഞ്ഞ് ഗുണ്ടൽ പേട്ട പോയി വന്ന സത്യസന്ധനായ മകനോടുള്ള സ്നേഹം ഉമ്മ ഒരടിയിലൂടെ തീർത്തു . പക്ഷേ ആ അടി എനിക്കിഷ്ടായി . കാരണം കാലങ്ങൾക്ക് ശേഷമാണ് ഉമ്മയുടെ അടി കൊള്ളുന്നത്‌ . അതിൽ സ്നേഹമുണ്ടായിരുന്നു . തുറപ്പള്ളിയിലെ ആ അമ്മയുടെ മുളകുബാജി പോലെ എരുവുള്ള മധുരമായി ആ അടിയിലെ സ്നേഹം ഞാൻ ഏറ്റുവാങ്ങി .

Friday, June 7, 2013

എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം !



ഇപ്പോൾ തിരിച്ചെത്തിയതേയുള്ളൂ .
ഹരിദ്വാരിൽ നിന്ന് . 
എവിടെയല്ലാം കറങ്ങി . എന്തെല്ലാം കണ്ടു . 
ചുറ്റും സന്യാസിമാർ , പർണ്ണശാലകൾ , റിക്ഷ വലിക്കുന്നവർ , ഭിക്ഷക്കാർ .
സത്യത്തിൽ ഇതൊരു പുനർ യാത്രയാണ് . അതായത് പുനർവായന . 
അപ്പോൾ "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്നത് "ഹരിദ്വാരിൽ ഇപ്പോഴും മണികൾ മുഴങ്ങുന്നു " എന്ന്‌ പറയാമല്ലേ ..!

മാനസാദേവിയെ കണ്ട് കുന്നിറങ്ങി പുറത്ത് വന്നു . പുസ്തകത്തിൽ നിന്നിറങ്ങി വർത്ത‍മാനത്തിലേക്ക്‌ . സത്യത്തിൽ ഞാനും പോയിരുന്നോ ഹരിദ്വാരിൽ ..? രമേശ്‌ പണിക്കർ ഞാനായിരുന്നോ . അല്ലെങ്കിൽ രമേശ്‌ കുടിച്ച്  മയങ്ങിയ ഭാംഗിന്‍റെ ലഹരി .. അതെങ്ങിനെ ഒരു പെപ്സിക്ക് നൽകാനാവും ..? അവനെ ഉണ്മാദിയാക്കിയ ചരസ്സിന്‍റെ വീര്യം .. അതീ ഡേവിഡോഫിന്‍റെ പുകച്ചുരുളുകൾക്ക് നൽകാൻ പറ്റി എന്നത് സത്യമാവുമോ ? അപ്പോൾ സുജ മെഹ്റ  ആരാണ് . അവളും ഉണ്ടായിരുന്നല്ലോ എന്‍റെ കൂടെ . 

 "ഹരിദ്വാരിൽ മണികൾ മുഴങ്ങുന്നു " എന്ന നോവൽ ഇന്നലെ വീണ്ടും വായനക്കെടുത്തു . ചില കഥകൾ അങ്ങിനെയല്ലേ . നമ്മൾ കഥാപാത്രമായിപ്പോകും . മറ്റു ചിലപ്പോൾ അവരെ ദൂരെ നോക്കി നിന്ന് കാണും . ഇവിടെ ഞാൻ കഥാപാത്രമായി എന്ന് പറയാൻ പറ്റില്ല . പക്ഷെ ഹരിദ്വാരിലേക്കുള്ള രമേഷിന്‍റെയും സുജയുടെയും കൂടെ ഞാനുണ്ടായിരുന്നു . അടുത്ത് നിന്നും ദൂരെ നിന്നും ചിലപ്പോൾ ഞാൻ തന്നെ ആയും . 

പറഞ്ഞുവരുന്നതും യാത്ര തന്നെ . നടന്ന യാത്രകൾ അല്ല . സ്വപ്നത്തിൽ എവിടെയോ ബാക്കി നിൽക്കുന്ന ഒന്ന് . പക്ഷെ യാഥാര്‍ത്ഥ്യത്തിൽ നിന്നും  ഒട്ടും വിദൂരമല്ല അത് . അതേസമയം സാമാന്യ ബുദ്ധിയെ വെല്ലുവിളിക്കുന്ന ചില   വട്ടൻ ചിന്തകളും കൂടിച്ചേരും . ഈ കഥ വായിച്ചപ്പോഴാണ് വീണ്ടും  യാത്രാമോഹം  മനസ്സിലേക്ക് കയറിവന്നത്  . 
എവിടേക്കാണെന്നോ ..?
എങ്ങോട്ടുമാവാം . 
പക്ഷെ പഴയമയുടെ ഗന്ധം ചിന്തകൾക്ക് ലഹരി നൽകണം . 
അന്തരീക്ഷത്തിൽ ചരിത്രത്തിന്‍റെ മണം തങ്ങി നിൽക്കണം .
തകർന്നടിഞ്ഞ നാഗരികതയുടെ അവശിഷ്ടങ്ങൾ ബാക്കിയുള്ള ഒരു സ്ഥലത്തേക്ക് . ചില ചിത്രങ്ങൾ അങ്ങിനെ ഒരു ആഗ്രഹം ജനിപ്പിക്കാറുണ്ട് . തകർന്നടിഞ്ഞ ഒരു പഴയ കെട്ടിടത്തിന്‍റെ പാതി തകർന്ന , കൊത്തു പണികളുള്ള തൂണിൽ ചാരി നിന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് മണ്ണടിഞ്ഞ ആ സംസ്കൃതിയിലേക്ക് നോക്കി അത് പറയുന്ന കഥകൾക്ക് ചെവിയോർക്കണം . അവിടെ ബാക്കിയായ ഒരു കല്ലിന് പോലും പറയാൻ കാണുമായിരിക്കും കുറേ കഥകൾ . ഇതുപോലൊരു സ്ഥലം കണ്ടെത്തണം . ദൂരെ ദൂരെ എവിടെയോ . അലഞ്ഞുതിരിഞ്ഞ് അവിടെത്തണം . പിന്നെ ഒരു രാത്രി അവിടെ തനിച്ചു താമസിക്കണം , ആ ഗന്ധം ശ്വസിച്ച് . 



പിന്നൊന്ന് ഉത്തരേന്ത്യയിലേക്ക് . എവിടെ എന്ന് ചോദിച്ചാൽ അറിയില്ല . പക്ഷെ പുതിയ കാലത്തിന്‍റെ നടപ്പുരീതികൾ വന്നെത്താത്ത  ഒരു സ്ഥലം . പഴയ രാജഭരണ കാലത്തെ ഗ്രാമങ്ങൾ പോലൊന്ന് . ഒരു പൈജാമയും കുർത്തയും ധരിച്ച് ആ തെരുവുകളിലൂടെ നടക്കണം . ദൂരെ നിന്ന് നോക്കുമ്പോൾ മുഗള കൊട്ടാരങ്ങൾ കാണണം . രാത്രിയിൽ നോക്കുമ്പോൾ അക്ബറും ഷാജഹാനും അന്തപുരങ്ങളിൽ നടക്കുന്ന പോലെ തോന്നണം . രാവിനെ മയക്കുന്ന ഗന്ധങ്ങൾ മുംതാസിന്‍റെ അന്തപുരത്തിൽ നിന്നുള്ള പനിനീരിന്‍റെ മണം പോലെ തോന്നണം . ആ രാവിനോട് ചേർന്ന് നടക്കണം . ഒരു വഴിവിളക്കിന്‍റെ താഴെ ഇരുന്ന് പാടുന്ന വൃദ്ധന്‍റെ പതറിയതെങ്കിലും മനോഹരമായ ശബ്ദത്തിൽ കേൾക്കുന്ന സൂഫി സംഗീതം രാവിനെയും എന്നെയും ഒരുപോലെ  ഉണ്മാദിയാക്കണം . തെരുവോരത്തെ ഏതെങ്കിലും പെട്ടികടയിൽ നിന്ന് ബട്ടൂരയും കടലയും കഴിക്കണം . പിന്നെപ്പോഴോ നിലാവിനെയും നക്ഷത്രങ്ങളേയും നോക്കി ഒരു രജായിയും പുതച്ച്   വഴിയരികിൽ കിടന്നുറങ്ങണം . 



അതുപോലെ കൂട്ടം കൂടി നിൽക്കുന്ന പ്രാവുകൾ പലപ്പോഴും യാത്രാമോഹങ്ങളെ വിളിച്ചുണർത്താറുണ്ട് . ജോലിക്ക് പോവുമ്പോൾ കാണാം , പ്രാവുകൾക്ക് കഴിക്കാൻ ബജിര കൊടുക്കുന്ന ഒരു പാകിസ്ഥാനിയെ . ബജിര വീശി എറിയുമ്പോൾ പറന്നിറങ്ങുന്ന പ്രാവുകൾ . അതുപോലെ പറന്നകലുന്നവയും . മദീന മുനവ്വറയുടെ , താജ്മഹലിന്‍റെ , ഹസ്രത്ത്‌ ബാൽ പള്ളിയുടെ എല്ലാം ചിത്രങ്ങൾ കാണുമ്പോൾ പ്രാവുകളെ കാണാം . ഇറാഖോ ലിബിയയോ  പോലുള്ള  ഒരു രാജ്യം . ചുറ്റും മരുഭൂമി . പഴയ അറേബ്യൻ പൈതൃക മാതൃകയിൽ നിൽക്കുന്ന ഒരു പള്ളി . സൂര്യൻ അസ്തമിക്കാൻ ഒരുങ്ങുന്ന അന്തരീക്ഷം . ആകാശം നിറയെ ചെഞ്ചായം വീണിട്ടുണ്ട് . പള്ളിക്ക് ചുറ്റും വട്ടമിട്ട് പറക്കുകയും വിശ്രമിക്കുകയും ചെയ്യുന്ന പ്രാവുകൾ . അവർക്ക് ബാജിര വീശിയെറിഞ്ഞ്‌ ഞാൻ നിൽക്കുന്നുണ്ട് .  ഇടക്കെപ്പോഴോ ഒട്ടകപ്പുറത്ത് വന്ന് വന്നുപോകുന്നവര്‍ . കാഫില കൂട്ടങ്ങൾ . പിന്നെ നിശബ്ദമായ രാത്രിയിൽ വിശാലമായ മരുഭൂമിയിലേക്ക് നോക്കിയിരിക്കണം . ആയിരത്തൊന്ന് രാവുകളിലെ കഥാപാത്രങ്ങൾ ആ മരുഭൂമിയിൽ നിന്ന് ഇറങ്ങി വന്നാലോ . ? ഇനിയും പറയാത്ത , കേൾക്കാത്ത കഥകൾ എനിക്കായി മാത്രം പറഞ്ഞുതരാൻ ഒരു ഷെഹ്റാസാദ് കൂടെ ഇറങ്ങി വരുമോ ആ ഇരുട്ടിൽ നിന്നും.. ? 

ഇതിലെ കാൽപനിക ആഗ്രഹങ്ങളെ മാറ്റി നിർത്തിയാൽ തന്നെ ഒട്ടും നടക്കാൻ സാധ്യതയില്ലാത്തതാവം  പലതും  . പക്ഷെ ഇതെനിക്ക് പറയാതെ വയ്യ . കാരണം എന്‍റെ  വിരസതകളെ ഊഷ്മളമാക്കുന്ന സ്വപ്നങ്ങൾ ആണിതെല്ലാം . ചുരുക്കി പറഞ്ഞാൽ നിർത്താതെയുള്ള അലച്ചിൽ . ഒരു ജിപ്സിയെ പോലെ . ചിലപ്പോൾ ഭൂതത്തിലേക്ക്  , ചിലപ്പോൾ വർത്തമാനത്തിലൂടെ .
എല്ലാത്തിനും ഒരു സ്വപ്നത്തിലേക്കുള്ള ദൂരം മാത്രം 

Saturday, May 4, 2013

പടിഞ്ഞാറേ മുന്നണിയില്‍ എല്ലാം ശാന്തമാണ്



ഒരു യുദ്ധമുന്നണിയിലെ അനുഭവങ്ങള്‍ നേരില്‍ കണ്ടിട്ടുണ്ടോ ..? ഇല്ലെങ്കില്‍ അത്തരം ഒരനുഭവത്തിലേക്ക് ക്ഷണിക്കുന്ന ഒരു വായനയെ പരിചയപ്പെടുത്താം . എറിക് മറിയ റിമാര്‍ക്ക് എഴുതിയ “All quiet on the western front” എന്ന നോവല്‍ നല്‍കുന്നത് അത്തരം ഒരു കാഴ്ചയാണ് . ഒന്നാം ലോകമഹായുദ്ധകാലത്ത് ജര്‍മ്മന്‍ പട്ടാളക്കാര്‍ അനുഭവിച്ച മാനസിക ശാരീരിക പീഡനത്തിന്‍റെ പാശ്ചാതലത്തില്‍ ആണ് കഥ തുടരുന്നത്. പോള്‍ ബൌമര്‍ എന്ന കഥാനായകനും ചൊഡന്‍, ക്രോപ്, മ്യൂളര്‍,ഹായ്, കുച് എന്നീ സുഹൃത്തുക്കള്‍ യുദ്ധമുന്നണിയില്‍ എത്തുന്നതും പിന്നെ അവരുടെ പോരാട്ടവും ആണ് നോവല്‍ പറയുന്നത്  . യുദ്ധം ഒരു പട്ടാളക്കാരന്‍റെ മാനസിക നിലയെ എത്രത്തോളം തകരാറിലാക്കുന്നു എന്ന് ഇതിലെ ഓരോ കഥാപാത്രവും നമ്മോട് പറയുന്നുണ്ട്. അതിജീവനത്തിന് വേണ്ടി എതിരാളിയെ വീഴ്ത്തുമ്പോഴും അവര്‍ക്കും കാണുമല്ലോ ഒരു കുടുംബം എന്നൊരു തോന്നല്‍ ഒരു നിമിഷം അവരെ തളര്‍ത്തുന്നുണ്ട്‌ . തൊട്ടടുത്ത നിമിഷം തലക്ക് മുകളിലൂടെ ചീറിപായുന്ന ഒരു ബുള്ളറ്റോ തൊട്ടു മുന്നില്‍ പറന്നു വീഴുന്ന ഒരു ഷെല്ലൊ അവരെ വീണ്ടും പോരാട്ടത്തിലേക്ക് തിരിച്ചു കൊണ്ട് വരുന്നു. അതോ ജീവിക്കണം എന്നാ വാശിയിലെക്കോ ..?. യുദ്ധത്തിനിടയില്‍ അവര്‍ ശത്രുപാളയത്തില്‍ കുടുങ്ങി പോകുന്നുണ്ട് , ഭക്ഷണം കിട്ടാതെ വലയുന്നുണ്ട് , ആക്രമണം കുറഞ്ഞ ഇടവേളകളില്‍ മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ വിനോദങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട് . സ്ത്രീകളുടെ കരവലയത്തില്‍ എല്ലാം മറന്ന് ചേരുന്നുമുണ്ട് . 
ഓരോ പട്ടാളക്കാരനും അവന്‍റെ കുടുംബം എന്ന വികാരം എത്രത്തോളം അവരെ തളര്‍ത്തുന്നു എന്ന് ഇതില്‍ വായിച്ചെടുക്കാം. മോര്‍ട്ടറുകള്‍ക്കും പീരങ്കികള്‍ക്കും ഇടയില്‍ അവര്‍ നടത്തുന്ന പോരാട്ടം. ട്രെഞ്ചുകളില്‍ നിന്നും ട്രെഞ്ചുകളിലെക്കുള്ള ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ഓട്ടം , മാനസിക പിരിമുറക്കം കൂടി ഭ്രാന്താകുന്നവര്‍ , കൂട്ടുകാരുടെ ചിതറി തെറിച്ചു പോകുന്ന ശരീര ഭാഗങ്ങള്‍ നിര്‍വികാരതയോടെ നോക്കാനും ഒരു വേള അത് നോക്കി തമാശ പറയാനും അവര്‍ക്ക് പറ്റുന്നുണ്ട്. നമ്മള്‍ പരുക്കന്മാര്‍ ആകുന്നു എന്നൊരു ആത്മഗതവും കൂടെ ചേര്‍ക്കുന്നു.

യുദ്ധത്തിന്‍റെ വിജയത്തിനും പരാജയത്തിനും അപ്പുറം അതിന്‍റെ കെടുതികള്‍ സമര്‍ത്ഥമായി കൈകാര്യം ചെയ്യുന്നുണ്ട് . അതുകൊണ്ടാവണം ഇറങ്ങിയ വർഷം  തന്നെ നാസി ഗവര്‍മെന്റ് ഇത് നിരോധിക്കാനും കാരണം. പക്ഷെ വിൽപനയിൽ  റിക്കോര്‍ഡ് തന്നെ എഴുതി ചേര്‍ത്തിട്ടുണ്ട് “All quiet on the western front” . ഇതേ പേരില്‍ ചിത്രം ഇറങ്ങി ഓസ്കാര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. നോവല്‍ വായിക്കുമ്പോള്‍ നമ്മള്‍ അക്ഷരങ്ങളിലൂടെയല്ല ഒരു യുദ്ധമുന്നണിയില്‍ ആണ് എന്നൊരു പ്രതീതി വാനയില്‍ ഉടനീളം സാധ്യമാക്കുന്നു എന്നതാണ് ഇതിന്‍റെ വിജയം. ഇരുപത് വയസ്സ് പോലും തികയാത്ത പോള്‍., ചോഡന്‍ ,ക്രോപ് , ഹായ് , കിച് തുടങ്ങിയ കുട്ടി പട്ടാളക്കാര്‍ നമ്മുടെ കൂട്ടുകാരാ വും. അവരുടെ മറ്റൊരു കൂട്ടുകാരന്‍ കിര്‍മിഷിന്‍റെ കാലുകള്‍ മുറിച്ചു മാറ്റുന്നതും പിന്നെ പതിയെ മരിക്കുന്നതും നമ്മെ വിഷമിപ്പിക്കും. അവന്‍റെ അമ്മയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നോര്‍ത്ത് വിഷമിക്കുന്ന പോളിന്‍റെ സംഘര്‍ഷം നമ്മുടേത്‌ കൂടിയാവും. വേദനയില്ലാതെ പെട്ടൊന്ന് മരിച്ചില്ലേ എന്‍റെ മോന്‍ എന്ന് ചോദിച്ച് കരയുന്ന കിരമിഷിന്‍റെ അമ്മ നമ്മുടെ കണ്ണും നനയിക്കും. അവസാനം കിച് എന്ന സുഹൃത്തും തോളില്‍ കിടന്ന് കൊണ്ട് മരിച്ചതും അറിയാതെ മെഡിക്കല്‍ ഷെല്‍ട്ടര്‍ തേടി നീങ്ങുന്ന പോള്‍ , അവന്‍ ഈ കഥപറയാന്‍ ബാക്കിയാവുന്നു. മനസ്സിനെ ഉലച്ചു ഈ വായന. അതിപ്പോഴും ആ യുദ്ധമുന്നണിയില്‍ തന്നെ കറങ്ങി തിരിയുകയാണ് .
“പടിഞ്ഞാറേ മുന്നണിയില്‍ എല്ലാം ശാന്തമാണ്”.
ഡി സി ബുക്സ്



Tuesday, February 19, 2013

അമ്മമനസ്സ്



ഒരു പ്രിയ സുഹൃത്തുമായി സംസാരിച്ചിരിക്കുകയായിരുന്നു .
"കഞ്ഞിയും മാങ്ങയച്ചാറും "
ഇതും പറഞ്ഞാണ് അവര്‍ സംസാരം തുടങ്ങിയത് തന്നെ . ഉടനെ ഞാന്‍ പറഞ്ഞു " സ്നേഹത്തിന്‍റെ ഭക്ഷണമാണത് " .
കഞ്ഞി ഒരിക്കലും എനിക്കൊരു ഇഷ്ടഭക്ഷണം ആയിരുന്നില്ല. പിന്നെങ്ങിനെ അതിനെ സ്നേഹം എന്ന് വിളിക്കാന്‍ പറ്റും.
ഗൃഹാതുരത്വവുമായി ബന്ധപ്പെട്ടു കിടക്കുന്നൊരു ഓര്‍മ്മയാണത് . കുഞ്ഞു നാളുകളിലൊക്കെ അസുഖം പിടിക്കുമ്പോള്‍ ഉമ്മ ഉണ്ടാക്കി തരുന്ന പൊടിയരിക്കഞ്ഞി. സ്നേഹത്തിന്‍റെ പാചക കൂട്ടാണത് . ഉപ്പിന് പകരം അമ്മയുടെ കണ്ണീരാണോ ചേര്‍ത്തത് എന്ന് തോന്നിപോകില്ലേ ചിലസമയത്ത് .
വേണ്ടെന്ന് പറയുമ്പോഴും വാത്സല്യത്തില്‍ മുക്കി ഒരു കവിള്‍ കൂടി തരുമ്പോള്‍ അമ്മിഞ്ഞ പാലിന്‍റെ രുചിയായിരിക്കും അതിന് . ഇന്നും അങ്ങിനെ ഒരവസ്ഥ വന്നാല്‍ ഉമ്മ തന്നെ കഞ്ഞി ഉണ്ടാക്കി തരണമെന്ന് ഞാന്‍ വാശിപിടിക്കാറുണ്ട് . ആ സ്നേഹത്തേക്കാള്‍ നല്ലൊരു മരുന്നില്ലെന്ന തിരിച്ചറിവ് മാത്രമല്ലത് .

അമ്മ , സ്നേഹം എന്നീ രണ്ട് ഘടകങ്ങളെ ചേര്‍ത്തൊരു കുറിപ്പ് എഴുതാനിരിക്കുമ്പോള്‍ മനസ്സില്‍ പതിഞ്ഞ ചില യാഥാര്‍ത്യ ചിത്രങ്ങള്‍ പകര്‍ത്താനാണ് എനിക്കിഷ്ടം. നാട്ടില്‍ സ്ഥിരമായി ബസാറിലേക്ക് പോകുമ്പോള്‍ കാണുന്നൊരു കാഴ്ച്ചയുണ്ട് . മദ്രസ്സയുടെയും സ്കൂളിന്‍റെയും ഇടവേളകളില്‍ തന്‍റെ കുഞ്ഞിന് ഭക്ഷണം കൊടുക്കുന്ന ഒരമ്മ . എനിക്കറിയാം അവരെ. വളരെ ദൂരെ നിന്നാണ് അവര്‍ നടന്ന് വരുന്നത് . ഒട്ടും ആകര്‍ഷകമല്ല അവരുടെ മുഖം. പക്ഷെ ആ പെണ്‍കുട്ടി കുസൃതിയോടെ ഭക്ഷണം കഴിക്കുമ്പോള്‍ ആ അമ്മയുടെ മുഖത്ത് കാണുന്നൊരു സന്തോഷമുണ്ട്. ആ സമയത്ത് ഒരു മാലാഖയുടെ മുഖമാണ് ആ അമ്മക്ക് . സ്നേഹമാണ് സൗന്ദര്യമെങ്കില്‍ ആ സമയം ലോകത്തിലെ ഏറ്റവും വലിയ സുന്ദരി അവരായിരിക്കണം. എന്തോ എന്‍റെ ദിവസങ്ങളിലെ ഏറ്റവും മനോഹരമായ കാഴ്ച്ചകളിലൊന്നായി തോന്നാറുണ്ട് ഇത്.

കവി പവിത്രന്‍ തീക്കുനി എഴുതിയ ഒരു അനുഭവകുറിപ്പ് ഓര്‍മ്മ വരുന്നു. ജീവിതം ചോദ്യചിഹ്നമായപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു . അദ്ദേഹവും ഭാര്യയും മകളും റെയില്‍വേ ട്രാക്കില്‍ കുറുകെ കിടക്കുകയാണ് . അകലെ മരണത്തിന്‍റെ ചൂളം വിളി കേള്‍ക്കുന്നു. ഉരുക്ക് പാളങ്ങളെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് മരണവും പാഞ്ഞടുക്കുകയാണ് . അപ്പോഴാണ്‌ മകള്‍ പറയുന്നത് " അമ്മേ വെള്ളം കുടിക്കണം " എന്ന്. നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തെ പുല്‍കാം . പക്ഷെ ദാഹിക്കുന്ന ആ കുഞ്ഞിന്‍റെ കരച്ചില്‍ അവഗണിക്കാന്‍ അവര്‍ക്ക് പറ്റുമായിരുന്നില്ല . കുഞ്ഞിനേയും എടുത്ത് തിരിഞ്ഞോടിയത് ജീവിതത്തിലേക്കായിരുന്നു. മകളുടെ ദാഹം അറിഞ്ഞ സ്നേഹത്തിന്‍റെ മനസ്സിന് ആ മകള്‍ തിരിച്ചു നല്‍കിയത് അവരുടെ ജീവിതമാണ്. ഇത് വായിച്ചപ്പോള്‍.... ഏത് നിരീശ്വരവാദിപോലും ദൈവത്തെ ഓര്‍ത്തുപോയിരിക്കും . മാധ്യമം വാരികയില്‍ ആണെന്ന് തോന്നുന്നു ഈ അനുഭവം വായിച്ചത് . വാരിക ഏതായാലും അതിന്‍റെ പേജുകള്‍ എന്‍റെ കണ്ണുനീര്‍ വീണ് നനഞ്ഞിരുന്നു എന്നുറപ്പ്.

മറ്റൊരു ഓര്‍മ്മകുറിപ്പ് കൂടി ഓര്‍മ്മയില്‍ വരുന്നു. അതാര് എഴുതിയത് എന്നോര്‍ക്കാനെ പറ്റുന്നില്ല. പക്ഷെ ആ അമ്മ എന്‍റെ മനസ്സില്‍ വല്ലാതെ പതിഞ്ഞു കിടക്കുന്നുണ്ട്. സ്കൂളില്‍ ഫീസ്‌ അടക്കാതെ പുറത്താക്കുന്നതിന്‍റെ അന്ന് ക്ലാസിന്‍റെ ജനലിലൂടെ അമ്മയുടെ മുഖം കാണാം. പാടത്തെ ചേറും ചെളിയും പുരണ്ട് ചുരുട്ടി പിടിച്ച നോട്ടുകള്‍ കയ്യിലും. അപ്പോള്‍ ലോകം കീഴടക്കിയ ഭാവമായിരുന്നു എന്‍റെ അമ്മക്ക് എന്ന്‌ അനുസ്മരിച്ച ആ സ്നേഹമുള്ള മകന്‍ ആരായിരുന്നു എന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലല്ലോ.


ഇനി നമ്മള്‍ തിരിച്ചു നല്‍കുന്നതോ..? തിരസ്കരിക്കപ്പെടുന്ന അച്ഛനമ്മമാരുടെ എണ്ണം കൂടുന്നു എന്ന് വാര്‍ത്തകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അടുത്ത കാലത്ത് ഒരു വൃദ്ധസദനത്തില്‍ നടന്ന ടി.വി ഷോ ഓര്‍മ്മ വരുന്നു. എല്ലാവരും മക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍. .. പക്ഷെ അതിലൊരാള്‍ പോലും സ്വന്തം മക്കളെ കുറ്റപ്പെടുത്താന്‍ തയ്യാറായില്ല എന്നത്. ആരെങ്കിലും കാണാന്‍ വന്നിരുന്നോ അമ്മയെ എന്ന ചോദ്യത്തിന് ഒരമ്മ നല്‍കിയ മറുപടി കേള്‍ക്കൂ.."ആറ് മാസമായി വീട്ടില്‍ നിന്നാരെങ്കിലും വന്നിട്ട്. മകന്‍ കൊണ്ടാക്കിയതാണ് ഇവിടെ. അവന്‍ തിരക്കിലാവും." പക്ഷെ ഒരാഘോഷ ദിവസം പോലും മാറ്റിനിര്‍ത്താന്‍ മാത്രം, ജന്മം നല്‍കി എന്നതിലപ്പുറം എന്ത് തെറ്റാണ് ഈ അമ്മ ചെയ്തത്? എന്തൊരു ചൈതന്യമാണ് ഈ അമ്മയുടെ മുഖത്ത്. വെറ്റില ചെല്ലവും പാല്‍പുഞ്ചിരിയുമായി ഇങ്ങിനെ ഒരമ്മ വീടിന്‍റെ പൂമുഖത്ത്‌ ഇരിക്കുന്നത് സ്വപ്നം കണ്ടാല്‍ തന്നെ കിട്ടും പുണ്യം. സ്വന്തം കുഞ്ഞുങ്ങള്‍ മുലകുടിക്കുന്നത് കാണുമ്പോഴെങ്കിലും ഓര്‍ക്കാതിരിക്കുമോ ജന്മം നല്‍കിയ മാതാപിതാക്കളെ? മറ്റൊരമ്മയുടെ സങ്കടം കേള്‍ക്കൂ. " തൊണ്ണൂറ്റി നാലില്‍ വന്നതാ ഇവിടെ. സമ്പത്തെല്ലാം അവര്‍ അടിച്ചുമാറ്റി. ബന്ധുക്കള്‍ കുറേയുണ്ട്. പക്ഷെ ആരും വരാറില്ല. " നീണ്ട പതിനെട്ട് വര്‍ഷങ്ങള്‍ ഈ അഗതിമന്ദിരത്തില്‍ വിധിയോട് പൊരുത്തപ്പെട്ട് ജീവിക്കുന്ന ഈ അമ്മ. ഇക്കാലമത്രയും ഈ അമ്മ സഹിച്ച സങ്കടത്തിന്‍റെ പാപമുണ്ടല്ലോ, ഇനിയിരൊരു പത്ത്‌ ജന്മം ഏത് രൂപത്തില്‍ ജനിച്ചു മരിച്ചാലും കിട്ടില്ല പാപമോക്ഷം.

ഇനിയുമുണ്ടിവിടെ അശരണരുടെ രോദനം. മകനും മകളും തിരിഞ്ഞു നോക്കാത്തവര്‍, അല്ലെങ്കില്‍ അവരുടെ അവഗണനയില്‍ മടുത്ത്‌ സ്വയം മാറി കൊടുത്തവര്‍ . ഇവരീ അഭയകേന്ദ്രങ്ങളില്‍ സന്തുഷ്ടരാവാം. പക്ഷെ, ഇതാണോ ഇവരര്‍ഹിക്കുന്നത്..? സ്വന്തം മക്കളാല്‍ സംരക്ഷിക്കപ്പെടേണ്ട ‍, മക്കളെയും പേരമക്കളേയും കളിപ്പിചിരിക്കേണ്ട ഈ പ്രായത്തില്‍ ഒട്ടും മനസാക്ഷിക്കുത്തില്ലാതെ ഇവരെ തെരുവിലെറിഞ്ഞവരെ മനുഷ്യര്‍ എന്ന് വിളിക്കാന്‍ എനിക്കറപ്പുണ്ട്. മാതൃത്വത്തിന്‍റെ വിലയറിയാത്ത ഈ നാല്‍കാലി ജന്മങ്ങളുടെ ജീവിതം, അവര്‍ക്കുള്ള വിധി , അതിവിടെ തന്നെ അനുഭവിച്ചു തീരണേ എന്നൊരു പ്രാര്‍ത്ഥന കൂടിയുണ്ട് .

(സാന്ദര്‍ഭികമായി പഴയൊരു പോസ്റ്റിന്‍റെ ഭാഗങ്ങള്‍ ചേര്‍ത്തിട്ടുണ്ട്)
(ചിത്രം ഗൂഗിളില്‍ നിന്നും )

Saturday, February 9, 2013

മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ


വായിച്ചു മടുത്ത ആഖ്യാനരീതികളില്‍ നിന്നും പുതിയ ശൈലിയും ആസ്വാദനവും തേടുന്ന യാത്രകളാണ് ഓരോ വായനയും . ആ യാത്രയില്‍ കാണുന്ന വ്യത്യസ്തമായി ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എഴുത്തുകാര്‍ നമുക്ക് പ്രിയപ്പെട്ടവരാകുന്നു. അതുപോലൊരു അന്വേഷണത്തിലാണ് മുസഫര്‍ അഹമ്മദ് എന്ന എഴുത്തുകാരനിലേക്ക് എത്തിപ്പെടുന്നതും. കേവലം മണല്‍ക്കാട് എന്നൊരു ആത്മഗതത്തോടെ നമ്മള്‍ നോക്കികാണുന്ന മരുഭൂമിയെ , ആ മണല്‍ കാടിന്‍റെ ചരിത്രത്തില്‍ അക്ഷരഖനനം നടത്തി, അതിനെ സംസ്കരിച്ച് ഹൃദ്യമായൊരു വായന ഒരുക്കിയ എഴുത്തുകാരനാണ് മുസഫര്‍. . അതുവരേയുള്ള വായനാ അഭിരുചികളെ മാറ്റി മറിച്ചൊരു രചനാ തന്ത്രമായിരുന്നു " മരുഭൂമിയുടെ ആത്മകഥ " എന്ന കൃതി. ഇതില്‍ നിന്നും "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന പുതിയ പുസ്തകത്തിലേക്ക് എത്തുമ്പോള്‍ ഒരു മയൂരനടനം ആസ്വദിക്കുന്ന സുഖം വായനയില്‍ ലഭിക്കുന്നു എന്നത് വളരെ സന്തോഷം നല്‍കുന്നു.

"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന കൃതിയും തുടങ്ങുന്നത് ഒരു യാത്രയിലാണ്. പക്ഷെ ആ യാത്രക്കൊരു വൈകാരിക തലമുണ്ട്‌. . മലബാര്‍ കലാപനാളുകളില്‍ ബെല്ലാരിയിലേക്ക് നാടുകടത്തപ്പെട്ട വല്യുപ്പ. ഉപ്പയും വല്യുമ്മയും കഥകള്‍ പറഞ്ഞ് മനസ്സില്‍ നിറഞ്ഞ മുഖം. തട്ടിന്‍പുറത്ത് നിന്നും കിട്ടിയ ഡയറിയില്‍ കുറിച്ചിട്ട അക്ഷരങ്ങളുടെ വളവിലൂടെ അദ്ധേഹത്തെ കാണുകയായിരുന്നു. തടവുകാരുടെ ഫോട്ടോ എടുത്തു സൂക്ഷിക്കുന്ന പതിവ് ബ്രിട്ടീഷ് ജയിലുകളില്‍ ഉണ്ട് എന്ന കേട്ടറിവ് വെച്ച് , വല്യുപ്പയുടെ ഫോട്ടോയും കാണും എന്ന പ്രതീക്ഷയില്‍ ബെല്ലാരിയിലേക്ക് പുറപ്പെടുന്ന ആ ചെറുബാല്യക്കാരനില്‍ തുടങ്ങുന്നു ആദ്യ അദ്ധ്യായം. പിന്നെ പെരിന്തല്‍മണ്ണയെന്ന സ്വന്തം ഭൂമികയുടെ ചരിത്ര ഗതിയിലൂടെ കടന്ന് പല സംസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നുണ്ട് . മദ്യ നിരോധനമുള്ള ഗുജറാത്തില്‍ കുറ്റികാടുകള്‍ക്കുള്ളില്‍ കുപ്പികള്‍ കൈമാറുന്ന വിരലുകള്‍, ദളിതനും ഉന്നത ജാതികാരനും മീനുകള്‍ വലുപ്പം നോക്കി വേര്‍തിരിക്കുന്ന വര്‍ണ്ണവെറി മാറാത്ത തെരുവുകളില്‍ , മുഖം നോക്കി നാട് തിരിച്ചറിഞ്ഞ് അവരുടെ ഭാഷയില്‍ ക്ഷണിക്കുന്ന ചുവന്ന തെരുവുകളില്‍ ,കുടിവെള്ളം കിട്ടാതെ ഗ്രാമീണര്‍ ഒഴിഞ്ഞുപോയ തമിഴ് ഗ്രാമങ്ങളില്‍ , കടും ചായയില്‍ മുലപ്പാല്‍ ഒഴിച്ചാല്‍ പാല്‍ ചായ ആകില്ലേ എന്ന് സന്ദേഹിക്കുന്ന ഒരു സ്ത്രീ, അങ്ങിനെ ചെയ്തപ്പോള്‍ ചായ പിരിഞ്ഞുപോയി . സ്നേഹം പിരിഞ്ഞു പോകുന്ന ആ കാഴ്ച കണ്ട ഗലികളില്‍ എല്ലാം മുസഫര്‍ എന്ന എഴുത്തുക്കാരന്‍റെ കണ്ണുകള്‍ ചെന്നെത്തുന്നു. അങ്ങിനെ സമ്പന്നമായ യാത്രാ സ്കെച്ചുകളുടെ മനോഹര വര്‍ണ്ണന കൊണ്ട് "ബെല്ലാരി മാമാങ്കം കുടിയേറ്റം " എന്ന ആദ്യത്തെ ആധ്യായം തന്നെ തുടര്‍വായനയിലേക്ക് നമ്മെ ആനയിക്കപ്പെടുന്നു.

സുഭാഷ്‌ ചന്ദ്രന്‍ ഒരിക്കല്‍ എഴുതിയിരുന്നു. " ആദ്യമായി എത്തുന്ന ഏത് അപരിചിതരെ പോലും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നാണ് കോഴിക്കോട് "എന്ന് . സാഹിത്യലോകം മാത്രം എടുത്താല്‍ ആ ഊഷ്മളത സ്വീകരിച്ച് കോഴിക്കോടിനെ ഒരു വികാരവും വിചാരവും ആയി കണ്ട് ഇവിടത്തെ അന്തരീക്ഷത്തിന്‍റെ ഭാഗമായവര്‍ കുറേയുണ്ട്. പലരും ആ സ്നേഹത്തെ പറ്റി വാചാലരാവാറുമുണ്ട്. പത്ര പ്രവര്‍ത്തനകാലത്ത്‌ കോഴിക്കോട് നല്‍കിയ അനുഭവം ഒരു പ്രത്യേക താളത്തോടെ പറയുന്നു രണ്ടാമത്തെ അധ്യായത്തില്‍. .. ഇതില്‍ സ്നേഹമുണ്ട്,
ദുഃഖവും സന്തോഷവുമുണ്ട്, നഗരത്തിന്‍റെ മാത്രം പ്രത്യേകതയായ മെഹ്ഫില്‍ രാവുകളുടെ മാധുരിയുണ്ട്, സക്കീര്‍ ഹുസ്സൈനും ബിസ്മില്ലാ ഖാനും ബാബുരാജും പാടുന്നതിന്‍റെ ഈണം വലയം ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഒരു നഗരത്തിന്‍റെ ആത്മാവ് തന്നെ ഓര്‍മ്മകളുടെ വീണ്ടെടുപ്പിലൂടെ പറഞ്ഞുപോകുന്നു ഈ അധ്യായത്തില്‍. .. അതിന് ഒരു ഗസല്‍ കേള്‍ക്കുന്ന ഇമ്പം തോന്നുന്നത് പറയുന്നത് കോഴിക്കോടിനെ പറ്റി എന്നതുകൊണ്ട്‌ തന്നെയാവണം.

"മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്നത് നാലാമത്തെ അധ്യായമാണ്. ഏറ്റവും മനോഹരമായ ഒന്നും ഇതുതന്നെ. വീടിന് അടുത്തുള്ള "കാട് " എന്ന് തന്നെ വിളിക്കുന്ന പ്രദേശം. അതിലൂടെ ഇറങ്ങി വരുന്ന മയിലുകള്‍ . കാര്‍മേഘങ്ങള്‍ക്കൊപ്പം അവര്‍ നൃത്തം ചെയ്യുന്നു. പെട്ടന്നു ഇടിയും മഴയും പെയ്തു. മയിലുകള്‍ക്ക് ചുറ്റും കൂണുകള്‍ മുളച്ചു പൊങ്ങി. മയിലുകളും ളും കൂണുകളും തീര്‍ത്ത സിംഫണി എന്ന് എഴുത്തുകാരന്‍ പറയുമ്പോള്‍ നമ്മള്‍ വായിക്കുകയല്ല കാണുകയാണ് ചെയ്യുന്നത്. പിന്നെ സൈലന്റ് വാലിയിലെ ദിവസങ്ങള്‍. .. നാല് ദിവസം എടുത്ത് പൂര്‍ണ്ണമരണം ഏറ്റുവാങ്ങിയ ഒരു കിളിയെ പറ്റി പറയുന്നുണ്ട് . "ആകാശത്തേക്കു നോക്കി മലര്‍ന്നുകിടന്ന് അതല്പം വെളിച്ചം കുടിക്കും. പിന്നീട് വെളിച്ചം സഹിക്കാനാകാതെ കമിഴ്ന്നുകിടക്കും. ദിവസവും അതു കിടക്കുന്ന സ്ഥലത്തു പോയി നോക്കും. അത് സമ്പൂര്‍ണമരണത്തിലേക്കടുക്കുമ്പോള്‍ അതിന്‍റെ ചുണ്ടിലേക്ക് കുറച്ചുവെള്ളം ഇറ്റിക്കാന്‍ കഴിഞ്ഞു. കണ്ണുകള്‍ അടഞ്ഞു". ഇവിടെ എന്‍റെ വായനയും മുറിഞ്ഞു. ഓരോ വേര്‍പാടും വേദനയാണ്. അത് ഇതു ജീവി ആയാലും. ഇതെഴുതുമ്പോള്‍ കേരള . കര്‍ണ്ണാടക ഹൈവേയില്‍ സ്ഥാപിച്ച ബോര്‍ഡിലെ വാക്കുകള്‍ ഓര്‍മ്മ വരുന്നു. വാഹനം കയറി ചതഞ്ഞുപോയ മാനിന്‍റെയും കുരങ്ങിന്‍റെയും പാമ്പുകളുടെയും ചിത്രത്തിന് മീതേ ഇങ്ങിനെ കാണാം. " They also have a family waiting for" എന്ന് . മനസ്സില്‍ തട്ടും ഈ വാക്കുകള്‍.., ഈ പക്ഷിക്കും കാണുമായിരിക്കില്ലേ പ്രിയപ്പെട്ടവര്‍ ആരെങ്കിലും.
വായനയിലേക്ക് തിരിച്ചു വരാം. അനുഭവങ്ങളുടെ ഖനിയാണ് സൈലന്റ് വാലി കാടുകള്‍. .. ആനയും കരടിയും കടുവയും മുന്നില്‍ വന്നുപ്പെട്ട അനുഭവങ്ങള്‍ ഇവിടെ വായിക്കാം ആകാശത്തെ പാടെ മറച്ചു നീങ്ങുന്ന പറവക്കൂട്ടം . സ്വര്‍ണ്ണ നിറമുള്ള പുഴുക്കള്‍ അങ്ങിനെ അനുഭവങ്ങളുടെ അസാധ്യമായ പകര്‍ത്താട്ടമായി വായനയെ ധന്യമാക്കും ഈ അദ്ധ്യായം. കാടിനടുത്ത് താമസമാക്കിയ ഒരു സുഹൃത്തിന്‍റെ വീട്ടില്‍ ചെന്നപ്പോള്‍ പരിചിതമായ ഒരു കൊക്കലിന്‍റെ ശബ്ദം കേള്‍ക്കുന്നു. നോക്കുമ്പോള്‍ വീണ്ടും ചെരിവുകള്‍ ഇറങ്ങി മയിലുകള്‍ വരുന്നു. ഈ അവസാന വരികളോടെ അതേ ശബ്ദം കേട്ടുണരുന്ന ബാല്യത്തിലേക്ക് വീണ്ടുമെത്തുന്നു. നല്ലൊരു അധ്യായത്തിന് മനോഹരമായ ക്ലൈമാക്സ്.

"രാജ്യം നഷ്ടപ്പെടുന്നവരുടെ മുഖങ്ങള്‍ " എന്ന ഭാഗം തിരസ്കരിക്കപ്പെട്ടവരെ കുറിച്ചാണ് . നഷ്ടപ്പെടലിന്‍റെ ദുഃഖം പേറുന്നവര്‍. അവിടെ യാസര്‍
അറഫാത്തും ദലൈലാമയും ഒരുപോലെ ആകുന്നു. ഒരു ഫലസ്ഥീനി തന്നെ പറയുന്നത് പോലെ ഇവര്‍ രണ്ടു പേരുടെയും മുഖങ്ങള്‍ക്ക് പോലും സാദൃശ്യം ഉണ്ടത്രേ. രണ്ടുപേരുടെയും മുഖത്തെ ചുളിവുകളില്‍ പോലും സാമ്യം കാണാം. പ്രതീക്ഷയില്ലായ്മയുടെ അടയാളമാണത്രേ അത്. തിബത്ത് കാരുടെ അതിജീവനത്തിന്‍റെ , സഹനത്തിന്‍റെ കുടിയേറ്റത്തിന്‍റെ കഥകള്‍ ഭംഗിയിലും ആധികാരികമായും പറയുന്നു ഈ ഭാഗത്തില്‍. . ഉഗാണ്ടയില്‍ നിന്നും പാലായനം ചെയ്ത് സൌദിയില്‍ അഭയം തേടിയ ഈദി അമീന്‍ എന്ന ഏകാധിപതി . അയാളുടെ മുഖത്തെ ഭാവങ്ങളില്‍ നിന്നും വായിക്കാന്‍ പറ്റുന്നത് എന്നെങ്കിലും സ്വന്തം നാട്ടിലേക്ക് തിരിച്ചു ചെല്ലാന്‍ പറ്റും എന്ന പ്രതീക്ഷയാണത്രേ . ഇങ്ങിനെ സ്വയം പിന്‍വാങ്ങിയവരും പറിച്ചു മാറ്റപ്പെട്ടവരുമായി കുറെ ആളുകള്‍. . അവരുടെ ഉള്ളിലേക്ക് ഇറങ്ങി ചെല്ലുന്ന ഒന്നായി ആ ഭാഗവും മികച്ചു നില്‍ക്കുന്നു.

പ്രവാസികള്‍ . നാട്ടില്‍ വിരുന്നുകാരാവുന്നവരുടെ നൊമ്പരങ്ങള്‍.. .. വഴി മുടക്കപ്പെട്ട ജീവിതങ്ങള്‍, പ്രയാസങ്ങള്‍ . "വറ്റ് മുളപ്പിച്ചവരുടെ വിരുന്നുകാലങ്ങള്‍ എന്നാ അവസാനത്തെ അദ്ധ്യായം വായിച്ചു കഴിയുമ്പോള്‍ ഒരു നെടുവീര്‍പ്പ് ബാക്കിയാവും. എയര്‍പോര്‍ട്ടില്‍ കാത്തു നില്‍ക്കുന്നവരെ ചിത്രകാരന്മാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ അവരുടെ മുഖഭാവങ്ങളില്‍ നിന്ന് മറ്റൊരു മൈക്കല്‍ ആഞ്ചലൊയെ വരക്കമായിരുന്നു എന്ന് പറയുന്നത് എത്ര സത്യമാണ്. അവസാന വരികളില്‍ ഈ അധ്യായത്തിന്‍റെ ആത്മസത്ത മുഴുവനുണ്ട്‌....... ,
"എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞു. വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി.
എയര്‍ ഹോസ്റ്റസ് അനൌണ്‍സ് ചെയ്തു .
ഹം ജിദ്ദ ജായേംഗെ .
റണ്‍ വേ നനഞ്ഞു കിടന്നു . ആ നനവിലേക്ക് ഒരുപിടി വിത്തെറിയാന്‍ മോഹിച്ചു".

ഒരു പെരുമഴ ചോര്‍ന്നു. ഒരു കുത്തൊഴുക്ക് പോലെ വായിച്ചു തീര്‍ത്തു "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന യാത്രാ വിവരണം. ഒന്നെനിക്ക് പറഞ്ഞേ പറ്റൂ. ഒരു പക്ഷെ ഈ പറഞ്ഞതൊന്നും ആ പുസ്തകം നല്‍കിയ അനുഭൂതിയോട്‌ നീതി പുലര്‍ത്തുന്ന വരികള്‍ ആവില്ല. അങ്ങിനെ ആവണമെങ്കില്‍ അത് അതുപോലെ പകര്‍ത്തി എഴുതുകയേ നിവൃത്തിയുള്ളൂ. എനിക്കുറപ്പുണ്ട് , വായനയെ ഒരു ആവേശമാക്കി സ്വീകരിച്ചവരുടെ ഇടയിലേക്ക് നവ്യമായ ഒരനുഭൂതി ഒരുക്കാന്‍ ഈ രചനക്ക് പറ്റും എന്നതില്‍.,. യാത്രയില്‍ കാണുന്ന ഇലയിലും കല്ലിലും മണ്ണിലും കഥകള്‍ കാണുന്ന സൂക്ഷ്മദൃഷ്ടിയായ ഒരെഴുത്തുകാരന്‍റെ അനുഭവ സാക്ഷ്യങ്ങള്‍ ആണിത് . ഇവിടെ സമ്മേളിക്കുന്ന ഓര്‍മ്മകളും അനുഭവങ്ങളും അത് പറയുന്ന ശൈലിയുടെ മനോഹാരിത കൊണ്ട് തന്നെ നിങ്ങളെ ആവേശഭരിതരാക്കും. നേരത്തെ പറഞ്ഞു വെച്ച, വായനയില്‍ നമ്മള്‍ തേടുന്ന പുതുമ എന്നൊന്നുണ്ടെങ്കില്‍ "മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ " എന്ന രചന നല്‍കുന്നതും അതാണ്‌... . ..

മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ
വി. മുസഫര്‍ അഹമ്മദ്
മാതൃഭൂമി ബുക്സ്

Saturday, February 2, 2013

ഇവിടെ മരിച്ചു വീണവര്‍



എത്ര നേരം ഞാനിങ്ങനെ നോക്കിയിരുന്നിട്ടുണ്ടാവണം .. അറിയില്ല. ഒരു ചെറിയ സ്തൂപത്തില്‍ കൊത്തി വെച്ചിട്ടുണ്ട് ." The body of Tipu Sulthan was found here" . ഇതൊരു കെട്ടുകാഴ്ച്ചയായി നോക്കിപോവാന്‍ പറ്റുമായിരുന്നില്ല. കാരണം ചരിത്രത്തെ വികലമാക്കിയവര്‍ എന്തും പറയട്ടെ. ഭരിക്കുന്നവരുടെ പ്രീതിക്കും അക്കാദമികളില്‍ സ്ഥാനം കിട്ടാനും ചരിത്രത്തെ വളച്ചൊടിക്കുന്നവര്‍ പറയുന്നതും കാര്യമാക്കുന്നില്ല. ടിപ്പുസുല്‍ത്താന്‍ എനിക്ക് ദേശസ്നേഹിയാണ്. വെള്ളക്കാരോട് പൊരുതി വീരമൃത്യൂ വരിച്ച ഷഹീദാണ് . ചരിത്ര പാഠങ്ങളില്‍ നിന്നും മനസ്സില്‍ പതിഞ്ഞൊരു വീരപുരുഷനാണ് . അദ്ദേഹം മരിച്ചുവീണു എന്ന് പറയുന്ന സ്ഥലം. അവിടെ സ്വയം മറന്ന് നില്‍ക്കുമ്പോള്‍ അറിയാതെ മനസ്സിലൊരു നോവ്‌ പടരുന്നുണ്ട്. അക്ഷരങ്ങളിലൂടെ
പറഞ്ഞു ഫലിപ്പികാന്‍ പറ്റാത്തൊരു വികാരവും നിറയുന്നുണ്ട്. നൂറ്റാണ്ടുകള്‍ക്ക് പിറകില്‍ സഞ്ചരിക്കുന്ന മനസ്സിനെ പറിച്ചെടുത്ത്‌ വീണ്ടും മുന്നോട്ട് നടന്നാല്‍ അടച്ചു പൂട്ടിയ ഒരു തുരങ്കം കാണാം. ഇതുവഴി ആയിരുന്നത്രെ ടിപ്പു പള്ളിയിലേക്ക് പോയിരുന്നത്. സെക്യൂരിറ്റിക്കാര്‍ക്ക് നമ്മെ തടഞ്ഞു നിര്‍ത്താം. പക്ഷെ മനസ്സിനെ തടുക്കാന്‍ പറ്റില്ലല്ലോ. അത് തുരങ്കത്തിലേക്ക് ഇറങ്ങി. പിന്നെ ഞാന്‍ തന്നെ സുല്‍ത്താനായി. തലയില്‍ ഭംഗിയുള്ള ആ തലപ്പാവും ഒരു വീതി കുറഞ്ഞ കൊമ്പന്‍ മീശയും . എങ്ങും ഇരുട്ട് മാത്രം. വളഞ്ഞുപുളഞ്ഞു പോകുന്ന വഴികള്‍. . . ചെവിയോര്‍ത്തു . എവിടെയോ അപായത്തിന്‍റെ കാലൊച്ചകള്‍ കേള്‍ക്കുന്നോ..? ആരാവും. സ്വന്തം അണികളോ അതോ വെള്ളക്കാരോ..? കൈ പടവാളില്‍ മുറുകി. ഇല്ല . തോന്നിയതാണ്. നടന്ന് പള്ളിയില്‍ കയറി. ആ കാഴ്ച്ച കണ്ട് പുറത്തിറങ്ങിയപ്പോള്‍ വീണ്ടും ആ സ്തൂപം . അബോധമനസിലെ സുല്‍ത്താന്‍ കിരീടമഴിച്ച് വീണ്ടും ചരിത്ര വിദ്യാര്‍ഥിയായി. ഒരിക്കല്‍ കൂടെ തിരിഞ്ഞു നോക്കി . ചുറ്റും ഒറ്റുക്കാര്‍ അട്ടഹസിക്കുന്നു. സുല്‍ത്താന്‍ പിടഞ്ഞുവീഴുന്നു. ഓരോ തവണ സഞ്ചാരികള്‍ ഇവിടെ എത്തുമ്പോഴും ടിപ്പുസുല്‍ത്താനും ആ ജീവിതവും അവരുടെ മനസ്സില്‍ പുനര്‍ജ്ജനിക്കുന്നു. അവര്‍ വിടപറയുമ്പോള്‍ വീണ്ടും സമാധിയാവുന്നു . നിശ്ചലമായി നിന്ന് ഒരു കഥ പറഞ്ഞുകൊണ്ട് ആ കല്ലിന്‍റെ സ്തൂപം ചരിത്രത്തിലേക്ക് തലയുയര്‍ത്തി നില്‍ക്കുന്നു. മൈസൂര്‍ മ്യൂസിയത്തിന്‍റെയോ കോട്ടയുടെയോ കൂറ്റന്‍ മരവാതില്‍ പരുക്കന്‍ ശബ്ദത്തോടെ തുറക്കുമ്പോള്‍ നമ്മള്‍ പ്രവേശിക്കുന്നത് വര്‍ത്തമാന കാലത്തിലേക്കല്ല . കാലങ്ങള്‍ പിറകിലേക്കാണ്‌ . അവിടെ നമുക്ക് യുദ്ധങ്ങള്‍ കാണാം. കോട്ടകളുടെ നെടുവീര്‍പ്പുകള്‍ കേള്‍ക്കാം. വാഴ്ത്തപ്പെട്ടവരും വീഴ്ത്തപ്പെട്ടവരും അവരുടെ ചിരിയും ഗദ്ഗദവും കേള്‍ക്കാം .


മൈസൂരില്‍ നിന്നും വയനാട്ടിലേക്കുള്ള ദൂരമില്ല ടിപ്പു സുല്‍ത്താനില്‍ പഴശിരാജയിലേക്ക് . ഒരേ കാലഘട്ടത്തില്‍ ജീവിച്ചവര്‍.. . ചരിത്ര പുസ്തകങ്ങളില്‍ അടുത്തടുത്ത പേജുകളില്‍ മുഖം തിരിഞ്ഞിരിക്കുന്നവര്‍. . വയനാടന്‍ ചുരമിറങ്ങി സുല്‍ത്താന്‍റെ കുതിരപട്ടാളം ഇവിടെ വന്നിട്ടുണ്ട്. ചുരം കയറി ഞാന്‍ വന്നു നില്‍ക്കുന്നത് ആ കാഞ്ഞിരമരത്തിന്‍റെ ചുവട്ടിലാണ്. ഇന്ന് മരത്തിന്‍റെ കുറ്റി മാത്രമേയുള്ളൂ. ചുറ്റും കാടുമില്ല . പക്ഷെ ഒരുകാലത്ത് ഇതൊരു കാടായിരുന്നു. ഈ കാഞ്ഞിര മരത്തിന്‍റെ ചുവട്ടിലാണ് പഴശി രാജയെന്ന പോരാളി സ്വയം സമര്‍പ്പിച്ചത്. ഇതില്‍ രണ്ട് അഭിപ്രായം ഉണ്ടെന്നത് മറക്കുന്നില്ല. അദ്ദേഹം ആത്മഹത്യ ചെയ്തു എന്നും വെടിയേറ്റ്‌ വീണും എന്നും കേള്‍ക്കുന്നു. കാഞ്ഞിരമരത്തിന്‍റെ കയ്പ്പ് ഇവിടെ അറിയുന്നത് ആ പോരാളിയുടെ മരണമായാണ്. പഴശി രാജയുടെ മരണത്തിന് അരങ്ങും സാക്ഷിയും ആയി എന്നതിന് ശേഷമായിരിക്കുമോ കാഞ്ഞിരമരത്തിന്‍റെ ഇലകള്‍ക്ക് കയ്പ്പുരസം വന്നത്. പക്ഷെ ഇവിടെ ഒരു കാര്യം സാന്ദര്‍ഭികമായി പരാമര്‍ശിക്കേണ്ടിയിരിക്കുന്നു. വീര പുരുഷന്മാര്‍ സിനിമയിലൂടെ പുനര്‍ജ്ജനിക്കുമ്പോള്‍ ചില ചരിത്രങ്ങള്‍ക്ക് വൈകല്യം സംഭവിക്കുന്നു. മനസ്സില്‍ പതിഞ്ഞ അവരുടെ മുഖം മാറി പകരം താരങ്ങള്‍ ആവുന്നു. പഴശി രാജയ്ക്ക് അങ്ങിനെ മമ്മൂട്ടിയുടെ മുഖം വരുന്നു. ബോധമനസ്സ് അത് മനസ്സിലാക്കുമ്പോഴും അബോധമനസ്സിന് അത് സാധ്യമാകുന്നില്ല. പഴശിയെ ഓര്‍ക്കുമ്പോള്‍ മമ്മൂട്ടിയും ഉമര്‍ മുഖ്താറിന് ആന്‍റണി ക്വിന്നും അലക്സാണ്ടറിന് കോളിന്‍ ഫാറെലിന്‍റെ മുഖവും വന്നു ചേരുന്നത് പ്രയാസം തന്നെ. ഇനി അറബി കടലിലൂടെ പായകപ്പലിന്‍റെ മുകളില്‍ വാളും ഊരിപ്പിടിച്ച് നെഞ്ചും വിരിച്ച് നീങ്ങുന്ന കുഞ്ഞാലി മരക്കാരിന് നമ്മള്‍ കേള്‍ക്കുകയും വായിക്കുക യും ചെയ്യുമ്പോള്‍ അറിയാതെ മനസ്സില്‍ പതിഞ്ഞ ഒരു രൂപമുണ്ട്. അതും ഇനി നഷ്ടപ്പെടുമോ..? മമ്മൂട്ടിയിലൂടെ അതും ഒരു വേഷപകര്‍ച്ചക്ക് ഒരുങ്ങുന്നു എന്ന് വായിക്കാന്‍ പറ്റി . പേടിക്കേണ്ട... മുഖം കടം കൊടുത്താലും കര്‍മ്മം , അത് എഴുത്തുക്കാര്‍ വിളക്കി ചേര്‍ക്കുന്ന വാക്കുകള്‍ അല്ല കാലം സാക്ഷ്യപ്പെടുത്തിയ ചരിത്രമാണ് എന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് ഏത് മുഖത്തില്‍ നിങ്ങള്‍ പുനര്‍ജ്ജനിച്ചാലും
അതുള്‍ക്കൊള്ളാന്‍ ഞങ്ങള്‍ പഠിച്ചോളാം .


ചുറ്റും മലനിരകള്‍.. ... ., മരുഭൂമി . ഇടയിലൂടെ നീണ്ടുപോകുന്ന മദീന ഹൈവേ. വാഹനത്തിന്‍റെ വേഗത്തിനൊപ്പം പിന്നോട്ട് നീങ്ങുന്ന മലനിരകള്‍. വെറും വഴിയോര കാഴ്ചയല്ല. ചരിത്രമാണ്. ഇസ്ലാം മതത്തിന്‍റെ രൂപീകരണം മുതല്‍ അതിന്‍റെ വളര്‍ച്ചയില്‍ എല്ലാം എഴുതപ്പെട്ട മലനിരകള്‍ ഉണ്ട്. അതുപോലൊരു മലയോരത്തേക്കാണ് ഈ യാത്രയും. അതൊരു യുദ്ധഭൂമിയാണ് . ഉഹദ്. ചരിത്ര പ്രസിദ്ധമായ ഉഹദ് യുദ്ധം നടന്ന ഭൂമി. ചുറ്റും മറച്ച ഇരുമ്പ് കമ്പിയില്‍ പിടിച്ചു നിന്നു. ഇവിടെ ഉറങ്ങുന്ന ഷഹീദുകളുടെ ഖബറുകള്‍ നോക്കി ഒരു നിമിഷം കണ്ണടച്ചു . ഉഹദ് മലനിരകളെ തഴുകി വന്ന കാറ്റ് എന്നെയും കൊണ്ട് മദ്രസയിലെ ബെഞ്ചില്‍ ചെന്നിരുന്നു. അലസനായ ഞാന്‍ പോലും ശ്രദ്ധിക്കുന്ന യുദ്ധ കഥകളിലേക്ക്‌ പേജുകള്‍ മറിച്ച് അബു മുസ്ലിയാര്‍ ഉഹദ് യുദ്ധ ചരിത്രം പറഞ്ഞു. പ്രവാചകന്‍റെ വാക്കിനെ ധിക്കരിച്ചപ്പോള്‍ കൈവിട്ട വിജയം. പൊരുതി വീണവര്‍. ., കണ്ണ് തുറന്നു. ആ മണ്ണാണിത്.അവരുരങ്ങുന്ന സ്ഥലം. .മനസ്സിലേക്കോടിയെത്തുന്ന വികാരങ്ങള്‍ എന്തൊക്കെയാണ്.? അന്തരീക്ഷത്തില്‍ ഉയര്‍ന്നു പൊങ്ങുന്ന വാളിന്‍റെ ശീല്‍ക്കാരം. തക്ബീര്‍ ധ്വനികള്‍ . പൊടിപടലങ്ങള്‍, മലഞ്ചെരിവുകളിലൂടെ പൊടി പറത്തി പോരാളികള്‍ വരുന്നുണ്ടോ..? മുകളിലേക്ക് നോക്കി. ഉഹദ് മലനിരകള്‍ തലകുനിച്ച് ശാന്തമായി ഉറങ്ങുന്നു. താഴെ ആ വീര യോദ്ധാക്കളും. സലാം പറഞ്ഞ് തിരിഞ്ഞു നടക്കുമ്പോള്‍ ഒന്ന് കരയണം എന്ന് തോന്നി. ആ മലനിരകളെ ചുറ്റി യുദ്ധഭൂമിയെയും തൊട്ട് ഒരു കാറ്റ് എന്നെ വലയം ചെയ്തു. ഈ അനുഭവത്തിന് മേലെ അതൊരു കണ്ണീര്‍മഴയായി പെയ്തു.

( ചിത്രങ്ങള്‍ .. ഗൂഗിള്‍ )